ബാലവാടി അധ്യാപിക, ടൂറിസ്റ്റ് ഗൈഡ്, ലൈബ്രേറിയന്‍, നാട്ടുവൈദ്യം, ഹരിതകര്‍മസേന തുടങ്ങി വയനാട് മൊതക്കര സ്വദേശി കെ.പി. രാധാമണി കൈവയ്ക്കാത്ത മേഖലകളില്ല. 65-ാം വയസ്സിലും അവര്‍ ഓടി നടക്കുകയാണ്. പ്രായത്തെക്കവിഞ്ഞ ചുറുചുറുക്കോടുകൂടി.
തുടക്കം കംപോസറായി
രാധാമണി ജനിച്ചതും വളര്‍ന്നതും കോട്ടയത്താണ്. രാധാമണിക്ക് 20 വയസ്സുപ്രായമുള്ളപ്പോള്‍ 1978-ലാണ് അവരുടെ കുടുംബം വയനാട്ടിലേക്ക് കുടിയേറിയത്. ആറുമാസങ്ങള്‍ക്കുശേഷം 21-ാം വയസ്സില്‍ വിവാഹം. വിവാഹത്തിന് ശേഷം മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന കവിതാ പ്രസില്‍ നിന്ന് കംപോസിങ് പഠിച്ചു. ഒരു വര്‍ഷത്തെ കോഴ്സായിരുന്നു അത്. മാസം 200 രൂപ സ്റ്റൈപന്‍ഡായി ലഭിക്കും. ഈ കോഴ്സ് പൂര്‍ത്തിയാക്കി കഴിഞ്ഞ് ഭാരതീയ ആദിം ജാതി സേവാ സംഘ് എന്ന എന്‍.ജി.ഒ. നേതൃത്വം നല്കുന്ന ബാലവാടി അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു.
ജീവിക്കാനുള്ള പോരാട്ടം
ജീവിക്കാനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് രാധാമണി ബാലവാടി അധ്യാപികയായത്. പക്ഷേ, നീണ്ട 24 കൊല്ലമാണ് അവര്‍ കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട രാധാമണി ടീച്ചറായി തുടര്‍ന്നത്. തുടക്കകാലം ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് അവര്‍ പറഞ്ഞു. തുച്ഛമായ വരുമാനമായിരുന്നു പ്രധാന പ്രശ്നം. എന്നാല്‍, അധ്യാപനം എന്ന ജോലിയോട് തോന്നിയ താത്പര്യം കാല്‍നൂറ്റാണ്ടോളം ബാലവാടി ടീച്ചറായി തുടരാന്‍ അവര്‍ക്ക് ഇന്ധനമായി. ഭാരതീയ ആദിം ജാതി സേവാ സംഘ് എന്ന എന്‍.ജി.ഒ. ആണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയത്. വാളാറുന്ന് ട്രൈബര്‍ ഏരിയ, മൊതക്കര ട്രൈബല്‍ കോളനി, നാരോക്കടവ് ട്രൈബല്‍ കോളനി എന്നിവടങ്ങളില്‍ അധ്യാപികയായി സേവനം ചെയ്തു. 2008-ല്‍ ഈ പദ്ധതിയുടെ ഗ്രാന്റ് നിര്ത്തലാക്കിതോടെ രാധാമണിക്ക് ജോലി നഷ്ടപ്പെട്ടു.
ടൂറിസ്റ്റ് ഗൈഡ്
ജില്ലയില്‍ വിനോദസഞ്ചാരമേഖല പുത്തനുണര്‍വ് നല്‍കികൊണ്ട് ഹോംസ്റ്റേ പദ്ധതികള്‍ വ്യാപകമായി തുടങ്ങി. അങ്ങനെ 2008-ല്‍ ഒരു ഹോംസ്റ്റേയില്‍ കുക്കായി ജോലി തുടങ്ങി. കമ്പനിയുടെ പരിശീലനം ലഭിച്ചതോടെ ടൂറിസ്റ്റ് ഗൈഡായി രാധാമണി മാറി. കബനി കമ്യൂണിറ്റി ടൂറിസം, ഉത്തരാഖണ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വില്ലേജ് വേസ് ഗസ്റ്റ് ഹൗസ് ടൂറിസം(Village ways gust house tourism)എന്നിവയുടെ ഭാഗമായാണ് രാധാമണി ടൂറിസ്റ്റ് ഗൈഡ് ആയി പ്രവര്‍ത്തിക്കുന്നത്. ഗ്രാമത്തിലെത്തുന്ന ടൂറിസ്റ്റുകളെ സ്വീകരിച്ച് അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്യുക എന്നതാണ് ഇതുകൊണ്ട് ഉദേശിക്കുന്നത്. ടൂറിസ്റ്റ് ഗൈഡായി ഇപ്പോഴും രാധാമണി പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശരാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകളാണ് ഇവിടെ എത്തുക. അവര്‍ വരുന്നത് മുതല്‍ തിരിച്ച് പോകുന്നതുവരെയുള്ള അവരുടെ കാര്യങ്ങളെല്ലാം ഞങ്ങള്‍ തന്നെയാണ് ചെയ്യുക. ഭക്ഷണം ഉണ്ടാക്കി നല്‍കുക, അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക, ട്രെക്കിങ്ങിന് കൊണ്ടുപോകുക എന്നിവയെല്ലാം ഞങ്ങള്‍ തന്നെയാണ് ചെയ്യുന്നത്-രാധാമണി പറഞ്ഞു. കൊറോണകാരണം രണ്ടുവര്‍ഷത്തോളം ഈ ജോലിയില്‍ ഇടവേള വന്നു. ഈ മാസം മുതല്‍ വീണ്ടും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അത് വലിയ ആശ്വാസമാണ്-അവര്‍ കൂട്ടിച്ചേര്‍ത്തു.
ലൈബ്രേറിയന്‍
അങ്ങനെയിരിക്കെ, 2012-ലാണ് ലൈബ്രേറി കൗണ്‍സിലിന്റെ കീഴില്‍ ലൈബ്രേറിയനായി രാധാമണി ചുമതല ഏല്‍ക്കുന്നത്. വീടുകള്‍ തോറും കയറി ഇറങ്ങി വനിതകളായ വായനക്കാരെ കണ്ടെത്തി പുസ്തകങ്ങള്‍ വിതരണം ചെയ്യുക എന്നതായിരുന്നു രാധാമണിയുടെ കര്‍ത്തവ്യം. സ്ത്രീകളെ വായനയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയായിരുന്നു അത്. ലൈബ്രറി കൗണ്‍സിലിന്റെ കീഴില്‍ മൊതക്കരയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭാ ലൈബ്രറിയാണ് രാധാമണിക്ക് പുസ്തകങ്ങള്‍ കൈമാറിയത്.
വീടുകള്‍ തോറും കയറി ഇറങ്ങി സ്ത്രീകളെക്കൊണ്ട് അംഗത്വമെടുപ്പിക്കണം, ആഴ്ചയിലൊരിക്കല്‍ പുതിയ പുസ്തങ്ങളുമായി എല്ലാവീടുകളിലും എത്തണം, വായിച്ച പഴയ പുസ്തകങ്ങള്‍ തിരികെ മേടിച്ച് പുതിയ നല്‍കണം തുടങ്ങിയവയായിരുന്നു ഉത്തരവാദിത്വങ്ങള്‍. മാസത്തില്‍ 24 ദിവസം ജോലി ചെയ്യണം. 800 രൂപയായിരുന്നു തുടക്കത്തില്‍ ശമ്പളം. ഇത് കാരണം ആദ്യം ഈ ജോലി ഏറ്റെടുക്കുന്നതിന് രാധാമണിക്ക് മടി തോന്നി. എന്നാല്‍, കുടുംബത്തിലെ പ്രാരാബ്ധങ്ങള്‍ കാരണം അവര്‍ ആ ജോലി ഏറ്റെടുത്തു. രാധാമണി ജോലി ഏറ്റെടുക്കുമ്പോള്‍ ആകെ 60 പേര് മാത്രമായിരുന്നു ഈ പദ്ധതിയില്‍ അംഗങ്ങള്‍ എന്നാല്‍, രാധാമണിയുടെ ഇടപെടലിനെത്തുടര്‍ന്ന് അത് 120 പേരിലേക്ക് ഉയര്‍ന്നു. ആദിവാസി കോളനികളിലെ വീടുകളിലും പുസ്തകവിതരണമുണ്ടായിരുന്നു. പിന്നീട് ഈ പദ്ധതി വനിതാ വയോജന പുസ്തക പരിപാടിയായി മാറി. പ്രായമായ വായനക്കാരെക്കൂടി ഉള്‍ക്കൊള്ളിച്ചായിരുന്നു ഈ പദ്ധതി.
ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങളാണ് വായനയ്ക്കായി നല്‍കുക. സഞ്ചിയില്‍ പുസ്തകങ്ങള്‍ എടുത്താണ് വീടുകള്‍ തോറും കയറി ഇറങ്ങുന്നത്. അതില്‍ യാതൊരു മടിയും എനിക്ക് തോന്നിയിരുന്നില്ല-രാധാമണി പറഞ്ഞു. ആദ്യമൊന്നും അത്രനല്ല പ്രതികരണമായിരുന്നില്ല ലഭിച്ചിരുന്നത്. എന്നാല്‍, വീടുകളില്‍ കൊണ്ടുപോയി കൊടുക്കുന്നത് അവര്‍ക്ക് വായനയോടുള്ള താത്പര്യം ജനിപ്പിച്ചു. അങ്ങനെ അവര്‍ പുസ്തകങ്ങള്‍ ഇങ്ങോട്ട് ആവശ്യപ്പെട്ട് തുടങ്ങി. 300 പുസ്തകങ്ങള്‍ വരെ കൊടുത്ത കാലമുണ്ട്-രാധാമണി പറഞ്ഞു.
ഏറെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഈ ജോലികളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലി ലൈബ്രറേറിയനായിരുന്നുവെന്ന് രാധാമണി പറഞ്ഞു. ഒരുപാട് ആളുകളെ കാണുന്നതിനും അവരുമായി സംവദിക്കുന്നതിനും അവസരങ്ങള്‍ ഇതിലൂടെ ലഭിച്ചിരുന്നു. ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന് ലൈബ്രറി കൗണ്‍സില്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് സാധുവായ മറ്റൊരു സ്ത്രീക്ക് അവസരം നല്കി രാധാമണി അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 2021 ഒക്ടോബര്‍ 30-ന് ലൈബ്രേറിയന്‍ എന്ന ചുമതലയില്‍നിന്നും അവര്‍ പിന്മാറി. എങ്കിലും ലൈബ്രറിയോടും പുസ്തകങ്ങളോടുമുള്ള ഇഷ്ടം അവര്‍ പാടേ ഉപേക്ഷിച്ചില്ല. പ്രതിഭാ ലൈബ്രറിയുടെ കൗണ്‍സിലില്‍ അംഗമാണ് അവര്‍. ലൈബ്രറിയില്‍ സഹായി ഇല്ലാത്തപ്പോള്‍ ആ ചുമതലയും വഹിക്കുന്നുണ്ട്. ആദിവാസിക്കുട്ടികള്‍ ഉള്‍പ്പടെ ധാരാളം പേര് പുസ്തകങ്ങളുമായി ബന്ധപ്പെട്ട സേവനം രാധാമണിയില്‍നിന്ന് തേടുന്നുണ്ട്.
ഹരിതകര്‍മസേന
വെള്ളമുണ്ട പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മസേനയിലും രാധാമണി അംഗമാണ്. പഞ്ചായത്തിന് കീഴില്‍ 42 ഹരിതകര്‍മസേനാംഗങ്ങളാണ് ഉള്ളത്. ഒരുവാര്‍ഡില്‍നിന്ന് രണ്ട് പേരാണ് സേനയില്‍ അംഗങ്ങള്‍. പഞ്ചായത്തിന്റെ 20-ാം വാര്‍ഡിലാണ് രാധാമണി പ്രവര്‍ത്തിക്കുന്നത്.
നാട്ടുവൈദ്യം
ഇതിനിടെ വേള്‍ഡ് വിഷന്‍ ഇന്റര്‍നാണഷല്‍ എന്ന എന്‍.ജി.ഒ. വയനാട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇതിലും രാധാമണി അംഗമായി. ഓരോ പഞ്ചായത്തുകളില്‍നിന്നും ആറുപേരെ വീതമാണ് അവര്‍ തിരഞ്ഞെടുത്തത്. സ്വയം തൊഴിലില്‍ അവര്‍ പരിശീലനം നല്കി. അവരുടെ കമ്മിറ്റിയില്‍ രാധാമണി അംഗമായി. അവരില്‍നിന്ന് നാട്ടുവൈദ്യം പഠിച്ചു. പച്ചമരുന്നുകള്‍ ഉണ്ടാക്കുന്നതിന് അവര്‍ പരിശീലനം നല്കി. മുറിവെണ്ണ, ബാം, വായുഗുളിക തുടങ്ങിയവ ഉണ്ടാക്കാന്‍ അവര്‍ പരിശീലനം നല്കി. പരിശീലനം ലഭിച്ചവര്‍ക്ക് ഇതിലൂടെ വരുമാനം ഉണ്ടാക്കാന്‍ സാധിച്ചു. നാട്ടുവൈദ്യത്തില്‍ പരിശീലനം ലഭിച്ച പലരും പിന്നീട് അച് ഉപേക്ഷിച്ചുവെങ്കിലും രാധാമണി ഇപ്പോഴും അത് തുടരുന്നുണ്ട്. ടൂറിസ്റ്റ് ഗൈഡായി പോകുമ്പോള്‍ നാട്ടുമരുന്നിലുള്ള അറിവ് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ടൂറിസ്റ്റുകളോട് ഓരോ ഔഷധച്ചെടികള്‍ കാണുമ്പോഴും അതിനെക്കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കാന്‍ കഴിയുന്നുണ്ട്. അവ ഏത് രോഗത്തിനാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞുകൊടുക്കും. ബൊട്ടാണിക്കല്‍ നെയിം പറഞ്ഞുകൊടുത്താണ് പരിചയപ്പെടുത്തുക-രാധാമണി പറഞ്ഞു.
ഭര്‍ത്താവ് പത്മനാഭന്, ഭര്‍ത്താവിന്റെ അമ്മ ലക്ഷ്മിക്കുട്ടി, മകള്‍ രശ്മി, മകന് രജിലേഷ്, ഭാര്യ സുനിത, കൊച്ചുമക്കള്‍ എന്നിവരടങ്ങുന്നതാണ് രാധാമണിയുടെ കുടുംബം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..