ഡയപ്പർ മാറ്റുന്ന അച്ഛൻ മഹാൻ, അമ്മയ്ക്കത് നോർമൽ; സ്ത്രീകൾ അവസാനമിരിക്കുന്ന അതിഥി സൽക്കാരങ്ങൾ


വർഷ വിശ്വനാഥ്

ലിംഗഭേദമന്യേ രാഷ്ട്രീയപരമായും, സാമ്പത്തികപരമായും, വ്യക്തിപരമായും, സാമൂഹികമായുമെല്ലാം എല്ലാവർക്കും തുല്യത വേണമെന്ന് പറയുന്നതാണ് ഫെമിനിസം.

Representative Image| Photo: Gettyimages.in

രുമോന് സോഫയിൽ എത്രനേരമിരുന്നും ടി വി കാണാം, എന്നാൽ മരുമകളെ പ്രതീക്ഷിക്കുന്നത് അടുക്കളയിൽ. ഭർത്താവോടിക്കുന്ന കാറിലെ മുൻസീറ്റിലിരിക്കാനാവാത്ത ഭാര്യമാരുണ്ട് നാട്ടിൽ. വീട്ടിൽ വിരുന്നുകാർ വന്നാൽ ഇക്കണ്ട ഭക്ഷണമൊക്കെ ഉണ്ടാക്കിയ സ്ത്രീജനങ്ങൾ അവിടത്തെ പുരുഷന്മാർ കഴിച്ച ശേഷം മാത്രമേ ഭക്ഷണം കഴിക്കാൻ ഇരിക്കയുള്ളൂ. ഇതിലെല്ലാം തുല്യതയില്ലായ്മയുണ്ട് എന്ന നിങ്ങൾക്ക് തോന്നിയെങ്കിൽ നിങ്ങളും ഫെമിനിസ്റ്റാണ്. അല്ലാതെ പഴയസിനിമകളിൽ മുറിയനിംഗ്ലീഷ് പറഞ്ഞ് സ്ലീവ് ലെസ് സാരി ധരിച്ച് പൊങ്ങച്ചം പറഞ്ഞു നടക്കുന്നവരല്ല. മരുമകളെയും മരുമകനെയും ഒന്നു പോലെ കാണാൻ കഴിയുന്നതാണ്, അല്ലെങ്കിൽ രണ്ട് കൂട്ടർക്കും ഒരേ പോലെ കാര്യങ്ങൾ ചെയ്യാനാകുന്നതാണ് ഒരു ഫെമിനിസ്റ്റിന്റെ കാഴ്ചപ്പാട്. അപ്പോ നിങ്ങളും ഫെമിനിസ്റ്റാണോ എന്ന ചോദ്യം ചോദിക്കുകയാണ് ഫെയ്‌സ്ബുക്കിലൂടെ വർഷ വിശ്വനാഥ്. ഫെമിനിസം എന്ന വാക്കിനെ പരിഹസിക്കുന്നവർക്കും അല്ലാത്തവർക്കുമായി താൻ കണ്ടറിഞ്ഞ ഫെമിനിസത്തെ കുറിച്ച് വ്യക്തത നൽകുകയാണ് വർഷ വിശ്വനാഥ്

എന്താണ് ഫെമിനിസം?

ലിംഗഭേദമന്യേ രാഷ്ട്രീയപരമായും, സാമ്പത്തികപരമായും, വ്യക്തിപരമായും, സാമൂഹികമായുമെല്ലാം എല്ലാവർക്കും തുല്യത വേണമെന്ന് പറയുന്നതാണ് ഫെമിനിസം.

ഇലക്ഷനു വോട്ട് ചെയ്യാൻ സ്ത്രീകൾക്ക് സമ്മതമില്ലാതിരുന്ന കാലം - ഇത് തുല്യത കുറവാണ് എന്ന് മനസ്സിലാക്കിയപ്പോഴായിരുന്നു ഫെമിനിസം എന്ന പ്രസ്ഥാനം തുടങ്ങിയത്. 1870-1880 കാലഘട്ടം. വിവേകത്തോടെ ചിന്തിക്കാനുള്ള മനുഷ്യന്റെ കഴിവാണ് ഇതിന്റെ തുടക്കം. എന്നാൽ ഈ നൂറ്റാണ്ടിന്റെ അറുപതുകളിലാണ് അതിന്റെ രണ്ടാം ഭാഗം തുടങ്ങുന്നത്. ഫ്രാൻസിൽ കല്യാണം കഴിഞ്ഞ സ്ത്രീകൾക്ക് ഭർത്താവിന്റെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ ജോലി ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ 1965 വരെ. അതിനെതിരെ പ്രതികരിച്ച് ഫെമിനിസം ഒരു പ്രസ്ഥാനമായി വളർന്നു. അത് പാശ്ചാത്യലോകത്തെ പലയിടത്തുമായി പടർന്നു. സ്ത്രീകളുടെ ശബ്ദം അപ്പോഴേക്കും ചിലയിടങ്ങളിൽ കേട്ടു തുടങ്ങിയിരുന്നു.

സ്ത്രീകൾക്ക് ഡ്രൈവ് ചെയ്യാൻ സമ്മതമില്ലാതിരുന്ന രാജ്യങ്ങൾ, ചില കോഴ്‌സുകൾ എടുക്കാൻ അനുവാദമില്ലാതിരുന്നത്, ചിലപ്പോഴെല്ലാം പഠിക്കാനേ അനുവാദമില്ലാതിരുന്നത്, ജോലി ചെയ്യാൻ കഴിയാതിരുന്നത്, സർക്കാറിന്റെ ഭാഗമാകാൻ അനുവാദമില്ലാതിരുന്നത്, ഒരേ ജോലിക്ക് രണ്ട് ശമ്പളം - സ്ത്രീക്കും പുരുഷനും എന്ന പ്രശ്‌നം, Maternity Leave -ഇന്റെ ആവശ്യകത, വീട്ടിനുള്ളിലെ പീഡനം, സ്വത്ത് സമ്പാദിക്കാനോ കൈ വെക്കാനോ അനുവാദമില്ലാത്തത്, contraceptives വാങ്ങാനോ ഉപയോഗിക്കാനോ പറ്റാതിരുന്നത് - ഇതെല്ലാം പല രാജ്യങ്ങളിൽ പല സമുദായങ്ങളിൽ ഫെമിനിസത്തിന്റെ ശബ്ദം കേട്ട മേഖലകളായിരുന്നു. ഇന്ത്യയിൽ പലയിടത്തും പല ജനവിഭാഗങ്ങൾക്കിടയിൽ പലതായിരുന്നു ഫെമിനിസത്തിന്റെ ശബ്ദം- പക്ഷെ ലക്ഷ്യം ഒന്നു തന്നെ - തുല്യമായ കാഴ്ച്ചപ്പാട്..

മൂന്നാം ഘട്ട ഫെമിനിസം കൂടുതൽ ആഴത്തിലേക്ക്, കേട്ട് പരിചിതമല്ലാത്ത കാര്യത്തിലേക്ക് കടന്നു. തൊണ്ണൂറുകളിലാണിതിന്റെ തുടക്കം. ആ സമയത്താണ് ബലാത്സംഗവും പീഡനവുമെല്ലാം ചർച്ചയ്ക്ക് വരുന്നത്. അതു വരെ അവയെക്കുറിച്ച് പുറത്ത് പറയുന്നത് തന്നെ ഇല്ലായിരുന്നു. 'എല്ലാം സഹിക്കേണ്ടവൾ സഹിക്കട്ടെ' അല്ലെങ്കിൽ 'അതവൾ വരുത്തി വെച്ചത്', 'അവളുടെ മാനം പോയി' എന്നതായിരുന്നു മതം. പീഡിക്കപ്പെട്ടവൾ തെറ്റുകാരിയാവുന്നതും അപമാനിതയാകുന്നതും ആത്മഹത്യ ചെയ്യുന്നതുമെല്ലാം അതിനു മുന്നെ വരെയുള്ള സിനിമകളിൽ കൂടുതൽ കാണാം - എന്നാൽ ആരുടേതാണ് തെറ്റ്? എന്ന ചർച്ചകൾ കൂടുതലായും തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. Male domination, Lack of Freedom - നു എതിരെയായിരുന്നു ഈ കാലഘട്ടത്തിലെ പോരാട്ടങ്ങൾ.

അതേ പോലെ തന്നെ മൂന്നാം ഘട്ടത്തിൽ ഉയർന്നു വന്ന വളരെ പ്രധാനമായ ഒരു കാര്യമായിരുന്നു - Protest against genital mutilation. ലൈംഗികതയിൽ സ്ത്രീക്കും സുഖം അനുഭവിക്കാം, അല്ലെങ്കിൽ അനുഭവിക്കണമെന്ന ചിന്ത ഇല്ലായിരുന്നു നമ്മുടെ ഈ ലോകത്ത്. അത് കൊണ്ട് തന്നെ അങ്ങനെ സുഖമുണ്ടെന്ന് പറയുന്നവർ നല്ലവരല്ലാത്തവർ ആയി. അത് മോശപ്പെട്ട കാര്യമായി. ഇനി അത്തരം സുഖം അവരനുഭവിക്കരുത് എന്നതിനാലും അതിൽ സുഖം കണ്ടെത്തിയാൽ അത് പുരുഷ മേധാവിത്വങ്ങൾക്ക് നേരെയുള്ള അടി ആയതിനാലും പെൺകുട്ടി ജനിച്ച ഉടനെ അല്ലെങ്കിൽ പ്രായപൂർത്തി ആകുന്നതിനു മുന്നെ ലിംഗഛേദനം നടത്തും. ഇന്നും ചില ഗോത്രങ്ങളിൽ ഈ പ്രാകൃത നടപടി ഉണ്ട്. ഇത് തുല്യതക്കുറവാണെന്ന് നിങ്ങൾ കരുതുന്നുവോ? എങ്കിൽ അതാണ് ഫെമിനിസം.

feminism misinterpreted

ഇനി നമ്മുടെ നാട്ടിലെ സാഹചര്യങ്ങളിലെ വളരെ ചെറിയ ഉദാഹരണങ്ങൾ പറഞ്ഞ് തുടങ്ങാം..

മോൻ: 'അമ്മേ.. ചായ...'; അമ്മ: 'നല്ല തിരക്കിലാ.. ഇതൊന്ന് കഴിഞ്ഞിട്ടെടുക്കാം'

മോൾ: 'അമ്മേ.. ചായ...'; അമ്മ: 'നിന്റെ ഈ പ്രായത്തിൽ ഞാനൊന്ന് പെറ്റു. സ്വയം വന്നെടുക്ക്..'

എനിക്ക് സ്വതവേ വിയർപ്പിന്റെ അസുഖവും മടിയുമുള്ളതിനാൽ എന്തെങ്കിലും പറഞ്ഞോ അല്ലെങ്കിൽ പറയാതെയോ എന്റെ അമ്മ എനിക്ക് കാപ്പി എടുത്ത് തരും. പക്ഷെ അതല്ല മിക്ക വീടുകളിലും ഞാൻ കണ്ടിരിക്കുന്നത്. മേൽ പറഞ്ഞ ഡയലോഗിലെ വ്യത്യാസം നിങ്ങൾക്ക് മനസ്സിലാക്കുന്നെങ്കിൽ ഫെമിനിസം എന്നത് എന്ത് ഉയർത്തിക്കാട്ടുന്നെന്നും നിങ്ങൾക്ക് മനസ്സിലാകും.

വീട്ടിലെ മരുമോന് സോഫയിൽ ഇരുന്ന് എത്ര നേരമിരുന്നും ടിവി കാണാം.. അടുക്കളയിലേക്ക് പോകണ്ട. ഭക്ഷണം കഴിക്കാറായാൽ മാത്രം അവിടുന്നെണീറ്റാൽ മതി. വീട്ടിലെ മരുമോൾക്ക് അതേ പോലെ പറ്റുമോ? Minimum, she is expected near the kitchen... സഹായത്തിനു ആളുള്ള വീട്ടിൽ അങ്ങനെ പറ്റിയേക്കാം എന്നല്ലാതെ മരുമോളും മരുമോനും ഉള്ള ഒരു സാധാരണക്കാരന്റെ വീട്ടിലത് പറ്റുമോ? അങ്ങനെ നിങ്ങൾ ചെയ്താൽ എന്തായിരിക്കും നിങ്ങളെക്കുറിച്ചുള്ള മുൻവിധികളും അഭിപ്രായങ്ങളും?? രണ്ടു പേരെയും ഒന്നു പോലെ കാണാൻ കഴിയുന്നതാണ്, അല്ലെങ്കിൽ രണ്ട് കൂട്ടർക്കും ഒരേ പോലെ കാര്യങ്ങൾ ചെയ്യാനാകുന്നതാണ് ഒരു ഫെമിനിസ്റ്റിന്റെ കാഴ്ച്ചപ്പാട്. അവൾ പെണ്ണായതു കൊണ്ടോ അവൻ ആണായതു കൊണ്ടോ അല്ല നമ്മൾ മുൻവിധികൾ നടത്തേണ്ടത്...

സ്ത്രീകൾ അവസാനമിരിക്കുന്ന അതിഥി സൽക്കാരങ്ങൾ

ഇന്നും ശ്രദ്ധിച്ചിട്ടുണ്ടോ - ഭർത്താവോടിക്കുന്ന കാറിലെ മുൻ സീറ്റിൽ ഇരിക്കാനാകാനാകാത്ത ഭാര്യമാരുണ്ട് നമ്മുടെ നാട്ടിൽ. അനിയൻ, മുതിർന്ന മകൻ, സുഹൃത്ത്, ഇവരെല്ലാമാണ് അതിന്റെ അവകാശികൾ. അല്ലെങ്കിൽ, ഇവരുണ്ടെങ്കിൽ ഭാര്യ മാറണം. അത് പെണ്ണായതു കൊണ്ട് മുന്നിൽ ഇരിക്കരുത് എന്നാകരുത്. ഒരുപക്ഷെ, ഇടുങ്ങിയ ബാക് സീറ്റുകൾ ഉള്ള 2-ഡോർ കാറുകളിൽ നമ്മൾ ഹൈറ്റ് ഉള്ളവർക്ക് മുൻവശം ഒഴിഞ്ഞു കൊടുത്തേക്കാം. അല്ലെങ്കിൽ ചിലപ്പോൾ ചിലരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് നമ്മൾ ത്യജിച്ചേക്കാം. പക്ഷെ ഒരു gender discrimination പ്രശ്‌നം ആകരുത്.. അതാണ് ഫെമിനിസം പറയുന്നത്. പിന്നെ ചിലയിടങ്ങളിൽ വണ്ടി ഓടിക്കാനറിയുന്ന ഭാര്യ ചോദിച്ചാലും ചിലപ്പൊ സ്റ്റിയറിങ്ങ് കൊടുക്കാറില്ല. 'എനിക്ക് പറ്റുന്നില്ലെങ്കിൽ ഇഷ്ടമില്ലെങ്കിൽ വേണ്ട - പക്ഷെ പാടില്ലെന്ന് പറയരുത്. അതിനു പറ്റുന്നവർ ചെയ്യട്ടെ..' അതല്ലേ തുല്യമായ അവകാശം, തീരുമാനിക്കാനുള്ള അവകാശം?

വീട്ടിൽ വിരുന്നുകാർ വന്നാൽ ഇക്കണ്ട ഭക്ഷണമൊക്കെ ഉണ്ടാക്കിയ സ്ത്രീജനങ്ങൾ (പൊതുവായുള്ള കാര്യമാണ് - ചില വീടുകളിൽ അങ്ങനെ ആകണമെന്നില്ല) അവിടത്തെ പുരുഷന്മാർ കഴിച്ച ശേഷം മാത്രമേ ഭക്ഷണം കഴിക്കാൻ ഇരിക്കയുള്ളൂ.. പിന്നെ പലപ്പോഴും സമയത്തിനു വിളിച്ചാൽ വരാത്ത ഏട്ടന്മാരെ കാത്തിരിക്കും - പക്ഷെ ചേച്ചിമാരെ കാത്തിരിക്കാറില്ല. പലപ്പോഴും ഡയപ്പർ മാറ്റുന്ന അച്ഛൻ മഹാൻ ആണ്, അമ്മക്കത് നോർമൽ കാര്യമാണ്, രണ്ട് വയസ്സുള്ള കുട്ടിയെ അച്ചനെ ഏൽപ്പിച്ച് യാത്ര ചെയ്യുന്ന അമ്മ ഒരു പുതുമയാണ്, എന്നാൽ അതേ കാര്യം അമ്മയെ ഏൽപ്പിച്ച് ചെയ്യുന്ന അച്ഛൻ ഒരു സഞ്ചാരി ആണ് (ഇതെന്റെ അനുഭവം കൂടിയാണേ.. ഞാനൊരു യാത്ര അല്ലെങ്കിൽ ട്രെക്കിങ്ങ് പോയാൽ - അയ്യൊ അപ്പൊ അച്ചൂട്ടനെ ആരു നോക്കും? എന്നു ചോദിച്ചവർ എന്റെ ഭർത്താവ് ഒരാഴ്ച്ച യാത്രയിലാണെന്ന് പറയുമ്പോ അച്ചൂട്ടനെ കുറിച്ച് ആശ്ചര്യപ്പെട്ട് കാണാറില്ല - ആ നേരം അവനെ നോക്കുന്നത് കൊണ്ട് എന്നെ ആരും ഒരു മഹതി ആക്കീട്ടുമില്ല ?? പക്ഷെ മറുഭാഗത്ത് ഒരു മഹാൻ ജനിച്ചിട്ടുണ്ടാകും.), അങ്ങനെ ദൈനം ദിന ജീവിതത്തിൽ തന്നെ എത്ര ഉദാഹരണങ്ങൾ.. ആൺകുട്ടിക്ക് കിച്ചൻ സെറ്റ് വാങ്ങി കളിക്കാൻ കൊടുക്കാതെ പെൺകുട്ടിയെ പ്രിൻസസ് ആക്കി വളർത്തുന്നവരല്ലേ നമ്മളിൽ പലരും? ചിന്തിച്ചിട്ടുണ്ടോ?

ആണുങ്ങൾ മദ്യപിച്ചാൽ - മദ്യപാനി, പെണ്ണുങ്ങൾ മദ്യപിച്ചാൽ - ഫെമിനിസ്റ്റ്?

അതാണോ ഫെമിനിസ്റ്റ്? അല്ല. അങ്ങനെ പറയുന്ന സമൂഹത്തെ മാറ്റിയെടുക്കേണ്ടേ? അങ്ങനെ ഇന്ന് നമ്മുടെ നാട്ടിലെല്ലാം ഫെമിനിസ്റ്റ് എന്നാൽ എന്തോ മോശമെന്നു വരുത്തി തീർക്കാൺ ശ്രമിക്കുന്നുണ്ട് ചിലർ. അവരറിയുന്നില്ല ഫെമിനിസമെന്തെന്ന്. അല്ലെങ്കിൽ അവർക്കതിനെ ഉള്ളാലെ ഭയമാണ്. എനിക്ക് മുകളിൽ നിൽക്കാൻ അവളായില്ല എന്ന് വിചാരിക്കുന്നവരാകാം അല്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെട്ടവർ.. It is all about the False Fear Of Feminism.

ഞാൻ ഒരു 100 ശതമാനം ഫെമിനിസ്റ്റാണ്. അതിൽ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു.

എന്റെ വീട്ടിൽ, ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അവനവന്റെ എച്ചിൽ പ്ലേറ്റ് സ്വയം എടുത്ത്, അതിലെ എച്ചിലെല്ലാം കച്ചറ ബോക്‌സിൽ കളഞ്ഞ്, ആ പാത്രം സിങ്കിലിട്ട് വെള്ളമൊഴിച്ച് വെക്കും അല്ലെങ്കിൽ അത് സ്വയം കഴുകി വെക്കും. അത് ഞാനായാലും അച്ഛനായാലും അമ്മയായാലും ഏട്ടനായാലും ഏട്ത്തിയമ്മയായാലും എന്റെ ഭർത്താവായാലും എല്ലാം അങ്ങനെ തന്നെ. വീട്ടിൽ സഹായത്തിനു പുതുതായി എത്തിയ ചേച്ചി ഇത് കണ്ട് അത്ഭുതപ്പെട്ടു. 'അച്ചനും ഏട്ടനുമൊക്കെ പ്ലേറ്റ് ഇങ്ങു കൊണ്ടു വന്നു തന്നു മോളെ.. ഞാൻ കയ്യിൽ വാങ്ങിയപ്പൊ അവരു 'വേണ്ടാ' എന്ന് പറഞ്ഞ് എച്ചിൽ കളഞ്ഞ് വെള്ളമൊഴിച്ചു വെച്ചു'. 'അതിനെന്താ ചേച്ചീ.. അങ്ങനല്ലേ വേണ്ടെ? അല്ലാതെ സ്വന്തം തുപ്പലും എച്ചിലും ആരോഗ്യമായി ഇരിക്കുന്ന അവസ്ഥയിൽ പോലും വേറെ ഒരാളെ കൊണ്ട് കഴുകിപ്പിക്കുന്നത് മോശല്ലേ.. അത് സാറായലും ചേച്ചിയായാലും?' - ഞാൻ ചോദിച്ചു. അപ്പൊ ചേച്ചി കുറെ നേരം ചിന്താമഗ്‌നയായി.

പിന്നീടൊരു വൈകുന്നേരം മൂപ്പരു പറഞ്ഞു - 'മോളെ.. അത് ശരിയാ. ഇങ്ങനെ തന്ന്യാ വേണ്ടത്. അല്ലാതെ വീട്ടിലെ പെണ്ണുങ്ങൾ മാത്രമേ എച്ചിലു പെറുക്കാനും വൃത്തിയാക്കാനും പാടുള്ളൂ എന്നത് ശരിയല്ല. അതിലൊരു പരസ്പര ബഹുമാനക്കുറവുമുണ്ട്. പക്ഷെ നമ്മളാരും ആണുങ്ങളെ ഒന്നും ചെയ്യാൻ സമ്മതിച്ചില്ല, അവരൊട്ട് ചെയ്തതുമില്ല. ഇങ്ങനെയാണ് വേണ്ടതെന്ന് ഓർക്കാനുള്ള വിവരം പോലുമില്ലാർന്നു മോളെ.. ഇപ്പൊഴാ ഇതൊക്കെ ശ്രദ്ധിക്കുന്നത്..' എന്ന്. അതെ, അറിവില്ലായ്മയാണ് പ്രശ്‌നം. ഞാൻ ഒരു പക്ഷെ എന്റെ ഭർത്താവിന്റെ പ്ലേറ്റ് ഇന്നെടുത്തെന്ന് വരാം, നാളെ അദ്ദേഹം എന്റേതും - പക്ഷെ അതിനർത്ഥം അതൊരാളുടെ മാത്രം ജോലിയാണെന്നല്ല. Please don't take things for granted. പിന്നെ ശ്രദ്ധിച്ചിട്ടുണ്ടോ? ദിവസോം വീട്ടിൽ ഭാര്യയോടൊപ്പം പാത്രം കഴുകുന്ന ചില വീടുകളിലെ ഭർത്താക്കന്മാർ അതിഥികൾ ഉള്ളപ്പോൾ പ്ലേറ്റ് ഡൈനിങ് ടേബിളിൽ തന്നെ വെക്കുന്നത്? ഹി ഹി ഹി.. വില പോയാലോ? ഇതൊക്കെ കാണുമ്പോ ശരിക്കും ചിരി വരും..

മക്കളുടെ പേരിനു പുറകിൽ അച്ഛന്റെ പേരു വെക്കുന്നതു പോലെ അമ്മയുടെ പേരു വെക്കാനും നിങ്ങൾ തയ്യാറാണോ? അതോ അത് അച്ഛന്റെ മാത്രേ പാടുള്ളൂ എന്ന് വിചാരിക്കുന്നുണ്ടോ? ഇനി നിങ്ങൾക്ക് അമ്മയുടെ പേരു വെക്കണമെന്നുണ്ടായിട്ടും 'അതൊക്കെ എങ്ങനെയാ പറ്റ്വാ?' എന്ന ചോദ്യം നേരിട്ടുണ്ടോ? അച്ഛന്റെ പേരു വെക്കാമെങ്കിൽ അമ്മയുടെ പേരും വെക്കാം, ആരുടെയും പേരു വെക്കാതെയുമിരിക്കാം - അതാണ് ഫെമിനിസം - Equal Rights.

ഈ പെൺ തുല്യത മാത്രമാണോ ഫെമിനിസം? അല്ല..

ഇന്ന് കേരളത്തിലെ പല വീടുകളിലും ആൺകുട്ടികൾ കേൾക്കുന്നതാണ് 'നിനക്ക് പെങ്ങമ്മാരുണ്ട്. അവരുടെ കല്യാണം നിന്റെ ബാധ്യതയാണ്' എന്ന്. ആണോ? ജോലിയിൽ നിലയുറപ്പിക്കുന്നതോടൊപ്പം തന്നെ ഒരു വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെല്ലാം വളരെ അത്യാവശ്യം തന്നെ. പക്ഷെ - ഒരു ജോലിക്കും പോകാതെ വീട്ടിലിരിക്കുന്ന പെങ്ങൾ ഉണ്ടെങ്കിൽ അവർക്കും അതേ ഉത്തരവാദിത്തമുണ്ട് - ജോലി ചെയ്യാനും, വീടു നോക്കാനും, കല്യാണം നടത്താനും ഒക്കെ. ഇതും Equal Opportunities and Rights-ഇൽ പെടും. 10 പൈസ സ്വയം ഉണ്ടാക്കാതെ എല്ലാം ഏട്ടനല്ലേ കൊണ്ടു വരേണ്ടത്, 25 പവൻ ഏട്ടൻ വക, എന്ന് വിചാരിക്കുന്ന വീടുകളിലും ഫെമിനിസം വരണം.

നിങ്ങൾ ഫെമിനിസ്റ്റാണോ? അത്....

അങ്ങനെ പറയാൻ സംശയമാകുന്നെങ്കിൽ മലയാള സിനിമയും, ഒരു വശം മാത്രം കാണാൻ കഴിവുള്ള മാധ്യമങ്ങളും നിങ്ങളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. മലയാള സിനിമ കാണിച്ച ഫെമിനിസ്റ്റുകൾ 'സ്ലീവ്‌ലെസ്സ് ബ്ലൌസ് ഇട്ട് ഭർത്താവിനെ അടിച്ചമർത്തുന്ന, പലപ്പോഴും വികലമായി പ്രസംഗിക്കുന്ന ഇംഗ്ലീഷ് സ്വാധീനം കൂടുതലുള്ള' സുകുമാരിയും ഉണ്ണിമേരിയുമൊക്കെയാണ്.. അവരുടെ ഭർത്താക്കന്മാരോ - വളരെ നല്ല മനസ്സുള്ള, പാവങ്ങൾ - ഇന്നസെന്റോ ശങ്കരാടിയോ ഒക്കെ.. അല്ലെ?

ചോദ്യം ചോദിച്ച് വളരണം എന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്. അതു കൊണ്ട് തന്നെ അത്യാവശ്യം അത് ചോദിച്ചാണ് ഞാൻ വളർന്നത്. അത് ചോദിക്കണവരെ വലിയ കാര്യാണുതാനും... അതിലൊരു പ്രധാന ചോദ്യം കല്യാണം കഴിച്ച സ്ത്രീജനങ്ങളെ കുറിച്ചായിരുന്നു. കല്യാണം കഴിക്കുന്നതുവരെ Miss. എങ്കിൽ കല്യാണം കഴിച്ചാൽ Mrs. ആണ് സ്ത്രീകൾ. Ms. എന്നൊരെണ്ണമുണ്ടെങ്കിലും അത് ചിലയിടത്ത് കാണാറില്ല.

ഇനി ആണുങ്ങളാണെങ്കിലോ മുതിർന്നാൽ Mr. ആണ്. കല്യാണം കഴിച്ചാലും കഴിച്ചില്ലെങ്കിലും.... എന്തിനാണ് സ്ത്രീകളെ മാത്രം കല്യാണം കഴിച്ചവരാണോ അല്ലയോ എന്നു തിരിച്ചറിയ്യേണ്ടുന്ന ആവശ്യകത? എന്താണ് ഇതേ ആവശ്യം ആണുങ്ങൾക്കില്ലാത്തത്? ഒരു ചോദ്യമാണിത്...

അങ്ങനെ ഫെമിനിസത്തിന്റെ ഒന്നാം ഘട്ടം, രണ്ടാം ഘട്ടം, മൂന്നാം ഘട്ടം എന്നിവ കഴിഞ്ഞു. പണ്ടെല്ലാം പെണ്ണുങ്ങൾ ചെയ്യുന്നത് അത്ഭുതമായി കണ്ടിരുന്ന പല കാര്യങ്ങളും ഇന്ന് normalcy ആയി. അങ്ങനെ 2010-ഇനു ശേഷം തുടങ്ങിയതാണ് ഫെമിനിസത്തിന്റെ നാലാം ഘട്ടം.

എന്തൊക്കെ ചെയ്താലും ചെയ്തില്ലെങ്കിലും ദയവു ചെയ്ത് മുൻവിധിയോടെ കാണാതിരിക്കൂ. പണ്ട് നിവൃത്തിക്കേട് കൊണ്ട്, അറിവില്ലായ്മ കൊണ്ട്, അല്ലെങ്കിൽ എതിർത്തിട്ടും ശാരീരിക മേൽക്കോയ്മ ഉപയോഗിച്ചും സിനിമയിലും വീട്ടിലും മറ്റുമായി സ്ത്രീകൾ പീഡനം അനുഭവിച്ചപ്പോൾ 'അതെല്ലാം ഇവിടെ ഉണ്ടാകും' അല്ലെങ്കിൽ 'എന്തു ചെയ്യാം? ഇതെല്ലാം സാധാരണം' എന്ന് വിചാരിച്ചിരുന്നവർ ഉണ്ടായിരുന്നു. ഇന്നു പലർക്കും മനസ്സിലായി തുടങ്ങിയിട്ടുണ്ട് - എന്റെ കൈ നിന്റെ മൂക്കിൻ തുമ്പു വരെ മാത്രമേ നീളാൻ പാടുള്ളൂ.. എന്ന്. അത് ഭാര്യ ആയാലും ഭർത്താവായാലും ഡയറക്ടറായാലും പത്രമേധാവി ആയാലുമെല്ലാം. ഇന്നീ കാലത്ത് ഇങ്ങനെയൊന്നുമില്ല എന്ന് വിചാരിക്കുന്നുവോ? തെറ്റി. ഇന്നും ഒരുപാടുണ്ട് ഇത്തരക്കാർ.. ഇനി അഥവാ ഒരു പെൺകുട്ടി അവളുടെ വിവാഹത്തിനു മുന്നെ ഒരു ബന്ധത്തിലേർപ്പെട്ടാൽ കൂടെ താമസിച്ചാൽ അവരെ കുറ്റം പറയാതിരിക്കൂ. അത് അവരുടെ ജീവിതം. അതിൽ അവർ മറ്റൊരാളെ വേദനിപ്പിക്കുന്നെങ്കിൽ അത് സംഗതി വേറെ.

അങ്ങനെ നാലം ഘട്ടത്തിലാണ് നമ്മളിപ്പൊ. അതിനർത്ഥം മൂന്നു ഘട്ടങ്ങളും എല്ലാരും കടന്നു എന്നല്ല.. ഇന്നും പല രാജ്യങ്ങളും ആ 3 ഘട്ടങ്ങളിൽ പ്രതികരിക്കപ്പെട്ട വിഷയങ്ങൾ ഇന്നും തുടരുന്നുണ്ട്. വളരെ സാധാരണം എന്ന പോലെ.

ഇപ്പൊ Body shaming, slut shaming, പെൺകുട്ടി എങ്കിൽ 'ഇങ്ങനെയൊക്കെ ആകണം' എന്നുള്ള ചിന്തകൾ, 'ആരേയും വെടി എന്നു വിളിച്ച് കുതിരകേറാറുള്ള ചില ആണുങ്ങളുടെ താല്പര്യം, പുറത്ത് ഫെമിനിസവും പക്ഷെ എന്റെ ഭാര്യ അങ്ങിനെ പാടില്ല എന്ന ചിന്തകൾ, ജോലി സ്ഥലത്തുള്ള പീഡനം, അതിനു സമ്മതിച്ചില്ലെങ്കിൽ നഷ്ടമാകുന്ന ഉയരങ്ങൾ, ഞാൻ അല്ലായിരിക്കാം പക്ഷെ എന്റെ ഭാര്യ വെർജിൻ ആകണം എന്നുള്ള concept, ജീവിതത്തിലും സിനിമയിലുമുള്ള misogyny, തെറ്റു ചെയ്തതിനുള്ള ശിക്ഷയായുള്ള റേപ്പ്, ടാബ്ലോയിഡുകളിലെ പേജ് 3, ഇതിനെല്ലാം എതിരെയാണ് ഈ 4-ആം ഘട്ടം. അത് മുഴുവനുമായി ഒറ്റ ദിവസം കൊണ്ട് മാറില്ല. പക്ഷെ ഇത്തരം ഫെമിനിസ്റ്റ് ചര്ച്ചകൾ എന്റെയും നിങ്ങളുടെയും ചിന്താഗതികളിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. അപ്പൊ അത് അടുത്ത ഒരു തലമുറയ്ക്ക് ഗുണമായേക്കും.

....സ്ത്രീയും സിനിമയും.....

കസബയും പാർവ്വതിയുമായിരുന്നു കുറച്ച് കാലത്തെ വിഷയം. അതിനു ശിക്ഷയായി പാർവതി-പൃത്വിരാജ് ചിത്രത്തിലെ പാട്ടുകൾക്ക് ഡിസ്ലൈക്ക് കൊടുത്താണ് പ്രതിഷേധം നടന്നത്.. അതിനു മുന്നെ 'മായനദി' ആയിരുന്നു പ്രശ്‌നം.

എന്തിനാണീ പ്രതിഷേധം? കസബയിലെ സീനിനെന്താ പ്രശ്‌നം? പാർവ്വതി പറഞ്ഞതിലെന്താ ഇത്ര കുഴപ്പം? അഭിപ്രായ സ്വാന്തന്ത്ര്യത്തിനെ അടിമുടി സപ്പോർട്ട് ചെയ്യുന്ന നാട്ടിലാണേ ഈ dislike & പ്രശ്‌നം ന്ന് ഓർക്കണം...!

'സ്ത്രീയും സിനിമയും' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പാർവ്വതി എന്ന നടി ഒരുദാഹരണമായി തനിക്ക് ഇഷ്ടപ്പെടാത്ത ഒരു സീനിനെക്കുറിച്ച് പറഞ്ഞു - കസബയിലെ സ്ത്രീയെക്കുറിച്ചും അതിലെ തെറി മാത്രം പറയുന്ന ദുർനടത്തിപ്പുക്കാരനായ പോലീസുകാരനുമായുള്ള അവരുടെ സംഭാഷണത്തെക്കുറിച്ചുമായിരുന്നു അത്. ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് സ്ത്രീയും സിനിമയും എന്ന വിഷയത്തിൽ കാലവസ്ഥയെക്കുറിച്ചും ആഗോള താപനത്തെക്കുറിച്ചുമല്ല പാർവ്വതി പറഞ്ഞത്. അത് ഒരു സിനിമയിലെ സ്ത്രീയെക്കുറിച്ചു തന്നെയാണ്.

എന്ത് കൊണ്ട് ആ കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിക്ക് അത്‌ചെയ്തു കൂട. ??ഒരു കുഴപ്പവുമില്ല. തീർച്ചയായും ചെയ്യാം. അതു പോലെ തന്നെ, 'എന്ത് കൊണ്ട് ആ സീനെനിക്ക് ഇഷ്ടായില്ല' എന്ന് പാർവ്വതി ക്ക് പറഞ്ഞൂടാ? അതും ഒരു കുഴപ്പവുമില്ല.

പക്ഷെ അതിന്റെ പേരിൽ തെറി വിളിക്കാമോ? ഇല്ല.. നിന്റെ കൈ - പക്ഷെ എന്റെ മൂക്കിന്തുമ്പ്... ആശയങ്ങളെ ആശയങ്ങളുമായി നേരിടൂ.. അല്ലതെ തെറി പറഞ്ഞല്ല. അതും misogyny തന്നെ.

സത്യം പറഞ്ഞാൽ, എനിക്ക് ആ സീൻ ഇഷ്ടായില്ല. അത് ആ വൃത്തിക്കെട്ട പോലീസുകാരൻ സീനിയറോട് വൃത്തിക്കേട് പറഞ്ഞതിലല്ല.

ദുർനടത്തിപ്പുക്കാരനായ പോലിസുകാരന് സിനിമയിൽ ആ ഡയലോഗ് തീർച്ചയായും പറയാം. പക്ഷെ ആ ഡയലോഗ് പറഞ്ഞ് തിരിഞ്ഞ്‌നടക്കുമ്പോ 'ട ടൻ ട ടൻ ട ട... ' എന്നു പറഞ്ഞുള്ള ഹീറോയിക്ക് മ്യൂസിക്ക് ആ വാക്കുകൾ ഒരു യഥാർത്ഥ ഹീറോ പറയേണ്ടത് എന്ന പ്രതീതി തന്നെയാണ് ഉണ്ടാക്കുന്നത്. അല്ലാതെ ഒരു ദുർനടത്തിപ്പുക്കാരൻ പറഞ്ഞത് എന്ന പ്രതീതി അല്ല ഉണ്ടാക്കുന്നത്.

സിനിമ സിനിമയാണ്. സന്ദേശം കൊടുക്കേണ്ടതാകണമെന്നില്ല. വളരെ സത്യം.

പക്ഷെ, ഏതെങ്കിലും സിനിമയിൽ ഒരു ആളെ ഒരു വൃത്തിക്കെട്ടവൻ കൊന്നാലോ/ ദ്രോഹിച്ചാലോ ഹീറോയിക്ക് മ്യൂസ്സിക്കാണോ ഉണ്ടാകാറുള്ളത് ???

അല്ല.

ഈ മ്യൂസിക്കിലൊക്കെ കാര്യമുണ്ടോ ??

ഉണ്ടോ? നോക്കാം.

ഇൻ ഹരിഹർ നഗറിൽ ചൂലുകൊണ്ട് അടികിട്ടുന്ന സിദ്ധിഖ് തിരിഞ്ഞോടുമ്പോൾ പശ്ചാത്തല സംഗീതം ആ സീനിന് പറ്റുന്നതാണ്. 'How old are you?'-ഇൽ പ്രസിഡന്റിനെ കണ്ട് രാഷ്ട്രപതി ഭവനിൽ നിന്ന് മഞ്ചുവാര്യർ ഇറങ്ങി വരുമ്പോൾ അത് ആ സീനിനു പറ്റുന്ന മ്യൂസിക്കാണ്, മരിച്ചു കിടക്കുന്ന അച്ഛന്റെ മുന്നിൽ കരയുന്ന മക്കൾക്ക് ഹീറോയിക്ക് മ്യൂസിക്കല്ല പകരം സങ്കടം മ്യൂസിക്കാണ്.. വല്ല്യേട്ടനിലെ മമ്മൂട്ടി നല്ല കാര്യം ചെയ്ത് വില്ലനെ ചീത്ത പറഞ്ഞ് നടക്കുമ്പോ കിളി പോയ മ്യൂസിക്കല്ല, ഹീറോയിക്ക് മ്യൂസിക്കാ..

അപ്പൊ മ്യൂസിക്കും എന്തോ ആൾക്കാരോട് പറയുന്നുണ്ട്. അപ്പൊ ഒരു പെണ്ണിനെ തെറി പറഞ്ഞ് തിരിഞ്ഞു നടക്കുന്നവനെ ഗ്ലോറിഫൈ ചെയ്യുന്നതാണാ സീനിലെ പ്രശ്‌നം - Glorifying Misogyny is everywhere, and is not the right way.

പക്ഷെ നമ്മളിൽ പലരും മാറി തുടങ്ങീട്ടുണ്ട്.

എന്റെ മോനു നല്ല പിങ്ക് കളർ കിച്ചൻ സെറ്റുണ്ട്. അവനെനിക്ക് കാപ്പിയൊക്കെ വെച്ചു തരാറുണ്ട് അതിൽ.

അതേ പോലെ 'ആൺകുട്ടികൾ കരയാറില്ല, പേടിക്കാറില്ല' എന്ന് പറഞ്ഞു ചെറിയ പിള്ളേരെ നമ്മളിൽ മിക്കവരും stress ചെയ്യുന്നില്ല ഇപ്പൊ. അവന്റെ വികാരങ്ങൾ അവൻ കാണിക്കട്ടെ എന്ന് പറഞ്ഞ് തുടങ്ങിയിരിക്കുന്നു.

അതേ പോലെ തന്നെ ഇന്ന് വസ്ത്രധാരണത്തെ ഒരു കംഫർട്ടിന്റെയും സ്വകാര്യതയുടെയും കാര്യമായി പലരും അംഗീകരിക്കുന്നുണ്ട്.

പിന്നെ നായക നടന്റെ ഷോവനിസ്റ്റ് ഡയലോഗുകൾക്ക് കയ്യടി കുറഞ്ഞിരിക്കുന്നു...

ഭാരം ഏറ്റുന്നതോ പ്രസവിക്കുന്നതോ ഒക്കെ 'biological or physical difference' ആണെന്നും ഭർത്താവിന്റത്ര ഭാരം ഏറ്റാൻ കഴിയാത്തത് ഒരു കുറച്ചിലായല്ല - പകരം എനിക്കേറ്റാൻ ആഗ്രഹമുണ്ടെങ്കിൽ അത് തടയാതിരിക്കുന്നതാണ് equality എന്നും നമ്മൾ മനസ്സിലാക്കുന്നുണ്ട്..

No more gender discrimination. Only equal opportunities.

ഫെമിനിസം നല്ലതല്ലേ.. ആണിനും പെണ്ണിനും ട്രാൻസ്ജെൻഡേർസിനും എല്ലാം നീതിയും അവകാശവും തുല്യമാകേണ്ടെ?

ഞാനൊരു ഫെമിനിസ്റ്റാണ്. ഇത്രയും പറഞ്ഞതുകൊണ്ട് ഒരു ഫെമിനിച്ചി ആകുമെങ്കിൽ ഞാനൊന്ന് നിവർന്നിരുന്ന് സമ്മതത്തോടെ തലയാട്ടും..

ആടോ.. ഞാനൊരു ഫെമിനിച്ചി കൂടിയാണ്..

നിങ്ങളോ ?

Content Highlights: what is feminism, international womens day, inspiring women, gender equality


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented