ആറു പതിറ്റാണ്ടിനിപ്പുറം ആറു വനിതാ ന്യായാധിപർ; പുതുചരിത്രം


‌വി.എസ്. സിജു

1 min read
Read later
Print
Share

ബാറിലും വനിതാ അഭിഭാഷകർ കൂടുന്നു. ബാറിൽനിന്ന് നേരിട്ട് ജഡ്ജിമാരായി നിയമിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കും.

ഹൈക്കോടതിയിലെ വനിതാ ജഡ്ജിമാരായ ജസ്റ്റിസ് സി.എസ്. സുധ, ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് എം.ആർ. അനിത, ജസ്റ്റിസ് വി. ഷേർസി, ജസ്റ്റിസ് സോഫി തോമസ്, ജസ്റ്റിസ് അനു ശിവരാമൻ എന്നിവർ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ

കൊച്ചി: 1959 ഫെബ്രുവരി ഒമ്പതിനാണ് കേരള ഹൈക്കോടതിയിൽ ആദ്യ വനിതാജഡ്ജിയായി അന്നാ ചാണ്ടി നിയമിതയാകുന്നത്. ആറുപതിറ്റാണ്ടിനിപ്പുറം അതേ ഹൈക്കോടതിയിൽ ആറു വനിതകളാണ് ന്യായാധിപരായുള്ളത്. ഒരേസമയം ആറു വനിതകൾ എന്നതും പുതുചരിത്രം.

ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് വി. ഷേർസി, ജസ്റ്റിസ് എം.ആർ. അനിത, ജസ്റ്റിസ് സോഫി തോമസ്, ജസ്റ്റിസ് സി. എസ്. സുധ എന്നിവരാണ് നീതിപീഠത്തിലെ ആ പെൺകരുത്ത്. ഇത് ഇവിടെ അവസാനിക്കുന്നതല്ലെന്നായിരുന്നു ജസ്റ്റിസ് അന്നാ ചാണ്ടിയുടെയും ജസ്റ്റിസ് ഫാത്തിമാ ബീവിയുടെയും പിന്മുറക്കാർ ഒന്നായിപ്പറഞ്ഞത്. ‘‘ജില്ലാ ജുഡീഷ്യറിയിൽ ഇതിനോടകം വനിതാ ജഡ്ജിമാർ ഏറെയുണ്ട്. അതിന്റെ മാറ്റം ഹൈക്കോടതിയിലുമുണ്ടാകും.

ബാറിലും വനിതാ അഭിഭാഷകർ കൂടുന്നു. ബാറിൽനിന്ന് നേരിട്ട് ജഡ്ജിമാരായി നിയമിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കും. പക്ഷേ, പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്. നിയമപഠനം പൂർത്തിയാക്കിയിട്ടും പ്രാക്ടീസ് ചെയ്യാത്തവരുണ്ട്. കുടുംബത്തിനും കുട്ടികൾക്കുമൊക്കെ ഏറെ പ്രാധാന്യം കൊടുക്കുന്ന സമൂഹത്തിൽ ഇത് സ്വാഭാവികമാണ്’’ -ചെറിയവാക്കുകളിൽ വിഷയത്തെ അവർ ആഴത്തിൽ വിലയിരുത്തി.

ബാറിൽനിന്ന് നേരിട്ട് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടത് ഇതുവരെ മൂന്നുപേർ മാത്രമാണ്. ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് കെ.കെ. ഉഷ, കഴിഞ്ഞവർഷം വിരമിച്ച ജസ്റ്റിസ് പി.വി. ആശ, ജസ്റ്റിസ് അനു ശിവരാമൻ എന്നിവരാണവർ. നിലവിൽ ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശചെയ്തിട്ടുള്ളതിൽ ബാറിൽനിന്നുള്ള രണ്ട് വനിതാ അഭിഭാഷകരുണ്ട്. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഫാത്തിമാ ബീവി 1983-ലാണ് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതയാകുന്നത്

Content Highlights: six women hc judges in Kerala, international womens day, gender equality

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented