മമ്മൂട്ടി, സീതാലക്ഷ്മി അമ്മാൾ
പറവൂർ: പല്ലുകളെല്ലാം കൊഴിഞ്ഞുപോയിട്ട് കാലം ഒത്തിരിയായി... എന്നാലും സീതാലക്ഷ്മി അമ്മാളിന്റെ മോണകാട്ടിയുള്ള ചിരിയിൽ നിറയുന്നത് സ്നേഹമാണ്... ഇത് പറവൂരുകാർ സ്നേഹത്തോടെ വിളിക്കുന്ന ‘സ്വന്തം അമ്മാളു അമ്മ’. അരനൂറ്റാണ്ടിലേറെയായി പറവൂരിൽ ശുചീകരണത്തൊഴിൽ ചെയ്യുകയാണ്. ജീവിതത്തിലുടനീളം ക്ലേശങ്ങളും തീരാദുഃഖങ്ങളും ഒന്നൊന്നായി എത്തിയിട്ടും ജീവിതത്തിൽ തളരാതെ പുഞ്ചിരിയുമായി ഈ എഴുപത്തിയഞ്ചുകാരി യാത്ര തുടരുകയാണ്.
ആലപ്പുഴ ജില്ലയിൽ ജനിച്ചുവളർന്ന അമ്മാൾ കെടാമംഗലം ഇല്ലത്തുംപറമ്പിൽ ഗോപാലകൃഷ്ണ പിള്ള വിവാഹം കഴിച്ചതോടെയാണ് പതിനാറാം വയസ്സിൽ പറവൂരിൽ എത്തുന്നത്. കാലങ്ങളായി പറവൂർ നഗരവാസികൾക്ക് ഇവരെ അടുത്തറിയാം. ഇതുവഴി കടന്നുപോകുന്നവർ മുതൽ ഡോക്ടറും ജഡ്ജിയും അധ്യാപകരും സ്കൂൾ കുട്ടികളുംവരെ അമ്മാളു അമ്മയുടെ നിഷ്കളങ്ക സൗഹൃദവലയത്തിലുണ്ട്. ജോലിക്കിടെ സമയംകിട്ടുമ്പോളെല്ലാം അമ്പലത്തിലും പോകും. അതുപോലെ, പള്ളിയിലെ നൊവേന കൂടുന്നതും മുടക്കാറില്ല. ആറാം ക്ലാസ് വരെയേ പഠിച്ചിട്ടിള്ളൂവെങ്കിലും സ്ഥിരമായ വായനാശീലമുണ്ട്. പറവൂരിലെ പ്രമുഖ ബുക്ക്സ്റ്റാളിലെ സ്ഥിരം സന്ദർശക കൂടിയാണ്.
പുലർച്ചേ മൂന്നിന് തുടങ്ങുന്ന തിരക്ക്
55 വർഷത്തിലേറെ നഗരത്തിൽ ശുചീകരണ ജോലിയിൽ ഏർപ്പെട്ടിരുന്നു. വീട്ടിൽനിന്ന് പുലർച്ചെ മൂന്നു മണിയോടെ തോളിൽ തൂക്കിയ സഞ്ചിയും കൈയിൽ പിടിച്ച ചൂലുമായി എത്തും. പിന്നെ, ഉച്ചകഴിയുംവരെ കടകളും ഓഫീസ് മുറികളും അടിച്ചുവൃത്തിയാക്കും. കിട്ടുന്നിടത്തുനിന്ന് ഭക്ഷണം കഴിക്കും.
ഒരുനാൾ നാഗർകോവിലിലുള്ള മകൾ മഞ്ജുഷ വന്ന് കൂട്ടിക്കൊണ്ടുപോയെങ്കിലും അമ്മാളു അമ്മ പറവൂരിന്റെ മണ്ണിലേക്കുതന്നെ വീണ്ടും തിരിച്ചെത്തി. ഇപ്പോൾ നഗരസഭയുടെ വെടിമറ മാലിന്യസംസ്കരണ കേന്ദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കുന്ന തൊഴിലുറപ്പു ജോലിയിൽ സജീവമാണ്. ആറു മക്കളെ പെറ്റ അമ്മയാണെങ്കിലും മക്കളുടെ തണലിൽ കഴിയാതെ, ആവുംവരെ പണിയെടുത്തു കഴിയാനാണ് ഇവരുടെ നിശ്ചയം.
മുഖത്ത് ചിരിയും നടപ്പിൽ ഊർജസ്വലതയും സദായുള്ള അമ്മാളു അമ്മയെ പക്ഷേ, വിധി കുറച്ചൊന്നുമല്ല ദണ്ഡിപ്പിച്ചിട്ടുള്ളത്. കുടുംബത്തിൽ വിളിക്കാതെ കയറിവന്ന അതിഥിയെപ്പോലെ കൂടപ്പിറപ്പുകളുടെ മരണങ്ങൾ ഒന്നിനു പിറകെ ഒന്നായി ഉണ്ടായിട്ടും തളർന്നില്ല. 11 വർഷങ്ങൾക്കു മുമ്പ് ഭർത്താവ് ഗോപാലകൃഷ്ണ പിള്ള മരിച്ചു. മകൻ മനോഹരൻ തോന്ന്യകാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. മകൾ മഹേശ്വരിയും അകാലത്തിൽ മരണപ്പെട്ടു. ഇളയ മകൾ മഞ്ജുളയുടെ ഭർത്താവ് ബിജു ഓട്ടോയിടിച്ച് മരിച്ചു. രണ്ടുതവണ വാഹനാപകടം ഉണ്ടായതിൽനിന്ന് അമ്മാളു അമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു. വിട്ടൊഴിയാത്ത കടമുണ്ടെങ്കിലും മാട്ടുമ്മൽ തുരുത്തിലെ രണ്ടര സെന്റ് വീട്ടിൽ ഒറ്റയ്ക്കാണ് താമസം. അയൽക്കാരുടെ സ്നേഹഭക്ഷണവുമുണ്ട്. 'മൂടിചാപ്പ' എന്ന ടെലിഫിലിമിൽ അമ്മയായി അഭിനയിച്ചിട്ടുമുണ്ട്.
മമ്മൂട്ടിയെ കാണണം
ഇനി ഒരേയൊരു ആഗ്രഹമേ അവശേഷിക്കുന്നുള്ളൂ... ഇഷ്ടതാരമായ മമ്മൂട്ടിയെ ഒരുനോക്കു നേരിൽ കാണണം. മമ്മൂട്ടി അഭിനയിച്ച സിനിമകളുടെ പേരുകളത്രയും ഓർമയിൽ സൂക്ഷിക്കുന്നുണ്ട്. അഭിനയമികവിൽ മമ്മൂട്ടിയെ വെല്ലാൻ ആരുമില്ലെന്ന്, മമ്മൂട്ടി ഫാനായ സീതാലക്ഷ്മി അമ്മാൾ സാക്ഷ്യപ്പെടുത്തുന്നു. ഈയിടെ റിലീസായ ‘ഭീഷ്മപർവ്വം’ കാണാനുള്ള ഒരുക്കത്തിലാണിവർ. പറവൂർ കോടതിയുടെ 210-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കച്ചേരിമൈതാനിയിൽ വനിതാ അഭിഭാഷകക്കൂട്ടായ്മ ലോക വനിതാ ദിനമായ ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന ചടങ്ങിൽ സീതാലക്ഷ്മി അമ്മാളിനെ ആദരിക്കുന്നുണ്ട്.
Content Highlights: life of seethalakshmi ammal, inspiring women, international womens day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..