ആർത്തവശുചിത്വം, സോളോ ട്രിപ്പ്, സ്ത്രീപക്ഷ ബജറ്റ്; ഇവിടെ വനിതകൾ ഒരു ചുവട് മുന്നിൽ


എസ്.സൗമ്യ

5 min read
Read later
Print
Share

ഭരണതലപ്പത്ത് സ്ത്രീകളാണെന്ന് അറിയുന്നതുതന്നെ ഓരോ വനിതയ്ക്കും ഉത്തേജനം നൽകുന്ന, ഊർജം തരുന്ന കാര്യമാണ്.

കൊല്ലം കളക്ടർ അഫ്സാന പർവീൺ, കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ്, എ.ഡി.എം. എൻ.സാജിത ബീഗം, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, ജില്ലാ പ്ലാനിങ് ഓഫീസർ പി.ജെ.ആമിന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അസുന്ത മേരി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ഡോ. രമ്യ ആർ.കുമാർ, ശുചിത്വമിഷൻ ജില്ലാ ഓഫീസർ സൗമ്യ ഗോപാലകൃഷ്ണൻ, പട്ടികജാതി വികസന വകുപ്പ് ഓഫീസർ എസ്.എസ്.ബീന, സാമൂഹികനീതി ഓഫീസർ കെ.കെ.ഉഷ, ജില്ലാ ലേബർ ഓഫീസർ ഗീത, കാഷ്യൂ വെൽഫെയർ ജില്ലാ ഓഫീസർ ബിന്ദു... ഇങ്ങനെ നീളുന്നു ജില്ലയിലെ വനിതാ വകുപ്പുമേധാവികളുടെ ലിസ്റ്റ്...

നീതിയുടെയും തുല്യതയുടെയും ദിനങ്ങളിലേക്ക് സ്ത്രീകൾക്ക് ഉയർന്നുവരാൻ പ്രചോദനം നൽകുന്ന അന്താരാഷ്ട്ര വനിതാദിനം ചൊവ്വാഴ്ചയാണ്. ‘ലിംഗസമത്വം സുസ്ഥിര നാളേക്കായി’ എന്നതാണ് ഇത്തവണത്തെ വനിതാദിന പ്രമേയം. മുൻപത്തേതിനെക്കാൾ എല്ലാ മേഖലകളിലും സ്ത്രീകൾ മുന്നേറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. മറ്റ് ജില്ലകളിൽനിന്നു വ്യത്യസ്തമായി കൊല്ലത്തിന്റെ എല്ലാ മേഖലകളിലും ഭരണനിർവഹണം സ്ത്രീകൾക്കാണെന്നത് അഭിമാനകരമായ നേട്ടമാണ്. സംസ്ഥാനത്ത് 10 ജില്ലകളിൽ വനിതകളാണ് കളക്ടർമാർ. കൊല്ലം കളക്ടർ അഫ്സാന പർവീൺ, കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ്, എ.ഡി.എം. എൻ.സാജിത ബീഗം, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, ജില്ലാ പ്ലാനിങ് ഓഫീസർ പി.ജെ.ആമിന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അസുന്ത മേരി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ഡോ. രമ്യ ആർ.കുമാർ, ശുചിത്വമിഷൻ ജില്ലാ ഓഫീസർ സൗമ്യ ഗോപാലകൃഷ്ണൻ, പട്ടികജാതി വികസന വകുപ്പ് ഓഫീസർ എസ്.എസ്.ബീന, സാമൂഹികനീതി ഓഫീസർ കെ.കെ.ഉഷ, ജില്ലാ ലേബർ ഓഫീസർ ഗീത, കാഷ്യൂ വെൽഫെയർ ജില്ലാ ഓഫീസർ ബിന്ദു... ഇങ്ങനെ നീളുന്നു ജില്ലയിലെ വനിതാ വകുപ്പുമേധാവികളുടെ ലിസ്റ്റ്. ഭരണതലപ്പത്ത് സ്ത്രീകളാണെന്ന് അറിയുന്നതുതന്നെ ഓരോ വനിതയ്ക്കും ഉത്തേജനം നൽകുന്ന, ഊർജം തരുന്ന കാര്യമാണ്.

സ്ത്രീസുരക്ഷയ്ക്ക് മുൻതൂക്കം

സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനായി അവസരമൊരുക്കുന്നതിനുള്ള ശ്രമത്തിലാണ് കളക്ടർ അഫ്സാന പർവീൺ. സുരക്ഷ, ശുചിത്വം തുടങ്ങിയവയിലെല്ലാം പുരുഷന്മാരെക്കാൾ വനിതാ ജീവനക്കാരാണ് മുൻപന്തിയിലെന്ന് കളക്ടർ പറയുന്നു. സ്വതന്ത്ര്യവും സമത്വവുമെല്ലാം സംസാരിക്കുമ്പോഴും സമൂഹത്തിലെ ഭൂരിഭാഗം സ്ത്രീകൾക്കും ഇതൊക്കെ അകലെയാണ്. സ്ത്രീകൾക്ക് സുരക്ഷ നൽകുന്നതിനാണ് എപ്പോഴും മുൻഗണന നൽകുക. ജനമൈത്രി പോലീസ് ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് അതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. കോവിഡ് വ്യാപനം വന്നപ്പോഴും എല്ലാ പ്രവൃത്തികൾക്കും സ്ത്രീകളായിരുന്നു മുന്നിലെന്നും കളക്ടർ പറയുന്നു.

സ്ത്രീകൾക്കുനേരേയുള്ള അതിക്രമങ്ങൾ ഭയപ്പെടുത്തുന്നത് -മേയർ

സ്ത്രീയെന്നനിലയിൽ അഭിമാനിക്കുകയും സ്ത്രീകൾക്കുനേരേ ഇപ്പോഴുണ്ടാകുന്ന അതിക്രമങ്ങളെ ഭീതിയോടെ കാണുകയും ചെയ്യുന്നതായി മേയർ പ്രസന്ന ഏണസ്റ്റ്. രാജ്യത്തിന്റെ പരമോന്നത പദവികളിൽ ഉൾപ്പെെട സ്ത്രീകൾ എത്തിയിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയുമ്പോഴും അവരുടെ എണ്ണം വളരെ വിരളമാണെന്നത് തള്ളിക്കളയാനാകില്ല. അധികാരസ്ഥാനങ്ങളിലിരിക്കുന്ന സ്ത്രീകൾക്കുനേരേ പൊതുവേ അതിക്രമങ്ങളുണ്ടാകുന്നില്ലെങ്കിലും സാധാരണക്കാരുടെ അവസ്ഥ ഇതല്ല. എല്ലാ സ്ത്രീകൾക്കും ഭയമില്ലാതെ ജീവിക്കാനാകുമ്പോഴേ സമത്വവും തുല്യതയും ഉണ്ടാകുകയുള്ളൂവെന്നും മേയർ പറയുന്നു.

വനിതാ ജീവനക്കാർക്കായി ബോധവത്കരണം

നമ്മെ ഏൽപ്പിച്ചിരിക്കുന്ന കർത്തവ്യം പൂർണമായി ചെയ്തുതീർക്കുന്നതിൽ സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വേർതിരിവുകൾ ഇല്ലെന്നാണ് എ.ഡി.എം. എൻ.സാജിത ബീഗത്തിന്റെ അഭിപ്രായം. ഉദ്യോഗസ്ഥർ തങ്ങളുടെ അധികാരം എങ്ങനെ ഉപയോഗിക്കുന്നുവെന്നതിലാണ് വേർതിരിവുകൾ ഉണ്ടാകുന്നത്. സ്ത്രീയാണെന്നു കരുതി സ്വയം പിന്നോട്ടു വലിയുമ്പോഴാണ് പരാജയമുണ്ടാകുന്നത്. പല വകുപ്പുകളിലെയും വനിതാ ജീവനക്കാർക്ക് ഉൾവലിയുന്ന പ്രകൃതം കാണുന്നുണ്ട്. പലതും തെറ്റായിപ്പോകുമോ, മേലുദ്യോഗസ്ഥരിൽനിന്നു പഴികേൾക്കേണ്ടിവരുമോ എന്നൊക്കെയുള്ള ചിന്തകളാകാം സ്ത്രീകളെ പിന്നോട്ടു വലിക്കുന്നത്. ഇത് അതിജീവിക്കാൻ ജില്ലയിലെ എല്ലാ സ്ത്രീജീവനക്കാർക്കുമായി ബോധവത്കരണ പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും എ.ഡി.എം. പറഞ്ഞു. സമത്വം അവകാശപ്പെടുമ്പോഴും രാത്രിയിൽ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണിപ്പോഴുമെന്നും അവർ പറഞ്ഞു.

വനിതകൾക്ക് സോളോ ട്രിപ്പുമായി ഡി.ടി.പി.സി.

സ്ത്രീകൾക്കായി ഒറ്റയ്ക്കുള്ള യാത്രകൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ഡോ. രമ്യ ആർ.കുമാർ. സംസ്ഥാനത്തെ ഏക വനിതാ ഡി.ടി.പി.സി. സെക്രട്ടറിയാണ് കൊല്ലത്തേത്. ജില്ലയിൽ മാത്രമല്ല, സംസ്ഥാനത്താകമാനം സ്ത്രീകൾക്ക് തനിച്ചും കൂട്ടമായുമുള്ള യാത്രകൾ നടത്താനുള്ള സാമൂഹിക അന്തരീക്ഷം ഒരുക്കേണ്ടത് പ്രധാനമാണ്. എല്ലാ മേഖലകളിലും സ്ത്രീകൾ വരുന്നുണ്ടെങ്കിലും ജോലിഭാരം ഏറെയുള്ള താഴെത്തട്ടുകളിലാണ് വനിതാ ജീവനക്കാർ കൂടുതലുണ്ടാകുക. ഡി.ടി.പി.സി.യുടെ പരിധിയിൽ വരുന്ന ജീവനക്കാരിൽ കൂടുതലും സ്ത്രീകളാണ്. സെക്രട്ടറിയും വനിതയായതുകൊണ്ട് കൂടുതൽ സൗകര്യപ്രദമായി കാര്യങ്ങൾ സംസാരിക്കാൻ കഴിയുന്നുണ്ടെന്നാണ് ജീവനക്കാരുടെയും പക്ഷം.

വസ്ത്രധാരണത്തിൽമാത്രമാണ് ചെറിയ രീതിയിലെങ്കിലുമുള്ള വെല്ലുവിളി നേരിടേണ്ടിവന്നിട്ടുള്ളത്. ഉയർന്ന പദവികളിലെത്തുന്ന സ്ത്രീകൾ സാരിതന്നെ ധരിക്കണമെന്ന ധാരണ പലയിടങ്ങളിലുമുണ്ട്. കുറഞ്ഞപക്ഷം സാൽവാറെങ്കിലും വേണം. പക്ഷേ, ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കേണ്ടിവരുമ്പോൾ ഇത്തരം വസ്ത്രങ്ങൾ ഉചിതമല്ല. അത്തരം ധാരണകളെ അതിജീവിക്കാൻ കഴിയുമ്പോൾ മാത്രമേ നമ്മുടെ പ്രൊഫഷനിൽ വിജയിക്കാൻ കഴിയൂവെന്നും രമ്യ പറയുന്നു. ടെക്‌നോപാർക്കിലെ വനിതാ ജീവനക്കാർക്കുമാത്രമായി ഡി.ടി.പി.സി. ഒരുക്കിയ കെ.എസ്.ആർ.ടി.സി. ബസിൽ മൺറോത്തുരുത്ത്, സാമ്പ്രാണിക്കോടി യാത്ര വിജയമായതും സെക്രട്ടറി ഓർമിപ്പിക്കുന്നു.

തുല്യത ശീലമാക്കാൻ ഭരണഘടന പഠിക്കാം

വനിതാ ജീവനക്കാർ കൂടുതൽ സമയം ഓഫീസ് ജോലികളിൽ മുഴുകാറുണ്ടെന്നാണ് ജില്ലാ പ്ലാനിങ് ഓഫീസർ പി.ജെ.ആമിനയുടെ അഭിപ്രായം. ഏതുസമയത്തും എന്തു പ്രശ്നങ്ങൾക്കും വനിതാ ജീവനക്കാരെ വിളിക്കാം. സമൂഹത്തെ മുഴുവൻ തുല്യത ശീലിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. ജില്ലയെ സമ്പൂർണ ഭരണഘടനാസാക്ഷരമാക്കി മാറ്റാനുള്ള പദ്ധതികൾ നടക്കുന്നുണ്ട്. ഇതിന്റെ പ്രധാന പ്രയോജനം ലഭിക്കുന്നത് സ്ത്രീകൾക്കാകും. ജില്ലാ പ്ലാനിങ് ഓഫീസറായപ്പോൾ കുടുംബത്തിൽനിന്നും സുഹൃത്തക്കളിൽനിന്നും സഹപ്രവർത്തകരിൽനിന്നും നല്ല സമീപനമാണുണ്ടായത്. കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാൻ സ്ത്രീകൾക്കാണ് കൂടുതൽ കഴിവെന്നും ആമിന പറയുന്നു. വനിതാ ജീവനക്കാർക്കുമാത്രമായി എന്തെങ്കിലും തരത്തിലുള്ള പ്രാമുഖ്യം വേണമെന്ന് ആവശ്യപ്പെടുന്നില്ല. ജീവനക്കാർക്ക് സുരക്ഷിതമായി കഴിയാനുള്ള ഹോസ്റ്റൽ സൗകര്യങ്ങളോ ക്വാർട്ടേഴ്‌സോ ഇപ്പോഴില്ലെന്നും ആമിന പറയുന്നു.

സ്ത്രീസൗഹൃദ ബജറ്റുമായി ജില്ലാപഞ്ചായത്ത്

സ്ത്രീസൗഹൃദവും സ്ത്രീപക്ഷവുമായ ബജറ്റ് തയാറാക്കി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ. സമൂഹം പുരുഷകേന്ദ്രീകൃതമായതിനാൽ അതിനെ മറികടന്ന് തുല്യതയിലേക്കെത്താനുള്ള ഏറ്റവും മികച്ച മാർഗമെന്നനിലയിലാണ് ഭരണഘടനാസാക്ഷരത നടപ്പാക്കുന്നത്. സ്ത്രീകളുടെ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിവുള്ളത് വനിതാ ഉദ്യോഗസ്ഥർക്കുതന്നെയാണ്. എന്നാൽ, എല്ലാ മേഖലയിലെയും വനിതാ ഉദ്യോഗസ്ഥർ അത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടോയെന്നു സംശയമാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പുതിയ പദ്ധതികളും ആശയങ്ങളും അവതരിപ്പിക്കാൻ വനിതാ ഉദ്യോഗസ്ഥർക്ക് കഴിയും. അതിനുള്ള അവസരങ്ങളും ഇപ്പോഴുണ്ട്. സ്ത്രീയെന്ന നിലയിലെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു മുന്നേറുമ്പോഴാണ് വിജയമുണ്ടാകുന്നത്. സ്ത്രീകളെ വിദ്യാഭ്യാസ, സാമ്പത്തിക കാര്യങ്ങളിൽ മുന്നിലെത്തിക്കുകയെന്നതാണ് ജില്ലാപഞ്ചായത്ത് ഭരണസമിതിയുടെ ലക്ഷ്യമെന്നും സുമാലാൽ പറയുന്നു.

ആരോഗ്യമേഖലയിൽ സ്ത്രീകൾക്ക് മുൻതൂക്കം

വനിതകൾ വകുപ്പുമേധാവികളായി വരുമ്പോൾ സ്ത്രീകൾക്കുവേണ്ടിയുള്ളതുപോലെതന്നെ കുഞ്ഞുങ്ങൾക്കും അമ്മമാർക്കുമായുള്ള പല പദ്ധതികളും മികവോടെ നടപ്പാക്കാൻ കഴിയുമെന്ന് ഡി.എം.ഒ. ഡോ. ബിന്ദു മോഹൻ പറയുന്നു.

ആരോഗ്യമേഖലയിൽ വനിതാ ഉദ്യോഗസ്ഥർ എത്തുമ്പോൾ പുരുഷന്മാരെക്കാളും കൂടുതൽ കാര്യങ്ങൾ രോഗികൾക്കായി ചെയ്യാൻ കഴിയുമെന്ന് തോന്നുന്നു. ഡി.എം.ഒ.യെന്ന നിലയിൽ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമാണ് എപ്പോഴും മുൻതൂക്കം നൽകുക. വനിതയെന്നനിലയിൽ ഒരുതരത്തിലുമുള്ള വെല്ലുവിളികൾ ഇതുവരെ നേരിടേണ്ടിവന്നിട്ടില്ല. പ്രതിസന്ധിഘട്ടങ്ങൾ തരണംചെയ്യാൻ വനിതാ ഉദ്യോഗസ്ഥർക്ക് വേഗം കഴിയുമെന്നാണ് ഡിഎം.ഒ.യുടെ അഭിപ്രായം.

പ്രഗല്‌ഭരായ പലരുമുണ്ടായിരുന്ന പോസ്റ്റിൽ എത്തിയപ്പോൾ മികച്ച രീതിയിൽ കാര്യങ്ങൾ കൈകാര്യംചെയ്യാൻ കഴിയുമോയെന്ന ആശങ്കയുണ്ടായിരുന്നെന്ന് ആയുർവേദ വിഭാഗം ഡി.എം.ഒ. ഡോ. അസുന്ത മേരി പറയുന്നു.

എന്നാൽ, തുടർ പ്രവൃത്തികളിലൂടെ അതിനെ മറികടക്കാനായി. മുൻപുള്ളതിനെക്കാൾ എന്തെല്ലാം പദ്ധതികൾ കൂടുതലായി ചെയ്യാൻ കഴിയുമെന്നാണ് ഓരോ ജീവനക്കാരിയും ചിന്തിക്കുക. ജില്ലയിൽ മിക്ക വിഭാഗങ്ങളിലും മേധാവികൾ വനിതകളായതിനാൽ പദ്ധതികൾ പ്രാവർത്തികമാക്കാൻ ഏറെ സഹായകമാണ്. സ്ത്രീകൾക്കായി ആരോഗ്യപദ്ധതികൾ പരിഗണനയിലാണെന്നും ഡോ. അസുന്ത മേരി പറഞ്ഞു.

ആത്മാർത്ഥതയുണ്ടായാൽ വേർതിരിവില്ല

ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥമായ സമീപനമുണ്ടായാൽ സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വേർതിരിവുണ്ടാകുകയില്ലെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്.എസ്.ബീന പറയുന്നു. സ്വന്തം ജോലിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി പഠിച്ച് മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞാൽ വിജയമുണ്ടാകും. ജില്ലയിൽ പദ്ധതികൾക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത് പട്ടികജാതി വികസന വകുപ്പാണ്. എല്ലാ പദ്ധതികളെക്കുറിച്ചുംപഠിച്ച് കൃത്യമായ അറിവുള്ളതിനാലാണ് ഇത് സാധ്യമാകുന്നത്. സ്വന്തം കഴിവുകളെക്കുറിച്ച് ബോധ്യമുള്ളവർക്ക് വേർതിരിവുകളുണ്ടാകില്ല. പട്ടികജാതി വിഭാഗത്തിലെ നഴ്‌സിങ് പഠനം പൂർത്തിയാക്കിയ വനിതകൾക്കായി മാലാഖക്കൂട്ടം പദ്ധതി നടപ്പാക്കാൻ കഴിഞ്ഞതാണ് ഏറെ സന്തോഷം. മറ്റൊരു ജില്ലയിലും ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പായിട്ടില്ല. വനിതകളുടെ മുന്നേറ്റത്തിനായി പുതിയ പദ്ധതികൾ പരിഗണനയിലാണെന്നും എസ്.എസ്.ബീന പറഞ്ഞു.

ആർത്തവശുചിത്വ ബോധവത്കരണം നടത്തും

വനിതാ ജീവനക്കാർക്കുൾപ്പെടെ എല്ലാ സ്ത്രീകൾക്കുമായി ആർത്തവശുചിത്വ ബോധവത്കരണ പരിപാടികൾ നടത്താനുള്ള തീരുമാനത്തിലാണെന്ന് ശുചിത്വമിഷൻ ജില്ലാ കോ-ഒർഡിനേറ്റർ സൗമ്യ ഗോപാലകൃഷ്ണൻ.

മെൻസ്ട്രൽ കപ്പുകളുടെയും ആവർത്തിച്ചുപയോഗിക്കാവുന്ന സാനിറ്ററി പാഡുകളുടെയും പ്രചാരണം നടത്തും.വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന സാനിറ്ററി നാപ്കിൻ നിർമാണ യൂണിറ്റുകൾ കുടുംബശ്രീയുമായി സഹകരിച്ച് നടപ്പാക്കാനും ഉദ്ദേശ്യമുണ്ട്.

വനിതകൾക്കാണ് അഴിമതിരഹിതവും സൗഹാർദപരവുമായ ഇടപെടൽ നടത്താൻ കഴിയുന്നതെന്നും സൗമ്യ ഗോപാലകൃഷ്ണൻ പറയുന്നു.

Content Highlights: international womens day, women in leadership, women in the workforce

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented