പ്രിയപ്പെട്ടവളേ, നിനക്ക് നീതിയുണ്ടാവുന്നതുവരെ ഇനിയൊരു സ്ത്രീപക്ഷദിനം എനിക്കില്ല...


ഷബിത

4 min read
Read later
Print
Share

സിനിമാക്കാരെ കണ്ടാല്‍ ഉടനടി ഫോട്ടോ എടുക്കണമെന്നുള്ളതിനാല്‍ നിന്നോടൊത്ത് ചിരിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍; വിഫലമാണെന്നറിഞ്ഞിട്ടും. നിന്നോളം തുറന്നു ചിരിക്കാന്‍ ഒരു നക്ഷത്രവും ഉദിച്ചിട്ടില്ലിന്നേവരെ!

Representative Image | Photo: Gettyimages.in

പ്രിയപ്പെട്ടവളേ,

എം.ടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറന്ന ഏറ്റവും ഒടുവിലത്തെ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് നിന്നെ ഞാന്‍ ആദ്യമായി നേരിട്ടു കാണുന്നത്. കോഴിക്കോട് കിനാലൂരിന്റെ ഉള്‍പ്രദേശത്ത് പ്രൗഢിയോടെ തലയുയര്‍ത്തി നിന്ന ഒരു മാളിക വീടായിരുന്നു ലൊക്കേഷന്‍. കോവിലകമായിരുന്നത്രേ. സത്യത്തില്‍ ഇന്ദ്രജിത്തിനെ കാണാനും ഞാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സെല്‍ഫ് ഫിനാന്‍സിങ് കോളേജിലെ പ്രഥമ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യാന്‍ പറ്റുമോ എന്ന് അന്വേഷിക്കാനുമായിരുന്നു അവിടെ എത്തിയത്. ഇന്ദ്രജിത്തിന്റെ സഹായി സുരേഷ് ആണ് കാര്യങ്ങള്‍ ഏര്‍പ്പാടാക്കിത്തന്നത്. കൂടെ മറ്റൊരു കാര്യവും കൂടിയുണ്ടായിരുന്നു. എം.ടിയോടും സംവിധായകന്‍ ഹരിഹരനോടും ഫിലിം ഫെസ്റ്റിവലിന് ആശംസകള്‍ എഴുതി വാങ്ങണം. ഹരന്‍ സാറിനെയാണ് ആദ്യം പോയി കണ്ടത്. കാരവനില്‍ വിശ്രമിക്കുന്ന ഇന്ദ്രജിത്തിനെ അവസാനം കാണാമെന്നാണ് ധാരണ. ഹരന്‍ സാര്‍ അടുത്തിരുത്തി സ്വന്തം നാട്ടുകാരിയോടുള്ള അടുപ്പത്തോടെ (ആദ്യമായിട്ടു കാണുകയും പരിചയപ്പെടുത്തുകയുമാണ്) ചായ തന്നു. ഫിലിം ഫെസ്റ്റിവലിനെക്കുറിച്ച് സംസാരിച്ചു. ഞാന്‍ നീട്ടിയ നോട്ടുബുക്കില്‍ സ്വന്തം കൈപ്പടയില്‍ ആശംസകള്‍ എഴുതി. പിന്നെ പുസ്തകം നേരെ എം.ടിയ്ക്കു നേരെ നീട്ടി. എം.ടിയുടെ ആശംസകള്‍ ഇല്ലാതെയെന്ത് ഫിലിം ഫെസ്റ്റിവല്‍! ഇനിയാരെയാണ് കാണാനുള്ളതെന്ന് ചോദിച്ചുകൊണ്ട് തന്നെ ക്ഷമാപണവും അദ്ദേഹം നടത്തി; വിനീത് ഷൂട്ടിലായിപ്പോയല്ലോ. സാരമില്ല, ഇന്ദ്രജിത്തിനെ കൂടി കാണാനുണ്ട്. ഇത്രയും മതി സര്‍ എന്നു പറഞ്ഞ് നന്ദിയോടെ ആ വലിയ മനുഷ്യന്റെ മുന്നില്‍ നിന്നും എഴുന്നേറ്റപ്പോള്‍ അദ്ദേഹം ചോദിച്ചു:'നമ്മുടെ നായികയുടെ ആശംസകള്‍ വേണ്ടേ, അവരെ കൂടി ക്ഷണിക്കൂ.' അദ്ദേഹം എന്നെയും കൊണ്ട് നേരെ അകത്തേക്കു നടന്നു. സപ്രമഞ്ചക്കട്ടില്‍ പോലൊന്നില്‍ കുട്ടിക്കുറുമ്പ് വിളിച്ചുപറയുന്ന മുഖത്തോടെ അവളിരിക്കുന്നു. ഷൂട്ടിങ് ഡ്രസ്സിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്. ഇട്ടിരിക്കുന്ന ചുരിദാര്‍ സിനിമയുടെ ഗ്ലാമര്‍ തിളക്കത്തില്‍ നിന്നും താഴേക്കിറങ്ങിവന്ന് എനിക്കൊപ്പം നില്‍ക്കുന്നു. അടുത്തു തന്നെ അമ്മയിരിക്കുന്നുണ്ട്. സ്‌കൂള്‍ കലോത്സവത്തില്‍ മേക്കപ്പിടുന്നത് തൊട്ടുമുമ്പായി എന്റെ ശ്വേതയെ ഞാന്‍ നിര്‍ബന്ധിച്ചു പാല് കുടിപ്പിക്കാന്‍, വല്ലതും തീറ്റിക്കാന്‍ പിറകേ നടക്കുന്നതുപോലുള്ള തഞ്ചവും താളവും ആ അമ്മയില്‍ എനിക്കു കാണാനായതില്‍ അത്ഭുതമില്ല. ഇടയ്ക്കു കയറി വന്ന എന്നെ നോക്കി അവര്‍ പുഞ്ചിരിച്ചെഴുന്നേറ്റ് മാറിത്തന്നെങ്കിലും അവള്‍ തിരികെ കൊടുത്ത പ്ലേറ്റില്‍ അമ്മയുടെ മുഖത്തെ അതൃപ്തി കാണാമായിരുന്നു. ശരിക്കും ഞാനെന്ന അമ്മതന്നെ!

രണ്ട് വാചകത്തില്‍ നിന്റെ ആശംസകള്‍ കഴിഞ്ഞു. നാല് പേജുകളായിരുന്നു ഞാന്‍ തന്ന നോട്ടുപുസ്തകത്തില്‍ നിന്നും നീ പറിച്ചു കളഞ്ഞത്. ആദ്യത്തെ ആശംസ എഴുതിയത് വായിച്ചപ്പോള്‍ അയ്യേ ഇത് ശരിയായില്ല എന്നും പറഞ്ഞ് നീ പേജ് കീറി. രണ്ടാമതും മൂന്നാമതും എഴുതിയതും നിനക്ക് ശരിയായില്ല. നിന്റെ വെറുമൊരു ആശംസയും കയ്യക്ഷരവും മാത്രം എനിക്കന്ന് ലോട്ടറിയായിരുന്നിട്ടുകൂടി നീ വീണ്ടും എഴുതി, വീണ്ടും വായിച്ചും വീണ്ടും വീണ്ടും കീറിക്കളഞ്ഞു. ഇനി ഒരു വാക്കും മുന്നോട്ട് നടക്കില്ലെന്ന് സ്വയം ബോധ്യം വന്നപ്പോള്‍ 'മതിയല്ലേ' എന്നും ചോദിച്ച് ആശംസയെഴുതിയ നോട്ട്ബുക്ക് തിരികെതന്നു. സ്‌കൂള്‍ ബസ്സില്‍ ഞാന്‍ കയറ്റിവിട്ട എന്റെ കുഞ്ഞിന്റെ വിരിഞ്ഞ നെറ്റിയും കുറുമ്പ് മുറ്റിയ മൂക്കും നോക്കിയങ്ങനെ ഞാന്‍ നിന്ന നില്‍പാണ് എന്റെ പ്രിയപ്പെട്ടവളേ നിന്നെയെന്റെ മക്കളോടൊപ്പം ഞാന്‍ ചേര്‍ത്തതിനു കാരണം.

സിനിമാക്കാരെ കണ്ടാല്‍ ഉടനടി ഫോട്ടോ എടുക്കണമെന്നുള്ളതിനാല്‍ നിന്നോടൊത്ത് ചിരിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍; വിഫലമാണെന്നറിഞ്ഞിട്ടും. നിന്നോളം തുറന്നു ചിരിക്കാന്‍ ഒരു നക്ഷത്രവും ഉദിച്ചിട്ടില്ലിന്നേവരെ! സജീഷിന്റെ ക്യാമറയില്‍ നീ എന്നെ അരികില്‍ നിര്‍ത്തി പലമട്ടില്‍ പുഞ്ചിരിച്ചു. നിന്റെ കണ്ണുകളാണ് ചിരിച്ചത്, കുസൃതി കുത്തിനിറച്ച നിന്റെ മൂക്ക് വികൃതിയാല്‍ പലപ്പോഴും നൊച്ചിക്കളിക്കുന്നുണ്ടായിരുന്നു. ഓരോ ഫ്‌ളാഷും മിന്നിമറിയുമ്പോള്‍ നീയോടിച്ചെന്ന് ക്യാമറയിലേക്ക് നോക്കിക്കൊണ്ടേയിരുന്നു. 'നോക്കട്ടെ, നോക്കട്ടെ...അയ്യേ... ഇതില് ഞാന്‍ ബോറായില്ലേ, ചിരി നന്നായിട്ടില്ല, കണ്ണുകണ്ടോ എങ്ങോട്ടോ ആണ് നോക്കുന്നത്. ഒന്നൂടി എടുക്കാലേ...'ഒരു കുഞ്ഞിപ്പെങ്ങളുടെ തുള്ളിച്ചാട്ടം കണ്ട കൗതുകത്തോടെ സജീഷ് നിന്റെ മുമ്പില്‍ വെച്ച് നിനക്കിഷ്ടമാവാതിരുന്ന ഫോട്ടോകളെല്ലാം തന്നെ ഡിലീറ്റ് ചെയ്തുകളഞ്ഞു, പുതിയതെടുക്കാനായി ക്യാമറ ഉയര്‍ത്തി. നിന്റെ പുഞ്ചിരി, ക്യാമറയ്ക്കു മുമ്പിലെ പത്രാസ് പോസ്, കൈ വെച്ചുള്ള നില്‍പ്, എത്രയോ കാലം മുമ്പേ എനിക്കു നിങ്ങളെയൊക്കെ പരിചയമുള്ളതല്ലേ എന്ന മട്ടിലുള്ള പെരുമാറ്റം...എന്റെ കുഞ്ഞുശ്വേത ക്യാമറയില്‍ തന്റെ ഫോട്ടോകള്‍ നോക്കി സന്തോഷിക്കുന്നതുപോലെ നീ സജീഷിന്റെ ക്യാമറ വാങ്ങി ഫോട്ടോകള്‍ ഒന്നൊന്നായി നോക്കിക്കൊണ്ടിരുന്നു. നിനക്കിഷ്ടമില്ലാത്ത നിന്റെ മുഖം നീ തന്നെ മായ്ച്ചുകളഞ്ഞു. നിന്നെ കണ്ട് നിനക്കുതന്നെ സംതൃപ്തി വരുന്നതുവരെ ഞങ്ങള്‍ നോക്കി നിന്നു. സിനിമയിലല്ലാത്ത നിന്നെയായിരുന്നു എക്കാലത്തേയ്ക്കുമായി ഞങ്ങള്‍ അന്നുമുതല്‍ മനസ്സിലേക്ക് കുടിയിരുത്തിയത്. ഞങ്ങളുടെ ശ്വേതയോടൊപ്പം, മേധയോടൊപ്പം, പിന്നെ ഞങ്ങളുടേതായ എല്ലാ പെണ്‍കുട്ടികള്‍ക്കുമൊപ്പം...നിന്നെ കണ്ട് തിരികെ വന്ന രാത്രി ഉറങ്ങിക്കിടക്കുന്ന ശ്വേതയുടെ അടുത്ത് കിടന്ന് അവളെ കെട്ടിപ്പിടിച്ചു മണത്തുകിടന്നുകൊണ്ട് സജീഷ് നിന്റെ ഫോട്ടോ കാണിച്ചുകൊണ്ടു പറഞ്ഞു; മോള് വലുതായാല്‍ ഇതുപോലെണ്ടാവുംല്ലേ. ഈ കുറുമ്പെല്ലാം അങ്ങനെതന്നെണ്ട്.

2017 ഫെബ്രുവരി പതിനേഴ്. നീ അഭിമുഖീകരിച്ച ദുരന്തം ഏറ്റുവാങ്ങിയത് ഞങ്ങളെല്ലാവരുമായിരുന്നു. നിന്റെ മനസ്സും വീടും സ്തംഭിച്ചതോടൊപ്പം തന്നെ ഞങ്ങളും. മക്കളെ കെട്ടിപ്പിടിച്ചു കിടന്നപ്പോള്‍ എന്റെ പ്രിയപ്പെട്ടവളേ സാരമില്ല എന്നോ പോട്ടെ, കാര്യമാക്കണ്ട എന്നോ ലാഘവത്തോടെ പറയാനുള്ള ഒന്നായിരുന്നല്ല നിനക്ക് സംഭവിച്ചത് എന്നതില്‍ ഞങ്ങള്‍ നീറി. പൊടുന്നനേ നീ മൗനത്തിലേക്ക് പോകുന്നത്, ഇരുട്ടിലേക്ക് മായുന്നത്... അതാണ് എന്റെ കാലഘട്ടത്തെ രണ്ടാക്കി തിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് 2017 ഫ്രെബ്രുവരിയ്ക്ക് മുമ്പ് - ശേഷം.

സ്ത്രീയെന്ന നിലയില്‍ ഇനിയൊരു ദിനവും എനിക്കില്ല തന്നെ, നിനക്ക് നീതി വിധിക്കപ്പെടും വരെ. നീതി കിടക്കുന്ന കൈകള്‍ അത് തരികയല്ലല്ലോ,വിധിക്കുകയാണല്ലോ. കഴിഞ്ഞ ദിവസം നീ സംസാരിച്ചതിലെ ഇടര്‍ച്ചയാണ് ഇതെഴുതാന്‍ നിര്‍ബന്ധിച്ചത്. ദശലക്ഷക്കണക്കിന് തുണ്ടങ്ങളായി നീ പറിച്ചെറിയപ്പെടുന്നതായി തോന്നി എന്നു പറഞ്ഞപ്പോള്‍, അച്ഛനുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നുതോന്നിയപ്പോള്‍, അപ്പോള്‍ അങ്ങനെ പോയിരുന്നില്ലായിരുന്നെങ്കില്‍ എന്നു നീ ചിന്തിച്ചപ്പോള്‍... എന്റെ പ്രിയപ്പെട്ടവളേ ആ തോന്നലുകളെല്ലാം ഞങ്ങളേറ്റുവാങ്ങട്ടെ. നിന്റെ നിശ്വാസത്തിന്റെ ഓരോ കണികയും ഞങ്ങള്‍ മക്കള്‍ക്ക് പകര്‍ന്നുകൊടുക്കട്ടെ. ഇരയില്‍ നിന്നും നീ അതിജീവിതയായി ഉയര്‍ന്നപ്പോള്‍ ആ വിശേഷണത്തില്‍ ഞാന്‍ തൃപ്തയല്ല. നീ ഞങ്ങളുടെ മനസ്സില്‍ ഭദ്രയാണ്. നിന്റെ പിന്‍ഗാമികളുടെ ഭദ്രതയ്ക്കായുള്ള പോരാട്ടമാണിത്. സിനിമ ആസ്വദിക്കാന്‍ നഷ്ടപ്പെട്ട മനസ്സുമായി, മനുഷ്യരില്‍ വിശ്വാസം നഷ്ടപ്പെടുന്ന സ്ത്രീയായി കാലം എന്നെ മാറ്റാതിരിക്കണമെങ്കില്‍ നീ ജയിച്ചേ തീരൂ.

Content Highlights: international womens day, inspiring women, sexual assault survivor

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented