ഗ്ലൈഡർ വിമാനം പറത്തിയ ആദ്യ മലയാളി പെൺകുട്ടി, 52ാം വയസ്സിൽ അമ്മ, ആയുർവേദ ഡോക്ടർ... 


സൂരജ് സുകുമാരൻ



ഗ്ലൈഡർ വിമാനം പറത്തിയ ആദ്യ മലയാളി പെൺകുട്ടി, അമ്പത്തിരണ്ടാം വയസ്സിൽ അമ്മയായ സ്ത്രീ, ആയുർവേദ ഡോക്ടർ, യോഗ ഇൻസ്ട്രകർ, കരാട്ടെയിൽ ബ്ലാക്ക് ബൈൽറ്റ് അതിശയിപ്പിക്കുന്ന നേടങ്ങളുടെ ആകാശമാണ് 'ഗ്ലൈഡർ ഗേൾ' ഷീല രമണിയുടെ ജീവിതം

ഷീല രമണി | ഫോട്ടോ: മധുരാജ്‌ (Photo: ഷീല രമണി | ഫോട്ടോ: മധുരാജ്‌)

രിപ്പൂരിലെ ടേബിൾ ടോപ്പ് റൺവേയിൽ നിന്നും പറന്നുയരുന്ന ഓരോ വിമാനവും കാലിക്കറ്റ് സർവകലാശാലയ്ക്ക് മുകളിലൂടെയാണ് ആകാശം തൊടുന്നത്. പക്ഷിയെ പോലെ വിമാനങ്ങൾ ആകാശത്തേക്ക് പറന്നുയരുമ്പോൾ സർവകലാശാലക്കരികിലുള്ള വാടകവീട്ടുമുറ്റത്ത് നിന്ന് ആദ്യ എന്ന നാലുവയസ്സുകാരി അത്ഭുതത്തോടെ ഓരോ പറക്കലും നോക്കിനിൽക്കും. കൊച്ചുമുഖത്തെ കൗതുകം കാണുന്ന അമ്മ ഷീല അവളെ കൈകളിലേക്ക് വാരിയെടുക്കും, അപ്പോൾ ആദ്യയുടെ കൈകൾ വിമാനചിറകുകൾ പോലെ വിടരും. ഷീലയുടെ കൈകളിൽ നിന്ന് അവൾ അപ്പോൾ ആകാശം തൊടും, 37 വർഷങ്ങൾക്ക് മുമ്പ് അവളുടെ അമ്മ ആകാശം തൊട്ടപോലെ. കേരളത്തിന്റെ ' ഗ്ലൈഡർ ഗേൾ' ഷീല രമണിയുടെ വീട്ടിലേക്ക് എത്തുമ്പോൾ പ്രതീക്ഷിച്ചതിലേറെ കൗതുകങ്ങൾ കാത്തിരിക്കുന്നുണ്ടായിരുന്നു. അതിൽ ഗ്ലൈഡർ വിമാനം പറത്തിയ ആദ്യ മലയാളി പെൺകുട്ടിയുടെ ജീവിതം മുതൽ 52-ാം വയസിൽ ആദ്യയ്ക്ക് ജന്മം നൽകിയ അമ്മയുടെ പോരാട്ടം വരെയുണ്ട്.

ചിറക് മുളയ്ക്കുന്നു

ജീവിതം പറഞ്ഞുതുടങ്ങിയപ്പോൾ ഷീലയുടെ ഓർമകൾ കോഴിക്കോട് നിന്ന് ടേക്ക് ഓഫ് ചെയ്ത് തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗമായ തമ്പാനൂരിൽ ചെന്നിറങ്ങി. എൻ.സി.സി. മോഹവുമായി തിരുവനന്തപുരം വിമൺസ് കോളജിൽ പ്രീഡിഗ്രി പഠനം തുടങ്ങിയ പെൺകുട്ടിയായി ഷീല മാറി. കോളജിൽ ആദ്യം അവർ തിളങ്ങിയത് ബാസ്‌ക്കറ്റ്‌ബോളിലായിരുന്നു. പിന്നാലെ എൻ.സി.സിയുടെ ആർമി വിങ്ങിൽ പരിശീലനം തുടങ്ങിയ ഷീല എയർ വിങ്ങിലേക്ക് ആദ്യമായി പെൺകുട്ടികളെ തെരഞ്ഞെടുത്തപ്പോൾ അവിടേക്കെത്തി. വായുസേന നടത്തിയ ആദ്യ ക്യാമ്പിൽ തന്നെ എയ്‌റോ മോഡലിങ്, എയർ ഫ്ളൈയിങ് മത്സരങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിച്ചു. ഒപ്പം പൈലറ്റിന് വേണ്ടിയുള്ള ആറ്റിറ്റിയൂഡ് ടെസ്റ്റും മറികടന്നു. മെഡിക്കൽസും പാസായതോടെ പവർ ഫ്‌ളൈയിങ്ങിനായി കേരള ഏവിയേഷൻ സെന്ററിന്റെ വാതിലുകൾ ഷീലയ്ക്ക് മുന്നിൽ തുറക്കുകയായിരുന്നു.

''അതിരാവിലെ കൃത്യസമയത്ത് ക്ലബിലെ എയർ സ്ട്രിപ്പിൽ എത്തണം. ആദ്യ ദിവസങ്ങളിൽ പത്ത് മിനിട്ടൊക്കെ ആയിരുന്നു പറക്കൽ. ആദ്യത്തെ പത്ത് മണിക്കൂറിനകം സ്റ്റുഡൻസ് പൈലറ്റ് ലൈസൻസ് നേടണം. 20 മണിക്കൂറിനുള്ളിൽ ഒറ്റയ്ക്ക് പറക്കണം. അതിനൊപ്പം എഴുത്തുപരീക്ഷകളും.ഇതായിരുന്നു നിയമം. സോളെ ഫ്‌ളൈയിങ് പൂർത്തിയാക്കിയാൽ മാത്രമേ പ്രൈവറ്റ് പൈലറ്റ് ലൈസൻസ് കിട്ടുകയുള്ളൂ. ആ സമയത്താണ് റിപ്പബ്ലിക് ദിന പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ആർമി വിങ്ങിൽ നിന്നായിരുന്നു സെലക്ഷൻ. പരേഡിന് പങ്കെടുക്കണമെങ്കിൽ മുന്നോടിയായി ഓൾ ഇന്ത്യ ക്യാമ്പ് പൂർത്തിയാക്കണം. കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടർ ബ്രിഗേഡിയർ ഗൗരിശങ്കർ ഞങ്ങളുടെ മേൽനോട്ടം നേരിട്ട് ഏറ്റെടുത്തു. അദ്ദേഹം വന്നതോടെ പാങ്ങോട് ആർമി ക്യാമ്പിൽ ചിട്ടയായ പരിശീലനം തുടങ്ങി. പേരുനൽകിയ സിഗ്നൽസ്, ഫസ്റ്റ് ആൻഡ് ഹോം നേഴ്‌സിങ് എന്നിവയിൽ ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ആ സമയത്ത് പ്രീഡിഗ്രി പരീക്ഷ വന്നതിനാൽ ഓൾ ഇന്ത്യ ക്യാമ്പിൽ പങ്കെടുക്കാനായില്ല. ഞാൻ മനപൂർവം പോകാതെയിരുന്നതാണെന്ന് കരുതി ബ്രിഗേഡിയർക്ക് വലിയ ദേഷ്യമായി. പിന്നീട് ലിസ്റ്റിൽ എന്റെ പേര് കാണുമ്പോഴെല്ലാം അദ്ദേഹം വെട്ടി. ആ തവണ റിപ്പബ്ലിക് പരേഡിന് കൊണ്ടുപോയില്ല. അതെനിക്ക് വലിയ നിരാശയായി. അങ്ങനെയിരിക്കെ ബെൽഗാമിൽ ഒരുക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം അവിചാരിതമായി വന്നു. സിഗ്നൽസ്, ഫസ്റ്റ് ആൻഡ് ഹോം നേഴ്‌സിങ്, ബെസ്റ്റ് കേഡറ്റ് എന്നീ മത്സരങ്ങളിലെല്ലാം അവിടെ ഞാൻ വിജയിച്ചു. തിരിച്ചുവരുമ്പോൾ എന്നെയും കാത്ത് അഭിനന്ദനവുമായി റെയിൽവേ സ്‌റ്റേഷനിൽ ബ്രിഗേഡിയർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അടുത്ത വർഷം എയർ വിങ് കേഡറ്റായി വീണ്ടും റിപ്പബ്ലിക് പരേഡിലേക്കുള്ള വാതിലും തുറന്നു. രാജസ്ഥാനിലെ കോട്ടയിലെ ഗ്ലൈഡർ ഇൻസ്ട്രകർ യൂജിൻ ഖാൻ എനിക്ക് പരിശീലനം നൽകാൻ തിരുവനന്തപുരത്തെത്തി. '

പറന്നുയർന്ന്...

1984, ജനുവരി രണ്ട്, പുതുവർഷത്തിലെ തണുത്തുറഞ്ഞ രണ്ടാംപുലരി. വഴികളിൽ മഞ്ഞിന്റെ പുതപ്പുണ്ട്. ആ തണുത്ത വെളുപ്പാൻ കാലത്ത് തേച്ചുമിനുക്കിയ യൂനിഫോമുമിട്ട് ഷീല അതിവേഗം തിരുവനന്തപുരം ഫ്‌ളൈയിങ് ക്ലബിലെ എയർസ്ട്രിപ്പിലേക്ക് നടന്നു. പരിശീലകനായ യൂജിൻ ഖാൻ ഗുഡ്‌മോണിങ് പറഞ്ഞ് വിമാനത്തിന്റെ ചിറകുവിടർത്താൻ കൂട്ടുവിളിച്ചു. പതിവുപോലെ ഇരുവരും കൂടി ആകാശത്തെ വലംവെച്ച് തിരിച്ചിറങ്ങി. വിമാനത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ പരിശീലകൻ മണൽ നിറച്ച ബാഗുമായി തിരിച്ചുവരുന്നത് കണ്ടപ്പോൾ ഷീലയ്ക്ക് എന്തോ പന്തികേട് തോന്നി.

' മണൽ ബാഗ് വിമാനത്തിലെ അദ്ദേഹത്തിന്റെ സീറ്റിൽ കൊണ്ടുവച്ചു. ശേഷം എന്നോട് ഒറ്റയ്ക്ക് പറക്കാൻ പറഞ്ഞു. ഞാൻ അന്തംവിട്ടു നിന്നു. ' ബ്രിഗേഡിയർ ഇപ്പോൾ വരും, ഷീലയെ സോളോ ഫ്‌ളൈ ചെയ്യിക്കാനാണ് നിർദ്ദേശം.' എനിക്ക് ടെൻഷനും സന്തോഷവും ഒന്നിച്ച് വന്നു. അധികം വൈകാതെ ടേക്ക് ഓഫിനുള്ള ഫ്ലാഗ് വീശി. ഒറ്റയ്ക്ക് വിമാനവുമായി ഞാൻ പറന്നുപൊങ്ങി. എന്നാൽ 300 അടി മുകളിലെത്തിയപ്പോൾ എന്തോ പൊട്ടുന്ന ശബ്ദം കേട്ടു. റിലീസിങ് കേബിളായിരുന്നു അത്. താഴെ നിൽക്കുന്നവരുടെ പരിഭ്രാന്തി മുകളിൽ നിന്ന് കാണാം. ഒരു ഷോർട്ട് സർക്യൂട്ട് എടുത്ത ശേഷം ഞാൻ എയർ സ്ട്രിപ്പിലേക്ക് വിജയകരമായി ലാൻഡ് ചെയ്തു. ബ്രിഗേഡിയർ വന്ന് അഭിനന്ദിച്ച് സ്വന്തം പോക്കറ്റിൽ നിന്ന് ക്യാഷ് അവാർഡും തന്നു. അടുത്ത ദിവസം ഞാൻ ഡൽഹിയിലേക്ക് ട്രെയിൻ കയറി. 1984 റിപ്പബ്ലിക്ക് പരേഡിൽ വിജയകരമായി ഗ്ലൈഡർ വിമാനം പറത്തി. തിരിച്ചുവന്ന് പത്രവാർത്ത കട്ടിങുകൾ കണ്ടപ്പോഴാണ് അതൊരു പുതുചരിത്രമാണെന്ന് തിരിച്ചറിഞ്ഞത്'

എന്തുകൊണ്ട് പൈലറ്റായില്ല..?

എയർഫോഴ്‌സിന്റെ ഭാഗമാകണമെന്ന് ഷീലയ്ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്ന് സ്ത്രീകളെ വായുസേനയിൽ എടുത്തിരുന്നില്ല. പ്രൈവറ്റ് പൈലറ്റ് ലൈസൻസ് കിട്ടിയതിന് പിന്നാലെ കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസിനായി അപേക്ഷിച്ചു. പ്രവേശന പരീക്ഷ പാസായി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്‌കോളർഷിപ്പിൽ പഠിക്കാം എന്നാണ് ഷീല വിചാരിച്ചത്. എന്നാൽ സ്‌കോളർഷിപ്പിന് ലഭിക്കാനുള്ള വരുമാന പരിധിയേക്കാൾ 400 രൂപ കൂടുതലായിരുന്നു അന്ന് ഷീലയുടെ അമ്മയുടെ വരുമാനം. വലിയ സ്വപ്‌നംഅവിടെ ചിറകറ്റുവീണു. ' സഹായിക്കാൻ ഒന്നും ആരുമുണ്ടായിരുന്നില്ല. വലിയ നിരാശയായിരുന്നു കുറച്ച് കാലം. എന്നാൽ തളർന്നിരിക്കാൻ ഒരുക്കമായിരുന്നില്ല. എൻ.സി.സി കേഡറ്റുകൾക്ക് വിവിധ കോഴ്‌സുകളിൽ സീറ്റ് റിസർവേഷൻ അനുവദിക്കണമെന്ന് ആവശ്യവുമായി ഞാൻ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടിഎം ജേക്കബ്, മുഖ്യമന്ത്രി കരുണാകരൻ, ലോക്‌സഭാംഗം തലേക്കുന്നിൽ ബഷീർ എന്നിവർക്ക് നിവേദനം നൽകി. പലതവണ ഓഫീസുകൾ കയറിയിറങ്ങി.

അടുത്ത വർഷം പോളിടെക്‌നിക്, എഞ്ചിനീയറിങ് എന്നിവയ്ക്ക് എൻ.സി.സി കേഡറ്റുകൾക്ക് സീറ്റ് സംവരണം ചെയ്തു. ഡിഗ്രി പൂർത്തിയാക്കിയ ഞാൻ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്കിൽ ഇലക്ട്രോണിക് എഞ്ചിനീയറിങിന് ചേർന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കാലിക്കറ്റ് സർവകലാശാല എൻ.സി.സി വിഭാഗത്തിൽ നിയമനം ലഭിച്ചു. ആ സമയത്ത് ഐ.എ.എസിന്റെ പ്രിലിമിനറി പരീക്ഷയും വിജയിച്ചു. എന്നാൽ മെയിൻസ് എഴുതിയപ്പോൾ ആ വർഷം ചോദ്യപേപ്പർ ചോർന്നു. പരീക്ഷ റദ്ദാക്കി. പിന്നീട് എഴുതാനായി തയ്യാറെടുത്തിരുന്നെങ്കിലും ആകസ്മികമായി വന്ന ബുദ്ധിമുട്ടുകൾ വഴിമുടക്കി. പോളിടെക്‌നിക്ക് പൂർത്തിയാക്കി ഉടൻ കാലിക്കറ്റ് സർവകലാശാലയിലെ ജോലിയിൽ പ്രവേശിച്ചു. തിരുവനന്തപുരം നഗരത്തിൽ ജീവിച്ച ഒരാളായതിനാൽ ആദ്യകാലം സർവകലാശാലയിലെ ജോലിയും താമസവും മുഷിപ്പായി തോന്നി. ആയുർവേദത്തിന് എൻ.സി.സി കേഡറ്റുകൾക്ക് ഒരുസീറ്റ് അനുവദിച്ചത് ആ കാലത്താണ്. അങ്ങനെ തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളജിൽ ബിഎഎംസിന് പ്രവേശനം ലഭിച്ചു. ജോലിയിൽ നിന്ന് അവധിയെടുത്ത് പഠനം പൂർത്തിയാക്കി. ശേഷം സർവകലാശാലയിലേക്ക് തന്നെ തിരിച്ചുവന്നു. അതിനിടെ 14 വർഷം ഹയർസെക്കൻഡറി ഡിപ്പാർട്ട്‌മെന്റിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തു. ഇപ്പോൾ എൻ.സി.സി. വിഭാഗത്തിൽ അസിസ്റ്റന്റ് രജിസ്ട്രാർ ആയാണ് വിരമിച്ചത്.''

ഷീല ഭർത്താവിനും മകൾ‌ക്കുമൊപ്പം

പോരാട്ടത്തിന്റെ ആദ്യം

സ്വപ്‌നങ്ങൾക്ക് പിന്നാലെയുള്ള ഓട്ടത്തിനിടയിൽ വൈകിയാണ് ഷീല രമണി വിവാഹിതയായത്. ഡോ. സാം എബ്‌നേസർ ആണ് ഭർത്താവ്. എൽ.എൽ.ബി പൂർത്തിയാക്കിയ സാം എബ്‌നേസർ കൂടുതൽ വിഷയങ്ങൾ പഠിക്കാൻ താത്പര്യമുള്ള ഒരാൾ കൂടിയായിരുന്നു. ഷീലയും കാത്തിരുന്നത് അങ്ങനെയൊരാളെയാണ്. അതുകൊണ്ട് രണ്ടുപേരും കൂടി യോഗയിൽ പിജി ഡിപ്ലോമ പൂർത്തിയാക്കി. അത് കഴിഞ്ഞപ്പോൾ എം എസ് സി യോഗയും യോഗ തെറാപ്പി കോഴ്‌സും പഠിച്ചു. പിന്നാലെ എംഎ അസ്‌ട്രോളജിയും ചെയ്തു. കരാട്ടെയിൽ തേഡ് റാങ്ക് ബ്ലാക്ക് ബെൽറ്റ് ആണ് ഷീല. വിവാഹശേഷം കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് മാത്രം അൽപം നീണ്ടു.

' വൈകിയുള്ള വിവാഹമായതിനാൽ കുട്ടി ഉണ്ടാവാൻ ഏറെ കഷ്ടപ്പെട്ടു. ഒരുപാട് ഇടങ്ങളിൽ അതിനുള്ള ചികിത്സകൾ നടത്തി. അവസാനം ചെന്നൈയിലെ ജിബി (ജെമിനി ഗണേശൻ) ഹോസ്പിറ്റലിൽ ഒരുപാട് നാളത്തെ ചികിത്സ ചെയ്തു. പല തവണ ഗർഭം ധരിക്കുകയും അലസിപ്പോകുകയുമുണ്ടായി. ഓരോ തവണയും ശാരീരികമായും മാനസികമായും തളരുമ്പോഴും പിന്നെയും ശ്രമിച്ചാൽ വിജയിക്കും എന്ന ദൃഢനിശ്ചയം മുന്നോട്ട് നയിച്ചു. ഭർത്താവും ഡോക്ടർമാരുമെല്ലാം ഇനി റിസ്‌ക് ആണെന്ന് പറഞ്ഞ് പിന്മാറാൻ പറഞ്ഞിട്ടുണ്ട്. അവസാനം ഗർഭം ധരിച്ചപ്പോൾ ജനിക്കാൻ പോകുന്ന കുട്ടിക്ക് പ്രശ്‌നമുണ്ടാവുമെന്ന് ഒഴിവാക്കുന്നതാണ് നല്ലതെന്നും ലാബിൽ ടെസ്റ്റ് കഴിഞ്ഞപ്പോൾ ഉപദേശിച്ചിട്ടുണ്ട്. പക്ഷേ ഒന്നുംസംഭവിക്കില്ലെന്ന പ്രതീക്ഷ മുന്നോട്ട് നയിച്ചു. അത് തന്നെ വിജയിക്കുകയും ചെയ്തു. 52-ാം വയസ്സിൽ 2017 ഏപ്രിൽ 20 ന് പെൺകുട്ടിയുണ്ടായി. ആദ്യ എസ് എബ്‌നേസർ എന്ന് അവൾക്ക് പേരിട്ടു. ഇപ്പോൾ നാലുവയസ്സായി. ദൈവം എന്റെ കഷ്ടപ്പാടിന് സമ്മാനിച്ച അത്ഭുതമായാണ് ഞാൻ ആദ്യയെ കാണുന്നത്. അവളിന്ന് എന്റെ കൈയിലിരുന്ന് ആകാശം കാണുകയാണ്. ഇനി എന്റെ പഠനം ആദ്യയ്ക്ക് വേണ്ടിയാണ്. നഴ്‌സറി മുതൽ വീണ്ടും പഠിച്ച് തുടങ്ങണം...'

Content Highlights: international womens day, inspiring women, gender equality

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented