R NIshanthini IPS | Photo: Mathrubhumi
കേരളത്തിൽ ജോലിയുള്ളവരിൽ 35 ശതമാനത്തോളംപേർ സ്ത്രീകളാണ്. സ്വയം സംരംഭകരും സ്വന്തമായി തൊഴിൽ ചെയ്യുന്നവരും വേറെ. എന്നാൽ, പലർക്കും ജോലിയെന്നത് പണമുണ്ടാക്കുന്നതിനുള്ള ഉപാധി മാത്രമാണ്. ജോലി ചെയ്തുസമ്പാദിക്കുന്ന പണത്തിൽനിന്ന് കുറച്ചെങ്കിലും സ്വന്തം മാനസികസന്തോഷത്തിനുവേണ്ടി മാറ്റിവെക്കാനും പലരും മറന്നുപോകുന്നു.
“മാതൃത്വവും ജോലിയും ഒന്നിച്ചുകൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ട് ഒരു സ്ത്രീക്ക് മാത്രമേ അറിയൂ. അമ്മയാകുന്ന സ്ത്രീയുടെ ജീവിതം കഠിനമാണ്, അവൾ ഒരു ജോലിക്കാരികൂടിയാണെങ്കിൽ അതികഠിനവും.’’-പ്രസവാവധിയെത്തുടർന്ന് ജോലി നഷ്ടപ്പെട്ട കൊല്ലം സ്വദേശിനിയുടെ കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതിയാണ് ഈ പരാമർശം നടത്തിയത്.
ബാക്കിയായത് ‘വാത്സല്യം’ മാത്രം
1993-ലിറങ്ങിയ വാത്സല്യം എന്ന സിനിമ കണ്ടതോർത്ത് ഇന്നും കരയുന്ന റിട്ട. പ്രഥമാധ്യാപിക തിരുവനന്തപുരത്തുണ്ട്. കരയുന്നത് വാത്സല്യത്തിലെ സങ്കടസീനുകൾ കാരണമല്ല, 32 വർഷത്തെ ഔദ്യോഗികജീവിതത്തിനിടയിൽ സമ്പാദിച്ച രണ്ടുകോടിയോളംരൂപയിൽ തനിക്കുവേണ്ടി മാറ്റിവെച്ചു എന്ന് ഓർക്കാൻ ഒരു ‘വാത്സല്യം’ കണ്ടത് മാത്രമേ ഉള്ളല്ലോ എന്ന് ഓർത്തിട്ടാണ്. ഇപ്പോൾ വാങ്ങുന്ന പെൻഷൻതുക ഒരായുസ്സിലെ കഷ്ടപ്പാട് സഹിച്ച ശരീരത്തിന്റെ പരീക്ഷണങ്ങൾ തീർക്കാൻ വിനിയോഗിക്കുന്നു.
സമയം സൗഹൃദം....അതാണ് സ്വാതന്ത്ര്യം
ജോലിത്തിരക്കിനിടയിലും എനിക്കുവേണ്ടി ഞാൻ സമയം മാറ്റിവെക്കാറുണ്ട്. ആ സമയം പലപ്പോഴും പലകാര്യങ്ങൾക്കുംവേണ്ടി മാറിപ്പോകാറുമുണ്ട്. എന്റെ അമ്മയ്ക്ക് സ്വന്തമായി വരുമാനമില്ലായിരുന്നു, പക്ഷേ, സമയമുണ്ടായിരുന്നു. എന്റെ തലമുറയായപ്പോൾ പണമുണ്ട്, സമയം കണ്ടെത്താറില്ല എന്നായി.
സ്ത്രീക്ക് ഒരു പ്രൊഫഷൻ കൊണ്ടുപോകേണ്ടപ്പോൾ പഴയ സുഹൃത്തുക്കൾ അകലെയായിപ്പോകും. നമ്മുടെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കുമൊപ്പം നിൽക്കുന്ന കൂട്ടുകാർ സഹപ്രവർത്തകർക്കിടയിൽ ഉണ്ടായിക്കൊള്ളണമെന്നില്ല. നമ്മളെ നമ്മളായി അംഗീകരിക്കുന്ന സുഹൃത്തുക്കളെ നമ്മൾതന്നെ നഷ്ടപ്പെടുത്തുന്നു. അതിനുള്ള സമയം കിട്ടുന്നില്ലെന്ന് പറയുന്നു. അപ്പോൾപ്പിന്നെ കൈയിൽ കുറേ പണമുണ്ടായിട്ടെന്തുകാര്യം?
കുടുംബത്തിന്റെ കാര്യങ്ങൾ പുരുഷനെക്കാൾ നോക്കിനടത്തുന്നത് സ്ത്രീയാണ്. ജോലിയും കുടുംബവുംകൂടിയാവുമ്പോൾ സ്ത്രീകൾക്ക് കുറെ പ്രശ്നങ്ങൾ നേരിടേണ്ടിവരും. അത് അവർ നേരിടും. ആ വിജയം സ്ത്രീകളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റും. ആ ആത്മവിശ്വാസം കൂടുതൽപ്രശ്നങ്ങളെ നേരിടാനും മാനസികമായി ഒറ്റപ്പെട്ട് ജീവിക്കാനും സ്ത്രീയെ പ്രാപ്തയാക്കും. എന്നാൽ ആ ഒറ്റപ്പെടലാണ് സ്ത്രീകൾക്ക് സൗഹൃദങ്ങൾ നഷ്ടപ്പെടുത്തുന്നത്. പഴയ നമ്മളെ ഇടയ്ക്കിടെ പുറത്തുകൊണ്ടുവരാനും ജീവിപ്പിച്ചുനിർത്താനും സുഹൃത്തുക്കളെ കൂടെ നിർത്തണം. അത് പലരും ചെയ്യുന്നില്ല.
ആർ. നിശാന്തിനി, ഡി.ഐ.ജി., തിരുവനന്തപുരം
ഇല്ലാത്തവർക്ക് പണംതന്നെ സ്വസ്ഥത
കോവിഡിന്റെ ആദ്യകാലം പട്ടിണിയുടേതായിരുന്നു. വരുമാനം എന്നൊന്നില്ല. ആ സമയത്താണ് മോന് തലച്ചോറിൽ ഗുരുതരരോഗം ബാധിച്ചത്. ചികിത്സിക്കാൻ പണമില്ല. കോവിഡ് കുറഞ്ഞുവന്ന് കച്ചവടം വീണ്ടും തുടങ്ങിയപ്പോഴാണ് കഴിഞ്ഞ സമ്മർ ബമ്പർ ഞാൻ വിറ്റ ടിക്കറ്റിന് കിട്ടിയത്. ദൈവം, കാരുണ്യം പണത്തിന്റെ രൂപത്തിൽ വാരിത്തന്നു ഞങ്ങൾക്ക്. മോന്റെ ചികിത്സ കുറച്ചുകൂടി നല്ല ആശുപത്രിയിൽ നടത്തുന്നു. കടങ്ങൾ വീട്ടി. കുറച്ച് സ്ഥലം വാങ്ങി. ഇതൊക്കെത്തന്നെ എന്റെ വലിയ സ്വസ്ഥത. പണമില്ലായിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു. പണമില്ലാത്തവന് പണം കിട്ടുമ്പോൾ വരുന്ന സ്വസ്ഥത പറഞ്ഞറിയിക്കാനാവില്ല. ഇതിനപ്പുറത്ത് സന്തോഷിക്കാൻ വകയുണ്ടോ എന്ന് എനിക്കറിയുകയുമില്ല.
സ്മിജാ മോഹൻ, ലോട്ടറി കച്ചവടക്കാരി, കൊച്ചി
പിന്തുണയ്‌ക്കുന്ന കുടുംബവും വേണം
സാമ്പത്തികസ്വാതന്ത്ര്യം ഉള്ളതുകൊണ്ടുമാത്രം സ്ത്രീക്ക് പൂർണസ്വാതന്ത്ര്യം ഉണ്ടാകണമെന്നില്ല. എന്നാൽ, സാമ്പത്തികസ്വാതന്ത്ര്യം ഏറ്റവുംവലിയ കാര്യവുമാണ്. എന്തൊക്കെ പറഞ്ഞുകഴിഞ്ഞാലും സ്ത്രീകൾ വ്യക്തിസന്തോഷങ്ങൾ മാറ്റിവെച്ച് കുടുംബകാര്യങ്ങളിൽ കൂടുതൽ മുഴുകുന്നു, മാനസികമായും ശാരീരികമായും കൂടുതൽ അധ്വാനിച്ചുകൊണ്ട്. സാമ്പത്തികസ്വാതന്ത്ര്യവും പിന്തുണയ്ക്കുന്ന ഒരു കുടുംബവുമുണ്ടെങ്കിൽ സ്ത്രീക്ക് സ്വതന്ത്രമായി ജീവിക്കാൻ സാധിക്കും. ഈ കാര്യങ്ങളിൽ ചെറിയ രീതിയിലെങ്കിലും ഇപ്പോൾ മാറ്റം കാണുന്നുണ്ട്. ഞങ്ങളുടെ അഞ്ചുവയസ്സുള്ള കുഞ്ഞ്, അവന്റെ അച്ഛനെയും അമ്മയെയും ഒരുപോലെ കാണണം എന്ന നിർബന്ധം ഞങ്ങൾക്കുണ്ട്. അച്ഛൻ അത് ചെയ്യും, അമ്മ ഇത് ചെയ്യും എന്ന ഉദാഹരണം അവനുമുന്നിൽ വെക്കാതിരിക്കാൻ ഞങ്ങൾ വളരെ ശ്രദ്ധിക്കുന്നു.
ടി.വി. അനുപമ, വനിത-ശിശുവികസനവകുപ്പ് ഡയറക്ടർ.
സന്തോഷം കുടുംബത്തിൽ
ഇഷ്ടമുള്ള ജോലി എന്നതുകൊണ്ടാണ് മസാല ബോക്സ് തുടങ്ങിയത്. ഇതിനുമുമ്പ് ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു. സാമ്പത്തികം പല ജോലികളിൽനിന്നു കിട്ടുമെങ്കിലും ഇഷ്ടമുള്ള ജോലിചെയ്ത് സമ്പാദിക്കുമ്പോഴുള്ള സന്തോഷം..അതും ഒരു സന്തോഷമല്ലേ..
ഞാൻ തന്നെയാണ് എന്റെ കുട്ടികളുടെ കാര്യം നോക്കുന്നത്. സഹായികളാരുമില്ല. വീടും കുട്ടികളും ജോലിയും കൂടെയാകുമ്പോൾ പലപ്പോഴും പിടിവിട്ടുപോയിട്ടുണ്ട്. സാമ്പത്തികസ്വാതന്ത്ര്യം ഒരു ഭാഗത്തുണ്ട്. പക്ഷേ കുടുംബം അതിനുമേലേയാണ്. അതുകൊണ്ട് മാനസികസന്തോഷം അതെല്ലാമായി മാറുന്നു. പണ്ട് കൂട്ടുകാരുടെ കൂടെ യാത്രപോകുമായിരുന്നെങ്കിൽ ഇന്ന് യാത്രകൾ കുട്ടികൾക്കുവേണ്ടിയാണ്. അതും സ്വാഭാവികമായ മാറ്റമായി മാറുന്നു.
ഹർഷ തച്ചേരി, മസാല ബോക്സ് സ്റ്റാർട്ടപ്പ് സി.ഇ.ഒ., െബംഗളൂരു.
Content Highlights: international womens day, gender equality, inspiring women
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..