സന്തോഷ് ജോർജ് കുളങ്ങര | Photo:facebook.com/santhosh.kulangara.3/photos
യുക്രൈൻ കുടുംബങ്ങളിൽ നേതൃസ്ഥാനം സ്ത്രീകൾക്കാണ്. വളരെ പ്രായോഗികമതികളാണ് ആ നാട്ടിലെ സ്ത്രീകൾ. യുക്രൈനിൽ മിക്ക കുടുംബങ്ങളിലും കഥ കൊണ്ടുപോകുന്നത് അവരാണ്. ഗ്രാമങ്ങളിൽ കൃഷിപ്പണിചെയ്തും കാലിവളർത്തിയും അവർ സമ്പാദിക്കുന്നു, നിത്യച്ചെലവ് നടത്തുന്നു. കുടുംബത്തിന് ഒരു പ്രയോജനവുമില്ലാത്തവരാണ് ചില പുരുഷന്മാർ. അവരിൽനിന്ന് വിവാഹമോചനം വാങ്ങി തന്റേടത്തോടെ കുട്ടികളുമായി കഴിയുന്ന ഒരുപാടുപേരെ എന്റെ യാത്രകൾക്കിടയിൽ ഞാൻ ആ ഗ്രാമങ്ങളിൽ കണ്ടു. രണ്ടാടുകളും പത്തുകോഴികളും കുറച്ചു കൃഷിസ്ഥലവുമുണ്ടെങ്കിൽ അവർ ജീവിതം ഗംഭീരമായി ഓടിക്കും.
ട്രോയ്റ്റ്സ്കെ എന്ന ഗ്രാമത്തിൽ ഒരുപാട് ‘സിംഗിൾ മദേഴ്സി’നെ കണ്ടു. സ്ത്രീകൾ മുൻകൈയെടുത്ത് നടത്തുന്ന വിവാഹമോചനങ്ങളാണ് ഏറെ. മക്കളെ തനിയെ വളർത്തുന്നതിൽ അവർക്ക് ആശങ്കയില്ല.
അവരുടെ കവലകൾ
എല്ലായിടത്തും കവലകൾ പുരുഷന്മാർ കൈയടക്കുകയാണല്ലോ പതിവ്. എന്നാൽ, യുക്രൈനിൽ സൊറപറയാനും ചായ കുടിക്കാനും ബിയർ നുണഞ്ഞിരിക്കാനും സ്ത്രീകളെയും കവലകളിൽ കാണാം. വളരെ സന്തോഷംതരുന്ന കാഴ്ചയാണത്. പുരുഷന്മാരും അവർക്കൊപ്പം രാഷ്ട്രീയവും നാട്ടുകാര്യങ്ങളുമൊക്ക പറഞ്ഞ് കൂടെക്കൂടും. നിരീക്ഷണവും നിലപാടും അഭിപ്രായങ്ങളുമുള്ള സ്ത്രീകളാണവർ.
തെരുവിലെ ഭക്ഷണശാലകളിൽ കൂട്ടുകാർക്കൊപ്പം പാട്ടുംകേട്ടിരിക്കുന്ന സ്ത്രീകൾ പതിവുകാഴ്ചയാണ്. സംഗീതോപകരണങ്ങൾ വായിക്കുന്നതിൽ പ്രാവീണ്യമുള്ളവരാണധികവും. അവരെ തുറിച്ചുനോക്കി ‘അദ്ഭുതവസ്തു’വാക്കുന്ന പതിവില്ല.
സ്വത്വബോധമുള്ളവരാണ് യുക്രൈൻ സ്ത്രീകൾ. അഭിമാനികൾ. ആരുടേയും നിഴലുകളല്ല; അവർ തനിയെ തിളങ്ങുന്നവർ.
അറവുകാർ, ഇറച്ചിവിൽപ്പനക്കാർ
വിയറ്റ്നാമിലെ സ്ത്രീകളാണ് ഞാൻ കണ്ടതിൽ ഏറ്റവും കരുത്തരായ സ്ത്രീകൾ. പുരുഷന്മാർ ചെയ്യുന്ന ശാരീരികാധ്വാനം ഏറെ ആവശ്യമുള്ള എന്തു പണിയും അവർ ചെയ്യും. കുടുംബത്തിലെ വരുമാനസ്രോതസ്സ് അവർതന്നെയായിരിക്കും.
അറവുകാരായ സ്ത്രീകളും അക്കൂട്ടത്തിലുണ്ട്. പോത്തിനെയും പന്നിയെയും പട്ടിയെയും കൊന്ന് വെട്ടി ഇറച്ചിയാക്കി വിൽപ്പന നടത്തുന്ന എത്രയോ സ്ത്രീകളെ ഹാനോയി മാർക്കറ്റിൽ കണ്ടു. രാത്രി മക്കളെ കടയുടെ തറയിലിരുത്തി ഹോംവർക്ക് ചെയ്യിക്കുന്നതു കാണാം. അന്നത്തെ കച്ചവടം തീർന്നാൽ കടയുമടച്ച് മക്കളെയുംകൂട്ടി മോപ്പഡിൽ തിരിച്ച് വീട്ടിലേക്കുപോകും. പിറ്റേന്ന് രാവിലെ വീണ്ടും കടയിലേക്ക്. അവിടെ എല്ലാ തൊഴിലുകളും സ്ത്രീകൾക്കുകൂടിയുള്ളതാണ്. എല്ലാം എല്ലാവരും ചെയ്യും. കൂടുതൽ ഭംഗിയായി സ്ത്രീകൾ ചെയ്യും എന്നും പറയാം.
ചുണയുള്ള ചൈന, ചെച്നിയ
അദ്ഭുതപ്പെടുത്തിയവരാണ് ചൈനയിലെ സ്ത്രീകളും. എന്തു ജോലിയും ചെയ്യും. തൊഴിലിൽ വിവേചനമില്ല. നല്ല തന്റേടികളായ സ്ത്രീകൾ. ചെച്നിയൻ സ്ത്രീകളും വളരെ ബോൾഡാണ്. കുടുംബം കൊണ്ടുപോകുന്നതവരാണ്. ആളുകളെ അഭിമുഖീകരിക്കാനും സംസാരിക്കാനുമൊക്കെ മടിയുള്ള സ്ത്രീകളെ കണ്ടത് ഇന്ത്യയിലാണെന്നു പറയേണ്ടിവരും. അഫ്ഗാൻപോലുള്ള രാജ്യങ്ങളിലും ചില അറബ് രാജ്യങ്ങളിലും വല്ലാതെ ഒതുങ്ങിജീവിക്കുന്ന സ്ത്രീകളെ കണ്ടു. അവർ അവിടെ ജീവിക്കുന്നെന്ന് അവർക്കുമാത്രമേ അറിയാവൂ എന്നമട്ടിൽ.
തയ്യാറാക്കിയത് : പി. സനിത
Content Highlights: inspiring women, women all over the world by santhosh george kulangara, international womens day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..