മീൻ വിൽക്കുന്നതിനിടെ ജാസ്മിൻ മെംബർ
അരൂർ: ജാസ്മിൻ മെംബർക്ക് ഒരു ഫോൺ കോൾ വന്നാൽ അത് എന്തിനെന്ന് ഊഹിക്കാൻ പോലും കഴിയില്ല. ചിലപ്പോൾ വാർഡിലെ ജനങ്ങളുടെ പരിദേവനം. മറ്റ് ചിലപ്പോൾ സഹായം തേടിയുള്ള അശരണരുടെ വിളി. അതുമല്ലെങ്കിൽ അധ്യാപികയെ തേടിയുള്ള വിളി. ഏറ്റവുമൊടുവിൽ രാസവസ്തുക്കൾ ചേർക്കാത്ത നല്ല മത്സ്യങ്ങൾ വീട്ടിലെത്തിക്കാനുള്ള വിളിയാകാം. ആവശ്യം ഇതിലേതായാലും ഒരു വിളിപ്പുറത്ത് ജാസ്മിൻ മെംബർ പറയും എല്ലാം ഓ.കെ. ഇത് കേട്ടാൽ വിളിക്കുന്നവർക്കും ആശ്വാസം. കാരണം മഞ്ജു എന്ന് വിളിപ്പേരുള്ള ഈ മെംബർ മാസാണ് എന്ന് എല്ലാവർക്കും അറിയാം. പറഞ്ഞതേ ചെയ്യൂ, ചെയ്യാവുന്നതേ പറയൂ.
ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ജാസ്മിൻ ജനപ്രതിനിധിയാകും മുൻപേ കഷ്ടപ്പാടിനൊപ്പം ജീവിതവഴി തേടിയവളാണ്. അതിനാൽ കഷ്ടപ്പെടുന്നവരെ ഒരിക്കലും വിസ്മരിക്കുകയുമില്ല. ആ വിശ്വാസമാണ് ഇവർ കാത്തുസൂക്ഷിക്കുന്നത്. നാട്ടിലെ കുട്ടികൾക്ക് പഠനത്തിനാവശ്യമായ മാർഗ നിർദേശങ്ങളും സാമ്പത്തിക സഹായവും ജാസ്മിൻ നൽകുന്നു. അതിനാൽ നാട്ടിലെ കുട്ടികൾക്കു നേർവഴി കാട്ടുന്ന അധ്യാപികയുമാണിവർ.
.jpg?$p=7d69bbe&&q=0.8)
എട്ട് വർഷം മുൻപ് തുടങ്ങിയതാണ് മീൻവില്പന എന്ന ചെറിയ ആശയം. 12 പേരിൽ തുടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഇന്ന് 1482 പേരുള്ള ആറ് ഗ്രൂപ്പുകളിലേക്ക് വലിയ രീതിയിൽ വളർന്നു. ഇതിന് കാരണമായത് രാസവസ്തു ഇല്ലാത്ത മീൻ വീട്ടുപടിക്കലെത്തും എന്ന ഉറപ്പും. ഒറ്റയ്ക്ക് തുടങ്ങിയ സംരംഭത്തിൽ ഇന്ന് എട്ടുേപരുണ്ട്. അന്നന്നത്തെ ലാഭം തുല്യമായി വീതിക്കും. അതിൽ സംരംഭകയായ ജാസ്മിന് ലഭിക്കുന്ന ലാഭം പിന്നെയും പങ്കിടാൻ അർഹരായ നിർധനർ നിരവധിയാണ്.
ഈ ജോലിക്കിടെയാണ് പട്ടണക്കാട് ഗ്രാമപ്പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജാസ്മിൻ വിജയിച്ച് 17-ാം വാർഡ് അംഗമായത്. നിലവിൽ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണുമാണ്. 24 മണിക്കൂറുള്ള ഒരു ദിവസത്തിൽ എത്ര അധ്വാനിക്കാം എന്ന ചോദ്യത്തിന് ഈ മെംബർ ഉത്തരം നൽകുക 24 മണിക്കൂറും എന്നു തന്നെ. കാരണം പുലർച്ചെ മൂന്നരയോടെ വിവിധ കടപ്പുറങ്ങളിൽ മത്സ്യം ശേഖരിക്കാൻ പോകുന്ന ജാസ്മിൻ സേവന പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമ്പോൾ പാതിരാവാകും. അന്ധകാരനഴി ആറാട്ടുവഴി താന്നിക്കൽ പരേതനായ സോളമന്റെയും എലിസബത്തിന്റെയും മകളാണ് നാടിന്റെ മാസായ ഈ മെംബർ.
Content Highlights: inspiring women, international womens day, gender equality
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..