കാജൽ ജനിത് | Photos: facebook.com/kajal.janith
ലക്ഷണം കെട്ട നിറമെന്ന കളിയാക്കലുകൾ, അടക്കിപറച്ചിലുകൾ.. നിറത്തിന്റെ പേരിൽ കുട്ടിക്കാലംതൊട്ട് കാജൽ കേട്ടിട്ടുള്ള പരിഹാസങ്ങൾ കുറച്ചൊന്നുമല്ല. വളരുംതോറും ആ നെഗറ്റീവ് കമന്റുകളെയെല്ലാം അവൾ പോസിറ്റീവായി എടുത്തു തുടങ്ങി. ആരെന്തും പറഞ്ഞോട്ടെ, ഞാൻ എന്റെ സ്വപ്നങ്ങൾക്ക് പുറകെ പായുമെന്നു മനസ്സിലുറപ്പിച്ചു. മൂന്നാം ക്ലാസ്സ് മുതൽ റെസ്ലിങ്ങിലേക്കും ഒടുവിൽ ഇപ്പോൾ പ്ലസ് വൺ എത്തിയപ്പോൾ ബോഡിബിൽഡിങ്ങിൽ മികച്ച നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് കാജൽ ജനിത് എന്ന വർക്കല സ്വദേശി. തിരുവനന്തപുരം ജില്ലാ വനിതാ ബോഡിബിൽഡിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് കാജൽ. വനിതാ ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട്കോമുമായി മനസ്സു തുറക്കുകയാണ് കാജൽ.
സ്വപ്നങ്ങൾക്ക് വേണ്ട അതിരുകൾ...
ബോഡിബിൽഡിങ്ങിലേക്കുള്ള താൽപര്യം കൊണ്ടു തന്നെയാണ് ആ മേഖലയിലേക്കു തിരിഞ്ഞത്. എല്ലാവർക്കും എല്ലാം ചെയ്യാൻ കഴിയും എന്ന് തെളിയിക്കുക കൂടിയായിരുന്നു ലക്ഷ്യം. അവനവന്റെ സ്വപ്നങ്ങൾക്ക് അതിരുകളിടാൻ ആരെയും അനുവദിക്കരുത്. ഈ ഗോൾഡ് മെഡൽ വലിയൊരു നേട്ടമായിട്ടു തന്നെയാണ് കാണുന്നത്. മൂന്നാം ക്ലാസ് തൊട്ട് റെസ്ലിങ് പരിശീലിക്കുന്നുണ്ട്. അമ്മയുടെ മുത്തച്ഛൻ ഗുസ്തിക്കാരനായിരുന്നു. അതെല്ലാം കുട്ടിക്കാലത്തേ പ്രചോദനമായിട്ടുണ്ട്. കോവിഡ് സമയത്താണ് ജിമ്മിൽ പോയിതുടങ്ങുന്നത്. അവിടെ പലരും ബോഡിബിൽഡിങ് മത്സരത്തിനായി പരിശീലിക്കുന്നുണ്ട് എന്നു കേട്ടപ്പോൾ ഒന്നു ശ്രമിച്ചു നോക്കാൻ തീരുമാനിച്ചു. മൂന്നുമാസത്തെ പരിശീലനത്തിനു ശേഷമാണ് മത്സരത്തിൽ പങ്കെടുത്തത്. കൃത്യമായ ഡയറ്റും വർക്കൗട്ടുമാണ് പരിശീലന കാലത്ത് സ്വീകരിച്ചിരുന്നത്. മത്സരം അടുത്തപ്പോഴേക്കും ഒരുദിവസം ഒമ്പതുമണിക്കൂറോളം വർക്കൗട്ട് ചെയ്തു. പ്രോട്ടീൻ ഡയറ്റാണ് സ്വീകരിച്ചിരുന്നത്. കഠിനമായി പരിശീലിച്ചതിന്റെ ഫലം ഒടുവിൽ ലഭിക്കുക തന്നെ ചെയ്തു.
ബോഡിഷെയിമിങ് അത്ര നിസ്സാരമല്ല...
കുട്ടിക്കാലത്തൊക്കെ നിരവധി തവണ ബോഡിഷെയിമിങ് നേരിടുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊന്നും അവ തിരിച്ചറിയാനുള്ള പക്വത ഇല്ലായിരുന്നു. വളരെയധികം വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ നടന്നുപോകുമ്പോൾ എന്തോ വിചിത്രമായത് നടന്നുപോകുന്നതുപോലെ നോക്കുകയും പലരെയും വിളിച്ചു കാണിക്കുകയുമൊക്കെ ചെയ്യുന്നതു കണ്ടിട്ടുണ്ട്. സൗഹൃദങ്ങളൊക്കെ വളരെ കുറവായിരുന്നു. കുടുംബങ്ങളിൽ നിന്നൊക്കെ നിറത്തെ അധിക്ഷേിക്കുന്ന വർത്തമാനങ്ങൾ കേട്ടിട്ടുണ്ട്. കറുപ്പാണ്, ലക്ഷണം കെട്ട നിറമാണ് എന്നൊക്കെ എന്നെ മുന്നിൽ നിർത്തി പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പോൾ കേൾക്കുന്ന രീതിയിൽ കളിയാക്കുന്നവരെല്ലാം വളരെ കുറഞ്ഞു. പക്ഷേ കേട്ടാലും അതിനെ പോസിറ്റീവായി എടുക്കാൻ ശീലിച്ചു. എന്നിൽ വ്യത്യസ്തമായത് എന്തോ ഉണ്ടല്ലോ എന്നും ഞാൻ തിരിച്ചറിയപ്പെടുന്നുണ്ടല്ലോ എന്നുമൊക്കെയാണ് ഇപ്പോൾ ചിന്തിക്കാറുള്ളത്. എന്നാൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് കീഴെ കമന്റുകളുമായി എത്തുന്നവർ ഇപ്പോഴുമുണ്ട്.
.jpg?$p=9a28382&&q=0.8)
നെഗറ്റിവിറ്റി കൂടുമ്പോൾ പോസിറ്റീവാകാതെ വഴിയില്ല
ഒരുപാട് നെഗറ്റിവിറ്റി ചുറ്റും ഉണ്ടാകുമ്പോൾ ആ അവസ്ഥയെ പോസിറ്റീവായി കാണാൻ തുടങ്ങും. അല്ലാതെ തരമില്ലാത്ത അവസ്ഥയുണ്ടാകും. പിന്നെ സ്പോർട്സ് വലിയൊരു ഘടകമാണ്. എത്രയൊക്കെ പരിഹാസങ്ങൾ നേരിടേണ്ടി വരുമ്പോഴും കായിക ഇനങ്ങളിൽ സജീവമായി ഇരിക്കുന്നത് എന്നെ അതിനെക്കുറിച്ചൊന്നും ചിന്തിക്കാതിരിക്കാൻ സഹായിച്ചിട്ടുണ്ട്. ആൾക്കാർ എന്തെങ്കിലുമൊക്കെ പറയട്ടെ, ഞാനെന്റെ കഴിവുകളുമായി മുന്നോട്ടു പോകും എന്നാണ് ചിന്തിക്കാറുള്ളത്. ആരെന്തു പറയും എന്നൊക്കെ ചിന്തിച്ചിരുന്നാൽ ഒന്നും ചെയ്യാൻ കഴിയില്ല. ഒരു ഗോൾ സെറ്റ് ചെയ്ത് മുന്നോട്ടു പോകണം. വിമർശനങ്ങളെ മുതൽക്കൂട്ടായി കണ്ട് ലക്ഷ്യത്തിനായി പിന്തുടരുകയാണ് വേണ്ടത്. ഇപ്പോഴൊക്കെ വളരെയേറെ മാറ്റം വന്നിട്ടുണ്ട്. ബോഡിഷെയിമിങ് ചെയ്യുന്നതിന് പകരം അവരുടെ കഴിവുകളെ പ്രചോദിപ്പിക്കുന്ന വിധത്തിൽ നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ് വേണ്ടത്.
ഇഷ്ടങ്ങൾ ആരെയും ബോധ്യപ്പെടുത്തേണ്ട
ബോഡിബിൽഡിങ്ങിന്റെ ചിത്രം പങ്കുവെച്ചപ്പോൾ തന്നെ പലരും ഇത് സ്ത്രീകൾക്ക് ചേരുന്ന മേഖലയല്ല, മറ്റു മേഖലകൾ സ്വീകരിച്ചുകൂടെ എന്നെല്ലാം ചോദിച്ചിരുന്നു. അവരവരുടെ ഇഷ്ടമാണ് ഏറ്റവും പ്രധാനം. നമ്മുടെ ഇഷ്ടങ്ങൾ ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. സ്പോർട്സാകട്ടെ, മറ്റു കലയാകട്ടെ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ അവരെ പിന്തുണയ്ക്കുകയാണ് വേണ്ടത്. എന്റെ ശരീരം സംരക്ഷിക്കാൻ എനിക്ക് കഴിവും ധൈര്യവുമുണ്ടായതിനു പിന്നിൽ കായിക പരിശീലനം തന്നെയാണ്. ആൺ-പെൺ വ്യത്യാസമില്ലാതെ അവനവന്റെ ശരീരം സംരക്ഷിക്കാനുള്ള ആയോധന മുറകൾ ചെറുപ്പത്തിലേ പഠിച്ചിരിക്കണം. അത് റെസ്ലിങ് തന്നെ ആകണമെന്നില്ല. അവനവനെ പ്രതിരോധിക്കാനുള്ള വഴികൾ അറിഞ്ഞിരിക്കണം.
ജെൻഡർ ഈക്വലാകണം സമൂഹം
മുമ്പൊക്കെ കായികബലത്തിന്റെ പേരിലാണ് പുരുഷന്മാരാണ് മുന്നിൽ എന്ന് പലപ്പോഴും പറഞ്ഞിരുന്നത്. പക്ഷേ ഇപ്പോൾ മെഷീനുകൾ ലോകം കീഴടക്കിയ കാലത്ത് അത്തരം വേർതിരിവുകളുടെയൊന്നും കാര്യമില്ല. സ്ത്രീകൾ പല മേഖലകളിലും മുന്നേറ്റം കൈവരിച്ചു കഴിഞ്ഞു. ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ലാതെ തുല്യതയോടെ കാണുകയാണ് വേണ്ടത്. എന്റെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെല്ലാം അത്തരത്തിലുള്ളതാണ്.
Content Highlights: inspiring life of kajal janith, women bodybuilder, international womens day, gender equality


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..