15000 സ്ത്രീകൾ നടത്തിയ തൊഴിലാളി ജാഥ, ഭക്ഷണത്തിനും സമാധാനത്തിനും വേണ്ടി നയിച്ച സമരം; വനിതാദിന ചരിത്രം


By ഡോ. ഷീബ.കെ

4 min read
Read later
Print
Share

1911 ലാണ് ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. അന്ന് പക്ഷെ സ്ഥിരമായ ഒരു തീയതിയിൽ ആയിരുന്നില്ല വനിതാ ദിനം വിഭാവന ചെയ്തത് എന്ന് വേണം മനസ്സിലാക്കാൻ.

Representative Image| Photo: Gettyimages.in

"സുസ്ഥിര നാളെക്കായി ലിംഗ സമത്വം ഇന്ന്" എന്നതാണ് 2022 ലെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ വിഷയമായി യുഎൻ പ്രഖ്യാപിച്ചിരിക്കുന്നത്. സുസ്ഥിര നാളെയിലേക്ക് ഇന്നലെകളുടെ നാൾ വഴികളിലൂടെ മാത്രമേ കടന്നു ചെല്ലാൻ സാധിക്കുകയുള്ളു. അതിനായി അന്താരാഷ്ട്ര വനിതാദിനം മാർച്ച് 8ന് ആഘോഷിക്കുന്നതിന്റെ ചരിത്ര പശ്ചാത്തലം നമ്മൾ അറിയേണ്ടതുണ്ട്. ന്യൂയോർക്കിൽ 1908ൽ 15000 സ്ത്രീകൾ നടത്തിയ ഒരു തൊഴിലാളി ജാഥയാണ് ഇന്ന് നമ്മൾ എല്ലാ വർഷവും ആഘോഷിക്കുന്ന വനിതാദിനത്തിന്റെ ആരംഭം കുറിച്ചത്. തൊഴിൽ സമയം പരിമിതപ്പെടുത്തൽ, മികച്ച വേതനം, വോട്ടവകാശം എന്നിവയായിരുന്നു അന്ന് ജാഥയിൽ പങ്കെടുത്ത വനിതാ തൊഴിലാളികളുടെ മുഖ്യ ആവശ്യങ്ങൾ. ഒരു വർഷത്തിന് ശേഷം അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടി രാഷ്ട്ര വനിതാ ദിനം (National Womenഠs Day) പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീടാണ് കമ്മ്യൂണിസ്റ്റ് പ്രവർത്തകയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും ചെയ്ത ക്ലാരാ സീത്കിൻ (Clara Zetkin) അന്താരാഷ്ട്ര വനിതാദിനം എന്ന ആശയം 1910 ൽ കോപ്പൻഹേ​ഗനിൽ വെച്ചു നടന്ന അന്താരാഷ്ട്ര വനിതാ തൊഴിലാളികളുടെ കോൺഫറെൻസിൽ മുന്നോട്ടു വെക്കുന്നത്. അങ്ങനെ 1911 ലാണ് ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. അന്ന് പക്ഷെ സ്ഥിരമായ ഒരു തീയതിയിൽ ആയിരുന്നില്ല വനിതാ ദിനം വിഭാവന ചെയ്തത് എന്ന് വേണം മനസ്സിലാക്കാൻ.

1917 മാർച്ച് 8ന് റഷ്യൻ തലസ്ഥാനമായ പെട്രോഗ്രഡിൽ ആയിരക്കണക്കിന് തൊഴിലാളി സ്ത്രീകൾ ഭക്ഷണത്തിനും സമാധാനത്തിനും (For Bread and Peace) വേണ്ടി നയിച്ച സമരമാണ് പിന്നീട് വനിതാദിനമായി ആഘോഷിക്കുന്നത്. അതിവേഗത്തിൽ, കൂടുതൽ തൊഴിലാളികളിലേക്ക് ഇത് പടർന്നു പിടിക്കുകയും ആയിരങ്ങളിൽ നിന്നു ലക്ഷങ്ങളിലേക്കു സമരത്തിന്റെ ആവേശവും തീവ്രതയും ശക്തമായി ബാധിക്കുകയും ചെയ്ത, റഷ്യൻ വിപ്ലവത്തിലേക്കും അതുവഴി സാർ ഭരണത്തിന്റെ അന്ത്യത്തിലേക്കും പ്രക്ഷോഭം നയിച്ചതിന്റെ ഓർമ്മപെടുത്തൽ കൂടിയാണ് അന്താരാഷ്ട്ര വനിതാദിനം മാർച്ച് 8ന് ആഘോഷിക്കുന്നതു വഴി ലക്ഷ്യമാക്കുന്നത്. പക്ഷെ 1975ൽ യുഎൻ അംഗീകരിച്ചത്തോടെയാണ് വനിതാദിനത്തിന് ആഗോളശ്രദ്ധ കിട്ടിതുടങ്ങിയത്.

ഇന്ന് നമ്മൾ മറ്റൊരു അന്താരാഷ്ട്ര വനിത ദിനത്തിൽ, റഷ്യൻ സ്ത്രീകൾ സമരം ചെയ്തു നേടിയെടുത്ത സമാധാനത്തെ വളരെയധികം ആശങ്കയോടെ മാത്രമേ നോക്കി കാണാനാവൂ. 2021 പകുതിയിലെ UNHCR കണക്കനുസരിച്ചു യുദ്ധകെടുതിയുടെയും അക്രമത്തിന്റെയും നാളുകളിൽ സ്വന്തം നാട് വിട്ടു പലായനം ചെയ്യേണ്ടി വരുന്ന അഫ്ഘാനിസ്ഥാൻ, സിറിയ, സുഡാൻ, പലസ്ത്തീൻ മ്യാൻമർ വെനിസ്വേല എന്നീ രാജ്യങ്ങളിലെ അഭയാർത്ഥികൾ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 84 ദശലക്ഷമാണ്. യുക്രൈനിൽ നിന്നും പലായനം ചെയ്യുന്നവരുടെ കണക്കുകൾ രണ്ടു ദിവസം മുൻപ് UNHCR പുറത്തു വിട്ടത് ഒരു ദശലക്ഷമെന്നാണ്. അതിനിയും വർധിക്കുവാനാണ് സാധ്യത. ഈ അന്താരാഷ്ട്ര വനിതാദിനത്തിൽ, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോക രാഷ്ട്രീയം തന്നെ മാറ്റിമറിച്ച റഷ്യൻ തൊഴിലാളി സ്ത്രീകളെ അനുസ്മരിക്കുമ്പോൾ, അതിനോടൊപ്പം യുദ്ധത്തിലൂടെ സമാധാനം കാംക്ഷിക്കുന്ന റഷ്യൻ ഭരണകൂടത്തേയും ഇതിനെല്ലാം പുറകിൽ വളരെ വിദഗ്ദ്ധമായി കരുക്കൾ നീക്കുന്ന അമേരിക്കൻ മുതലാളിത്ത വ്യവസ്ഥിതിയെയും ചോദ്യം ചെയ്യാതെ വയ്യ. ഇത്തരം ഒരു ചരിത്രരാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നു കൊണ്ട് സുസ്ഥിര നാളെയെ കുറിച്ച് ചിന്തിക്കുവാൻ പ്രയാസം തന്നെ. എങ്കിലും ലിംഗ സമത്വം എന്ന ആശയത്തിൽ ഊന്നി മാത്രമേ ഇനിയങ്ങോട്ട് ലോകത്തിനു മുന്നേറാൻ കഴിയൂ എന്നത് തിരിച്ചറിയാതെ പോവുന്നത് ബുദ്ധിശൂന്യതയാണ്.

കോവിഡ് എന്ന മഹാമാരി ഉണ്ടാക്കിയ വിടവിനെ കുറിച്ച് ആശങ്കയോടെ മാത്രമേ നോക്കി കാണാനാവൂ. 2021ലെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ​ഗ്ലോബൽ ജെൻഡർ ​ഗ്യാപ് റിപ്പോർട്ട് അനുസരിച്ചു ലിംഗപരമായ അസമത്വങ്ങൾ കോവിഡിന് മുൻപുള്ള കണക്കനുസരിച്ചു 99.5 വർഷങ്ങൾ കൊണ്ട് മാത്രമേ നികത്താനാവൂ എന്നായിരുന്നു. എന്നാൽ കോവിഡിന് ശേഷം ഇത് വർധിച്ചു 135.6 വർഷങ്ങൾ കൊണ്ടേ തുല്യത കൈവരിക്കാൻ സാധിക്കൂ എന്ന് പഠനറിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു . ഇത് സൂചിപ്പിക്കുന്നത് കോവിഡ് നമ്മളെ ലിംഗ സമത്വത്തിന്റെ വിഷയത്തിൽ എത്ര പുറകോട്ടു നടത്തിയെന്ന ആശങ്കപെടുത്തുന്ന വസ്തുതയാണ്. ഇതിനു പുറമെയാണ് സമകാലിക ലോകരാഷ്ട്രങ്ങളെ മാറ്റി മറിക്കാവുന്ന റഷ്യയുടെ കടന്നു കയറ്റത്തെ നമ്മൾ വായിച്ചെടുക്കേണ്ടത്. ലോകത്തെ പുറകോട്ടു നടത്തുന്ന ഇത്തരം പ്രവൃത്തികൾ മനുഷ്യരെ കൂടുതൽ പ്രാകൃതരാക്കുകയും ലിംഗ സമത്വം എന്ന ആശയത്തിൽ നിന്നു കൂടുതൽ കൂടുതൽ നമ്മളെ അകറ്റുകയും ചെയ്യാനുള്ള സാധ്യത കൂട്ടുന്നു.

കോവിഡാനന്തരകാലം ഇന്നു സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾ വർദ്ധിക്കാനും നിലവിലുള്ള സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ന്യൂനതകൾ കുറേക്കൂടി അധികരിക്കാനും കാരണമായിത്തീർന്നിട്ടുണ്ട്. വീടിന്റെ സ്വകാര്യതയിലേക്ക് ഓഫീസും, ഫയലും, ഓൺലൈൻ മീറ്റിങ്ങും കയറി വരുന്ന സാഹചര്യം ഇന്നു നിത്യജീവിതത്തിന്റെ ഭാഗമാണ്. ഏതു സമയവും മീറ്റിംഗുകൾ സംഘടിപ്പിക്കാം എന്ന അവസ്ഥയിലേക്ക് നമ്മൾ എത്തി ചേർന്നിട്ടുണ്ട്. അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചു ആശങ്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ട് മുൻപ് സമരം ചെയ്തും പ്രക്ഷോഭത്തിലൂടെയും നേടിയെടുത്ത പരിമിതപ്പെടുത്തിയ തൊഴിൽ സമയം ഇന്ന് നമ്മൾ പോലും അറിയാതെ അധികരിച്ചിരിക്കുന്നു. ഇന്ന് തൊഴിൽസമയത്തിനപ്പുറം തൊഴിലിൽ ഏർപ്പെടുന്ന വ്യക്തികളിൽ തൊഴിൽ എന്നതിലുപരി സാമൂഹിക ഉത്തരവാദിത്തമായി വളരെ വിദഗ്ദമായി അവതരിപ്പിക്കപെടുന്നുണ്ട്. തൊഴിൽ കേന്ദ്രങ്ങളിൽ തൊഴിൽസമയം കഴിയുന്നത്തോടെ അവസാനിക്കുന്നില്ല ഏതു വിഭാഗത്തിൽ പെട്ട ഉദ്യോഗസ്ഥരുടെയും ജോലി. അത് വീട്ടിലും തുടരുന്നു. വീട്ടിൽ ചിലവഴിക്കുന്ന സമയവും തൊഴിൽസമയവും കൂടി കലർന്നുവെന്നു പറയാം. ഇതിലൂടെ രണ്ടിടങ്ങളിലും നമ്മൾ ചിലവഴിക്കുന്ന ഗുണമേന്മയുള്ള സമയം ( quality time) കുറഞ്ഞു എന്നതും കാണാം. അതുണ്ടാക്കുന്ന മാനസിക സമ്മർദ്ദവും പിരിമുറുക്കവും വ്യക്തികളെയും കുടുംബങ്ങളെയും സാരമായി ബാധിച്ചുതുടങ്ങിയിരിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് 2021ൽ യുഎസിൽ നടന്ന കൂട്ട രാജി (the great resignation). കോവിഡാനന്തര കാലഘട്ടത്തിൽ പല കാരണങ്ങളും ഇതിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും, അതിൽ പ്രധാനപ്പെട്ട ഒരെണ്ണം ഇന്നത്തെ തൊഴിലിലുള്ള അസംതൃപ്തി തന്നെയാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ചു മാറ്റങ്ങൾക്ക് വിധേയമാവൽ കൂടി സുസ്ഥിരതയെ ഊട്ടി ഉറപ്പിക്കുന്നു. വേതനമില്ലാത്ത ഗാർഹിക പരിപാലന ജോലികളിൽ തുല്യ പങ്കാളിത്തവും അതിന്റെ തുടർച്ചയെന്നോണം വേതനമുള്ള ജോലികളിൽ സ്ത്രീകളുടെ കാര്യക്ഷമമായ പങ്കാളിത്തവും ഉറപ്പു വരുത്തുവാൻ രാഷ്ട്രങ്ങൾ തയ്യാറാവേണ്ടതുണ്ട്.

സുസ്ഥിര ഭാവിയെക്കുറിച്ച് UN വിഭാവന ചെയ്തപ്പോൾ ഇന്ന് ലോകം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിൽ ഒന്നായ കാലാവസ്ഥ വ്യതിയാനവും അതിനെ നേരിടാൻ ലിംഗസമത്വത്തിലൂടെ കൂടുതൽ പെൺകുട്ടികളും സ്ത്രീകളും മുഖ്യധാരയിലേക്ക് വരേണ്ടതിന്റെ ആവശ്യകതയും കൂടി പ്രകടമാക്കുന്നുണ്ട്. ഇനിയൊരു യുദ്ധവും മറ്റു വിപത്തുകളും ഉണ്ടാവാതെ നോക്കേണ്ടതും അല്ലെങ്കിൽ അതിന്റെ അപകടം കുറയ്ക്കാനായി യുവതലമുറയിലെ സ്ത്രീകളുടെ മുഖ്യധാരയിലേക്കുള്ള കടന്നുവരവിലൂടെ ഉറപ്പു വരുത്തേണ്ടതുണ്ട്. ആഗോള/ദേശീയ സാമ്പത്തിക വളർച്ചക്കും ലിംഗ സമത്വം അത്യന്താപേക്ഷിതമാണെന്ന് പല പഠനറിപ്പോർട്ടുകളും നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ഇന്റർനാഷണൽ മോനിറ്ററി ഫണ്ട് (കങഎ), വേൾഡ് ഇക്കണോമിക് ഫോറം തുടങ്ങിയ സംഘടനകൾ നടത്തിയ പഠനങ്ങൾ, ലിംഗ അസമത്വം കുറയുന്തോറും ഉയർന്ന ജിഡിപി നിരക്ക് ലഭിക്കുന്നു എന്ന് വ്യക്തമാക്കുന്നു. വേൾഡ് ഇക്കണോമിക് ഫോറം നിരീക്ഷിക്കുന്നത് അധ്വാനവിഭാഗത്തിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുകയാണെങ്കിൽ ഇന്ത്യയുടെ ജിഡിപി നിരക്ക് 27 ശതമാനത്തോളം വർധിക്കുമെന്ന പ്രതീക്ഷയുളവാക്കുന്ന വസ്തുതയാണ് (The Economic Times, 21 Jan 2018). ലോക ജനസംഖ്യയുടെ പാതിയോളം വരുന്ന ജനസമൂഹത്തെ അസമത്വത്തിന്റെയും വേർതിരിവുകളുടെയും മതിലുകളില്ലാതെ, ഒരുമിച്ചു കൊണ്ട് പോവാൻ സാധിക്കുകയാണെങ്കിൽ സുസ്ഥിരമായ ഒരു നാളെ നമുക്ക് വരും തലമുറകൾക്കായി കെട്ടിപടുക്കാം.

പാലക്കാട് ​ഗവ. വിക്ടോറിയ കോളേജിൽ ഇം​ഗ്ലീഷ് വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക

Content Highlights: history of international womens day, gender equality, inspiring women

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented