യാത്രയ്ക്കിടെ ഫാത്തിമ പർവീൺ
കണ്ണൂർ: യാത്രകൾ പലവിധത്തിലാണ് മനുഷ്യജീവിതവുമായി ഇഴചേർക്കപ്പെടുന്നത്. ചിലർക്ക് സ്വയം കണ്ടെത്താനുള്ള മാർഗമാണെങ്കിൽ മറ്റുചിലർക്ക് തിരക്കുകളിൽനിന്നുള്ള ഒളിച്ചോട്ടവും സുഖമേറുന്ന അനുഭവങ്ങളുമാണത്.
എന്നാൽ ‘ഗുൽമോഹറെ’ന്ന് സ്നേഹമുള്ളവർ വിളിക്കുന്ന കണ്ണൂർ ആദികടലായി സ്വദേശി ഫാത്തിമ പർവീൺ ആസാദിന് യാത്രകളെന്നാൽ പോരാട്ടമാണ്. തനിക്കുനേരേ ചൂണ്ടിയ സമൂഹത്തിന്റെ അനേകം വിരലുകൾക്കെതിരേയുള്ള പോരാട്ടം.
ബന്ധുക്കളിൽനിന്നുപോലും കുത്തുവാക്കും സമ്മർദവും കാരണം വീടുവിട്ടിറങ്ങേണ്ടിവന്ന സമയത്താണ് സ്വയംരക്ഷയ്ക്കെന്നോണം മണാലിയിലേക്ക് യാത്ര പോകുന്നത്. ജീവിതത്തിലെ ആദ്യത്തെ യാത്ര, അതും 2019-ൽ 20-ാം വയസ്സിൽ. സ്കൂൾകാലത്ത് കൂട്ടുകാരുടെ കൂടെയോ മാതാവിന്റെ കൂടെയോ പോലും എവിടേക്കും പോയിട്ടില്ലാത്ത, കൂട്ടുകുടുംബബന്ധങ്ങളും സമൂഹവും നിശ്ചയിച്ചുറപ്പിച്ച ചട്ടക്കൂടുകൾക്കെതിരേ നിരന്തരം പോരാടിയിരുന്ന ഫാത്തിമയ്ക്ക് ആ യാത്ര ഒരു തുടക്കമായിരുന്നു. മണാലിയിൽ പോയിവന്നതോടെ യാത്രകൾ അടങ്ങാത്ത മോഹമായി. ജീവിതത്തെ മുന്നോട്ടുനയിക്കുന്ന ഊർജമായി. പിന്നീട് തിരിഞ്ഞുനോട്ടമുണ്ടായില്ല. ഒരുവർഷത്തിനിടെ ജമ്മുകശ്മീരടക്കം 13 സംസ്ഥാനങ്ങൾ. ഒറ്റയ്ക്കാണ് ഭൂരിഭാഗം യാത്രകളും. ഒരിക്കൽപോലും മോശം അനുഭവങ്ങളുണ്ടായിട്ടില്ലെന്ന് ഫാത്തിമ പറയുന്നു.
“യാത്രകൾ നൽകുന്ന ധൈര്യം ചെറുതല്ല. യഥാർഥ ജീവിതം എന്തെന്ന് അറിയണമെങ്കിൽ സഞ്ചാരിയാകണമെന്ന് ഞാൻ പറയും. ഈ വർഷം അവസാനിക്കുന്നതോടെ ഇന്ത്യ മുഴുവൻ കണ്ടുതീർക്കണമെന്നാണ് ആഗ്രഹം. അതിനുശേഷം രാജ്യത്തിന് പുറത്തേക്കും പോകണം”- ഫാത്തിമയ്ക്ക് കഥകൾ പറഞ്ഞുതീരുന്നില്ല. ആങ്കറിങ്, ഇവന്റ് മാനേജ്മെന്റ് തുടങ്ങി വിവിധ ജോലികൾ ചെയ്താണ് യാത്രയ്ക്കുള്ള തുക കണ്ടെത്തുന്നത്. പഠിക്കുന്ന കാലംമുതൽ ചെറിയ കുട്ടികൾക്ക് ട്യൂഷനെടുക്കാറുണ്ട്. കുറച്ചുകൂടി മുതിർന്നപ്പോൾ സാമ്പത്തികഭദ്രത കൈവരിക്കുന്നതിനും ഇത്തരം ജോലികൾ സഹായിച്ചു. ഇപ്പോൾ ബെംഗളൂരുവിൽ അമേരിക്കൻ കമ്പനിയിൽ ടെലികോളറുമാണ്.
യാത്രകളെ മാറ്റിനിർത്തിയാൽ മൈക്കിലൂടെ ഉച്ചത്തിൽ വിളിച്ചുപറയുന്നതിനെക്കാൾ ശക്തി അക്ഷരങ്ങൾക്കുണ്ടെന്ന് വിശ്വസിക്കുന്ന എഴുത്തുകാരികൂടിയാണ് ഫാത്തിമ. ഇൻസ്റ്റഗ്രാമിൽ ‘ഗുൽമോഹർ’ എന്ന പേരിൽ ജീവിതവും നിലപാടും കഥകളും ആശങ്കകളും അഭിപ്രായങ്ങളും രാഷ്ട്രീയവുമെല്ലാം അവൾ എഴുതാറുണ്ട്. കോളേജ് കാലത്ത് മികച്ച യുവ എഴുത്തുകാരിയായും പേരെടുത്തിട്ടുള്ള ഫാത്തിമ, യാത്രാനുഭവങ്ങൾ പുസ്തകമാക്കുന്നതിന്റെ അണിയറയിലാണിപ്പോൾ.
സ്വന്തംനാട്ടിൽ മനഃശാസ്ത്രചികിത്സയ്ക്കായി ക്ലിനിക്ക് തുടങ്ങണമെന്നും ഹിമാചൽപ്രദേശ് സർവകലാശാലയിൽ മനഃശാസ്ത്രത്തിൽ ബിരുദാനന്തരബിരുദ വിദ്യാർഥിനിയായ ഫാത്തിമ പറയുന്നു. തലശ്ശേരി ബ്രണ്ണൻ കോളേജിൽനിന്ന് ബിരുദം പൂർത്തിയാക്കിയശേഷം പ്രവേശനപ്പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയാണ് ഹിമാചലിൽ ചേർന്നത്. പിഎച്ച്.ഡി.യും എടുക്കണമെന്നാണ് ആഗ്രഹം. യാത്രകളും പാർട്ട് ടൈം ജോലികളും സമയത്തിന്റെ നല്ലൊരു ഭാഗം കവർന്നെടുക്കുമ്പോഴും പഠനത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ഫാത്തിമ ഉറപ്പിച്ച് പറയുന്നു
Content Highlights: fathima parveen solo trip, inspiring women, international womens day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..