എവിടെയാണ് സ്ത്രീകള്‍ക്കായി വാക്കുപറഞ്ഞ ആകാശവും ഭൂമിയും?


By അലീന മേരി സൈമണ്‍

2 min read
Read later
Print
Share

പ്രതീകാത്മക ചിത്രം

എത്ര തോള്‍ചേര്‍ന്നുനടന്നാലും തുല്യരാവുന്നില്ലേ മലയാളിയുടെ മനസ്സില്‍ സ്ത്രീയും പുരുഷനും. ചിലതൊക്കെ കാണുമ്പോള്‍ തോന്നുന്ന ഒരു സംശയമാണിത്. എവിടെ സ്ത്രീകള്‍ക്കായി വാക്കുപറഞ്ഞ ആ ആകാശവും ഭൂമിയും?

ഫെബ്രുവരി 16-ന് രാത്രിയാണ് തെങ്കാശിക്കുസമീപം പാവൂര്‍ സത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലായിരുന്ന വനിതാ ഗേറ്റ് കീപ്പറെ ലഹരിക്കടിമയായ പെയിന്റിങ് തൊഴിലാളി ആക്രമിച്ചത്. മാസങ്ങള്‍ക്കുമുമ്പാണ് ദിവസങ്ങളുടെ ഇടവേളയില്‍ തിരുവനന്തപുരത്ത് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടത്.

സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2022-ല്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമക്കേസുകള്‍ 18,943. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവുമുയര്‍ന്ന കണക്കാണിത്. സ്ത്രീധനപീഡനത്തിന്റെപേരില്‍ മരിച്ചത് എട്ടുപേര്‍. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം കാരണം രജിസ്റ്റര്‍ചെയ്തത് 5019 കേസുകള്‍. ആരോടുംപറയാനാകാതെ ഉള്ളിലൊതുങ്ങിയിരിക്കുന്ന കേസുകള്‍ ഇതിലുമെത്രയോ അധികമാണ്.

സ്ത്രീസുരക്ഷയ്ക്കായി ആവിഷ്‌കരിച്ച പദ്ധതികള്‍ ഒരുവശത്ത്; ഈ കണക്കുകള്‍ മറുവശത്ത്. രാത്രിനടത്തങ്ങള്‍ ആഘോഷമാവുമ്പോഴും ഇരുട്ടുവീണാല്‍ വഴികള്‍ സ്ത്രീക്ക് അന്യമാവുന്നു. പിങ്ക് പോലീസും പട്രോളിങ്ങും മറ്റ് പദ്ധതികളും പരാജയമെന്നല്ല, ഇവയുടെ സഹായം ലഭിച്ചവരുമുണ്ട്. എന്നിട്ടും തെളിഞ്ഞിട്ടില്ല അധികം വഴികളൊന്നും.

  • 2022-ല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമക്കേസുകള്‍ 18943
  • ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തിനെതിരേ രജിസ്റ്റര്‍ചെയ്തകേസുകള്‍ 5019
മാസത്തില്‍ പലവട്ടം ബസിലും ട്രെയിനിലുമായി തനിച്ച് യാത്രചെയ്യേണ്ടിവരും. സുരക്ഷിതയാണോയെന്ന സംശയത്തോടെയാണ് ഓരോയാത്രയും. പോലീസിലും നിയമസംവിധാനങ്ങളിലുമൊക്കെ വിശ്വാസമുണ്ട്. പക്ഷേ, പെട്ടെന്നൊരാവശ്യം വരുമ്പോള്‍ എത്രമാത്രം ഫലപ്രദമാകുമെന്നറിയില്ല. ഇന്നും ഒരു പെണ്‍കുട്ടി യാത്രയ്ക്കിടയില്‍ അപമാനിക്കപ്പെടുന്നതുകണ്ടാലും മൗനംപാലിച്ചിരിക്കുന്നവരാണ് കൂടുതലും. എന്തുചെയ്താലും തനിക്ക് ഒന്നും സംഭവിക്കില്ലെന്ന ധൈര്യത്തില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നവരുണ്ട്. ഇതൊക്കെയാണ് മാറേണ്ടത്''.- ഡോ. രേഷ്മാരാജ്, ആയുര്‍വേദ ഡോക്ടര്‍, കണ്ണൂര്‍

താമസസ്ഥലം

സ്ത്രീകള്‍ക്ക് രാത്രിയില്‍ താമസിക്കുന്നതിനായി തിരുവനന്തപുരം തമ്പാനൂരില്‍ വനിതാ-ശിശു വികസന വകുപ്പ് സജ്ജീകരിച്ചിട്ടുള്ള 'എന്റെ കൂട്' കഴിഞ്ഞ ഒരാഴ്ച 'ഹൗസ്ഫുള്‍' ആയിരുന്നു. സമീപത്തുള്ള വണ്‍ഡേ ഹോമിലും മുഴുവന്‍ ബെഡ്ഡിലും ആളുകള്‍ താമസിക്കാനെത്തി. പക്ഷേ, എത്രയിടത്തുണ്ട് ഇത്തരം സൗകര്യങ്ങള്‍?

നഗരസഭകളുടെ നേതൃത്വത്തിലുള്ള ഷീലോഡ്ജുകളും സ്ത്രീകള്‍ക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കുന്നുണ്ട്. പക്ഷേ, പല ജില്ലകളിലും ഷീലോഡ്ജുകളില്ല. കൊട്ടിഘോഷിച്ച് കെട്ടിടമൊരുക്കിയിട്ടും തുറന്നുകൊടുക്കാത്തയിടങ്ങളുമുണ്ട്. ഹോസ്റ്റലുകളാണ് പിന്നെയുള്ളത്. ആറുമണികഴിഞ്ഞാല്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്ത ഹോസ്റ്റലുകളെക്കൊണ്ട് എന്തുകാര്യം? വി കവിത, സണ്‍ഡേ ഹോം ജീവനക്കാരി

തുല്യവേതനം

ശാരീരികക്ഷമതവേണ്ട ജോലികള്‍ പുരുഷന്മാരെക്കാള്‍ നന്നായി ചെയ്യുന്ന സ്ത്രീകളുണ്ട്. പക്ഷേ, വേതനം പലപ്പോഴും രണ്ടാംതരം. സ്വകാര്യമേഖലയില്‍ തുല്യവേതനമുണ്ടെന്നാണ് അവകാശവാദം. പക്ഷേ, ചിലയിടത്ത് പ്രാവര്‍ത്തികമായിട്ടില്ലെന്ന് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. അസംഘടിതമേഖലയിലെ കാര്യം പറയാനുമില്ല. രാജ്യത്ത്, പുരുഷന് ലഭിക്കുന്നതിന്റെ ശരാശരി മൂന്നില്‍രണ്ടാണ് സ്ത്രീക്ക് ലഭിക്കുന്ന കൂലി. വീട്ടുജോലി, ഭക്ഷണമുണ്ടാക്കല്‍, കന്നുകാലിപരിചരണം, കൃഷിത്തോട്ടം, വീട്ടിലെ തുന്നല്‍ജോലികള്‍ തുടങ്ങിയവയൊന്നും തൊഴിലായിപ്പോലും പരിഗണിക്കപ്പെടുന്നില്ല.

ആറുരൂപയ്ക്കാണ് ആദ്യമായി പണിക്കുപോയത്. 40 വര്‍ഷം മുമ്പ്. കനാലിന്റെ പണിയായിരുന്നു. അന്ന് ആണുങ്ങള്‍ക്ക് 15 രൂപയാണ് കൂലി. ഇപ്പോള്‍ ഇവിടെ പെണ്ണുങ്ങള്‍ക്ക് 700 രൂപ. ആണുങ്ങള്‍ക്ക് ആയിരം രൂപയ്ക്ക് മുകളിലാണ് കൂലി. പെണ്ണുങ്ങള്‍ക്ക് ഒരുകൂലി. നാട്ടിലുള്ള ആണുങ്ങള്‍ക്ക് ഒരുകൂലി. തമിഴ്നാട്ടില്‍നിന്നുള്ള പുരുഷന്‍മാര്‍ക്ക് വേറെകൂലി. തൊഴിലുറപ്പിന് ഇതിലൊക്കെ കുറഞ്ഞ മറ്റൊരുകൂലിയും.''- പി.കെ. ലതിക, ടി.സി. പുഷ്പവല്ലി ,നടാല്‍, കണ്ണൂര്‍

സ്ത്രീസൗഹൃദം

ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ബസ്, ഷീ ലോഡ്ജ്, ഷീ ടാക്‌സി...സ്ത്രീ സൗഹൃദമെന്ന പേരില്‍ കേരളത്തില്‍ നടപ്പിലാക്കിയ പല പദ്ധതികളുണ്ട്. ചിലതൊക്കെ ഫലം കണ്ടു. എന്നാല്‍, പലതും പാതിവഴിയിലാണ്. വീടിന് പുറത്തിറങ്ങിയാല്‍ സ്ത്രീകള്‍ക്കുപയോഗിക്കാന്‍ പറ്റുന്ന വൃത്തിയുള്ള എത്ര ശൗചാലയങ്ങളുണ്ട് നമ്മുടെ നാട്ടില്‍? സ്ത്രീകള്‍ക്ക് തന്റെ ഇടം എന്ന അര്‍ഥത്തില്‍ തന്റേടം ജെന്‍ഡര്‍ പാര്‍ക്ക് സ്ഥാപിച്ചത് കോഴിക്കോടാണ്. എന്നാല്‍, തന്റേടത്തോടെ ഈ ഇടം കാര്യക്ഷമമായി ഉപയോഗിക്കപ്പെടുന്നുണ്ടോ? സമൂഹ അടുക്കളയും മുലയൂട്ടാനുള്ള ഇടവും ഒരുക്കിയെങ്കിലും അടുക്കളയിലും പൊതു ഇടങ്ങളിലും അവള്‍ ഒരുപോലെ നട്ടം തിരിയുന്നു.

നമ്മുടെ നാട് സ്ത്രീസൗഹൃദമല്ല എന്നതാണ് യാഥാര്‍ഥ്യം. അതിലേക്കുള്ള യാത്രയിലാണ്. പദ്ധതികള്‍ വരുന്നുണ്ട്. ആളുകളുടെ കാഴ്ചപ്പാടുകള്‍ മാറുന്നുണ്ട്. ശൗചാലയങ്ങളുടെ കുറവ് വലിയ പ്രശ്‌നംതന്നെയാണ്. താമസസൗകര്യമാണ് മറ്റൊരു വെല്ലുവിളി. സ്വകാര്യമേഖലയില്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നത് ആലോചിക്കാവുന്നതാണ്.- ഗീതു മോഹന്‍ദാസ് 'ലെറ്റ്സ് ഗോ ഫോര്‍ എ ക്യാമ്പ്' -സ്ഥാപക, ട്രാവലര്‍

Content Highlights: women's day 2023 crime against women

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anuradha
Premium

3 min

28 വർഷം പുരുഷനായി അഭിനയിച്ചു ജീവിച്ചു, ഒടുവിൽ സ്വന്തമായി വീട്; സ്ത്രീയായതോടെ കൂടുതൽ ബോൾഡായി അനുരാധ

Mar 8, 2023


pink police

1 min

സഹായത്തിന് വിളിക്കൂ, വിളിപ്പുറത്തുണ്ട്

Mar 7, 2023


minnu mani

കൊയ്‌തൊഴിഞ്ഞ പാടവരമ്പില്‍നിന്ന് ഐപിഎല്ലിലെ ബൗണ്ടറിലൈനില്‍;കല്ലുംമുള്ളും പിന്നിട്ട മിന്നുവിന്റെ യാത്ര

Mar 7, 2023

Most Commented