photo: twitter/Karen Jacobsen
'At the bottom of the hill make a right...continue straight ahead... at the next intersection turn left'
സ്മാര്‍ട്ട് ഫോണുകളിലും കാറുകളിലുമൊക്കെയുള്ള ഇത്തരം ജി.പി.എസ് നിര്‍ദേശങ്ങളാണ് യാത്രകള്‍ക്കിടയില്‍ നമ്മളിലൊട്ടുമിക്കവരേയും ശരിയായ ദിശയിലേക്ക് നയിക്കുന്നത്. അപരിചിതമായ വഴികളിലേക്ക് യാതൊരു പ്രതീക്ഷകളുമില്ലാതെ തുനിഞ്ഞിറങ്ങുന്നവരുടെ അത്താണിയാകാറുണ്ട് ജി.പി.എസ് സംവിധാനങ്ങള്‍. അങ്ങനെയെങ്കില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി നമ്മുടെ രക്ഷക്കെത്തുന്നത് യഥാര്‍ഥത്തില്‍ ഒരു പഴയ ഓസ്‌ട്രേലിയക്കാരിയാണെന്ന് പറയേണ്ടിവരും. കാരണം ജി.പി.എസ് സംവിധാനങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത് കേരന്‍ എലിസബത്ത് ജേകബ്‌സണെന്ന യുവതിയാണ്. അവരുടെ ശബ്ദത്തിലാണ് ജി.പി.എസ് നിര്‍ദേശങ്ങള്‍ നാം കേട്ടുകൊണ്ടിരിക്കുന്നത്.
പുരുഷന്മാര്‍ അവരുടെ വഴികള്‍ തിരഞ്ഞെടുക്കാനായി ആശ്രയിക്കുന്ന ലോകത്തിലെ ഏക വനിതയാണ് താനെന്ന് ചെറുചിരിയോടെ സ്വയം പരിചയപ്പെടുത്തുന്നുണ്ട് കേരന്‍ ജേകബ്‌സണ്‍. എന്നാല്‍ എല്ലാവര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിത്തുടങ്ങുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്നേ ജീവിതയാത്രയില്‍ ആഗ്രഹിച്ച വഴിയിലൂടെ സഞ്ചരിക്കാനാകുമോയെന്ന് പകച്ചുനിന്ന ഭൂതകാലമുണ്ട് കേരന്. സ്വപ്‌നങ്ങളിലൂടെ പോകാനാവില്ലെന്ന യാഥാര്‍ഥ്യത്തെ നേരിട്ടിട്ടുണ്ട്. പലവഴികളൊഴുകിയെത്തുന്ന കവലകളില്‍ പരിഭ്രമിച്ച് നില്‍ക്കുന്ന കുട്ടിയെപ്പോലെ. ഒടുക്കം അപ്രതീക്ഷിതമായാണ് കേരന്‍ വേറിട്ട വഴിയിലൂടെയുള്ള അദ്ഭുത സഞ്ചാരം തുടങ്ങുന്നത്. ശബ്ദം കൊണ്ട് ലോകത്തിന് മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നത്.
ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡിലെ മക്കായ് എന്ന സ്ഥലത്താണ് കേരന്‍ ജേകബ്‌സണ്‍ ജനിക്കുന്നത്. ചെറുപ്പം മുതല്‍ തന്നെ സംഗീതത്തിലായിരുന്നു കേരന്റെ താത്പര്യം. പ്രശസ്ത പാട്ടുകാരി ഒളിവിയ ന്യൂട്ടണ്‍ ജോണിനെ പോലെയാകണമെന്നതായിരുന്നു ആഗ്രഹം. അതിന് പിന്നില്‍ ചെറുപ്പകാലത്തെ ഒരു സംഭവമാണ്.
ഏഴാം ക്ലാസില്‍ പഠിക്കുന്ന കേരന്‍ വീട്ടില്‍ നിന്ന് ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ടിവിയില്‍ പ്രശസ്ത പാട്ടുകാരിയും നടിയുമായ ഒളിവിയ ന്യൂട്ടണ്‍ ജോണിന്റെ പരിപാടിയാണുണ്ടായിരുന്നത്. അതില്‍ കേരന്‍ ഏറെ ആകൃഷ്ടയായി. അതോടെയാണ് കേരനും ഒളിവിയയെപ്പോലെ ഒരു പ്രൊഫഷണല്‍ പാട്ടുകാരിയാകണമെന്ന മോഹം തോന്നുന്നത്. സംഗീതം കൊണ്ട് ലോകത്ത് നിരവധി ആരാധകരെ സൃഷ്ടിക്കണമെന്നും ആ ഏഴ് വയസുകാരി ആഗ്രഹിച്ചു.

ക്വീന്‍സ്‌ലാന്‍ഡ് കണ്‍സര്‍വെറ്റോറിയം ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയില്‍ വോയിസ് ആന്റ് പിയാനോ മുഖ്യവിഷയമായിട്ടാണ് ബിരുദമെടുത്തത്. തുടര്‍ന്ന് സംഗീതവുമായി മുന്നോട്ടുപോയ കേരന്‍ നിരവധി വേദികളില്‍ പാടാനും തുടങ്ങി. യുവ പാട്ടുകാര്‍ക്കുള്ള പരിശീലന പരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെ ഓസ്‌ട്രേലിയയിലെ നിരവധി ടെലിവിഷന്‍ പരിപാടികളിലും കേരന്‍ സാന്നിധ്യമറിയിച്ചു. ഗുഡ്‌മോണിങ് ഓസ്‌ട്രേലിയ, ഐ ഡു ഐ ഡു എന്നിവയായിരുന്നു അതില്‍ പ്രധാനപ്പെട്ടവ. ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കാന്‍ ആരംഭിച്ചതോടെയാണ് ബില്ല്യണിലധികം ഡിവൈസുകളില്‍ കേരന്റെ ശബ്ദമെത്തുന്നത്. വൈകാതെ ഒട്ടനവധി അവാര്‍ഡുകളും അവരെത്തേടിയെത്തി.
എന്നാല്‍ ഒരു പ്രൊഫഷണല്‍ പാട്ടുകാരിയാകുകയെന്ന ലക്ഷ്യത്തോടെ കേരന്‍ ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റി. തുടര്‍ന്ന് നിരവധി ആല്‍ബങ്ങളും പുറത്തിറക്കി. അപ്പോഴാണ് വോയിസ്ഓവര്‍ ആര്‍ട്ടിസ്റ്റിന്റെ ഒരു ജോലി ഒഴിവ് കേരന്റെ ശ്രദ്ധയിലേക്ക് വരുന്നത്. അമേരിക്കയുടെ വടക്ക് കിഴക്ക് ഭാഗത്ത് താമസിക്കുന്ന ഓസ്‌ട്രേലിയക്കാരിയായ വോയിസ്ഓവര്‍ ആര്‍ട്ടിസ്റ്റിന്റേതായിരുന്നു അത്. തനിക്ക് ഏറ്റവും അനുയോജ്യമായ ഒന്നായിരിക്കുമിതെന്ന് പെട്ടെന്ന് തന്നെ അവര്‍ ഉറപ്പിച്ചു. ഒഡിഷനില്‍ പങ്കെടുത്ത കേരനോട് ഇംഗ്ലീഷിലെ ചില ശൈലികളും പ്രയോഗങ്ങളും പറയാനാണ് ആവശ്യപ്പെട്ടത്. പിന്നാലെ റെക്കോര്‍ഡിങും നടത്തി. ദിവസങ്ങളെടുത്താണ് കേരന്‍ അത് പൂര്‍ത്തിയാക്കുന്നത്. ജോലിയെ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ആ ഘട്ടത്തില്‍ കേരനോട് വെളിപ്പെടുത്തിയിരുന്നില്ല. ന്യൂയോര്‍ക്കിലേക്ക് മടങ്ങിയെത്തിയ കേരന്‍ പാട്ടുകള്‍ എഴുതുന്ന ജോലിയിലേര്‍പ്പെട്ടു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സുഹൃത്തിലൂടെയാണ് കേരന്‍ ആ യാഥാര്‍ഥ്യമറിയുന്നത്. ജി.പി.എസ്സില്‍ തന്റെ ശബ്ദമാണ് ഉപയോഗിക്കുന്നതെന്ന വിവരം. സുഹൃത്ത് ഫോണ്‍ വിളിച്ചാണ് ഇക്കാര്യം അറിയിക്കുന്നത്. ഭര്‍ത്താവുമൊത്ത് കാറില്‍ യാത്ര ചെയ്യവേ ജി.പി.എസ്സിലെ ഓസ്‌ട്രേലിയന്‍ ശബ്ദം കേള്‍ക്കുമ്പോഴാണ് ഇത് കേരന്റെ ശബ്ദമാണല്ലോയെന്ന് സുഹൃത്ത് തിരിച്ചറിയുന്നത്. 400 മില്ല്യണിലധികം ജി.പി.എസ്, സ്മാര്‍ട്ട്‌ഫോണ്‍ ഡിവൈസുകളില്‍ തന്റെ ശബ്ദമുണ്ടെന്ന് കേരന്‍ മനസിലാക്കുന്നത് അവിടം തൊട്ടാണ്. ഒളിവിയ ന്യൂട്ടണെപ്പോലെയാകാന്‍ കൊതിച്ച ആ ഏഴ് വയസുകാരി 'ജി.പി.എസ് ഗേളാ'യി മാറുന്നതും അങ്ങനെയാണ്. ഇന്ന് ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് സേവനമായ സിരിയിലും ഈ 54-കാരിയുടെ ശബ്ദമുണ്ട്.

ഓരോ യാത്രക്കുമൊടുവിലും ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ ജിപിഎസില്‍ മുഴങ്ങുന്നൊരു ശബ്ദമുണ്ട്.
'You have reached your destination'
എന്നാല്‍ ജിപിഎസ്സിലേതുപോലെ കേരന്‍ എലിസബത്ത് ജേകബ്‌സണിന് തന്റെ ജീവിതയാത്രയെക്കുറിച്ച് അങ്ങനെ പറയാനാവില്ല. താന്‍ ലക്ഷ്യസ്ഥാനത്തെത്തിയോയെന്ന് അവര്‍ക്ക് നിശ്ചയവുമില്ല. ഒരു തരത്തില്‍ ജീവിതത്തില്‍ എന്തൊക്കെയോ ചെയ്തിട്ടുണ്ടെന്ന ബോധ്യമുണ്ടെന്ന് കേരന്‍ പറയുന്നു. നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കുകയും ബുക്കുകള്‍ രചിക്കുകയും ലോകത്തിന്റെ പലഭാഗങ്ങളില്‍ യാത്ര ചെയ്ത് വ്യത്യസ്തങ്ങളായ വേദികളില്‍ പാടാനും സംസാരിക്കാനും സാധിച്ചതടക്കം പലതും ചെയ്യാനായിട്ടുണ്ട്. മറ്റൊരു തരത്തില്‍ ഓരോ യാത്രയുടേതെന്നപോലെ താനിപ്പോഴും തുടക്കത്തില്‍ തന്നെ നില്‍ക്കുകയാണെന്ന തോന്നലുമുണ്ട് അവര്‍ക്ക്. ദുര്‍ഘടമായ കയറ്റിറക്കങ്ങളും കൊടുംവളവുമെങ്കിലും കഴിവിന്റെ പരമാവധി ചെയ്തുകൊണ്ട് മുന്നേറാനുള്ള ശ്രമത്തിലാണ് ഇപ്പോഴും കേരന്‍.
Content Highlights: The Untold Story Behind GPS Girl and the Voice of Siri Karen Jacobsen
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..