മിന്നു മണി രാഹുൽ ദ്രാവിഡിനൊപ്പം/ കുടുംബാംഗങ്ങൾക്കൊപ്പം | Photo: instagram/ minnu mani
മാനന്തവാടി ഒണ്ടയങ്ങാടി എടപ്പാടി കോളനിയിലെ ഓടിട്ട കുഞ്ഞ് വീടിന്റെ മുറ്റത്ത് നടക്കാന്‍ പഠിച്ച പെണ്‍കുട്ടി. സ്‌കൂള്‍ വിട്ടു വരുന്ന വൈകുന്നേരങ്ങളില്‍ അവള്‍ കൂട്ടുകാരോടൊപ്പം കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ കളിക്കാനായി ഓടി. തെങ്ങിന്റെ മടല് കൊണ്ടുണ്ടാക്കിയ ബാറ്റുകൊണ്ട് അവള്‍ ആണ്‍കൂട്ടുകാര്‍ എറിയുന്ന ടെന്നീസ് ബോളുകളെ അടിച്ചുപറത്തി. ആ ഇടംകൈയ്യന്‍ ഷോട്ടുകള്‍ ഒടുവില്‍ ചെന്നു വീണത് ഐപിഎല്ലിന്റെ താരത്തിളക്കമാര്‍ന്ന ഗ്രൗണ്ടിലാണ്. അതിനിടയില്‍ സ്‌കൂള്‍ ടീമും കേരള ടീമും ഇന്ത്യ എ ടീമും പിന്നിട്ട് ആ പന്ത് സഞ്ചരിച്ചത് പത്ത് വര്‍ഷങ്ങളാണ്. വനിതാ പ്രീമിയര്‍ ലീഗില്‍ ഇടം നേടിയ ആദ്യ മലയാളിയായ മിന്നു മണിയുടെ ജീവിതം ഒരു സിനിമയാക്കുകയാണെങ്കില്‍ അതിലെ സീനുകള്‍ ഇങ്ങനെയാകും വരയ്ക്കുക.
ജീവിതത്തില്‍ ഇതുവരെ ആയിരം രൂപയുടെ നോട്ടുകള്‍ ഒരുമിച്ചു കണ്ടിട്ടില്ലാത്ത മിന്നു മണിയെ 30 ലക്ഷം കൊടുത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. സന്തോഷ നിമിഷത്തില്‍ മിന്നുവിന്റെ ആദ്യ പ്രതികരണവും അങ്ങനെയായിരുന്നു. 'ഇത് എന്നെ അദ്ഭുതപ്പെടുത്തുന്നു. ഇതുവരെ ജീവിതത്തില്‍ അത്രയും പണം ഞാന്‍ കണ്ടിട്ടില്ല. ഫ്രാഞ്ചൈസികള്‍ എനിക്കായി ലേലം വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടു. ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ പോലും അവഗണിക്കപ്പെടുന്നത് കണ്ടപ്പോള്‍ എനിക്ക് വലിയ പ്രതീക്ഷയില്ലായിരുന്നു. ആ നിമിഷം വന്നപ്പോള്‍ ഞാന്‍ അമ്പരന്നു. ഞാന്‍ സ്വപ്‌നം കണ്ടതിനും അപ്പുറമുള്ള നിമിഷമായിരുന്നു അത്.' അന്ന് മിന്നു പ്രതികരിച്ചു.
എടപ്പാടി കോളിനിയിലെ കൂലിപ്പണിക്കാരായ മണിയുടേയും വസന്തയുടേയും മൂത്ത മകളാണ് മിന്നു. കുട്ടിക്കാലത്ത് നന്നായി ഓടുമായിരുന്ന മിന്നു സ്‌കൂളില്‍ എത്തിയപ്പോള്‍ അത്‌ലറ്റിക്‌സിലേക്ക് തിരിഞ്ഞു. 400 മീറ്ററും 600 മീറ്ററുമായിരുന്നു പ്രധാന ഇനങ്ങള്‍. മാനന്തവാടി ജിവിഎച്ച്എസ്എസില്‍ എട്ടാം ക്ലാസില്‍ പഠിക്കാനെത്തിയതോടെയാണ് മിന്നുവിന്റെ ജീവിതത്തിലെ വഴിത്തിരിവ് സംഭവിക്കുന്നത്. സ്‌കൂളിലെ കായിക അധ്യാപികയായ എല്‍സമ്മ അവളിലെ ക്രിക്കറ്റ് താരത്തെ കണ്ടെത്തി. അന്നാണ് പെണ്‍കുട്ടികള്‍ക്കും ക്രിക്കറ്റ് ടീമുള്ള കാര്യം മിന്നു മണി അറിയുന്നത്. മിന്നുവിന്റെ അച്ഛനേയും അമ്മയേയും പറഞ്ഞുമനസിലാക്കാനും എല്‍സമ്മ ടീച്ചര്‍ ബുദ്ധിമുട്ടി. അവരുടേയെല്ലാം ധാരണ ക്രിക്കറ്റ് എന്നാല്‍ ആണ്‍കുട്ടികളുടെ കളിയാണ് എന്നായിരുന്നു. മകള്‍ തുടര്‍ന്നും അത്‌ലറ്റിക്‌സ് തന്നെ ചെയ്താല്‍ മതിയെന്നായിരുന്നു അവരുടെ ആഗ്രഹം. എല്ലാവരേയും കാര്യങ്ങള്‍ പറഞ്ഞ മനസിലാക്കി ടീച്ചര്‍ മിന്നു മണിക്ക് പരിശീലനം നല്‍കാന്‍ തുടങ്ങി.
ഇടംകൈയ്യന്‍ ബാറ്റിങ്ങിനൊപ്പം ഓഫ്‌സ്പിന്നര്‍ കൂടിയായ മിന്നുവിന്റെ ക്രിക്കറ്റ് യാത്ര അത്ര എളുപ്പമല്ലായിരുന്നു. സ്‌കൂള്‍ ടീമില്‍ നിന്ന് ജില്ലാ ടീമിലേക്കും അവിടെ നിന്ന് സംസ്ഥാന ടീമിലേക്കും അവള്‍ തിരഞ്ഞെടുക്കപ്പെട്ടു. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. വീട്ടില്‍ നിന്ന് ഒന്നര മണിക്കൂറോളം ദൂരം അവിടേക്കുണ്ട്. ഒന്നില്‍ അധികം ബസുകള്‍ മാറിക്കയറണം. രാവിലെ ആറു മണിക്കുള്ള പരിശീലനത്തിന് എത്താനായി പുലര്‍ച്ചെ നാല് മണിക്ക് മിന്നു എഴുന്നേല്‍ക്കും. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഉണ്ടാക്കാന്‍ അമ്മയെ സഹായിച്ച് കുളിക്കാനോടും. എന്നിട്ട് ക്രിക്കറ്റ് കിറ്റിനൊപ്പം ഭക്ഷണപ്പൊതിയുമെടുത്ത് അഞ്ച് മണിക്ക് വീട്ടില്‍ നിന്നിറങ്ങും. പലപ്പോഴും ഓടിക്കിതച്ച് എത്തുമ്പോഴേക്കും പരിശീലനം തുടങ്ങിയിട്ടുണ്ടാകും. പഴയ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അന്നത്തെ ഓട്ടപ്പാച്ചിലിന്റെ കിതപ്പ് മിന്നുവില്‍ നിന്ന് അറിയാതെ പുറത്തേക്ക് വരും.
ചരിത്രത്തില്‍ ആദ്യമായി കേരളം അണ്ടര്‍ 23 ചാമ്പ്യന്‍മാരായപ്പോള്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരവും ആയിരുന്നു ഈ ഓള്‍റൗണ്ടര്‍. ഈ പ്രകടനം ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബ്ലൂ ടീമിലും ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനിലും ഇന്ത്യ എ ടീമിലുമെത്തിച്ചു. എ ടീമിന്റെ ഭാഗമായി ബംഗ്ലാദേശ് പര്യടനത്തിലും വനിതാ ഏഷ്യാ കപ്പിലും പങ്കെടുത്തു. എന്നാല്‍ മികച്ച പ്രകടനം ആവര്‍ത്തിക്കാനായില്ല. സ്മൃതി മന്ദാനയെപ്പോലെയുള്ള താരങ്ങള്‍ക്കൊപ്പം ക്യാമ്പില്‍ പങ്കെടുക്കാനായത് മാത്രമായിരുന്നു ആശ്വാസം. ഒപ്പം കേരളത്തില്‍ നിന്ന് ഇന്ത്യന്‍ എ ടീമിലെത്തുന്ന ഗോത്ര വിഭാഗത്തില്‍പെട്ട ആദ്യ പെണ്‍കുട്ടിയെന്ന നേട്ടവും മിന്നു സ്വന്തമാക്കി.
ഇതിന് പിന്നാലെയാണ് അടിസ്ഥാന വിലയില്‍ നിന്ന് മൂന്നിരട്ടി നല്‍കി മിന്നുവിനെ ഡല്‍ഹി ടീം തട്ടകത്തിലെത്തിച്ചത്. ക്രിക്കറ്റിനെ കുറിച്ചോ കളി നിയമങ്ങളെ കുറിച്ചോ വലിയ ധാരണയില്ലെങ്കിലും മകളുടെ കളി ടിവിയില്‍ കാണാമെന്ന സന്തോഷത്തിലാണ് മിന്നുവിന്റെ അച്ഛനും അമ്മയും. കുറച്ച് ദിവസം മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ മിന്നുവിന്റെ യാത്ര ഉള്‍പ്പെടുത്തിയിട്ടുള്ള ട്വീറ്റ് പങ്കുവെച്ചിരുന്നു. ക്രിക്കറ്റ് ഉപകരണങ്ങള്‍ അടങ്ങിയ ബാഗ് ഒരുക്കി അച്ഛനോടും അമ്മയോടും മുത്തശ്ശിയോടുമെല്ലാം യാത്ര പറഞ്ഞ് വിമാനം കയറുന്നതും ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മുറിയിലെത്തുന്നതും
ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അഭിമുഖം നല്‍കുന്നതുമെല്ലാം ആ വീഡിയോയിലുണ്ട്. തൊട്ടുപിന്നാലെ അടുത്ത ട്വീറ്റുമെത്തി. മെഗ് ലാന്നിങ്, ഷെഫാലി വര്‍മ, ജമീമ റോഡ്രിഗസ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം വയനാട്ടിലെ മിന്നുവും പരിശീലനത്തിനായി ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന ദൃശ്യങ്ങള്‍. കോളനിയിലെ പാടവരമ്പില്‍ നിന്ന് ഐപിഎല്ലിലെ ബൗണ്ടറി ലൈനിലേക്കുള്ള ഒരു പെണ്‍കുട്ടിയുടെ യാത്ര ആ വീഡിയോയില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം.
Content Highlights: kerala cricketer minnu manis journey from a tribal colony to wpl team delhi capitals
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..