28 വർഷം പുരുഷനായി അഭിനയിച്ചു ജീവിച്ചു, ഒടുവിൽ സ്വന്തമായി വീട്; സ്ത്രീയായതോടെ കൂടുതൽ ബോൾഡായി അനുരാധ


By വീണ ചിറക്കൽ(veenacr@mpp.co.in)

3 min read
Read later
Print
Share

അനുരാധ, അനുരാധയുടെ വീട് | Photos: instagram.com/anuradha_calicut/

ഇരുപത്തിയെട്ടു വർഷം ജീവിച്ചത് കുടുംബത്തിനു വേണ്ടി, സ്വന്തം സ്വത്വത്തിനായുളള പോരാട്ടം ആരംഭിച്ചത് അതിനു ശേഷം. പെങ്ങളുടെ വിവാഹവും കുടുംബത്തിന്റെ ബാധ്യതകളുമൊക്കെ തീർത്ത് ഇരുപത്തിയെട്ടാം വയസ്സു മുതൽ അവനവനു വേണ്ടി ജീവിച്ചുതുടങ്ങി. അന്നു മുതൽ‌ സ്ത്രീയെന്ന് അടയാളപ്പെടുത്തി തുടങ്ങി. ദുരിതകാലത്തിനൊടുവിൽ ശുഭാപ്തി വിശ്വാസത്തോടെ മുന്നേറുകയാണ് അനുരാധ എന്ന ട്രാൻസ് വനിത. സ്വന്തം വീട്ടിൽനിന്ന് പുറത്തുവന്നപ്പോഴും വാടകവീട്ടിൽ എട്ടു വർഷത്തോളം കഴിഞ്ഞപ്പോഴുമൊക്കെ ഒരു വീട് എന്ന സ്വപ്നമായിരുന്നു അനുരാധയുടെ മനസ്സു നിറയെ. ഒടുവിൽ കഴിഞ്ഞ വർഷം അതും സാധ്യമായി. കോഴിക്കോട് കോട്ടൂളിയിൽ സ്വപ്നഭവനം നേടിയെടുത്തു അനുരാധ. കഴിഞ്ഞ കാലത്തെക്കുറിച്ചും സ്ത്രീയെന്ന നിലയിൽ സംതൃപ്തയാണെന്നു പറയുമ്പോഴും സുരക്ഷിതത്വം അനുഭവിക്കുന്നതിലെ അപര്യാപ്തതയെക്കുറിച്ചുമൊക്കെ വനിതാദിനത്തിൽ മാതൃഭൂമി ഡോട്ട്കോമുമായി മനസ്സു തുറക്കുകയാണ് അനുരാധ.

പ്രാരാബ്ധങ്ങൾക്കു ശേഷം സ്വത്വത്തിലേക്ക്

സ്ത്രീയായി മാറിയ ഈ ജീവിതത്തിൽ നൂറു ശതമാനം സംതൃപ്തയാണെന്നു പറയുന്നു അനുരാധ.

ഇരുപത്തിയെട്ടു വർഷത്തോളം അക്ഷരാർഥത്തിൽ പുരുഷനായി അഭിനയിച്ച ജീവിതമായിരുന്നു. അവനവനു വേണ്ടി ജീവിച്ചു തുടങ്ങിയത് സ്ത്രീയായി മാറിയതിനു ശേഷമാണ്. അതിനു മുമ്പുവരെ സ്ത്രീയായി മാറണമെന്ന സ്വപ്നം മനസ്സിലിട്ട് ജീവിക്കുകയായിരുന്നു. പെങ്ങളുടെ കല്ല്യാണം, വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയ പ്രാരാബ്ധങ്ങൾക്ക് മുന്നിൽ സ്വന്തം ഇഷ്ടം മാറ്റിവെക്കുന്നതായിരുന്നു എളുപ്പം. സൗദിയിലും ദുബായിലുമായി വർഷങ്ങളോളം ജോലി ചെയ്ത് വീട്ടിലെ ബുദ്ധിമുട്ടുകൾ തീർത്തുതുടങ്ങി. അന്നൊക്കെ മസിൽ പിടിച്ചുവെച്ച് പുരുഷനായി അഭിനയിക്കുകയായിരുന്നു. ശേഷം പ്രാരാബ്ധങ്ങളെല്ലാം തീർത്തതിനു ശേഷമാണ് സ്വന്തം സ്വത്വത്തിലേക്കുള്ള യാത്ര ആരംഭിച്ചത്.

അനുരാധ

ഇരുപത്തിയെട്ടാം വയസ്സിൽ സ്വത്വം വെളിപ്പെടുത്തിയതിനു പിന്നാലെ വീട് വിട്ടിറങ്ങുകയും ചെയ്തു. അന്നത്തെക്കാലത്ത് ട്രാൻസ്ജെൻഡർ എന്നൊക്കെ പറയുമ്പോൾ പുച്ഛത്തോടെയും പരിഹാസത്തോടെയും മാത്രമാണ് നോക്കിക്കണ്ടിരുന്നത്. അതിനാൽ തുറന്നു പറയാൻ ഭയമായിരുന്നു. പലപ്പോഴും വീട്ടിൽ ആരുമില്ലാത്തപ്പോഴൊക്കെ പെൺകുട്ടികളുടേതു പോലെ അണിഞ്ഞൊരുങ്ങി ആ​ഗ്രഹം തീർക്കുമായിരുന്നു. ജോലി ആരംഭിച്ചതിനു ശേഷം പിന്നീട് അതിൽ മാത്രമായിരുന്നു കൂടുതൽ ശ്രദ്ധ. സ്വത്വം തേടിപ്പോകാനുള്ള അവസ്ഥയോ സാമ്പത്തിക സാഹചര്യമോ ഉണ്ടായിരുന്നില്ല.

വീടിനായി പോരാടിയ കാലം

എല്ലാവരെയും പോലെ വീട് എന്നത് തന്റെയും കാലങ്ങളായുള്ള സ്വപ്നമായിരുന്നുവെന്നും സാധാരണ ഓരോ വ്യക്തിയും ഒരു വീടിനായി എത്രത്തോളം ഓടിനടക്കുന്നുണ്ടോ അതിന്റെ ഇരട്ടിയാണ് തനിക്ക് അനുഭവിക്കേണ്ടി വന്നതെന്നും അനുരാധ.

ഒരു ട്രാൻസ് വുമണിന് സ്വന്തമായൊരു വീട് എന്ന സ്വപ്നം നേടിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സ്ഥലം വാങ്ങി വീടു വെക്കുക എന്നത് അത്രത്തോളം ദുരിതപൂർണമായിരുന്നു. സ്ഥലത്തിനായി ഓടിനടക്കേണ്ടി വന്നതുതന്നെ പറഞ്ഞാൽ തീരില്ല. ഒരു സുഹൃത്തിന്റെ മാത്രം പിന്തുണയാണ് ഇക്കാലത്ത് ഉണ്ടായിരുന്നത്. അപ്പോഴും സ്ഥലത്തിനായി പോകുമ്പോൾ ട്രാൻസ് വുമൺ ആണെന്നറിയുമ്പോൾ മുഖം തിരിച്ചവർ നിരവധിയാണ്. സ്ഥലം ഇഷ്ടമായി, വിലയും ഉറപ്പിച്ച് നേരിട്ടു ചെല്ലുമ്പോൾ ട്രാൻസ് വുമൺ ആണെന്നറിഞ്ഞാൽ അവരുടെ മട്ടുമാറും. പിന്നെ വീട് വിൽക്കുന്നതിനെക്കുറിച്ച് ഒന്നും പറയുകയില്ല. അത്തരത്തിൽ ഇഷ്ടപ്പെട്ട നിരവധി സ്ഥലങ്ങൾ വാങ്ങാൻ കഴിയാതെ വന്നിട്ടുണ്ട്.

ഒടുവിൽ സുഹൃത്തിനാണ് എന്നു പറഞ്ഞ് വാങ്ങാം എന്നു വരെ പറഞ്ഞു. പക്ഷേ, ഞാൻ അതിന് ഒരുക്കമായിരുന്നില്ല. ഞാൻ ട്രാൻസ് വുമൺ ആണെന്ന് തിരിച്ചറിഞ്ഞതിനു ശേഷം വീട് തരുന്നവർ മതി എന്നാണ് തീരുമാനിച്ചിരുന്നത്. കാരണം എട്ടു വർഷത്തോളം ഒരേ വാടകവീട്ടിൽ താമസിച്ചിരുന്നയാളാണ്. അന്നൊക്കെ ഇനിയൊരു വീട്ടിലേക്ക് മാറുകയാണെങ്കിൽ അത് സ്വന്തം വീട്ടിലേക്കായിരിക്കുമെന്നു തീരുമാനിച്ചിരുന്നു. അതൊടുവിൽ സാധ്യമാവുകയും ചെയ്തു. സ്വന്തം പരിശ്രമത്തിലൂടെ വീട് വെച്ചിട്ടു പോലും പരിഹാസത്തോടെ സംസാരിക്കുന്നവർ ഏറെയുണ്ട്.

അനുരാധ

എടുത്തുചാടി ചെയ്യേണ്ടതല്ല സർജറി

സ്വത്വത്തിലേക്കുള്ള യാത്രയുടെ ഭാ​ഗമാണ് സർജറിയെങ്കിലും അത് എടുത്തുചാടി ചെയ്യേണ്ട ഒന്നല്ല മനസ്സും ശരീരവും പാകപ്പെടുത്തിയതിനു ശേഷം മാത്രമേ അതിലേക്ക് കടക്കാവൂ എന്നും അനുരാധ പറയുന്നു..

ഇപ്പോഴത്തെ കാലത്തെ കുട്ടികൾ ഞാനൊരു ട്രാൻസ് ആണെന്ന് അഭിമാനത്തോടെ പറയാനുള്ള സാഹചര്യം വന്നുകഴിഞ്ഞു. മുൻകാല ട്രാൻസ് സമൂഹം നിരവധി പോരാടിയിടതിന്റെ ഫലമായാണത്. സർജറി എന്നത് എടുത്തടിച്ച് ചെയ്യേണ്ട ഒന്നല്ല. കാലങ്ങളോളം ആലോചിച്ച് മാനസികമായും ശാരീരികമായുമൊക്കെ പൂർണമായും തയ്യാറെടുത്തതിനു ശേഷം മാത്രമേ സർജറി ചെയ്യാവൂ. ചുരുങ്ങിയത് ഒരുവർഷമെങ്കിലും സർജറിക്കായുള്ള മുന്നൊരുക്കം നടത്തിയിരിക്കണം.

മാനസികമായി തയ്യാറെടുത്തിട്ടുപോലും എനിക്ക് സർജറിക്കു ശേഷം പല ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. സർജറി വിജയകരമാവാത്തതും ധാരാളമുണ്ട്. ശാരീരികവേദന അനുഭവിച്ചിട്ടും ആ​ഗ്രഹിച്ച രൂപത്തിലേക്ക് എത്തപ്പെടാൻ കഴിയാതെ വരുമ്പോൾ വിഷാദത്തിലേക്ക് തള്ളപ്പെടുന്നവരുണ്ട്. സർജറിയുടെ എല്ലാ വശങ്ങളെക്കുറിച്ചും മനസ്സിലാക്കിയതിനു ശേഷം മാത്രമേ ഇതിലേക്ക് കടക്കാവൂ എന്നാണ് പറയാനുള്ളത്. സർജറി പരാജയപ്പെട്ടാലും കമ്മ്യൂണിറ്റിയെ ഭയന്ന് തുറന്നുപറയാൻ മടിക്കുന്നവരുമുണ്ട്. കമ്മ്യൂണിറ്റിയിലുള്ള അരക്ഷിതാവസ്ഥ തന്നെയാണ് അതിനുകാരണം. നൂറു ശതമാനം വിജയം മാത്രം പ്രതീക്ഷിച്ചാവരുത് സർജറിയിലേക്ക് കടക്കുന്നത്.

അവനവനുവേണ്ടി ജീവിച്ച് തുടങ്ങിയത് സ്ത്രീയായി മാറിയതോടെ

തീർത്തും ഭയരഹിതമായി ജീവിക്കാൻ പഠിച്ചത് സ്വത്വം വെളിപ്പെടുത്തിയതിനു ശേഷമുള്ള കാലമാണെന്നും അവർ പറയുന്നു.

സന്തുഷ്ടയാണെന്നു പറയുമ്പോഴും പൂർണമായും സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നു തന്നെയാണ് ഉത്തരം. ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ എത്രത്തോളം അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടോ അതിന്റെ ഇരട്ടിയാണ് ട്രാൻസ് വനിതകൾ നേരിടുന്നത്. ഒരു കടയിൽ പോയാലോ പുറത്തിറങ്ങിയാലോ ഒക്കെ ഇപ്പോഴും ചുളിഞ്ഞു നോക്കുന്നവരുണ്ട്. സെക്സ് വർക് ചെയ്യുന്നവരൊക്കെയാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നവർ. അതവരുടെ തൊഴിൽ ആണെന്നുപോലും തിരിച്ചറിയാതെ അവരെ എപ്പോൾ വേണമെങ്കിലും ലഭ്യമാകും എന്ന രീതിയിൽ സമീപിക്കുന്നവരും ചൂഷണം ചെയ്യുന്നവരുണ്ട്.

ബോൾഡായി തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞതും ഇപ്പോൾ സ്വന്തമായൊരു വീട് വരെ നേടിയെടുക്കാൻ കഴിഞ്ഞതുമൊക്കെ സ്ത്രീയായി മാറിയതിനു ശേഷമാണ്. ഇക്കാലമത്രയും ഞാൻ എന്താണ് എന്ന് ബോധ്യപ്പെടുത്തണം എന്നാ​ഗ്രഹിച്ചത് സഹോദരിയെ മാത്രമാണ്, കാരണം അവൾക്കു വേണ്ടിയാണ് ഞാൻ ജീവിതമാകെയും ജീവിച്ചത്. ഇന്ന് കുടുംബത്തിന്റെ പിന്തുണയും സ്നേഹവുമൊക്കെയുണ്ട്.

Content Highlights: interview with transgender anuradha, womens day, inspiring life of transwoman

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented