തുല്യത ഒരു ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതിയല്ല; എന്തുകൊണ്ട് ഫെമിനിസം 'ഇന്റര്‍സെക്ഷണല്‍' ആവണം?


ജോബിന ജോസഫ്

5 min read
Read later
Print
Share

ഒരു വ്യക്തിയുടെ അരികുവത്കരിക്കപ്പെട്ടുപോയ എല്ലാ ഐഡന്റിറ്റികളെയും സംയോജിപ്പിച്ചുകൊണ്ടുള്ള സമീപനമാണ് ഇന്റര്‍സെക്ഷണാലിറ്റി. അതിൽ ക്ലാസ്, ജാതി, സെക്ഷ്വല്‍ ഓറിയന്റേഷന്‍, ജെന്‍ഡര്‍ ഐഡന്റിറ്റി, ഡിസെബിളിറ്റി, മതം എന്നിവയെല്ലാം ഉള്‍പ്പെടും.

പ്രതീകാത്മക ചിത്രം | ഫോട്ടോ: AFP

'ലിംഗവിവേചനം, തുല്യവേതനം എന്നൊക്കെപ്പറഞ്ഞ് കുറേ പെണ്ണുങ്ങള്‍ ചാനലിലും സമൂഹമാധ്യമങ്ങളിലും കിടന്ന് ഗീര്‍വ്വാണമടിക്കുന്നത്... ' എന്താണ് ഫെമിനിസം, ആരാണ് ഫെമിനിസ്റ്റുകൾ എന്ന കൊച്ചുകുട്ടിയുടെ ചോദ്യത്തിന് ഇങ്ങനെ മറുപടി നൽകിയ പെൺസുഹൃത്തിനെ പരിചയമുണ്ട്. വിവേചനങ്ങൾ യാഥാർഥ്യമായി മുമ്പിൽ നിൽക്കുമ്പോഴും ഇതൊന്നും നമ്മളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന ചിന്ത അവളുടെ മനസ്സിൽ ഉറച്ചുപോകാൻ കാരണം അവൾ കേട്ടിട്ടുള്ള ഫെമിനിസം അവളേയും അവളുടെ സാമൂഹിക യാഥാർഥ്യത്തേയും കൂടി ഉൾപ്പെടുത്തുന്നതല്ലാത്തതിനാലാണ്. ഫെമിനിസം എന്ന് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഉടൻ വരുന്നത് ആരുടെ ചിത്രമാണെന്നു പരിശോധിച്ചാൽ ഇത് മനസ്സിലാവും.

'Feminism is the belief that all genders should be allowed the same rights, power and oppurtunities, as men and be treated in the same way'- കേംബ്രിഡ്ജ് നിഘണ്ടു ഫെമിനിസം എന്ന സംജ്ഞയെ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്. എന്നാല്‍, ഇതില്‍ പറയുന്നതും നമ്മള്‍ വാദിക്കുന്നതുമായ ഫെമിനിസം എല്ലാവരേയും ഉള്‍ക്കൊള്ളിക്കുന്നുണ്ടോ (inclusive feminism) എന്നതാണ് ചോദ്യം. സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ വളരെ സ്‌പെസിഫിക്കായ സ്ത്രീകളെപ്പറ്റിയാണ് നാം സംസാരിക്കുന്നത് എന്നിടത്താണ് പ്രശ്‌നം. ഉയര്‍ന്ന ജാതിയിലും ഉയര്‍ന്ന തലത്തിലും പെട്ടതും സിസ്‌ജെന്‍ഡറിലുൾപ്പെടുന്നവരും ശാരീരികമായി എല്ലാത്തരത്തിലും ആരോഗ്യവതികളുമായ സ്ത്രീകള്‍ക്ക് പുരുഷന്മാരുമായി ഉണ്ടാകുന്ന വിവേചനമാണ് പൊതുമേഖലയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ലിംഗനീതിപ്രശ്‌നങ്ങളധികവും.

പ്രതീകാത്മക ചിത്രം | ഫോട്ടോ: AFP

ഇവിടെയാണ് ഇന്റര്‍സെക്ഷണല്‍ ഫെമിനിസത്തിന്റെ പ്രസക്തി. ഫെമിനിസം എന്ന വിപ്ലവകരമായ സാമൂഹിക മുന്നേറ്റ പ്രസ്ഥാനത്തെക്കുറിച്ചും അതിനായി നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും അന്നത്തെ ഫെമിനിസ്റ്റ് നേതാക്കളെക്കുറിച്ചും ചരിത്രപുസ്തകങ്ങളിലൂടെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുമെങ്കിലും ഒരു ക്വീര്‍ കമ്മ്യൂണിറ്റിയിലെ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റിനെപ്പറ്റിയോ ഡിസെബിലിറ്റി റൈറ്റ്‌സ് ആക്ടിവിസ്റ്റുകളെയോ കുട്ടികള്‍ക്ക് പുസ്തകങ്ങളിലൂടെ പരിചയപ്പെടുത്തിക്കൊടുക്കുന്നില്ല എന്നത് സുപ്രധാനമാണ്.

എന്താണ് ഇന്റര്‍സെക്ഷണാലിറ്റി?

കിംബെര്‍ളി ക്രെന്‍ഷോ | ഫോട്ടോ: ട്വിറ്റര്‍

അമേരിക്കന്‍ പ്രൊഫസ്സറായ കിംബെര്‍ളെ ക്രെന്‍ഷോയാണ് ഇന്റര്‍സെക്ഷണാലിറ്റി എന്ന ഇംഗ്ലീഷ് പദം ആദ്യമായി ഉപയോഗിച്ചത്. കറുത്ത നിറമുള്ള സ്ത്രീകൾ അനുഭവിക്കുന്ന വിവേചനം വെളുത്ത സ്ത്രീകളെക്കാള്‍ വ്യത്യസ്തവും പല മടങ്ങ് ആഴവുമുള്ളതാണെന്ന് കാണിക്കാനാണ് അവര്‍ ആ പദം വിനിയോഗിച്ചത്. ഒരു വ്യക്തിയുടെ അരികുവത്കരിക്കപ്പെട്ടുപോയ എല്ലാ വ്യക്തിത്വങ്ങളെയും സംയോജിപ്പിച്ചുകൊണ്ടുള്ള സമീപനമാണ് ഇന്റര്‍സെക്ഷണാലിറ്റി. അതിൽ ക്ലാസ്, ജാതി, സെക്ഷ്വല്‍ ഓറിയന്റേഷന്‍, ജെന്‍ഡര്‍ ഐഡന്റിറ്റി, ഡിസെബിലിറ്റി, മതം എന്നിവയെല്ലാം ഉള്‍പ്പെടും. ജെന്‍ഡര്‍ മാത്രം പരിഗണിക്കുകയും ബാക്കി ഘടകങ്ങൾ കാണാതെ പോവുകയും ചെയ്യുമ്പോള്‍ തുല്യതയ്ക്കായുള്ള വാദം അപൂര്‍ണമാകുന്നു. അപ്പോഴാണ് പാശ്ചാത്യരാജ്യത്തുണ്ടായതുപോലുള്ള 'വൈറ്റ് ഫെമിനിസം' പോലെ സെലക്ടീവ് ഫെമിനിസം ഇവിടേയും ഉരുത്തിരിയുന്നത്.

ഒരു സ്ത്രീയ്ക്ക് തന്നെ, മേല്‍പ്പറഞ്ഞ മറ്റു പല അരികുവത്കരിക്കപ്പെട്ട ഐഡന്റിറ്റികള്‍ കൂടിയുണ്ടാവാം (മൾട്ടിപ്പിൾ ഐഡന്റിറ്റി). അവയുടെ എണ്ണം എത്ര കൂടുന്നോ അത്രത്തോളം വിവേചനവും അവര്‍ കൂടുതലായി അനുഭവിക്കുന്നുണ്ട് എന്നതാണ് വസ്തുത. അത്രത്തോളം കൂടുതലായി അവ കാണപ്പെടാതെ പോവുകയും ചെയ്യുന്നു.

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു സമീപനത്തിന് വളരെയധികം പ്രസക്തിയുണ്ട്. ഉയര്‍ന്ന ക്‌ളാസിൽ പെട്ട, ഉയര്‍ന്ന ജാതിയില്‍പ്പെട്ട, ശാരീരിക പരിമിതികളൊന്നുമില്ലാത്ത ഒരു സ്ത്രീ മറ്റിതര വിഭാഗങ്ങളിലെ സ്ത്രീകളെക്കാള്‍ ഇവിടെ പ്രിവിലേജ്ഡ് ആയിരിക്കും. അതിനാൽത്തന്നെ, അവര്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ തോത് മറ്റു സ്ത്രീകളെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. ഈ വിഷയം ഭൂരിഭാഗം പേര്‍ക്കും അറിയില്ല, അല്ലെങ്കിൽ അറിഞ്ഞിട്ടും സൗകര്യപൂർവം ഒഴിവാക്കുന്നു. ഇത് അഡ്രസ് ചെയ്യപ്പെടേണ്ടതും ഇതിനെതിരെയും സമരങ്ങള്‍ സംഘടിക്കപ്പെടേണ്ടതുമാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ എന്നു പറഞ്ഞിട്ട് അവരിലെ ഏറ്റവും പ്രിവിലേജ്ഡ് ആയ ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നങ്ങളെപ്പറ്റി സംസാരിക്കാന്‍ കഴിയില്ല.

ആരാണ് പ്രിവിലേജ്ഡ് സ്ത്രീകള്‍?

പ്രതീകാത്മക ചിത്രം | ഫോട്ടോ: AFP

ഏതെങ്കിലും ഒരു പ്രത്യേക സോഷ്യൽ വിഭാ​ഗത്തിൽ പെടുന്നതുകൊണ്ടുമാത്രം സമൂഹത്തിലെ മറ്റു കൂട്ടർക്ക് ലഭിക്കാത്ത ആനുകൂല്യങ്ങളോ പരി​ഗണനയോ ഒരു വ്യക്തിക്കോ അവരുൾപ്പെടുന്ന വിഭാ​ഗത്തിനോ ലഭിക്കുമ്പോൾ അവർ പ്രിവിലേജ്ഡ് ആകുന്നു. ഉദാഹരണത്തിന്, ആരാണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പ്രിവിലേജ്ഡ്? ഹെറ്ററോസെക്ഷ്വൽ ആയ ഒരു അപ്പര്‍ കാസ്റ്റ് സ്ത്രീയാണോ അതോ അതേ ജാതിയിൽ തന്നെയുള്ള ലെസ്ബിയന്‍ സ്ത്രീയാണോ പ്രിവിലേജ്ഡ്? ഒരേ കോളേജില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികളില്‍ തന്നെ ജാതിസംവരണം വഴി അഡ്മിഷന്‍ കിട്ടിയ പെണ്‍കുട്ടിയും സംവരണമില്ലാതെ അഡ്മിഷന്‍ നേടിയ മുന്നാക്ക ജാതിയിലെ വിദ്യാര്‍ഥിയാണോ പ്രിവിലേജ്ഡ്? ഉത്തരങ്ങൾ പകൽപോലെ വ്യക്തമാണ്.

എങ്ങനെയാണ് ഫെമിനിസം ഇന്‍ക്ലൂസീവ് ആക്കുന്നത്?

ഒരു പ്രത്യേക വിഭാഗക്കാരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മെയിൻസ്‌ട്രീം ഫെമിനിസം തുല്യതാവാദമല്ല എന്ന് പറയേണ്ടിവരും. പിന്നാക്കജാതിയിൽ പെട്ട ഒരു സ്ത്രീ വിവിധ തലങ്ങളിലുള്ള അടിച്ചമർത്തലാണ് സഹിക്കേണ്ടിവരുന്നത്. മുന്നാക്ക ജാതിയിൽ പെട്ടതും പിന്നാക്ക ജാതിയിൽ പെട്ടതുമായ പുരുഷന്മാരാൽ, പിന്നെ മുന്നാക്ക ജാതിയിൽ പെട്ട സ്ത്രീകളാൽ. പിന്നാക്ക വിഭാഗത്തിലെ സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി മുൻനിരയിലുള്ള ലിംഗസമത്വവാദികളെല്ലാം തന്നെ കടുത്ത നിശബ്ദതയാണ് പാലിക്കുന്നത്. ലിംഗസമത്വത്തിന്റെ കാര്യം പറയുമ്പോൾ ജാതി ഒരു ചോദ്യമാണോ എന്ന ചിന്ത പലർക്കുമുണ്ടാവാം അല്ലെങ്കിൽ അതിനെ പ്രത്യേക വിഷയം എന്ന നിലയിൽ മാറ്റിനിർത്തുന്നവരുണ്ടാകാം. ഇത് കാലത്തിനുതകുന്ന സമീപനമല്ല. നമ്മുടെ ജീവിതയാഥാർഥ്യത്തിൽനിന്ന് ജെൻഡറിനേയും ജാതിയേയും സെക്ഷ്വാലിറ്റിയേയുമൊന്നും മാറ്റിനിർത്തി പരിഹാരമുണ്ടാക്കാൻ കഴിയില്ല.

സ്ത്രീകൾ മിക്കവാറും എല്ലാ ദിവസവും തന്നെ അഭിമുഖീകരിക്കേണ്ടിവരുന്ന ഏതാനും പ്രശ്നങ്ങൾ നമുക്ക് നോക്കാം. ഇതിൽനിന്നു പിന്നാക്ക വിഭാ​ഗത്തിൽ പെട്ടവർ എങ്ങനെയാണ് ഒഴിവാക്കപ്പെടുന്നതെന്നും നോക്കാം.

വേതനവും അധികാരസ്ഥാനവും: ഓഫീസുകളിലെ ജോലിക്ക് തുല്യവേതനത്തിനും അധികാരസ്ഥാനങ്ങൾക്കുമായി പൊരുതുന്ന സ്ത്രീകൾ തിരിച്ചറിയാതെ പോകുന്നത് തങ്ങളുടെ വീട്ടിൽ തന്നെ ജോലിക്ക് നിൽക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീയുടെ ശമ്പളം ഉയർത്താൻ ഇവർ തയ്യാറാകുന്നില്ല എന്നതാണ്. വീട്ടുജോലിക്കാരിയായ സ്ത്രീകളുടെ ജോലിസാഹചര്യം മെച്ചപ്പെടുത്താനോ അവർക്ക് ലീവ് സ്‌കെഡ്യൂൾ നിശ്ചയിക്കാനോ അവർ കടന്നുപോകുന്ന മാനസിക സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്താനോ ശ്രമിക്കാത്തപക്ഷം നമ്മൾ വാദിക്കുന്ന ഫെമിനിസം അപൂർണം തന്നെയാണ്.

ലൈംഗികതിക്രമങ്ങൾ: രാഷ്ട്രവ്യാപകമായ പ്രതിഷേധങ്ങളും രോഷപ്രകടനങ്ങളും സെലക്റ്റീവായ ലൈംഗികാതിക്രമങ്ങൾക്കെതിരെ മാത്രം ഉയരുമ്പോഴാണ് പ്രശ്നം. ജാതിപരമായോ സാമ്പത്തികമായോ പിന്നിലായപ്പോയവർക്കുവേണ്ടി ഇത്രയധികം രോഷപ്രകടനങ്ങൾ ഉണ്ടാവുന്നില്ല എന്നു മാത്രമല്ല, പലപ്പോഴും അവയൊക്കെ കണ്ടില്ലെന്നു നടിക്കപ്പെടുകയും ചെയ്യുന്നു. നിയമപരമായും, ചികിത്സാപരമായും ഇമോഷണലിയുമെല്ലാം ലഭിക്കുന്ന പിന്തുണയും ഈ സ്ത്രീകൾക്കു കുറവാണ്.

മീഡിയ കവറേജ്: നമ്മുടെ പത്രങ്ങളിലും ചാനലുകളിലും മറ്റ് മാധ്യമങ്ങളിലുമെല്ലാം ഫെമിനിസ്റ്റ് എന്ന ടാ​ഗ് ലൈനോടെ അവതരിപ്പിക്കുന്ന വ്യക്തികളുടെ സാമൂഹികപശ്ചാത്തലങ്ങൾ കൂടി ചിന്തിച്ചുനോക്കിയാൽ ഇത് എളുപ്പത്തിൽ മനസ്സിലാകും. ആരാണ് ലിം​ഗനീതി ചർച്ചകൾ നയിക്കുന്നത് എന്ന വിശകലനം ചെയ്യാത്തവർ ഇത്തരം വ്യക്തികളെയാവും ഫെമിനിസത്തിന്റെ ആർക്കിടൈപ്പുകളായി മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുണ്ടാവുക. "... ഇതൊന്നും നമ്മളെ ബാധിക്കുന്ന പ്രശ്നമല്ല" എന്ന സുഹൃത്തിന്റെ പ്രസ്താവനയുടെ വേര് ഇവിടെനിന്നുമാണ് ഉയർന്നുപൊങ്ങുന്നത്. യഥാർഥത്തിൽ തങ്ങളനുഭവിക്കുന്ന വിവേചനത്തിന്റെ നൂറിലൊന്ന് പോലും മുഖ്യധാരയിൽ വാദിക്കുന്നവർക്ക് പ്രതിനിധീകരിക്കാൻ കഴിയാതെവരുമ്പോൾ ഫെമിനിസം അവർക്ക് അന്യമാകുന്നു.

ജാതിയും സമ്പത്തും മാത്രമല്ല ഇന്ത്യയിൽ സ്ത്രീകൾക്ക് നേരെയുള്ള മൾട്ടിലെയേർഡ് മാർജിനലൈസേഷൻ സൃഷ്ടിക്കുന്നത്, ജെൻഡറിനുള്ളിലെ സെക്ഷ്വാലിറ്റിയും സെക്ഷ്വൽ ഓറിയന്റേഷനും വലിയ ഘടകമാണ്. LGBTQI+ വിഭാ​ഗക്കാരെ പിന്തുണച്ചുകൊണ്ട് ഏതൊക്കെ നിയമങ്ങൾ നിലവിൽ വന്നാലും നമ്മുടെ രാജ്യത്തെ ക്വീർഫോബിയയുടേയും ട്രാൻസ്ഫോബിയയുടേയും തട്ട് താണുതന്നെയാണിരിക്കുക. ലൈം​ഗികാതിക്രമങ്ങളുടേയും ചൂഷണങ്ങളുടേയും കാര്യത്തിൽ ഈ ലൈം​ഗിക ന്യൂനപക്ഷം നേരിടുന്നത് കൊടിയ ഭീഷണിയാണ്.

എന്നാൽ, ഇവർക്കെതിരെയുള്ള റെക്കോർഡ് ചെയ്യപ്പെട്ട കേസുകളുടെ എണ്ണവും ഇവർക്ക് ലഭിക്കുന്ന സാമൂഹികവും നിയമപരവുമായ പിന്തുണയും ഇവരുടെ അവകാശസംരക്ഷണങ്ങൾക്കായുള്ള സമരങ്ങളുമെല്ലാം പേരിനുമാത്രമാണ്. സിസ് വനിതകളോടൊപ്പം തുല്യരായിക്കഴിഞ്ഞാൽ മാത്രമേ ട്രാന്‍സ്‌ വനിതകൾ പുരുഷന്മാരുടെ മേൽക്കോയ്മയോടു പൊരുതുന്നതിലർഥമുള്ളൂ. സ്ത്രീകളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കപ്പെടുന്ന 90 ശതമാനം വേദികളിലും ട്രാൻസ് സ്ത്രീകളെ പാടേ അവ​ഗണിക്കുകയാണ്. ഇത് പൂർണമായ ഫെമിനിസമാണെന്ന് എങ്ങനെ പറയാൻ കഴിയും?

എങ്ങനെ ഒരു ഇൻക്ലുസീവ് ഫെമിനിസ്റ്റ് ആകാം?

വനിതാദിനത്തോടനുബന്ധിച്ച് ഒഡീഷയിലെ പുരിയില്‍ സാന്‍ഡ് ആര്‍ട്ടിസ്റ്റ് സുദര്‍ശന്‍ പട്‌നായിക് മണല്‍ കൊണ്ടുണ്ടാക്കിയ ശില്പം | Photo: PTI

ഫെമിനിസ്റ്റ് ഒരു സ്ത്രീയാകണമെന്നും ഫെമിനിസം എന്നാൽ ഏതെങ്കിലും പ്രത്യേക വിഭാ​ഗത്തിലെ സ്ത്രീകളുടെ മാത്രം പ്രശ്നം പരിഹരിക്കാനുള്ള വാദമാണെന്നുമുള്ള കാഴ്ചപ്പാട് തിരുത്തണം. നിങ്ങൾ പ്രിവിലേജ്ഡ് ആണെങ്കിൽ ആദ്യം ആ പ്രിവിലേജിനെ തിരിച്ചറിയുക, ആ വസ്തുത അംഗീകരിക്കുക. നിങ്ങൾക്ക് കൈവശപ്പെടുത്താവുന്ന സ്ഥലങ്ങളും സ്ഥാനങ്ങളും ഒരുപാടുണ്ടെന്നും അത് ശരിയല്ല എന്നും മനസ്സിലാക്കി അധഃസ്ഥിതാരായ സ്ത്രീകളെ കൂടി പരിഗണിക്കുക. ലഭ്യമായ സാമൂഹികവിഭവങ്ങൾ മറ്റുള്ളവർക്ക് കൂടി പകർന്നു നൽകേണ്ടത് ഉത്തരവാദിത്വമായി ചെയ്യുക, ഔദാര്യമായി കണക്കാക്കരുത്. ലഭ്യമായ വിഭവങ്ങൾ ശബ്ദമില്ലാത്തവരുടെ ഉന്നമനത്തിനും കൂടി വേണ്ടി ചെലവഴിക്കണം.

ലിംഗസമത്വത്തിനായി വാദിക്കുന്ന വ്യക്തി ചെയ്യേണ്ട ആദ്യപടി സ്വന്തം മനസ്സിലുള്ള ജാതീയതയും വംശീയതയും ട്രാൻസ്‌ഫോബിയയും കലർന്ന ചിന്താഗതിയെ പുനരുദ്ധരിക്കുകയാണ്. ഒരു എലീറ്റ് ക്ലാസിലുള്ളവർക്ക് വേണ്ടി എലീറ്റ് ക്ലാസ്സിലുള്ളവർ നടത്തുന്ന പോരാട്ടമായി ഫെമിനിസം മാറുന്നിടത്താണ് പ്രശ്നം. ഒരുപാട് അൺലേണിംഗും റിലേണിംഗും ഈ മേഖലയിൽ ആവശ്യമുണ്ട്. അതിന് മാനസികമായി തയ്യാറാകണം.

തങ്ങൾക്കായി ഒരു പുരുഷ കമ്മീഷൻ വേണമെന്ന് അവകാശപ്പെട്ട നേതാക്കളുടെ നാടാണ് കേരളം. ഇനിയിപ്പോ സാമൂഹികഘടന അപ്പാടെ മറിച്ച്, സ്ത്രീകളെ എറ്റവും മുകളിൽ പ്രതിഷ്ഠിക്കാം. തങ്ങളുടെ പ്രശ്നങ്ങൾ മറന്നേക്കാമെന്നാണോ എന്നൊക്കെ ചിന്തിക്കുന്ന പുരുഷന്മാരുണ്ടാകാം. അതല്ല ഇന്റർസക്ഷണാലിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പോരാട്ടങ്ങൾ നടത്താനിടയാക്കുന്ന അതിർവരമ്പുകളെ ഇല്ലാതാക്കുകയാണ്.

ചുരുക്കത്തിൽ, Intersectionality means a feminism that respects all differences and works towards a more inclusive world for all the oppressed identities. ഇന്റർസക്ഷണാലിറ്റി എന്നത് ഫെമിനിസത്തിന്റെ ഒരു ഉപതീം അല്ല, അതാണ് യഥാർഥ ഫെമിനിസം, അത് മാത്രമാണ് യഥാർത്ഥ ഫെമിനിസം.

Content Highlights: all you need to know about why feminism should be intersectional today

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented