മുതലയിറച്ചിയും മാനിറച്ചിയും തിന്നാൻ തരും, വന്യജീവി സംരക്ഷണമെന്ന പേരും, നമ്മുടെ നാടെത്രയോ ഭേദം


ജി. ജ്യോതിലാൽ

നമ്മുടെ ഇടയില്‍ പലരും കാട്ടില്‍ പോവുന്നത് മദ്യപിക്കാനാണ്. കാട്ടിലെ പാറക്കെട്ടില്‍ മദ്യകുപ്പികള്‍ എറിഞ്ഞുടച്ച് പൊട്ടിച്ചിരിക്കാനാണ്. അത് ആനയുടെ പതുപതുത്ത കാലടിയില്‍ തറഞ്ഞുകയറി ഇഞ്ചിഞ്ചായി അവ മരിക്കും എന്നോര്‍ക്കാത്തവരാണ് അത് ചെയ്യുന്നത്.

പ്രതീകാത്മക ചിത്രം | AFP

നമ്മുടെ രാജ്യത്തിന്റെയും മറ്റ് രാജ്യങ്ങളുടെയും വന്യജീവി സംരക്ഷണം തമ്മിലുള്ള വ്യത്യാസം ഏതാണ് മെച്ചം എന്നൊക്കെ വിലയിരുത്താമോ എന്ന ഒരു സുഹൃത്തിന്റെ ചോദ്യത്തിന് ഉത്തരമായി ഞാന്‍ കണ്ട ദേശങ്ങളുടെ കാടകങ്ങളിലൂടെയുള്ള ഒരു അനുഭവയാത്ര മാത്രമാണിത്. സൗത്ത് ആഫ്രിക്ക, മലേഷ്യ, രാജ്യങ്ങളിലൂടെയുള്ള യാത്ര പകര്‍ന്ന പാഠങ്ങള്‍. ഒപ്പം ഇന്ത്യന്‍ കാടുകളിലൂടെയുള്ള യാത്രകളും.

ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ നിന്ന് എടുത്ത അതി മനോഹരമായ ഫോട്ടോകള്‍ കാണാറുണ്ട്. പക്ഷെ കേരളത്തിലെ കാടുകാടില്‍ നിന്നെടുത്ത വന്യജീവി ഫോട്ടോയ്ക്ക് അതിനേക്കാള്‍ എത്രയോ മൂല്യമുണ്ട്. കാരണം ആഫ്രിക്കന്‍ കാടുകള്‍ തുറന്ന കാടുകളാണ്. പ്രകൃതി തന്നെ ഒരുക്കുന്ന നല്ല പ്രകാശ വിന്യാസവും. വന്യജീവികളും സഫാരി വണ്ടികളും തമ്മില്‍ ഒരു രസതന്ത്രം അവിടെ രൂപപ്പെട്ടിട്ടുണ്ട്. വണ്ടിയില്‍ നിന്നിറങ്ങിയാല്‍ മാത്രമേ അവ അക്രമകാരികളാവൂ. ഇവിടെയാണെങ്കില്‍ ഒരു വന്യജീവിയെ കാണാന്‍ തന്നെ പാടാണ്. നമ്മള്‍ കാടുകളിലേക്ക് കാലെടുത്ത് വെക്കുമ്പോഴേക്കും കുരങ്ങുകളുടെ സൈറണ്‍ പോയി കഴിഞ്ഞിരിക്കും. പക്ഷികള്‍ അതേറ്റ് പാടിയിരിക്കും. പിന്നെ ഭാഗ്യമുണ്ടെങ്കില്‍ എന്തിനെയെങ്കിലും കണ്ടാല്‍ ആയി. പ്രകാശം കൂടി തുണച്ചാല്‍ നല്ല ഫോട്ടോയും കിട്ടുമെന്നു മാത്രം.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

വേട്ടയാടി കൊന്ന കടുവത്തോൽ പിടിച്ചെടുത്തപ്പോൾ | AP

ആഫ്രിക്കയില്‍ പല വന്യജീവിസങ്കേതങ്ങളും തുറന്ന മൃഗശാലകള്‍ മാത്രമാണ്. അതങ്ങിനെ ഹെക്ടറുകണക്കിന് വ്യാപിച്ച് കിടക്കും. സിംഹങ്ങളുടെ ഏരിയയിലേക്ക് കടക്കുമ്പോള്‍ ഒരു പ്രത്യേക ഗേറ്റ്. തുറന്ന് അകത്ത് കയറി മറ്റൊരു ഗേറ്റിനിടയില്‍ നമ്മളെ നിര്‍ത്തും. ആദ്യത്തെ ഗേറ്റ് അടച്ച ശേഷം നമ്മെ കാട്ടിലേക്ക് കയറ്റിവിടും. സിംഹങ്ങള്‍ പുറത്ത് ചാടാതിരിക്കാനുള്ള വഴി. ഇത്രയും ഹെക്ടര്‍ വനത്തെ ചുറ്റി കമ്പിവേലിയും ഉണ്ട്. സിംഹം എവിടെയാണുള്ളതെന്ന് ഇവര്‍ക്ക് കൃത്യമായി അറിയാം. ട്രാക്ക് ചെയ്യാന്‍ സൗകര്യത്തിന് ചിപ്പുകള്‍ പിടിപ്പിച്ചാണ് വിട്ടിരിക്കുന്നത്. ചില ഗെയിം ലോഡ്ജുകളാണെങ്കില്‍ 40000 ഡോളര്‍ കെട്ടിവെച്ചാല്‍ സിംഹത്തെ വേട്ടയാടാന്‍ അനുവദിക്കും. ഈ വന്യജീവി സങ്കേതത്തില്‍ നമുക്ക് ഭക്ഷണമായി മുതലയിറച്ചിയും മാനിറച്ചിയുമൊക്കെ കിട്ടും. വന്യജീവി സംരക്ഷണത്തിന്റെ അന്തരാര്‍ഥങ്ങള്‍ മുഴുവന്‍ ചോരുന്ന പരിപാടിയല്ലേ ഇത്.

ജോഹന്നാസ് ബര്‍ഗ് എയര്‍പോര്‍ട്ടില്‍ സീബ്രയുടെ തോലും, ജിറാഫിന്റെ തോലുമൊക്കെ വില്‍ക്കാന്‍ വെച്ചതു കണ്ടാലും നമുക്ക് അതിശയം തോന്നും. ഇത് കണ്ട് ആശ തോന്നി ഇനി സീബ്രാ തോലില്‍ കിടന്നേക്കാമെന്ന് തോന്നി വാങ്ങി ഇവിടെ കൊണ്ടുവന്നാല്‍ ഇവിടുത്തെ വിമാനത്താവളത്തില്‍ വെച്ച് തന്നെ നിങ്ങളുപെടും. ഇതാണ് വന്യജീവി സംരക്ഷണത്തിലെ കാഴ്ചപ്പാടുകള്‍ തമ്മിലുള്ള വ്യത്യാസം. ആനക്കൊമ്പും കാട്ടുപോത്തിന്റെ തലയും കലമാന്‍കൊമ്പുമൊക്കെ വീട്ടില്‍ സൂക്ഷിക്കുന്നത് പ്രതാപത്തിന്റെയും ശൗര്യത്തിന്റെയും അടയാളമായിരുന്നൊരു തലമുറ ഇവിടെയുണ്ട്. ചത്തമാനിന്റെ കൊമ്പ് വെക്കുന്നതില്‍ എന്താണ് കുഴപ്പമെന്നു ചോദിക്കുന്നവരേയും കാണാം.

നെയ്റോബിയിൽ പിടിച്ചെടുത്ത ആനക്കൊമ്പ് | AFP

ആനക്കൊമ്പ് പ്രദർശനം ഇന്ന് പ്രതാപമല്ല

ടാന്‍സാനിയയില്‍ നിന്ന് അവിടുത്തെ വീരപ്പന്‍മാര്‍ കൊന്നു കടത്തിയ ആനക്കൊമ്പ് പിടിച്ചെടുത്ത് കൂട്ടത്തൊടെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഈ ആനക്കൊമ്പുകള്‍ അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്നതാണ്. സര്‍ക്കാര്‍ അത് വിറ്റ് കാശാക്കാതെ നശിപ്പിക്കുന്നതിന് പിന്നില്‍ വലിയൊരു സന്ദേശം ഉണ്ട്. പ്രതാപത്തിനും സൗന്ദര്യത്തിനും വേണ്ടിയല്ല കാനനമൃഗങ്ങള്‍ എന്നൊരു വലിയ സന്ദേശം. മൃഗങ്ങളുടെ കൊമ്പും തോലും പ്രതാപചിഹ്നങ്ങളാവുന്നതിന് പിന്നിലെ മാനസികാവസ്ഥ മാറിയാലേ യഥാര്‍ഥ വന്യജീവി സംരക്ഷണമാവൂ. ചത്തമാനിന്റെ കൊമ്പല്ലേ എന്ന് ചോദിക്കുന്നവര്‍ക്കറിയില്ല ഇതൊരു പ്രതാപ ചിഹ്നമാവുമ്പോള്‍ അറിയാതെ ഉള്ളിലുണരുന്ന കൊലപാതക വാസനയെ പറ്റി.

ഈയിടെ ഒരു കാനന യാത്രയ്ക്ക് പോയി. ഒരു വനത്തിന്റെ നിലനില്‍പ്പിനുവേണ്ടി പോരാടുന്നവരുടെ സംഘടനയോടൊപ്പമായിരുന്നു യാത്ര. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ അനുമതി കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു അവരില്‍ പലരും. ഒപ്പം എന്തുകൊണ്ട് കൊല്ലുന്ന കാട്ടുപന്നികളെ തിന്നാന്‍ അനുവദിച്ചുകൂട എന്നും ചിലര്‍ ചോദിക്കുന്നുണ്ടായിരുന്നു. ഇവര്‍ക്കും വന്യജീവി സംരക്ഷണത്തിന്റെ അന്തരാര്‍ഥം പിടികിട്ടിയിട്ടില്ല എന്നേ പറയാനാവൂ. കാട്ടുപന്നിയെ വെടിവെച്ച് മണ്ണെണ്ണയൊഴിച്ച് കത്തിക്കുമ്പോള്‍ കത്തിയമരുന്നത് അതിനെ ഇറച്ചിയാക്കികളയാം എന്ന തോന്നലുകൂടിയാണെന്നും കര്‍ഷകര്‍ മനസിലാക്കണം.

ചെറുജീവികൾ മരിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന മട്ടില്‍ വണ്ടി ഓടിക്കുന്നവർ

ഇവിടെ ഇതൊന്നും കുറ്റമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. വീരപ്പന്‍ വിരാജിച്ചിരുന്ന കാലത്തെയും ഇന്നത്തെയും വന്യജീവികളുടെ കണക്കെടുത്താല്‍ വേട്ടയാടല്‍ നിരോധിച്ചതിന്റെ ഗുണവശങ്ങള്‍ ആര്‍ക്കും മനസിലാവും. ഇന്ന് നാട്ടിന്‍ പുറത്ത് മുള്ളന്‍പന്നികളും മരപ്പട്ടികളും ഉടുമ്പും കീരിയുമെല്ലാം എണ്ണം കൂടിയതും മനസിലാക്കാന്‍ നമുക്ക് ചുറ്റുവട്ടത്തേക്ക് കണ്ണോടിച്ചാല്‍ മതി. കേരളത്തിലെ വന്യജിവി സ്നേഹത്തേക്കാള്‍ എത്രയോ വലുതാണ് കര്‍ണാടകക്കാരുടെ സ്നേഹം എന്നും തോന്നിയിട്ടുണ്ട്. രാത്രിയാത്ര നിരോധനം എന്ന ഒറ്റകാര്യം കൊണ്ട് തന്നെ അത് വ്യക്തമാണ്. അത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നമ്മുടെ എം.പിമാരും രാഷ്ട്രീയക്കാരും മുറവിളി കൂട്ടുമ്പോള്‍ ഈ നിരോധനം കൊണ്ട് മൃഗങ്ങള്‍ക്കുണ്ടായ ഗുണം എത്ര വലുതാണെന്ന് അറിയണമെങ്കില്‍ ചത്ത പാമ്പിനേയും റോഡില്‍ അരയുന്ന ചെറിയ മൃഗങ്ങളുടെയുമൊക്കെ എണ്ണം എത്രത്തോളമുണ്ടെന്ന് മനസിലാക്കാണം.

വനം വന്യജീവികള്‍ക്കുള്ളതാണ്. അവരുടെ അധികാര പരിധിയിലേക്ക് നാം പ്രവേശിക്കുമ്പോള്‍ ഒരു മര്യാദയൊക്കെ ആവാം.

ഒറാങ് ഉട്ടാൻ | AFP

റോഡില്‍ റബ്ബറിന്റെ പാമ്പിനേയും ഉടുമ്പിനേയും ഒക്കെ കൊണ്ടിട്ട് ചില സംഘടനകള്‍ പരീക്ഷണം നടത്തി നോക്കിയിരുന്നു. ഭൂരിപക്ഷവും ഇത്തരം മൃഗങ്ങളെ കണ്ടാല്‍ ബ്രേക്ക് ചവിട്ടാറില്ല. അവ മരിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന മട്ടില്‍ വണ്ടി ഓടിക്കുന്നവരാണ് പലരും. വന്യജീവികളെന്നാല്‍ ആനയും കടുവയും പുലിയും മാത്രമല്ല ആയിരക്കണക്കിന് ചെറുമൃഗങ്ങളും എന്തിന് സൂഷ്മജീവികളും അടങ്ങിയ വലിയൊരു ലോകമാണ്. അതും നമ്മള്‍ മറന്നുകൂട.
മലേഷ്യയില്‍ ഉറാങ് ഉട്ടാനേയും, ഫോര്‍ബോസിസ് കുരങ്ങന്‍മാരെയുമൊക്കെ സംരക്ഷിക്കുന്ന രീതി വളരെ നല്ലതായി തോന്നിയിട്ടുണ്ട്. അവിടെ ട്രെക്കിങ്ങിന് കൃത്യമായ അച്ചടക്കവും ഉണ്ട്. വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനത്തിന് പരിധി വെക്കണം. ഒരു ദിവസം ഇത്രയെണ്ണം എന്നത്. അത് കര്‍ശനമായി പാലിക്കുകയും വേണം. ഇവിടെ തേക്കടിയിലൊക്കെ ടിക്കറ്റ് കൊടുത്ത് കണ്ടമാനം ആളുകളെ വിടുന്ന രീതിയാണ്.

കാടും മദ്യവും

മലേഷ്യയിലെ കുച്ചിങ്ങില്‍ ഫോര്‍ബോസിസ് കുരങ്ങനെ കാണാന്‍ പോയപ്പോള്‍ കൂടെ വന്ന ഗൈഡ് പറഞ്ഞ കാര്യം ഓര്‍മ വരുന്നു. ഇവിടെ കടുവയൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ ഒരെണ്ണം പോലും ഇന്നില്ല. ഇപ്പോ കടുവയെ കാണാന്‍ കുപ്പിയിലോട്ട് നോക്കണം. ടൈഗര്‍ ബിയറിന്റെ ഒഴിഞ്ഞ കുപ്പി കാണിച്ചാണയാള്‍ പറഞ്ഞത്. പറഞ്ഞു വന്നപ്പോഴാണ് മദ്യവും കാടും തമ്മിലുള്ള ഒരിക്കലും ചേരാത്ത ഒരു കാര്യം ഓര്‍ക്കുന്നത്. നമ്മുടെ ഇടയില്‍ പലരും കാട്ടില്‍ പോവുന്നത് മദ്യപിക്കാനാണ്. കാട്ടിലെ പാറക്കെട്ടില്‍ മദ്യകുപ്പികള്‍ എറിഞ്ഞുടച്ച് പൊട്ടിച്ചിരിക്കാനാണ്. അത് ആനയുടെ പതുപതുത്ത കാലടിയില്‍ തറഞ്ഞുകയറി ഇഞ്ചിഞ്ചായി അവ മരിക്കും എന്നോര്‍ക്കാത്തവരാണ് അത് ചെയ്യുന്നത്.. ഓര്‍ത്താല്‍ തന്നെ അതൊരു ഹരം. അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിനിടയില്‍ കൂടെ വന്ന ഗൈഡ് പറഞ്ഞ അനുഭവം കേട്ടാണ് ഇത് പറയുന്നത്. ട്രെക്കിങ്ങിന് മുമ്പ് മദ്യം ഉണ്ടോ എന്ന് പരിശോധിക്കും. പക്ഷെ ചില വിരുതന്‍മാര്‍ തണ്ണിമത്തന്‍ തുരന്ന് അതിനകത്ത് മദ്യകുപ്പി വെച്ച് തുരന്ന ഭാഗം ഒട്ടിച്ചുവെച്ചിരുന്നത്രെ. ഇത്തരം മനോഭാവങ്ങള്‍ മാറാതെ എന്ത് പ്രകൃതി സ്നേഹം. എന്ത് വന്യജീവിസംരക്ഷണം.


Content Highlights: World wild life day, wild life protetion difference between India and other countries, environment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented