' വന്യജീവികൾ അസ്വസ്ഥരാണ്' !; വേണം എക്കോ ബ്രിഡ്ജുകൾ കേരളത്തിലും


അനൂപ് കെ.ആര്‍ ഐഎഫ്എസ്/ അശ്വതി അനിൽ

വനമേഖലകളിലൂടെ ഹൈവേ കടന്നുപോവുന്ന എല്ലായിടത്തും വന്യ ജീവി ഇടനാഴികള്‍ നിര്‍മിക്കേണ്ടതുണ്ട്. മൂന്നാര്‍- ഉദുമല്‍പേട്ട് റോഡ്, വയനാട്-മൈസൂര്‍ റോഡ്, കൊല്ലം-സെങ്കോട്ട റോഡ്, വാഴച്ചാല്‍-മലക്കപ്പാറ-വാല്‍പ്പാറ എന്നിവിടങ്ങളിലെല്ലാം ഇത്തരം വഴികള്‍ ഉണ്ടാക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം.

ഫയൽ ചിത്രം

കേരളത്തിന്റെ ആകെ വിസ്തൃതിയില്‍ 29 ശതമാനമാണ് വനമേഖല എന്നാണ് കണക്കുകള്‍. വനങ്ങളില്‍ കൂടി കടന്നുപോവുന്ന ഹൈവേകള്‍ കേരളത്തിന്റെ പലഭാഗത്തുമുണ്ട്. അതുകൊണ്ടുതന്നെ ചീറിപ്പാഞ്ഞുപോവുന്ന വാഹനങ്ങളിടിച്ച് റോഡുകളില്‍ അകാലചരമം പ്രാപിക്കുന്ന മൃഗങ്ങളുടെ കാഴ്ച നമുക്ക് അപൂര്‍വമല്ല. ഇത്തരം സംഭവങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് രാത്രിയാത്ര നിരോധനം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. എന്നാല്‍ ഇത്തരം അപകടങ്ങള്‍ കുറയ്ക്കാന്‍, വന്യമൃഗങ്ങളുടെ സംരക്ഷണത്തിന് രാത്രിയാത്രാ നിരോധനത്തേക്കാള്‍ ഫലവത്തായ മാര്‍ഗങ്ങള്‍ തേടേണ്ടിയിരിക്കുന്നു. അവിടെയാണ് എക്കോ ബ്രിഡ്ജുകളുടെ (വന്യജീവി ഇടനാഴി) പ്രസക്തി. കേരളത്തില്‍ എക്കോ ബ്രിഡ്ജുകളുടെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയാണ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സെന്‍ട്രല്‍ സര്‍ക്കിള്‍) അനൂപ് കെ.ആര്‍ ഐഎഫ്എസ്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

എന്താണ് എക്കോ ബ്രിഡ്ജ് അഥവാ വന്യജീവി ഇടനാഴി?

റോഡുകളില്‍ വാഹനങ്ങളിടിച്ച് മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിക്കാതിരിക്കാനുള്ള സംവിധാനമാണ് വന്യജീവി ഇടനാഴി. ജീവികളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്താത്ത തരത്തില്‍ റോഡുകള്‍ക്ക് ബദലായി വന്യജീവിത സൗഹൃദ പാതയൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. വനത്തിനുള്ളിലൂടെയോ വനത്തിന് സമീപത്തുകൂടെയോ ഉള്ള റോഡുകള്‍ മുറിച്ചുകടക്കാന്‍ മൃഗങ്ങള്‍ക്കായി സുരക്ഷിത പാതയൊരുക്കുകയാണ് ലക്ഷ്യം. ഓവര്‍/അണ്ടര്‍ പാസുകള്‍, കനോപി ബ്രിഡ്ജുകള്‍, തുരങ്കങ്ങള്‍ തുടങ്ങി വന്യജീവികള്‍ക്ക് വഴിയൊരുക്കുന്ന സംവിധാനങ്ങളെയെല്ലാം ഇക്കോ ബ്രിഡ്ജുകളായി പരിഗണിക്കാം. വിദേശരാജ്യങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്.

എക്കോ ബ്രിഡ്ജുകള്‍ക്കായി ഏതൊക്കെ രീതികളാണ് പ്രധാനമായും സ്വീകരിക്കുന്നത്?

ഹൈവേ റോഡ് പില്ലറുകളില്‍ ഉയര്‍ത്തി അടിപ്പാതയിലൂടെ വന്യജീവി സഞ്ചാരം സുഗമമാക്കുന്ന രീതിയാണ് അണ്ടര്‍ പാസുകള്‍. മുകളില്‍ വന്യജീവി സൗഹൃദ പാതകള്‍ നിര്‍മിച്ച് അടിപ്പാതയിലൂടെ ഹൈവേ ഗതാഗതത്തിനുള്ള സജ്ജീകരണങ്ങള്‍ ചെയ്യുന്നതിനെ ഓവര്‍ പാസുകള്‍ എന്നും പറയുന്നു. ഇതാണ് പ്രധാനമായി കണ്ടുവരുന്ന രണ്ട് തരം വന്യജീവി ഇടനാഴികള്‍.

കേരളത്തില്‍ പുതുതായി പൂര്‍ത്തിയാവുന്ന മലയോര ഹൈവേകളില്‍ പലയിടത്തും മൃഗങ്ങള്‍ക്ക് അടിപ്പാതയിലൂടെ സഞ്ചരിക്കാവുന്ന തരത്തിലുള്ള അണ്ടര്‍ പാസുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓവര്‍ പാസുകളേക്കാള്‍ അല്‍പം കൂടി ഫലപ്രാപ്തി അണ്ടര്‍ പാസുകള്‍ക്കാണെന്നതിനാലാണിത്. ഇത്തരം പാതകളില്‍ വാഹനങ്ങളുടെ വൈബ്രേഷന്‍ കുറയുകയും വന്യജീവി സഞ്ചാരം ഫലവത്താവുകയും ചെയ്യും.

ഇന്ത്യയില്‍ നാഗ്പുരിലാണ് രാജ്യത്തെ ആദ്യ ഹൈവേ വന്യജീവി ഇടനാഴി നിര്‍മിക്കുന്നത്. 26 വന്യജീവി പാലങ്ങളാണ് ഈ ഹൈവേയിൽ ഒരുങ്ങുന്നത്. ഇതില്‍ ഒന്‍പത് ഓവര്‍പാസ്സുകളും 17 അണ്ടര്‍പാസ്സുകളും ഉള്‍പ്പെടുന്നു.നേരത്തെ ഉത്തരാഖണ്ഡിലടക്കം ചെറിയ മൃഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സമാന്തര പാതകള്‍ നിര്‍മിച്ചിരുന്നു. കേരളത്തില്‍ അപൂര്‍വ്വമായി ചിന്നാര്‍ വന്യജീവി സങ്കേതത്തിലും ഇത്തരം പാതകളുണ്ട്. കുരങ്ങന്‍, അണ്ണാന്‍ പോലെയുള്ള മരത്തില്‍ സ്ഥിരമായി കഴിയുന്ന ജീവികള്‍ക്ക് വേണ്ടിയാണ് ഇത്തരം കനോപി ബ്രിഡ്ജുകള്‍ നിര്‍മിച്ചിരിക്കുന്നത്.

അണ്ടര്‍ പാസ് കടക്കുന്ന കടുവ | ഫോട്ടോ: WI Dehradun

കേരളത്തില്‍ ഇത്തരം ഇക്കോ ബ്രിഡ്ജുകളുടെ ആവശ്യകത എത്രത്തോളമാണ്?

വനമേഖലയിലൂടെ നിരവധി ഹൈവേകള്‍ കടന്നുപോവുന്ന സംസ്ഥാനമെന്ന നിലയ്ക്ക് കേരളത്തില്‍ ഇത്തരം വന്യജീവി ഇടനാഴികളുടെ ആവശ്യകത വളരെ വലുതാണ്. എങ്കിലും ഇവിടെ അത് ചെയ്‌തെടുക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ട്. വിദേശത്ത് ഇത്തരം പാതകള്‍ നിര്‍മിക്കുമ്പോള്‍ ആ പ്രത്യേക പാത ആരംഭിക്കുന്ന ഒരു പോയിന്റ് ഒഴികെ ബാക്കി മേഖലകളിലെല്ലാം വേലികെട്ടാറുണ്ട്. ബാക്കി ഒരു വഴിയിലൂടെയും മൃഗങ്ങള്‍ക്ക് റോഡ് കടക്കാന്‍ പറ്റില്ല. കേരളത്തില്‍ അതുപോലെ വേലിക്കെട്ടി മൃഗങ്ങളുടെ യാത്ര തടയുന്നത് പൂര്‍ണമായും പ്രായോഗികമല്ല. നൂറുകണക്കിന് കിലോമീറ്ററുകള്‍ നീണ്ട വേലികളാവും എല്ലായിടത്തും നിര്‍മിക്കേണ്ടി വരിക. അതിലും നല്ലത് പൂര്‍ണമായും ഹൈവേ അടയ്ക്കുന്നതാവും.

മൃഗങ്ങളുടെ സഞ്ചാരപാതയിലേക്ക് ഹൈവേ എന്ന പേരില്‍ നാം സ്ഥിരമായ ഒരു തടസ്സത്തെ സൃഷ്ടിക്കുകയാണ്. വാഹനങ്ങളുടെ ശബ്ദമോ പ്രകാശമോ വൈബ്രേഷനോ ഒക്കെ കൊണ്ട് ജീവികള്‍ ഭയപ്പെട്ടും അസ്വസ്ഥരായുമാണ് റോഡിലേക്ക് ഓടിക്കയറി അപകടമുണ്ടാക്കുന്നത്. ഇത് തടയാന്‍ ഇക്കോ ബ്രിഡ്ജുകള്‍ അഥവാ വന്യജീവി ഇടനാഴികള്‍ മാത്രമല്ല പരിഹാരം. സ്പീഡ് ബ്രേക്കറുകളും വിസിബിലിറ്റി വര്‍ധിപ്പിക്കുന്നതുമെല്ലാം പരിഗണിക്കേണ്ടതുണ്ട്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ മുകളില്‍ ഇടനാഴികള്‍ ഉണ്ടാക്കിയാല്‍ മൃഗങ്ങള്‍ അതിലൂടെ കയറിപ്പോവണമെന്നും നിര്‍ബന്ധമില്ല. ഏറെക്കാലത്തെ ശ്രമത്തിലൂടെ മാത്രമേ ചിലപ്പോള്‍ അത് സാധ്യമാവുകയുള്ളൂ. കേരളത്തിന് അതിനുള്ള സാധ്യതകളുണ്ട്. എന്നാല്‍ അത് നടപ്പാക്കാനുള്ള അനുകൂല സാഹചര്യം കൂടി ഉണ്ടോ എന്ന് നാം വിലയിരുത്തേണ്ടതുണ്ട്.

അനൂപ് കെ.ആര്‍

കേരളത്തില്‍ ഇതുപോലെയുള്ള എക്കോ ബ്രിഡ്ജുകള്‍ അടിയന്തരമായി നടപ്പാക്കേണ്ടത് എവിടെയൊക്കെയാണ്?

ശരിക്കും പറഞ്ഞാല്‍ വനമേഖലകളിലൂടെ ഹൈവേ കടന്നുപോവുന്ന എല്ലായിടത്തും ഇത്തരം ഇടനാഴികള്‍ നിര്‍മിക്കേണ്ടതുണ്ട്. മൂന്നാര്‍- ഉദുമല്‍പേട്ട് റോഡ്, വയനാട്-മൈസൂര്‍ റോഡ്, കൊല്ലം-സെങ്കോട്ട റോഡ്, വാഴച്ചാല്‍-മലക്കപ്പാറ-വാല്‍പ്പാറ എന്നിവിടങ്ങളിലെല്ലാം ഇത്തരം വഴികള്‍ ഉണ്ടാക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. എന്നാല്‍ ഈ മേഖലകളില്‍ നമുക്ക് വന്യജീവികള്‍ ഉള്‍പ്പെടുന്ന വാഹനാപകടത്തിന്റെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ പറ്റിയിട്ടുണ്ടെന്നതും മറ്റൊരു വാസ്തവമാണ്.

വന്യജീവികള്‍ വാഹനാപകടത്തിലകപ്പെടുന്നത് തടയാന്‍ മറ്റ് മാര്‍ഗങ്ങളെന്തൊക്കെയാണ്?

ഡ്രൈവിങ്ങില്‍ എത്ര ശ്രദ്ധിച്ചാലും ചിലപ്പോള്‍ ഇത്തരം അപകടങ്ങള്‍ സംഭവിച്ചേക്കാം. നമുക്ക് പ്രതീക്ഷിക്കാവുന്നതിലും കൂടുതല്‍ വേഗത്തിലാവും പലപ്പോഴും മൃഗങ്ങള്‍ വാഹനങ്ങള്‍ക്ക് മുന്നിലേക്ക് ചീറിപ്പാഞ്ഞെത്തുന്നത്. അപ്പോഴുണ്ടാവുന്ന അപകടങ്ങളൊന്നും നമ്മുടെ കയ്യില്‍ നില്‍ക്കുന്ന കാര്യമല്ലല്ലോ. ഇതിനൊപ്പം സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചും വനമേഖലയിലൂടെ കടന്നുപോവുന്ന ഹൈവേകളുടെ ഇരുഭാഗത്തുമുള്ള വിസിബിലിറ്റി വര്‍ധിപ്പിക്കുന്നതും അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. രാത്രിയാത്ര നിരോധനവും ഫലവത്താണ്.

Photo: AFP

രാത്രിയാത്രാ നിരോധനങ്ങള്‍ വന്യജീവി സംരക്ഷണത്തിന് ഫലവത്താണോ?

വന്യജീവികള്‍ കൂടുതലായി പുറത്തിറങ്ങുന്ന സമയത്തെ രാത്രി യാത്രാ നിരോധനങ്ങള്‍ ഒരു പരിധിവരെ ഫലവത്താണ്. ആവശ്യവുമാണ്. പക്ഷെ നമ്മളെ സംബന്ധിച്ച് അതിനെ മാത്രം ആശ്രയിക്കാന്‍ പറ്റില്ല. ജീവികള്‍ സംരക്ഷിക്കപ്പെടുന്നത് പോലെ തന്നെ പ്രധാനമാണ് മനുഷ്യനുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങളും. ആത്യന്തികമായി ബാലന്‍സ് ആണല്ലേ നമുക്ക് വേണ്ടത്. ചരക്ക് നീക്കം, ആവശ്യസര്‍വീസുകള്‍ എന്നിവയെല്ലാം നടക്കേണ്ടതുണ്ട്. രാത്രിയാത്രാ നിരോധനത്തിന്റെ പേരില്‍ അതിനെയൊന്നും വിലക്കാനാവില്ലല്ലോ.

വനത്തെക്കുറിച്ചും വന്യജീവികളെക്കുറിച്ചും സമൂഹത്തിന് കൂടുതല്‍ അവബോധം നല്‍കേണ്ടതില്ലേ ?

വനവും വന്യജീവികളും പ്രൈമറി ക്ലാസ്സ് മുതല്‍ സിലബസിലുള്‍പ്പെടുത്തി പഠിക്കേണ്ടതുണ്ട്. പക്ഷെ പുസ്തകത്തിലുള്ള പഠനം മാത്രമല്ല അത്. സ്‌കൂള്‍തലം മുതല്‍ കുട്ടികളെ നേരിട്ട് വനത്തിലേക്കെത്തിച്ച് പറഞ്ഞും കാണിച്ചും കൊടുക്കണം. അങ്ങനെ അവര്‍ കാട് എന്താണെന്നും കാട്ടില്‍ എന്താണെന്നും അറിയട്ടെ. കേരളത്തിലെ സ്‌കൂളുകള്‍ നേച്ചര്‍ ക്യാമ്പുകളിലൂടെ ഇത്തരം കാര്യങ്ങള്‍ മികച്ച രീതിയില്‍ നടത്തുന്നുണ്ട്. വിദ്യാര്‍ഥികളെ മാത്രമല്ല, എല്ലാവര്‍ക്കും കാട്ടിലേക്ക് പ്രവേശിക്കാനുള്ള അവസരം കൊടുക്കണം. എങ്കില്‍ മാത്രമേ കാട് സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും ആളുകള്‍ക്ക് മനസ്സിലാവുകയുള്ളൂ. കാട്ടിലേക്കുള്ള ടൂറിസത്തെ നാം ആ രീതിയില്‍ വേണം കാണാനും.

Content Highlights: Importance and possibilities of eco bridges in Kerala bridge for animals to cross highway

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

More from this section




Most Commented