അഖിൽ വിനായക മേനോൻ
കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ സിനിമാ ലൊക്കേഷനുകളില്‍ കറങ്ങി നടന്ന കുട്ടി, അച്ഛന്റെ സ്വകാര്യ കാമറയെടുത്തത് നടന്നടുത്തത് സിനിമാ ലോകത്തേക്കായിരുന്നില്ല. പറമ്പിലെ കിളികളെയും പ്രകൃതിയെയും പകര്‍ത്തി തുടങ്ങിയ ആ കാമറക്കണ്ണുകള്‍ ഭൂഖണ്ഡങ്ങള്‍ താണ്ടി സഞ്ചരിക്കുന്ന ഒരു അന്താരാഷ്ട്ര ഫോട്ടോഗ്രാഫറായാണ് പിന്നീട് രൂപാന്തരപ്പെട്ടത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ ഒട്ടേറെ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ തേടിയെത്തിയ മലയാളിയായ അഖില്‍ വിനായക മേനോന് സിനിമയിലെ ബഹുമുഖ പ്രതിഭയായ ബാലചന്ദ്രമേനോന്റെ മകനാണ്. പ്രശസ്തനായ അച്ഛന്റെ മകനെന്ന് പറഞ്ഞ് അഖിലിന്റെ പ്രതിഭയെ ചുരുക്കി കാണേണ്ടതില്ല. എങ്കിലും അഖിലിന്റെ എക്സ്ക്ലൂസീവ് വൈല്‍ഡ് ലൈഫ് ചിത്രങ്ങള്‍ കാണാനെത്തുന്ന ഇന്‍സ്റ്റഗ്രാമിലെ 35000ത്തിലധികം ഫോളോവേഴ്സിന് അത് കൗതുകമുള്ള അറിവാകുന്നത് കൊണ്ട് പങ്കുവെച്ചെന്ന് മാത്രം . ദുബായിലെ കമ്പനിയില്‍ ഐടി മാനേജറായി ജോലി ചെയ്യുന്ന അഖിൽ, ഹോബി എന്ന തരത്തിലാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയെ കുറെ നാൾ കൊണ്ടു പോയത്. പക്ഷെ ഇന്നത് ശമ്പളത്തിന്റെയും സമയത്തിന്റെയും വലിയൊരു ഭാഗം പക്ഷികളെ കുറിച്ചുള്ള പഠനത്തിനും യാത്രക്കുമായി നീക്കിവെക്കുന്ന തരത്തിൽ വളർന്നിരിക്കുകയാണ് . തൊഴിലിടത്തിൽ നിന്ന് ലഭിക്കുന്ന ഒരു വര്‍ഷത്തെ 30 ഒഴിവുദിനങ്ങളില്‍ ഭൂരിഭാഗവും രാജ്യാതിര്‍ത്തികള്‍ കടന്ന് വന്യത ദര്‍ശിക്കാനും പക്ഷികളെയും വന്യജീവികളെയും പകര്‍ത്താനുമുള്ള അവസരമാക്കുകയാണ് ഈ യുവാവ്.

ജോലി ഐടി മേഖലയിൽ, പാഷൻ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിൽ . എങ്ങനെയായിരുന്നു ഈ മേഖലയിലേക്കുള്ള ആദ്യ ചുവടുവെപ്പ്?
കുട്ടിക്കാലത്ത് അച്ഛന്റെ കാമറയുമെടുത്ത് പറമ്പില്‍ നടന്ന് ചിത്രങ്ങളെടുത്തിരുന്നു. കൂടാതെ ഷൂട്ടിങ് ലൊക്കേഷനുകളിലേക്കുള്ള നിരന്തര സന്ദര്‍ശനങ്ങള്‍ കാമറയും ലൈറ്റിങ്ങ് ടെക്നിക്കുമൊക്കെ ചെറുപ്പത്തിലേ ചിരപരിചിതമാക്കി. നമ്മുടെ നാട്ടിലെ ജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള ഒട്ടേറെ അവസരങ്ങള്‍ കുട്ടിക്കാലത്ത് തന്നെ ഉണ്ടായത് വന്യജീവി സ്നേഹം ഉള്ളിലുടലെടുക്കാന് കാരണമായിട്ടുണ്ടാവാം. പിന്നീട് യുഎസ്, യുകെ, ഹൈദരാബാദ് എന്നിങ്ങനെ പല സ്ഥലങ്ങളിലും ജോലി ചെയ്തിരുന്നപ്പോള്‍ കൈയ്യിലുണ്ടായിരുന്ന കാമറയെടുത്ത് ഒഴിവുദിനങ്ങളില്‍ ലാന്‍ഡ്സ്കേപ്പ് ഫോട്ടോയെടുക്കുന്നത് പതിവാക്കി. ആ ഒഴിവുദിന ഇഷ്ടങ്ങളാണ് ഇത്ര ഗൗരവമുള്ള മേഖലയിലേക്കുള്ള കാല്വെപ്പിന് പിന്നീട് പ്രേരണയായത്.


.jpg?$p=8fedfcc&q=0.8&f=16x10&w=284)
.jpg?$p=35cd5bb&q=0.8&f=16x10&w=284)

+4
സാധാരണ ലാന്‍ഡ്സ്ക്കേപ്പ് എടുക്കുന്നതിനോ അഡ്വര്ടടൈസിങ്ങ് ഫോട്ടോഗ്രാഫിക്കോ ലൈറ്റിങ് പോലുള്ള സജ്ജീകരണങ്ങൾ ചെയ്ത് ചിത്രങ്ങൾ മെച്ചപ്പെടുത്താം. നമ്മുടെ നിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്നതാണ് അതിന്റെ റിസള്‍ട്ട്. പക്ഷെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി നമ്മള് പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തെ പകര്‍ത്തലാണ്.ആ ഭാഗ്യത്തെ നമ്മള് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് അതിന്റെ റിസള്‍ട്ട്.
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി പിന്നീട് എക്സ്ക്ലൂസീവ് പക്ഷി ചിത്രങ്ങളിലേക്ക് വഴിമാറുന്നതെങ്ങനെയാണ്?
ഫോട്ടോഗ്രാഫി ഗൗരവമായി കാണും മുമ്പെ പക്ഷികളെ കാണാനിഷ്ടമായിരുന്നു. പക്ഷി നിരീക്ഷണങ്ങള്‍ക്കും മറ്റും പോവാറുണ്ടായിരുന്നു. ഒരു പക്ഷിയെ കണ്ടാല്‍ അതിനെപറ്റി കൂടുതല്‍ വായിക്കുമായിരുന്നു. അത്തരത്തില്‍ കാണുന്ന പക്ഷികളുടെ റെക്കോഡ് സൂക്ഷിക്കുക എന്ന തരത്തിലാണ് പക്ഷികളുടെ ഫോട്ടോയെടുത്തു തുടങ്ങിയത്. ഷെയര്‍ ചെയ്ത് ആളുകള്ക്കിഷ്ടമായതോടെയാണ് പിന്നീട് ഗൗരവമായ ഫോട്ടോഗ്രഫിയിലേക്ക് കടക്കുന്നത്. ഫോട്ടോയെടുക്കല്‍ മാത്രമല്ല അവയുടെ വലിയ ഡാറ്റ ബാങ്കു കൂടി ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഡേവിഡ് ആറ്റന്‍ബറോയുടെ ഡോക്യുമെന്ററികളും നാഷണല്‍ ജ്യോഗ്രഫി മാഗസിനുകളിലും കാണുന്ന പക്ഷികളെ തേടിച്ചെന്ന് ഫോട്ടോയെടുക്കുന്ന തരത്തിലുള്ള അദമ്യമായ ആഗ്രഹത്തിലേക്ക് വരെ ഈ പാഷന് ചെന്നെത്തിനില്ക്കുകയാണിപ്പോള്. അങ്ങനെയാണ് ബേര്‍ഡ്സ് ഓഫ് പാരഡൈസും കാണുന്നത്.
എന്താണ് ബേർഡ്സ് ഓഫ് പാരഡൈസ്. നെറ്റ്ഫ്ലിക്സില്‍ ഡാന്‍സിങ് ബേര്‍ഡ്സ് എന്ന ഡോക്യുമെന്ററിയില്‍ കാണിച്ചിരിക്കുന്ന നൃത്തം ചെയ്യുന്ന പക്ഷികള്‍ ഉള്‍പ്പെടുന്നതാണോ ?

പാപ്പുവ ന്യൂഗിനിയയിലെ 44 സ്പീഷീസില്‍പ്പെട്ട പക്ഷികളുള്പ്പെടുന്നതാണ് ബേര്‍ഡ്സ് ഓഫ് പാരഡൈസ്. ലോകത്ത് വേറെയെവിടെയും ഈ പക്ഷികളില്ല. വളരെ വൈവിധ്യമാര്‍ന്ന ഇണചേരല്‍ രീതിയാണ് അവയ്ക്ക്. സാധാരണ പക്ഷികള്‍ എവിടെയാണോ ഇണയെ കാണുന്നത് അവിടെ വെച്ച് ഇണചേരുന്നതാണ് രീതി. എന്നാല്‍ ബേര്‍ഡ്സ് ഓഫ് പാരഡൈസിലെ പല പക്ഷികളും ഇണയെ ആകര്‍ഷിക്കാനും ഇണചേരാനുമായി പ്രത്യേകം ഇടം തന്നെ തിരഞ്ഞെടുക്കും. അതിനെ ലെക്ക് (Lek) എന്നാണ് പറയുക. ഡാന്‍സ് കളിക്കുന്ന ഇടത്തിലേക്ക് അവര്‍ പെണ്‍കിളികളെ ക്ഷണിക്കുകയും ചെയ്യും. അത്തരം ഡേറ്റിങ് സ്ഥലങ്ങള്‍ വരെയുള്ളതാണ് ബേര്‍ഡ് ഓഫ് പാരഡൈസിലെ പക്ഷികള്‍. ഇവ Corvidae എന്ന കാക്കയുടെ ജീനസ്സില്പ്പെടുന്നതാണ്. Twelve wired bird of paradise, magnifiscent bird of paradise, Raggiana bird-of-paradise എന്നിങ്ങനെ പോകുന്നു ഈ കാക്ക ഗണങ്ങള്‍.
സ്റ്റില്‍ ഫോട്ടോഗ്രഫിയില്‍ നിന്ന് മാറി അച്ഛനെപ്പോലെ മൂവിങ് വിഷ്വൽസിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചനയുണ്ടോ. പ്രത്യേകിച്ച് വൈല്‍ഡ് ലൈഫ് ഡോക്യുമെന്ററി മേക്കിങ്ങിലേക്ക് ?
Instagarm, Facebook പോലുള്ള സാമൂഹിക മാധ്യമങ്ങളെല്ലാം റീല്‍ പോലുള്ള വീഡിയോ കണ്ടന്റിലേക്ക് കടന്നിരിക്കുകയാണ്. വീഡിയോ കണ്ടു ശീലമായ ഒരു സമൂഹത്തെ കൂടിയാണല്ലോ നമ്മള് അഡ്രസ്സ് ചെയ്യുന്നത്. മുമ്പ് ചെറിയ വീഡിയോ ക്ലിപ്പുകള്‍ എടുത്തിരുന്നു. ഇപ്പോള്‍ അതിനെ കുറച്ച് കൂടി ഗൗരവമായി കണ്ടു തുടങ്ങിയിട്ടുണ്ട്. സമയം വലിയ പ്രശ്നമാണ്.
.jpeg?$p=5a2a4ac&&q=0.8)
ഫോട്ടോഗ്രാഫി പഠിച്ചിട്ടുണ്ടോ. സിനിമയിലെ സകലകലാവല്ലഭനാണല്ലോ അച്ഛന്. ഫോട്ടോഗ്രഫി മേഖലയില്‍ അച്ഛന്റെ ഏതെങ്കിലും തരത്തിലുള്ള ഗൈഡിങ് കിട്ടിയിട്ടുണ്ടോ?
ഞാന്‍ കൂടുതലും സെല്‍ഫ് ടോട്ടാണ്. യുട്യൂബെല്ലാം കണ്ട് പലതും പഠിച്ചിട്ടുണ്ട്. ഫോട്ടോഗ്രഫി അച്ഛന് കൈവെക്കാത്ത മേഖലയാണ്. അതുകൊണ്ടായിരിക്കാം എനിക്ക് കുറച്ചു കൂടി അതിനോടു താത്പര്യം തോന്നിയത്. സ്കൂള്‍ അക്കാദമിക മേഖലയില്‍ നല്ല മാര്‍ക്ക് ഒക്കെ കിട്ടിയപ്പോള്‍ ആ വഴിക്ക് ജോലി നേടി ശമ്പളമായങ്ങനെ പോയി. റിസ്ക് എടുത്ത് വിഷ്വല്‍ മീഡിയയിലേക്ക് കടക്കുന്നതിനെ കുറിച്ച് അന്ന് ചിന്തിച്ചിരുന്നില്ല. ഇപ്പോൾ മനസ്സിന്റെ ആഗ്രഹം എന്ന് പറയുന്നത് ഒരു വഴിക്ക് ജോലി ചെയ്യുക അതില്‍ നിന്ന് ലഭിക്കുന്ന ശമ്പളത്തിന് എനിക്കിഷ്ടമുള്ള വന്യജീവി ലോകം കാണുക എന്നതാണ്. ചെയ്യുന്നതെല്ലാം മനസ്സിനെ സന്തോഷിപ്പിക്കാനാണ് മാത്രമല്ലഎടുക്കുന്ന ഫോട്ടോയിലൂടെ മനുഷ്യരുടെ ഉള്ളില്‍ വന്യജീവികളോടുള്ള സ്നേഹം ഉടലെടുക്കുകയാണെങ്കില്‍ അതും സന്തോഷമുള്ള കാര്യമാണ്. ഇഷ്ടം ജനിപ്പിക്കുക എന്നതും ഒരു തരം ബോധവത്കരണമാണല്ലോ.

ക്ലിക്ക് ചെയ്യാന്‍ അവസരം ലഭിച്ച അപൂര്‍വ്വ പക്ഷികളേതൊക്കെയാണ്
Vogelkop superb bird of paradise, Blue bird of paradise, King of saxony bird of paradise എന്നിവയെല്ലാം അപൂര്‍വ്വം ചില ഡോക്യുമെന്ററികളിലൂടെ മാത്രമേ സാധാരണയാളുകൾക്ക് കാണാൻ അവസരം ലഭിക്കാറുള്ളൂ. King of saxony bird of paradiseനെ കണ്ടെങ്കിലും അന്ന് ഫോട്ടോയെടുക്കാന്‍ പറ്റിയിട്ടില്ല. അതിന്റെ ഫോട്ടോയെടുക്കാനായി ഒരിക്കല്‍ കൂടി പാപ്പുവ ന്യൂഗിനിയയില്‍ പോവണമെന്നുണ്ട്. Vogelkop പക്ഷിയുടെ ഫോട്ടോയെടുക്കാനായി ഒന്നരമണിക്കൂര്‍ കാല്‍നടയാത്രയാണ് കാട്ടിലൂടെ നടത്തിയത്. ഇതുവരെ ആയിരത്തോളം വിവിധ തരം സ്പീഷീസുകളെ കണ്ടിട്ടുണ്ടാകാം . കൃത്യമായ കണക്കെടുത്തു നോക്കിയിട്ടില്ല. ആള് ദി ബേര്‍ഡ്സ് ഓഫ് ദി വേൾഡ് എന്ന ഒരു പുസ്തകമുണ്ട് കയ്യില്‍. അത് ആധാരമാക്കി പലതിനെയും കാണണമെന്നുണ്ട്.
വന്യതയിലേക്കുള്ള യാത്ര വീട്ടുകാർക്ക് ടെൻഷനുണ്ടാക്കാറില്ലേ , ഇത്തരത്തിലുള്ള യാത്രക്കിടെ ഏതെങ്കിലും തരത്തിലുള്ള എന്‍കൗണ്ടര്‍ നേരിട്ടിട്ടുണ്ടോ?
പൊതുവെ ആളുകള്‍ക്ക് കടുവയെയാണ് പേടിയെങ്കിലും ശാന്തരായ മൃഗങ്ങളാണ് കടുവകള്‍. എത്രയോ കടുവകളെ അടുത്ത് നിന്ന് ഫോട്ടോയെടുത്തിട്ടുണ്ട്. കുഞ്ഞുങ്ങളുണ്ടെങ്കിലാണ് അവ മനുഷ്യരെ കാണുമ്പോള്‍ കുറച്ചെങ്കിലും അഗ്രസ്സീവാകുന്നത്. കടുവകള്‍ പൊതുവെ നമ്മെ കണ്ടാല്‍ മൈന്‍ഡ് ചെയ്യാറില്ല. അവരെ സംബന്ധിച്ച് ആകര്‍ഷകമായ മാംസമല്ല നമ്മുടേത്. കാട്ടിനുള്ളില്‍ നമ്മള് കടുവയെ കണ്ടില്ലെങ്കിലും അവര്‍ നമ്മെ കണ്ടിട്ടുണ്ടാവും. അവര്‍ നമ്മെ നിരീക്ഷിക്കുക മാത്രമേ ഉള്ളൂ. മാത്രവുമല്ല മാനിറച്ചി കാട്ടുപോത്ത് പോലുള്ളവ ഉള്ളപ്പോള്‍ നമ്മുടെ മാംസത്തിനോട് ഇഷ്ടം തോന്നേണ്ട കാര്യമില്ലല്ലോ.
ഏനിക്ക് ഏറ്റവും പേടി തോന്നിയ മൃഗം ആനയാണ്. ഒരിക്കല്‍ ഫോട്ടോയെടുക്കുന്നതിനിടെ ആന ഓടിച്ചിട്ടുണ്ട്. ആനയുടെ ഏരിയയിലേക്ക് നമ്മള് കടക്കുമ്പോള്‍ മോക് ചാര്‍ജ്ജ്( ആനകൾ അവരുടെ നീരസം പ്രകടിപ്പിക്കുന്ന രീതിയാണിത്) ചെയ്യാറുണ്ട് അവ. തലയൊകെ കുടഞ്ഞു കൊണ്ട് 'എന്റെ ഏരിയയിലേക്ക് നീ അധികം വരേണ്ട' എന്ന മുന്നറിയിപ്പു നല്‍കുക എന്നാണ് ഉദ്ദേശം. ഒരിക്കൽ കോർബറ്റ് നാഷണൽ പാർക്കിൽ വെച്ച് തുറന്ന വണ്ടിയുടെ പുറകിലിരുന്ന് ഫോട്ടോയെടുക്കുകയായിരുന്നു ഞാന്‍. ആന തലകുടഞ്ഞ് തുമ്പികൈ ഇളക്കി ഓടി വന്നപ്പോള്‍ മോക്ക് ചാര്‍ജ്ജിങ് ആണെന്നാണ് കരുതിയത്. ഞാന്‍ നിന്നു കൊണ്ട് ഫോട്ടോയെടുപ്പ് തുടര്‍ന്നു. പക്ഷെ അത് മോക്ക് ചാർജ്ജായിരുന്നില്ല. ആന ഏതാണ്ട് അടെത്തെത്തിയപ്പോൾ അവസ്ഥ മനസ്സിലാക്കിയ ഡ്രൈവർ പെട്ടെന്ന് വണ്ടി മുന്നോട്ടെടുക്കുകയായിരുന്നു. ആ വേഗതയിൽ ഞാനും കാമറയുമെല്ലാം തെറിച്ചു വീണു. ആന ഏതാണ്ട് മുപ്പതടിയോളം ഞങ്ങളുടെ വണ്ടിയെ പിന്തുടർന്നു.

(lek) വോഗിൾപോപ് പക്ഷി ഇണയെ ആകർഷിക്കാൻ നൃത്തം ചെയ്തത്
ഇതുവരെ എവിടെയെല്ലാം പോയി, എന്തൊക്കെ കണ്ടു. ഇനി എവിടേക്കെല്ലാമാണ് യാത്രാ പദ്ധതിയിടുന്നത്.
ലോകത്ത് അത്രത്തോളം കാര്യങ്ങള്‍ കാണാനുണ്ടെന്ന തോന്നല്‍ നമ്മുടെ ഉള്ളില്‍ ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല. നമ്മള് വന്യലോകം കാണാനായി യാത്രചെയ്തുകൊണ്ടേയിരിക്കും. അതൊരു അഡിക്ഷനാവും. സൗത്ത് ഈസ്റ്റ് ഏഷ്യ, ഇന്‍ഡോനേഷ്യ, പാപ്പുവ ന്യൂഗിനിയ, കോസ്റ്റോറിക തുടങ്ങീ വിവിധ രാജ്യങ്ങൾ സന്ദർശിച്ചു. ഇനി കൊളംബിയയിലേക്കാണ് അടുത്ത യാത്ര. ഭൂഖണ്ഡങ്ങള്‍ വെച്ച് നോക്കുകയാണെങ്കില്‍ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലൊക്കെ പോയി. ഗാലപ്പഗോസ് ഐലന്‍ഡ്, അന്റാര്‍ട്ടിക്ക എന്നിവയെല്ലാം എന്റെ ബക്കറ്റ് ലിസ്റ്റില്‍പെട്ട പ്രദേശങ്ങളാണ്. ഹിമാലയയിലെ സ്പിറ്റി വാലിയില്‍ താമസിയാതെ പോവുന്നുണ്ട്.
അന്റാര്‍ട്ടിക്ക പോകാന്‍ ഒട്ടേറെ ആഗ്രഹമുള്ള ഇടമാണ്. വിവിധ തരം കടല്‍പക്ഷികളെ കാണണമെന്നുണ്ട്. പെന്‍ഗ്വിനുകളില്‍ പല വൈവിധ്യങ്ങളുണ്ട്. അവയെ കാണണം, പകര്‍ത്തണം. പക്ഷികളുടെ സാന്ദ്രത ഏറ്റവും കൂടിയ സ്ഥലമാണ് തെക്കേ അമേരിക്ക. ഉദാഹരണത്തിന് ഇന്ത്യ പോലൊരു വലിയ രാജ്യത്ത് ഏകദേശം 2000 സ്പീഷീസുണ്ടെങ്കില് കോസ്റ്റോറിക്ക പോലൊരു ചെറിയ രാജ്യത്ത് 900 സ്പീഷീസോളം വരും. അരമണിക്കൂര്‍ നിരീക്ഷിച്ചാല്‍ തന്നെ നാലോ അഞ്ചോ സ്പീഷിസിനെ കാണാനാകും. അത്രയും ഹൈ ഡെന്‍സിറ്റിയാണ് പക്ഷികള്‍ക്ക്. ജനസാന്ദ്രത കുറവും തിങ്ങി നിറഞ്ഞ കാടുകളുമാവാം ആ സ്ഥലങ്ങളെ ഇത്രയധികം വൈവിധ്യമുള്ള പക്ഷി സാന്നിധ്യമുള്ള ഇടമാക്കുന്നത്. നേരത്തെ പറഞ്ഞതുപോലെ വര്‍ഷത്തില്‍ കമ്പനിയില്‍ നിന്ന് ലഭിക്കുന്ന അവധിയില്‍ 10 എണ്ണം കുടുംബത്തോടൊപ്പവും 20 എണ്ണം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിക്കുമായാണ് നിലവില്‍ മാറ്റിവെച്ചിരിക്കുന്നത്.
Content Highlights: Akhil Vinayak Menon , wild life Photography journey, world wild life day, Mathrubhumi, environment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..