ജൈവവൈവിധ്യ സംരക്ഷണത്തിന്റെ സൂത്രധാരന്‍; മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് പരിഹാരമൊരുക്കുന്ന ആനത്താരകള്‍


ആതിര തര്യന്‍

റോഡ് മുറിച്ച് കടക്കുന്ന ആനയും ആനക്കുട്ടിയും |ഫോട്ടോ:ജി.ശിവപ്രസാദ്‌

മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷങ്ങളും അസഹിഷ്ണുതയും വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വാഗ്വാദങ്ങളും നിരന്തരം കേള്‍ക്കുന്നുണ്ടിപ്പോള്‍. ജൈവശ്യംഖലയിലെ അദൃശ്യബന്ധങ്ങള്‍ക്ക് മങ്ങൽ വരുന്നതും ജൈവവൈവിധ്യത്തിനു തകര്‍ച്ചയുണ്ടാകുന്നതും ഇത്തരം സംഘര്‍ഷങ്ങളുമായി ചേര്‍ത്തു വായിക്കാം. ജൈവവൈവിധ്യത്തിന്റെ തകര്‍ച്ചയ്ക്കു പ്രധാന കാരണമായി കണക്കാക്കുന്നത് ആവാസവ്യവസ്ഥകളുടെ നാശവും അതിനോടൊപ്പം അവയുടെ ഒറ്റപ്പെടലുമാണ്. മനുഷ്യന്റെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍മ്മിതികള്‍ കാരണം വനഭൂമി വിഭജിച്ച് തുരുത്തുകളായി മാറുന്നത് സമീപകാലത്തെ വലിയ പരിസ്ഥിതി പ്രശ്നവും. ഇതിലൂടെ ഒരു ജീവിയുടെ ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയുടെ ഭാഗങ്ങള്‍ നശിപ്പിക്കപ്പെടുന്നു.

തുടര്‍ന്ന് അവയുടെ ആവാസവ്യവസ്ഥ പരസ്പര ബന്ധമില്ലാത്ത ചെറുകഷ്ണങ്ങളായി മാറ്റപ്പെടും. ഇത്തരത്തില്‍ സ്വാഭാവിക ആവാസവ്യവസ്ഥയുടെ നാശവും വനങ്ങളുടെ ശിഥിലീകരണവും വന്യജീവികളുടെ നിലനില്‍പ്പിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. അനുയോജ്യമായ ആവാസവ്യവസ്ഥ കുറയുമ്പോള്‍ അല്ലെങ്കില്‍ വലിപ്പം കുറയുമ്പോള്‍ ജീവിക്കാന്‍ വിസ്തൃതമേഖലകള്‍ ആവശ്യമുള്ള ജീവികള്‍ക്ക് സംരക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകും.

മുന്നില്‍ ആനത്താരയുണ്ടെന്ന് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡ്‌ | Photo-By PJeganathan - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=52870725

വന്യജീവികള്‍ക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണവിഭവങ്ങള്‍ കാട്ടില്‍ ലഭ്യമാകാതെ വരികയും കാടുകള്‍ തമ്മിലുള്ള സ്വാഭാവിക ബന്ധം ഇല്ലാതാകുകയും ചെയ്യുന്നതോടെ വന്യമൃഗങ്ങള്‍ അസ്വസ്ഥരാവുകയും ക്രമേണ കാടിനു പുറത്തേക്കിറങ്ങാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. വന്യമൃഗങ്ങള്‍ മനുഷ്യരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്. അതായത് ജീവികള്‍ കാട്ടില്‍ നിന്നു ഇറങ്ങുകയോ മറ്റ് സംഘട്ടനങ്ങളിലൂടെ ഇല്ലാതാകുകയോ ചെയ്യുന്നു. വന്യജീവികളുടെ ആവാസ വ്യവസ്ഥകളുടെ സംരക്ഷണത്തിന് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് കൂടുതല്‍ അഭികാമ്യം. അവയുടെ സഞ്ചാര സ്വാതന്ത്ര്യം സുഗമമാക്കുന്ന ഇടനാഴി പദ്ധതി ഇതിന്റെ ഭാഗമാണ്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ആനത്താരകള്‍

മനുഷ്യ-വന്യജീവി സംഘര്‍ഷത്തിനു പരിഹാരമായി കണ്ടത്തിയ സങ്കേതമാണ് പരസ്പരബന്ധം നഷ്ടപ്പെട്ട പരമാവധി ആവാസസ്ഥലങ്ങള്‍ കൂട്ടിയിണക്കുന്ന ഇടനാഴികള്‍. ആന പോലുള്ള വലിയ ജീവികളുടെ സംരക്ഷണത്തിനും മനുഷ്യരുമായിട്ടുള്ള സംഘര്‍ഷങ്ങള്‍ ഒരു പരിധി വരെയെങ്കിലും ലഘൂകരിയ്ക്കാനും ഇത് സഹായകമാകും. ആന നടന്നു നീങ്ങുന്ന പാതകളെ ആണ് ആനത്താരകള്‍ എന്നു വിളിക്കുന്നത്. ആനകള്‍ക്കു മാത്രമല്ല കാട്ടിലെ എല്ലാ ജീവജാലങ്ങള്‍ക്കും ആനത്താരകള്‍ ഉപകാരപ്പെടുന്നുണ്ട്. ആനകള്‍ ഭക്ഷണമാക്കുന്ന സസ്യങ്ങളുടെ വിത്തുകള്‍ കാടിന്റെ വിദൂര പ്രദേശങ്ങളില്‍ എത്തിക്കുന്നതില്‍ ആനത്താരയിലൂടെയുള്ള അവയുടെ നടപ്പ് കാരണമാകും.

ആനകള്‍ നടന്നു നീങ്ങുമ്പോള്‍ മണ്ണില്‍ പുതയുന്ന കാല്‍പ്പാടുകള്‍ പോലും കാട്ടിലെ ചെറുജീവികള്‍ അവയുടെ വാസസ്ഥാനമായി ഉപയോഗിക്കാറുണ്ട്. അങ്ങനെ ആനകള്‍ വനത്തിലെ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ കാവല്‍ ഭടന്മാരായും മാറുന്നു. ഭക്ഷണ ലഭ്യത, കാലാവസ്ഥ, ഭൂപ്രകൃതി എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി ദീര്‍ഘദൂരം സഞ്ചരിക്കുന്ന ആനകളുടെ ഇത്തരം യാത്രകള്‍ക്ക് തടസ്സം നേരിട്ടാല്‍ ഭാവിയില്‍ നമ്മുടെ പൈതൃകമൃഗമായ ആനകളുടെ നിലനില്‍പ്പു തന്നെ അപകടത്തിലായേക്കാം. ഇതൊഴിവാക്കാനാണ് പ്രൊജക്ട് എലിഫന്റ്, ഇടനാഴി രൂപീകരണം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി വരുന്നത്.

നീരാട്ടിനിറങ്ങിയ കാട്ടാനക്കൂട്ടം | ഫോട്ടോ:ജി.ശിവപ്രസാദ്

കേരളത്തില്‍ നാല് എലിഫന്റ് റിസര്‍വ്വുകളാണ് ഉള്ളത്. ആനകളുടെ ആവാസ വ്യവസ്ഥാ സംരക്ഷണത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കേരളമാണ് ഏറ്റവും മുന്നില്‍. നിലവില്‍ ആനകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏഴ് ആനത്താരാ പദ്ധതികളാണ് കേരളത്തിലുള്ളത്. ബേഗൂര്‍ - ബ്രഹ്മഗിരി, മുതുമല-നിലമ്പൂര്‍ എന്നീ അന്തഃസംസ്ഥാന ഇടനാഴികളും, തിരുനെല്ലി-കദ്രാകോട്ടെ, കൊട്ടിയൂര്‍-പേരിയ, പേരിയ-പക്രംതളം, നിലമ്പൂര്‍-അപ്പന്‍കാപ്പ്, നിലമ്പൂര്‍കോവിലകം-ന്യൂ അമരമ്പലം എന്നിവ സംസ്ഥാനത്തിനകട്ടെ ഇടനാഴികളുമാണ്.

ആനത്താരകളുടെ ആവശ്യകത

കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. ഏഷ്യന്‍ ആനകളുടെ ഏതാണ്ട് അറുപത് ശതമാനവും ഇന്ത്യയിലാണ് കാണപ്പെടുന്നത്. 2017-ലെ സെന്‍സസ് രേഖകള്‍ പ്രകാരം ഇന്ത്യയില്‍ 27000 ആനകളാണുള്ളത്. നാടിന്റെ മതപരവും സാംസ്‌ക്കാരികവുമായ പാരമ്പര്യത്തില്‍ സുപ്രധാനമായ സ്ഥാനമുള്ളതിനാല്‍ ആന നിലവില്‍ ഇന്ത്യയുടെ പൈതൃക മൃഗം കൂടിയാണ്. തണലും തണുപ്പും ഏറെ ഇഷ്ടപ്പെടുന്ന ഇവയ്ക്ക് കാട്ടില്‍ താമസിക്കാനാണ് അധികം പ്രിയവും. വലുപ്പമേറിയ ശരീരമായതിനാല്‍ ഭക്ഷണകാര്യത്തിലും ആനകള്‍ വ്യത്യസ്തരാണ്. ഒരുദിവസം ഏതാണ്ട് 150 മുതല്‍ 200 കിലോഗ്രാം തീറ്റയും, 200 ലിറ്റര്‍ ശുദ്ധജലവും ആവശ്യമാണ്. ഈയൊരു കാരണത്താല്‍ വിശാലമായ മേച്ചില്‍പ്പുറങ്ങളും ജലസാമീപ്യവും എപ്പോഴും ആനകള്‍ക്ക് ആവശ്യമാണ്.

ഭക്ഷണ ലഭ്യതയുടെ അടിസ്ഥാനത്തില്‍ ആനകളുടെ സാമ്രാജ്യവിസ്തൃതി 250 മുതല്‍ 3500 ച.കി മീറ്റര്‍ വരെയാകും. ആനകള്‍ ദീര്‍ഘദൂര സഞ്ചാരികള്‍ കൂടിയാണ്. അതുകൊണ്ടുതന്നെ ഇവയുടെ സഞ്ചാരപാതയില്‍ ഉണ്ടാകുന്ന എന്തെങ്കിലും തടസ്സം അവയെ പ്രകോപിതരാക്കും. മനുഷ്യന്‍ കാടിന് കുറുകെ നിര്‍മ്മിക്കുന്ന റോഡുകള്‍, പാലങ്ങള്‍, കൃഷിയിടങ്ങള്‍, റെയില്‍ എന്നിവ ഇതിനുദാഹരണമാണ്. ഇത് പലപ്പോഴും ആനകളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷത്തിലാണ് കലാശിക്കുക.

ഏഷ്യന്‍ ആന | Photo-Gettyimages

മാത്രമല്ല, കൃഷി വിളകള്‍ക്കും ഇതുമൂലം ആനകള്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇന്ത്യയില്‍ ഏകദേശം 400-ഓളം പേരാണ് ആനകളുടെ ആക്രമണത്തില്‍ വര്‍ഷം പ്രതി മരണമടയുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സംഘര്‍ഷത്താല്‍ ആനകളും കൊല്ലപ്പെടുന്നുണ്ട്. ട്രെയിന്‍ തട്ടിയും വൈദ്യുതാഘാതമേറ്റും ആനക്കൊമ്പ് വേട്ട തുടങ്ങിയ വിവിധ കാരണങ്ങളാലും കഴിഞ്ഞ 15 വര്‍ഷത്തെ ലഭ്യമായ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1500 ആനകളാണ് കൊല്ലപ്പെട്ടത്. മാത്രമല്ല, കൊമ്പനാനകളിലുണ്ടായ കുറവ്, അവയുടെ വംശവര്‍ദ്ധനവിനെത്തന്നെ ബാധിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ആനത്താരകള്‍ പോലെയുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള സമഗ്രമായ പദ്ധതികള്‍ ധാരാളമായി ഉണ്ടാകേണ്ടിയിരിക്കുന്നു.

കേരളത്തിലെ വന്യജീവി ആക്രമണത്തില്‍ അധികവും ആനകളെ ചുറ്റിപ്പറ്റിയാണെന്നു കാണാന്‍ കഴിയും. മനുഷ്യ - വന്യജീവി സംഘര്‍ഷം സംബന്ധിച്ച കേരള നിയമസഭാ രേഖകള്‍ പരിശോധിച്ചാല്‍ ആദ്യമായി ഇക്കാര്യം കേരള നിയമസഭയില്‍ ഉന്നയിച്ചത് 1957-ല്‍ ആര്യനാട് എം.എല്‍.എ ആയിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയായിരുന്നു. അന്ന് കെ.സി.ജോര്‍ജ്ജ് ആയിരുന്നു വനം വകുപ്പ് മന്ത്രി. തിരുവനന്തപുരം കോട്ടൂരില്‍ ശാമുവേല്‍ നാടാര്‍ എന്നയാളുടെ ഭാര്യയെ കാട്ടാന കൊന്നതിനെക്കുറിച്ചായിരുന്നു ചോദ്യം. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, വന്യമൃഗങ്ങള്‍ മനുഷ്യര്‍ക്കും, കൃഷിവിളകള്‍ക്കുമുണ്ടാക്കുന്ന നാശം തടയാന്‍ നടപടികള്‍ കൈക്കൊണ്ടു വരുന്നതായും, മരിച്ച വ്യക്തിയുടെ കുടുംബത്തിന് അടിയന്തര സഹായമെന്ന നിലയില്‍ 250 രൂപ സര്‍ക്കാര്‍ അനുവദിച്ചതായും ആദ്യത്തെ വനം വകുപ്പ് മന്ത്രികൂടിയായ കെ.സി.ജോര്‍ജ്ജ് സഭയില്‍ അറിയിച്ചു. 1980-ലാണ് വന്യമൃഗ ആക്രമണങ്ങള്‍ക്ക് നഷ്ടപരിഹാരം എന്നത് നിയമമാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായത്.

വിരണ്ടോടിയ ആന | Photo-screen grab


ആനയുള്‍പ്പെടെയുള്ള വന്യജീവികള്‍ മൂലമുണ്ടാകുന്ന കൃഷിനാശത്തിനും ഒരു പരിധി വരെയെങ്കിലും പരിഹാരം കാണേണ്ടിയിരിക്കുന്നു. ഇതിനായി കിടങ്ങുകള്‍ മുതല്‍ പലതരത്തിലുള്ള തടസവേലികള്‍ വരെ സംസ്ഥാനത്ത് പരീക്ഷിക്കപ്പെടുന്നുണ്ട്. ഓരോ പ്രദേശത്തിന്റെയും സ്വഭാവ സവിശേഷതകളും പദ്ധതികളുടെ ചെലവും പരിഗണിച്ചു മാത്രമേ ഇത് നടപ്പിലാക്കാന്‍ കഴിയാറുള്ളൂ. ഇതിന്റെ ദോഷഫലമനുഭവിക്കുന്ന തദ്ദേശവാസികളുടെ അഭിപ്രായങ്ങള്‍ക്കും വില കല്‍പ്പിക്കേണ്ടതുണ്ട്. എങ്കിലും ഇതിനൊരു ശാശ്വത പരിഹാരം ഇപ്പോഴും അകലെയാണ്.

വനവും വന്യജീവികളും നല്‍കുന്ന സേവനങ്ങളെ മറന്നുള്ള ജീവിതം മനുഷ്യനും അസാധ്യം തന്നെയാണ്. കാടിനോടു ചേര്‍ന്ന സ്ഥലങ്ങളില്‍ വന്യജീവികള്‍ക്ക് പഥ്യമായ വിളകളുെട കൃഷി പരമാവധി ഒഴിവാക്കേണ്ടതാണ്. വനപരിസരത്തുള്ള കര്‍ഷകരെക്കൂടി പങ്കാളികളാക്കിക്കൊണ്ടുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടത്. വനത്തിന്റെ സമീപ്രപേദശങ്ങല്‍ താമസിക്കുന്നവേരയും കൃഷി ചെയ്യുന്നവേരയും നിരന്തരം ബോധവല്‍ക്കരിക്കുകയും വന്യജീവി അ്രകമങ്ങള്‍ക്ക് ഇരകളാകുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുകയും ചെയ്യേണ്ടത് വനംവകുപ്പിന്റെയും പ്രാദേശിക ഭരണനേതൃത്വത്തിന്റെയും ഉത്തരവാദിത്തമാണ്. കാടിനെ നാടായി മനുഷ്യര്‍ മാറ്റുമ്പോള്‍ നാടിനെ കാടായി കാണാന്‍ ആനയും മടിക്കില്ലല്ലോ. എങ്കിലും അധികം സംഘര്‍ഷങ്ങള്‍ പരസ്പരം ഇല്ലാതാക്കാന്‍ മനുഷ്യര്‍ക്ക് ആകും കൂടുതല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുക.
.


Content Highlights: about the importance and effects of elephant corridor

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented