മേപ്പാടി: “വലിയ ദുരിതത്തിൽനിന്നാണ് വരുന്നത്, നീ ഞങ്ങളെ ഒന്നും കാണിക്കല്ലേ. പേടിയാണ്. വെളിച്ചമില്ല. ചുറ്റിലും വെള്ളമാണ്. എങ്ങനെയോ നീന്തിക്കയറിയെത്തിയതാണ്. നീ ഞങ്ങളെ ഒന്നും ചെയ്യല്ലേ...’’ പെരുമഴയത്ത് കാപ്പിക്കാടിനു നടുവിലൂടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മുന്നിൽപ്പെട്ട വലിയ കൊമ്പനാനയോട് ചൂരൽമല അഞ്ഞിശച്ചിലയിൽ സുജാത ഉള്ളുരുകി കരഞ്ഞുപറഞ്ഞു. ‘‘അപ്പോൾ അവന്റെ രണ്ടുകണ്ണും നിറഞ്ഞു (ഒരുപക്ഷേ, തോന്നിയതാവാം). അതിന്റെ കാലിന്റെ ചുവട്ടിൽ ഞാനും കൊച്ചുമകളും ഇരുന്നു. നേരം വെളുക്കുംവരെ അനങ്ങാതെ അവൻ നിന്നുതന്നു. അപ്പുറത്തു വേറെയും രണ്ടു കാട്ടാനകളുണ്ടായിരുന്നു.’’

To advertise here,

ഉരുൾപൊട്ടി എല്ലാമൊഴുകിപ്പോയ രാത്രിയിൽ എങ്ങനെ രക്ഷപ്പെട്ടുവെന്ന് ആലോചിക്കുമ്പോൾ സുജാതയ്ക്ക് ഇപ്പോഴും ഉള്ളുകിടുങ്ങുന്നു. ‘‘ഏതു ദൈവമാണ് രക്ഷിച്ചത് എന്നെനിക്കറിയില്ല’’.

അടർന്നുവീഴുന്ന വീടിനുള്ളിൽനിന്ന് മലവെള്ളപ്പാച്ചിലിലൂടെ പേരക്കുട്ടിയെ ചേർത്തുപിടിച്ച് കരപറ്റിയ രാത്രിയുടെ ഭീതിയത്രയും അവരുടെ മുഖത്തും വാക്കുകളിലുമുണ്ട്.

‘‘കടലുപോലെ വെള്ളമായിരുന്നു. നിറയെ മരങ്ങൾ ഒഴുകിവരുന്നു. പുറത്തേക്കുനോക്കിയപ്പോൾ അയൽവാസിയുടെ രണ്ടുനില വീട് മറിഞ്ഞുവീഴുകയാണ്. അതു വന്നുവീണ് ഞങ്ങളുടെ വീടും തകർന്നു. അടുപ്പിന്റെ സ്ലാബിനുള്ളിലൂടെ പുറത്തേക്കുകടക്കുമ്പോഴാണ് രക്ഷിക്കണേയെന്ന പേരക്കുട്ടി മൃദുലയുടെ നിലവിളികേട്ടത്. അവളുടെ ചെറുവിരലിൽ പിടികിട്ടി. തുണികൊണ്ട് കൂട്ടിപ്പിടിച്ച് പുറത്തേക്കെടുത്ത് മലവെള്ളത്തിലൂടെ നീന്താൻതുടങ്ങി’’.

മകൻ ഗിഗീഷും ഭാര്യ സുജിതയും മകൻ സൂരജും അടുത്തുള്ള വേറെ വീട്ടിലായിരുന്നു. ഗിഗീഷ് ഓരോരുത്തരെയായി വെള്ളത്തിലൂടെ വലിച്ചുകയറ്റി. സുജിതയുടെ നട്ടെല്ലിനും സൂരജിന്റെ നെഞ്ചിനും സാരമായി പരിക്കേറ്റു. എല്ലാവരെയും കരയിലെത്തിച്ച് കാപ്പിക്കാടിനു നടുവിലൂടെ പോവുമ്പോഴാണ് ആനയുടെ മുന്നിൽപ്പെട്ടത്.

“നീന്തുന്നതിനിടെ രക്ഷിക്കണേയെന്ന് കരഞ്ഞുവിളിച്ചു. ആരും കേൾക്കാനുണ്ടായിരുന്നില്ല. പകരം എവിടുന്നൊക്കെയോ നിലവിളികൾ മാത്രം കേട്ടു. പരിക്കേറ്റ മകനും ഭാര്യയും കാപ്പിക്കാട്ടിൽ കിടന്നു. ഞാനും മോളും കൊമ്പന്റെ കാൽക്കീഴിലും. പുലരുംവരെ അങ്ങനെ തുടർന്നു. രക്ഷിക്കാൻ വരാൻ നാട്ടിൽ ആരും ബാക്കിയുണ്ടായിരുന്നില്ല. പുറത്തുനിന്ന് ആരൊക്കെയോവന്ന് ഒരു വീട്ടിലേക്ക് കൊണ്ടുപോയി. ഉടുക്കാൻ തുണിതന്നു”.

ആ തുണിയോടെ ക്യാമ്പിൽ വന്നതാണ് സുജാതയും മൃദുലയും. മറ്റുള്ളവരെല്ലാം ആശുപത്രിയിലാണ്.

“അടുത്ത് മൂന്നുകുടുംബങ്ങളുണ്ട്. അവരുടെയൊക്കെ വീടൊക്കെ വീഴുന്നത് ഞാൻ കണ്ടതാണ്. അറിയുന്ന ആരും ബാക്കിയില്ല. വെള്ളം ഒഴുകിവരുന്നതുപോലെ തോന്നുന്നു ഇപ്പോഴും.”