
കല്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ത്ത ദുരന്തത്തിലെ അതിജീവിതര്‍ക്കൊപ്പമാണ് എല്ലാവരുടേയും പ്രാര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തത്തില്‍ എല്ലാം നഷ്ടമായവരെ സഹായിക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനൊപ്പമുണ്ട്. ദുരന്തമുണ്ടായതുമുതല്‍ താന്‍ ഇവിടെയുള്ളവരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. അതിജീവിതരില്‍നിന്ന് അവര്‍ കണ്ടതും അനുഭവിച്ചതും ചോദിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതി അതിന്റെ രൗദ്രഭാവമാണ് പ്രകടപ്പിച്ചതെന്ന് ഉരുള്‍പൊട്ടലിനെ അദ്ദേഹം വിശേഷിപ്പിച്ചു. സഹായിക്കാന്‍ കഴിയുമായിരുന്ന എല്ലാ കേന്ദ്ര ഏജന്‍സികളേയും സംഭവം നടന്നയുടനെ വയനാട്ടിലേക്ക് അയച്ചുവെന്നും മോദി പറഞ്ഞു.
നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന ഉറപ്പാണ് ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ളത്. എല്ലാവരും അവര്‍ക്കൊപ്പമുണ്ട്. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനൊപ്പമുണ്ട്. വയനാട്ടിലേത് സാധാരണദുരന്തമല്ല. ദുരിതബാധിതരെ സഹായിക്കുന്നതിനാണ് പ്രഥമപരിഗണന. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനംചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പണമില്ലാത്തതിന്റെ പേരില്‍ ഒരു പ്രവര്‍ത്തനവും നിലച്ചുപോകില്ല. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും. വിശദമായ നിവേദനം സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ദുരന്തത്തെ തടയാനാകില്ലെന്നും എന്നാല്‍, ദുരന്തബാധിതരുടെ ഭാവി നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Narendra Modi announcement after visit to landslide hit Wayanad
Published: 10 Aug 2024, 05:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented