'മാരാരിക്കുളം തോല്‍വിക്കു ശേഷം വി.എസ്. കൂളായി വീട്ടിലെത്തി, ഒന്നുറങ്ങി കമ്മിറ്റിക്ക് പോയി' 


വി.എസ്. അച്യുതാന്ദനും ഭാര്യ വസുമതിയും| File Photo: Mathrubhumi

തിരുവനന്തപുരത്ത് ലോ കോളേജിനടുത്തുള്ള വേലിക്കകത്ത് വീട്ടില്‍ നൂറ്റാണ്ടിന്റെ നായകന്‍ വി.എസ്. അച്യുതാനന്ദന്‍ വിശ്രമജീവിതത്തിലാണ്. ഒപ്പം ഭാര്യയും മകനും. 99-ാം പിറന്നാള്‍ പതിവുപോലെ അതിലളിതം. സഖാവിന്റെ ജീവിതത്തിന്റെ നിത്യസാക്ഷിയായിരുന്ന, പരിചയക്കാര്‍ വസുമതി സിസ്റ്റര്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ഭാര്യ കെ. വസുമതി അദ്ദേഹത്തെ പരിചരിച്ച് എപ്പോഴുമുണ്ട് കൂടെ. മാതൃഭൂമി പ്രതിനിധി ടി.ആര്‍. രമ്യക്കു നല്‍കിയ അഭിമുഖത്തില്‍നിന്ന്

  • വി.എസിന് സുഖമാണോ
നിങ്ങളുടെയെല്ലാം വി.എസിന് സുഖമാണ്. അദ്ദേഹം മുമ്പത്തെപ്പോലെ ആരോഗ്യവാനല്ലെങ്കിലും കാര്യങ്ങളെല്ലാം അറിയുന്നുണ്ട്. ഞങ്ങള്‍ എല്ലാം പറഞ്ഞും കൊടുക്കുന്നു. ഇപ്പോള്‍ ചെറിയ ചുമയുണ്ട്. സംസാരിക്കാന്‍ ചെറിയ ബുദ്ധിമുട്ടും. പക്ഷേ, എല്ലാം മനസ്സിലാക്കുന്നുണ്ട്.  • എങ്ങനെയാണ് ഇപ്പോഴുള്ള അദ്ദേഹത്തിന്റെ ശീലങ്ങള്‍? പഴയ ചിട്ടകള്‍ തുടരുന്നുണ്ടോ
പഴയ ചിട്ടകള്‍ എല്ലാംതന്നെ തുടരാന്‍ ഇപ്പോള്‍ ആരോഗ്യം അനുവദിക്കുന്നില്ല. പക്ഷേ, ഞങ്ങള്‍ അദ്ദേഹത്തിന് വേണ്ടുന്നതെല്ലാം ചെയ്തുകൊടുക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.

അതിരാവിലെ ഉണരുന്ന ശീലമായിരുന്നു മുമ്പ്. നാലുമണിക്ക് ഉണര്‍ന്ന് യോഗയും വെയില്‍ കൊള്ളലും എണ്ണതേച്ചുകുളിയും ഒക്കെ. ഇപ്പോള്‍ അത്ര നേരത്തേ ഉണരില്ല. ഉണര്‍ന്നുകഴിഞ്ഞ് കുളി, മേലുകഴുകല്‍ എന്നിവയ്ക്ക് മകന്‍ അരുണ്‍കുമാര്‍ അദ്ദേഹത്തെ സഹായിക്കും. പ്രാതലിനുശേഷം വീടിന്റെ ഉമ്മറത്ത് കസേരയില്‍ ഇരിക്കും. മുന്നില്‍ മരത്തിന്റെ തണലാണ്. ആളുകള്‍ റോഡിലൂടെ പോകുന്നത് കാണും. ഒന്നൊന്നര മണിക്കൂറോളം ആ ഇരിപ്പ് തുടരും. അപ്പോള്‍ ഞങ്ങളാരെങ്കിലും പത്രം വായിച്ചുകൊടുക്കും. ആ സമയത്ത് ആരും ഗേറ്റ് കടന്നുവരില്ല.

വി.എസ്. അച്യുതാന്ദനും ഭാര്യ വസുമതിയും വിവാഹചിത്രം | Photo: Mathrubhumi Library

എല്ലാവര്‍ക്കും അറിയാം, എത്ര ശ്രദ്ധയോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് എന്ന്. വൈകീട്ടും ഇങ്ങനെ കുറച്ചുനേരം ഇരിക്കും. രാവിലെയും വൈകീട്ടുമുള്ള ഈ ഇരിപ്പിലാണ് വി.എസിനു പുറംലോകവുമായുള്ള ബന്ധം. പിന്നെ ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. പണ്ട് അലോപ്പതി മരുന്ന് കഴിക്കാറില്ലായിരുന്നു. ആയുര്‍വേദമായിരുന്നു പഥ്യം. ഇപ്പോള്‍ അലോപ്പതി മരുന്നുകള്‍ കഴിക്കുന്നുണ്ട്. ഭക്ഷണം, വിശ്രമം, ടി.വി. വാര്‍ത്ത, മറ്റു പരിപാടികള്‍ ഒക്കെ കാണും. കുട്ടികളുടെ പാട്ട് പരിപാടി അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. നല്ല സന്തോഷത്തോടെ അത് കാണാറുണ്ട്.

  • കുറച്ചുനാള്‍ മുമ്പുവരെ വി.എസ്. എപ്പോഴും ജനങ്ങളുടെ നടുക്കായിരുന്നല്ലോ. ഇപ്പോള്‍ ആളുകളെ കാണാന്‍ കഴിയാത്തതുകൊണ്ട് അദ്ദേഹത്തിന് പ്രയാസം ഉണ്ടോ
പ്രയാസം തീര്‍ച്ചയായും ഉണ്ടാകും. ഈ നൂറുവര്‍ഷത്തില്‍, ബാല്യകാലം പിന്നിട്ടപ്പോള്‍ മുതല്‍ അദ്ദേഹം പാര്‍ട്ടിപ്രവര്‍ത്തകനാണ്. ജനങ്ങളോട് ഇടപഴകാതെ ഒരു ദിവസംപോലും കടന്നുപോയിട്ടില്ല. ജനങ്ങളുമായി സമ്പര്‍ക്കമില്ലാതെ കഴിയുന്നത് കഠിനമാണെന്ന് അദ്ദേഹം മുമ്പ് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചപ്പോഴൊക്കെ പറഞ്ഞിട്ടുണ്ട്. പിന്നെ ഇപ്പോള്‍ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു സഖാവിന് അറിയാം. അതുകൊണ്ട് പുതിയ ചിട്ടകളുമായി അദ്ദേഹം പൂര്‍ണമായും ഒത്തുപോകുന്നുണ്ട്.

  • കാര്‍ക്കശ്യക്കാരനായ പാര്‍ട്ടിനേതാവില്‍നിന്ന് ജനകീയനായ നേതാവിലേക്കുള്ള വി.എസിന്റെ മാറ്റത്തില്‍ ഭാര്യ എന്ന തരത്തില്‍ എത്രത്തോളം പങ്കുണ്ട്
വി.എസ്. അച്യുതാനന്ദന്‍ എന്ന വിപ്ലവകാരിയെ എല്ലാവര്‍ക്കും അറിയാം. പതിനേഴാംവയസ്സില്‍ പാര്‍ട്ടിയംഗത്വം നേടിയ അദ്ദേഹം ജീവിതത്തിലെ കുറെ വര്‍ഷങ്ങള്‍ ഒളിവിലായിരുന്നു. വീടിന്റെ മച്ചില്‍വരെയാണ് പകല്‍സമയം കഴിച്ചിരുന്നത്. രാത്രിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം. സമരകാലങ്ങള്‍, ജയില്‍ജീവിതം, കൊടിയ പീഡനങ്ങള്‍. ജീവിതത്തിന്റെ ഒരുഘട്ടം മുഴുവന്‍ ഈ തരത്തില്‍ ജീവിച്ച ഒരാളുടെ സ്വഭാവത്തില്‍ കാര്‍ക്കശ്യം സ്വാഭാവികമായി ഉണ്ടാകുന്നതാണ്. ജീവിതം സുഖലോലുപം അല്ലായിരുന്നല്ലോ അദ്ദേഹത്തിന്. കാലംമാറി, പാര്‍ട്ടിയുടെ പോരാട്ടങ്ങള്‍ നാട്ടില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. അപ്പോഴാണ് ശുദ്ധവായുവും കുടുംബവുമൊക്കെ അദ്ദേഹത്തിന് അനുഭവിക്കാന്‍ കഴിഞ്ഞത്. വീട്ടില്‍ അദ്ദേഹം സഖാവല്ല, സ്‌നേഹസമ്പന്നനായ ഗൃഹനാഥനാണ്, പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷനേതാവായിരുന്നപ്പോഴും അതില്‍ മാറ്റമില്ല.

  • വി.എസുമായുള്ള വിവാഹം പാര്‍ട്ടി വഴി എത്തിയതാണല്ലോ. വിവാഹാലോചനയെക്കുറിച്ച് നേരത്തേ അറിഞ്ഞിരുന്നോ
വിവാഹം കഴിക്കേണ്ട എന്ന് ചിന്തിച്ചയാളായിരുന്നു വി.എസ്. വയസ്സാകുമ്പോള്‍ ഒരു കൂട്ട് അത്യാവശ്യമാണെന്ന ചിന്തയില്‍ പിന്നെ തീരുമാനം മാറ്റി. ചേര്‍ത്തല കുത്തിയതോടിനുസമീപം കോടംതുരുത്തിലാണ് എന്റെ വീട്. കോടംതുരുത്തിലെ ഒരുയോഗത്തില്‍ വി.എസ്. പ്രസംഗിക്കാന്‍ വന്നപ്പോള്‍ കേള്‍ക്കാന്‍ പോയി. അന്ന് പിന്നില്‍നിന്ന് പ്രസംഗം കേള്‍ക്കുകയായിരുന്ന എന്നോട് പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ ടി.കെ. രാമന്‍ എന്ന സഖാവ് വന്നുചോദിച്ചു 'എങ്ങനെയുണ്ട് സഖാവിന്റെ പ്രസംഗം' എന്ന്.

പിന്നീട് സെക്കന്തരാബാദ് ഗാന്ധി ഹോസ്പിറ്റലില്‍ നഴ്സിങ് പഠിത്തം കഴിഞ്ഞ് ജോലിതുടങ്ങിയപ്പോള്‍ ഒരുദിവസം വീട്ടില്‍നിന്ന് കമ്പി സന്ദേശം എത്തി. ഉടന്‍ എത്തണം എന്നായിരുന്നു അതില്‍. വീട്ടിലെത്തിയപ്പോള്‍ അറിഞ്ഞു എന്റെ കല്യാണം നിശ്ചയിച്ചിരിക്കുന്നു. വരന്‍ വി.എസ്. അച്യുതാനന്ദന്‍. വിവാഹംകഴിഞ്ഞ് പിറ്റേന്ന് രാവിലെത്തന്നെ വി.എസ്. ഭാര്യയെ വീട്ടില്‍ കൊണ്ടാക്കി നിയമസഭാസമ്മേളനത്തിനുപോയി എന്ന് കേട്ടിട്ടുണ്ട്. അന്നത്തെ നവവധുവിന്റെ മനസ്സില്‍ എന്തായിരുന്നു

ഞാനും പാര്‍ട്ടിയിലുണ്ടായിരുന്നു. മഹിളാപ്രവര്‍ത്തകയായിരുന്നു. മഹിളാപ്രവര്‍ത്തനത്തിന് പോകുമ്പോള്‍ വി.എസിന്റെ പ്രസംഗങ്ങള്‍ ആവേശത്തോടെ കേള്‍ക്കും. അതിനോട് ആരാധനയായിരുന്നു. സഖാവിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും എന്തിനുവേണ്ടിയാണ് എന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് വി.എസിന്റെ കല്യാണാലോചന വന്നപ്പോള്‍ നല്ല ധാരണയുണ്ടായിരുന്നു, സാധാരണ പെണ്‍കുട്ടികള്‍ക്കുള്ളതുപോലെയുള്ള ജീവിതമല്ല എന്നെ കാത്തിരിക്കുന്നത് എന്ന്.

1967 ജൂലായ് 18-നായിരുന്നു ഞങ്ങളുടെ വിവാഹം. പാര്‍ട്ടി വാടകയ്ക്ക് എടുത്തുതന്ന, ആലപ്പുഴ ചന്ദനക്കാവിലെ കൊച്ചുവീട്ടിലാണ് വിവാഹദിവസം താമസിച്ചത്. പിറ്റേന്ന് രാവിലെ എന്നെ എന്റെ വീട്ടില്‍ കൊണ്ടാക്കിയശേഷം അദ്ദേഹം നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബസില്‍ കയറി തിരുവനന്തപുരത്തേക്കുപോയി.

  • വി.എസിനൊപ്പം തിരുവനന്തപുരത്തേക്ക് ആദ്യം പോയത് എന്നാണ്
വി.എസിനൊപ്പം അല്ല, വി.എസ്. ഇല്ലാതെയാണ് ആദ്യമായി തിരുവനന്തപുരത്ത് പോയത്, വി.എസിനെ കാണാന്‍. അന്ന് അദ്ദേഹം ജയിലിലാണ്. അടിയന്തരാവസ്ഥക്കാലം. സഖാവിനെ വീട്ടില്‍നിന്ന് പോലീസ് അര്‍ധരാത്രിയില്‍ പിടിച്ചുകൊണ്ടുപോയി. പിന്നെ തിരുവനന്തപുരത്ത് ജയിലിലാണെന്ന് അറിഞ്ഞു. ആറും എട്ടും വയസ്സുള്ള മക്കളെയും കൊണ്ട് ഞാന്‍ തിരുവനന്തപുരത്തേക്ക് ബസ് കയറി. എം.എല്‍.എ. ക്വാര്‍ട്ടേഴ്സില്‍ പോയി. അവിടെനിന്ന് ഞങ്ങളെ ജയിലിലേക്ക് കൊണ്ടുപോയി. ജയിലിലെ സന്ദര്‍ശനമുറിയില്‍ കുട്ടികള്‍ പേടിച്ചാണ് ഇരുന്നത്. പോലീസ് വണ്ടിവന്നപ്പോള്‍ അവര്‍ക്ക് കൂടുതല്‍ പേടിയായി. അതിലാണ് അച്ഛനെ കൊണ്ടുവരുക എന്നാണ് പറഞ്ഞിട്ടുള്ളത്. ജയില്‍പ്പുള്ളികളുടെ വേഷത്തില്‍ ആയിരിക്കുമോ എന്നൊക്കെ പേടിച്ചു. പോലീസ് കൊണ്ടുവന്നപ്പോള്‍ സാധാരണപോലെ മുണ്ടും ജുബ്ബയും ആയിരുന്നു.

  • ആ കാലത്ത് വീട്, ചെറിയ മക്കള്‍, ജോലി... എല്ലാം ഒറ്റയ്ക്ക് മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസമുണ്ടായിരുന്നില്ലേ
ആശയും അരുണും ചെറുതായിരുന്നപ്പോള്‍ അവരെ നോക്കാന്‍ എന്റെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നു. ജോലിയും വീട്ടുകാര്യവും ഒന്നിച്ച് കൊണ്ടുപോകുന്നതിന് പലപ്പോഴും പ്രയാസപ്പെട്ടിട്ടുണ്ട്. പിന്നെ എനിക്ക് ആസ്ത്മ രോഗമുണ്ട്. അതുണ്ടാക്കുന്ന പ്രയാസം ഇടയ്ക്ക് വരും. പ്രയാസങ്ങളെയെല്ലാം തരണം ചെയ്യണമല്ലോ...

  • സഖാവിനോടൊപ്പമുള്ള ജീവിതം മാറ്റങ്ങള്‍ വരുത്തിയോ...
ചന്ദനം ചാരിയാല്‍ ചന്ദനം മണക്കണ്ടേ? വി.എസിന്റെ സമരങ്ങളും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന രീതിയും ഒക്കെ കാണുന്നതുകൊണ്ടാകാം ഞാന്‍ ജോലിചെയ്തിരുന്ന മേഖലയില്‍ സമരംചെയ്ത് ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്. നഴ്സുമാരുടെ സംഘടനയില്‍ നേതാവായിരുന്നു. മുമ്പ് നഴ്‌സുമാര്‍ക്ക് 14 മണിക്കൂര്‍ ജോലിയായിരുന്നു. അത് എട്ടു മണിക്കൂര്‍ ആക്കിയതൊക്കെ ഞങ്ങളുടെ സമരത്തെത്തുടര്‍ന്നാണ്. അദ്ദേഹത്തിന്റെ ശക്തി പകര്‍ന്നുകിട്ടി എന്നത് യാഥാര്‍ഥ്യം.

  • രാഷ്ട്രീയത്തിലും പാര്‍ട്ടിയിലും വി.എസ്. പ്രതിസന്ധികളും നേരിട്ടിട്ടുണ്ട്. ആ വിഷമങ്ങള്‍ പങ്കുവെക്കുമായിരുന്നോ
അതൊന്നും ഞങ്ങള്‍ക്ക് അറിയുകയേ ഇല്ല. രാഷ്ട്രീയവും കമ്യൂണിസ്റ്റുകാരനും ഒരു മേഖല. കുടുംബം മറ്റൊരു മേഖല. രണ്ടും കൂടി കലരില്ല.

1996-ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് വി.എസ്. തോറ്റപ്പോഴുള്ള കാര്യം പറയാം. അപ്രതീക്ഷിത തോല്‍വിയറിഞ്ഞ് എല്ലാവരും ഞെട്ടി. അന്ന് വി.എസിനെ തോല്‍പ്പിച്ച എതിരാളിപോലും എന്തുചെയ്യണം എന്നറിയാതെ ഇരിക്കുകയാണ്. വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ സ്ഥാനാര്‍ഥിയുടെ ഒപ്പും ഇട്ടിട്ട് അദ്ദേഹം കൂളായി വീട്ടില്‍ വന്നു. ഞങ്ങളെല്ലാം അന്തംവിട്ടിരിക്കുന്നു. തലേന്ന് രാത്രി അദ്ദേഹം ഉറങ്ങിയിരുന്നില്ല. അതുകൊണ്ട് വന്നയുടന്‍ കിടന്നു. ഒരു മണിക്കൂറോളം ഉറങ്ങി. പത്രക്കാര്‍ വന്നപ്പോള്‍ സംസാരിച്ചു. പിന്നെ കാറില്‍ക്കയറി കമ്മിറ്റിക്ക് തിരുവനന്തപുരത്തേക്ക് പോയി.

തോല്‍വിയോ വിജയമോ വിവാദങ്ങളോ വി.എസിനെ ബാധിക്കാറില്ല എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ഞങ്ങള്‍ വീട്ടില്‍ രാഷ്ട്രീയം സംസാരിക്കാറില്ല. ഞങ്ങള്‍ അന്വേഷിക്കാറുമില്ല. പത്രത്തില്‍ വരുമ്പോഴാണ് കാര്യങ്ങള്‍ അറിയുന്നത്

Content Highlights: wife vasumathi shares memory on vs achuthanandan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented