'കവിതചൊല്ലി' രാഹുലിനെ തോല്‍പിച്ചു; വി.എസ്സിന്റെ വാക്ശരത്തില്‍ ഹെലികോപ്ടര്‍ ഉപേക്ഷിച്ച ഉമ്മന്‍ ചാണ്ടി


കെ. ബാലകൃഷ്ണന്‍നൂറാം വയസ്സിലേക്ക് കടക്കുകയാണ് വി.എസ്. അച്യുതാനന്ദന്‍. കമ്യൂണിസ്റ്റ് ആദര്‍ശവും പോരാട്ടവീര്യവും ഒത്തുചേര്‍ന്ന ജനകീയനായ നേതാവ്. കേരളത്തിന്റെ സമരപോരാട്ട ചരിത്രം വി.എസിന്റെ രാഷ്ട്രീയജീവിതവുമായിക്കൂടി ഇടകലര്‍ന്നതാണ്. വി.എസിനെ കുറിച്ച് മാതൃഭൂമി ലീഡര്‍ റൈറ്റര്‍ കെ. ബാലകൃഷ്ണന്‍ എഴുതുന്നു.

വി.എസ്. അച്യുതാനന്ദൻ, രാഹുൽ ഗാന്ധി, ഉമ്മൻ ചാണ്ടി| Photo: Mathrubhumi, ANI

വി.എസ്.അച്യുതാനന്ദന്റെ ജന്മശതാബ്ദിയെക്കുറിച്ചാലോചിക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക വാര്‍ധക്യത്തെക്കുറിച്ചുള്ള ടി.എസ്. തിരുമുമ്പിന്റെ കവിതയാണ്. ഒരു തിരഞ്ഞെടുപ്പില്‍ തരംഗമായിത്തീര്‍ന്ന ആ വരികള്‍. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ്. സ്ഥാനാര്‍ഥിയാകുമെന്ന് ആരും കരുതിയതല്ല. അന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചത് മുഖ്യമന്ത്രി വി.എസ്. മത്സരിക്കേണ്ടതില്ല, പ്രചരണം നയിക്കണമെന്നാണ്. 88 വയസ്സായ വി.എസ്. പ്രായാധിക്യം കാരണം മത്സരത്തില്‍നിന്ന് മാറിനില്‍ക്കണമെന്നാണ് നിര്‍ദേശിക്കപ്പെട്ടത്. പ്രായാധിക്യമായ സാഹചര്യത്തില്‍ സംസ്ഥാനത്താകെ പ്രചരണം നടത്താന്‍ തനിക്കെങ്ങനെയാണാവുക, നാലഞ്ച് പൊതുയോഗത്തില്‍ ഞാന്‍ സംസാരിക്കാം, അത്രതന്നെ- എന്ന നിലപാടിലായിരുന്നുവത്രെ വി.എസ്.

പക്ഷേ അടുത്തദിവസം കാര്യങ്ങളെല്ലാം മാറിമറിയുകയും അസാധാരണമായത് സംഭവിക്കുകയും ചെയ്തു. വി.എസ്. മത്സരിക്കണമെന്ന് താഴെത്തട്ടില്‍നിന്നുള്ള സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് മറ്റ് മാര്‍ഗമില്ലാതെ പിറ്റേന്ന് വീണ്ടും സംസ്ഥാന കമ്മിറ്റി ചേരാന്‍ പോളിറ്റ് ബ്യൂറോ നിര്‍ദേശിക്കുകയായിരുന്നു. വി.എസ്. മലമ്പുഴയില്‍നിന്ന് വീണ്ടും ജനവിധി തേടണമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കുയായിരുന്നു. ഇടതുപക്ഷത്തെ മറ്റ് സ്ഥാനാര്‍ഥികള്‍ക്കെല്ലാം അത് വലിയ ആശ്വസമാവുകയും ചെയ്തു. മാര്‍ച്ച് 18-നായിരുന്നു ആ തീരുമാനം. ജന്മദിനം പ്രമാണിച്ച് മാതൃഭൂമി പത്രത്തിന് അന്ന് അവധിയായിരുന്നു. സി.പി.എം. തീരുമാനം മാറ്റിയ അസാധാരണ സംഭവം അവതരിപ്പിക്കേണ്ടദിവസം പത്രം ഇല്ലെന്നത് ക്ഷീണമാകുമെന്ന തോന്നലാല്‍ അവധി കാന്‍സലാക്കി പത്രം പ്രസിദ്ധപ്പെടുത്തുകയായിരുന്നു.തിരഞ്ഞെടുപ്പില്‍ പ്രധാന ഫോക്കസ് സ്ഥാനാര്‍ഥിത്വ പ്രശ്‌നത്തില്‍ത്തന്നെയായതോടെ ചര്‍ച്ചാവിഷയം അതില്‍ കുരുങ്ങിവളര്‍ന്നു... അങ്ങനെയിരിക്കെയാണ് സി.പി.എം. പാര്‍ട്ടിക്ക് പുറത്തുനിന്നും പ്രായാധിക്യാരോപണം ഉയരാന്‍ തുടങ്ങിയത്. യഥാര്‍ഥത്തില്‍ വി.എസിന് പ്രായാധിക്യത്തിന്റെ പ്രശ്‌നമുണ്ടായിരുന്നു. മന്ത്രിസഭായോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ത്തന്നെ ചിലപ്പോള്‍ മയക്കംവന്നുപോയ അനുഭവങ്ങളുണ്ട്. 2011-ലെ തിരഞ്ഞെടുപ്പില്‍ 2006-ലേതുപോലെ മത്സരപ്രശ്‌നമുണ്ടാകുമെന്ന് അദ്ദേഹത്തോടൊപ്പമുള്ളവരോ പാര്‍ട്ടി നേതൃത്വമോ കരുതിയിരുന്നില്ലെന്നാണ് തോന്നുന്നത്. ഏതായാലും എന്നെപ്പോലുള്ളവര്‍ കരുതിയതേയില്ല. അദ്ദേഹം മത്സരിക്കുന്നത് ശരിയല്ലെന്ന് ഞങ്ങള്‍ പരസ്പരം സംസാരിച്ചതായും ഓര്‍ക്കുന്നു. എന്നാല്‍ വി.എസിന്റെ മനസ്സില്‍ ഭരണത്തുടര്‍ച്ചയെന്ന ആശയമുണ്ടായിരുന്നുവെന്ന് സൂചന കിട്ടിയത് എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണജാഥയുടെ ഉദ്ഘാടന പ്രസംഗത്തില്‍നിന്നാണ്. ബംഗാളിലേതുപോലെ കേരളത്തിലും ഭരണത്തുടര്‍ച്ചയുണ്ടാകണം, ഞങ്ങള്‍ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കണമെന്ന് കോടിയേരിയുടെ നേതൃത്വത്തില്‍ കാസര്‍ക്കോട്ടുനിന്നാരംഭിച്ച ഉത്തരേമഖലാ ജാഥ ഉദ്ഘാടനം ചെയ്ത് വി.എസ്. അഭ്യര്‍ഥിച്ചു.

വി.എസ്. അച്യുതാനന്ദനൊപ്പം കെ. ബാലകൃഷ്ണന്‍| Photo:Special arrangement

അതിന് ശേഷമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിശദമായ ഒരു നോട്ട് തയ്യാറാക്കി വി.എസിന് നല്‍കിയത്. കേരളത്തില്‍ ഭരണപക്ഷത്തുള്ളവര്‍ പ്രതിപക്ഷത്താവുക, ജയിക്കുന്നവര്‍ക്ക് 100, തോല്‍ക്കുന്നവര്‍ക്ക് 40 എന്ന തോതിലുള്ള സീറ്റ് എന്ന അവസ്ഥ മാറാനുള്ള സാധ്യതയുള്ളതായും എന്നാല്‍ അതിന് അത്യന്താപേക്ഷിതം മുന്നണിയിലും പാര്‍ട്ടിയിലുമുള്ള ശാന്തത കാത്തുസൂക്ഷിക്കലാണെന്നും വ്യക്തമാക്കിയിരുന്നു. ബംഗാള്‍ മോഡല്‍ ഭരണത്തുടര്‍ച്ചയെന്ന മുദ്രാവാക്യം ഒരുരീതിയിലും ഇവിടെ സ്വീകരിക്കപ്പെടില്ലെന്നുമാത്രമല്ല, അത് തിരിച്ചടിയാവുമെന്നും അതില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വി.എസ്. അതില്‍ത്തന്നെ ഊന്നി. അപ്പോഴും മറ്റാര്‍ക്കും പ്രതീക്ഷയില്ലായിരുന്നെങ്കിലും അതിന് പാര്‍ട്ടി നിര്‍ബന്ധിതമാകുമെന്ന് വി.എസ്. കരുതിയിട്ടുണ്ടാവാം.

പ്രായാധിക്യം പരിഗണിച്ച് വി.എസ് മാറിനില്‍ക്കണമെന്ന് തീരുമാനിച്ച് സംസ്ഥാന കമ്മിറ്റി പിരിയുമ്പോഴേക്കുതന്നെ യോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചാനലുകളില്‍ നിറഞ്ഞുകഴിഞ്ഞു. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ വി.എസ്. എം.എല്‍.എ. ഹോസ്റ്റലിനടുത്തെത്തിയ ശേഷം വീണ്ടും എ.കെ.ജി. സെന്ററിലേക്കുതന്നെ മടങ്ങിയെന്ന് ഫ്‌ളാഷ് നിറയാന്‍ തുടങ്ങിയതോടെ ആശങ്കയുടെ അന്തരീക്ഷമായി. എന്തോ അത്യാവശ്യകാര്യത്തിന് പോയി ഉടന്‍തന്നെ മടങ്ങുകയും ചെയ്തു. പിറ്റേന്നാണ് കാര്യങ്ങള്‍ മാറിമറയുന്നത്..

അപ്രതീക്ഷിതമായി വി.എസ്. വീണ്ടും സ്ഥാനാര്‍ഥിയായെത്തിയത് അക്ഷരാര്‍ഥത്തില്‍ നടുക്കിയത് പ്രതിപക്ഷത്തെയാണ്. ആരും സ്വപ്‌നേപി വിചാരിക്കാത്തതാണ് നടന്നത്. പാര്‍ട്ടിക്കകത്തെ വിമര്‍ശമായ പ്രായപ്രശ്‌നത്തില്‍ പിടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം തീരുമാനിച്ചു. വീടുകയറിയുള്ള പ്രചരണത്തിലും പ്രാദേശികയോഗങ്ങളിലും മാത്രമല്ല ആ പ്രചരണമുണ്ടായത്‌. വലിയ റാലികളിലും തുടര്‍ന്നു. അങ്ങനെയിരിക്കെയാണ് എ.ഐ.സി.സി. പ്രസിഡന്റ് സോണിയാഗാന്ധിയും മകനും എ.ഐ.സി.സി.ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ ഗാന്ധിയും ഹെലികോപ്റ്ററില്‍ പ്രചരണത്തിനായി ഓരോ ജില്ലയിലുമെത്തിയത്. ഒന്നിച്ച് പ്രചരണത്തിനെത്തിയ അവര്‍ക്ക് പലയിടത്തും തണുപ്പന്‍ സ്വീകരണമാണ് ലഭിച്ചത്. കോഴിക്കോട്ടെ റാലിയില്‍ രാഹുല്‍ വി.എസിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ചു. ഇവിടെ മുഖ്യമന്ത്രിയാവാന്‍ വീണ്ടും മത്സരിക്കുന്നയാള്‍ക്ക് അപ്പോഴേക്കും 95 വയസ്സാകുമെന്നടക്കമുള്ള വാക്കുകള്‍.. ചാനലുകളിലെല്ലാം കളിയാക്കല്‍പോലെ അത് നിറഞ്ഞു. പിറ്റേന്ന് പത്രങ്ങളിലും വലിയ വാര്‍ത്തയായി.

വി.എസ്. അച്യുതാനന്ദനൊപ്പം കെ. ബാലകൃഷ്ണന്‍ | Photo: Special arrangement

മലമ്പുഴ മണ്ഡലത്തിലെ പ്രചരണവുമായി ബന്ധപ്പെട്ട് പാലക്കാട്ട് ചന്ദനഗറില്‍ വാടകവീട്ടിലാണ് അപ്പോള്‍ വി.എസ്. ഉളളത്. വി.എസിനൊപ്പം സഹായിയായി ഉണ്ടായിരുന്ന ഞാനും വി.കെ. ശശിധരനും ജോസഫ് മാത്യുവും അന്ന് സ്ഥലത്തുണ്ടായിരുന്നില്ല. സന്തസഹചാരിയായ സുരേഷ് മാത്രമാണുള്ളത്. രാഹുലിന്റെ വാക്കുകള്‍ക്കെതിരെ ചുട്ടമറുപടി കൊടുക്കണമെന്ന് പലരും വിളിച്ച് പറയുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് അടുത്ത സുഹൃത്തായ അധ്യാപകന്‍ ഉമ്മര്‍ വിളിച്ച് നിനക്കെന്താ തിരുമുമ്പിന്റെ കവിത ഓര്‍മയില്ലേ എന്ന് ചോദിച്ചത്. യുറേക്കാ എന്ന് പ്രതികരണംപോലെ പൊട്ടിച്ചിരിയോടെ മതിയെടോ മതി എന്ന് ഞാന്‍. ഉടനെ സുരേഷിനെ വിളിച്ചെങ്കിലും കിട്ടിയില്ല. സുരേഷിന്റെ ഭാര്യ ഷീബയെ വിളിച്ച് എഴുതിയെടുക്കാന്‍ പറഞ്ഞു.. തിരുമുമ്പിന്റെ വരികള്‍..

വി.എസ്സിന് മുന്‍പേ അറിയാമായിരുന്ന വരികളാണ്. ആ വരികളടങ്ങിയ കടലാസ് സുരേഷ് കൈമാറിയപ്പോള്‍ വി.എസ്. പൊട്ടിച്ചിരിച്ചു. പലതവണ വായിച്ച് തലകുലുക്കി... സ്വീകരണകേന്ദ്രത്തില്‍ ചാനലുകള്‍ വളഞ്ഞപ്പോള്‍ ആ കടലാസ് കയ്യില്‍പ്പിടിച്ചുതന്നെ വി.എസ്. ഉറക്കെ പാടി...


" തല നരക്കുവതല്ലെന്റെ വൃദ്ധത്വം
തല നരയ്ക്കാത്തതല്ലെന്റെ യുവത്വവും
പിറവി തൊട്ടുനാളെത്രയെന്നെണ്ണുമ-
പ്പതിവുകൊണ്ടല്ലളപ്പതെന്‍ യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍
തലകുനിക്കാത്ത ശീലമെന്‍ യൗവനം.
ധനികധിക്കൃതിതന്‍ കണ്ണുരുട്ടലില്‍
പനിപിടിക്കാത്ത ശീലമെന്‍ യൗവനം"


അല്‍പം തപ്പിയും തടഞ്ഞുമാണെങ്കിലും അസാധാരണ മുഴക്കത്തോടെയുള്ള ആ പ്രകടനം തകര്‍ത്തു! സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യമുള്ള തന്നെ ആക്ഷേപിക്കാന്‍ വെറും അമൂല്‍ ബേബിയായ രാഹുലാരാണ് എന്ന ചോദ്യംകൂടിയായതോടെ കുറിക്കുകൊണ്ടു. തിരഞ്ഞെടുപ്പില്‍ അത് ട്രെന്‍ഡ് സെറ്ററായെന്നതാണ് വാസ്തവം.

വാസ്തവത്തില്‍ അതിനും മുമ്പുതന്നെ ഐക്യജനാധിപത്യമുന്നണി പതറിപ്പോയിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വി.എസിന്റെ പര്യടനം ആരംഭിച്ചത് ആറ്റിങ്ങല്‍ മണ്ഡലത്തിലോ കഴക്കൂട്ടം മണ്ഡലത്തിലോ ആയിരുന്നു. വി.എസും സുരേഷും പുറപ്പെട്ട് കാല്‍ മണിക്കൂറായിക്കാണും ഏഷ്യാനെറ്റില്‍ ഒരു ഫ്‌ളാഷും തുടര്‍ന്ന് ചിത്രവും... കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഇന്ന് പ്രചരണം തുടങ്ങുന്നു. എ.ഐ.സി.സി. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കെ.പി.സി.സി.ക്ക് നല്‍കിയ രണ്ട് ഹെലികോപ്റ്ററുകളില്‍ ഒന്നാണ് ചെന്നിത്തല ഉപയോഗിക്കുക. ആദ്യമായി തന്റെ മണ്ഡലമായ ഹരിപ്പാടുനിന്ന് പാലായിലേക്കാണ് പറക്കുക. പാലായില്‍ കെ.എം. മാണിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ ഹെലികോപ്റ്ററില്‍ പോകുന്നു.. 70 കിലോമീറ്റര്‍ യാത്രക്ക് ഹെലികോപ്റ്റര്‍. ഉടന്‍തന്നെ സുരേഷിനെ വിളിച്ച് വിവരമറിയിച്ചു.

വി.എസ്. വിളിച്ച് കൂടുതല്‍ വിവരങ്ങളന്വേഷിച്ചു. നേരത്തെ കരുതിയ കുറിപ്പ് മാറ്റിവെച്ച് വി.എസ്. ഹെലികോപ്റ്ററില്‍ കയറിപ്പിടിച്ചു. ചെന്നിത്തല ഹെലികോപ്റ്ററില്‍ പ്രചരണത്തിന് പോകുന്നു, ഹരിപ്പാട്ടുനിന്ന് പാലായിലേക്ക്. സവിശേഷമായ താളത്തില്‍ ആടിയും കുലുങ്ങിയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആഞ്ഞടി... ചാനലുകള്‍ ചര്‍ച്ചയായി, ക്ലിക്കായി.. രണ്ടാമത്തെ ഹെലികോപ്റ്റര്‍ ഉപയോഗിക്കേണ്ടിയിരുന്ന ഉമ്മന്‍ചാണ്ടി, താന്‍ ഹെലികോപ്റ്ററില്‍ പ്രചരണം നടത്തില്ലെന്ന് ചാനലുകളോട് പ്രതികരിച്ചു. ചെറിയദൂരത്തില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് പരക്കേ പരിഹാസമുളവാക്കിയ സാഹചര്യത്തില്‍ ചെന്നിത്തലയും ഹെലികോപ്റ്റര്‍ പ്രചരണം ഉപേക്ഷിച്ചു. അങ്ങനെ രണ്ട് ഹെലികോപ്റ്ററും വെറുതെയായെങ്കിലും പ്രചരണരംഗത്ത് അത് നിറഞ്ഞുനിന്നു... അത്തവണത്തെ തിരഞ്ഞെടുപ്പില്‍ പ്രചരണരംഗത്ത് തുടക്കത്തിലേതന്നെ എല്‍.ഡി.എഫിന് മേല്‍ക്കൈയുണ്ടായത് ആ തുടക്കത്തോടെയാണ്. കേരളംപോലുള്ള ചെറിയ സംസ്ഥാനത്ത് പ്രചരണം നടത്തുന്നതിന് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത് ജനങ്ങളില്‍ അവജ്ഞയാണുണ്ടാക്കുകയെന്ന തിരിച്ചറിയുന്നതിന് ആ സംഭവം പൊതുവേ ഇടയാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്താണ് പ്രചരണം നടത്തിയത് പിന്നീട് വലിയ ചര്‍ച്ചയായല്ലോ..

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിന് ശേഷം അപ്രതീക്ഷിതമായുണ്ടായ മാറ്റം എല്‍.ഡി.എഫിന്റെ പ്രചരണത്തില്‍ ബാധിച്ചില്ലെങ്കിലും അതിന്റെ കേന്ദ്രീകൃതനിരീക്ഷണസംവിധാനത്തെ ബാധിച്ചുവെന്നുവേണം കരുതാന്‍. വിവിധ ജില്ലകളിലെ മണ്ഡലങ്ങളില്‍ വി.എസ്. പ്രസംഗിക്കാനെത്തിയ സ്ഥലങ്ങളിലുണ്ടായ ഇളക്കം ശരിക്കും കേരളത്തലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ അദ്ഭുതംതന്നെയായിരുന്നു. അത്രവലിയ ജനക്കൂട്ടം, അത്ര വലിയ ആവേശത്തള്ളിച്ച. വലിയൊരു ട്രെന്‍ഡ് രൂപപ്പെടുകയായിരുന്നു. ഭരണവിരുദ്ധവികാരം കാരണം ഭരണമുന്നണി നാല്‍പതി ചില്വാനം സീറ്റില്‍ ഒതുങ്ങുന്ന പതിവുരീതിക്ക് മാറ്റംവരുമെന്ന ഉറച്ച് തോന്നലുണ്ടായി. പ്രചരണരംഗം ശരിക്കും നിരീക്ഷിച്ച ഞങ്ങള്‍ക്ക് എണ്ണാന്‍ കഴിഞ്ഞത് 65 സീറ്റുവരെയാണ്. നേരിയ ഒരു പ്രതീക്ഷ.. പക്ഷേ എണ്ണിത്തുടങ്ങിയപ്പോള്‍ പ്രതീക്ഷിച്ച നാലഞ്ചു മണ്ഡലങ്ങളില്‍ തിരിച്ചടി മണത്തു. പക്ഷേ അപ്രതീക്ഷിതമായി ചില മണ്ഡലങ്ങളില്‍ വിജയവും. പ്രചരണം കണ്ട മനസ്സില്‍ എണ്ണിയതിനേക്കാള്‍ സീറ്റ് കിട്ടിയെങ്കിലും ഭരണത്തുടര്‍ച്ചയിലെത്തിയില്ല.

ഭരണത്തുടര്‍ച്ചയില്ലാതായത് മൂന്ന് സീറ്റിന്റെ കുറവിലാണ്. എല്‍.ഡി.എഫ്. സ്ഥിരമായി ജയിച്ചുവരുന്ന കൂത്തുപറമ്പ് മണ്ഡലം ഐ.എന്‍.എല്ലിന് നല്‍കിയത് ആ സീറ്റ് നഷ്ടപ്പെടുന്നതിന് ഒരുകാരണമായി. 3,303 വോട്ടിനാണ് കൂത്തുപറമ്പില്‍ തോറ്റത്. ജനതാദള്‍ മുന്നണി വിട്ടുപോയതിന്റെ ഫലംകൂടിയായിരുന്നു അത്. സ്ഥിരമായി എല്‍.ഡി.എഫ്. ജയിക്കുന്ന അഴീക്കോട് 493 വോട്ടിനാണ് നഷ്ടപ്പെട്ടത്. തൃശൂരിലെ മണലൂര്‍ സീറ്റില്‍ ഒരു പ്രാവശ്യം മാത്രം എം.എല്‍.എ.യായ മുരളി പെരുനെല്ലിയെ അകാരണമായി മാറ്റി ബേബി ജോണിനെ സ്ഥാനാര്‍ഥിയാക്കിയത് തിരിച്ചടിയായി- 481 വോട്ടിന് തോറ്റു. പിറവത്ത് എം.ജെ.ജേക്കബ്ബ് ടി.എം. ജേക്കബ്ബിനോട് തോറ്റത് 157 വോട്ടിന്. കോട്ടയത്ത് വി.എന്‍.വാസവന്‍ തിരുവഞ്ചൂരിനോട് തോറ്റത് 711 വോട്ടിന്. പാറശ്ശാലയില്‍ ആനാവൂര്‍ നാഗപ്പന്‍ തോറ്റത് 505 വോട്ടിന്. മുന്‍ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പമായിരുന്ന ജനതാദള്‍ യു.ഡി.എഫിലെത്തിയത് അവര്‍ക്ക് നേട്ടമായി. ജനതാദളിന്റെ രണ്ടംഗങ്ങളാണ് വാസ്തവത്തില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം.

Content Highlights: when vs achuthanandan gave befitting reply to rahul gandhis criticism over age remark


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented