വി.എസ്.: ഹരിത രാഷ്ട്രീയത്തിന്റെ നാള്‍വഴികള്‍


ഇ. കുഞ്ഞികൃഷ്ണന്‍

വി.എസ്. അച്യുതാനന്ദൻ

വി.എസ്. അച്യുതാനന്ദന്‍ നൂറിലേക്ക് . പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും കേരളത്തില്‍ ഹരിതരാഷ്ട്രീയം അടയാളപ്പെടുത്തിയ ആളെന്ന് കാലം വി.എസിനെ വിലയിരുത്തും. പശ്ചിമഘട്ടത്തിലെ വന ആവാസ വ്യവസ്ഥയും കാടിനു വെളിയിലെ തണ്ണീര്‍ത്തടങ്ങളും വയലുകളുമാണ് ഇവിടത്തെ മണ്ണിനെയും മനുഷ്യനെയും മറ്റു ജീവജാലങ്ങളേയും നിലനിര്‍ത്തുന്നതും കാലാവസ്ഥയെ ക്രമീകരിക്കുന്നതും എന്ന് പൂര്‍ണ്ണമായും വിശ്വസിച്ച ജനകീയ നേതാവ്. വനമേഖലകളില്‍ സംഘടിതമായ കൈയേറ്റങ്ങള്‍ രാഷ്ട്രീയ കക്ഷികളുടെ പിന്‍ബലത്തോടെ നടന്നിരുന്നു. കേരളത്തിന്റെ കണ്ണായ ഭൂപ്രദേശങ്ങളാണ് എലമലക്കാടുകളും മൂന്നാറും പെരിയാറിന്റെ വൃഷ്ടിപ്രദേശം. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഏലമല റിസര്‍വിലെ മതികെട്ടാന്‍ മേഖലയില്‍ സംഘടിതമായി കൈയേറ്റം നടക്കുന്നതിനെതിരെ ശക്തമായി ശബ്ദിച്ച വി.എസ്. മലകളിലെ അവസ്ഥ കാണാന്‍ 2002 മേയ് മാസത്തില്‍, 78-ാം വയസ്സില്‍ മലകള്‍ കയറി. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ കുടെ കൂടി. വളരെ വിജയകരമായ ഒരു ഇടപെടലായിരുന്നു ഇത്. മതികെട്ടാനിലെ 12.82 ചതുരശ്ര കിലോമീറ്റര്‍ വനം ഒരു നാഷണല്‍ പാര്‍ക്കായി സംരക്ഷിക്കാന്‍ 2003 ല്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായി. പൂയംകുട്ടി മേഖലയിലെ കാടുകയറ്റങ്ങള്‍ വി.എസ്. നേരിട്ട് കണ്ടു നടപടിക്കാവശ്യപ്പെട്ടു. കമ്പക്കല്ല് മലകളിലെ കഞ്ചാവ് തോട്ടങ്ങള്‍ വി എസ് കണ്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സമാന യാത്ര നടത്താന്‍ നിര്‍ബന്ധിതനായി. കമ്പക്കല്ലിന്റെ ഇപ്പോഴത്തെ നിയ്രന്തണം കുറിഞ്ഞിമല സാങ്ച്വറിക്കാണ്.

ഒരു വിഷയത്തില്‍ ഇടപെടുമ്പോള്‍ അതിന്റെ നാനാവശങ്ങളും കൃത്യമായി പഠിച്ച് നോട്ട് ഉണ്ടാക്കി മാത്രമേ വി.എസ്. പത്രസമ്മേളനങ്ങള്‍ വിളിച്ചിരുന്നുള്ളു. കേസുകള്‍ കൃത്യമായി നടത്താതെ കോടതി വ്യവഹാരങ്ങളില്‍ തോറ്റതിനാല്‍ ആയിരക്കണക്കിന് നിക്ഷിപ്ത വനഭൂമി നഷ്ടപ്പെടുമെന്നായപ്പോള്‍, മണ്ണാര്‍ക്കാട്ടെ കാക്കിവാണി വനത്തിന്റേയും മന്ദന്‍പൊട്ടിയുടെയും കോഴിക്കോട്ടെ കാവിലുംപാറയിലേയുമൊക്കെ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് കന്റോണ്‍മെന്റ് ഹൗസില്‍ വെച്ച് നടന്ന ഒരു പത്രസമ്മേളനത്തിലൂടെ അദ്ദേഹം ഇക്കാര്യം ജനങ്ങളിലേക്കെത്തിച്ചു. വിവരശേഖരണത്തിനും തയ്യാറെടുപ്പിനും ആയി വി.എസ്. ചെലവിട്ടത് ആഴ്ചകളാണ്.മൂന്നാറിലും ഏലമലക്കാടുകളിലും കണ്ണായ സര്‍ക്കാര്‍ഭൂമി കയ്യൂക്കിലൂടെയും അഴിമതിയിലൂടെയും ഒത്തുകളിയിലൂടെയും ഏതാനും വ്യക്തികള്‍ കൈയ്യേറി കള്ളപ്പട്ടയമുണ്ടാക്കി സ്വന്തമാക്കിയതിനെക്കുറിച്ചുള്ള വിശദമായ വിവരം വി.എസിന് ഉണ്ടായിരുന്നു. മൂന്നാറിലെ അദ്ദേഹത്തിന്റെ ഇടപെടല്‍ തീരുമാനം പെട്ടെന്ന് എടുത്ത ഒന്നല്ല. ഇന്റലിജന്‍സ് ഡി.ജി.പി. ആയിരുന്ന രാജന്‍ മഥേക്കര്‍ 2004-ല്‍ സര്‍ക്കാരിന് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു കൊണ്ടുവന്നത്. ഏകദേശം മൂവായിരം കള്ളപ്പട്ടയങ്ങളുടെ വിശദ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. റവന്യൂ ഓഫീസിലെ രജിസ്റ്ററുകളും രേഖകളും ഏതാനും ഉദദ്യാഗസ്ഥരുടെ ഒത്താശയോടെ നശിപ്പിച്ചതായും കണ്ടു. മഥേക്കറുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം രൂപീകരിച്ച വിദഗ്ധ കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടിലും രേഖകളുടെ കാരൃത്തില്‍ ധാരാളം തിരിമറികള്‍ കണ്ടെത്തി.

കൈയേറ്റക്കാര്‍ക്കും കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കും എതിരെ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ പ്രകാരം നടപടിയെടുക്കാന്‍ വിദഗ്ധസമിതി ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് സക്കാരിന്റെ പക്കലുണ്ടായിരുന്നു. മുഖ്യമന്ത്രി വി.എസ്. 2007 ഏപ്രില്‍ മാസത്തില്‍ ആലുവ ഗസ്റ്റ് ഹൌസില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍, പശ്ചിമഘട്ടത്തിലെ ഈയൊരു മേഖലയിലെ ഭൂമി കൈയേറ്റങ്ങള്‍ നിയമപ്രശ്‌നങ്ങളോടൊപ്പം, വലിയൊരു പരിസ്ഥിതി നാശത്തിലേക്കു കൂടിയാണ് കേരളത്തിനെ നയിക്കുന്നതെന്ന കാര്യം ജനങ്ങളിലേക്കെത്തിച്ചു.

സര്‍ക്കാര്‍ ഭൂമി വീണ്ടെടുത്ത് സംരക്ഷിക്കാന്‍ ശക്തമായ നടപടികളുമായി തന്റെ സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് വെളിപ്പെടുത്തി. അങ്ങിനെയാണ് ഐതിഹാസികമായ മുന്നാര്‍ ഓപ്പറേഷന്‍ നടക്കുന്നത്. പതിനൊന്നായിരം ഏക്കര്‍ ഭൂമിയാണ് അന്ന് ദാത്യസംഘം വീണ്ടെടുത്തത്. അന്നുണ്ടായ പുകില്‍ മറക്കാറായിട്ടില്ല. (ആ ഭൂമിക്കൊക്കെ ഇന്ന് എന്ത് സംഭവിച്ചു എന്നത് മറ്റൊരു കഥ). എന്ത് ശക്തമായ മാഫിയയാണ് കൈയേറ്റങ്ങള്‍ക്ക് പുറകിലെന്നു കേരളം മനസ്സിലാക്കിയ കാലം. ഓപ്പറേഷന്‍ പൂര്‍ത്തീകരിക്കാന്‍ പറ്റിയില്ലെങ്കിലും അതിന്റെ അനുരണനങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. പിന്നീട്, കുറിഞ്ഞിമല സാങ്ചറിയിലെ ഭൂകൈയേറ്റം സംബന്ധിച്ചു, അഡിഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കൊടുത്ത റിപ്പോര്‍ട്ടിലും കൈയേറ്റം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. വി.എസിന്റെ ചെയ്തികളെ ഇതെല്ലം തികച്ചും ന്യായീകരിക്കുന്നു. അവസാനം 2020 മാര്‍ച്ച് മാസത്തില്‍, രാജന്‍ മഥേക്കറിന്റെയും നിവേദിതയുടെയും റിപ്പോര്‍ട്ടുകളിന്മേല്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ ബോധ്യപ്പെടുത്താന്‍ കേരള ഹൈക്കോടതി ആവശ്യപ്പെടുകയുണ്ടായി.

വി.എസ്. സര്‍ക്കാരിന്റെ പാദമുദ്രകള്‍ പതിച്ച നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കാരണമാണ് കേരളത്തിലെ നെല്‍വയലുകളുടെ കുത്തനെയുള്ള ശോഷണം ഒരു പരിധി വരെയെങ്കിലും പിടിച്ചു നിര്‍ത്താന്‍ പറ്റിയത്. രണ്ടായിരത്തെട്ട് ഓഗസ്റ്റ് മാസത്തില്‍ നിലവില്‍ വന്ന ആ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടേയിരിക്കുന്നു. നിയമത്തില്‍ ആവശ്യപ്പെട്ട നെല്‍വയല്‍ ഡാറ്റാ ബാങ്ക ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. 2001 നും 2006 നും ഇടയില്‍, പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍, നെല്‍വയല്‍ വന്‍തോതില്‍ തരം മാറ്റുന്നതിനെതിരെ വി.എസിന്റെ 'വെട്ടിനിരത്തല്‍' പ്രതികരണം ഉണ്ടായി.

പരിസ്ഥിതിയിലും ഭക്ഷ്യസുരക്ഷയിലും സാധാരണക്കാരുടെ തൊഴില്‍ മേഖലയിലും വലിയ ആഘാതങ്ങളാണ് നെല്‍വയല്‍ നികത്തല്‍ ഏല്‍പ്പിച്ചത്. 1974 -75 കാലത്ത് 8.82 ലക്ഷം ഹെക്ടര്‍ നെല്‍വയലുകളുണ്ടായിരുന്നത് 2015-16 ആയപ്പോള്‍ 1.96 ലക്ഷം ഹെക്ടര്‍ ആയി ചുരുങ്ങി.ഇതേ കാലയളവില്‍ നെല്ലുല്‍പ്പാദനം 13.76 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 5.49 മെട്രിക് ടണ്‍ ആയി കുറഞ്ഞുവെന്നും ആണ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ 'ഇക്കണോമിക് റിവ്യൂ' വില്‍ പറയുന്നത്. 1980 കളില്‍ മാത്രം കേരളത്തിന് നഷ്ടമായത് 32 ശതമാനം നെല്‍ വയലുകളാണ്. കേന്ദ്ര സര്‍ക്കാര്‍, തണ്ണീര്‍ തടങ്ങളെ സംരക്ഷിക്കാന്‍ ഒരു പ്രത്യേക നിയമത്തെക്കുറിച്ചു ചിന്തിച്ചത് 2010-ല്‍ മാത്രമാണ്. വി.എസ്. സര്‍ക്കാര്‍ മുമ്പേ പറന്നു.

മാരക കീടനാശിനികള്‍ക്കെതിരെ ജനമനസ്സാക്ഷി ഉണര്‍ത്തിയ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ തുടര്‍ച്ചയായി ശക്തമായ നിലപാടെടുത്ത രാഷ്ട്രീയ നേതാവാണ് വി.എസ്. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് ഇരകളോടൊപ്പം പോരാടുകയും മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പാക്കേജുകള്‍ക്കു തുടക്കമിടുക്കയും ചെയ്തു. മുഖ്യമന്ത്രിയായിരിക്കേ, 2011 ഏപ്രില്‍ 25-ന്, രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തിരുവന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തില്‍ നിരാഹാര സമരം നയിച്ചു.

സ്റ്റോക്ക്ഹോമില്‍ നടപടിയെടുക്കേണ്ട, പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്യുട്ടന്റ്സിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ കണ്‍വെന്‍ഷന്‍ നടക്കുകയായിരുന്നു. പ്രതിപക്ഷ നേതാവെന്ന മുന്നാംമുഴത്തില്‍, 2016 ജനുവരി 26 മുതല്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുമായി ചേര്‍ന്ന് മുഖ്യമന്ത്രിയുടെ വസതിക്കു മുന്‍പില്‍ നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇരകള്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു വി.എസ്. കുറ്റപ്പെടുത്തി. പിന്നീട് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായിരിക്കെ, 2017 ജനുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ ആവശ്യപ്പെട്ടിരിക്കുന്ന പ്രകാരം, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം സഹായധനം നല്‍കണമെന്ന കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന് നിലമ്പൂര്‍ സൗത്ത് വനം ഡിവിഷനില്‍നിന്നും മണ്ണാര്‍ക്കാട് വനം ഡിവിഷനില്‍നിന്നും 148 ചതുരശ്ര കിലോമീറ്റര്‍ വനഭൂമി ഉള്‍പ്പെടുത്തി കരുതല്‍ വലയം രൂപീകരണം, നിര്‍ദിഷ്ട പാത്രക്കടവ് ജലവൈദ്യുത പദ്ധതിയുടെ പേരില്‍ ഫയലുകളില്‍ കുടുങ്ങിയപ്പോള്‍, മുഖ്യമന്ത്രിയെന്ന നിലയില്‍ കുരുക്കുകളഴിച്ച് കരുതല്‍ മേഖല യാഥാര്‍ഥ്യമാക്കിയത് പരിസ്ഥിതി മലയാളം മറക്കില്ല.

കണ്ണന്‍ ദേവന്‍ മലയില്‍ 1971-ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ ഭാഗമായി, 1980-ലെ ലാന്‍ഡ്‌ബോര്‍ഡ് അവാര്‍ഡ് പ്രകാരം വനം വകുപ്പിന് കൈമാറേണ്ടിയിരുന്ന ഭൂമിയില്‍ 1066 ഏക്കര്‍ ഷോലക്കാടുകളും പുല്‍മേടുകളും വനം വകുപ്പിന്റെ സംരക്ഷണയില്‍ കൊണ്ടുവരാനുള്ള തീരുമാനമെടുത്തത് വി.എസ്. സര്‍ക്കാരിന്റെ അവസാന നാളുകളിലാണ്. ആ തുണ്ടുഭൂമികള്‍ മൂന്നാറിലെ കൈയേറ്റ പ്രളയത്തില്‍ മുങ്ങിപ്പോകാതെ രക്ഷിച്ചതില്‍ അവിടെ വിരിയുന്ന അപൂര്‍വ കാട്ടുപൂക്കള്‍ വി.എസിനോടു നന്ദി പറയും.

തിരുവനന്തപുരം പൊന്മുടിയിലെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ ഭൂമി വില്‍പ്പന വിവാദമായപ്പോള്‍ രേഖകള്‍ പരിശോധിച്ചാണ് വി.എസ്. മുന്നോട്ടു പോയത്. കേരളത്തില്‍ നടന്ന ഐതിഹാസിക പരിസ്ഥിതി ജനകീയ സമരമായിരുന്ന പ്ലാച്ചിമട. കൊക്കോകോള വിരുദ്ധ സമരത്തെ വി.എസ്. ശക്തമായി പിന്തുണച്ചു. പ്രതിപക്ഷനേതാവെന്ന മൂന്നാമൂഴത്തില്‍, പശ്ചിമഘട്ടത്തിന്റെ തലപ്പുകളില്‍ അര്‍ബുദം പോലെ പടരുന്ന വന്‍ കരിങ്കല്‍ ക്വാറികള്‍ വി.എസിന്റെ മനസ്സില്‍ വലിയ ആകുലത സൃഷ്ടിച്ചിരുന്നു. ഭാവിയില്‍ വലിയ പാരിസ്ഥിക ദുരന്തങ്ങള്‍ക്ക് അവ വഴിവെക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. 2018-ലെയും തുടര്‍ന്നുള്ള കൊല്ലങ്ങളിലെയും അതിതീവ്രമഴകള്‍ കവളപ്പാറയിലും വയനാട്ടിലും കൂട്ടിക്കലിലും ഇടുക്കിയിലും സൃഷ്ടിച്ച മലയിടിച്ചില്‍ ദുരന്തങ്ങള്‍ വി.എസിന്റെ ആശങ്കകള്‍ അസ്ഥാനത്തല്ലെന്നു തെളിയിച്ചു.

Content Highlights: vs achuthanandan the eco warrier


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented