തോല്‍ക്കുന്ന യുദ്ധങ്ങള്‍ ഏറ്റെടുത്ത, അനാഥമായവരുടെ അത്താണിയായ വി.എസ്. 


എം.ജി. രാധാകൃഷ്ണന്‍നൂറാം വയസിലേക്ക് കടക്കുകയാണ് വി.എസ്. അച്യുതാനന്ദന്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍ വി.എസിനെ കുറിച്ച് എഴുതുന്നു.

വി.എസ്. അച്യുതാനന്ദൻ | Photo: Mathrubhumi

മാവോയെയും മറ്റുംപോലെ മൗലികമായ സൈദ്ധാന്തികസംഭാവനകള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അവകാശപ്പെടാനില്ല.എന്നാല്‍, സ്വന്തം പ്രവര്‍ത്തനത്തിലൂടെ ഈ പോരായ്മ ഒരു പരിധിവരെ അവര്‍ മറികടന്നിട്ടുണ്ടെന്ന് സംശയമില്ല. മാവോയ്ക്കോ, ഹോചിമിനോ വേണ്ടിവന്നിട്ടില്ലാത്തതരത്തില്‍ പാര്‍ലമെന്ററി ജനാധിപത്യബഹുകക്ഷിവ്യവസ്ഥ, സ്വതന്ത്രനീതിന്യായ, മൂലധന, മാധ്യമ മതസംവിധാനങ്ങള്‍ എന്നിവയുടെ ഉള്ളില്‍നിന്ന് എങ്ങനെ പ്രവര്‍ത്തിക്കാമെന്നുള്ള പ്രയോഗപരീക്ഷണങ്ങളാണ് ആ മൗലികസംഭാവന. പോരായ്മകളും പരാജയങ്ങളും എത്രയൊക്കെയാണെങ്കിലും സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏഴു ദശാബ്ദങ്ങളെങ്കിലും മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും ഏറ്റവും ശക്തമായ രാഷ്ട്രീയപ്രസ്ഥാനമായും ചിലപ്പോഴെങ്കിലും ദേശീയതലത്തില്‍ത്തന്നെ നിര്‍ണായകകക്ഷിയായും തീരാന്‍കഴിഞ്ഞത് ലോകത്ത് അധികം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അവകാശപ്പെടാനാവുന്നതല്ല. മാത്രമല്ല തങ്ങള്‍ക്ക് മേധാവിത്വമുള്ള സംസ്ഥാനങ്ങളിലെങ്കിലും ദേശീയഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും ഉള്ളില്‍നിന്നുതന്നെ ജനജീവിതത്തില്‍ മൂര്‍ത്തമായ മാറ്റങ്ങള്‍ കൊണ്ടുവരാനായതും പ്രധാനം. ഇവയൊക്കെ വേണ്ടത്രയായോ, എത്രമാത്രം പിന്നാക്കംപോയി എന്നും മറ്റുമുള്ള പ്രസക്തചോദ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇത് വാസ്തവമാണ്.

ജനാധിപത്യത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ നാടിന്റെ സാംസ്‌കാരികവും ഭൗതികവുമായ ധാരകളെ രാഷ്ട്രീയമായ മുന്നേറ്റത്തിന് ഉപയുക്തമാക്കി സമൂഹത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞത് ഫലപ്രാപ്തി എത്ര പരിമിതമെങ്കിലും നിസ്സാരമല്ല. ആഗോളകമ്യൂണിസ്റ്റ് ലോകം തകര്‍ന്നപ്പോഴും പ്രത്യയശാസ്ത്രവിശ്വാസ്യത തരിപ്പണമായപ്പോഴും മിക്ക കമ്യൂണിസ്റ്റ് പാര്‍ട്ടികളും പിരിച്ചുവിടപ്പെട്ടപ്പോഴും ഇന്ത്യയില്‍ അവരുടെ പരിമിതമായ സ്ഥാനം നഷ്ടമാകാതിരുന്നതിനു കാരണം ഈ വേരുകളാണ്.നൂറാംവയസ്സിലെത്തിനില്‍ക്കുന്ന അച്യുതാനന്ദനടക്കമുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ് നായകരെല്ലാവരും ഈ സംഭാവനയുടെ സ്രഷ്ടാക്കളാണ്, ഒപ്പം അതിന്റെ പോരായ്മകളുടെ ഉത്തരവാദികളും. ഒരു വലിയ ജനകീയപ്രസ്ഥാനത്തിന്റെ നൂറുകണക്കിനുവരുന്ന പ്രധാനനേതാക്കളെല്ലാവരും പ്രസ്ഥാനത്തിനോ സമൂഹത്തിനോ വ്യക്തിപരവും സവിശേഷവുമായ സംഭാവന ചെയ്യണമെന്നൊന്നുമില്ല. എന്നാല്‍, ഇ.എം.എസിനെപ്പോലെ ഒരാളുടെ കാര്യമെടുത്താല്‍ കേരളീയസമൂഹത്തിന്റെ ചിന്തയിലും മൂല്യബോധത്തിലും പ്രവൃത്തിയിലും സൈദ്ധാന്തികമായും പ്രയോഗപരമായും ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു രാഷ്ട്രീയനേതാവ് ഇല്ലെന്ന് നിസ്സംശയം പറയാം. എല്ലാ പരിമിതിക്കുള്ളിലും.

മങ്ങിയ ആകാശത്തിലെ നക്ഷത്രം

ഈ ചരിത്രത്തില്‍ അച്യുതനാന്ദനെ എങ്ങനെയാണ് സവിശേഷമായി അടയാളപ്പെടുത്താനാവുക? സി.പി.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ അധികാരവിഭാഗീയമത്സരത്തിന്റെ ഒരു പക്ഷത്തെ നയിച്ചതാണ് രാഷ്ട്രീയരംഗത്ത് വി.എസിന്റെ ഏറ്റവും സവിശേഷമായ അടയാളം. പക്ഷേ, അടിസ്ഥാനപരമായി ഇത് അധികാരമത്സരം തന്നെയായിരുന്നെങ്കിലും അതിന്റെ ആയുധമായെങ്കിലും രാഷ്ട്രീയധാര്‍മികതയെ ഉയര്‍ത്തിപ്പിടിക്കാനായതാണ് വി.എസിന്റെ ഏറ്റവും ആരോഗ്യകരമായ സംഭാവന. പുതിയകാലത്ത് പ്രസ്ഥാനത്തിനുള്ളില്‍ വളര്‍ന്നുവന്ന അഴിമതി, ചങ്ങാത്ത മുതലാളിത്തത്തിനോടും മത-ജാതിശക്തികളോടുള്ള അനുരഞ്ജനം എന്നിവയെയും അദ്ദേഹം എതിര്‍ത്തുനിന്നു. വി.എസിനെപ്പോലെയോ അതിലേറെയോ വ്യക്തിപരവും രാഷ്ട്രീയവുമായ ധാര്‍മികതയും ആര്‍ജവവും പുലര്‍ത്തിയ നേതാക്കള്‍ ഒട്ടേറെ ഉണ്ടായിരുന്ന പ്രസ്ഥാനമാണിത്. പക്ഷേ, ഈ മൂല്യങ്ങള്‍ക്ക് ഏറ്റവുമധികം ഇടിവുവന്ന ഒരു കാലഘട്ടത്തില്‍ അതിന്റെ പ്രാധാന്യവും പ്രസക്തിയും നിരന്തരം അദ്ദേഹം ഓര്‍മിപ്പിച്ചുവെന്നത് നിസ്സാരമല്ല. ഒപ്പം ഈ കെട്ടകാലത്തും ധാര്‍മികതയ്ക്ക് ബഹുജനസാമാന്യത്തിനിടയില്‍ അംഗീകാരമുണ്ടെന്നതിന്റെ തെളിവായി, പാര്‍ട്ടിയില്‍ ദുര്‍ബലനായപ്പോഴും വി.എസിനു ലഭിച്ച വിസ്മയകരമായ ജനപ്രിയത. മൂല്യബോധവും ത്യാഗസന്നദ്ധതയും മുഖമുദ്രയായ ഒരു ഭൂതകാലരാഷ്ട്രീയത്തിന്റെ അവസാനകണ്ണിയായി സാധാരണജനം ഗൃഹാതുരതയോടെ അദ്ദേഹത്തെ ആരാധിച്ചു. അതിന് മുഖ്യകാരണം വി.എസിനെക്കാള്‍ വര്‍ത്തമാനകാലജീര്‍ണതയായിരുന്നുവെന്നുമാത്രം. ഇരുളടഞ്ഞ ആകാശത്തില്‍ മങ്ങിത്തിളങ്ങുന്ന നക്ഷത്രവും ജാജ്ജ്വല്യമാനമാകുന്നതുപോലെ. കോണ്‍ഗ്രസ് ജീര്‍ണമായകാലത്ത് ആദര്‍ശരാഷ്ട്രീയത്തിന്റെ അപ്പോസ്തലനായുയര്‍ന്ന എ.കെ. ആന്റണിയുടെ ഏകാംഗവ്യക്തിത്വത്തിന് സമാനമാണിത്.

തോല്‍ക്കുന്ന യുദ്ധങ്ങളിലെ പടത്തലവന്‍

വി.എസിന്റെ മറ്റൊരു മൗലികസംഭാവനയും ശ്രദ്ധേയമാണ്. ഒരുപക്ഷേ, ധാര്‍മികതയെന്ന ആയുധംപോലെയാകാമെങ്കിലും സൂക്ഷ്മരാഷ്ട്രീയത്തെ സമഗ്രരാഷ്ട്രീയവുമായി വിളക്കിച്ചേര്‍ത്ത ആദ്യത്തെ നേതാവായിരുന്നു അദ്ദേഹം. അയിത്തോച്ചാടനവും മതസൗഹാര്‍ദവും അഹിംസയും സത്യസന്ധതയും ലൈംഗികതയും ആഹാരശൈലിയും ആരോഗ്യപരിപാലനവുമൊക്കെ ദൈനംദിനരാഷ്ട്രീയത്തിന്റെ അവിഭാജ്യഭാഗമാക്കിത്തീര്‍ത്ത ഗാന്ധിജിയുടെ ഒറ്റപ്പെട്ട മാര്‍ഗമാണത്. അഴിമതിവിരുദ്ധതപോലെ പരിസ്ഥിതി, സ്ത്രീസംരക്ഷണം, സ്വതന്ത്രസോഫ്റ്റ്വേര്‍ തുടങ്ങി കേരളത്തിലെ മുഖ്യധാരാരാഷ്ട്രീയത്തിനു പുറത്തുനിന്ന വിഷയങ്ങളെ വി.എസ്. ഉള്ളിലേക്ക് കൊണ്ടുവന്നു.

അദ്ദേഹത്തിനൊപ്പം സഞ്ചരിച്ച ഒരുപറ്റം അനുചരരുടെ പ്രേരണമൂലമാണെങ്കിലും ആധുനികകാലമാവശ്യപ്പെടുന്ന പുതിയ രാഷ്ട്രീയത്തെ അദ്ദേഹം അരികുകളില്‍നിന്ന് അരങ്ങിനുനടുവിലേക്ക് ആനയിച്ചു. ഒപ്പം കാലഹരണപ്പെട്ടതെന്ന് അതിന്റെ അപ്പോസ്തലര്‍പോലും തള്ളിയ നവലിബറല്‍ ചിന്തകളെ ആധുനികമെന്ന് തെറ്റിദ്ധരിച്ച് ഇടതുപക്ഷംതന്നെ കൈപിടിച്ചുകൊണ്ടുവരുന്നതിനെ ചെറുത്തതും ചരിത്രത്തില്‍ വി.എസ്. അവശേഷിപ്പിക്കുന്ന അടയാളമാണ്. തോല്‍ക്കുന്ന യുദ്ധങ്ങള്‍ ഏറ്റെടുക്കാനും ഏറ്റവും അനാഥമായവരുടെ അത്താണിയാകാനും അദ്ദേഹത്തിനായി. ജനാധിപത്യത്തിന് അപായകരമായവിധം ജനവിശ്വാസം നഷ്ടമായിവരുന്ന രാഷ്ട്രീയലോകത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ അത് സഹായകമായി.

പക്ഷേ, അപ്പോഴും ഒരു ചോദ്യമുണ്ട്. വി.എസിന് ധാര്‍മികത സഹജമായ മൂല്യബോധത്തിന്റെ പൊരുളായിരുന്നുവോ, അതോ അവസാനകാലത്തെ അധികാരമത്സരത്തിന്റെ മൂര്‍ച്ചയേറിയ ആയുധമോ? അധികാരവാഞ്ഛയ്ക്കും വ്യക്തിവിരോധത്തിനും പകയ്ക്കും ധാര്‍മികത ശക്തമായ കവചമാകാറുണ്ട്. പക്ഷേ, തിരുത്തല്‍ശക്തികളില്ലാത്ത പ്രമത്തകാലത്ത് അദ്ദേഹത്തിന്റെ അസാന്നിധ്യം അപായകരമായ ശൂന്യതയാണ്.

Content Highlights: senior journalist mg radhakishnan on vs achuthanandan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented