വി.എസിനെ തേടിയെത്തിയ വീഞ്ഞപ്പെട്ടിയിലെ തേയിലയും തേയിലയില്‍ മയങ്ങാത്ത ഉദ്യോഗസ്ഥനെ തിരഞ്ഞ വി.എസും


കെ. സുരേഷ് കുമാര്‍ 

നൂറാം വയസ്സിലേക്ക് കടക്കുകയാണ് വി.എസ്. അച്യുതാനന്ദന്‍. കമ്യൂണിസ്റ്റ് ആദര്‍ശവും പോരാട്ടവീര്യവും ഒത്തുചേര്‍ന്ന ജനകീയനായ നേതാവ്. കേരളത്തിന്റെ സമരപോരാട്ട ചരിത്രം വി.എസിന്റെ രാഷ്ട്രീയജീവിതവുമായിക്കൂടി ഇടകലര്‍ന്നതാണ്. വി.എസ്. സര്‍ക്കാരിന്റെ കാലത്തെ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായിരുന്ന മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കെ. സുരേഷ് കുമാര്‍ എഴുതുന്നു.

കെ. സുരേഷ് കുമാർ, വി.എസ്. അച്യുതാനന്ദൻ | Photo: Mathrubhumi

തും ഒരു പിറന്നാള്‍ ഓര്‍മയാണ്. വി.എസ്. മുഖ്യമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പിറന്നാള്‍. പ്രതിപക്ഷ നേതാവായിരുന്ന വി.എസിനെ മുഖ്യമന്ത്രിയായിക്കാണാന്‍ ആഗ്രഹിച്ച എല്ലാവര്‍ക്കും അത് ആഘോഷം തന്നെയായിരുന്നു. ഞങ്ങള്‍ക്കും അങ്ങനെ തന്നെയായിരുന്നു. ഞങ്ങള്‍ക്ക്, എന്നു വച്ചാല്‍ എനിക്കും അജിത്തിനും അനിലിനും. അജിത്ത്, അഡ്വക്കേറ്റ് അജിത് പ്രകാശ്. ഞാന്‍ ലോട്ടറി ഡയറക്ടറായിരുന്നപ്പോള്‍ അന്യ സംസ്ഥാന ലോട്ടറികള്‍ക്കെതിരെയുള്ള നിയമയുദ്ധത്തില്‍ സര്‍ക്കാരിനു വേണ്ടി വാദിച്ച ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍. വ്യാജ ലോട്ടറികള്‍ക്കെതിരെയുള്ള ആ പോരാട്ടമാണ് അജിത്തിനെ വി.എസിന്റെ പ്രിയപ്പെട്ട 'കോണ്‍ഗ്രസ് വക്കീലാ'ക്കിയത്. അഡ്വ. അനില്‍ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ സമയത്ത് സര്‍ക്കാരിന്റെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന വി എസിന്റെ പല പ്രവര്‍ത്തനങ്ങളിലും ഞങ്ങള്‍ 'ഒളിഞ്ഞും തെളിഞ്ഞും' ഒപ്പമുണ്ടായിരുന്നു.

പിറന്നാള്‍ദിവസം വി.എസിനെ കാണാനും ആശംസ നേരാനും ഞങ്ങള്‍ നേരത്തെതന്നെ തീരുമാനിച്ചിരുന്നു. അന്ന് വി.എസ്. ഉച്ചയ്ക്ക് മുന്‍പ് എറണാകുളത്തെത്തുമെന്നും ഗസ്റ്റ് ഹൗസില്‍ ഉണ്ടാകുമെന്നും വി.എസിന്റെ പി.എ. ആയിരുന്ന സുരേഷ് ഞങ്ങളെ അറിയിച്ചിരുന്നു. തിരുവനന്തപുത്ത് മാധ്യമപ്രവര്‍ത്തകരുടെയും മറ്റ് പൊതുപ്രവര്‍ത്തകരുടെയും തിരക്കായതിനാല്‍ ഞങ്ങള്‍ എറണാകുളത്തു വച്ച് വി.എസിനെ കാണാന്‍ തീരുമാനിച്ചു. ആശംസ നേരുന്നതിനപ്പുറം വി.എസിനെ കാണുമ്പോള്‍ പ്രധാനപ്പെട്ട ഒന്നു രണ്ടു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നൊരു ഗൂഢ ഉദ്ദേശ്യവും ഞങ്ങള്‍ക്കുണ്ടായിരുന്നു. കാരണം, പ്രതിപക്ഷ നേതാവായിരിക്കെ വി.എസ്. ഏറ്റെടുത്ത നിരവധി വിഷയങ്ങളുണ്ട്. അതില്‍ പലതും കാര്യമായി മുന്നോട്ടു നീങ്ങി തുടങ്ങിയിട്ടില്ല. മാസം മൂന്നുനാല് കഴിയുകയും ചെയ്തു. അതിന്റെയൊരു അസ്വസ്ഥത ഞങ്ങള്‍ക്കുണ്ടായിരുന്നു. ആശംസയ്‌ക്കൊപ്പം ഈ ആകാംക്ഷ കൂടി പങ്കുവയ്ക്കല്‍ ഞങ്ങളുടെ ലക്ഷ്യമായിരുന്നു.അങ്ങനെ, ഉച്ചയ്ക്കു മുന്‍പ്, എറണാകുളം ഗസ്റ്റ് ഹൗസിന്റെ പഴയ കെട്ടിടത്തില്‍ ഞങ്ങള്‍ എത്തി. അവിടെയും തിരക്കിന് കുറവുണ്ടായിരുന്നില്ല. എസ്. ശര്‍മ്മ, ചന്ദ്രന്‍ പിള്ള തുടങ്ങിയ അദ്ദേഹത്തിന്റെ അനുയായികളൊക്കെ അവിടുണ്ടായിരുന്നു. എത്ര തിരക്കുള്ളപ്പോഴും ഞങ്ങളെ കണ്ടാല്‍ വി.എസ്. തിരക്കുകള്‍ പെട്ടെന്ന് ഒഴിവാക്കും. എന്നിട്ട്, 'പുതിയതെന്താ ഉള്ളത്' എന്നര്‍ത്ഥം വരുന്ന വിധത്തില്‍ ഒരു മൂളലും ഒപ്പം ഒരു നോട്ടവും ഉണ്ടാകും. കാരണം അന്നത്തെ വി.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം - മുഖ്യമന്ത്രിയായതിനുശേഷവും - ഒരു 'ഒളിപ്പോരി'ന്റെ പ്രകൃതമുണ്ടായിരുന്നല്ലോ.

വി.എസ്. അന്ന് വളരെ റിലാക്സ്ഡ് ആയിരുന്നു. വേഷം പതിവ് കള്ളികളുള്ള കൈലിമുണ്ടും കൈയില്ലാത്ത ബനിയനും. പിറന്നാളാശംസയൊക്കെ പങ്കു വച്ചശേഷം ഞങ്ങള്‍ പതുക്കെ കാര്യത്തിലേക്ക് കടന്നു.

ഞങ്ങള്‍ ലോട്ടറി വിഷയത്തില്‍ തന്നെ തുടങ്ങി. വ്യാജ ലോട്ടറിക്കാര്‍ക്കെതിരെ ഹൈക്കോടതിയിലുണ്ടായ വിധിയ്‌ക്കെതിരെ ലോട്ടറിക്കമ്പനികള്‍ സുപ്രീം കോടതിയില്‍ പോയിരുന്നു. ഈ കേസുകളില്‍ സര്‍ക്കാര്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെന്ന ധാരണ പൊതുവെ ഉണര്‍ന്നുവരുന്നതായി ഡല്‍ഹിയില്‍നിന്ന് കിട്ടിയ വിവരം ഞങ്ങള്‍ വി.എസിനെ ധരിപ്പിച്ചു. ലോട്ടറി ഒരുതരത്തിലുള്ള ചൂതുകളിയാണെന്നിരിക്കെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു ലോട്ടറി വില്‍പ്പന നടത്താനുള്ള തോമസ് ഐസക്കിന്റെ തീരുമാനം വ്യാപക വിമര്‍ശനം വിളിച്ചുവരുത്തുന്നതായും ഞങ്ങള്‍ വി.എസിനോടു പറഞ്ഞു. ഇതൊക്കെ ഇക്കാര്യത്തിലുള്ള വി.എസിന്റെ പിന്നോട്ടു പോകലായി പൊതുസമൂഹം കാണുമെന്നുള്ള ആകാംക്ഷയും ഞങ്ങള്‍ പങ്കുവച്ചു. ഗൗരവത്തോടെ കേട്ടെങ്കിലും വി.എസ്. ഒന്നും പ്രതികരിച്ചില്ല. പക്ഷെ മുഖഭാവത്തില്‍നിന്നും എനിക്കു മനസ്സിലായി ധനകാര്യ വകുപ്പിന്റെ, പ്രത്യേകിച്ചും തോമസ് ഐസക്കിന്റെ വകുപ്പില്‍ തനിക്കെത്രത്തോളം ഇടപെടാന്‍ കഴിയും എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലെന്ന്. നമുക്കൊരു കാര്യം ചെയ്താലോ എന്നു ഞാന്‍ ചോദിച്ചു. പറയൂ, എന്ന മട്ടില്‍ വി.എസ്. തലകുലുക്കി. ഞാന്‍ പറഞ്ഞു, 'ഏതു വകുപ്പിലെയും ചില വിഷയങ്ങള്‍, പ്രത്യേകിച്ച് മന്ത്രിസഭാ തീരുമാനം വേണ്ട വിഷയങ്ങള്‍ മാസത്തിലൊരിക്കല്‍ മുഖ്യമന്ത്രി തലത്തില്‍ അവലോകനം ചെയ്യുന്ന കീഴ്വഴക്കമുണ്ട്. ഈ പശ്ചാത്തലത്തില്‍ നമുക്ക് ലോട്ടറി വിഷയം എടുക്കാം. അപ്പോള്‍ കാര്യങ്ങള്‍ എവിടെ നില്‍ക്കുന്നു, എങ്ങോട്ടാണ് നീങ്ങുന്നത് എന്നത് അറിയാനും ഇടപെടാനും കഴിയും.' 'അതുചെയ്യാം', വി.എസ്. സമ്മതിച്ചു. (ഐസക്കിന് കാര്യം പിടികിട്ടിയതോടെ ആദ്യ യോഗത്തോടെ ഈ സംരംഭം അവസാനിച്ചു!)

അടുത്ത വിഷയം മൂന്നാര്‍. ടാറ്റായുടെ കൈവശമുള്ള അനധികൃത ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാനുള്ള വഴിയാണ് ചര്‍ച്ചയായത്. അജിത്താണ് വിഷയം അവതരിപ്പിച്ചു തുടങ്ങിയത്.കൈവശമുണ്ടായിരുന്ന ഒന്നര ലക്ഷം ഏക്കര്‍ ഭൂമിയില്‍നിന്ന് 75,000 ഏക്കര്‍ ഭൂമി 1977-ല്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് ആണ് ടാറ്റയുടെ മുന്‍ഗാമിയായിരുന്ന കെ.ഡി.എച്ച്. എന്ന വിദേശ കമ്പനിയ്ക്ക് വിട്ടു കൊടുത്തത്. ഇപ്രകാരം വിട്ടു കൊടുക്കുന്നതിനു മുന്‍പായി കെ.ഡി.എച്ച്. നിയമത്തിലെ സെക്ഷന്‍ - 6 പ്രകാരം വിശദമായ ഒരു സര്‍വേ നടത്തണമായിരുന്നു. ഇപ്രകാരം സര്‍വേ നടത്താതെയാണ് ഭൂമി വിട്ടുകൊടുത്തിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി ഈ ഭൂമിയില്‍ ജന്മാവകാശമുണ്ടെന്ന് അവകാശപ്പെട്ടു കൊണ്ട് പൂഞ്ഞാര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ 'രാജാവ്' ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ഇതിന്മേല്‍ ആറു മാസത്തിനകം സര്‍വേ നടത്തണം എന്ന ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു.

വി.എസ്. അച്യുതാനന്ദനൊപ്പം കെ. സുരേഷ് കുമാര്‍ |File Photo: Mathrubhumi

കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള സര്‍വേ നടത്തുമ്പോള്‍ ടാറ്റായുടെ അനധികൃത കൈവശത്തിലുള്ള ഭൂമി കൃത്യമായി കണ്ടെത്താന്‍ സാധിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ വി.എസ്. മുന്‍കൈയെടുക്കണമെന്നും ഞങ്ങള്‍ പറഞ്ഞു. അങ്ങിനെ പ്രതിപക്ഷ നേതാവായിരിക്കെ വി.എസ്. ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട ഭൂമിവിഷയം നമുക്ക് പരിഹരിക്കാം. ഈ സര്‍വ്വേ നടപടികള്‍ വലിയൊരു ചരിത്രസംഭവമായി വി.എസ്. ഉദ്ഘാടനം ചെയ്യണമെന്നും സര്‍ക്കാരിന്റെ സര്‍വേയര്‍മാര്‍ മുട്ടിടിക്കാതെ, നെഞ്ചുവിരിച്ച് ടാറ്റായുടെ തേയിലത്തോട്ടങ്ങളിലൂടെ ചങ്ങല പിടിച്ചു നടക്കുന്നതും ഞങ്ങളിങ്ങനെ പൊലിപ്പിച്ച് വി.എസിനെ ഉഷാറാക്കി.

വി.എസിനും അത് നന്നായി പിടിച്ചു. പക്ഷെ, പ്രായോഗിക രാഷ്ട്രീയക്കാരനായ വി.എസ്. കാതലായ ചോദ്യം ഉന്നയിച്ചു. 'സര്‍വേ നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍, നട്ടെല്ലു വളയ്ക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ വേണമല്ലോ. അപ്പുറത്ത് ടാറ്റായാവുമ്പോള്‍ അങ്ങനെയൊരാളെ കിട്ടണ്ടേ ?'ഒരു പേരു നിര്‍ദ്ദേശിക്കാന്‍ വി.എസ്. എന്നോടു പറഞ്ഞു. ഞാന്‍ വയനാട് കളക്ടര്‍ ആയിരുന്ന അശ്വിനി കുമാര്‍ റായ് എന്ന ഉദ്യോഗസ്ഥന്റെ പേരു നിര്‍ദ്ദേശിച്ചു. അപ്പോഴാണ് വി.എസിന്റെ അടുത്ത ചോദ്യം. 'ഉറപ്പാണ് അല്ലേ ? ടാറ്റാ ചിലപ്പോള്‍ തേയില കൊടുത്ത് മയക്കിക്കളയും. '

ഞങ്ങള്‍ പരസ്പരം നോക്കി. പലതും കൊടുത്തു മയക്കുന്നതിനെക്കുറിച്ചു കേട്ടിട്ടുണ്ട്. പക്ഷെ തേയില കൊടുത്തു മയക്കല്‍ ഒരു പുതിയ അറിവായിരുന്നതുകൊണ്ട് ഞങ്ങള്‍ അതെന്താണ് എന്ന് വി.എസിനോടു തന്നെ ചോദിച്ചു.

അപ്പോഴാണ് വി.എസ്. രസകരമായ ഒരു സംഭവം ഞങ്ങളോടു വിവരിക്കുന്നത്. കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു ദിവസം വി.എസ്. വീട്ടിലെത്തിയപ്പോള്‍ കട്ടിലിനടിയില്‍ ഒരു വീഞ്ഞപ്പെട്ടിയിരിക്കുന്നു. അതെന്താണെന്ന് വി.എസ്. വസുമതിച്ചേച്ചിയോടു ചോദിച്ചു. 'അത് ദാമു കൊടുത്തുവിട്ടതാണ്. തേയിലയാണ് എന്ന് വസുമതി പറഞ്ഞു. ഞാന്‍ ഉടനെ ടാറ്റായുടെ ഉദ്യോഗസ്ഥനായിരുന്ന ദാമുവിനെ വിളിച്ചു വരുത്തി. ദാമു പറഞ്ഞു, ' അത് കുറച്ചു തേയിലയാണ്. സ്നേഹം കൊണ്ടാണ് എന്ന്. ഞാന്‍ പറഞ്ഞു, ഞാന്‍ വര്‍ഷങ്ങളായി ചായ കുടിക്കാറില്ലെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? എന്തായാലും സ്നേഹം അവിടെ വെച്ചിട്ട് തേയില എടുത്തു പൊയ്ക്കോളൂ, എന്ന് ഞാന്‍ പറഞ്ഞു.'. ഈ സംഭവം വിവരിച്ചശേഷം വി.എസ്. പറഞ്ഞു, 'അതു കൊണ്ട്, തേയിലയില്‍ മയങ്ങാത്ത ഒരാള്‍ തന്നെ വേണം. എന്തായാലും ആശ്വനികുമാര്‍ തേയിലയില്‍ മയങ്ങില്ലെന്നു ഞാന്‍ വി.എസിന് ഉറപ്പു കൊടുത്തു.

എങ്കിലും വി.എസ്. വിഭാവനം ചെയ്തപോലുള്ള ഒരു സെക്ഷന്‍ - 6 സര്‍വ്വേ നടക്കില്ലെന്ന് സി.പി.ഐയുടെ നിയന്ത്രണത്തിലുള്ള റവന്യൂ വകുപ്പ് ഉറപ്പാക്കി. ഞങ്ങളുടെ ആദ്യത്തെ മൂന്നാര്‍ ദൗത്യം അങ്ങനെ പൊളിഞ്ഞു. പക്ഷെ, വീണ്ടും ഒരിക്കല്‍ക്കൂടി ഇതു പോലെ ഞങ്ങള്‍ ഇരുന്നു. ആ കഥ പിന്നീടു പറയാം.

Content Highlights: k suresh kumar shares memory on vs achuthanandan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented