'അന്ന് ഞാന്‍ തോറ്റപ്പോള്‍, വി.എസിന്റെ കണ്ണില്‍നിന്ന് രണ്ടുതുള്ളി കണ്ണീര്‍ പൊടിഞ്ഞു' 


ജി. സുധാകരന്‍നൂറാം വയസ്സിലേക്ക് കടക്കുന്ന വി.എസ്സുമായുള്ള ആത്മബന്ധവും കടന്നുവന്ന രാഷ്ട്രീയവും മുന്‍ മന്ത്രി കൂടിയായ ജി സുധാകരന്‍ മാതൃഭൂമി പ്രതിനിധി ടി.ആര്‍ രമ്യയുമായി പങ്കുവെക്കുന്നു

വി.എസ്. അച്യുതാനന്ദനൊപ്പം ജി. സുധാകരൻ| Photo: Mathrubhumi

നൂറാം വയസ്സിലേക്ക് കടക്കുകയാണ് വി.എസ്. അച്യുതാനന്ദന്‍. കമ്യൂണിസ്റ്റ് ആദര്‍ശവും പോരാട്ടവീര്യവും ഒത്തുചേര്‍ന്ന ജനകീയനായ നേതാവ്. കേരളത്തിന്റെ സമരപോരാട്ട ചരിത്രം വി.എസിന്റെ രാഷ്ട്രീയജീവിതവുമായിക്കൂടി ഇടകലര്‍ന്നതാണ്. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മുതിര്‍ന്ന സി.പി.എം. നേതാവ് ജി. സുധാകരന്‍. 2006-11 ലെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിലെ സഹകരണം, കയര്‍, ദേവസ്വം വകുപ്പു മന്ത്രിയുമായിരുന്നു സുധാകരന്‍.

എന്റെ രാഷ്ടീയഗുരുകേരളത്തിലെ രാഷ്ട്രീയ ഇതിഹാസങ്ങളിലൊന്നാണ് ഇപ്പോള്‍ നൂറുവയസ്സിലെത്തി നില്‍ക്കുന്ന സഖാവ് വി.എസ് അച്യുതാനന്ദന്‍. അദ്ദേഹത്തെ 52 വര്‍ഷംമുമ്പ് കണ്ടതുമുതല്‍ ഇന്നുവരെയുള്ള എന്റെ വ്യക്തിബന്ധം സുദൃഢമാണ്. പ്രസ്ഥാനത്തിനകത്തുണ്ടാകുന്ന നിലപാടുകളുടെ ഭാഗമായി ചില സമയങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അതൊന്നും വ്യക്തിബന്ധത്തെ ബാധിച്ചിട്ടില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വി.എസിനു പകരമായി മറ്റൊരാളില്ല എന്നതാണ് സത്യം.

ആദ്യ കൂടിക്കാഴ്ച 52 വര്‍ഷംമുമ്പ്

1969 ഡിസംബര്‍ 27-നാണ് ഞാന്‍ ആദ്യമായി വി.എസിനെ കണ്ടത്, തിരുവനന്തപുരത്ത് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള സി.പി. സത്രത്തില്‍വെച്ച്. തിരുവനന്തപുരത്ത് എസ്.എഫ്.ഐ.യുടെ സ്ഥാപക അഖിലേന്ത്യാ സമ്മേളനം നടക്കുകയാണ്. ഞങ്ങളെയും കൊണ്ട് കൊല്ലം ജില്ലാ സെക്രട്ടറി എന്‍. ശ്രീധരന്‍ തമ്പാനൂരിലെത്തി. ബസിറങ്ങി സമീപത്തെ സി.പി. സത്രത്തിലേക്കാണ് കൊണ്ടുപോയത്. അവിടെ വി.എസ്. ഇരിപ്പുണ്ട്, വലിയ ജുബ്ബയൊക്കെയിട്ട്. ഇന്നത്തെ വേഷം തന്നെ, ഒരു വ്യത്യാസവുമില്ല. എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. കേരള വിദ്യാര്‍ഥി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റാണ്, എസ്.എന്‍. കോളേജില്‍ അവസാനവര്‍ഷ എം.എ. വിദ്യാര്‍ഥിയാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ ' ആ.. കേട്ടിട്ടുണ്ട്, കണ്ടിട്ടില്ലെന്നേയുള്ളൂ... ഞങ്ങളുടെ ജില്ലക്കാരനാണെന്നറിയാം. കൊല്ലത്ത് പ്രക്ഷോഭങ്ങള്‍ നയിക്കുന്നയാളാണെന്നറിയാം. നന്നായി പഠിക്കണം. പ്രസ്ഥാനത്തില്‍ ഉറച്ചുനില്‍ക്കണം. ചെറിയജോലിക്കൊന്നും പോകണ്ട....'' എന്ന് പറഞ്ഞു. അതാണ് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച.

കര്‍ഷകത്തൊഴിലാളികളുടെ വി.എസ്.

സഖാവ് പി. കൃഷ്ണപിള്ളയാണ് വി.എസിനെ കണ്ടെത്തി, കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിക്കാന്‍ പറഞ്ഞയച്ചത്. കര്‍ഷത്തൊഴിലാളികളുമായി നിരന്തരം സംസാരിച്ച് അവരുടെ ഭാഷ മനസ്സിലാക്കി, ആ സംസാരരീതി തന്റെ പ്രസംഗശൈലിയാക്കി മാറ്റിയയാളാണ് വി.എസ്. 1940-ല്‍ അദ്ദേഹം ഇന്ത്യയില്‍ ആദ്യത്തെ, മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടിലുള്ള തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുത്തു. കുട്ടനാട്ടിലെ കൈനകരിയിലെ ചെറുകാലിക്കായല്‍ പാടവരമ്പത്താണ് അതിനായി യോഗം ചേര്‍ന്നത്. സര്‍ സി.പി.യുടെ രാജഭരണവും ക്രൂരവാഴ്ചയുമായിരുന്ന അക്കാലത്ത് യോഗം ചേരാനൊന്നും അനുമതിയുണ്ടായിരുന്നില്ല. അവിടെ ജാനകി എന്ന കര്‍ഷകത്തൊഴിലാളി സ്ത്രീയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. അന്ന് വി.എസിന് 18 വയസ്സ് തന്നെ ആയിട്ടില്ല. അന്ന് ആ സമ്മേളനത്തിലുണ്ടായിരുന്നവരില്‍ ജീവിച്ചിരിക്കുന്നത് വി.എസ്. മാത്രമാണ്. അന്ന് അദ്ദേഹം തുടങ്ങിയ കര്‍ഷകത്തൊഴിലാളി പോരാട്ടവും മുന്നേറ്റവും പുതിയ തലമുറയിലൂടെ മുന്നോട്ടു കൊണ്ടു പോകണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു.
അങ്ങനെയാണ് 1980-ല്‍ ഞാന്‍ ആലപ്പുഴയില്‍ വന്ന, ആറാമത്തെ വര്‍ഷം, സംസ്ഥാനസെക്രട്ടറിയായിരുന്ന വി.എസിന്റെ നിര്‍ദേശാനുസരണം പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് എന്നെയെടുത്തത്. ആലപ്പുഴ ജില്ലാ സെക്രട്ടറി എസ്. രാമചന്ദ്രപിള്ളയുമായി ചര്‍ച്ചചെയ്തായിരുന്നു വി.എസിന്റെ തീരുമാനം. സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത ആദ്യയോഗത്തില്‍വെച്ചുതന്നെ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം എന്നെ കുട്ടനാട്ടിലെ പാര്‍ട്ടിയുടെ താലൂക്ക് സെക്രട്ടറിയാക്കി അയയ്ക്കാന്‍ തീരുമാനിച്ചു. അന്ന് പാര്‍ട്ടിക്ക് താലൂക്ക് കമ്മിറ്റികളാണ്. പിന്നീടാണ് ഒരു താലൂക്കില്‍ രണ്ട് ഏരിയാ കമ്മിറ്റി വീതമുണ്ടായത്. അത് നല്ലനിലയില്‍ നിര്‍വഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്നെ സംസ്ഥാന കമ്മിറ്റിയിലേക്കെടുക്കാന്‍ തൃശ്ശൂര്‍ സമ്മേളനത്തില്‍വെച്ച് അദ്ദേഹം ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടടുത്ത വര്‍ഷം 1985-ല്‍ എറണാകുളം സംസ്ഥാനസമ്മേളനത്തില്‍വെച്ച് അദ്ദേഹം എന്നെ സംസ്ഥാനകമ്മിറ്റിയിലെടുത്തു. അദ്ദേഹം സംസ്ഥാനസെക്രട്ടറിയായിരുന്നു. പിന്നീട് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറിയായി എന്നെ നിയോഗിക്കാന്‍ നിര്‍ദേശിച്ചു.

വി.എസ്. അച്യുതാനന്ദനൊപ്പം ജി. സുധാകരന്‍| Photo: Mathrubhumi

വെട്ടിനിരത്തല്‍ ഉണ്ടായതങ്ങനെ...

ആ കാലത്താണ് വി.എസ്. പറഞ്ഞതനുസരിച്ച്, നെല്‍ക്കൃഷി ഇല്ലാതാക്കി നാണ്യവിള കൃഷിചെയ്യാനുള്ള ഭൂവുടമകളുടെ നീക്കത്തിനെതിരേ പ്രക്ഷോഭം നടത്തിയത്. കുട്ടനാട്ടില്‍ നിലം നികത്തിയുണ്ടാക്കിയിരുന്ന കൂനകള്‍ ഞങ്ങള്‍ വെട്ടിനിരത്തി പഴയതുപോലെ പാടമാക്കി മാറ്റി. ഞങ്ങളെ വെട്ടിനിരത്തലുകാര്‍ എന്ന പേര് മാധ്യമങ്ങള്‍ നല്‍കിയത് അങ്ങനെയാണ്. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണത്. ലാത്തിച്ചാര്‍ജും വലിയ എതിര്‍പ്പുമുണ്ടായി. നെല്‍ക്കൃഷി സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിന് വി.എസിന്റെ ഈ ദീര്‍ഘദര്‍ശനം ഈ നാടിന്റെ ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കുള്ള സംഭാവനയാണ്. ആ പ്രക്ഷോഭം കേരളമാകെ വ്യാപിച്ചു. ഈ പോരാട്ടത്തില്‍ ഞങ്ങളെ നയിച്ചത് വി.എസാണ്.

വിവാഹത്തിന് 'കാര്‍മികന്‍'

ഒരുദിവസം എസ്. രാമചന്ദ്രന്‍പിള്ള, പി.കെ. ചന്ദ്രാനന്ദന്‍, ഗൗരിയമ്മ, സുശീല ഗോപാലന്‍ തുടങ്ങിയ നേതാക്കളെക്കൂട്ടി വി.എസ്. മാവേലിക്കര താലൂക്കില്‍ താമരക്കുളത്തുള്ള എന്റെ കുടുംബത്തില്‍ എനിക്ക് വിവാഹം ആലോചിക്കാന്‍ വന്നു. സാധാരണ പെണ്ണുകാണലാണ് നടക്കുന്നത്. ഇത് ചെറുക്കന്‍കാണല്‍ ആയിരുന്നു. പ്രതിശ്രുതവധു ആലപ്പുഴയില്‍ പുന്നപ്ര പഞ്ചായത്തിലുള്ള പ്രൊഫ. അയ്മനം കൃഷ്ണന്‍കുട്ടിയുടെയും അധ്യാപികയായിരുന്ന സത്യഭാമയുടെയും മകളായ ജൂബിലി നവപ്രഭ ആയിരുന്നു. എസ്.ഡി. കോളേജില്‍ ഒന്നാം വര്‍ഷ ബികോമിന് പഠിക്കുകയാണ്. വിവാഹം നിശ്ചയിച്ചു. 1982 ഏപ്രില്‍ 25-ന് പാര്‍ട്ടി വിവാഹം. എന്റെ ജ്യേഷ്ഠന്‍ വിജയന്‍ സാര്‍ താലിമാല എടുത്ത് വി.എസിനെ ഏല്‍പ്പിച്ചു. വി.എസ് അത് എന്നെ ഏല്‍പ്പിച്ചു. ഞാനത് ജൂബിലിയുടെ കഴുത്തില്‍ക്കെട്ടി. വന്നവര്‍ക്കെല്ലാം ഒരു ചായമാത്രം. കല്യാണം കഴിഞ്ഞു. വേറൊന്നുമില്ല.

വി.എസിന്റെ അടുത്ത സുഹൃത്തായിരുന്നു കൃഷ്ണന്‍കുട്ടി സാര്‍. അദ്ദേഹത്തിന് ഏഴ് ഭാഷകള്‍ അറിയാമായിരുന്നു. പാര്‍ട്ടി നേതാക്കള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍നിന്നു കേരളത്തില്‍വരുമ്പോള്‍ പരിഭാഷപ്പെടുത്താന്‍ വി.എസ്. അയ്മനം കൃഷ്ണന്‍കുട്ടി സാറിനെയാണ് വിളിക്കുന്നത്. അങ്ങനെ ദീര്‍ഘകാലമായുള്ള ബന്ധമാണ് ഈ വിവാഹാലോചനയിലെത്തിയത്. എന്നെ സ്വന്തം മകനെപ്പോലെയും എന്റെ ഭാര്യയെ സ്വന്തം മകളെപ്പോലെയുമാണ് വി.എസും വി.എസിന്റെ ഭാര്യ വസുമതി സിസ്റ്ററും കണ്ടിരുന്നത്. നഴ്‌സിങ് സര്‍വീസിലായിരുന്നതുകൊണ്ടാണ് എല്ലാവരും വസുമതി സിസ്റ്റര്‍ എന്ന് വിളിക്കുന്നത്. വി.എസിന്റെ മക്കള്‍ എന്നെ സുധാകരന്‍മാമന്‍ എന്നാണ് വിളിക്കുന്നത്. കുറച്ചുനാള്‍ മുമ്പും തിരുവനന്തപുരത്തുപോയി അദ്ദേഹത്തെ കണ്ടു. അദ്ദേഹം ഒന്നും സംസാരിച്ചില്ല, ചിരിച്ചു.

വി.എസ്. ലൈന്‍

വി.എസിന്റെ വീട് ഞങ്ങളുടെ പുന്നപ്ര തൂക്കുകുളത്തെ വീട്ടില്‍നിന്നു ഒരു കിലോമീറ്റര്‍ അകലമേയുള്ളൂ. വി.എസ്. അന്ന് തിരുവനന്തപുരത്ത് സിഥിരതാമസമില്ല. അലപ്പുഴയിലെ വീട്ടിലാണ് താമസിക്കുക. 1970-ളില്‍ എം.എല്‍.എ. ആയിരുന്നപ്പോള്‍ അദ്ദേഹം ട്രാന്‍സ്‌പോര്‍ട്ട് ബസിലാണ് തിരുവനന്തപുരത്ത് പോകുന്നത്. പലപ്പോഴും ഞങ്ങള്‍ ഒന്നിച്ച് ബസില്‍ തിരുവനന്തപുരത്ത് പോയിട്ടുണ്ട്. അദ്ദേഹം ആലപ്പുഴയിലെ വീട്ടില്‍ വരുമ്പോള്‍ എന്നെ വിളിപ്പിക്കും. അദ്ദേഹത്തിന്റെ ഒരു പ്രത്യേകത, അദ്ദേഹവുമായി എന്തെങ്കിലും വ്യതിയാനങ്ങളുള്ളവരെ അടുപ്പിക്കില്ല എന്നുള്ളതാണ്. അത്തരക്കാരെ സംസാരിച്ച് നന്നാക്കാനൊന്നും നില്‍ക്കില്ല. അവരോട് സംസാരിക്കില്ല. അവഗണിക്കും. പക്ഷേ പ്രതിപക്ഷനേതാവായപ്പോള്‍ അത് മാറി. വ്യതിയാനങ്ങളുള്ളവരെ സംസാരിച്ച് തിരുത്താന്‍ ശ്രമിക്കുമായിരുന്നു. എന്നെ അദ്ദേഹത്തിന്റെ വീട്ടിലെ അംഗത്തെപ്പോലെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ പഴയവീട്ടില്‍ അടുക്കളയോടുചേര്‍ന്ന് ചെറിയ ഡൈനിങ് ഹാളുണ്ട്. അവിടെ പഴയ മരം കൊണ്ടുള്ള ബെഞ്ചും ഡെസ്‌കുമാണുള്ളത്. ആ ബെഞ്ചില്‍ അദ്ദേഹത്തോടൊപ്പമിരുത്തി എത്രയോതവണ ഭക്ഷണം തന്നിട്ടുണ്ട്. സ്വന്തം മക്കളുടെ ഉന്നതവിദ്യാഭ്യാസകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ അദ്ദേഹം എന്നെ ചുമതലപ്പെടുത്തിയത് സന്തോഷത്തോടെ ഓര്‍ക്കുകയാണ്.

ഒരു ചൂടുചായയുടെ ഓര്‍മയില്‍...

കൊല്ലത്ത് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ താമസിച്ചാണ് ഞാന്‍ പഠിച്ചതും പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയതും. ഒരു ദിവസം രാവിലെ ആറുമണിയോടെ വി.എസ്. കൊല്ലത്ത് ബസില്‍ വന്നിറങ്ങി. പാര്‍ട്ടി ഓഫീസില്‍ ഞാനാണുണ്ടായിരുന്നത്. മുറി തുറന്നുകൊടുത്തു. കുറച്ച് പൈസയെടുത്ത് എന്റെ കൈയില്‍ തന്നിട്ട് അദ്ദേഹം ചായ വാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞു. ഒരു ചായ നിങ്ങളും കഴിച്ചോളൂ എന്നും. ചായ വാങ്ങി മുറിയില്‍ കൊണ്ടുക്കൊടുത്തു. ബാക്കി പൈസ പോക്കറ്റില്‍ വച്ചോളൂ എന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന് ഒരു ചായ വാങ്ങിക്കൊടുക്കാന്‍ പറ്റി. പിന്നെ എത്രതവണ അദ്ദേഹം എനിക്ക് അരികിലിരുത്തി ഭക്ഷണം തന്നിരിക്കുന്നു. എസ്.എഫ്.ഐ.യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായപ്പോള്‍ പ്രവര്‍ത്തനം തിരുവനന്തപുരത്തേക്ക് മാറണം എന്നുള്ളതുകൊണ്ട് തിരുവനന്തപുരം ലോ കോളേജില്‍ എല്‍.എല്‍.ബി.ക്ക് ചേര്‍ന്നു. അപ്പോള്‍ എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സില്‍ പോയി അദ്ദേഹത്തെ കാണും. ചിലപ്പോള്‍ നൂറുരൂപയൊക്കെ തരും, ഫീസ് കൊടുക്കാനും ആഹാരം കഴിക്കാനുമൊക്കെ...

''ഇവനാണ് പുതിയ ജനറല്‍ സെക്രട്ടറി''

എസ്.എഫ്.ഐ.യുടെ ആദ്യത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി എന്നെ തിരഞ്ഞെടുത്തതും വി.എസാണ്. അന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണ് വിദ്യാര്‍ഥി യൂണിയന്‍ സെക്രട്ടറിയെയും പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നത്. സി.എച്ച്. കണാരന്‍ എന്ന കമ്യൂണിസ്റ്റ് അതികായന്‍ പാലക്കാട്ട് അന്നത്തെ സമ്മേളനത്തിനുണ്ട്. അന്ന് ഞാന്‍ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റാണ്. സി.എച്ച്. കണാരനോട് എന്നെ സെക്രട്ടറിയാക്കാന്‍ നിര്‍ദേശിച്ചത് വി.എസാണ്. എന്നെ അടുത്തുനിര്‍ത്തി സി.എച്ച് കണാരനോട് പറഞ്ഞു...''ഇവനാണ് അടുത്ത ജനറല്‍ സെക്രട്ടറി.'' അത് ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു. ആ അഭിമാനം എന്നിലുണ്ടാക്കാന്‍ കാരണക്കാരനായ എന്റെ രാഷ്ട്രീയഗുരു വി.എസിന് നൂറ് നൂറ് അഭിവാദ്യങ്ങള്‍ എന്നും എന്റെ ഹൃദയത്തിലുണ്ട്. വി.എസ്. എന്നെപ്പോലെയുള്ള യുവപാര്‍ട്ടിപ്രവര്‍ത്തകരെ മുന്നോട്ടുനയിച്ചതിന്റെ ചെറിയ അനുഭവങ്ങള്‍ മാത്രമാണിത്.

അടിയന്തരാവസ്ഥ...

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആറാം ദിവസം, 1975 ജൂലായ് ഒന്ന്. അന്ന് എന്റെ എല്‍.എല്‍.ബി. അവസാനവര്‍ഷപരീക്ഷ നടക്കുകയാണ്. ജനങ്ങളാരും പുറത്തിറങ്ങുന്നില്ല. പക്ഷേ രാജ്യത്തിന്റെ പലഭാഗത്തും വിദ്യാര്‍ഥി പ്രക്ഷോഭം ഇരമ്പുന്നു. അന്ന് പാര്‍ട്ടി ഓഫീസ് പാളയം മാര്‍ക്കറ്റിനടുത്തായിരുന്നു. തിരുവനന്തപുരത്ത് പ്രക്ഷോഭം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഹാള്‍ ടിക്കറ്റ് പോക്കറ്റിലിട്ട് ഞാനും എം.എ. ബേബി, എം. വിജയകുമാര്‍ തുടങ്ങിയ നേതാക്കളുമൊക്കെ ചേര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്തുനിന്ന് നിയമം ലംഘിച്ച് പ്രകടനം നടത്തി. 'അടിയന്തരാവസ്ഥ അറബിക്കടലില്‍, ഇന്ദിരാഗാന്ധി മൂര്‍ദാബാദ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ച് സെക്രട്ടേറിയറ്റിന്റെ തെക്കേയറ്റത്ത് ചെന്നപ്പോള്‍ പോലീസ് വണ്ടി വന്നു. ഞങ്ങളെ അറസ്റ്റ് ചെയ്തു. അവിടെയിട്ടടിച്ചു, വാനിലിട്ടടിച്ചു, ഇറക്കിയപ്പോള്‍ അടിച്ചു, സര്‍വത്ര അടി. എല്ലാവരും അവശരായി. രാത്രി പതിനൊന്ന് മണിവരെ വെള്ളം തന്നില്ല. ഞങ്ങളെ കാണാന്‍ ആരെയും അനുവദിച്ചതുമില്ല. രാത്രി വി.എസ്. പറഞ്ഞിട്ട് വര്‍ക്കല രാധാകൃഷ്ണന്‍, പുല്ലുവിള സ്റ്റാന്‍ലി, സി.കെ. സീതാറാം, കെ. അനിരുദ്ധന്‍ തുടങ്ങിയ നേതാക്കള്‍ പോലീസ് സ്റ്റേഷനുമുന്നില്‍ വന്നു. വലിയ പ്രശ്‌നമായി. ഒടുവില്‍ വെള്ളം തന്നു. രാത്രി ഒരു മണിയായപ്പോള്‍ മജിസ്‌ട്രേട്ടിന്റെ അടുത്ത് എത്തിച്ചു. രാജ്യരക്ഷാനിയമപ്രകാരം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത് അട്ടക്കുളങ്ങര സബ് ജയിലില്‍ അടച്ചു. അടുത്ത ദിവസം ഇ.എം.എസ്, എ.കെ.ജി, വി.എസ്, ഗൗരിയമ്മ ഇവരെല്ലാംകൂടി ഞങ്ങളെ കാണാന്‍ വന്നു. അതുകഴിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ഈ നേതാക്കളെയും അറസ്റ്റ് ചെയ്തു.

കടപ്പുറത്തെ കാല്‍പ്പാടുകള്‍...

1977 അവസാനംവരെ വി.എസ്. ജയിലിലായിരുന്നു. ഞങ്ങള്‍ ആലപ്പുഴയ്ക്ക് പോന്നു. ജയിലില്‍നിന്നു വി.എസിന്റെ സന്ദേശങ്ങള്‍ എത്തുമായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ജയിലില്‍നിന്നിറങ്ങി വി.എസ്. ആലപ്പുഴയില്‍ തിരിച്ചെത്തി. അന്ന് അമ്പലപ്പുഴ, ആലപ്പുഴ തീരങ്ങളില്‍ രൂക്ഷമായ കടലാക്രമണം. കടലേറ്റമുണ്ടായ പ്രദേശങ്ങളില്‍ പോകുമ്പോള്‍ വി.എസ്. എന്നെയും കൂടെക്കൂട്ടും. മത്സ്യത്തൊഴിലാളികള്‍ ചീത്ത പറയാത്ത ഒരേയൊരു നേതാവ് വി.എസ് ആണ്. ബാക്കി ആരുചെന്നാലും അവര്‍ ഓടിക്കും. പിന്നീട് 15 വര്‍ഷക്കാലം ആ മേഖലയില്‍ എം.എല്‍.എ. ആയപ്പോള്‍ എന്നോടും അവിടുത്തുകാര്‍ ഇതേ നിലപാട് തുടര്‍ന്നു. വി.എസിനെ കണ്ടുപഠിച്ചാണ്, അദ്ദേഹത്തിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നാണ് ഞാന്‍ കടലിന്റെ മക്കളെ അടുത്തറിഞ്ഞത്, അവര്‍ക്കുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തത്.

പടിപടിയായി വളര്‍ച്ച, കൈപിടിച്ച് വി.എസ്.

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്നു പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലേക്ക് എന്നെ വഴിതിരിച്ചുവിട്ടതും വി.എസാണ്. 1978-ല്‍ ആലപ്പുഴ നഗരസഭാ ചെയര്‍മാനാക്കണം എന്ന ഉദ്ദേശ്യത്തോടെ എന്നെ മത്സരിപ്പിച്ചു. ഞാന്‍ ജയിച്ചെങ്കിലും പാര്‍ട്ടി പ്രതിപക്ഷമായി. പ്രതിപക്ഷനേതാവായി. വി.എസ്. സംസ്ഥാനസെക്രട്ടറിയായിരിക്കേ, 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്നെ അമ്പലപ്പുഴയില്‍നിന്നു മത്സരിപ്പിച്ചു. 10,000 വോട്ടിന് ജയിക്കുമെന്നായിരുന്നു വിലയിരുത്തല്‍. 124 വോട്ടിന് തോറ്റു. തോറ്റുകഴിഞ്ഞ് വി.എസിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ രണ്ടുതുള്ളി കണ്ണീര്‍ ഞാന്‍ കണ്ടു. ഇതറിഞ്ഞിരുന്നെങ്കില്‍ എങ്ങനെയും ജയിപ്പിക്കുമായിരുന്നല്ലോ എന്ന് വ്യസനിച്ചു.

അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി 1990-കളില്‍ ജില്ലാ കൗണ്‍സില്‍ രൂപവത്കരിച്ചപ്പോള്‍ സുധാകരന്‍ മത്സരിച്ച് ആലപ്പുഴ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റാകണമെന്ന് സംസ്ഥാനസെക്രട്ടറി വി.എസ്. ജില്ലാ കമ്മിറ്റിയില്‍ തീരുമാനമെടുപ്പിച്ചു. ഉറച്ച സീറ്റായ കൈനകരിയാണ് എനിക്ക് തന്നത്. അവിടെ അന്ന് വി.എസിന്റെ ബന്ധു കൂടിയായ പാര്‍ട്ടി നേതാവുണ്ടായിരുന്നു. എന്തോ കാരണത്താല്‍ അദ്ദേഹം പാര്‍ട്ടിക്ക് പുറത്തായി. എനിക്കെതിരേ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി. പക്ഷേ അദ്ദേഹത്തിന്റെ എല്ലാ പ്രചാരണത്തിലും വി.എസിന്റെ ബന്ധുവാണ് എന്ന് ആവര്‍ത്തിച്ചു. ഇതറിഞ്ഞ് വി.എസ്. അവിടെ പൊതുയോഗം വിളിച്ചു, വികാരഭരിതനായി പ്രസംഗിച്ചു- ''ഇവിടെ എന്റെ ബന്ധുവാണെന്നുപറഞ്ഞ് ഒരു മാന്യന്‍ നടക്കുന്നു. ഞാനുമായി ബന്ധമില്ലെന്നുമാത്രമല്ല, ഞങ്ങളുടെ സ്ഥാനാര്‍ഥിയുടെ.......'' എന്ന് പറഞ്ഞ് വേറൊരു ഭാഷയില്‍ പ്രസംഗിച്ചു, അത് പറയുന്നില്ല. വി.എസിന്റെ ആഗ്രഹം നടന്നു. ഞാന്‍ 6000 വോട്ടിന് ജയിച്ചു. പാര്‍ട്ടിയിലും സംഘടനാ രംഗത്തും അദ്ദേഹം അത്രമാത്രം എന്നെ പിന്തുണച്ചു. സംഘടനയില്‍ ഉയര്‍ന്നുരാന്‍ വ്യതിയാനങ്ങളില്ലാത്ത നേതാവാക്കി എന്നെ മാറ്റിയതില്‍ വി.എസ് തന്ന സ്വാധീനം വളരെക്കൂടുതലാണ്.

ബദല്‍രേഖയ്‌ക്കെതിരേ ഒറ്റക്കെട്ടായി...

എറണാകുളത്തുനടന്ന 1985-ലെ പാര്‍ട്ടി സംസ്ഥാന സമ്മേളനം. അന്നാണ് എം.വി. രാഘവന്റെ ബദല്‍ രേഖ വരുന്നത്. സംസ്ഥാന സെക്രട്ടറി ഇ.എം.എസ്., വി.എസ്., എസ്.ആര്‍.പി, ഗൗരിയമ്മ, എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ്, ടി.കെ. രാമകൃഷ്ണന്‍, പിണറായി വിജയന്‍ തുടങ്ങിയ നേതാക്കള്‍ ബദല്‍രേഖയ്‌ക്കെതിരേ ശക്തമായി നിലകൊണ്ടു. അന്ന് ആലപ്പുഴ ഒഴിച്ചുള്ള എല്ലാ ജില്ലകളിലും രണ്ട് ചേരികളായിരുന്നു. ആലപ്പുഴയില്‍നിന്നു ഒറ്റക്കുഞ്ഞിനെയും കിട്ടിയില്ല. ആലപ്പുഴ ജില്ലയ്ക്കുവേണ്ടി സംസാരിക്കാന്‍ എന്നെയാണ് നിയോഗിച്ചത്. ആ സമ്മേളനത്തില്‍ അചഞ്ചലനായി, മറ്റ് നേതാക്കള്‍ക്കൊപ്പം നിന്ന വി.എസ്. ബദല്‍ രേഖയെ എതിര്‍ത്ത് പരാജയപ്പെടുത്തി. അതുകഴിഞ്ഞുള്ള പാര്‍ട്ടി കോണ്‍ഗ്രസിലും സംസാരിക്കാന്‍ വി.എസ് എന്നെയാണ് നിയോഗിച്ചത്. കേരളത്തില്‍നിന്നു അവിടെ ആദ്യമായി പ്രസംഗിച്ചത് ഞാനായിരുന്നു. ഇംഗ്ലീഷിലായിരുന്നു പ്രസംഗം. ബദല്‍രേഖ തള്ളി. അതിനൊപ്പംനിന്ന പല നേതാക്കളും പിന്നീട് തിരുത്തി പാര്‍ട്ടിക്കൊപ്പം ശക്തമായി നിലകൊണ്ടു. ഒരു പാര്‍ട്ടി കേഡറെ വ്യക്തിപരമായ തരത്തില്‍ കണ്ടെത്തി പാര്‍ട്ടിയുടെ പോരാട്ടത്തില്‍ മുന്നില്‍നിര്‍ത്തുന്ന വി.എസിന്റെ രീതിയാണ് ഈ പറഞ്ഞതെല്ലാം. അതിന് പല യുവപ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം എന്നെയും തിരഞ്ഞെടുത്തു എന്നത് ഏറ്റവും വലിയ അംഗീകാരമാണ്. ആ അനുഭവങ്ങള്‍ ഇപ്പോഴും കരുത്തായുണ്ട്. ഈ ജീവിതംമുഴുവന്‍ വി.എസിനോട് കടപ്പെട്ടിരിക്കുന്നു.

(തയ്യാറാക്കിയത് ടി.ആര്‍. രമ്യ)

Content Highlights: g sudhakaran shares memory about vs achuthanandan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented