'പുറത്താക്കാന്‍ സമ്മതിക്കില്ലെന്ന് VS പറഞ്ഞു; പക്ഷേ പ്രഖ്യാപനം വന്നപ്പോള്‍ ആ മുഖത്ത് ദുഃഖം നിറഞ്ഞു'


സ്വന്തം ലേഖിക

വി.എസ്. അച്യുതാനന്ദനൊപ്പം എ. സുരേഷ് |File Photo: Mathrubhumi

പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും വി.എസ്. അച്യുതാനന്ദന്റെ നിഴലെന്നോണം ഒരു പതിറ്റാണ്ടോളം. പിന്നീട് പാര്‍ട്ടി നടപടിയ്ക്കു വിധേയനായി സി.പിഎമ്മില്‍നിന്ന് പുറത്തേക്ക്. വി.എസ്. നൂറാംവയസ്സിലേക്ക് കടക്കുമ്പോള്‍ അദ്ദേഹത്തെ കുറിച്ചും ഒപ്പമുണ്ടായിരുന കാലത്തെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമുമായി ഓര്‍മകള്‍ പങ്കിടുകയാണ് അദ്ദേഹത്തിന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ്.

എസ്.എഫ്.ഐ. പ്രവര്‍ത്തനത്തിലൂടെ സി.പി.എമ്മിലെത്തിയ സുരേഷ്, പാലക്കാട് സ്വദേശിയാണ്. 2002-ലാണ് അദ്ദേഹം വി.എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റാകുന്നത്.വി.എസ്. : ഞാന്‍ ദൂരത്തുനിന്ന് കണ്ട നേതാവ്

'ഞാന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന കാലത്ത് വി.എസ്. പാര്‍ട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമൊക്കെ ആയിരുന്നു. അക്കാലത്ത് ഒരിക്കല്‍ പാലക്കാട് പാര്‍ട്ടി ഓഫീസില്‍ വന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ദൂരെനിന്ന്, ഭയഭക്തി ബഹുമാനത്തോടെ വി.എസിനെ കണ്ടിരുന്ന ഒരുകാലമുണ്ടായിരുന്നു. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ മലമ്പുഴ മണ്ഡലത്തില്‍നിന്നായിരുന്നു വി.എസ്. മത്സരിച്ചത്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണസമയത്തെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളുമൊക്കെ കണ്ടിട്ടുണ്ട്',- സുരേഷ് പറഞ്ഞു. അത്തവണത്തെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വി.എസ്. പ്രതിപക്ഷ നേതാവാകുകയും ചെയ്തു

2002-ലാണ് പ്രതിപക്ഷ നേതാവിന്റെ വി.എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി സുരേഷ് നിയോഗിക്കപ്പെടുന്നത്. സി.പി.എമ്മിന്റെ പാലക്കാട് ജില്ലാ കമ്മിറ്റിയായിരുന്നു സുരേഷിന്റെ പേര് നിര്‍ദേശിച്ചത്. അകലെനിന്ന് കണ്ട നേതാവുമായി അടുപ്പമുണ്ടാകുന്നത് ആ സമയത്താണ്. വി.എസുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍തന്നെ അദ്ദേഹം കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കിയെന്ന് സുരേഷ് പറയുന്നു. 'പ്രതിപക്ഷ നേതാവായതിനാല്‍ത്തന്നെ എപ്പോഴും സ്വന്തം മണ്ഡലമായ മലമ്പുഴയില്‍ വരാനാകില്ല. പതിനാലു ജില്ലകളിലും പോകേണ്ടി വരും. എല്ലാ സമയത്തും മലമ്പുഴ മണ്ഡലത്തില്‍ ആയിരിക്കാന്‍ കഴിയില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ സുരേഷിന്റെ സഹായം വേണ'മെന്ന് വി.എസ്. പറഞ്ഞു. അങ്ങനെ മലമ്പുഴ മണ്ഡലത്തിന്റെ കാര്‍ഷികവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ അദ്ദേഹത്തിന് റിപ്പോര്‍ട്ട് ചെയ്യുക എന്നതായിരുന്നു സുരേഷിന് ലഭിച്ച ആദ്യ ചുമതല. ഈ ചുതലയോടെ വി.എസും സുരേഷുമായി കൂടുതല്‍ അടുത്തു. അക്കാലത്ത് മണ്ഡലവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അദ്ദേഹത്തെ ധരിപ്പിക്കാന്‍ സാധിച്ചെന്നും അങ്ങനെ വി.എസിന് തന്നില്‍ വിശ്വാസം തോന്നാന്‍ കാരണമായെന്നും സുരേഷ് കൂട്ടിച്ചേര്‍ക്കുന്നു.

എങ്ങനെ ആയിരിക്കണം ഒരു പ്രതിപക്ഷ നേതാവ്

'വി.എസ് കാര്‍ക്കശ്യക്കാരനും വെട്ടിനിരത്തലുകാരനുമാണെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും അതില്‍ കഴമ്പില്ല. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ ആയിരിക്കണമെന്ന് കേരളത്തെ പഠിപ്പിച്ചത് വി.എസ്. ആണ്. കന്റോണ്‍മെന്റ് ഹൗസില്‍ ഇരുന്ന് പത്രസമ്മേളനങ്ങള്‍ നടത്തുകയും പത്രപ്രസ്താവന ഇറക്കുന്നതില്‍നിന്നും മാറി, ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രതിപക്ഷ നേതാവ് എന്ന മാതൃക വി.എസ്. ആണ് കേരളത്തിന് കാണിച്ചു കൊടുത്തത്. കേരളത്തിന് മാത്രമല്ല, ഇന്ത്യയ്ക്കാകെ മാതൃകയായ പ്രതിപക്ഷ നേതാവായി അദ്ദേഹം മാറി. പ്രായമോ അനുഭവജ്ഞാനമോ കുറവുള്ള ആളുകളാണ് പറയുന്നതെങ്കില്‍ കൂടിയും അതില്‍ കാര്യമുണ്ടെന്ന് കണ്ടെത്തിയാല്‍ അത് കേള്‍ക്കാന്‍ സമയം കണ്ടെത്തുക എന്നതാണ് ഞാന്‍ വി.എസില്‍ കണ്ട മഹത്വം. പല നേതാക്കളിലും ഇല്ലാത്ത ഒരു ഗുണം കൂടിയാണിത്. അടുപ്പമുണ്ടായിതിന് ശേഷം ഒരു മകനോളം വാത്സല്യവും കരുതലും വി.എസ്. നല്‍കിയിട്ടുണ്ട്- സുരേഷ് പറഞ്ഞു.

വി.എസിനൊപ്പം

വി.എസിന്റെ ഒപ്പമുണ്ടായിരുന്ന കാലം ഒരു പേഴ്സണല്‍ അസിസ്റ്റന്റ് ആയി മാത്രമായി ആയിരുന്നില്ല പ്രവര്‍ത്തനം. മരുന്നും ഭക്ഷണവും ഉറക്കവും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും പ്രത്യേകശ്രദ്ധ നല്‍കിയിരുന്നു. കേവലം ഒരു ജോലി ആയല്ല, അതൊന്നും ചെയ്തിരുന്നത്. വ്യക്തിപരമായ ഒരുപാട് കാര്യങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്. അച്ഛന്‍ ആശുപത്രിയില്‍ ആയപ്പോള്‍ ചെന്നു കാണാന്‍ വൈകിയതു മുതല്‍ ഭാര്യയുടെ പ്രസവസമയത്ത് ഒപ്പമില്ലാതിരുന്നത് വരെ ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്- സുരേഷ് പറഞ്ഞു.

വി.എസ്. അച്യുതാനന്ദനൊപ്പം എ. സുരേഷ് | File Photo: Mathrubhumi

'എന്റെ മാതാപിതാക്കള്‍ ഇരുവരും രോഗബാധിതരായിരുന്നു. ഒരുതവണ അച്ഛന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ഏറെ ദിവസത്തിനു ശേഷമാണ് അദ്ദേഹത്തെ ചെന്നു കണ്ടത്. ഹൈദരാബാദില്‍ സി.പി.എം. കേന്ദ്ര കമ്മിറ്റി നടക്കുന്ന സമയത്തായിരുന്നു രണ്ടാമത്തെ കുഞ്ഞിന് ഭാര്യ ജന്മം നല്‍കുന്നത്. കുഞ്ഞുണ്ടായി മൂന്നാംദിവസമാണ് ഭാര്യയെയും കുഞ്ഞിനെയും കാണുന്നത്. അന്ന് ഹൈദരാബാദിലേക്ക് വി.എസിനൊപ്പം പോയില്ലെങ്കില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമായിരുന്നു. അതിനാലാണ് അങ്ങനൊരു സമയമായിട്ടു കൂടിയും വി.എസിന് ഒപ്പം പോകാന്‍ തീരുമാനിച്ചത്. ഭാര്യയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചു പോയിരുന്നു. ചുരുക്കത്തില്‍ ആരുമില്ല. വേണമെങ്കില്‍ പറയാമായിരുന്നു, ആശുപത്രിയില്‍ ആരുമില്ലെന്നും ഭാര്യയ്ക്കൊപ്പം നില്‍ക്കണമെന്നും. പക്ഷേ വി.എസിന് ഒപ്പം പോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ഒപ്പം ചെല്ലാതിരുന്നാല്‍ ഹൈദരാബാദില്‍ വി.എസിന്റെ ഭക്ഷണം, താമസം തുടങ്ങിയ കാര്യങ്ങളൊക്കെ പ്രശ്നമാകുമായിരുന്നു. ഇതേക്കുറിച്ച് ഭാര്യയോടു സംസാരിച്ചപ്പോള്‍ അവര്‍ സമ്മതിച്ചെന്നും സുരേഷ് ഓര്‍മിക്കുന്നു.

വി.എസ്. എന്ന രാഷ്ട്രീയക്കാരന്‍

സി.പി.എമ്മിനോട് കൂറും വിശ്വാസ്യതയും പുലര്‍ത്തുന്ന നേതാവാണ് വി.എസ്. പാര്‍ട്ടിക്കാര്‍ എങ്ങനെ ആയിരിക്കണം, നേതാക്കന്മാര്‍ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. മൂല്യച്യുതി വരാതെ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് വി.എസിന് അറിയാമായിരുന്നു. മാതൃകപരമായി കമ്യൂണിസ്റ്റ് ജീവിതം ജീവിക്കണമെന്ന് ആഗ്രഹിച്ച, അത്തരം ജീവിതം നയിച്ച നേതാവായിരുന്നു വി.എസ്. എന്നും സുരേഷ് പറയുന്നു. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമ്പോഴും പാര്‍ട്ടിക്ക് അതീതനാകാനുള്ള നീക്കമായിരുന്നില്ല വിഎസിന്റേത്. പരിസ്ഥിതി വിഷയത്തിലായാലും ഭൂമാഫിയ വിഷയത്തിലായാലും അതൊക്കെയും പാര്‍ട്ടിയുടെ വിഷയം, അല്ലെങ്കില്‍ പാര്‍ട്ടി ഏറ്റെടുക്കേണ്ടിയിരുന്ന വിഷയങ്ങളായിരുന്നെന്ന് സുരേഷ് പറയുന്നു. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലുമാണ് അദ്ദേഹം അത്തരം വിഷയങ്ങള്‍ ഏറ്റെടുത്തത്. പക്ഷെ ചില വിഷയങ്ങളില്‍, ഏതൊരു പാര്‍ട്ടിയിലും ഉണ്ടാകുന്നതു പോലെയുള്ള സ്വാഭാവികമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ അതേ ആത്മാര്‍ഥതയോടെ പാര്‍ട്ടിക്കുള്ളിലെ ചില ആളുകള്‍ കാണാത്തതില്‍ വി.എസിന് വിഷമം ഉണ്ടായിരുന്നു- സുരേഷ് കൂട്ടിച്ചേര്‍ക്കുന്നു.

വി.എസ്. അച്യുതാനന്ദനൊപ്പം എ. സുരേഷ് | File Photo: Mathrubhumi

വി.എസും വിമര്‍ശനങ്ങളും

വി.എസ്. പാര്‍ട്ടിക്ക് അതീതനാണ് എന്നതല്ല, ആകാശം ഇടിഞ്ഞുവീഴുന്നതരത്തിലുള്ള വിമര്‍ശനം വന്നാലും വി.എസിനെ അത് ബാധിക്കാറില്ല. വിഷയത്തില്‍ സത്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അത് എന്തായാലും അതിനെ ഏറ്റെടുക്കാനും മുന്നില്‍ നില്‍ക്കാനും വി.എസ്. തയ്യാറായിരുന്നു. അതിലൊന്നും ഒരു ബേജാറും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. രാഷ്ട്രീയവിഷയങ്ങളായാലും കോടതി വ്യവഹാരങ്ങളായാലും അങ്ങേയറ്റം വരെ പോകാന്‍ അദ്ദേഹം തയ്യാറായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം പരാജയമാണെന്ന വിമര്‍ശനത്തില്‍ കഴമ്പില്ല. പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി പിടിച്ചെടുക്കാനും ലോട്ടറി മാഫിയയെ കെട്ടുകെട്ടിക്കാനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹത്തിന് സാധിച്ചു. ക്ഷേമപെന്‍ഷനുകള്‍ ഏറ്റവും വര്‍ധിപ്പിച്ചതും ഐ.ടി. മേഖലയില്‍ ഏറ്റവും കൂടുതല്‍ കമ്പനികള്‍ വന്നതും വി.എസ്. സര്‍ക്കാരിന്റെ കാലത്താണെന്നും സുരേഷ് പറയുന്നു.

ഒത്തുതീര്‍പ്പുകളില്ലാത്ത നേതാവ്

സി.പി.എമ്മിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളാണ് വി.എസ്. അച്യുതാനന്ദന്‍. ത്യാഗനിര്‍ഭരമായ പോരാട്ടജീവിതം നയിച്ച രാഷ്ട്രീയകേരളത്തിന്റെ ഏറ്റവും മഹാനായ നേതാവായാണ് വി.എസിനെ ഞാന്‍ കാണുന്നത്. കോംപര്‍മൈസ് അഥവാ ഒത്തുതീര്‍പ്പുകളില്ലാത്ത നേതാവായിരുന്നു വി.എസ്. ഏത് രാഷ്ട്രീയകക്ഷിയുടെ നേതാവാണെങ്കിലും ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നവരെയാണ് ഇന്നത്തെ രാഷ്ട്രീയകേരളം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ വി.എസിനെ കോംപര്‍മൈസ് ചെയ്യിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. രാഷ്ട്രീയപരമോ ഭരണപരമോ ആകട്ടെ, ശരിയെന്ന് തോന്നുന്ന വിഷയത്തില്‍ അതിനറ്റം വരെ പോകുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ശൈലിയുള്ള ഏറ്റവും വലിയ നേതാവാണ് വി.എസ്. എന്നും സുരേഷ് കൂട്ടിച്ചേര്‍ക്കുന്നു.

പുറത്താക്കല്‍

പാര്‍ട്ടിയില്‍നിന്ന് എന്നെ പുറത്താക്കുമെന്ന് നേരത്തെ അറിയാമായിരുന്നു. വി.എസിന്റെ ടീമിന്റെ ഭാഗമാകാനും അദ്ദേഹത്തിന് ഇഷ്ടമുള്ളവരുടെ കൂട്ടത്തില്‍ ഒരാളായി മാറാന്‍ സാധിച്ചത് ജീവിതത്തിലെ ഭാഗ്യമായാണ് കാണുന്നത്. പുറത്താക്കുന്നതിന് ഒരുകൊല്ലം മുന്‍പേ ഈ നടപടിക്കുവേണ്ടി ചര്‍ച്ചകള്‍ നടക്കുമ്പോഴേ അറിയാമായിരുന്നു പുറത്തുപോകുമെന്ന്. അപ്പോഴൊക്കെ വി.എസ്. പറയുമായിരുന്നു, ആ തീരുമാനം നടപ്പിലാക്കാന്‍ താന്‍ സമ്മതിക്കില്ലെന്ന്. അത് എന്റെ അടുത്ത് പലപ്പോഴും പറഞ്ഞിട്ടുണ്ട്, സുരേഷ് പറഞ്ഞു. അന്ന് പി.ബി. യോഗം കഴിഞ്ഞ് പുറത്താക്കല്‍ എന്ന തീരുമാനം പുറത്തുവന്നു. വി.എസിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു, പാര്‍ട്ടി കമ്മിറ്റി വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുത്തു തുടങ്ങിയവയാണ് എനിക്കു മേല്‍ ചുമത്തിയിരുന്ന ആരോപണങ്ങള്‍. പുറത്താക്കിയെന്ന വാര്‍ത്ത ചാനലില്‍ വന്നപ്പോള്‍ അത് വി.എസിനെ കാണിച്ചുകൊടുത്തു. അങ്ങനെ ഒരിക്കലും സംഭവിക്കില്ല. അങ്ങനൊരു തീരുമാനം നടപ്പിലാക്കാന്‍ ഞാന്‍ സമ്മതിക്കില്ല എന്നായിരുന്നു അദ്ദേഹം അപ്പോള്‍ പറഞ്ഞത്. സഖാവ് സമ്മതിച്ചില്ലെങ്കിലും ജനറല്‍ സെക്രട്ടറി പറഞ്ഞുകഴിഞ്ഞു എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ വി.എസിന്റെ മുഖത്ത് വലിയൊരു വിഷമവും സങ്കടവും ഒക്കെ വരുന്നത് കണ്ടു. പുറത്താക്കിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ ഒരു കാരണവശാലും ഈ തീരുമാനത്തിനെതിരേ പുറത്ത് ഒന്നും പാര്‍ട്ടിക്കെതിരേ പറയരുത് എന്ന് അദ്ദേഹത്തോടു പറഞ്ഞിരുന്നു. എന്തെങ്കിലും പറഞ്ഞാല്‍ അത് വി.എസിന് ദോഷം ചെയ്യുമെന്ന് അറിയാമായിരുന്നു. അതിനാലാണ് അത്തരമൊരു അഭ്യര്‍ഥന നടത്തിയത്. നടപടിക്കു ശേഷവും തുടരണം എന്നു വി.എസ്. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ശരിയല്ലെന്നായിരുന്നു എന്റെ മറുപടി. കാരണം പാര്‍ട്ടി പുറത്താക്കിയ ഒരാള്‍ ആ സംവിധാനത്തില്‍ തുടരുന്നത് ശരിയല്ല എന്നായിരുന്നു എന്റെ നിലപാട്. നാളെ തന്നെ രാജിക്കത്ത് നല്‍കുമെന്നും പറഞ്ഞു. പിന്നീടും തന്നെ അനുഗമിക്കണമെന്ന് വി.എസ്. ആവശ്യപ്പെട്ടു. എന്നാല്‍ അങ്ങനെ നില്‍ക്കുന്നത് പാര്‍ട്ടി തീരുമാനത്തിന് എതിരായി നില്‍ക്കുന്നതായാണ് തോന്നുന്നത്. അതില്‍ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞു.

വി.എസിന് ഒപ്പമില്ലാതെ

അത്രയും കാലം സന്തതസഹചാരി ആയശേഷം പൊടുന്നനേ മാറിനില്‍ക്കുക എന്നത് വളരെ വിഷമകരമായിരുന്നു. ഞാനില്ലാത്ത സമയത്ത് വി.എസ്. ബുദ്ധിമുട്ടരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. അത്രത്തോളം സ്നേഹത്തോടെയും ആത്മാര്‍ഥതയോടെയും ആയിരുന്നു ഞാന്‍ അദ്ദേഹത്തെ പരിചരിച്ചിരുന്നത്. രാഷ്ട്രീയമായ ഒരുപാട് കാര്യങ്ങള്‍- കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എങ്ങനെ ആയിരിക്കണം ആയിരിക്കരുത്, അഴിമതി വിരുദ്ധ പോരാട്ടം, സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടം തുടങ്ങിയയൊക്കെ വി.എസിന്റെ ഒപ്പമുള്ള രാഷ്ട്രീയജീവിതകാലം തന്നെ പഠിപ്പിച്ചെന്നും സുരേഷ് പറയുന്നു. വ്യക്തിപരമായി ആരോഗ്യത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്നയാളായിരുന്നു വി.എസ്. ഒരുപാട് പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ശരീരമായിരുന്നു വി.എസിന്റേത്. അതുകൊണ്ടുതന്നെ ശരീരത്തെയും ആരോഗ്യത്തെയും നല്ല രീതിയില്‍ അദ്ദേഹം പരിചരിച്ചിരുന്നു. ഭക്ഷണകാര്യങ്ങളില്‍ ഉള്‍പ്പെടെ നിഷ്ഠ പുലര്‍ത്തിയിരുന്നു. ഒരു മഹാനായ മനുഷ്യന്റെ ഒപ്പം നിന്ന് അദ്ദേഹത്തിന്റെ കാര്യങ്ങള്‍ വളരെ ഭംഗിയായും ഏറ്റവും വിശ്വസ്തതയോടെയും നിര്‍വഹിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും സുരേഷ് പറയുന്നു.

Content Highlights: former personal assistant a suresh on vs achuthanandan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented