വിഷുക്കണി
കലണ്ടറായ കൊല്ലവര്‍ഷം ആരംഭിക്കുന്നത് ചിങ്ങം ഒന്നിനാണ്. ഇതിന് ചില കാരണങ്ങളുണ്ട്. വിഷുവിനെക്കുറിച്ച് കൂടുതല്‍ അറിയാം.
വിഷുവ ബിന്ദുവും രേഖയും
പൗരാണിക ജോതിശാസ്ത്രപ്രകാരമുള്ള സാങ്കല്പികരേഖയാണ് വിഷുവരേഖ. ആധുനിക അക്ഷാംശരേഖയും രേഖാംശരേഖയും പോലെയുള്ള ഒന്നാണിത്. മേടവിഷുവുമായും തുലാവിഷുവുമായും ബന്ധപ്പെട്ട് രണ്ട് വിഷുവബിന്ദുക്കള്‍ സങ്കല്പിക്കപ്പെട്ടിരിക്കുന്നു. ഇവയെ ബന്ധിപ്പിക്കുന്ന സാങ്കല്പികരേഖയാണ് വിഷുവരേഖ. സൂര്യന്‍ മീനരാശിയില്‍നിന്നും വിഷുവരേഖ തരണംചെയ്താണ് മേടരാശിയിലെത്തുന്നത്. നക്ഷത്രരാശികളെ വേര്‍തിരിക്കാന്‍ സാങ്കേതികമായി സഹായിക്കുന്നതിനാണ് പ്രാചീനര്‍ ഇങ്ങനെ ചെയ്തിരുന്നത്.
വിഷുവും മേടമാസവും
സൂര്യന്റെ യാത്രയെ ജ്യോതിശാസ്ത്രപ്രകാരം നമ്മുടെ പൂര്‍വികര്‍ 12 ഖണ്ഡങ്ങളായി തിരിച്ചിരുന്നു. ഈ ഓരോ ഭാഗത്തെയും രാശി എന്നാണ് വിളിച്ചിരുന്നത്. സൂര്യന്‍ ഓരോ രാശിയിലും പ്രവേശിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് മലയാളമാസം നിശ്ചയിച്ചിരുന്നത്. മേടം രാശിയില്‍ സൂര്യന്‍ എത്തുന്നതോടെ മേടമാസം ആരംഭിക്കുന്നു. പിന്നെ ഇടവം, മിഥുനം, കര്‍ക്കടകം ഇങ്ങനെ മീനംവരെ തുടരും. മേടം ആദ്യത്തേത് എന്നു കണക്കാക്കിയാണ് മീനത്തില്‍നിന്നും മേടം രാശിയിലേക്ക് സൂര്യന്‍ പ്രവേശിക്കുന്ന മേടം 1-ന് വിഷു ആഘോഷിക്കുന്നത്.
കാര്‍ഷികവര്‍ഷാരംഭം
വിഷു മലയാളിക്ക് കാര്‍ഷികവര്‍ഷാരംഭവും ചിങ്ങം ഒന്ന് കൊല്ലവര്‍ഷാരംഭവും ആണല്ലോ. വളരെ പണ്ട് കാര്‍ഷികവര്‍ഷാരംഭമായ വിഷുതന്നെയായിരുന്നു പുതുവര്‍ഷമായും ആഘോഷിച്ചിരുന്നത്. പിന്നീടതിന് മാറ്റമുണ്ടായി. എ.ഡി. 825-ല്‍ പഴയ തിരുവിതാംകൂറിലെ കൊല്ലത്തുവെച്ച് കൂടിയ പ്രകൃതിശാസ്ത്രപണ്ഡിതന്മാരുടെ സമ്മേളനത്തിലാണ് ചിങ്ങം ഒന്ന് തുടങ്ങുന്ന പുതുവര്‍ഷത്തിന് തുടക്കംകുറിച്ചത്. കൊല്ലത്തുവെച്ച് ആരംഭിച്ച വര്‍ഷമായതിനാല്‍ മലയാളിയുടെ പുതിയ കലണ്ടര്‍ വര്‍ഷത്തിന് കൊല്ലവര്‍ഷം എന്ന പേര് കിട്ടി. അന്നത്തെ തിരുവിതാംകൂര്‍ രാജാവ് ഉദയമാര്‍ത്താണ്ഡവര്‍മയാണ് ഈ പണ്ഡിതസമ്മേളനം വിളിച്ചുകൂട്ടിയത്. അതനുസരിച്ച് ഇപ്പോള്‍ കൊല്ലവര്‍ഷം 1192 ആണ്.
മലയാളിയുടെ ജീവിതത്തിലെ മാറ്റങ്ങളാണ് പുതിയ കാലഗണനയ്ക്ക് സമൂഹത്തെ നിര്‍ബന്ധമാക്കിയത്. ലളിതമായ കാര്‍ഷികവൃത്തിയുമായി ജീവിച്ചിരുന്നപ്പോള്‍ മേടം ഒന്ന് കണക്കാക്കിയുള്ള ആണ്ടുപിറവി മതിയായിരുന്നു. ഭൗതികജീവിതത്തിലുണ്ടായ മുന്നേറ്റങ്ങള്‍ വിഷുവിനെ പുതുവര്‍ഷം എന്നനിലയില്‍ കണക്കാക്കാന്‍ കഴിയാതെവന്നു. അതാണ് കൊല്ലവര്‍ഷം എന്ന പുതിയ കലണ്ടറിന് തുടക്കംകുറിച്ചത്.
സായനവും നിരയനവും
വിഷു എന്ന വാക്ക് വന്നത് വിഷുവം എന്ന വാക്കില്‍നിന്നാണ്. വിഷുവും വിഷുവവും ഒന്നല്ല. രാത്രിയും പകലും തുല്യമായ ദിവസം എന്നാണ് വിഷുവം എന്ന വാക്കിനര്‍ഥം. പകലും രാത്രിയും തുല്യമായി വരുന്ന വിഷുവവും നമ്മള്‍ ആഘോഷിക്കുന്ന വിഷുവും വ്യത്യസ്ത ദിനങ്ങളില്‍ വരുന്നതിന് ചില കാരണങ്ങളുണ്ട്. ഗണനരീതിയിലെ രണ്ടു വഴികളാണ് ഇതിനു കാരണം.
സായനരീതിയനുസരിച്ച് വിഷുവം വരുന്ന മാര്‍ച്ച് 21 അടിസ്ഥാനമാക്കി മേടമാസം കണക്കാക്കേണ്ടിവരും. എന്നാല്‍ പഞ്ചാംഗവും നമ്മുടെ രാജ്യത്തെ വിവിധ കലണ്ടറുകളും കാലഗണനചെയ്തിരിക്കുന്നത് നിരയനരീതി അനുസരിച്ചാണ്. ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊക്കെ സഞ്ചരിക്കുന്നതായി തോന്നുന്ന ആകാശപഥമെന്ന ക്രാന്തിവൃത്തം വലിയൊരു സാങ്കല്പികവൃത്തമാണ്. ഈ വൃത്തത്തെക്കുറിച്ചു പഠിക്കാന്‍ ഒരു തുടക്കം വേണമല്ലോ! ഈ തുടക്കം ഏത് ബിന്ദു എന്ന കാര്യത്തിലെ അഭിപ്രായവ്യത്യാസമാണ് സായന-നിരയന ഗണിത വ്യത്യാസങ്ങള്‍ക്ക് കാരണം.
ഞാറ്റുവേലയും വിഷുവും
ഞാറ്റുവേലയെന്നാല്‍ ഞായറിന്റെ വേല അഥവാ സൂര്യന്റെ യാത്ര എന്നാണര്‍ഥം. കോടാനുകോടി നക്ഷത്രങ്ങള്‍ അടങ്ങിയ നക്ഷത്രലോകത്തെ 27 ഭാഗങ്ങളാക്കി ഓരോ നക്ഷത്രസമൂഹത്തെയും അശ്വതി, ഭരണി എന്നിങ്ങനെ വിളിച്ചു. സൂര്യന്‍ ഒരു നക്ഷത്രസമൂഹത്തില്‍ കാണുന്ന കാലമാണ് ഞാറ്റുവേല. അതായത് സൂര്യന്‍ അശ്വതിനക്ഷത്രക്കൂട്ടത്തില്‍ കാണുന്ന കാലമാണ് അശ്വതി ഞാറ്റുവേല. ഇതിങ്ങനെ 27 നക്ഷത്രസമൂഹംവരെ പോകും. ഓരോ ഞാറ്റുവേലയും ഏകദേശം 13-14 ദിവസം കാണും. 27 ഞാറ്റുവേലകളോടെ ഒരു കൊല്ലം പൂര്‍ത്തിയാകും. പൂര്‍വികര്‍ മഴ, വെയില്‍, മഞ്ഞ് തുടങ്ങി കാലാവസ്ഥ പ്രവചിച്ചിരുന്നത് ഞാറ്റുവേല നോക്കിയാണ്. ആധുനിക കാലാവസ്ഥാശാസ്ത്രത്തിന്റെ ആദ്യരൂപമായാണ് ഞാറ്റുവേലകളെ ഗവേഷകര്‍ കണക്കാക്കുന്നത്. ഇന്നത്തപ്പോലെ കാലാവസ്ഥാവകുപ്പോ കാര്‍ഷികസര്‍വകലാശാലകളോ ഇല്ലാതിരുന്നകാലത്ത് പ്രാചീന കാലാവസ്ഥാശാസ്ത്രമായിരുന്നു ഞാറ്റുവേല. ഇതനുസരിച്ചായിരുന്നു കര്‍ഷകര്‍ വിത്തുവിതയ്ക്കുകയും വിളവെടുക്കുകയും മറ്റും ചെയ്തിരുന്നത്.
രോഹിണിയില്‍ പയര്‍, തിരുവാതിരയില്‍ കുരുമുളക്, അത്തത്തില്‍ വാഴ എന്നിങ്ങനെ വിത്തുവിതയ്ക്കാന്‍ പ്രത്യേക ഞാറ്റുവേലകള്‍തന്നെയുണ്ടായിരുന്നു. തിരുവാതിര ഞാറ്റുവേലയിലായിരുന്നു ഏറ്റവും കൂടുതല്‍ മഴ കിട്ടിയിരുന്നത്. 'തിരുവാതിരയില്‍ തിരിമുറിയാതെ', 'പുണര്‍തം പുകഞ്ഞപോലെ', 'ചോതി പെയ്താല്‍ ചോറുറച്ചു' എന്നിങ്ങനെ പഴഞ്ചൊല്ലുകള്‍തന്നെയുണ്ടായിരുന്നു. വിഷുദിനം വരുന്നത് കൃഷിക്ക് തുടക്കമിടുന്ന ആദ്യത്തെ ഞാറ്റുവേലയായ അശ്വതിയിലാണ്. കൃഷി മാത്രമല്ല ഉത്സവങ്ങളും പണ്ട് ഞാറ്റുവേലയുടെ നിലയനുസരിച്ചായിരുന്നു കൊണ്ടാടിയിരുന്നത്.
Content Highlights: kerala vishu history, vishu 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..