ആളുകൾക്ക്‌ എന്നെ വലിയ ഇഷ്ടമൊന്നുമില്ല എന്ന ബോധ്യം എപ്പോഴുമുണ്ട് -ഷൈൻ ടോം ചാക്കോ


സിറാജ് കാസിം

ഭീഷ്മപർവത്തിലെ പീറ്റർ, കുറുപ്പിലെ ഭാസിപ്പിള്ള, ഇഷ്‌കിലെ ആൽവിൻ, തല്ലുമാലയിലെ എസ്.ഐ. റെജി തുടങ്ങിയ കഥാപാത്രങ്ങൾപോലെ അവിസ്മരണീയമാകും ‘കുമാരി’യിലെ ധ്രുവനും ‘വിചിത്ര’ത്തിലെ ജാക്സണുമെന്നാണ് ഷൈനിന്റെ പ്രതീക്ഷ

INTERVIEW

ഷൈൻ ടോം ചാക്കോ | ഫോട്ടോ: ജമേഷ് കോട്ടയ്ക്കൽ | മാതൃഭൂമി

സോഫയിലേക്കുവന്നിരിക്കുമ്പോഴുള്ള ചിരിയിൽത്തന്നെ ഷൈൻ ടോം ചാക്കോ നയംപ്രഖ്യാപിച്ചിരുന്നു. പൊതുസമൂഹത്തിന്റെയും സാമൂഹികമാധ്യമങ്ങളുടെയും നിരന്തരമുള്ള ഓഡിറ്റിങ്ങിനു വിധേയമാകുന്ന ഒരുവന്റെ ഉത്തരങ്ങൾ ഒളിപ്പിച്ച ചിരി. ചുണ്ടിൽ ചിരിവിടരുമ്പോഴും ആ മനുഷ്യൻ സ്‌ക്രീനിൽ തകർത്താടിയ കഥാപാത്രങ്ങളുടെ ആഴങ്ങൾ മിഴികളിൽ നമുക്ക് വായിച്ചെടുക്കാം. ഇമേജുകളെ ഭയക്കാതെ കഥാപാത്രങ്ങളുടെ ആടിത്തിമിർക്കലിൽ സ്വയംസമർപ്പണം നടത്തുന്ന ഷൈൻ പുതിയസിനിമയായ ‘വിചിത്ര’ത്തിലും പതിവുതെറ്റിച്ചിട്ടില്ല. ഭീഷ്മപർവത്തിലെ പീറ്റർ, കുറുപ്പിലെ ഭാസിപ്പിള്ള, ഇഷ്‌കിലെ ആൽവിൻ, തല്ലുമാലയിലെ എസ്.ഐ. റെജി തുടങ്ങിയ കഥാപാത്രങ്ങൾപോലെ അവിസ്മരണീയമാകും ‘കുമാരി’യിലെ ധ്രുവനും ‘വിചിത്ര’ത്തിലെ ജാക്സണുമെന്നാണ് ഷൈനിന്റെ പ്രതീക്ഷ

വിചിത്രം, കുമാരി പുതിയ സിനിമകളുടെ വിശേഷങ്ങൾ...

വിചിത്രം എന്ന സിനിമയുടെ പോസ്റ്റർ നിങ്ങൾ കണ്ടിരുന്നോ? അതിൽ ഞങ്ങളുടെയെല്ലാം മുഖത്ത് ഒരു ഞെട്ടൽ കണ്ടില്ലേ? അതിനുപിന്നിലെ കാരണമറിയണമെങ്കിൽ നിങ്ങൾ സിനിമ കാണണം. അതറിയാൻ ആഗ്രഹിക്കുന്ന ആർക്കും തിയേറ്ററിലേക്കു വരാം. അഞ്ചു ചേട്ടാനുജൻമാരുള്ള വലിയ കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ഇതിൽ രണ്ടുപേർ ഇരട്ടകളാണ്. ഇവരെല്ലാം വലിയ കൊലകൊമ്പൻമാരാണെങ്കിലും രാത്രി വീട്ടിൽക്കയറാൻ ഇവർക്കു വലിയപേടിയാണ്. വിചിത്രമായ ചില കാരണങ്ങളാണ് ഇതിനുപിന്നിൽ. ഇടവേളയ്ക്കുശേഷം മലയാളത്തിൽ വരുന്ന ഒരു മിത്തിക്കൽ ത്രില്ലർ ജോണറിലുള്ള ചിത്രമാണ് കുമാരി.

കാഞ്ഞിരങ്ങാട് എന്ന ഒരു ഗ്രാമവും അവിടെ അധികാരത്തിനുവേണ്ടി എന്തുംചെയ്യാൻ മടിക്കാത്ത ആളുകളുടെയുംകൂടി കഥയാണ് സിനിമ പറയുന്നത്. അവർക്കിടയിൽ വ്യത്യസ്ത മനോഭാവമുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പഴയ കെട്ടുകഥകളിലൂടെ നമ്മൾ കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ കഥാപാത്രങ്ങളെയാണ് ചിത്രത്തിലൂടെ നിങ്ങൾ കാണാൻപോകുന്നത്.

ഷൈനിനു ലഭിക്കുന്ന കഥാപാത്രങ്ങൾപോലെ താങ്കളുടെ ജീവിതവും വിചിത്രമാണോ? പലരും അത്തരത്തിൽ വിചാരണ ചെയ്യാറുണ്ടല്ലോ

എന്നെ ആളുകൾ വിചാരണചെയ്യുന്നതൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല. അവർ പറയാനുള്ളത് പറഞ്ഞോട്ടെ. എന്റെകാര്യം ഞാനാണല്ലോ നോക്കേണ്ടത്. ഞാൻ കള്ളുകുടിച്ചിട്ടാണോ, കഞ്ചാവുവലിച്ചിട്ടാണോ അഭിനയിക്കുന്നതെന്നാണ് പലർക്കും അറിയേണ്ടത്. നമ്മുടെ സമൂഹത്തിന്റെ ഏറ്റവുംവലിയ ആകുലതകളും അതുതന്നെയാണല്ലോ. ഒരുത്തനു കഴിക്കാൻ വല്ലതും കിട്ടുന്നുണ്ടോ, അവൻ പട്ടിണികിടക്കുകയാണോ എന്നൊന്നും ആരും അന്വേഷിക്കില്ല. അവൻ കള്ളുകുടിച്ചോ കഞ്ചാവ് വലിച്ചോ എന്നതിലാണ് പലരുടെയും ശ്രദ്ധ. ഇത്തരക്കാരുടെ ആരോപണങ്ങളെ ഞാൻ മൈൻഡ് ചെയ്യാറില്ല. ഒരു കലാകാരൻ അവന്റെ വയറ്റിലേക്കൊന്നും ചെന്നില്ലെങ്കിലും പെർഫോം ചെയ്യും. എന്റെ ജീവിതം ആരെങ്കിലും തെറ്റിദ്ധരിക്കുന്നതിൽ എനിക്കു ഒരു വിഷമവുമില്ല. വിഷമിക്കാനാണെങ്കിൽ അതിനുമാത്രമേ നേരമുണ്ടാകൂ ബ്രോ.

കുമാരി സിനിമയിൽനിന്നൊരു ദൃശ്യം

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ഒന്നിനുപിറകെ ഒന്നായി ഷൈനിനെ തേടിവരുന്നുണ്ടല്ലോ

വ്യത്യസ്തമായ കഥാപാത്രങ്ങൾ എന്നുപറയുന്നത് അതിലേക്കു നമ്മൾ എത്തുന്ന രീതിക്കനുസരിച്ചാണ് രൂപപ്പെടുന്നത്. വ്യത്യസ്തനാവണം എന്ന നമ്മൾ ആഗ്രഹിച്ചതുകൊണ്ടുമാത്രം കാര്യമില്ല. എഴുത്തുകാരൻ മുതൽ സംവിധായകൻ വരെ എല്ലാവരും അതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. കിട്ടുന്ന കഥാപാത്രങ്ങൾ നേരത്തേ ചെയ്തതിൽനിന്ന്‌ വ്യത്യസ്തമായി അവതരിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. ആളുകൾക്ക്‌ എന്നെ വലിയ ഇഷ്ടമൊന്നുമില്ല എന്ന ബോധ്യം എനിക്ക് എപ്പോഴുമുണ്ട്. നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളാണ് എനിക്കു കൂടുതലും കിട്ടാറുള്ളത്. അപ്പോൾ ഒരു സിനിമയിൽചെയ്ത നെഗറ്റീവ് വേഷത്തിന്റെ അതേ മാനറിസങ്ങളിൽ അടുത്തതും ചെയ്താൽ ശരിയാവില്ല. അഭിനയം എന്നുപറയുന്നത് ഒരു ട്രിക്കാണ്. കഥയിൽ പറയുന്ന കാര്യം കാണികളെ കൃത്യമായി അനുഭവിപ്പിക്കാൻ കഴിയുന്ന ആ ട്രിക്ക് പഠിച്ചാൽ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമാണ്.

അഭിനയം ഓർഗാനിക് ആയിട്ട് വരുന്നതാണ് എന്നു ചിലരൊക്കെ പറയുന്നതിനോടു ഷൈൻ എത്രമാത്രം അനുകൂലിക്കുന്നു?

അഭിനയം ഓർഗാനിക്കായിട്ട്‌ വരുന്നവരൊക്കെ ഉണ്ടായിരിക്കാം. എന്നാൽ, എന്റെ കാര്യം പറയുകയാണെങ്കിൽ അതു ബോധപൂർവം ചെയ്യുന്നതുതന്നെയാണ്. ഞാൻ നേരത്തേ പറഞ്ഞതുപോലെ ആ ‘ട്രിക്ക്’ പഠിച്ചാൽപ്പിന്നെ എല്ലാം എളുപ്പമാണ്. കണ്ണുകളിലൂടെയാകണം അഭിനയം വരേണ്ടതെന്ന്‌ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. സംവിധായകനും തിരക്കഥാകൃത്തുമൊക്കെ വർക്കുചെയ്തുവെച്ച റഫറൻസുകൾ ​വെച്ചിട്ടാണ് ഓരോ നടനും കഥാപാത്രത്തെ മോൾഡ്ചെയ്യേണ്ടത്. അതോടൊപ്പം വസ്ത്രത്തിലും രൂപത്തിലുമൊക്കെ കുറെ മാറ്റങ്ങൾ കൊണ്ടുവരാനാകും. അപ്പോഴും കഥാപാത്രത്തിനുവേണ്ട സ്വയംസമർപ്പണം എന്നൊരു പരിപാടി നടൻതന്നെ ചെയ്യേണ്ടകാര്യമാണ്.

ഭീഷ്മപർവം എന്ന സിനിമയിലെ പീറ്ററും വൈറലായ ഡാൻസും ഇപ്പോഴും സൂപ്പർഹിറ്റായി ഓടുകയാണല്ലോ

ഭീഷ്മപർവത്തിലെ എന്റെ ഡാൻസ് സ്റ്റെപ്പ് ഇത്രവലിയ തരംഗമാകുമെന്നു ഒരിക്കലും കരുതിയതല്ല. പൂൾ ഡാൻസേഴ്‌സും ലേഡീസ് പബ്ബിലെ ജിഗോളകളുമൊക്കെ കളിക്കുന്ന ഡാൻസ് സ്റ്റെപ്പിന്റെ ഒരു വകഭേദമായിരുന്നു അത്. സൗബിൻ ഷാഹിറും ഞാനും ലൊക്കേഷനിലെ മറ്റുള്ളവരുമൊക്കെ വെറുതേ സംസാരിച്ചിരിക്കുമ്പോൾ തമാശയ്ക്ക് കാണിക്കാറുള്ള സ്റ്റെപ്പാണ് ഒടുവിൽ സിനിമയിലെത്തിയത്. സംവിധായകൻ അമൽ നീരദ് വന്നപ്പോൾ സൗബിൻ തമാശയ്ക്കാണ് എന്റെ സ്റ്റെപ്പിനെപ്പറ്റി പറഞ്ഞത്. സത്യത്തിൽ ഞാൻ വെറുതേ ട്രൈചെയ്തു നോക്കിയ ഒരു സ്റ്റെപ്പാണ് ഇത്രയ്ക്ക് ഹിറ്റായത്. പുതിയ കാര്യങ്ങൾ ട്രൈചെയ്യുന്നത് ചിലപ്പോൾ നമുക്ക് വലിയമാറ്റങ്ങൾ തന്നേക്കും.

മമ്മൂട്ടിക്കൊപ്പം ഇതിനകം അഭിനയിച്ചു. മോഹൻലാലിനൊപ്പം അഭിനയിക്കണ്ടേ?

മമ്മൂക്കയും ലാലേട്ടനും എന്നതു എന്നെപ്പോലെ ഏതൊരാളുടെയും വലിയ സ്വപ്നമല്ലേ. കുട്ടിക്കാലത്ത് ലാലേട്ടന്റെ താളവട്ടം, ഉണ്ണികളേ ഒരു കഥപറയാം, രാജാവിന്റെ മകൻ, ഇരുപതാംനൂറ്റാണ്ട്‌, ചിത്രം തുടങ്ങിയ സിനിമകളൊക്കെ കണ്ട്‌ ത്രില്ലടിച്ചയാളാണ് ഞാൻ. മമ്മൂക്കയുടെയും ലാലേട്ടന്റെയുമല്ലാതെ ഒരു സിനിമയും കാണാൻ ഇഷ്ടമില്ലാത്ത ആളായിരുന്നു ഞാൻ. മമ്മൂക്കയുടെകൂടെ അഭിനയിക്കുമ്പോൾ നമ്മളെല്ലാം നമിച്ചുപോകുന്ന അനുഭവമാണ് സ്വന്തമായത്. മമ്മൂക്കയുടെ പത്തു കഥാപാത്രങ്ങളുടെ ഫോട്ടോ എടുത്തുവെച്ച് അതിലേക്കുനോക്കിയാൽ പത്തുപേരെയാകും നിങ്ങൾക്കു കാണാൻകഴിയുന്നത്. അതാണ് ആ മനുഷ്യനെ മഹാനടനാക്കി എന്നും നമ്മളുടെയെല്ലാം മുന്നിൽനിർത്തുന്നത്. ലാലേട്ടനൊപ്പം എനിക്ക്‌ അഭിനയിക്കാൻ സാധിച്ചിട്ടില്ല. പക്ഷേ, മമ്മൂക്കയ്ക്കൊപ്പം അതിനുള്ള മഹാഭാഗ്യമുണ്ടായി.

Content Highlights: shine tom chacko interview, vichithram movie, kumari movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented