വെറും 25 ദിവസം, നേരത്തേ എഡിറ്റ് ചെയ്ത ദൃശ്യം കണ്ടാണ് 'വിചിത്ര'ത്തിലെ പാട്ട് ചെയ്തത് | ജുബൈർ മുഹമ്മദ്


അഞ്ജയ് ദാസ്.എൻ.ടി

ജുബൈർ മുഹമ്മദ്, അച്ചു വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ജുബൈർ മുഹമ്മദ്‌

മിസ്റ്ററി ചിത്രങ്ങൾക്ക് പുതിയൊരു തലം നൽകുകയാണ് വിചിത്രം എന്ന ഏറ്റവുംപുതിയ മലയാളചിത്രം. പേരുപോലെ 'വിചിത്ര'മായ സംഭവവികാസങ്ങളാണ് ചിത്രത്തെ നയിക്കുന്നത്. സമ്പൂർണ ഹൊറർ ചിത്രമല്ലെങ്കിലും സിനിമയ്ക്ക് ഭയത്തിന്റേതായ അന്തരീക്ഷം നൽകുന്നതിൽ സം​ഗീതസംവിധായകനായ ജുബൈർ മുഹമ്മദ് വഹിച്ച പങ്ക് ചെറുതല്ല. പൂർണമായും എഡിറ്റ് ചെയ്തുവെച്ച ദൃശ്യങ്ങൾ കണ്ടാണ് താൻ വിചിത്രത്തിന് സം​ഗീതവും പശ്ചാത്തലസം​ഗീതവും ഒരുക്കിയതെന്ന് പറയുകയാണ് ജുബൈർ. 'വിചിത്രം' തന്നെ അനുഭവങ്ങളേക്കുറിച്ച് ജുബൈർ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

വിളിച്ചത് പശ്ചാത്തലസം​ഗീതം ചെയ്യാൻവിചിത്രത്തിന്റെ സംവിധായകൻ അച്ചു വിജയനും ഞാനും അഞ്ചാറ് വർഷമായി സുഹൃത്തുക്കളാണ്. അച്ചുവേട്ടന്റെ മ്യൂസിക് വീഡിയോകളിലും ഒക്കെയായി ഒരുപാട് ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ജോജു ചേട്ടന്റെ പീസ് എന്ന പടം ചെയ്ത് നിൽക്കുന്ന സമയമായിരുന്നു. വിചിത്രത്തിന് പശ്ചാത്തലസം​ഗീതം ചെയ്യണമെന്നുപറഞ്ഞാണ് എന്നെ വിളിക്കുന്നത്.

പരീക്ഷണസിനിമയിലെ പാട്ടുകൾ

ഞാൻ ഈ സിനിമയിലേക്ക് വരുന്നതിന് മുമ്പ് തന്നെ അച്ചുവേട്ടൻ ഈ കഥ എന്നോട് പറഞ്ഞിട്ടുണ്ട്. പശ്ചാത്തലസം​ഗീതം ചെയ്യുന്നതിന് മുമ്പ് തന്നെ ഈ പടത്തിലെ പലരം​ഗങ്ങളും ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പടത്തിന്റെ ഴോണർ ഏതാണെന്ന് എനിക്ക് അറിയാമായിരുന്നു. പിന്നെ അച്ചുവേട്ടൻ തന്നെയാണ് സിനിമയുടെ എഡിറ്റിങ്ങും. പിന്നെ ഇതിൽ ഒരു പാട്ട് സ്ട്രീറ്റ് അക്കാഡമിക്സ് ആണ് ചെയ്തത്. ബാക്കിയുള്ള മൂന്ന് പാട്ടുകളും വന്നത് പശ്ചാത്തലസം​ഗീതം ചെയ്യുന്ന സമയത്ത് ഘട്ടംഘട്ടമായി വികസിപ്പിച്ചെടുക്കുകയായിരുന്നു. എനിക്ക് സിനിമയുടെ കഥയറിയാവുന്നതുകൊണ്ട് ജോലി എളുപ്പമായി.

വിചിത്രത്തിലേക്ക് വൈകിവന്നയാൾ

സത്യത്തിൽ ഈ സിനിമയിലേക്ക് വളരെ വൈകി, അവസാനനിമിഷത്തിൽ വന്നയാളാണ് ഞാൻ. നേരത്തെ ഒന്ന്, രണ്ട് സം​ഗീത സംവിധായകരുമായി സംവിധായകൻ ചർച്ച നടത്തിയിരുന്നു. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അതെല്ലാം മാറിപ്പോയിട്ടാണ് എന്നിലേക്ക് അവസരം വന്നത്. വരാനുള്ളത് വഴിയിൽത്തങ്ങില്ല എന്നുപറയുന്നത് പോലെ. സുഹൃത്തിന്റെ ആദ്യപടത്തിൽ ഭാ​ഗമാവാൻ കഴിഞ്ഞതിൽ സന്തോഷം.

നേരത്തേ എഡിറ്റ് ചെയ്ത ദൃശ്യം കണ്ടാണ് പാട്ട് ചെയ്തത്

ടൈറ്റിൽ ട്രാക്ക് ഒരെണ്ണം വേണമെന്ന് പറഞ്ഞിരുന്നു. പാശ്ചാത്യസിനിമകളിൽ കാണുന്ന തരത്തിലുള്ളതാവണമെന്ന് സൂചിപ്പിച്ചിരുന്നു. കുറച്ച് വരികളുമുണ്ടെങ്കിൽ നന്നായിരിക്കുമെന്നും പറഞ്ഞു. അതിനോടകം കട്ട് ചെയ്ത് വെച്ചിരിക്കുന്ന വിഷ്വൽസാണ് എനിക്ക് തന്നത്. ആ താളത്തിൽ വേണമായിരുന്നു പാട്ട് ചെയ്യാൻ. സിനിമയ്ക്കായി ആദ്യം ചെയ്തതും ഈ പാട്ടാണ്. വിഷ്വൽ കണ്ട് ആ മൂഡിൽ അങ്ങ് ചെയ്തുപോവുകയായിരുന്നു. ഈ പാട്ടിന്റെ ഇൻസ്ട്രുമെന്റൽ പതിപ്പാണ് ആദ്യം ചെയ്തത്. വരികളുള്ള വേർഷൻ പിന്നീട് ചെയ്യുകയായിരുന്നു. പാട്ടുകളും പശ്ചാത്തലസം​ഗീതവുമെല്ലാം കൂടി 25 ദിവസംകൊണ്ട് തീർക്കാൻപറ്റി.

സൗണ്ട് ഡിസൈനർ വിഷ്ണു ​ഗോവിന്ദന്റെ പിന്തുണ

പശ്ചാത്തലസം​ഗീതം ചെയ്യാൻ എന്നെ ഏറ്റവുംകൂടുതൽ പിന്തുണച്ചത് സൗണ്ട് ഡിസൈനർ വിഷ്ണു ​ഗോവിന്ദനാണ്. ബി.ജി.എം ചെയ്യാൻ റീൽസ് കിട്ടുമ്പോൾ അതിൽത്തന്നെ ഒരു സൗണ്ട് ട്രാക്കുണ്ടായിരുന്നു. പുള്ളി ചെയ്ത സൗണ്ട് എഫക്ട്സ് ട്രാക്കായിരുന്നു അത്. അതിന് യോജിക്കുന്ന രീതിയിലാണ് ഞാൻ പശ്ചാത്തലസം​ഗീതം ചെയ്തത്. എവിടെയൊക്കെ നിശ്ശബദ്ത വരണമെന്ന് അതിൽത്തന്നെ ഉണ്ടായിരുന്നതുകൊണ്ട് എവിടെ സം​ഗീതം ചേർക്കണമെന്ന് കണ്ടെത്താൻ എളുപ്പമായിരുന്നു. നിശ്ശബ്ദതയാണല്ലോ മനോഹരമായ സം​ഗീതം എന്നുപറയുന്നത്. പശ്ചാത്തലസം​ഗീതം ചെയ്ത ചില ഭാ​ഗങ്ങൾ എഡിറ്റ് ചെയ്ത് നിശ്ശബ്ദമാക്കിയിട്ടുമുണ്ട്. നാഷണൽ അവാർഡ് ജേതാവിനൊപ്പം വർക്ക് ചെയ്യാൻ പറ്റിയത് വലിയ ഭാ​ഗ്യം.

നിശ്ശബ്ദതയ്ക്ക് പ്രാധാന്യം നൽകി

ഒരു ഹൊറർ സിനിമയെന്ന് പറയാനാവില്ല. നി​ഗൂഢത നിറഞ്ഞ ചിത്രമാണ്. പേടിപ്പിക്കണം എന്നൊരുദ്ദേശമില്ലായിരുന്നു. ഒരു പ്രത്യേക മൂഡിലേക്കെത്തിക്കുക എന്നേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ കാരണം ക്ലൈമാക്സിൽ വെളിപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. നിശ്ശബ്ദതയ്ക്ക് പ്രാധാന്യം കൊടുക്കുക, ആവശ്യമുള്ളിടങ്ങളിൽ മാത്രം സം​ഗീതം ഉപയോ​ഗിക്കുക എന്ന രീതിയാണ് പിന്തു‌ടർന്നത്. അതുകൊണ്ട് കൂടുതലും പാശ്ചാത്യ സിനിമകളാണ് മാതൃകയായി സ്വീകരിച്ചത്. നോപ് ഒക്കെ പോലെയുള്ള ചിത്രങ്ങൾ. പല സീനിലും കഥാപാത്രങ്ങളെ കാണില്ലെങ്കിലും അവരുടെ സാന്നിധ്യം സം​ഗീതത്തിലൂടെ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. നമ്മളുദ്ദേശിച്ചത് എന്താണെന്ന് ആളുകളിലേക്ക് എത്തുന്നു എന്നറിയുന്നതിൽ സന്തോഷം.

Content Highlights: jubair muhammed Interview, music composter, Vichithram Movie, shine Tom Chacko, achu vijayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented