ചിത്രത്തിന്റെ ട്രെയ്‌ലറിൽ നിന്നുള്ള രംഗങ്ങൾ
നവാഗതനായ ശരത് സംവിധാനം ചെയ്ത ചിത്രം വെയിലിന്റെ ട്രെയ്ലര്‍ മമ്മൂട്ടി പുറത്തിറക്കി. ഷൈന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ എന്നിവരെ കൂടാതെ നവാഗതരായ ശ്രീരേഖ, സോനാ ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. വെയിലിലെ പ്രകടനത്തിന് ശ്രീരേഖ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.
സിദ്ധാര്‍ഥ് എന്ന കഥാപാത്രത്തെയാണ് ആണ് ഷൈന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലൂടെ സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ടു ആണ്‍ മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.
ആറ് ഗാനങ്ങള്‍ ആണ് സിനിമയില്‍ ഉള്ളത്. തമിഴില്‍ പ്രശസ്തനായ പ്രദീപ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രദീപിന്റെ ആദ്യ മലയാള ചിത്രമാണ് വെയില്‍. ജനുവരി 28 നാണ് ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത്. ശരത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുകിയിരിക്കുന്നത്. സുധി കോപ്പ, ഗീതി സംഗീതിക, അനന്തു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- ഷാസ് മുഹമ്മദ്, എഡിറ്റിംഗ് -പ്രവീണ്‍ പ്രഭാകര്‍, സൗണ്ട് ഡിസൈന്‍ -രംഗനാഥ് രവീ, വസ്ത്രലങ്കാരം- മെല്‍വിന്‍, ചമയം- ബിബിന്‍ തൊടുപുഴ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കിരണ്‍ റാഫേല്‍, അസോസിയേറ്റ് ഡയറക്ടര്‍സ്- ഹാരിസ് റസാഖ്, ലക്ഷ്മി ഗോപികുമാര്‍, സംഘട്ടനം- ജി. എന്‍, കലാസംവിധാനം- രാജീവ്, പി.ആര്‍.ഒ ആതിര ദില്‍ജിത്