Sreerekha
ആലപ്പുഴ: കനത്ത മഴയത്തെ ഉച്ചമയക്കത്തിനിടെ അമ്മ വിളിച്ചുണര്‍ത്തി ചോദിച്ചു-;മോളേ അവാര്‍ഡ് നിനക്കാണോ? മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരം ശ്രീരേഖയ്‌ക്കെന്നു ടി.വി. ചാനലുകളില്‍ കാണിക്കുന്നുണ്ട്
ശ്രീരേഖ ചാനലുകള്‍ നോക്കിയെങ്കിലും വിശ്വസിക്കാനായില്ല. അധികൃതരാരും വിളിച്ചുപറയാത്തതുകൊണ്ട് ആകെയൊരു സംശയം. വീണ്ടും കിടന്നെങ്കിലും ഉറങ്ങാനായില്ല. എഴുന്നേറ്റ് വീണ്ടും ചാനലില്‍ നോക്കി. ഫോണില്‍ പരതി. മിസ്ഡ് കോള്‍ ഒന്നുംകാണുന്നില്ല. വൈകാതെ സംവിധായകന്‍ ശരത്തും ഭാര്യയും വിളിച്ചു. അതോടെ തൃശ്ശൂര്‍ കൊരട്ടി കോനൂര്‍ നാലുകെട്ട് ഭാഗ്യശ്രീയില്‍ സന്തോഷം അണപൊട്ടി.
ശ്രീരേഖയുടെ ആദ്യചിത്രമാണ് വെയില്‍. ഇതിലെ രാധയെന്ന കഥാപാത്രമാണ് അവാര്‍ഡിലെത്തിച്ചത്. ശ്രീരേഖ വനിത- ശിശുക്ഷേമവകുപ്പില്‍ കൊച്ചിയില്‍ സൈക്കോളജിസ്റ്റാണ്. ടിക് ടോക്കിലൂടെയൊക്കെ ശ്രീരേഖയുടെ അഭിനയംകണ്ട് സംവിധായകന്‍ ശരത് നിര്‍ബന്ധിച്ചപ്പോഴാണു സിനിമയിലേക്ക് എത്തിയത്.
ആലപ്പുഴ, തണ്ണീര്‍മുക്കം അശ്വതിയാണ്; ശ്രീരേഖയുടെ ജന്മവീട്. കെ.എസ്.ഇ.ബി. സബ് എന്‍ജിനിയറായിരുന്ന അച്ഛന്‍ രാജഗോപാലിന്റെ ആഗ്രഹം മകളെ പാട്ടുകാരിയാക്കണമെന്നായിരുന്നു. ആലപ്പുഴ സെയ്ന്റ് ജോസഫ്‌സ്, ചേര്‍ത്തല സെയ്ന്റ് മൈക്കിള്‍സ്, ആലപ്പുഴ എസ്.ഡി. കോളേജ് എന്നിവിടങ്ങളിലെ പഠനകാലത്തു പാട്ടിനും കവിതാപാരായണത്തിനും സമ്മാനംനേടി.
അമ്മ ഗിരിജാകുമാരി കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റിലെ ജീവനക്കാരിയാണ്. കൊരട്ടിയില്‍ സ്റ്റുഡിയോ നടത്തുന്ന സന്ദീപ് ശ്രീധരനാണു ഭര്‍ത്താവ്.