'അന്ന് ഷൂട്ടിങ് കാണാന്‍ ചെന്നപ്പോള്‍ അടിച്ചോടിച്ചു, പിന്നെ അതേസ്ഥലത്ത് എന്റെ മുഖമുള്ള ബാനറുയർന്നു'


പ്രമോദ് വെളിയനാട് \ അഞ്ജയ് ദാസ്. എന്‍.ടി

5 min read
Read later
Print
Share

'അന്ന് ഷൂട്ടിങ് കാണാന്‍ ചെന്നപ്പോള്‍ അടിച്ചോടിച്ചു, പിന്നെ അതേസ്ഥലത്ത് എന്റെ മുഖമുള്ള ഫ്‌ളക്‌സുയര്‍ന്നു'

പ്രമോദ് വെളിയനാട് | ഫോട്ടോ: www.facebook.com/Artistpramodveliyanad

നാടകത്തില്‍ അഭിനയിക്കുമ്പോഴേ ആ നടന്റെയുള്ളില്‍ സിനിമയായിരുന്നു. തന്നെക്കൊണ്ട് ചിലതൊക്കെ ചെയ്യാന്‍ കഴിയും എന്ന് ആരെങ്കിലുമൊക്കെ തിരിച്ചറിയും എന്ന പ്രതീക്ഷയിലുള്ള പ്രദര്‍ശനങ്ങളായിരുന്നു അതെല്ലാം. നാടകം അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗ്രീന്‍ റൂമില്‍ ഒരു അഭിനന്ദനം, സിനിമയില്‍ ഒരവസരം ആരെങ്കിലും തരും എന്ന പ്രതീക്ഷ മുറുകെ പിടിച്ചുകൊണ്ടായിരുന്നു അയാളുടെ ഓരോ പ്രകടനങ്ങളും. ഒടുവില്‍ ആ ആഗ്രഹം സ്വര്‍ണക്കടുവ എന്ന ചിത്രത്തിലൂടെ സാധിച്ചു. ഇപ്പോള്‍ വിലായത്ത് ബുദ്ധയും കിങ് ഓഫ് കൊത്തയും പോലുള്ള വമ്പന്‍ പടങ്ങളില്‍ സാന്നിധ്യമറിയിച്ച അദ്ദേഹമാണ് പ്രമോദ് വെളിയനാട്. കൈകുത്തിയെങ്കിലും ശരീരമുയര്‍ത്താന്‍ സാധിക്കുന്ന കാലത്തോളം നടനാവണമെന്ന് പറയുകയാണ് പ്രമോദ്. പുതിയചിത്രമായ വെള്ളരിപ്പട്ടണത്തിന്റേയും പിന്നിട്ട പാതകളേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ഈ നടന്‍.

വെള്ളരിപ്പട്ടണത്തിലെ ചെന്താമരാക്ഷന്‍

നാട്ടിന്‍പുറങ്ങളിലൊക്കെ കണ്ടുവരുന്ന ഒരു രാഷ്ട്രീയക്കാരന്റെ കഥാപാത്രമാണ് വെള്ളരിപ്പട്ടണത്തില്‍. ആദര്‍ശവാനാണെന്നൊക്കെ പറയുകയും എന്നാല്‍ ഒരു മുഖംമൂടിയുണ്ട് ആള്‍ക്ക്. ചെന്താമരാക്ഷന്‍ എന്നാണ് പേര്. പുള്ളി കാര്യങ്ങള്‍ സീരിയസായിട്ടാണ് പറയുന്നതെങ്കിലും പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നതാകുമെന്നാണ് പ്രതീക്ഷ. മനുഷ്യന് മനസിലാകുന്ന ഭാഷയിലല്ല സംസാരിക്കുന്നത്. നേരെ പറയേണ്ട കാര്യത്തെ വേറേതെങ്കിലും രീതിയിലാവും പറയുക.

രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്

ഉറപ്പായും ഇങ്ങനെയൊരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. തമാശക്കുവേണ്ടി പറയുന്ന ഒരു സിനിമയല്ല. കാണുന്നവനും കേള്‍ക്കുന്നവനുമൊക്കെയാണല്ലോ മനുഷ്യന്‍. ഇന്നത്തെ രാഷ്ട്രീയ സാഹര്യങ്ങള്‍ ടി.വിയിലൂടെയും മറ്റും വ്യക്തമായി അറിയുന്നവരാണവര്‍. ഇവരുടെ പ്രകടനങ്ങള്‍ നമ്മള്‍ ആസ്വദിക്കുകയാണ് ചെയ്യുന്നത്.

ഈ കഥാപാത്രങ്ങൾ ഇടിയപ്പം പോലെയല്ല, ദോശ പോലെ പരത്തിപ്പരത്തി എടുത്തത്

ഞാനവതരിപ്പിക്കുന്നതടക്കമുള്ള കഥാപാത്രങ്ങളില്‍ നിന്ന് ഇടിയപ്പം ഉണ്ടാക്കുന്നതുപോലെ ഞെക്കിപ്പിഴിഞ്ഞല്ല വേണ്ടതെടുത്തത്. ദോശയുണ്ടാക്കുന്നതുപോലെ മാവൊഴിച്ച് പരത്തിപ്പരത്തി എടുത്തതാണ്. നടീനടന്മാര്‍ക്ക് ആയാസരഹിതമായാണ് എല്ലാം ചെയ്യാന്‍പറ്റിയത്. വൃത്തിയായി എഴുതിവെച്ചിരിക്കുന്നു. ഒരുവിധത്തില്‍പ്പെട്ട സ്ഥലങ്ങളിലെല്ലാം ഇങ്ങനെയുള്ളവര്‍ കാണുമെന്നാണ് ചെന്താമരാക്ഷനേക്കുറിച്ച് ശരത്കൃഷ്ണ പറഞ്ഞുതന്നിട്ടുള്ളത്. തങ്ങള്‍ക്ക് കീഴിലാണ് ലോകമെന്ന് വിശ്വസിക്കുന്നവരാണ് ഇക്കൂട്ടര്‍. രാഷ്ട്രീയത്തെ തൊഴിലല്ലാതെ കാണുന്നവരുമുണ്ട്. എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കിയയാളാണ് ചെന്താമരാക്ഷന്‍.

സൗബിനും മഞ്ജു വാര്യരും

മഞ്ജു ചേച്ചിയുമായി ഒരുപാട് സീനുകളൊന്നും ഉണ്ടായിരുന്നില്ല. സൗബിനുമായിട്ടായിരുന്നു കൂടുതല്‍ സീനുകള്‍. സീനുകള്‍ ചെയ്യുമ്പോള്‍ ഞാന്‍ പുതിയ ആളാണെന്നൊന്നും സൗബിന്‍ നോക്കിയില്ല. നമുക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് അവരുടെ സഹകരണംകൊണ്ടുകൂടിയാണ്.

കുബുദ്ധി, കുശുമ്പന്‍ കഥാപാത്രങ്ങള്‍ വരുന്നുണ്ട് ഈയിടെ

കുബുദ്ധിത്തരവും കുശുമ്പുമൊക്കെയുള്ള കഥാപാത്രങ്ങള്‍ ഈയിടെയായി വരുന്നുണ്ട്. എന്റെ മുഖത്തേക്ക് നോക്കിയാല്‍ ഒന്നും പിടികിട്ടുന്നില്ലെന്നാണ് പറയുന്നത്. മലയാള സിനിമയില്‍ നല്ലൊരു വില്ലന്‍ വേഷം ചെയ്യണമെന്നാണ് ആഗ്രഹം. നെഗറ്റീവ് വേഷങ്ങള്‍ ചെയ്യുന്ന ഒരാളായി അറിയപ്പെടാനാണ് താത്പര്യം. വില്ലന്‍ വേഷം ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്, പക്ഷേ ആരും തരുന്നില്ല. ഭീമന്റെ വഴിയിലെ കഥാപാത്രം പക്ഷേ വില്ലനല്ല, കുശുമ്പന്‍ എന്ന് പറയുന്നതാണ് കുറച്ചുകൂടി നല്ലത്. അതില്‍ ആനന്ദം കണ്ടെത്തുന്നയാളാണ്.

നടൻ അമിത് ചക്കാലക്കലിനൊപ്പം പ്രമോദ് വെളിയനാട് | ഫോട്ടോ: www.facebook.com/Artistpramodveliyanad

വഴിത്തിരിവുണ്ടാവണേ എന്ന് പ്രാര്‍ഥിച്ച് സ്റ്റേജില്‍

നാടകത്തിലായിരുന്നു തുടക്കമെങ്കിലും സിനിമയായിരുന്നു ആത്യന്തികമായ ലക്ഷ്യം. ചെറുപ്പം മുതലേ ഈ ആഗ്രഹമുണ്ടായിരുന്നെങ്കിലും കൈപിടിച്ച് കൊണ്ടുവരാനൊന്നും ആരുമുണ്ടായിരുന്നില്ല. ഓരോ നാടകവേദിയിലും എന്നെക്കൊണ്ട് എന്തെല്ലാം ചെയ്യാനാവും എന്ന് പ്രദര്‍ശിപ്പിക്കുകയായിരുന്നു ഞാന്‍ സത്യത്തില്‍. എനിക്കിത് ചെയ്യാനാവും, എന്നെ ആവശ്യമുണ്ടോ എന്നെല്ലാം ചോദിക്കുന്ന പോലെയായിരുന്നു ഓരോ പ്രകടനങ്ങളും. എന്തെങ്കിലും പരിപാടിക്ക് ആശംസ പറയാന്‍ പോയാലും ഞാന്‍ അങ്ങനെ ശ്രമിക്കാറുണ്ട്. കൊള്ളാമല്ലോ എന്ന് മറ്റുള്ളവരേക്കൊണ്ട് പറയിക്കണം. ചന്ദനത്തിരിയൊക്കെ കത്തിച്ച്, തെറ്റുകുറ്റങ്ങളില്ലാതെ നാടകം കളിക്കണേ എന്ന് ഗുരുക്കന്മാരോട് പ്രാര്‍ഥിക്കുന്ന കൂട്ടത്തില്‍ ഞാന്‍ പറയുന്നത് എനിക്കിതൊരു വഴിത്തിരിവാകണേ എന്നാണ്. ശമ്പളം കിട്ടി വീട് പുലരുന്നു എന്ന സത്യത്തിന് പിന്നില്‍ ഇങ്ങനെയൊരു ചേതോവികാരം കൂടിയുണ്ടായിരുന്നു.

സ്‌റ്റേജിന് പിന്നില്‍ നിന്ന് 'സ്വര്‍ണക്കടുവ'

ശരിക്ക് എന്റെ ആദ്യത്തെ സിനിമ പാച്ചുവും കോവാലനും എന്ന ചിത്രമായിരുന്നു. ഗുരുസ്ഥാനത്ത് കാണുന്ന ഫ്രാന്‍സിസ് ജി മാവേലിക്കര തന്ന അവസരമായിരുന്നു അത്. അദ്ദേഹംതന്നെ എഴുതിയ സിനിമയായിരുന്നു അത്. പിന്നെ ചെറിയ ചെറിയ സിനിമകളില്‍ വേഷമിട്ടെങ്കിലും ഒരു സിനിമയുടെ ആളുകള്‍ നേരിട്ട് വന്ന് വിളിച്ചുകൊണ്ടുപോയത് സ്വര്‍ണക്കടുവ എന്ന ചിത്രത്തിലേക്കായിരുന്നു. ജോസ് തോമസ് സാറായിരുന്നു ആ വേഷം തന്നത്. ദര്‍ശനയുടെ നാടകമത്സരം നടക്കുമ്പോള്‍ ഗ്രീന്‍ റൂമില്‍ വന്നാണ് വിളിച്ച് അവസരം തന്നത്. അതായിരുന്നു ഞാന്‍ ആഗ്രഹിച്ചതും.

സ്റ്റേജിലെത്താത്ത ആദ്യ നാടകം

ക്ലബുകള്‍ പോലെ കലാപ്രവര്‍ത്തനത്തിന് വലിയ പ്രോത്സാഹനം കിട്ടാത്ത ഒരു നാടായിരുന്നു എന്റേത്. ഗ്രാമവികസന സമിതി എന്നൊരു സംഘടന മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ എല്ലാ ഞായറാഴ്ചകളിലും ഞാന്‍ എന്തെങ്കിലുമൊക്കെ അവതരിപ്പിക്കും. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ അങ്ങനെയായിരുന്നു. വെള്ളിയാഴ്ചകളില്‍ അവസാന പീരിയഡ് അര മണിക്കൂര്‍ ഫ്രീ കിട്ടുമല്ലോ. ആ സമയത്ത് എന്തെങ്കിലുമൊക്കെ ചെയ്യണമല്ലോ. ക്ലാസെടുക്കുമ്പോഴെല്ലാം എനിക്കിതാണ് ചിന്ത. അങ്ങനെയാണ് എഴുത്തിലേക്ക് തിരിയുന്നത്. താത്പര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കഴിവുണ്ടെന്ന് ഞാന്‍ പറയുന്നില്ല. പിന്നെ കേരളോത്സവത്തിനായി നാടകങ്ങള്‍ എഴുതാന്‍ തുടങ്ങി. ഒരിക്കല്‍ വലിയൊരു നാടകം എഴുതണമെന്ന് തോന്നി. എഴുതിയത് അച്ഛന്റെ കൂട്ടുകാരൊക്കെ കാണുകയും നല്ല അഭിപ്രായം പറയുകയും ചെയ്തു. റിഹേഴ്‌സലൊക്കെ ചെയ്തിട്ടും സ്റ്റേജില്‍ കളിക്കാന്‍ പറ്റിയില്ല. ജീവിതത്തിലെ വലിയൊരു പ്രയാസമായിരുന്നു അത്. പിന്നെ ഒരു സുഹൃത്ത് ആലപ്പി തിയേറ്റേഴ്‌സിലേക്ക് എന്നെ കൊണ്ടുപോയി. അതിന് ശേഷമാണ് പ്രൊഫഷണല്‍ നാടകങ്ങളില്‍ സജീവമാകുന്നത്.

അച്ഛനും അമ്മയ്ക്കും വലിയ അദ്ഭുതമായിരുന്നു എനിക്ക് കിട്ടിയ അവാര്‍ഡ്

2007-ലാണ് ആദ്യമായി സംസ്ഥാന അവാര്‍ഡ് കിട്ടുന്നത്. രാഷ്ട്രപിതാവ് എന്ന നാടകത്തിന്. ഗുരുവായൂരില്‍ വെച്ചായിരുന്നു പുരസ്‌കാരദാനച്ചടങ്ങ്. ഞാന്‍ അവാര്‍ഡ് വാങ്ങുമ്പോള്‍ അച്ഛനും അമ്മയും സദസിലുണ്ടായിരുന്നു. അച്ഛന് മേസ്തിരിപ്പണിയായിരുന്നു. അമ്മ കര്‍ഷകത്തൊഴിലാളിയും. അവര്‍ക്ക് ഇതൊക്കെ ജീവിതത്തിലെ ഏറ്റവും വലിയ അദ്ഭുതങ്ങളിലൊന്നായിരുന്നു. മലയാള നാടകരംഗത്ത് കിട്ടാവുന്ന ഏറ്റവും വലിയ അവാര്‍ഡാണിതെന്നു പറഞ്ഞാണ് ആ പുരസ്‌കാരം ഞാന്‍ അവരുടെ കൈയിലേക്ക് വെച്ചുകൊടുത്തത്. കരിങ്കല്ലുപിടിച്ചും പാടത്തുപണിയെടുത്തും എന്നെ നാടകക്കാരനാക്കിയ അവര്‍ക്കുള്ള എന്റെ സമ്മാനമായിരുന്നു അത്. 2009-ല്‍ പാലാ കമ്മ്യൂണിക്കേഷന്റെ കടലോളം കനിവ് എന്ന നാടകത്തിനും പുരസ്‌കാരം ലഭിച്ചു. പിന്നെ എണ്‍പത്, എണ്‍പത്തഞ്ച് ചെറിയ പുരസ്‌കാരങ്ങളും ലഭിച്ചു. ഞാനഭിനയിച്ച ആര്‍പ്പോ എന്ന ഹ്രസ്വചിത്രത്തിന് നാഷണല്‍ ഫെസ്റ്റിവലില്‍ രണ്ട് പുരസ്‌കാരങ്ങളുണ്ടായിരുന്നു.

അതിനെ കവിത എന്ന് വിളിക്കാമോ എന്നറിയില്ല

വീട്ടില്‍ അച്ഛന്‍ പാടുമായിരുന്നു. നാട്ടിലെ ഭജനക്കാരായിരുന്നു. അലൂമിനിയം കലത്തില്‍ കൊട്ടിയാണ് ഭജന പാടുക. ഞാനൊക്കെ വളര്‍ന്നതിന് ശേഷമാണ് തബലയും ഓര്‍ഗനുമൊക്കെ ഉപയോഗിച്ച് തുടങ്ങിയത്. ചെണ്ടമേളക്കാരായ ബന്ധുക്കളുണ്ടായിരുന്നു. കല വീട്ടില്‍ ഉണ്ടായിരുന്നു. അതൊക്കെ കണ്ടുംകേട്ടുമാണ് വളര്‍ന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എഴുതും. അതിന് കവിത എന്നൊന്നും പറയാനാവില്ല. വാക്കുകള്‍ അടുക്കിവെയ്ക്കുക മാത്രമായിരുന്നു ചെയ്തത്. പിന്നെപ്പിന്നെ വലിയ ആളുകളുടെ പാട്ടുകളും കവിതകളുമെല്ലാം കേട്ട് എഴുത്തിലേക്ക് തിരിയുകയായിരുന്നു. കുറേ പാട്ടെഴുതിയിട്ടുണ്ട്. പ്രൊഫഷണല്‍ നാടകത്തില്‍ മൂന്നെണ്ണത്തില്‍ പാട്ടെഴുതി. ഇതൊക്കെ എന്റെ ചെറിയ സന്തോഷങ്ങളില്‍പ്പെട്ടതാണ്.

സിനിമ അഥവാ എപ്പോഴുമുള്ള സ്വപ്‌നം

സിനിമയായിരുന്നു എപ്പോഴുമുള്ള സ്വപ്നം. ജനപ്രീതി, സാമ്പത്തികം എന്നിങ്ങനെ ഒന്ന് രണ്ട് ഘടകങ്ങള്‍കൂടി സിനിമയിലൂടെ കിട്ടും. എല്ലാവരും എന്നെങ്കിലും ഈ ഭൂമിയില്‍ നിന്ന് നഷ്ടപ്പെടേണ്ടവരാണ്. നഷ്ടപ്പെട്ടുപോവുന്നതിന് മുമ്പ് ഒരു വ്യക്തിത്വം ഉണ്ടാക്കിവെയ്ക്കണം. ഇങ്ങനെ ഒരാള്‍ ഇവിടെയുണ്ടായിരുന്നു എന്ന് പറയണം. എന്നെ അടയാളപ്പെടുത്തുക എന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നം. നടന്നുപോവുമ്പോള്‍ പത്തുപേര്‍ തിരിച്ചറിയണം. എന്റെ മകന്‍ സന്തോഷത്തോടെ നെഞ്ചില്‍ കൈവെച്ച് പറയണം അവന്റെയച്ഛന്‍ പ്രമോദ് വെളിയനാട് ആയിരുന്നുവെന്ന്. അവനോട് ആരും ചോദിക്കരുത് എന്തായിരുന്നു അച്ഛന് ജോലിയെന്ന്. കൈകുത്തി എത്രകാലം പൊങ്ങാന്‍ പറ്റുമോ അത്രയും കാലം ഞാന്‍ നടനായുണ്ടാവും.

ജയസൂര്യക്കൊപ്പം പ്രമോദ് വെളിയനാട് | ഫോട്ടോ: www.instagram.com/pramod_veliyanadu/

അടി കിട്ടിയ തീയേറ്ററിൽ സ്വന്തം ഫ്ലെക്സ്

സിനിമ കാണാന്‍ തീയേറ്ററില്‍ പോയതിനേക്കാള്‍ രസമാണ് ഷൂട്ടിങ് കാണാന്‍ പോവുന്നത്. സത്യന്‍ അന്തിക്കാട് സാറിന്റെ സന്താനഗോപാലം എന്ന സിനിമയുടെ ഷൂട്ടിങ് ചങ്ങനാശ്ശേരി അനു അഭിനയ തീയേറ്ററില്‍ നടക്കുകയാണ്. അന്ന് ഞാന്‍ കോളേജിലോ മറ്റോ പഠിക്കുകയായിരുന്നു. ജഗദീഷേട്ടനേ പോലുള്ള നടന്മാര്‍ അവിടെയുണ്ട്. ഇവരെ കാണാന്‍ ആ തീയേറ്ററിന്റെ ഗേറ്റ് ചാടി അപ്പുറത്തെത്തി. പക്ഷേ ഞങ്ങളെ എല്ലാവരേയും അടിച്ചോടിച്ചു. മതിലൊക്കെ ചാടിയാണ് രക്ഷപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം കള എന്ന സിനിമയിറങ്ങിയപ്പോള്‍ അതേ തീയേറ്ററിന്റെ മതിലിന്റെ മുകളിലാണ് എന്റെ ചിത്രമുള്ള ഫ്‌ളക്‌സ് കെട്ടിവെച്ചിരുന്നത്. എങ്ങനെ മറക്കാനാവും അതെല്ലാം. എന്റെ ഒരു പോസ്റ്റര്‍ ഞാന്‍ ആസ്വദിച്ചുകണ്ടത് അതാണ്. കളയിലെ കഥാപാത്രമായ മണിയാശാന്‍ എന്ന പേരില്‍ ഇപ്പോഴും എന്നെ പലരും വിളിക്കാറുണ്ട്. ഞാനത് ആഗ്രഹിക്കാറുമുണ്ട്. വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ അറിയാതെ നമ്മള്‍ ആ കഥാപാത്രമാവും.

നാടകത്തിലെ പരിചയം സിനിമയില്‍ ഗുണമായപ്പോള്‍

നാടകത്തിലെ പരിചയം സിനിമയില്‍ ഡയലോഗ് ഡെലിവറിയില്‍ നന്നായി ഗുണംചെയ്തിട്ടുണ്ട്. അഭിനയിക്കാനുള്ള ഭയം മാറിയത് നാടകം ചെയ്താണ്. പ്രേക്ഷകരുമായി നേരിട്ട് സംവദിച്ചിരുന്നതുകൊണ്ട് ക്യാമറയുടെ മുന്നിലെത്തിയപ്പോള്‍ പേടി തോന്നിയിട്ടില്ല. പിന്നെ അമ്പതിലേറെ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം എനിക്ക് ട്യൂഷന്‍ സെന്ററുകള്‍ പോലെയായിരുന്നു. ഇപ്പോഴും ഹ്രസ്വചിത്രത്തില്‍ അവസരം വന്നാല്‍ പോകും. പുതിയ പലകാര്യങ്ങളും ഷോര്‍ട്ട് ഫിലിമുകളിലൂടെ പഠിക്കാന്‍ പറ്റും.

സൗദി വെള്ളക്കയിലെ ജഡ്ജി

സൗദി വെള്ളക്കയില്‍ ജഡ്ജിയുടെ വേഷമാണെന്ന് കേട്ടപ്പോളേ ഞാന്‍ ചിരിച്ചുപോയി. ഈ ചിരി തീയേറ്ററിലും കണ്ടാല്‍ മതി ദൈവമേ എന്നായിരുന്നു പ്രാർഥന. ബാബു നമ്പൂതിരിയും സുനില്‍ സുഖദയും മാത്രം കേരളത്തില്‍ ജഡ്ജിയായാല്‍ മതിയോ എന്നാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ചോദിച്ചത്. ആ കഥാപാത്രം നന്നായതിലുള്ള എല്ലാ ക്രെഡിറ്റും തരുണിനുള്ളതാണ്. കോട്ടെടുത്തിട്ട് ഇതെന്റെയാണോ എന്ന് ചോദിക്കുന്ന ഡയലോഗ് കയ്യില്‍ നിന്നിട്ടതാണ്. പത്തിരുപത്തിനാലു കൊല്ലത്തെ സ്റ്റേജ് പരിചയം കൊണ്ടായിരിക്കാം ഇതെല്ലാം ഭംഗിയായി വന്നത്.

അടൂര്‍ ഭാസി സാറിന്റെ വേഷം

നീലവെളിച്ചത്തില്‍ നല്ലൊരു വേഷം ചെയ്തിട്ടുണ്ട്. നന്നായിട്ടുണ്ടെന്ന് എല്ലാവരും പറയുന്നു. ഭാര്‍ഗവി നിലയത്തില്‍ അടൂര്‍ ഭാസി സാര്‍ ചെയ്ത വേഷമാണ്. ടൊവിനോ നായകനായ അന്വേഷിപ്പിന്‍ കണ്ടെത്തും ആണ് ചെയ്തുകൊണ്ടിരിക്കുന്നത്. പോലീസ് വേഷമാണ്. കിങ് ഓഫ് കൊത്ത, വിലായത്ത് ബുദ്ധ തുടങ്ങിയ വലിയ പ്രോജക്റ്റുകളുടെ ഭാഗമായി. ഇടയ്ക്ക് മൂന്ന് ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചു. ചാക്കാല, പിറവി, ജെറി എന്നിവയാണാ ചിത്രങ്ങള്‍. മൂന്നും പ്രതീക്ഷയുള്ള പടങ്ങളാണ്.

Content Highlights: actor pramod veliyanad interview, pramod veliyanad about vellaripattanam and vilayath budha

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented