എലിയറ്റ്
കാവ്യാധുനികതയുടെ ക്ലാസിക്കായി മാറിയ റ്റി.എസ്.എലിയറ്റിന്റെ 'തരിശുഭൂമി', ഒരു നൂറ്റാണ്ടിനിപ്പുറവും ലോകമെമ്പാടുമുള്ള വായനക്കാരെ, ഒരു ഭീമകാന്തമെന്നോണം, അതിനു നേര്ക്കാകര്ഷിച്ചു കൊണ്ടിരിക്കുന്നു. അതുളവായ ചരിത്രസന്ദര്‍ഭത്തിനു പുറത്തേയ്ക്കും ആ കൃതി വളരുകയും പടരുകയും ചെയ്യുന്നു. സാര്‍വ്വലൗകികവും സാര്‍വ്വകാലികവുമായ സംവേദനീയതയാണ് ഒരു ക്ലാസിക്കിന്റെ ലക്ഷണമെങ്കില്‍ ഈ കൃതി ആ ലക്ഷ്യം എന്നേ സാധിച്ചു കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടുകാലമായി, എലിയറ്റിന്റെ കൃതിയുമായി പല പാട് ഇടപഴകിക്കൊണ്ടിരിക്കുന്ന ഒരാളെന്ന നിലയില്‍ ആ സങ്കീര്ണ്ണകാവ്യശില്പം എന്നിലുളവാക്കിയ പ്രതികരണങ്ങളുടെ നിത്യവികസ്വരമായ ചക്രവാളങ്ങളേക്കുറിച്ചാണ് ഈ കുറിപ്പ്. മൂന്നു നിലയില്‍ ഞാന്‍ 'തരിശുഭൂമി' വായിച്ചിട്ടുണ്ട്. തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍, ആദ്യമായി, ഒരു സാഹിത്യവിദ്യാര്‍ത്ഥി എന്ന നിലയില്‍. രണ്ടായിരത്തിപ്പത്തിനു ശേഷം, പലപ്പോഴായി, ഒരു സാഹിത്യാധ്യാപകന്‍ എന്ന നിലയില്‍. ഇതിനു സമാന്തരമായി കേവല സാഹിത്യാസ്വാദകന് / വായനക്കാരന് എന്ന നിലയിലുള്ള എന്റെ സ്വകാര്യതരിശുനിലവായനയും നടക്കുന്നുണ്ടായിരുന്നു. ഈ വായനകളിലൂടെ ഇന്നോളം എനിക്കു സ്വരൂപിക്കാനായ ധാരണകള്‍ ഇങ്ങനെ സംഗ്രഹിക്കാമെന്നു തോന്നുന്നു: അനനുകരണീയമായ ശില്പസങ്കീര്ണ്ണതയും ശില്പപൂര്ണ്ണതയുമുള്ള കൃതിയാണ് എലിയറ്റിന്റെ' ദ വെയ്സ്റ്റ് ലാന്റ്'. അര്ത്ഥനിക്ഷേപങ്ങളുടെയും വ്യാഖ്യാന/വായനാസാധ്യതകളുടെയും അന്തമറ്റ ആകരം. കുഴിച്ചിറങ്ങും തോറും കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വരുന്ന ഘടനാസൗഷ്ഠവത്തിന്റെയും നൂതനമായ അര്ത്ഥബന്ധങ്ങളുടെയും ഭാവബന്ധങ്ങളുടെയും അടരുകള്‍. ഒരു വാക്കോ വരിയോ പോലും പാഴാവാത്ത നിര്മ്മാണകൗശലത്തിന്റെ മഹാവിജയമാണ് 'തരിശുഭൂമി'യുടെ രചനാശില്പം. നിരവധിയായ സ്രോതസ്സുകളില്‍ നിന്നു കടം കൊണ്ടവയും അല്ലാത്തവയുമായ ഉദ്ധരണികളുടെയും ഉപാഖ്യാനങ്ങളുടെയും കഥാപാത്രചിത്രങ്ങളുടെയും ഭാഷണശകലങ്ങളുടെയും ഉചിതവും ധ്വന്യാത്മകവുമായ മേളനം. തൃശൂര്‍പ്പൂരത്തിന്റെ മേളപ്രമാണിയെപ്പോലെ വലിയൊരു വൃന്ദവാദ്യക്കച്ചേരി നയിക്കുകയായിരുന്നു എലിയറ്റ് ഈ കൃതിയുടെ രചനാവേളയില്‍.
പില്ക്കാലം, ഐ.എ.റിച്ചാര്‍ഡ്സ് അതിനെ ,' ആശയങ്ങളുടെ സിംഫണി' എന്നു വിളിച്ചു. ആശയങ്ങളില്‍ നിന്ന് ഇത്തരമൊരു ഭാഷാശില്പം പണിയാനും അതിനെ ആധുനികലോകത്തിന്റെ ശ്ലഥസങ്കീര്ണ്ണമായ സ്വരശില്പമെന്നു തോന്നിക്കാനും അസാമാന്യമായ മാനസികോര്‍ജ്ജം വേണം. ഈ ആന്തരികോര്ജ്ജത്തെയാണ് എലിയറ്റിന്റെ അസാമാന്യമായ ആധുനികകവിത്വമായി നമ്മള് തിരിച്ചറിയുന്നത്. അനുകര്‍ത്താക്കള്‍ക്ക്, ഏറെക്കുറെ , അനഭിഗമ്യമായ കവിത്വത്തിന്റെ ദുര്ഘടപാതയാണത്. ഇത്തരമൊരു വഴി വെട്ടിത്തെളിച്ചു ഇരുപതാം നൂറ്റാണ്ടിലെ ലോകകവിതയില്‍ എന്നതാണ് ഈ ആധുനികക്ലാസിക്കിന്റെ (ആധുനികതയുടെ ക്ലാസിക്കിന്റെയും) ചിരന്തനപ്രസക്തിയും വശ്യതയും.
യവനപുരാണത്തിലെ ലാബിറിന്തിന്റെ പണി പോലെയായിരുന്നു അത്. മികച്ച ശില്പിയായ 'ഡെഡാലസ്' ആയിരുന്നു ജടിലപാതകളുടെ മഹാസമാഹാരമായ ആ വാസ്തുശില്പഘടന സങ്കല്പിച്ചതും നിറവേറ്റിയതും. ധീരയോദ്ധാവായ 'തെസ്യൂസി'നെപ്പോലെ വായനക്കാരും നിരൂപകരും അതിനുള്ളില്‍ പ്രവേശിക്കുകയും ദുര്ഗ്രഹതയെന്ന 'മിനോട്ടോറി'നെക്കൊന്ന് ജേതാക്കളായി പുറത്തു വരികയും ചെയ്തു. 'മിനോസ്' രാജാവിന്റെ പുത്രിയായ 'അരിയാദ്നേ' കൊടുത്തു വിട്ട നൂലുണ്ടയുടെ സഹായത്തോടെയായിരുന്നു ആ യവനവീരന് തന്റെ വഴികണ്ടെത്തി, ലാബിറിന്തിനുള്ളില്‍ നിന്നു പുറത്തുകടന്നതെന്നും കഥയില്‍ നമ്മള് വായിക്കുന്നു. പില്ക്കാലത്ത് 'ക്ലൂ'(clue) എന്ന വാക്കിനു പിറവി നല്കിയ 'ക്ലൂ'(Clew) എന്ന പേരിലായിരുന്നു ആ നൂലുണ്ട അറിയപ്പെട്ടത്. തെസ്യൂസില് അനുരക്തയായ രാജപുത്രി അയാള്‍ക്കു സമ്മാനിച്ച 'രക്ഷ'യായിരുന്നു അത്. എലിയറ്റിന്റെ 'വെയ്സ്റ്റ് ലാന്റ്' അതിന്റെ വായനക്കാര്‍ക്കു നല്‍കിയത് ഇത്തരത്തില്‍ ഒരു ലാബിറിന്തും ഒരു നൂലുണ്ടയുമായിരുന്നു. ദുര്ഗ്രഹമായതിനോടുള്ള ധൈഷണികാകര്ഷണത്താല് അവര്‍ അതിനുള്ളില്‍ കടക്കുകയും കാവ്യാര്ത്ഥമെന്ന സൂക്ഷ്മതന്തുവിന്റെ നിപുണവിന്യാസം കാട്ടിയ വഴിയിലൂടെ അതില്‍ നിന്ന് പുറത്തുകടക്കുകയും ചെയ്തു. ഓര്‍ഫ്യൂസിന്റെ സരളമോഹനമായ കാല്പനികഗാനം മാത്രം കേട്ടു തഴമ്പിച്ച കാതുള്ളവരെ അത് തെസ്യൂസിന്റെ വിചാരസംഗീതം കേള്‍പ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..