നിതംബഭാരത്താല്‍ മടമ്പ്കുഴിഞ്ഞ കാല്‍പ്പാടുകള്‍; നിരൂപകന്റെ നോട്ടത്തില്‍ ശകുന്തള വീഴും!


വി.സി ശ്രീജന്‍

അങ്ങനെയെങ്കില്‍ മനുഷ്യന്റെ പാദം ഒരു ത്രാസുപോലെ ഇരിക്കണം. ആ ത്രാസിന്റെ ഫള്‍ക്രം കാലടിയുടെ മധ്യവും രണ്ടറ്റങ്ങളില്‍ മുന്‍ഭാഗഭാരവും പിന്‍ഭാഗഭാരവും തൂങ്ങണം. പിന്‍ഭാഗത്തിന്റെ ഭാരം മടമ്പിലും മുന്‍ഭാഗത്തിന്റെ ഭാരം കാല്‍വിരലുകളിലും പതിക്കുകയാണെങ്കില്‍ ഈ സാങ്കല്പികത്രാസിന് അവന്റെ പാദത്തിന്റെ നീളം കാണും.

രാജാ രവിവർമ വരച്ച ശകുന്തള, വി.സി ശ്രീജൻ

ശയസാധ്യമായ അര്‍ത്ഥങ്ങളെല്ലാം ഇതിനകം സ്ഥിരപ്പെട്ടുകഴിഞ്ഞ കൃതികളാണ് ക്ലാസിക്കുകള്‍. മലയാളത്തെ സംബന്ധിച്ചിടത്തോളം ക്ലാസിക്കുകള്‍ എന്നാല്‍ സംസ്‌കൃതകൃതികള്‍ ആണ്. സംസ്‌കൃതകൃതികള്‍ സംസ്‌കൃതത്തില്‍ നേരിട്ടു വായിക്കുന്നതിനെക്കാള്‍ അവയുടെ മലയാളപരിഭാഷകള്‍ വായിക്കുന്നതാണ് മലയാളിക്കു ശീലം. ശ്രേഷ്ഠമെന്ന് എല്ലാവരും അംഗീകരിക്കുന്നവയാകയാല്‍ നിരൂപകന്റെ നോട്ടം ക്ലാസിക്കുകള്‍ക്ക് അനാവശ്യമാണ്. ക്ലാസിക്കുകള്‍ക്ക് പുനര്‍വായനകള്‍ എങ്ങാനും ഉണ്ടാവുകയാണെങ്കില്‍പോലും മാറിവരുന്ന ചരിത്രമാണ് അവയ്ക്ക് പ്രചോദനമായിത്തീരുക. സ്വത്തവകാശതര്‍ക്കങ്ങള്‍ക്ക് ശാശ്വതമായ പരിഹാരങ്ങള്‍ കണ്ടെത്താല്‍ കഴിയാതെ പോയതാണ് മഹാഭാരതത്തിന്റെ അടിസ്ഥാനങ്ങളിലൊന്ന് എന്നു തോന്നുകയാണെങ്കില്‍ അതനുസരിച്ചു ഒരു മഹാഭാരതവ്യാഖ്യാനം എഴുതാം.

സമകാലചരിത്രം പഴയകാലത്തില്‍ ഇടപെടുന്നതിനു ഒരു ഉദാഹരണമാകും ആ വ്യാഖ്യാനം. ആരോമല്‍ചേകവരുടെ പുത്തരിയങ്കം പാട്ടിന്റെ അടിസ്ഥാനവും അവകാശത്തര്‍ക്കമാണ്. അതിന്റെ കൂടെ നാട്ടിലെ ഭരണാധികാരിയുടെയും നീതിന്യായവ്യവസ്ഥയുടെയും ദൗര്‍ബല്യവും അനാവശ്യമായ നരബലിക്കുകാരണമാകുന്നത് അതില്‍ കാണുന്നു. ക്ലാസിക്കുകളുടെ പ്രകീര്‍ത്തനങ്ങള്‍ പുനര്‍ പ്രകീര്‍ത്തനങ്ങളാകാനാണ് സാധ്യത. മുമ്പേ നടന്നു പോയ വായനക്കാര്‍ ഇട്ടേച്ചുപോയ കീര്‍ത്തനങ്ങള്‍ തേച്ചുമിനുക്കിയെടുത്ത് വീണ്ടും അവതരിപ്പിച്ചാല്‍ സമകാലവായനക്കാരുടെ കടമ അവസാനിക്കും.

ക്ലാസിക്കുകള്‍ മിക്കവാറും കഥകളുടെ വളരെ സാമാന്യമായ ചട്ടക്കൂടുകള്‍ ആയിരിക്കും. ഇവയ്ക്കകത്ത് സമൂര്‍ത്തമായ മനുഷ്യാനുഭവങ്ങള്‍ ഇണക്കിച്ചേര്‍ക്കുന്നതിലാണ് പുനരാഖ്യാതാക്കളുടെ സാമര്‍ത്ഥ്യം. ക്ലാസിക്കുകളുടെ പശ്ചാത്തലമായിരിക്കുന്ന സാമാന്യജ്ഞാനം അപ്രമാദമായിരിക്കുകയില്ല. അതാതുകാലത്തെ പൊതുധാരണകളാണ് പല വര്‍ണനകളുടെയും ആധാരം. കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിലെ ഒരു ഭാഗം മാതൃകയായി എടുക്കാം. മഹാകവി കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകം 3-ാം അങ്കത്തില്‍ കാമുകാവസ്ഥയിലിരിക്കുന്ന ദുഷ്യന്തന്‍ മാലിനീതീരത്തെ വള്ളിക്കുടിലിനികെ നടക്കുമ്പോള്‍ നിലത്ത് വെണ്മണലില്‍ പതിഞ്ഞുകണ്ട കാല്പാടുകളെപ്പറ്റി ചിന്തിക്കുന്ന ഒരുശ്ലോകമുണ്ട്:അഭ്യുന്നതാപുരസ്താദവഗാഢാ ജഘനഗൗരവാത് പശ്ചാത് ദ്വാരേ'സ്യ പാണ്ഡുസികതേ പദപങ്തിര്‍ദൃശ്യതേ'ഭിനവാ (3: 5).

ഈ ശ്ലോകത്തിന് എ. ആര്‍. രാജരാജവര്‍മ്മ എഴുതിയ മലയാളവിവര്‍ത്തനം ഇങ്ങനെയാണ്: മുന്‍ഭാഗമൊട്ടുയര്‍ന്നും പിന്‍ഭാഗം ജഘനഭാരനതമായും ചേവടികളുണ്ടു കാണ്മാനവിടെപ്പുതുതായ്പ്പതിഞ്ഞു വെണ്മണലില്‍. കാല്പാടുകളുടെ മുന്‍ഭാഗം ഉയര്‍ന്നും പിന്‍ഭാഗം, അതായത് മടമ്പിന്റെ ഭാഗം കുഴിഞ്ഞും വെണ്മണലില്‍ പുതുതായി പതിഞ്ഞുകാണുന്നു; അതുകൊണ്ട് ശകുന്തള ഇതുവഴി വള്ളിക്കുടിലിലേക്കു പോയിരിക്കണം. ഇതാണ് രാജാവിന്റെ അനുമാനം. കുറച്ചു മുമ്പെ ശകുന്തളമണലിലൂടെ നടന്നുപോയപ്പോള്‍ ഉണ്ടായ കാല്പാടുകളാണ് ദുഷ്യന്തന്‍ കണ്ടത്. ഈ ശ്ലോകം ആദ്യം വായിച്ചപ്പോള്‍ കാളിദാസന്‍ എഴുതിയതല്ലേ, മണലില്‍ നടക്കുന്നവരുടെ കാല്പാടുകള്‍ അങ്ങനെ കുഴിയുന്നുണ്ടായിരിക്കും എന്നു വെച്ച് കൂടുതല്‍ ആലോചിക്കാന്‍ പോയില്ല. ശകുന്തളയ്ക്ക് ഘനംകൂടിയ പിന്‍ഭാഗവും അത്രതന്നെ ഘനം വരാത്ത മുന്‍ഭാഗവും ഉണ്ടാകാം എന്ന സൗന്ദര്യനിരീക്ഷണമായി അത് എടുത്താല്‍ മതിയല്ലോ. കവികളുടെ വിഷയാസക്തിക്കു തെളിവായും പണ്ടത്തെ കവികളുടെ സൂക്ഷ്മനിരീക്ഷണത്തിനു മാതൃകയായും പല പ്രകാരത്തില്‍ ഈ ശ്ലോകം വ്യാഖ്യാനിക്കുന്നത് കണ്ടിട്ടുണ്ട്. എന്തിനേറെ, ഒരു പ്രഭാഷകന്‍ (മലയാളിയല്ല) ഴാക്ക് ദെറീദായുടെ 'ട്രെയ്‌സ് 'എന്ന സംപ്രത്യയത്തിനു ഉദാഹരണമായി ഈ ശ്ലോകം ചൊല്ലി വ്യാഖ്യാനിക്കുന്നതും കേള്‍ക്കുകയുണ്ടായി.

ആവട്ടെ. കവി അങ്ങനെതന്നെ പറഞ്ഞാല്‍ മതിയായിരുന്നു. പകരം ശകുന്തളയുടെ ആ സവിശേഷതയാല്‍ മണലില്‍ ഒരു ഭൗതികപ്രത്യാഘാതം കൂടി ഉണ്ടായി എന്ന്, വായനക്കാരെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആകെ കുഴഞ്ഞു. ശകുന്തളയുടെ കാല്പാടുകള്‍ നോക്കി കാളിദാസന്റെ ദുഷ്യന്തന്‍ കണ്ടെത്തുന്നു, പിന്‍ഭാഗത്തിന്റെ ഭാരക്കൂടുതല്‍കൊണ്ട് മടമ്പിന്റെ ഭാഗംകുഴിഞ്ഞും മുന്‍ഭാഗത്തിന്റെ ഭാരക്കുറവു നിമിത്തം വിരല്‍ഭാഗം അത്ര കുഴിയാതെയും കാണുന്നു എന്ന്.

ഇത് നടക്കുന്ന കാര്യമാണോ? ഒരു വസ്തുവിന്റെ ഭാരം പ്രവര്‍ത്തിക്കുക അതിന്റെ ഗുരുത്വകേന്ദ്രമെന്ന സാങ്കല്പികബിന്ദുവിലൂടെയാണ്. ഭൂമിയുടെ തിരിച്ചില്‍ അവഗണിക്കുക. മനുഷ്യശരീരത്തിന്റെ ഗുരുത്വകേന്ദ്രം ഏകദേശം നാഭിക്കടുത്ത് ആണ്. അതിലൂടെ താഴേക്കു വരയുന്ന ലംബരേഖ ബെയ്‌സിനകത്ത് ആണെങ്കില്‍ ആള്‍ വീഴാതെ നില്ക്കും.

ഇനി ഒരു മനുഷ്യന്‍ നടക്കുമ്പോഴോ? അപ്പോള്‍ ആദ്യം പാദത്തിന്റെ മുന്നറ്റവും പിന്നീട് ഉപ്പൂറ്റിയും മണലില്‍ പതിയും. കാളിദാസന്‍ സങ്കല്പിച്ചത്, ശരീരത്തിന്റെ മുന്‍ഭാഗത്തിന്റെ ഭാരം കാല്‍വിരലിലുകളിലും പിന്‍ഭാഗത്തിന്റെ ഭാരം മടമ്പിലും വെവ്വേറെ പതിയുന്നു എന്നാണ്. അങ്ങനെയെങ്കില്‍ മനുഷ്യന്റെ പാദം ഒരു ത്രാസുപോലെ ഇരിക്കണം. ആ ത്രാസിന്റെ ഫള്‍ക്രം കാലടിയുടെ മധ്യവും രണ്ടറ്റങ്ങളില്‍ മുന്‍ഭാഗഭാരവും പിന്‍ഭാഗഭാരവും തൂങ്ങണം. പിന്‍ഭാഗത്തിന്റെ ഭാരം മടമ്പിലും മുന്‍ഭാഗത്തിന്റെ ഭാരം കാല്‍വിരലുകളിലും പതിക്കുകയാണെങ്കില്‍ ഈ സാങ്കല്പികത്രാസിന് അവന്റെ പാദത്തിന്റെ നീളം കാണും. ആ ത്രാസിന്റെ ഒരു തട്ട് താഴ്ന്നും മറ്റേ തട്ട് പൊങ്ങിയും ഇരിക്കും. ആള്‍ നടക്കുമ്പോള്‍ പൊങ്ങിയ തട്ട് മുന്നിലും താഴ്ന്ന തട്ട് പിന്നിലും വരണം. വശത്തേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന നിരപ്പൊക്കാത്ത ത്രാസു പോലെയാണ് അത്തരമൊരാള്‍ നടക്കേണ്ടത്. പക്ഷെ, സ്ത്രീയായാലും പുരുഷനായാലും ഒരു തട്ട് താഴ്ന്നും മറ്റേതട്ട് പൊങ്ങിയും ഇരിക്കുന്ന ത്രാസു പോലെ ആരും നടക്കാറില്ല. അതിന് നിലംതൊടാതെ വായുവില്‍ ഒഴുകുന്ന യക്ഷികള്‍ക്കേ കഴിയൂ; അവര്‍ക്കാണെങ്കില്‍ മണലില്‍ കാല്പാടുകള്‍ വീഴ്ത്താനും പറ്റില്ല. ശരീരഭാരം, മുന്‍ഭാഗത്തിന്റെ ഭാരം പിന്‍ഭാഗത്തിന്റെ ഭാരം എന്നിങ്ങനെ രണ്ടുശാഖകളായി പിരിഞ്ഞ് ഒന്ന് കാല്‍വിരലുകളിലും മറ്റൊന്ന് മടമ്പിലും പ്രവര്‍ത്തിക്കുന്നില്ല. അതായത്, ശകുന്തളയുടെ കാല്പാടുകള്‍ പിന്‍ഭാഗം കുഴിഞ്ഞും മുന്‍ഭാഗം കുഴിയാതെയും ഇരിക്കുകയില്ല.

പഴയകാലത്തിന്റെ ഒരു കഷണം വര്‍ത്തമാനകാലത്തോടു ചേരാതെ ഇപ്പോഴും വര്‍ത്തമാനലോകത്തില്‍ നിലനില്ക്കുകയാണെങ്കില്‍ അതിനെയാണ് ക്ലാസിക് എന്നു പറയേണ്ടത്. ക്ലാസിക് എന്ന പദം പറഞ്ഞു തീരുമ്പോഴേക്കും ഓര്‍മ്മയില്‍ തെളിയുന്ന അടുത്ത പദം സ്വപ്നവാസവദത്തം എന്നാണ്. ചെറുപ്പത്തില്‍ പഠിച്ച പുസ്തകമായതിനാല്‍ അതിലെ പല ഭാഗങ്ങളും മറന്നു പോയിരിക്കുന്നു. എന്നാല്‍ അതിലെ 'ഭുജൗ പാതാം' ;(ബലഭദ്രരുടെ ദീര്‍ഘമായകൈകള്‍ രക്ഷിക്കട്ടെ) എന്നവസാനിക്കുന്ന മംഗളശ്ലോകം ഇപ്പോഴും ഓര്‍മ്മയിലുണ്ട്.

ഷെയ്ക്‌സ്പിയര്‍ നാടകങ്ങള്‍ എഴുതിയത് വില്യം ഷെയ്ക്‌സ്പിയര്‍ അല്ല, വില്യം ഷെയ്ക്‌സ്പിയര്‍ എന്നുതന്നെ പേരുള്ള വേറൊരു നാടകകൃത്ത് ആണ് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഷെയ്ക്‌സ്പിയറെപ്പറ്റി തമാശയായി പറയുന്ന ഈ കാര്യം ഗൗരവമായി ഭാസന്‍ എന്ന സംസ്‌കൃതനാടകകൃത്തിനെപ്പറ്റിയും പറഞ്ഞു കേട്ടു. ടി.ഗണപതി ശാസ്ത്രി കണ്ടെത്തി 1909-ല്‍ പ്രസിദ്ധീകരിച്ചവയായിരുന്നു ഭാസനാടകങ്ങള്‍. പഴയ മലയാളം ലിപിയില്‍ എഴുതിയ ഈ കൈയെഴുത്തു കൃതികളില്‍ ഒന്നും ഭാസന്‍ എന്നു പേരുപറഞ്ഞിട്ടില്ല. പഴയ പ്രമാണികള്‍ ഭാസന്‍ എന്ന നാടകകൃത്തിനെപ്പറ്റിയും സ്വപ്നവാസവദത്തം എന്ന നാടകത്തെപ്പറ്റിയും പറയുന്നുണ്ട്. എന്നാല്‍ ഗണപതി ശാസ്ത്രികള്‍ പ്രസിദ്ധീകരിച്ച നാടകങ്ങള്‍ പഴയ പ്രമാണികള്‍ വാഴ്ത്തുന്ന ഭാസന്റെതല്ല എന്ന് ചില ഗവേഷകര്‍ വാദിക്കുന്നു. എവിടെയോ മറഞ്ഞുകിടക്കുന്ന,യഥാര്‍ത്ഥഭാസന്റെ യഥാര്‍ത്ഥ സ്വപ്നവാസവദത്തം എന്നെങ്കിലും പുറത്തുവരും എന്ന് അവര്‍ ആശിക്കുകയും ചെയ്യുന്നു.

അതിലെ ഒരു രംഗത്തില്‍ ഉദയനരാജാവിന്റെ സ്വപ്നരംഗത്തില്‍ മരിച്ചുപോയി എന്നു രാജാവ് വിചാരിക്കുന്ന വാസവദത്ത പ്രത്യക്ഷപ്പെടുന്നു. ഒരു സാധാരണക്കാരിയുടെ വേഷത്തില്‍ യഥാര്‍ത്ഥവാസവദത്തയും അവിടെ രാജാവിന്റെ അടുത്ത് എത്തുന്നു. യാഥാര്‍ത്ഥ്യത്തിലും സ്വപ്നത്തിലും ഇരട്ടപ്രവേശം നിര്‍വഹിക്കുന്ന വാസവദത്ത രാജാവിന്റെ സ്വപ്നത്തിന്റെ കാരണവും അതിന്റെ അനന്തരഫലവുമാണ്. തന്റെ അടുത്തുവെച്ച് തന്നോട് സംസാരിച്ചതും പരിഭവിച്ചതും സ്വന്തം പത്‌നിയായ വാസവദത്ത തന്നെയെന്ന് രാജാവിനു തോന്നി. ഈ സന്ദര്‍ഭത്തിലെ ഉദയനരാജാവിനെ, 'സ്വന്തം പത്‌നിയെ കണ്ട്, സ്വന്തം പത്‌നിയാണെന്നു തെറ്റിദ്ധരിച്ച രാജാവ്' എന്നു വിശേഷിപ്പിക്കുന്നു വെന്‍ഡി ഡോനിഗര്‍ ഒ ഫ്‌ലാഹേര്‍റ്റി. സ്വപ്നത്തില്‍നിന്ന് ഉണര്‍ന്ന രാജാവും വിദൂഷകനും സ്വപ്നത്തെ വ്യാഖ്യാനിക്കുന്നുണ്ട്. ആയിടക്ക് ഉജ്ജയിനിയില്‍ അവന്തിസുന്ദരി എന്ന ഒരു യക്ഷിണി സഞ്ചരിക്കുന്നു എന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്നു.

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

വാസവദത്തയും ഒരു അവന്തിസുന്ദരി ആയിരുന്നു. തോഴിയുടെ വേഷത്തിനകത്ത് മറഞ്ഞ് കൊട്ടാരത്തില്‍ സഞ്ചരിക്കുന്ന വാസവദത്ത നിഴലിനകത്തെ നിഴല്‍പോലെ ഒരു അവ്യക്തസൌന്ദര്യത്തിന് നിദാനമായിരിക്കുന്നു. വാസവദത്തിയുടെ ചിത്രം കണ്ട്, ഇതുപോലെ ഒരു സ്ത്രീ തന്റെ അന്തഃപുരത്തിലുണ്ട് എന്ന് ഉദയനരാജാവിന്റെ നവവധു പറയുമ്പോള്‍ രാജ്ഞിയുടെ ആടയാഭരണങ്ങള്‍ക്കു പിറകിലെ അനംലംകൃതരൂപം ശ്രോതാക്കള്‍ക്ക് ഓര്‍മ്മ വന്നെന്നിരിക്കും. ഇത് നിങ്ങളുടെ പത്‌നിയൊന്നുമല്ല, എന്റെ സഹോദരിയാണ്, എന്ന് മറുത്തുപറയുന്ന മന്ത്രി യൗഗന്ധരായണന്‍, താനുണ്ടാക്കിയ കള്ളക്കഥയിലെ സഹോദരി മാത്രമല്ല, യഥാര്‍ത്ഥജീവിതത്തിലെ സഹോദരിയും വാസവദത്ത തന്നെ എന്ന് ധ്വനിപ്പിക്കുന്നു.

രാജാവ് ഉറക്കത്തിലേക്കു വഴുതുന്നതിനു തൊട്ടുമുമ്പെ വിദൂഷകന്‍ രാജാവിന് ഒരു കഥ പറഞ്ഞുകൊടുക്കുകയും കഥയ്ക്കുമുമ്പെ നിലത്തു വീണുകിടന്ന ഒരു പൂമാല കാറ്റില്‍ ഇളകുന്നത്കണ്ട് വിദൂഷകന്‍ പേടിക്കുകയും ചെയ്തിരുന്നു. ഇരുട്ടിന്റെയും പേടിയുടെയും കഥാഖ്യാനത്തിന്റെയും ഇടനാഴികളിലൂടെ ഒരു യക്ഷിണി നടന്നു മറയുകയാണ്.

Content Highlights: Reading Day 2022, V.C Sreejan, Kalidasan, Abhijnana Sakunthalam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented