മാതൃഭൂമി ബുക്‌സ്
അത്ഭുതം, മഹാത്ഭുതം. പിച്ചക്കാരനല്ല അയാള്‍. സി.ഐ.ഡി ആണ്. കേരള പൊലീസിലെ പ്രശസ്ത കുറ്റാന്വേഷണ വിദഗ്ദന്‍ കെ.ജി കരുണാകരന്‍ നമ്പ്യാര്‍ ബി.എ, ബി.എല്‍.
ഞെട്ടിപ്പോയി. റൊമ്പ പ്രമാദമാന ട്വിസ്റ്റ്. (അന്ന് ആ പ്രയോഗം നിലവിലില്ല ട്ടോ). ഗ്രാമച്ചന്തയിലെ ആള്‍ത്തിരക്കില്‍ നിന്നകലെ സ്വന്തം ഭാണ്ഡക്കെട്ടുമായി ഒരു മരച്ചോട്ടില്‍ കുന്തിച്ചിരുന്ന് സദാസമയവും പിറുപിറുത്തുകൊണ്ടിരുന്ന ഊശാന്‍താടിക്കാരനായ ആ ഭിക്ഷാടകന്‍ സി.ഐ.ഡി ആണെന്നോ? അവിശ്വസനീയം.
അന്നത്തെ ആറാം ക്ലാസുകാരനായ വായനക്കാരന്റെ കുഞ്ഞുകുഞ്ഞു ചിന്തകളെ, ഭാവനയെ മത്തു പിടിപ്പിച്ച അറിവ്. ഊശാന്‍ താടി വെറും വെപ്പുതാടിയും ജടപിടിച്ച മുടി വിഗ്ഗുമാണെന്ന് ഞെട്ടലോടെ തിരിച്ചറിയുന്നു അവന്‍. നോവല്‍ ക്‌ളൈമാക്‌സിലേക്ക് കടക്കുകയാണ്. ഭാണ്ഡക്കെട്ടില്‍ നിന്ന് റിവോള്‍വര്‍ എടുത്ത് മേശപ്പുറത്ത് വെച്ച ശേഷം മീശയൊന്ന് പിരിച്ച് ചെറിയൊരു ചിരിയോടെ നമ്പ്യാര്‍ പറയുന്നു:
'' നിങ്ങള്‍ ആരും ഉദ്ദേശിച്ച ആളല്ല ദിവാകരന്റെ കൊലപാതകി. യഥാര്‍ത്ഥ കുറ്റവാളിയുടെ പേര് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. നിങ്ങള്‍ക്കിടയില്‍ തന്നെ സദാസമയവും ഉണ്ടായിരുന്ന ആള്‍. ഇപ്പോള്‍ ഇവിടെ ഇരിക്കുന്നവരിലുമുണ്ട് ആ കൊലയാളി....''
കൂടിയിരിക്കുന്നവര്‍ ഒരേ സ്വരത്തില്‍ ഉറക്കെ ചോദിക്കുന്നു: ''നമ്പ്യാര്‍ സാര്‍, ആരാണയാള്‍?''
ഒന്ന് മുരടനക്കിയ ശേഷം നമ്പ്യാര്‍ സാര്‍ പറഞ്ഞു: '':..........................''.
സി.ഐ.ഡി കരുണാകരന്‍ നമ്പ്യാര്‍ ഒരു ചുക്കും പറഞ്ഞില്ല എന്നതാണ് സത്യം. വിധി അതിനദ്ദേഹത്തെ അനുവദിച്ചില്ല. കാരണം, നോവലിന്റെ അടുത്ത പേജ് മിസ്സിംഗ്. കാലപ്പഴക്കം കൊണ്ട് മുഷിഞ്ഞു തുടങ്ങിയിരുന്ന പുസ്തകത്തിന്റെ കുത്തിക്കെട്ടല്‍ അവിടെ ആ വാചകത്തില്‍ അവസാനിക്കുന്നു. അന്നനുഭവിച്ച നിരാശ, ദുഃഖം, ആത്മരോഷം.... അത് എത്ര വിവരിച്ചാലും മനസ്സിലാവില്ല നിങ്ങള്‍ക്ക്. കാത്തുകാത്തിരുന്ന ക്ലൈമാക്‌സല്ലേ കീറിപ്പോയ പേജിനൊപ്പം ഒലിച്ചുപോയത്.
പതിറ്റാണ്ടുകള്‍ക്കിപ്പുറവും എന്റെ ചിന്തകളെ അലട്ടുന്ന ചോദ്യമാണത്: ആരായിരുന്നു യഥാര്‍ത്ഥ കൊലയാളി ? സി.ഐ.ഡി നമ്പ്യാരുടെ ചുണ്ടുകള്‍ പറയാന്‍ വെമ്പിയത് ആരുടെ പേരായിരിക്കും?
അറിയില്ല. ഇനി അറിയാനൊട്ട് വകയുമില്ല. പ്രസ്തുത നോവലിന്റെ മുഴുവന്‍ പേജുമുള്ള ഒരു പ്രതിയ്ക്ക് വേണ്ടിയുള്ള അന്വേഷണങ്ങള്‍ ഇതുവരെ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല എന്നതാണ് കാരണം.
എന്നാലും മറക്കാന്‍ പറ്റില്ലല്ലോ ജീവിതത്തിലാദ്യമായി വായിച്ച നോവലിലെ കഥാപാത്രങ്ങളെ. ഏറി വന്നാല്‍ പതിനൊന്നോ പന്ത്രണ്ടോ വയസ്സേ ഉള്ളൂ അന്ന്. വയനാട്ടിലെ വീടിന്റെ മുകള്‍നിലയിലെ കറങ്ങുന്ന ബുക്ക് ഷെല്‍ഫില്‍ നിന്ന് കയ്യില്‍ വന്നുപെട്ടതായിരുന്നു ആ കുറ്റാന്വേഷണ നോവല്‍. അതിനു മുന്‍പ് അവിടെ താമസിച്ചിരുന്ന ആരുടെയോ ശേഖരത്തില്‍ പെട്ടതാവണം. പുസ്തകത്തിന്റെ പേരെന്തെന്നോ എഴുതിയത് ആരെന്നോ പിടിയില്ല. മുഖചിത്രവും ആദ്യ രണ്ടു പേജുകളും അപ്പോഴേ നഷ്ടപ്പെട്ടിരുന്നു. കഥയും കഥാപാത്രങ്ങളുമൊക്കെ മങ്ങിയ ഓര്‍മ്മകള്‍ മാത്രം.
നോവലിന്റെ തുടക്കം ഏതാണ്ടിങ്ങനെ: ''കുട്ടനാടിന്റെ ഹൃദയഭാഗത്തുള്ള ആ ഗ്രാമം ശാലീന സുന്ദരിയായിരുന്നു. കളകളാരവം പൊഴിക്കുന്ന അരുവികള്‍, ഏതു വേനലിലും ശീതളച്ഛായ പകരുന്ന വൃക്ഷങ്ങള്‍, ഓലയും ഓടും മേഞ്ഞ കൊച്ചു കൊച്ചു ഭവനങ്ങള്‍, കമനീയമായ പൂന്തോപ്പുകള്‍.. അങ്ങനെ ഏത് കഠിന ഹൃദയന്റേയും മുഖത്ത് മന്ദഹാസം വിടര്‍ത്താന്‍ പോന്ന കാഴ്ചകളായിരുന്നു ആ ഗ്രാമം നിറയെ. അവിടേക്കാണ് ബുഷ് ഷര്‍ട്ടുമണിഞ്ഞ് ഒരു കയ്യില്‍ തുകല്‍പ്പെട്ടിയും മറുകയ്യില്‍ പുകയുന്ന സിഗററ്റുമായി രഘു കടന്നുചെന്നത്....'' പലയാവര്‍ത്തി വായിച്ച പുസ്തകമായതു കൊണ്ട് ഇത്തരം ചില കിടിലന്‍ വാചകങ്ങള്‍ മാത്രം ഇപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്നു. ബാക്കിയെല്ലാം സ്വാഹ.
കഥയുടെ ഏതാണ്ടൊരു ചിത്രമേയുള്ളൂ മനസ്സില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി സ്ഥലം മാറിവന്ന രഘു ഗ്രാമത്തിലെ പ്രമുഖ ജന്മിയായ കുഞ്ഞിക്കണ്ണന്‍ നായരുടെ വീട്ടില്‍ അതിഥിയായി താമസിക്കുകയും, നായരുടെ സുന്ദരിയായ മകള്‍ സീതയുമായി പ്രണയത്തിലാവുകയും ചെയ്തു എന്നാണോര്‍മ്മ. പക്ഷേ തറവാട്ടിലെ കാര്യസ്ഥന്‍ സുധാകരന്റെ മകന്‍ ദിവാകരന് സീതയില്‍ നോട്ടമുണ്ട്. കുളിക്കാന്‍ പോകും വഴി കതിരുപോലുള്ള ആ പെണ്‍കുട്ടിയെ പതിയിരുന്ന് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നുമുണ്ട് ടിയാന്‍. (കയ്യേറ്റം മാത്രം. പീഡനം, മാനഭംഗം, ബലാല്‍സംഗം, റേപ്പ് തുടങ്ങിയ പ്രയോഗങ്ങള്‍ പ്രചാരത്തില്‍ വന്നിട്ടില്ല)
കഥയുടെ ഏതോ വഴിത്തിരിവില്‍ ദിവാകരന്റെ ജഡം നായരുടെ തെങ്ങിന്‍ തോപ്പില്‍ കണ്ടെത്തുന്നതോടെയാണ് നോവല്‍ കുറ്റാന്വേഷണം എന്ന അതിന്റെ ജന്മനിയോഗത്തിലേക്ക് കടക്കുന്നത്. സസ്‌പെന്‍സാണ് പിന്നെ. ട്വിസ്റ്റോടു ട്വിസ്റ്റ്. ഓരോ അധ്യായവും വായിച്ചു കഴിയുന്നതോടെ ഓരോരുത്തരെയായി സംശയിച്ചു തുടങ്ങും നാം. രഘുവിനെ, സീതയെ, കുഞ്ഞിക്കണ്ണന്‍ നായരെ, സുധാകരനെ, വീട്ടിലെ അടിച്ചുതളിക്കാരി ഭാര്‍ഗ്ഗവിയെ, കറവക്കാരന്‍ തോമസിനെ, നായരുടെ അളിയനായ സബ് ഇന്‍സ്‌പെക്റ്റര്‍ ചന്ദ്രനെ, എന്തിനധികം, ഇടക്ക് തപാലുമായി വരുന്ന പോസ്റ്റുമാന്‍ കുഞ്ഞുക്കുട്ടനെ വരെ.
അതിനിടയിലേക്കാണ് പിച്ചക്കാരന്റെ വരവ്. ആദ്യമാദ്യം ഒരു കോമഡി കഥാപാത്രം മാത്രമായാണ് നമ്മള്‍ അയാളെ പരിഗണിക്കുക. ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ സ്വന്തം ഭാണ്ഡക്കെട്ടുമായി കൂനിക്കൂടിയിരിക്കുന്ന ഒരു പാവം. ഇടക്ക് മണ്ണ് വാരിത്തിന്നുന്നുമുണ്ട്. പക്ഷേ ആ മണ്ണില്‍ പോലും വിലപ്പെട്ട തെളിവുകളാണ് അദ്ദേഹം പരതിക്കൊണ്ടിരുന്നത് എന്ന നഗ്‌നസത്യം നമ്മള്‍ വഴിയേ തിരിച്ചറിയുന്നു.
എല്ലാം കൊള്ളാം. പക്ഷേ ഒടുവില്‍ കൊലപാതകി ആരെന്ന മില്യണ്‍ ഡോളര്‍ ചോദ്യത്തിനുള്ള ഉത്തരം നല്‍കാന്‍ മാത്രം വിധി സി ഐ ഡി നമ്പ്യാരെ അനുവദിക്കുന്നില്ല. ആ മുറിയിലും വീട്ടിലും പറമ്പിലും മുഴുവന്‍ നോവലിന്റെ അവസാന പേജ് തിരയുകയായിരുന്നു അടുത്ത ദിവസങ്ങളില്‍ എന്റെ പ്രധാന ജോലി; കിട്ടാനിടയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ.
വിശ്വസിക്കുമോ എന്നറിയില്ല. ഇരുപത് തവണയെങ്കിലും പിന്നീട് വായിച്ചിട്ടുണ്ടാകും ആ പുസ്തകം. സി ഐ ഡി നമ്പ്യാരുടെ സഹായമില്ലാതെ തന്നെ കൊലയാളിയെ കുറിച്ച് എന്തെങ്കിലും തുമ്പ് കിട്ടുമോ എന്നറിയാന്‍. എവിടെ കിട്ടാന്‍?
പിന്നീടങ്ങോട്ട് വായിച്ച നോവലുകളേറെയും കുറ്റാന്വേഷണ കൃതികള്‍ തന്നെ. കോട്ടയം പുഷ്പനാഥിന്റെ പാരലല്‍ റോഡ്, ഹിറ്റ്‌ലറുടെ തലയോട്, ഡ്രാക്കുളയുടെ അങ്കി, ദുര്‍ഗാപ്രസാദ് ഖത്രിയുടെ ചുവന്ന കൈപ്പത്തി എന്നിവയൊക്കെ രസിച്ചു വായിച്ച പുസ്തകങ്ങള്‍. നീലകണ്ഠന്‍ പരമാര, തോമസ് ടി അമ്പാട്ട്, ബാറ്റണ്‍ ബോസ് പ്രഭൃതികള്‍ പിന്നാലെ വന്നു.
വായനാ ദിനത്തില്‍ അവരെയൊക്കെ വീണ്ടും ഓര്‍ക്കുന്നു. അക്ഷരങ്ങളുടെ ലോകത്ത് പിച്ച നടത്തിയ സി ഐ ഡിമാരെ,
Content Highlights: reading day 2022 ravi menon


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..