'നിരാകാർ ഛായ' സിനിമയിൽ നിന്ന്, സേതു
1976-ലാണ് സേതു 'പാണ്ഡവപുരം' എന്ന നോവല്‍ എഴുതിയത്. 1977-ല്‍ മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരണം തുടങ്ങി. നാല്‍പ്പത്തി ആറു വര്‍ഷത്തിനിടയില്‍ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് കേരളം (ലോകവും) വളരെ മാറി. സാങ്കേതികവിദ്യയുടെ കുതിപ്പില്‍ ലോകത്തില്‍ വന്ന മാറ്റം അമ്പരപ്പിക്കുന്നതാണ്. എന്നാല്‍ ഇപ്പോഴും ഈ നോവല്‍ വായനക്കാരെ ആകര്‍ഷിക്കുന്നു. ഇതില്‍ സാങ്കേതിക വിദ്യയുടെ സന്തതികളായ യുവതീയുവാക്കളും പെടും, അവരെയും നോവല്‍ പിടിച്ചടുപ്പിക്കുന്നു. മലയാള നോവലില്‍ ഒരു പുതിയ ഭാവുകത്വം അവതരിപ്പിച്ച ഈ നോവല്‍ വായിക്കുന്ന കാലത്ത് അതിന്റെ ഘടനയും ശൈലിയും മറ്റുപലരെയുംപോലെ എന്നെയും മോഹിപ്പിച്ചിരുന്നു, അത് ഇന്നും തുടരുന്നു. യഥാര്‍ത്ഥ ലോകത്തില്‍ വേരുകള്‍ ആഴ്ത്തിനില്‍ക്കുന്ന ഒരു കഥ, നോവല്‍ പുരോഗമിക്കവെ വശ്യവും സമാന്തരവുമായ ഒരു ലോകത്തിലേക്ക് വശീകരണത്താലെന്നപോലെ സഞ്ചരിക്കുന്നു. മലയാളത്തില്‍ പുസ്തകത്തിന്റെ ഇരുപത്തിനാല് പതിപ്പുകള്‍ ഇറങ്ങി. 1982-ല്‍ ഈ നോവലിന് കേരള സാഹിത്യ അക്കാദമിയുടെ
പുരസ്‌കാരം ലഭിച്ചു.
ഇംഗ്ലീഷിന് പുറമെ പത്ത് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ നോവല്‍ ഇപ്പോള്‍ ഫ്രഞ്ചിലും വരികയാണ്. നോവല്‍ വായിച്ച് ആവേശഭരിതനായ ഒരു ഫ്രഞ്ച് പ്രൊഫസറാണ് വിവര്‍ത്തനം ചെയ്യുന്നത്. ലോകസാഹിത്യത്തെക്കുറിച്ചും വിവര്‍ത്തനത്തെക്കുറിച്ചും നല്ല ധാരണയുള്ള ഇദ്ദേഹം താരതമ്യ പഠന മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. മാത്രവുമല്ല, ഫ്രഞ്ചില്‍ ഒരു പരിഭാഷ ഉണ്ടാവുക അത്ര എളുപ്പമല്ല, കാരണം അവര്‍ വലിയ കണിശക്കാരാണ്. ഇത് പുസ്തകത്തിന്റെ മൂല്യം വിളിച്ചോതുന്നു. ഇതിനര്‍ത്ഥം എഴുത്തുകാരനെയും കടന്ന്, കാല-ദേശ-ഭാഷകളെയും കടന്ന് നോവല്‍ ജീവിക്കുന്നു.
ഈ കുറിപ്പെഴുതാന്‍ തയ്യാറെടുക്കവെ ഞാന്‍ സേതുവുമായി ഫോണില്‍ സംസാരിച്ചു. നാല്‍പ്പത്തി ആറു വര്‍ഷങ്ങള്‍ക്കു ശേഷം നോവലിനെക്കുറിച്ച് എന്ത് തോന്നുന്നു എന്ന എന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരം: ''എന്‍.എന്‍. പിള്ള ഒരിക്കല്‍ എന്നോട് 'പാണ്ഡവപുര'ത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. അന്ന് അദ്ദേഹം നോവല്‍ വായിച്ച് ഹരം പിടിച്ചിരിക്കുകയായിരുന്നു. ലോകസാഹിത്യം ധാരാളം വായിക്കുമായിരുന്ന അദ്ദേഹം പറഞ്ഞത് ഇത് ഒരസാധാരണ നോവലാണ് എന്നാണ്. അദ്ദേഹം തുടര്‍ന്നു: ''സേതു നോവലിനെ കുറിച്ച് അവകാശവാദങ്ങള്‍ക്കൊന്നും പോകരുത്, വിശദീകരിക്കാന്‍ നോക്കരുത്, നോവല്‍ അതിന്റെ വഴികണ്ടെത്തിക്കൊള്ളും''. ഇതിനിടയില്‍ നോവലിനെ കുറിച്ച് ധാരാളം പഠനങ്ങളും ഉണ്ടായി. ഞാന്‍ നോവലിനെ വിശദീകരിക്കാതിരിക്കുകയാവും നല്ലത്''.
നോവലിന്റെ കേന്ദ്രത്തിലുള്ളത് ദേവി എന്ന ഒറ്റപ്പെട്ട സ്ത്രീയുടെ വിഷാദാത്മകമായ ലൈംഗിക വിഭ്രാന്തികളാണ്, കാമനകളാണ്. (അമ്മാളുവമ്മ എന്ന മുത്തശ്ശി, ദേവിയുടെ മകന്‍ രഘു, നാത്തൂന്‍ ശ്യാമള, കളരിപ്പാടത്തെ കാരണവര്‍ ഉണ്ണിമേനോന്‍, സദാചാര സംരക്ഷകരായ രണ്ട് കരയോഗം ഭാരവാഹികള്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍). കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന ദേവി ദിവസവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ പാണ്ഡവപുരത്തില്‍ നിന്നുള്ള ജാരനായി കാത്തിരിക്കുന്നു. ജാരന്മാരുടെ നാടാണ് പാണ്ഡവപുരം. ''പാണ്ഡവപുരത്തെ തെരുവുകളിലൂടെ അനാഥകളായ പെണ്‍കുട്ടികളുടെ ജീവിതം തുലയ്ക്കനായി ജാരന്മാര്‍ പുളച്ചുനടന്നു. അവിടെ കുന്നിന്‍ മുകളില്‍ ശ്രീകോവിലില്‍ ചുവന്ന ഉടയാടകളണിഞ്ഞ് നെറുകയില്‍ സിന്ദൂരമണിഞ്ഞ് ഭഗവതി ചമ്രംപടിഞ്ഞിരുന്നു. പാണ്ഡവപുരത്തു വന്നെത്തുന്ന ഓരോ വധുക്കളും ദേവിയോട് പ്രാര്‍ത്ഥിച്ചു, ജാരന്മാരില്‍ നിന്നും ഞങ്ങളെ രക്ഷിക്കൂ. അവരുടെ മായാവലയത്തില്‍പ്പെടാതെ കാത്തുകൊള്ളണേ''- നോവലിലെ ഈ ഭാഗം നമ്മുടെ ഇന്നത്തെ അവസ്ഥയുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. അത് ഭാവനയായിരുന്നുവെങ്കില്‍ ഇന്നത് യാഥാര്‍ത്ഥ്യമാണ്.
അച്ചില്‍വാര്‍ത്തിട്ട മഞ്ഞ നിറമുള്ള കെട്ടിടങ്ങള്‍ നിരന്നുനില്‍ക്കുന്ന, മഞ്ഞ നിറമുള്ള കോളനി, മഞ്ഞ വെളിച്ചം തുപ്പുന്ന വിളക്കുകാലുകളും കോളനിക്ക് മുകളില്‍ മേഘപടലം പോലെ തൂങ്ങിക്കിടക്കുന്ന വൃത്തികെട്ട മഞ്ഞപ്പുക -ദേവിയുടെ ഭാവനയിലെ പാണ്ഡവപുരം സേതുവിന്റെ കരവിരുതില്‍ നമുക്ക് യഥാര്‍ത്ഥമായി അനുഭവപ്പെടുന്നു. ഇത് സത്യത്തില്‍ ഉള്ളതാണോ എന്ന് നാം സംശയിക്കുന്നു. (മാര്‍കേസ് ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എന്ന നോവലില്‍ സൃഷ്ടിച്ച മെക്കൊണ്ടയേയും, ഒ.വി. വിജയന്റെ ഖസാക്കും, എം. മുകുന്ദന്റെ മയ്യഴിയും മനസ്സില്‍ കടന്നുവരുന്നു). ഇവിടെ മിത്തോളജിയും ഫാന്റസിയും കൂടിക്കലരുന്നു.
പാണ്ഡവപുരം ദേവിയുടെ മനസ്സിന്റെ സൃഷ്ടിയാണോ? ഫ്‌ലാറ്റ്‌ഫോമില്‍ അപരിചിതനായ വിരുന്നുകാരനെയും കാത്തിരിക്കുന്ന ദേവിയെ അവതരിപ്പിക്കുന്നത് ഇപ്രകാരം: കയ്യില്‍ കിട്ടുന്ന ഓരോ കല്ലും കുപ്പിച്ചില്ലുകളും ഓരോ കുടന്ന വായുവും പിന്നെ വേര്‍തിരിച്ചറിയാവുന്ന ഗന്ധങ്ങളും ശബ്ദങ്ങളും നല്‍കുന്ന അറിവും ഒക്കെ ചേര്‍ത്തുവച്ച് അവള്‍ പാണ്ഡവപുരം മെനഞ്ഞെടുക്കാന്‍ പണിപ്പെടുന്നു. അപ്പോള്‍ അവളുടെ മനസ്സ് വിങ്ങുന്നു. പാണ്ഡവപുരം എത്രയോ അകലെയാണ്, തെല്ലൊരു നടുക്കത്തോടെയും വേദനയോടെയും വീണ്ടും വീണ്ടും അവള്‍ ഓര്‍ത്തുപോകുന്നു. ആശ്വാസം തേടുന്നവരുടെ മനസ്സുകളിലാണ് പാണ്ഡവപുരം രൂപം കൊള്ളുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരാഴ്ചത്തെ പരിചയം മാത്രമുള്ള ഭര്‍ത്താവ് കുഞ്ഞിക്കുട്ടന്റെ ഭാര്യയായി അവള്‍ അവിടെ കാലുകുത്തിയത് അമ്പരപ്പോടെ ആയിരുന്നു. അധികം വൈകാതെ ദാമ്പത്യത്തില്‍ താളപ്പിഴകള്‍ ആരംഭിക്കുന്നു. കൊമ്പന്‍ മീശയും കൂട്ടുപുരികവുമുള്ള തടിയനായ ഒരു മനുഷ്യനാണ് അദ്ദേഹം. അദ്ദേഹം ദേവിയെ സംശയിക്കുന്നു, തെറ്റിദ്ധരിക്കുന്നു. അവളെ പീഡിപ്പിക്കുന്നു. തുടര്‍ന്ന് അവള്‍ക്ക് ലൈംഗികബന്ധം നിഷേധിക്കുന്നു. അദ്ദേഹം അവളെ ഉപേക്ഷിക്കുന്നു. ഇതിന്റെ പ്രതിഫലനമാണോ അവള്‍ ഭാവനയില്‍ സൃഷ്ടിക്കുന്ന ജാരന്‍? ''അസ്വസ്ഥമായ മനസ്സുകളില്‍ പാണ്ഡവപുരം രൂപം കൊള്ളുന്നു'' എന്നാണ് സേതു നോവലിനെ കുറിച്ച് പറഞ്ഞത്. കഴുത്തോളം നീട്ടിവളര്‍ത്തിയ മുടി, അയഞ്ഞുനീണ്ട കാവി ജുബ്ബ, കറുത്ത കാലുറ, ഞരമ്പുകള്‍ പിടിച്ചു നില്‍ക്കുന്ന, കറുത്ത ദൃഡമായ കൈകള്‍, സിഗരറ്റിന്റെ കറവീണ നീണ്ട വിരലുകള്‍ -ഇതാണ് ജാരനെ കുറിച്ചുള്ള അവളുടെ സങ്കല്‍പം.
''ഇന്നലെ രാത്രിയില്‍ പതിവുള്ള മറ്റൊരു പേടിസ്വപ്നത്തിനു വേണ്ടി കാത്തുകിടക്കെ, അപൂര്‍വ്വമായ ചില ഓര്‍മ്മകളുടെ നിറപ്പകിട്ടുള്ള കുപ്പിച്ചില്ലുകള്‍ ചിതറിച്ചുകൊണ്ട് പാണ്ഡവപുരം എന്റെ മനസ്സിലേക്ക് കടന്നുവന്നു. അഭയാര്‍ത്ഥിക്കോളനിയിലെ ദേവാലയത്തിലെ പ്രാര്‍ത്ഥനാമുറിയിലെ ഏഴുനിറങ്ങളിലുള്ള കണ്ണാടിക്കഷണങ്ങള്‍ പതിച്ചുവെച്ച ശരറാന്തല്‍ വീണുടഞ്ഞിരിക്കണം''- കണ്ണാടി, ഏഴു നിറങ്ങളിലുള്ള ശരറാന്തല്‍ എന്നിവ ദേവിയുടെ ഭ്രമാത്മകമായ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. തനിക്കുനേരെ പിടിച്ച കണ്ണാടിയില്‍ അവള്‍ തന്റെ പ്രക്ഷുബ്ധമായ പ്രതിബിംബമായിരിക്കും കാണുന്നത്. കണ്ണാടിക്ക് മാനസികാപഗ്രഥനത്തില്‍ വലിയ സ്ഥാനമുണ്ട്. അതുപോലെ ദേവിയുടെ ഉള്ളിലെ അമര്‍ത്തിവച്ച ലൈംഗികതയെയും ഈ രീതിയില്‍ മാനസികാപഗ്രഥന സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് പഠിക്കാവുന്നതാണ്. പല രീതിയില്‍ വ്യാഖ്യാനിക്കാനുള്ള സാധ്യത തരുന്നുണ്ട് നോവല്‍. അത് ഏക ശിലാത്മകമല്ല, ബഹുമുഖമാണ്. രേഖീയമായ, ഒരു ചരടില്‍ കോര്‍ത്ത മുത്തുകള്‍ പോലെയുള്ള ആഖ്യാനമല്ല, ശ്ലഥമായ, മലരികളും ചുഴികളും നിറഞ്ഞതാണ് ശൈലി. ഇതിനെ ആഖ്യാനത്തിന്റെ പിരിയന്‍ കോവണിയോട് ഉപമിക്കാം.
നോവലിന്റെ മറ്റൊരു തലം മിത്തുകളുടെ ഉപയോഗമാണ്. കുന്നിന്‍ മുകളിലെ സംഹാരമൂര്‍ത്തിയായ ദേവി അതിലൊന്നാണ്. മറ്റൊന്ന് പാഞ്ചാലിയെ കുറിച്ചുള്ള പരാമര്‍ശങ്ങളാണ്. ''ആ പടപ്പുറപ്പാടിനിടയില്‍ അഞ്ചുപേരും ഒരു കാര്യം മറന്നിരുന്നു, ആ പെണ്ണിന് ആരോടാണ് കൂടുതല്‍ സ്‌നേഹം എന്ന് കണ്ടുപിടിക്കാന്‍. അവരെ സംബന്ധിച്ചിടത്തോളം അവള്‍ ജീവനില്ലാത്ത ഒരു സുന്ദരമായ കളിപ്പാവമാത്രമായിരുന്നു. അവളുടെ വികാരങ്ങള്‍ അവര്‍ക്ക് പ്രശ്‌നമായിരുന്നില്ല''. പാഞ്ചാലിയെ ദേവിയുമായി ബന്ധിപ്പിക്കുമ്പോള്‍ത്തന്നെ ദേവിയുടെ ശക്തമായ ജാരാഭിമുഖ്യം കുന്നിന്‍ മുകളിലെ ദേവിവയുമായും താരതമ്യം ചെയ്യാം. ഭാര്യമാര്‍ക്ക് അഭയമായി കുന്നിന്‍ മുകളില്‍ ജ്വലിക്കുന്ന ദേവി ജാരന്മാരെ തന്നിലേക്ക് ആവാഹിച്ചു വരുത്തുന്നത് അവരുടെ ഉദ്ധതമായ പത്തിയെ കാല്‍ക്കീഴിലിട്ട് ഞെരിക്കാനാണ്.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു സുപ്രസിദ്ധ സാമൂഹ്യശാസ്ത്രഗവേഷകനായിരുന്ന ലൂയി മോര്‍ഗന്‍ പ്രാചീന മനുഷ്യരുടെ കുടുംബബന്ധങ്ങളെ സസൂക്ഷ്മം പരിശോധിച്ചുകൊണ്ട് വിലപിടിച്ച ചില പൊതുതത്വങ്ങള്‍ ഉന്നയിക്കുകയുണ്ടായി. മനുഷ്യസമുദായത്തിന്റെ ആരംഭത്തില്‍ അനിയന്ത്രിത ലൈംഗികബന്ധമാണുണ്ടായിരുന്നതെന്ന് പ്രാചീന മനുഷ്യരുടെ കുടുംബബന്ധങ്ങളെ പഠിച്ച മോര്‍ഗന്‍ എഴുതുകയുണ്ടായി. ഈ ഘട്ടത്തില്‍ കുടുംബം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ആവിര്‍ഭവിച്ചുകഴിഞ്ഞിരുന്നില്ല. ലൈംഗിബന്ധത്തില്‍ സാമൂഹ്യമായ യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. അതിനുശേഷം ചരിത്രപരമായ വളര്‍ച്ചയുടെ ഫലമായി സ്ത്രീപുരുഷ ബന്ധം പല അവസ്ഥകളിലൂടെ കടന്നുവന്ന് ആധുനിക കുടുംബവ്യവസ്ഥയില്‍ എത്തിച്ചേര്‍ന്നു. മനുഷ്യന്‍ ജീവശാസ്ത്രപരമായി പല പങ്കാളികളെ ആഗ്രഹിക്കുന്നവരും സാമൂഹിക കാരണങ്ങളാല്‍ ഒരു പങ്കാളിക്കൊപ്പം ജീവിക്കുന്നവരും ആണ് എന്നാണോ?
എംഗല്‍സ് തന്റെ 'കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ആവിര്‍ഭാവം' എന്ന പുസ്തകത്തില്‍ ഇത് വിശദമായി അവതരിപ്പിക്കുന്നുണ്ട്. ചരിത്രത്തിലെ ആരംഭ ഘട്ടം പ്രാകൃത കമ്യൂണിസം എന്നപേരിലാണ് അറിയപ്പെട്ടുന്നത്. മനുഷ്യന്‍ ഗോത്രമായി ജീവിച്ച ഇക്കാലത്ത് സ്ത്രീയ്ക്കും പുരുഷനും സമുദായത്തില്‍ തുല്യമായ അവകാശങ്ങളാണ് ഉണ്ടായിരുന്നത്. എല്ലാം പങ്കുവയ്ക്കുമായിരുന്നു. പങ്കാളികളും കുട്ടികളും ഉള്‍പ്പെടെ. അന്ന് സ്വകാര്യ സ്വത്ത് ഇല്ലായിരുന്നു. അന്ന് കൂട്ടായ വിവാഹമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഉല്‍പാദനശക്തികള്‍ കൂടുതല്‍ വളര്‍ന്നപ്പോള്‍ കൂട്ടുവിവാഹം ദ്വന്ദ്വ വിവാഹത്തിന് വഴിമാറി. ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കും. പക്ഷെ, അതേ സമയത്തുതന്നെ പുരുഷനു മറ്റു സ്ത്രീകളെയും സ്ത്രീയ്ക്ക് മറ്റു പുരുഷന്മാരെയും സമീപിയ്ക്കാം, ഇഷ്ടമുള്ളപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്താം. അന്ന് സ്ത്രീയായിരുന്നു സാമൂഹ്യ ജീവിതത്തിന്റെ നേതൃത്വം വഹിച്ചിരുന്നത്. (ഈ മാതൃദായ ക്രമം കേരളത്തിലും നിലനിന്നിരുന്നു. ഇവിടെയും കുട്ടികളെ തിരിച്ചറിഞ്ഞിരുന്നത് അമ്മയിലൂടെയായിരുന്നു. നമ്മുടെ ഇനിഷ്യല്‍ അമ്മവീടിന്റെതായിരുന്നു).
അന്ന് അടിസ്ഥാന വിഭവങ്ങളുടെ മേല്‍ കൂട്ടായ അവകാശമായിരുന്നു. സമത്വാധിഷ്ഠിതമായ സാമൂഹ്യബന്ധങ്ങള്‍. പുരുഷന്‍ സ്വകാര്യസ്വത്തിന്റെ മേധാവിത്വം വഹിക്കാന്‍ തുടങ്ങിയതോടെയാണ് കുടുംബത്തിലും പുരുഷന്റെ മേധാവിത്വം ഉറപ്പിയ്ക്കപ്പെട്ടത്. ഈ ഭൗതിക പരിതസ്ഥിതികളിലാണ് ഏകപത്‌നീ വ്യവസ്ഥ ആവിര്‍ഭവിച്ചത്. അടിമയും അസ്വതന്ത്രയുമായ സ്ത്രീയ്ക്ക് പാതിവ്രത്യം നിര്‍ബന്ധമായിരുന്നു. പക്ഷെ, ഉല്‍പാദനോപകരണങ്ങളുടെ ഉടമയായ പുരുഷന് അതിന്റെ ആവശ്യമില്ല. (സ്ത്രീ സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയ ഇക്കാലത്ത് ഇത് വേറൊരു രീതിയില്‍ തുടരുന്നു).
ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും അടുത്തകാലത്തുപോലും കേരളത്തില്‍ നിലനിന്നിരുന്നു. ഇതിന് വിലക്കുകള്‍ ഉണ്ടായിരുന്നില്ല, നിയമത്തിന്റെ പിന്‍ബലം ആവശ്യമുണ്ടായിരുന്നില്ല. പിന്നീട് ഒന്നില്‍ കൂടുതലുള്ള വിവാഹം സമൂഹത്തില്‍ വലിയ പ്രശ്‌നമായി, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. വിവാഹബന്ധം വേര്‍പെടുന്നത് എന്തുകൊണ്ടായാലും - പുരുഷന്‍ തീരുമാനിച്ചാലും, സ്ത്രീ തീരുമാനിച്ചാലും- അത് സ്ത്രീയുടെ കുറ്റമായി സമൂഹം കാണുന്നു. എന്തിനധികം, കുട്ടികള്‍ ഉണ്ടാവാത്തതില്‍ സ്ത്രീയെയാണ് സമൂഹം പഴിചാരുന്നത്. വേര്‍പിരിയലില്‍ ലൈംഗികത ഒരിക്കലും വിഷയമായി വരുന്നില്ല. കൗണ്‍സിലിംഗില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുന്നുണ്ടോ എന്നറിയില്ല. പല മേഖലകളിലും പുരോഗമിച്ച കേരളത്തിലും സ്ത്രീ ലൈംഗികത ഒരു പ്രശ്‌നംതന്നെയാണ്. സ്ത്രീയുടെ ലൈംഗിക വികാരങ്ങള്‍ക്ക് നമ്മുടെ സമൂഹം കൃത്യമായ പരിധി കല്‍പ്പിക്കുന്നു. മറ്റു പല കാര്യത്തിലും എന്നപോലെ ഇക്കാര്യത്തിലും അവള്‍ പുരുഷന് കീഴെ ആയിരിക്കണം. അവള്‍ക്ക് ലൈംഗിക വികാരം പ്രകടിപ്പിക്കാനാവില്ല. ഉള്ളില്‍ ഒതുക്കണം. ലൈംഗിക വികാരം 'കൂടുതല്‍' പ്രകടിപ്പിച്ചാല്‍ പുരുഷന് സംശയം. ഇതേക്കുറിച്ച് മറ്റുള്ളവര്‍ക്ക് വല്ല സൂചനയും ഉണ്ടെങ്കില്‍ അവരും അവളെ കുറ്റപ്പെടുത്തും: അടക്കവും ഒതുക്കവും ഇല്ലാത്ത സ്ത്രീ. സ്വന്തം ഭര്‍ത്താവിനോട് ലൈംഗികവികാരം പ്രകടിപ്പിക്കുന്നതിന് പോലും പരിധി.
ദേവിയെ ഭര്‍ത്താവ് ഉപേക്ഷിക്കുമ്പോള്‍ അവള്‍ക്ക് അതുവരെ കിട്ടിയിരുന്ന സ്ഥാനത്തില്‍ നിന്ന്- ഒരു അദ്ധ്യാപിക, ഒരു കുട്ടിയുടെ അമ്മ- മാറി വേറൊരു രീതിയിലാണ് സമൂഹം കാണുന്നത്. ഭര്‍ത്താവ് തനിക്ക് തന്ന അപമാനത്തിന് എതിരെയുള്ള പ്രതിഷേധമാവുമ്പോള്‍ത്തന്നെ അവള്‍ ഭാവന കൊണ്ട് - ജാരവാഞ്ഛയിലൂടെ -യാഥാസ്ഥിതികതയ്ക്കും എതിര്‍ നില്‍ക്കുന്നു.
ദേവിയുടെ കാര്യത്തില്‍ ഒരു ഭാഗത്ത് മനസ്സ് സദാചാരത്തിന് എതിരെ പോവുകയും പോവുകയും മറുഭാഗത്ത് സദാചാര ചിന്തകള്‍ അലട്ടുകയും ചെയ്യുന്നുണ്ട്. ഇത് ഇന്നും സ്ത്രീകള്‍ അനുഭവിക്കുന്നു. അതായത്, വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി സംസാരിക്കുമ്പോള്‍ പോലും അത് വലിയ പ്രശ്‌നമാവുന്നു. അതേ സമയം വിവാഹിതനായ പുരുഷന്‍ മറ്റൊരു സ്ത്രീയുമായി ബന്ധപ്പെട്ടാലും അയാള്‍ക്ക് സ്ത്രീ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നില്ല.
നോവലിന്റെ ജൈത്രയാത്രയില്‍ 2007-ല്‍ ഒരു തൂവല്‍ കൂടി ലഭിച്ചു. നോവലിനെ അധികരിച്ച് ആഷിഷ് അവികുന്തക് എന്ന ചലച്ചിത്രകാരന്‍ ബംഗാളിയില്‍ 'നിരാകാര്‍ ഛായ' (ആകൃതിയില്ലാ നിഴലുകള്‍) എന്ന പേരില്‍ ഒരു സിനിമ സംവിധാനം ചെയ്യുകയുണ്ടായി. ചരിത്രപരമായും സാംസ്‌കാരികപരമായും കേരളത്തിലെ നായര്‍ കുടുംബത്തിലെ അസ്തമിച്ചുകൊണ്ടിരിക്കുന്ന മാതൃദായ ക്രമത്തിലാണ് നോവലിന്റെ വേരുകള്‍ എങ്കിലും ഈ സ്ത്രീയുടെ മാനസിക വ്യവഹാരങ്ങള്‍ക്ക് ഒരു സാര്‍വ്വലൗകികതയുള്ളതുകൊണ്ടായിരിക്കാം നോവല്‍ ഒരു ബംഗാളിയെ ആകര്‍ഷിച്ചതും പല ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതും. ഒരു ബസ്സ് യാത്രയ്ക്കിടയില്‍ ഒറ്റയടിക്ക് വായിച്ചുതീര്‍ത്ത ഈ നോവല്‍ അവികുന്തക്കിനെ വല്ലാതെ ആകര്‍ഷിച്ചു, രണ്ടു ദിവസം അദ്ദേഹത്തിന് ശരിയായി ഉറങ്ങാന്‍ കഴിഞ്ഞില്ല എന്നാണ് അദ്ദേഹം സേതുവിനോട് പറഞ്ഞത്. ''നോവല്‍ എന്നില്‍ ആഴത്തിലുള്ള അനുരണനങ്ങള്‍ സൃഷ്ടിച്ചു. നോവലിന്റെ കേന്ദ്രത്തിലുള്ള ഒറ്റപ്പെട്ട സ്ത്രീയുടെ വിഷാദാത്മകമായ ലൈംഗിക വിഭ്രാന്തികളാണ് എന്നെ മോഹിപ്പിച്ചത് ' അവികുന്തക് പറയുന്നു. (ഈ നോവലിനെ അതേ പേരില്‍ ജി.എസ്. പണിക്കര്‍ 1986-ല്‍ മലയാളത്തില്‍ സിനിമയാക്കിയിട്ടുണ്ട് എന്ന് ആനുഷംഗികമായി കുറിക്കട്ടെ).

സാമ്പ്രദായികമല്ലാത്ത ഒരു ഘടനയാണല്ലോ നോവലിന്റെത്. ഇതിനെ സിനിമയില്‍ എങ്ങിനെ ആവിഷ്‌കരിക്കും എന്ന വലിയ വെല്ലുവിളിയാണ് സംവിധായകന്‍ ഏറ്റെടുക്കുന്നത്. പൊതുവേ നാം നോവലിനെ അതുപോലെ പിന്തുടരാനാണ് ശ്രമിക്കുക. എന്നാല്‍ അവികുന്തക് അക്ഷരം പ്രതി പിന്തുടരേണ്ടുന്ന, ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത ഒരു കൃതി എന്ന നിലയിലല്ല നോവലിനെ സമീപിച്ചത്. സ്വന്തമായ ഒരു സമാന്തരലോകം സൃഷ്ടിക്കാനുള്ള ഒരു സ്പ്രിംഗ് ബോര്‍ഡ് എന്ന നിലയില്‍ മാത്രമാണ് അദ്ദേഹം മൂലകൃതിയെ കണ്ടത്. നോവലിന്റെ ഒരു മാധ്യമ അനുകല്‍പനം അല്ല സിനിമ. അതൊരു പുനരാഖ്യാനമോ പുനര്‍വിന്യാസമോ ആണ്. അതായത് സംവിധായകന്റെ വ്യക്തിഗത സാംസ്‌കാരിക-പ്രത്യയശാസ്ത്ര ഘടനയിലേക്ക് മൂലകൃതിയുടെ കാതലിനെ ആവാഹിക്കുന്ന രീതി. കൃതിയുടെ സത്ത നിലനിര്‍ത്തിക്കൊണ്ട് ഘടനാവിന്യാസങ്ങളെ മാറ്റിക്കൊണ്ടേയിരിക്കുക. സംവിധായകന്റേതായ ഒരു ലോകം മെനഞ്ഞെടുക്കാനുള്ള ഒരു കുതിപ്പായാണ് അദ്ദേഹം മൂലകൃതിയെ കണ്ടത്. ഈ സര്‍ഗ്ഗാത്മക യാത്രയില്‍ സംവിധായകന്‍ കയറി ഇറങ്ങുന്ന പല വാഹനങ്ങളില്‍ ഒന്ന് മാത്രമാണ് മൂലകൃതി. യാത്ര കഴിഞ്ഞാല്‍ വാഹനത്തെ ഉപേക്ഷിക്കുന്നതുപോലെ വായിച്ചുകഴിഞ്ഞതോടെ അദ്ദേഹത്തെ സംബന്ധിച്ച് നോവല്‍ അവസാനിച്ചു.
സിനിമയില്‍ മൂന്നു കഥാപാത്രങ്ങളേ ഉള്ളൂ. കല്‍ക്കത്തയിലെ ഒരു ഫ്‌ലാറ്റില്‍ താമസിക്കുന്ന ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിലെ അംഗങ്ങളായ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ദേവിയും, പിന്നെ ശില എന്ന അവരുടെ നാത്തൂനും. മറ്റൊരാള്‍ ഒരു ദിവസം ദേവിയെ തേടി എത്തുന്ന രാഹുല്‍ എന്ന അപരിചിതനും. അയാള്‍ മുമ്പ് ദേവിയുടെ കാമുകനായിരുന്നു എന്ന് അവകാശപ്പെടുന്നു. നോവലിലെ ശാന്തമായ ഗ്രാമീണാന്തരീക്ഷത്തെ സിനിമയില്‍ കല്‍ക്കത്താ നഗരത്തിന്റെ തിരക്കിലേക്കും ബഹളത്തിലേക്കും മാറ്റിയിരിക്കുന്നു. നോവലിലെ റെയില്‍വെ സ്റ്റേഷനുപകരം ഹൌറാ പാലവും താഴെക്കൂടി ഒഴുകിപ്പോവുന്ന ഹുഗ്ലി നദിയും, ട്രാമും, സൈക്കിള്‍ റിക്ഷയും, തോണിയും, ദുര്‍ഗാ പൂജയും പശ്ചാത്തലത്തില്‍ ഉണ്ട്. ഇത് സിനിമയ്ക്ക് കൂടുതല്‍ ദൃശ്യസാധ്യത ഒരുക്കുന്നുണ്ട്.
ഈ സിനിമ നോവലിനെ കൂടുതല്‍ മനസ്സിലാക്കുന്നതില്‍ നമ്മെ സഹായിക്കും. ''എല്ലാ സ്ത്രീകളും പറയും അവര്‍ അവരവരുടെ ഭര്‍ത്താക്കന്മാരെ മാത്രമേ പ്രേമിക്കുന്നുള്ളൂ എന്ന്. എന്നാല്‍ ഭര്‍ത്താവിന്റെ മരണം ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത ഒരു സ്ത്രീയും ഇല്ല'' സിനിമയില്‍ ദേവി ഇപ്രകാരം പറയുന്നുണ്ട്. ''മനുഷ്യമനസ്സുകള്‍ക്ക് ഭാവനചെയ്യാനുള്ള കഴിവുണ്ട്. അതുകൊണ്ട് അവരുടെ ലോകം ഭാവനയാല്‍ നിറം പിടിപ്പിച്ചതായിരിക്കും. ഒരു പുതിയ ലോകം പിറക്കും''-ഇവ്വിധം ദേവി ഒരു സന്ദര്‍ഭത്തില്‍ ആത്മഗതമെന്നോണം പറയുന്നുണ്ട്. ഒരു സന്ദര്‍ഭത്തില്‍ രാഹുല്‍ (ജാരന്‍) ദേവിയോട് പറയുന്നുണ്ട്: ''ഭ്രാന്തുള്ളവര്‍ക്ക് ഭാവന കൂടുതലായിരിക്കും. പഴയൊരു കഥയുണ്ട്. മനസ്സിന്റെ താളംതെറ്റിയ ആളുകള്‍ തോണികളില്‍ ഓടിക്കേറുമെന്ന്. എങ്കിലവര്‍ക്ക് സുഖമാകുമത്രേ''. (ഇതിലൂടെ ഒരുപക്ഷെ മിഷേല്‍ ഫൂക്കോയുടെ ഭ്രാന്തിനെയും സമൂഹത്തെയും കുറിച്ചുള്ള ചിന്തയെ പരാമര്‍ശിക്കുകയായിരിക്കാം. രോഗികള്‍, ഭ്രാന്തന്മാര്‍, ശാരീരിക വൈകൃതം ഉള്ളവര്‍ തുടങ്ങിയവരെ ഒരു കപ്പലില്‍ കയറ്റി (Ship of Fools) ജനങ്ങള്‍ ചെന്നുകയറാത്ത ദ്വീപുകളില്‍ കൊണ്ടുവിടുന്ന ഒരു രീതിയെക്കുറിച്ച് ഫൂക്കോ തന്റെ Madness and Civilisation എന്ന കൃതിയില്‍ 'വിഡ്ഢികളുടെ കപ്പല്‍' എന്ന രൂപകത്തിലൂടെ വ്യക്തമാക്കുന്നുണ്ട്).
.jpg?$p=76b9bd4&&q=0.8)
സിനിമയിലെ ആഖ്യാനം നിരന്തരം യാഥാര്‍ത്ഥ്യത്തിനും അയാഥാര്‍ത്ഥ്യത്തിനും ഇടയില്‍ ഊഞ്ഞാലാടുന്നു. കെട്ടിച്ചമച്ചതാണ് ദേവിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ എന്ന പ്രതീതി ചലച്ചിത്രത്തിലുടനീളം നിലനിര്‍ത്തുന്നു. ''എല്ലാം കഥകളാണ്. നിങ്ങളുടെ, എന്റെ, അവന്റെ, അലിരാജ്പൂരിന്റെ, ബാഗ് ബസാറിന്റെ, ഈ ലോകത്തിന്റെ'' - ദേവി ഒരു സന്ദര്‍ഭത്തില്‍ ഇപ്രകാരം പറയുന്നുണ്ട്. സത്യത്തിനും മിഥ്യയ്ക്കും ഇടയില്‍ മാഞ്ഞുപോവുന്ന മങ്ങിയ, നേര്‍ത്ത രേഖകള്‍പോലെ സങ്കീര്‍ണ്ണമാക്കുന്ന രീതിയിലാണ് കളറും, ബ്ലാക് ആന്റ് വൈറ്റും, മൊണോക്രോമും ഉപയോഗിച്ചിരിക്കുന്നത്. പല നിറങ്ങളിലേക്കുള്ള സഞ്ചാരത്തിന് പ്രേക്ഷകരുടെ മാനസികാവസ്ഥയനുസരിച്ച് പല അര്‍ത്ഥങ്ങള്‍ കൈവരാം. ദൃശ്യങ്ങളുടെ ടെക്‌സ്ച്ചറിന്റെ ശ്രദ്ധയോടെയുള്ള തിരിമറികളിലൂടെ കണ്ണിനെയും കാതിനെയും കടന്നുനില്‍ക്കുന്ന ദൃശ്യഭാവം, ഇന്ദ്രിയാനുഭവം, സ്പര്‍ശനേന്ദ്രിയസംബന്ധിയായ ഒരനുഭവം പകരുന്നു.
മറ്റൊന്ന് ശബ്ദങ്ങളുടെയും സീനുകളുടെയും വസ്തുക്കളുടെയും ആവര്‍ത്തനമാന്. പച്ചക്കറി മുറിക്കുന്നതിന്റെയും, ഇളനീര്‍ ചെത്തുന്നതിന്റെയും കോഴിയെ വെട്ടുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ ഉദാഹരണം. ഇത് ദേവിയുടെ ഏകതാനമായ ദിനചര്യയെയും അവളില്‍ അന്ത:സ്ഥിതമായ വൈകാരികവും ആത്മീയവുമായ ഹിംസയെയും പ്രതിനിധീകരിക്കുന്നു. മാത്രവുമല്ല, കോഴിയെ വെട്ടുന്ന ദൃശ്യത്തിന്റെ ആവര്‍ത്തനം താന്ത്രികാനുഷ്ഠാനത്തിലെ ബലി കര്‍മ്മത്തിലേക്കുള്ള സൂചനയാണ്.
നീണ്ട സ്വഗതാഖ്യാനങ്ങളും സംഭാഷണങ്ങളും ധാരാളമായി സംവിധായകന്‍ ഉപയോഗിക്കുന്നു. ഇത് സാധാരണ സിനിമകളിലേതുപോലെ വൈകാരികത ഉണ്ടാക്കാനോ, ആഖ്യാനത്തെ മുന്നോട്ട് കൊണ്ടുപോകാനോ അല്ല. പ്രത്യേക രീതിയില്‍ ശബ്ദതരംഗങ്ങളെ സംബന്ധിച്ച, ശ്രവണ സംബന്ധിയായ അനുരണനങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള സിനിമാറ്റിക് അനുഭവം നെയ്യുന്നു സിനിമ.
സമകാലിക അവസ്ഥയില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള ഗാര്‍ഹിക പീഡനം സിനിമയില്‍ ഒരു പ്രധാന വിഷയമായി കടന്നുവരുന്നു. സിനിമ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഇതിന്റെ ആവര്‍ത്തനം കാണാം. അച്ഛന്‍ അമ്മയുമായി വഴക്കുകൂടുന്നതിന്റെയും അടിക്കുന്നതിന്റെയും ആവര്‍ത്തനങ്ങള്‍. ഭയന്നുവിറച്ച് നിലവിളിച്ചുകൊണ്ട് തുണിയിലൂടെ മൂത്രമൊഴിക്കുന്ന ദേവി. പിന്നെ അച്ഛന്‍ അവളെയെടുത്തു മടിയിലിരുത്തി സിഗരറ്റുകൊണ്ട് തുട പൊള്ളിച്ചു. പിന്നീട് അവളെ കുളിമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി തൊട്ടിയിലെ വെള്ളത്തില്‍ തലമുക്കിപ്പിടിച്ചു. അവള്‍ക്ക് ശ്വാസം കിട്ടാതെ മരിച്ചുപോകുമെന്നു തോന്നി. അതുപോലെ കുട്ടികളില്ലാത്തതിന്റെ ദുഃഖം കൊണ്ടും ഭര്‍തൃഗൃഹത്തിലെ പീഡനം കൊണ്ടും ആത്മഹത്യ ചെയ്യേണ്ടിവന്ന പാരുളിന്റെ കഥ ദേവി രാഹുലിനോട് പറയുന്നുണ്ട്. പൂജാമുറിയിലെ വിളക്കില്‍ നിന്നും ശരീരത്തിലേക്ക് തീപടര്‍ത്തിയാണ് പാരുള്‍ ആത്മഹത്യ ചെയ്തത്.
സിനിമയെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍ സേതു ഇപ്രകാരം പറയുകയുണ്ടായി: ''സിനിമയില്‍ നോവലിന്റെ ചട്ടക്കൂടിനപ്പുറം തനതായൊരു ശില്‍പ്പം രൂപപ്പെടുത്തിയെടുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. എനിക്ക് സിനിമ ഇഷ്ടപ്പെട്ടത് അത് നോവലിനോടുള്ള മറ്റൊരു സമീപനം എന്ന നിലയിലാണ്. മലയാളത്തിലെ പ്രശസ്തരായ എല്ലാ നിരൂപകരും നോവലിനെ അവരവരുടേതായ രീതിയില്‍ സമീപിക്കുകയായിരുന്നു. ഈ സിനിമ ഉയര്‍ന്ന സൗന്ദര്യശാസ്ത്രബോധമുള്ള കലാകാരന്റെ മറ്റൊരു വായനയാണ്''.
Content Highlights: Sethu, P.K Surendran, Pandavapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..