വിജയൻ നവീന ലൈബ്രറിയിൽ
കുട്ടിക്കാലം മുതല്ക്കേ പുസ്തകങ്ങളെന്നാല്‍ വിജയന് തന്റെ പ്രാണനാണ്. സ്കൂള്‍ പഠനകാലം മുതല്ക്കേ ജീവശ്വാസം പോലെയാണ് വിജയന് പുസ്തകങ്ങള്‍. വായനും പുസ്തകങ്ങളും നല്കുന്ന ലഹരിയും സന്തോഷവും തെല്ലും ചോരാതെ ഈ 60-ാം വയസ്സിലും അദ്ദേഹം കാത്തുസൂക്ഷിക്കുകയാണ്. ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ പന്തിരിക്കര സ്വദേശി വാഴേപറമ്പില്‍ വിജയന് പുസ്തകങ്ങളെ കുറെക്കൂടി ഗൗരവമായി കണ്ടതുടങ്ങി. നാട്ടില്‍ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് 'നവീന' എന്ന പേരില്‍ ലൈബ്രറി തുടങ്ങി. അന്ന് മുതല്‍ തന്റെ ആയുസ്സിന്റെ ഏറിയ പങ്കും അദ്ദേഹം ചെലവഴിച്ചത് നവീനയിലാണ്, അല്ല നവീനയ്ക്ക് വേണ്ടിയാണ്. അതിനാല്‍, നാട്ടുകാര്‍ അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചു 'നവീന വിജയന്' എന്ന്. 'നവീന വിജയന്' എന്നു പറഞ്ഞാല്‍, നാട്ടിലെ കൊച്ചുകുട്ടിക്കുപോലും അറിയാം. തുടക്കകാലത്ത് നവീനയുടെ സെക്രട്ടറിയായിരുന്ന അദ്ദേഹം ആറുവര്‍ഷത്തോളം പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. പിന്നീട് ലൈബ്രേറിയന്‍ എന്ന മുഴുവന്‍ സമയ ചുമതല ഏറ്റെടുത്തു.
നവീനയുടെ തുടക്കം
കൈയ്യിലുള്ള പുസ്തകങ്ങളും വീടുകളില്‍ നിന്ന് ശേഖരിച്ച പുസ്തകങ്ങളുമായി 1987 ജനുവരി 26-നാണ് പന്തിരിക്കരയ്ക്കും പട്ടാണിപ്പാറയ്ക്കും ഇടയിലുള്ള ലാസ്റ്റ് പന്തിരി എന്ന സ്ഥലത്ത് ഒറ്റമുറി വാടകകെട്ടിടത്തില് ചെറിയൊരു വായനശാലയ്ക്ക് തുടക്കമിട്ടത്. ആ തുടക്കമാണ് ഇന്ന് നാട്ടിലെ കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്ന നവീന ഗ്രന്ഥശാലയായി മാറിയത്. വിജയനോടൊപ്പം രാമനാരായണന്‍ കുരിക്കിള്മഠം, പി.ജി. ഭാസ്കരന്, സോമനാഥന് തുടങ്ങിയവരാണ് നവീനയുടെ രൂപവത്കരണത്തിന് ചുക്കാന്‍ പിടിച്ചത്. നവീനയുടെ ഇന്നത്തെ രൂപത്തിന് വിജയന്റെയും ഈ സുഹൃത്തുക്കളുടെയും ലാഭേച്ഛയില്ലാതെയുള്ള പ്രവര്‍ത്തനമുണ്ട്. 36 വര്‍ഷമായി നവീന ഗ്രന്ഥശാല പ്രവര്‍ത്തനം തുടങ്ങിയിട്ട്. ഇക്കാലയളവില്‍ അതിനുവേണ്ടി വിജയന് ഒഴുക്കിയ വിയര്‍പ്പിനും കഷ്ടപ്പാടുകള്‍ക്കും നഷ്ടങ്ങള്‍ക്കും കൈയ്യും കണക്കുമില്ല. പക്ഷേ, അവയെല്ലാം തന്റെ നവീനയ്ക്ക് വേണ്ടിയാണല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ തനിക്ക് ലഭിക്കുന്ന ആനന്ദം ചെറുതല്ലെന്ന് അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. ഇതിന് പുറമെ, ഇക്കാലയളവില്‍ നേരിട്ട അസൂയാലുക്കളുടെയും ശത്രുക്കളുടെയും രാഷ്ട്രീയകുത്തിത്തിരുപ്പുകളുടെയും കഥകള്‍ വേറെ.
ഡിഗ്രി പാസായ വിജയന് ഉറുദു, ഹിന്ദി കോഴ്സുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നവീനയുടെ പിറവിക്ക് വിജയനൊപ്പം നിന്ന സുഹൃത്തുക്കളെല്ലാം വൈകാതെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്ക് കയറി. രണ്ട് പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടെങ്കിലും ജോലി നേടാന്‍ കഴിഞ്ഞില്ല. നവീനയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടെ പി.എസ്.സി. റാങ്ക് ലിസ്റ്റിന്റെ കാര്യം താന്‍ മറന്നുപോയെന്ന് അദ്ദേഹം പറയുമ്പോള്‍ തെല്ലും അതിശയോക്തിയില്ല. കാരണം, നവീന എന്ന ഗ്രന്ഥശാല അറിയുന്നത് തന്നെ വിജയനിലൂടെയാണ്. പി.എസ്.സി. ലഭിച്ചില്ലെങ്കിലും പിന്നീട്, മറ്റൊരു ജോലിക്കായി അദ്ദേഹം ശ്രമിച്ചതുമില്ല.
.jpg?$p=f0b49be&&q=0.8)
നവീനയ്ക്ക് സ്വന്തമായി കെട്ടിടം
1989-ലാണ് നവീനയ്ക്ക് സ്വന്തമായി ഒരു കെട്ടിടം വേണമെന്ന ചിന്തയിലേക്ക് എത്തുന്നത്. ഇതിനായി വിജയനും കൂട്ടരും കാത്തിരുന്നത് ഒന്നും രണ്ടുമല്ല, വിലപ്പെട്ട 8 വര്‍ഷങ്ങളാണ്. റോഡരികില്‍ വായനശാലയ്ക്ക് വേണ്ടി ഭൂമി വിട്ടുനല്‍കാന്‍ സ്വകാര്യവ്യക്തികളൊന്നും ഒരുക്കമായിരുന്നില്ല. പിന്നെ ആകെയുണ്ടായിരുന്ന പ്രതീക്ഷ കനാലിനോട് ചേര്‍ന്ന് കിടക്കുന്ന ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള പുറമ്പോക്ക് ഭൂമിയായിരുന്നു. പക്ഷേ, ആ സ്ഥലം വിട്ടുകിട്ടാന്‍ കടക്കേണ്ട കടമ്പകളും നൂലാമാലകളും ചെറുതായിരുന്നില്ല. എന്തായാലും തുനിഞ്ഞിറങ്ങി, എങ്കില്‍ നേടിയിട്ട് തന്നെ കാര്യം എന്ന രീതിയിലാണ് വിജയന് പിന്നീട് മുന്നോട്ട് നീങ്ങിയത്. ഭൂമി വിട്ടുകിട്ടുന്നതിനായി എട്ടുവര്‍ഷത്തോളം വിജയന് വിവിധ ഓഫീസുകള്‍ കയറി ഇറങ്ങി. ഭൂമി നേടുന്നതിന് മനഃപൂര്‍വം വൈകിപ്പിച്ചവരും കൂട്ടായി നിന്നവരും ഏറെയുണ്ടെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു.
ഇറിഗേഷന്‍ മന്ത്രി, ചീഫ് എന്‍ജിനീയര്‍, ഡെപ്യൂട്ടി എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്കെല്ലാം അപേക്ഷ സമര്‍പ്പിച്ച് കാത്തിരുന്നു. ഇറിഗേഷന്‍ വകുപ്പില്‍ അപേക്ഷ പരിഗണിക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി നാലുവര്‍ഷമാണ് കാത്തിരിക്കേണ്ടി വന്നത്. നാലു വര്‍ഷത്തിന്ശേഷമാണ് ഭൂമിക്ക് എന്‍.ഒ.സി. ലഭിച്ചത്. ശേഷം, ഇത് റവന്യൂ വകുപ്പിന് കൈമാറി. നാലുവര്‍ഷം വീണ്ടും റവന്യൂ വകുപ്പിന്റെ കൈകളിലായിരുന്നു ഈ ഫയല്‍. ''അതൊരു പാമ്പും കോണിയും കളിയായിരുന്നു. വളരെ പ്രയാസപ്പെട്ടായിരിക്കും നല്ല ഉയരത്തില്‍ എത്തുന്നത്. പക്ഷേ, ചെറിയ ന്യൂനത കണ്ടെത്തി ഫയല്‍ വളരെ വേഗത്തില്‍ താഴേക്ക് തിരിച്ചുവരും. ഇറിഗേഷനില്‍ മൂന്ന് ചീഫ് എന്‍ജിനീയര്‍മാര്‍ മാറി മാറി വരുന്നത് വരെ നമ്മുടെ ഫയല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടി. അവസാനം ഒരു നല്ല മനസ്സിന്റെ ഉടമ പറഞ്ഞു, നിങ്ങളെ ഞാന്‍ സമ്മതിച്ചിരിക്കുന്നുവെന്നും ഇതിന്റെയൊന്നും പുറകെ മറ്റൊരാളും നടക്കില്ലെന്നും. അദ്ദേഹം ഫയലുകള്‍ ക്ലിയര്‍ ചെയ്തു തന്നു. ഇത് നേടിയെടുക്കുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന്-വിജയന് പറഞ്ഞു.
നായനാര്‍ മന്ത്രി സഭയിലെ റവന്യൂവകുപ്പ് മന്ത്രിയായിരുന്ന കെ.ഇ. ഇസ്മായില്‍ ഇടപെട്ടാണ് ഭൂമിയുടെ കാര്യത്തില്‍ തീര്‍പ്പാക്കിയത്. മൂന്ന് സെന്റ് സ്ഥലമാണ് സര്‍ക്കാര്‍ നവീനയ്ക്കായി പതിച്ച് നല്‍കിയത്. ഭൂമി പതിച്ച് കിട്ടിയതോടെ അസൂയക്കാരും രംഗത്തെത്തി. സമീപത്തു പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനം ഇതിനെതിരേ ഹൈക്കോടതിയില്‍ കേസ് നല്കി. ഭൂമി വിട്ടു നല്‍കിയത് അനധികൃതമായാണ് എന്നാരോപിച്ചാണ് കേസ് കൊടുത്തത്. തുടര്‍ന്ന് ഭൂമിയുടെ ബാക്കി നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിന് ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തി. പക്ഷേ, കേസ് വൈകാതെ തന്നെ തള്ളിപ്പോയി.
ഇതിന്ശേഷം ഉടന്‍ തന്നെ കെട്ടിടം പണിയുന്നതിനും മറ്റുമായി ഗ്രാന്റിന് അപേക്ഷിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 99,000 രൂപ അനുവദിച്ച് നല്കി. ഇതുകൊണ്ട് വായനശാലയുടെ താഴത്തെ നിലയുടെ പണികള്‍ പൂര്‍ത്തിയാക്കി. നല്ലവരായ നാട്ടുകാരും അഭ്യുദയകാംക്ഷികളും കെട്ടിടനിര്‍മാണത്തിന് പണം കൊടുത്ത് സഹായിച്ചു. 2001 ജനുവരി 26-ന് പട്ടാണിപ്പാറയില്‍ പുതിയ കെട്ടിടത്തില്‍ നവീന പ്രവര്‍ത്തനം ആരംഭിച്ചു. എഴുത്തുകാരി പി. വത്സല ലൈബ്രറി കെട്ടിടം നാടിന് സമര്‍പ്പിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.
തൊട്ട് പിന്നാലെ തന്നെ കല്‍ക്കട്ടയില്‍ പ്രവര്‍ത്തിക്കുന്ന രാജാറാം മോഹന്റോയ് ഫൗണ്ടേഷന് കെട്ടിടത്തിന്റെ മുകള്‍നില പണിയുന്നതിനായി ഗ്രാന്റിനായി സമീപിച്ചു. പിന്നീടിങ്ങോട്ട് ഈ ഫൗണ്ടേഷന് കീഴിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്.
.jpg?$p=998287b&&q=0.8)
സാമൂഹിക ഇടപെടലുകള്‍
നവീനയിലെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ നിരവധിയായ സാമൂഹിക വിഷയങ്ങളിലും വിജയന് ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. പെരുവണ്ണാമൂഴിയിലെ വനംവകുപ്പിന് കീഴിലെ ഏക്കറുകളോടും വരുന്ന സ്ഥലത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വനംഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിനെതിരേ നടത്തിയ ഇടപെടലാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. പ്രദേശത്തെ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനത്തിനെതിരേയും വിജയന് ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ തനിക്ക് ഭീഷണി വരെ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സാമൂഹിക വിപത്തുകള്‍ക്കെതിരേ തനിക്ക് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം 'നവീന'യില്‍നിന്നാണ് ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''പേടി കൊണ്ട് ഒരിക്കലും ശബ്ദമുയര്ത്താതിരിക്കില്ല. എന്റെ നാടിനുവേണ്ടി, വരും തലമുറയ്ക്ക് വേണ്ടി ഭൂമിയിലെ വിഭവങ്ങളെല്ലാം നിലനിര്‍ത്തണം. അതിനുവേണ്ടി ഞാന്‍ പോരാടിക്കൊണ്ടിരിക്കും''-അദ്ദേഹം പറഞ്ഞു.
തുച്ഛമായ വരുമാനം
മാസം 4000 രൂപയാണ് ലൈബ്രറി നടത്തിപ്പിന് ഓണറേറിയമായിട്ട് വിജയന് ലഭിക്കുന്നത്. പുസ്തകം വാങ്ങുന്നതിനും മറ്റു ചെലവുകള്‍ക്കുമായി രാ
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഒരു വര്‍ഷം 32,000 രൂപ അനുവദിക്കും. ഇതിന്റെ 75 ശതമാനം പുസ്തകങ്ങള്‍ വാങ്ങുന്നതിനായി ചെലവഴിക്കണം. ശേഷിക്കുന്ന തുക ലൈബ്രറി നവീകരണത്തിനും മറ്റുമായി ചെലവഴിക്കാം. എന്നാല്‍, തുക പൂര്‍ണമായും പുസ്തകങ്ങള്‍ വാങ്ങാനാണ് ഉപയോഗിക്കുന്നത്. വായനശാലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടാതെ പാല് സൊസൈറ്റിയില്‍ ജോലിയില്‍ നിന്ന് ഭാര്യ ഗീതയ്ക്ക് ലഭിക്കുന്ന വരുമാനം കൊണ്ടുകൂടിയാണ് ജീവിതം മുന്നോട്ട് നീങ്ങുന്നത്. വരുമാനം കുറവാണെങ്കിലും പുസ്തകത്തിന്റെയും വായനയുടെയും ലോകത്ത് താന്‍ ഏറെ സംതൃപ്തനാണെന്ന് വിജയന് വ്യക്തമാക്കുന്നു.
വായന പുതുതലമുറയില്‍
സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് പുതിയ തലമുറയില്‍ വായനയ്ക്കായി താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നതില്‍ അധികവും. പഴയതലമുറയില്പ്പെട്ടവരില് ആവേശം ചോരാതെ പുസ്തകവായന തുടരുന്നവരുമുണ്ടെന്ന് വിജയന് പറഞ്ഞു. പന്തിരിക്കര വെള്ളച്ചാല്‍ സ്വദേശിയായ 86-കാരന് കുര്യാച്ചനും ഇതില്‍ ഉള്‍പ്പെടുന്നു.
തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് വിജയന് പറയുന്നു. മക്കളായ അഭിമന്യുവും അഭിനവും തനിക്ക് നല്കുന്ന പിന്തുണ വളരെ വലുതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: reading day 2022, naveena vijayan, naveena librarty at pattanippara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..