ഗോർഹി ലൂയി ബോർഹസ് | Photo: AP
'In the dreaming man's dream, the dreamed man is awoke'
Circular Ruisn , Jorge Luis Borges
ഇരുപത്തിയഞ്ചു വര്‍ഷത്തോളമായി തുടര്‍ച്ചയായി ഞാന്‍ കാണുന്ന ഒരു സ്വപ്നം എന്നെ പല വിധത്തില്‍ ബാധിക്കുമായിരുന്നു, ഒരു കഥയെന്ന് അതിനെ സങ്കല്‍പ്പിച്ച് മനസ്സിനെ സ്വസ്ഥമാക്കാന്‍ പരിശീലിപ്പിക്കുന്നതു വരെ. സ്വപ്നം ഇതാണ്: അത്രയും നേരം എവിടെയോ ആയിരുന്ന ഞാന്‍ എന്റെ വീട്ടിലേക്ക് മടങ്ങുകയാണ്. പക്ഷെ എനിക്ക് വഴിതെറ്റുന്നു, വീട് എവിടെയാണ് എന്ന് കണ്ടുപിടിക്കാന്‍ പറ്റുന്നില്ല. അത് മാത്രമല്ല, വീട് അന്വേഷിച്ചുകൊണ്ടുള്ള എന്റെ അലച്ചില്‍ ഭൂമിക്കടിയിലാണ്. നാട്ടുമ്പുറത്തെ പഴയ കിണറിലെ പാമ്പേരികള് പോലെ ഈ വഴികളും വളഞ്ഞുപുളഞ്ഞു പോകുന്ന വൃത്തങ്ങളാണ്. എന്റെ അലച്ചില്‍ കരച്ചിലോളം എത്തുന്നു. വഴിയില്‍ ഞാന്‍ കാണുന്ന ആളുകള്‍ എന്നെ നോക്കാതിരിക്കുകയോ നോക്കുകയാണെങ്കില്‍ സംശയത്തോടെയും പേടിപ്പിക്കുന്ന വിധത്തിലുമാകുന്നു. ഒടുവില്‍ എങ്ങനെയോ ഞാനാ സ്വപ്നത്തില്‍ നിന്നും പുറത്തേയ്ക്ക് കടക്കുന്നു ഉറക്കത്തെ അത്രയും ശപിച്ചുകൊണ്ട് ഞാന്‍ ബാക്കിയുള്ള രാത്രിയെയും നോക്കി കിടക്കുന്നു. എനിക്ക് വീടുണ്ട് എന്ന ഉറപ്പില്‍.
ആദ്യമാദ്യം എന്റെ ദീര്‍ഘമായ 'പ്രവാസ'ത്തിന്റെ ശമിക്കാത്ത ഓര്മ്മയയാണ് ഈ സ്വപ്നം കൂടെകൂടിയത് വീടും നാടും നഷ്ടപ്പെട്ടവരുടെ വലിയ ഓര്‍മ്മയിലേക്ക് ഇങ്ങനെയൊരു സ്വപ്നം എന്നെയും ചേര്‍ത്തിരിക്കുന്നു. എന്നാല്‍, തുടര്‍ച്ചയായി അതേ സ്വപ്നം കാണാന്‍ തുടങ്ങിയാതോടെ ഞാന്‍ അതിന്റെ Sructure ആസ്വദിക്കാന്‍ തുടങ്ങി തീര്‍ച്ചയായും സ്വപ്നത്തില്‍ നിന്നും പുറത്തുകടക്കുന്ന അവസരങ്ങളില്‍ മാത്രമായിരുന്നു അത്. മറ്റൊരു ദിവസം ഞാന്‍ ആ സ്വപ്നത്തിന് എനിക്ക് പ്രിയപ്പെട്ട ഒരു കഥയുടെ ഓര്‍മ്മ സമ്മാനിച്ചു. അര്‍ജന്റീനക്കാരനായ എഴുത്തുകാരന് ഗോര്ഹി ലൂയി ബോര്‍ഹസിന്റെ പ്രസിദ്ധമായ കഥ, Circular Ruins, ആയിരുന്നു അത്.
അസാധ്യമായ ഒരു കഥയാണ് അത്, ചെറുകഥകളുടെ ഏറ്റവും നീണ്ടു നില്ക്കുന്ന ഒരു ജീവിതം.
അല്ലെങ്കിലും, മറ്റു പല എഴുത്തുകാര്ക്കുമെന്നപോലെ, ബോര്‍ഹസ് എനിക്കും ചെറുകഥയുടെയും എഴുത്ത് എന്ന മാധ്യമത്തിന്റെയും അവസാനിക്കാത്ത മോഹമാണ്. ചിലപ്പോള്‍ എവിടെനിന്നെന്നറിയാതെ തിരക്കേറിയ ഒരു റോഡ് അത്രയും ശാന്തതയോടെ മുറിച്ചുകടക്കുന്ന അന്ധനായ എഴുത്തുകാരനെ ഞാന്‍ സങ്കല്‍പ്പിക്കാറുണ്ട്, ഓ ബോര്‍ഹസ് എന്ന് അയാളെ പരിചയപ്പെടാറുമുണ്ട്. അത്ര പരിചയത്തില്‍.
1940 ലാണ് Circular Ruins പ്രസിദ്ധീകരിക്കുന്നത്. സ്വപ്നവും യാഥാര്‍ഥ്യവും ഒരു ജൈവസ്മൃതിയില്‍ അപ്രത്യക്ഷമാവും വിധം അത്രയും സത്യാത്മകമാണ് ആ എഴുത്ത്. ഈ കഥയെ പറ്റി പല വ്യാഖ്യാനങ്ങളുമുണ്ട്. ചിലര്‍ക്കത് സൃഷ്ടിയെ സംബധിച്ച ഒന്നാണ്, മറ്റു ചിലര്‍ക്ക് അത് നമ്മള് പാര്‍ക്കുന്ന ലോകത്തെപ്പറ്റിയാണ്, ആ ലോകത്തെ നമ്മുടെ എളിയ സ്ഥലത്തെപ്പറ്റിയും.
സ്വപ്നങ്ങളും യാഥാര്‍ഥ്യവും തമ്മിലുള്ള വിഭജനത്തെക്കുറിച്ചുള്ള കഥയാണ്, Circular Ruins. ഒരു മാന്ത്രികന് (ഒരു പക്ഷെ, എഴുത്തുകാരന്) തന്റെ സ്വന്തം അബോധാവസ്ഥയില്‍ നിന്ന് മറ്റൊരു മനുഷ്യന്റെ അസ്തിത്വത്തെ സ്വപ്നം കാണുന്നു. എന്നാല്‍, പിന്നീട് ബോര്‍ഹസിന്റെ ഫിക്ഷന്‍ സ്വഭാവികമെന്ന് വിലയിരുത്തപ്പെടുന്ന വിധം, അനന്തമായ ഒരു പിന്‍വാങ്ങലില്‍, ഒരു പൂര്‍വ്വരൂപത്തിന്റെ പുനരാവതരണമെന്ന പോലെ, അയാളും മറ്റൊരു വ്യക്തിയുടെ സ്വപ്നത്തിന്റെ സങ്കല്‍പ്പം മാത്രമാണ് എന്ന് മാന്ത്രികന് കണ്ടെത്തുന്നു. നമ്മുടെ മനസ്സില്‍ നിന്ന് നമ്മുടെ തന്നെ മുന്‍കാല അസ്തിത്വത്തെക്കുറിച്ചുള്ള ഓര്‍മകള്‍ തുടച്ചുനീക്കപ്പെട്ടു കഴിയുമ്പോള്‍ നമ്മള് എല്ലാവരും മറ്റുള്ളവരുടെ ഭാവനകളാകാനുള്ള സാധ്യതയാണ് ഏറെ അല്ലെങ്കില്‍ അങ്ങനെയൊരു സാധ്യത ഈ കഥ ഉയര്‍ത്തുന്നു... ആ കഥയുടെ പേര് തന്നെ, ഒരേ സമയം കഥയെയും ജീവിതത്തെയും ലോകത്തിന് പരിചയപ്പെടുത്തുന്നു: വൃത്താകൃതിയുള്ള കെടുതികള്‍. എങ്കില്‍, ആ സാധ്യത, കഥയിലും ജീവിതത്തിലും, എന്നെ കിടിലം കൊള്ളിക്കുന്നു.
എന്റെ വായനയില്‍ ഏതെങ്കിലുമൊരു കൃതിയാവില്ല, ക്ലാസിക്ക് അര്‍ത്ഥത്തില്‍, ബാക്കി നില്ക്കുക. വായനയിലെ അഗാധമായ ഒരു പ്രദേശംപോലെ അസ്തമിക്കാതെ കിടക്കുന്ന ഒരു സ്ഥലം, ഒരു കൃതി, അങ്ങനെ അവശേഷിക്കുന്നില്ല മഹാഭാരതത്തിന്റെ ഓര്മ തിരോഭവിക്കാത്ത ചില അവശിഷ്ടങ്ങള്‍ പോലെ ഉള്ളില്‍ തങ്ങി നില്‍ക്കുന്നുണ്ടെങ്കിലും. എന്നാല്‍, ബോര്‍ഹസ് എന്ന ഗ്രന്ഥകാരനെ, അയാളുടെ രചനകളെക്കാള്‍, ഒരു ക്ലാസിക്ക് കൃതി പോലെ, ഞാന്‍ ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. എഴുത്തിനോടുള്ള ഒരു മനോഭാവത്തെ അത് അവതരിപ്പിച്ചുകൊണ്ട്.
എഴുത്ത്, ഒരേസമയം ഓര്‍മ്മയേയും സ്വപ്നത്തെയും നിര്‍മ്മിക്കുന്നതിനെയും ആശ്രയിക്കുന്നതിനെയും പറ്റി പറയുന്നു. സാധാരണമായ ഏതൊരു ജീവിതത്തെയും ചിലപ്പോഴെങ്കിലും തൊട്ടുപോകുന്ന അലൗകികമായ അലകള്‍, ബോര്‍ഹസിന്റെ കഥകളിലും കവിതകളിലുമുണ്ട്. ഒരാള്‍ കാണുന്ന സ്വപ്നം മറ്റു പലരുടെയും ഓര്‍മ്മകളുടെ ഒരു ഭാഗം മാത്രമാണ് എന്ന് അവസാനിക്കുന്ന ഒരു കഥ, Martin Fierre, ബോര്ഹസിന്റെയാണ്. എങ്കില്‍, ആ അലകള്‍ ഉണ്ടാക്കുന്ന വെളിച്ചം, നമ്മുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം, ഇരുട്ടിന്റെ വാഴ്ച്ചയെ പ്രതിരോധിക്കുന്ന തരത്തില്‍ ദീപ്തമാണ്. എഴുത്തില്‍, ആ വെളിച്ചം, സ്വപ്നങ്ങളുടെയും ഭാവനയുടെയും ഭാഗമാകുന്നു. ദൈവരഹിതമായ ഒരു മനസ്സിനെ സ്പര്‍ശിക്കുന്ന 'അലൗകികമായ അല', അത് എന്തായിരിക്കുമെന്നു ഓര്‍ത്തുനോക്കാന്‍ ഞാന്‍ എപ്പോഴും ഇഷ്ടപ്പെടുന്നു. എഴുത്തിനോടും ഭാവനയോടുമുള്ള മനുഷ്യകുലത്തിന്റെ ഇതുവരെയും കെടാത്ത ആഭിമുഖ്യം അല്ലെങ്കില്‍ ഈ ഇഷ്ടത്തിലുണ്ട്.
എന്നാല്‍, ഈ 'വെളിച്ച'ത്തെ പ്രപഞ്ചത്തിലെ തന്നെ ഒരു നേരം എന്നപോലെ അവതരിപ്പിക്കാന്‍ ബോര്‍ഹസ് കണ്ടുപിടിച്ചത് ഒരു വന്യമൃഗത്തെയാണ്: 'കടുവ'യെ. അഥവാ, അങ്ങനെ തുടിക്കുന്ന ഒരു 'ജീവനെ' തന്റെ കഥകളുടെയും കവിതകളുടെയും മിടിപ്പായി ബോര്‍ഹസ് അവതരിപ്പിക്കുന്നു.
ബോര്‍ഹസ്സിന്റെ 'DREAM TIGERS' എന്ന സമാഹാരം ആ കടുവയെ തേടുന്ന രചനകള്‍കൊണ്ട് ശ്രദ്ധേയമാണ്. 1960 ലാണ് ഇതിന്റെ ആദ്യ പ്രസാധനം, അറുപത്തിനാലിലാണ് ഇംഗ്ലീഷ് പരിഭാഷ വരുന്നത്. രണ്ടായിരത്തിപ്പതിനേഴില്‍ വന്ന പുസ്തകത്തിന്റെ പതിനഞ്ചാമത്തെ പതിപ്പാണ് എന്റെ കൈയ്യില്‍ ഉള്ളത്. തന്റെ പ്രധാനപ്പെട്ട പുസ്തകം എന്നാണ് കഥകളും (The Maker, Mirrors, Dream Tigers, The Captive, The Borges...) കവിതകളുമായി (Poem about Gifts, The Moon, The Rain, Mirrors, The Other Tiger, The Borges...) വേര്‍പിരിയുന്ന (Antonio Frasconiയുടെ ചിത്രങ്ങളും) ഈ ചെറിയ പുസ്തകത്തെ ബോര്‍ഹസ് തന്നെ വിശേഷിപ്പിച്ചത്.
ബോര്‍ഹസിന്റെ കഥകളും കവിതകളും പ്രബന്ധങ്ങളും വായിക്കുമ്പോഴും ഈ 'കടുവ' നമ്മുടെ കൂടെ കൂടുന്നു. ഒരു ജന്തുവിന്റെ പെരുമാറ്റത്തോടെ. വെളിച്ചത്തില്‍ കുളിച്ചുനില്ക്കുന്ന വെള്ളച്ചാട്ടത്തിന്റെ അരികില്‍ നില്ക്കുന്നതായോ, ഇതുവരെയും സന്ദര്‍ശിക്കാത്ത ഒരു ടൗണില്‍, അതിരാവിലെ, രാത്രിയില്‍ നിന്നും ഇറങ്ങി, തെരുവിലൂടെ നടക്കുന്നതായോ ഞാന്‍ അതേ 'മൃഗ'ത്തെ കാണാറുമുണ്ട്. കുറേ വര്‍ഷം മുമ്പ് 'കടുവയും കഥകളും' എന്ന ഒരു കഥയും ഒരിക്കല്‍ അങ്ങനെയൊരു ഓര്‍മ്മയില്‍ എഴുതി. അന്ധതയുടെയും വെളിച്ചത്തിന്റെയും അര്‍ത്ഥങ്ങളില്‍ ഒരാള്‍ എങ്ങനെയാണ് പ്രവേശിക്കുക എന്ന് പരീക്ഷിക്കുന്ന പോലെ. എന്തായാലും, ബോര്‍ഹസിന്റെ 'കടുവ' ആരാണ്, എന്താണ്, എന്തിന്റെ പ്രതീകമാണ് എന്ന് ആലോചിക്കാന്‍ ഞാനും ഒരുമ്പെട്ടിട്ടില്ല. അപ്പോഴും, ആ 'സ്വപ്നക്കടുവ'യെ എനിക്ക് ഓര്‍മ്മ വരുന്നു. അതിന്റെ മിടിപ്പോ അതിന്റെ മണമോ.
കലയിലോ ജീവിതോദ്ദേശത്തിലോ, ഒരാള്‍ കണ്ടുമുട്ടുന്ന, അല്ലെങ്കില്‍ അന്വേഷിക്കുന്ന, ഉത്കൃഷ്ടത, perfection, ഈ 'കടുവകള്‍' അവതരിപ്പിക്കുന്നുണ്ടാകാം. അങ്ങനെ വിശ്വസിക്കാന്‍ ആരും ഇഷ്ടപ്പെടുകയും ചെയ്യും. അവ പ്രത്യക്ഷപ്പെടുന്ന പരിസരങ്ങള്കൊണ്ടുതന്നെ. എന്നാല്‍, എനിക്ക് വേണ്ടി, അവ അതിനും അപ്പുറത്തേക്ക് നടക്കുന്നു: രൂപരഹിതമായ ഉള്ളടക്കത്തെ, കഥയുടെയോ കവിതയുടെയോ അദമ്യമായ ആഗ്രഹത്തെ, ചിത്രീകരിക്കുന്ന ''മറ്റൊരു രൂപ''ത്തെ അവ പറയുന്നു എന്ന് കാണിക്കാന്‍. ബോര്‍ഹസിന്റെ ചില വരികള്‍ തന്നെ ആ ആഗ്രഹത്തെ പ്രതിയാകും: ഉറങ്ങുമ്പോള്‍ സ്വപ്നങ്ങള്‍ എന്നെ തേടിയെത്തുന്നു. പെട്ടെന്നുതന്നെ ഞാന്‍ സ്വപ്നം കാണുകയാണ് എന്ന് എനിക്ക് മനസ്സിലാവുന്നു. പിന്നെ ഞാന്‍ വിചാരിക്കുന്നു: ഇതൊരു സ്വപ്നമാണ്, എന്റെ ഇച്ഛയുടെതന്നെ ശുദ്ധമായ ഒരു വ്യതിചലനം; എനിക്കിപ്പോള്‍ പരിധിയില്ലാത്ത ശക്തിയാണ്. ഞാന്‍ ഒരു കടുവയുടെതന്നെ കാരണമാണ്.... ഇങ്ങനെ പറയുമ്പോള്‍ തന്റെ എഴുത്തിന്റെതന്നെ അവസ്ഥയാണ്, വെമുല, ബോര്‍ഹസ് ഇതിലൂടെ അന്വേഷിച്ചതെന്നു ഞാന്‍ വായിച്ചിട്ടുണ്ട്. അവയുടെ 'ആത്മീയമായ' മുഹൂര്ത്തങ്ങള്ക്കുമൊപ്പം.
We shall seek a third tiger. This
will be like those other a shape
of my dreaming, as ystem of words
(The other tiger)
മറ്റൊരു കഥയില്‍, The Captive, അങ്ങനെയൊരു അവസ്ഥ കണ്ടുമുട്ടുന്നത് ഭൂതവും വര്‍ത്തമാനവും ഒരുമിച്ചുവന്നുമുട്ടുന്ന, പുനര്‍ജനിക്കുകയും മരിക്കുകയും ചെയ്യുന്ന, ഒരോര്മയെപ്പറ്റി പറഞ്ഞാണ്. ആ നിമിഷത്തെ, അതിലെ പരമാനന്ദത്തെപ്പറ്റിയും പറഞ്ഞുകൊണ്ട്. തന്റെ മുപ്പതുകളുടെ അന്ത്യത്തില്‍ മാത്രം കഥകള്‍ എഴുതാന്‍ തുടങ്ങിയ ഒരാള്‍, അതേ സാവകാശത്തോടെ, തന്റെ കഥയുടെ 'ഉത്കൃഷ്ടത'യിലേക്ക് അങ്ങനെ പ്രവേശിക്കുകയായിരുന്നു എന്നു വേണം പറയാന്‍.
കഥയും ജീവിതംപോലെ സങ്കല്‍പ്പിക്കപ്പെടുന്നു. അതിലെ യാദൃച്ഛികതകളുടെ നിരന്തരമായ ഓര്‍മ്മ, പിന്നൊരിക്കല്‍, ഏതെങ്കിലുമൊരു 'കാരണ'ത്തിന്റെ രൂപം സ്വീകരിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍, എഴുത്ത്, ഭാവനയുടെ മാത്രം ആവശ്യമാകുന്നു. ചുറ്റുപാടുകള്‍ അല്ല അതിന്റെ ഇതിവൃത്തം. പകരം, ചുറ്റുപാടുകള്‍ അപ്രത്യക്ഷമാകുന്ന, ചുറ്റുപാടുകള്‍ അലിയുന്ന ഒരു യാഥാര്‍ത്ഥ്യം എഴുത്ത് സ്വപ്നം കാണുന്നു. അതിനെ നിര്‍മ്മിക്കുന്നു.
ബോര്‍ഹസ്സിന്റെ പ്രസിദ്ധമായ ഒരു കവിതയില്‍ (Mirrors) പറയുന്ന പോലെയാണ് ആ സ്വപ്നങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. സ്വപ്നങ്ങളും കണ്ണാടികളും കൊണ്ട് സായുധരായ രാത്രിനേരങ്ങളെപ്പോലെയാണ് അപ്പോള്‍ എഴുത്തുതന്നെ. മനുഷ്യരെ അത് ''പ്രതിബിംബങ്ങള്‍'' ആക്കുന്നു. അല്ലെങ്കില്‍, അങ്ങനെ ഓര്‍മ്മിപ്പിക്കുന്നു.
എഴുത്തിലെ (കഥയിലെ) സങ്കീര്‍ണ്ണമായ ഇരട്ടിപ്പിക്കലുകള്കൊണ്ട്, സാങ്കല്‍പ്പിക ഗ്രന്ഥങ്ങളിലെ തെറ്റായ കടപ്പാടുകളുടെ തിളക്കങ്ങള്‍ കൊണ്ട്, ചാരനോവലുകളുടെ ഓര്മ ഉയര്‍ത്തിക്കൊണ്ട്, അല്ലെങ്കില്‍ ഇവയുടെയൊക്കെ പാരഡികള്‍ ഉപയോഗിച്ചുകൊണ്ട് ബോര്‍ഹസ്സിന്റെ 'എഴുത്ത് ലോകം' ആധുനിക ആഖ്യാനങ്ങളുടെ സ്വന്തമായ ഒരു ലാവണ്യശാസ്ത്രത്തിന് അടിത്തറയിടുകയായിരുന്നു. അത് ഏതെങ്കിലും ഒരു കൃതിയുടെ ഒരേയൊരു അവതരണത്തെക്കാള്‍ ബഹുസ്വരമായ ഓര്‍മ്മയായിരുന്നു.
ഇതെന്നെ മോഹിപ്പിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..