മാഡം ക്യൂറിയും പിയറി ക്യൂറിയും
'Life is not easy for any of us. But what of that?
We must have perseverance and above all confidence in ourselves. We must believe that we are gifted for something'
ദാരിദ്ര്യത്തിന്റെ അതിഭീകരനാളുകളില്‍ തുടര്‍പഠനം വഴിമുട്ടിനില്‍ക്കുന്ന സഹോദരന്‍ ജോസഫിന് മരിയ സ്‌ക്ലൊഡോവ്‌സ്‌കി എഴുതിയ കത്തില്‍ നിന്നുള്ള വരികളാണിവ. മരിയയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. 'മനുസിയ'യെന്ന ഓമനപ്പേരിട്ടു വിളിക്കപ്പെട്ട, മി. വ്‌ലാഡിമിര്‍ സ്‌ക്ലോഡോവ്‌സ്‌കിയുടെയും മാഡം സ്‌ക്ലൊഡോവ്‌സ്‌കിയുടെയും ഇളയ പുത്രി, മാതാവിന്റെയും മൂത്ത സഹോദരിയുടെയും അപ്രതീക്ഷിത മരണത്തിനുശേഷം എങ്ങനെയാണ് കുടുംബത്തിന് താങ്ങായത്? തന്റെ മാനുഷികമായ നിലപാടുകൊണ്ടും നയപരമായ ഇടപെടലുകള്‍കൊണ്ടും മരണംവരെയും തുടര്‍ന്ന സഹനശേഷികൊണ്ടും ജീവിതത്തെ വിശിഷ്ടമായ ഒന്നാക്കി അവള്‍ മാറ്റിയത് എങ്ങനെയെന്ന് കാവ്യാത്മകവും വിവരണാത്മകവുമായ ശൈലിയില്‍ കാലത്തിന് മുന്നില്‍ തുറന്നുവെക്കുകയാണ് 'മാഡം ക്യൂറി'യെന്ന ജീവചരിത്രത്തിലൂടെ ഈവ് ക്യൂറി.
1937-ല്‍ എഴുതപ്പെട്ട്, 1939-ല്‍ മി. വിന്‍സന്റ് ഷിയാന്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി, 1940-ല്‍ പാലക്കാട് ഗവ. വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ എത്തിയ ഈ പുസ്തകം പഴയ പുസ്തകങ്ങളുടെ ശേഖരത്തില്‍നിന്ന് കണ്ടെടുത്തുതന്നത് ലൈബ്രേറിയന്‍ ഷാജഹാനാണ്. മേരി ക്യൂറിയുടെ ജീവിതം എന്തായിരുന്നുവെന്ന് അറിയാന്‍, ശാസ്ത്രസംഭാവനകള്‍ക്കപ്പുറം അവരെ കൂടുതല്‍ അറിയാന്‍ കുറേനാളായി ആഗ്രഹിക്കുന്നു.
'നിങ്ങള്‍ക്കിഷ്ടപ്പെട്ട ശാസ്ത്രജ്ഞനെക്കുറിച്ച് എഴുതുക' എന്ന വിഷയം ഒരു അവധിക്കാലക്യാമ്പില്‍ വെച്ച് മകള്‍ തംബുരുവിന് ലഭിച്ചതോടുകൂടിയാണ് എന്തുകൊണ്ട് ശാസ്ത്രജ്ഞയായിക്കൂടാ എന്ന ചിന്തയുദിച്ചത്. ഗവേഷണകാലമായതിനാല്‍ അന്നെനിക്ക് പേര് നിര്‍ദേശിക്കുകയെന്നതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. നാലഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ഒരു സുഹൃത്ത് കുട്ടികള്‍ക്കായുള്ള ശാസ്ത്രപുസ്തകം തയ്യാറാക്കാന്‍ സമീപിച്ചപ്പോഴാണ് 'മേരി ക്യൂറി' പിന്നെയും മനസ്സില്‍ നിറയുന്നത്. അതിന്റെ ഭാഗമായി വന്നുചേര്‍ന്നതാണ് 'MC' എന്ന് പുറംചട്ട രേഖപ്പെടുത്തിയ ഈ പുസ്തകം. വിറയലോടെയല്ലാതെ, നിറയുന്ന കണ്ണുകളോടെയല്ലാതെ, വര്‍ധിച്ച ആത്മവീര്യത്തോടും അഭിമാനത്തോടും തളരാതെ ഓരോ ചുവടും മുന്നോട്ടുവെക്കാനുള്ള ഉള്‍വിളിയോടെയുമല്ലാതെ ഓരോ പേജും വായനയുടെ ഓരോ ദിവസവും കടന്നുപോകാന്‍ എനിക്ക് കഴിഞ്ഞില്ല.
വായിച്ച വരികളും പേജുകളും പിന്നെയും പിന്നെയും വായിച്ചും ചിലയിടത്ത് താദാത്മ്യം പ്രാപിച്ചും 412 പേജുകളുള്ള കനപ്പെട്ട ഈ പുസ്തകത്തില്‍ ഞാനെന്റെ ഒരാഴ്ചക്കാലം സമര്‍പ്പിച്ചു. മരിയയുടെ ജീവിതം, സാര്‍ അധിനിവേശപോളണ്ടിലെ, ആണ്‍കുട്ടികള്‍ക്കു മാത്രം യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം അനുവദിച്ചിരുന്ന നാട്ടിലെ, പഠിക്കാനേറെ അഭിനിവേശമുണ്ടായിരുന്ന പോളിഷ് വിദ്യാര്‍ഥികള്‍ക്ക് രഹസ്യതാവളങ്ങളെ ആശ്രയിക്കേണ്ടിയിരുന്ന കാലത്തെ ഒരു സാധാരണ പെണ്‍കുട്ടിക്ക് നടന്നുകയറാന്‍ ആവുന്നതല്ലായിരുന്നു. ആ തീവഴിക്കുമുന്നില്‍ എന്റെ വേദനകള്‍ ജാള്യപ്പെടുന്നു.
1903-ല്‍ പിയറി ക്യൂറിയുമായി ചേര്‍ന്ന് നടത്തിയ റേഡിയോ ആക്ടീവ് വികിരണങ്ങളുടെ പഠനത്തിന് നോബല്‍ സമ്മാനം നേടിയ മരിയ സ്‌ക്ലൊഡോവ്‌സ്‌കി, ശാസ്ത്രഗവേഷണവഴികള്‍ മുന്നില്‍ തുറന്നുകിട്ടിയില്ലായിരുന്നെങ്കില്‍, പിയറി സ്‌നേഹമസൃണമായ നിര്‍ബന്ധത്തോടെ ശാസ്ത്രവഴികളിലേക്ക് ചേര്‍ത്തുനിര്‍ത്തിയില്ലായിരുന്നെങ്കില്‍ നല്ലൊരു പോരാളിയായേനെ! സ്വന്തം നാടായ പോളണ്ടിന്റെ മുക്തിക്കുവേണ്ടി വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലൂടെ പോളിഷ് ബാല്യകൗമാരങ്ങളെ മുന്നോട്ടുനയിച്ചേനെ. രഹസ്യതാവളങ്ങളിലൂടെ 'ഫ്‌ലോട്ടിങ് യൂണിവേഴ്‌സിറ്റി' സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കാന്‍ അനവരതം പ്രവര്‍ത്തിച്ചേനെ. അടിമത്തവും ദാരിദ്ര്യവും വ്രണപ്പെടുത്തുന്ന, സ്വാതന്ത്ര്യകാംക്ഷയുള്ള ഏതൊരു മനുഷ്യനെയുംപോലെ സ്‌ക്ലൊഡോവ്‌സ്‌കി കുടുംബത്തിലെ കുഞ്ഞുമനുസിയയും നല്ലൊരു ദേശവാദിയായിരുന്നു.
അത്യധ്വാനവും സഹനവും ദാര്‍ശനികതയും ജീവിതമുഖമാക്കിയ മരിയ പ്രായോഗിക നീക്കുപോക്കുകളിലൂടെ നേടാവുന്ന എത്രയോ ഉന്നതാവസരങ്ങള്‍ ഒഴിവാക്കി! അവളെപ്പോലെതന്നെ ദാര്‍ശനികതയുടെയും അത്യധ്വാനത്തിന്റെയും സഹനത്തിന്റെയും അറ്റമായിരുന്ന പിയറിയുമായി ചേര്‍ന്ന്, ചോര്‍ന്നൊലിക്കുന്ന ആലയിലിരുന്നാണ് നോബല്‍ സമ്മാനിതമായ ഗവേഷണം അവര്‍ നടത്തിയത്. പതിനേഴാം വയസ്സില്‍, ഡിപ്ലോമ വിദ്യാഭ്യാസത്തിനുശേഷം താനേറെ മോഹിക്കുന്ന ഭൗതികശാസ്ത്രത്തില്‍ ഉന്നതവിദ്യാഭ്യാസത്തിന് ഫ്രാന്‍സിലേക്ക് പോകാന്‍ ഒരു വഴിയും കാണാതിരുന്ന മരിയ സ്‌ക്ലൊഡോവ്‌സ്‌കി...ധനികകുടുംബങ്ങളിലെ മടിയന്മാരായ കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ പഠിപ്പിക്കുന്ന 'ഗവര്‍ണസ്' ജോലി നേടിയ മരിയ തനിക്ക് കിട്ടുന്ന വരുമാനം മൂത്ത സഹോദരിയുടെ മെഡിസിന്‍ പഠനത്തിനായി മൂന്നുവര്‍ഷത്തോളം ഫ്രാന്‍സിലേക്ക് അയച്ചുകൊടുത്തു. കൊടിയ കഷ്ടതയിലും പോളണ്ടിലെ കര്‍ഷകകുടുംബങ്ങളിലെ കുട്ടികള്‍ക്കായി തന്റെ ജോലിസമയം കഴിഞ്ഞ് അക്ഷരം പകര്‍ന്നുകൊടുക്കാന്‍ ആര്‍ജ്ജവം കാണിച്ചു അവര്‍.
സാര്‍ ഭരണകൂടം ദേശദ്രോഹമായി പ്രഖ്യാപിച്ചിട്ടും തന്റെ പ്രവര്‍ത്തനങ്ങള്‍ ഭയക്കാതെ മുന്നോട്ടുകൊണ്ടുപോയി മരിയ. അമ്മയുടെ മരണത്തോടെ ദൈവമെന്ന സങ്കല്പത്തിന്റെ യാഥാര്‍ഥ്യത്തെ പ്രായോഗികചിന്തകൊണ്ട് ദാര്‍ശനികവത്കരിച്ചു. ഉന്നതപഠനത്തിനായി തനിക്കും ഒരു ദിവസം വന്നുചേരുമെന്ന ഉറച്ച വിശ്വാസത്തോടെ ഭൗതികശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും പാഠങ്ങള്‍ രഹസ്യസങ്കേതങ്ങളില്‍നിന്ന് ഒറ്റയ്ക്കു പഠിക്കാന്‍ അവര്‍ ശ്രമിച്ചു. കൊടിയ ദാരിദ്ര്യത്തിലും കടമയും ലക്ഷ്യവും ഓര്‍മിപ്പിച്ചുകൊണ്ട് നിരന്തരം സഹോദരങ്ങള്‍ക്ക് കത്തുകളിലൂടെ സ്‌നേഹം പകര്‍ന്നു. ഓരോ അണയും കൂട്ടിവെച്ച് 2000 കി.മീ. അപ്പുറം ഫ്രാന്‍സില്‍ ഉന്നതപഠനകേന്ദ്രത്തിലേക്കുള്ള തീവണ്ടി കാത്തിരുന്നു മരിയ. പട്ടിണിമൂലം ബോധത്തിലേക്ക് ഇരുട്ടിരച്ചെത്തി തളര്‍ന്നുവീണ ദിനങ്ങളില്‍ തന്റെ ലക്ഷ്യത്തിലേക്ക് ഇത്തിരി ഭക്ഷണത്തിന്റെ ഊര്‍ജ്ജത്തോടെ ഉയിര്‍ത്തെഴുന്നേറ്റ പെണ്‍കുട്ടി. മരിയ ഒരു കവികൂടിയായിരുന്നു. തന്റെ ഡയറിയില്‍ അവര്‍ കുറിച്ചുകൊണ്ടിരുന്നു. ഈവ് അതിന്റെയൊരു ഭാഗം ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു.
''ഹോ! എത്ര കഠിനമായാണ് ഒരു വിദ്യാര്‍ഥിയുടെ യുവത്വം കടന്നുപോകുന്നത്.
പക്ഷേ, അവള്‍ക്കു ചുറ്റുമെല്ലാം,
എത്ര അഭിനിവേശത്തോടെയാണ്
പുതിയതായിക്കൊണ്ടിരിക്കുന്നത്
മറ്റു യുവാക്കള്‍ എത്ര ആകാംക്ഷയോടെയാണ്
എളുപ്പമായ സന്തോഷങ്ങള്‍ തേടുന്നത്!
എന്നിട്ടും, ഏകാന്തതയില്‍
വഴികള്‍ അവ്യക്തമായും എന്നാല്‍, അനുഗ്രഹിക്കപ്പെട്ടും
കോശങ്ങളില്‍ അവാച്യമായ
ആനന്ദം നിറഞ്ഞ് അവള്‍ ജീവിക്കുന്നു...''
പാരീസിലെ ക്ഷുഭിത, സുന്ദര, ബൗദ്ധിക യൗവനങ്ങള്‍ക്കിടയില്‍ ആരെയും ശ്രദ്ധിക്കാതെ നടന്നുനീങ്ങുന്ന, ദാരിദ്ര്യം വിളിച്ചോതുന്ന വസ്ത്രം ധരിച്ച, ദൃഢനിശ്ചയത്തിന്റെ മുഖമുള്ള ആ സുന്ദരിയാരാണെന്ന് യുവാക്കള്‍ അന്വേഷിച്ചു. ഭൗതികശാസ്ത്രക്ലാസുകളില്‍ ഒന്നാമത്തെ വരിയില്‍ ഒരക്ഷരംപോലും വിടാതെ ശ്രദ്ധിക്കുന്ന, ആരോടും അധികം സംസാരിക്കാത്ത ഒരു വിദേശിപ്പെണ്‍കുട്ടിയാണ് മരിയയെന്നുമാത്രമേ അവരന്ന് മനസ്സിലാക്കിയുള്ളൂ.
ഒരു മാസത്തെ ദൈനംദിന ചെലവുകള്‍ക്കായുള്ള 40 റൂബിളിനായി മരിയ നന്നേ ബുദ്ധിമുട്ടി. ഏറെ നാളത്തെ ദുരിതങ്ങള്‍ക്കുശേഷമാണെങ്കിലും 600 റൂബിള്‍ നല്‍കുന്ന 'അലക്‌സാന്‍ഡ്രോവിച്ച് സ്‌കോളര്‍ഷിപ്പ്' മരിയയ്ക്ക് ലഭിച്ചു. കൂരിരുട്ടിലെ മിന്നാമിന്നിപോലെ അത് മുന്നോട്ടുള്ള പഠനത്തിന് മരിയയ്ക്ക് ഊര്‍ജ്ജം നല്‍കി.
മരിയയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട് പിയറി ക്യൂറി എത്തിച്ചേരുന്നതും ഏകദേശം ഒരു വര്‍ഷത്തെ സുഹൃദ്ബന്ധത്തിനും ഒരുമിച്ചുള്ള ഗവേഷണങ്ങള്‍ക്കും പിയറിയുടെ നിരന്തരമായ അഭ്യര്‍ത്ഥനയ്ക്കും ശേഷം മരിയ, മാഡം ക്യൂറിയായി മാറുന്നതുമെല്ലാം തൊട്ടുമുന്‍പില്‍ കാണിച്ചുതരുന്ന ഭാഷാചാതുര്യത്തോടെ മേരി ക്യൂറിയുടെ ഇളയ പുത്രി ഈവ് ഈ ജീവചരിത്രത്തില്‍ വര്‍ണിക്കുന്നു. മേരിയും പിയറിയും ഒരുമിച്ച നടന്ന കാട്ടുവഴികള്‍, കിതച്ചുപകച്ച ജീവിതപ്രതിസന്ധികള്‍, ഒരുമിച്ച് ദൃഢനിശ്ചയത്തോടെ ഇഴഞ്ഞുകയറിയ ഗവേഷണപ്രതിബന്ധങ്ങള്‍ എല്ലാം ഈവ് വളരെ വ്യക്തമായും വസ്തുതാപരമായും കൂട്ടിച്ചേര്‍ക്കലുകളില്ലാതെയും വിശദീകരിക്കുന്നു.
പുസ്തകത്തിന്റെ അവസാന പേജുകള്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ മരിയയോട് ചോദിക്കുന്നു, സ്വന്തം കലാലയത്തിന്റെ ലൈബ്രറിയില്‍ ഒളിച്ചിരുന്നിട്ടും എന്റെ പ്രതിസന്ധികളിലേക്ക് എത്തിപ്പെടാന്‍ ഇത്രയും വൈകിയതെന്തേ? ഒരുപക്ഷേ, പകച്ചുനിന്ന ഇരുപതുകളില്‍ ഈ പുസ്തകത്തിലൂടെ കടന്നുപോകാന്‍ എനിക്ക് സാധിച്ചിരുന്നെങ്കില്‍?
ഇപ്പോള്‍ ഇതെഴുതിക്കഴിയുമ്പോള്‍ ഞാനീ പുസ്തകത്തെ ഉമ്മ വെക്കുന്നു, നെഞ്ചോടു ചേര്‍ക്കുന്നു. ഉള്ള് മന്ത്രിക്കുന്നു...'Better late than Never' നിങ്ങളുടെയും വായനയ്ക്കായി ഈ പുസ്തകം മുന്നോട്ടുവെക്കുന്നു.
Content Highlights: Madam Curie, Eve Curie, Dr. Sunitha Ganesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..