'വിവര്‍ത്തനവും പ്രസാധനവും കിട്ടാത്ത കൃതികളും എഴുത്തുകാരും ക്ലാസിക് പദവി നിര്‍മാണത്തില്‍ പുറത്താവും'


ഡോ. പി.കെ. രാജശേഖരന്‍

4 min read
Read later
Print
Share

വായനക്കാരോട് എല്ലാം പറഞ്ഞുകഴിഞ്ഞാലും ഒരിക്കലും ശൂന്യമാകാത്ത പുസ്തകമാണ് ക്ലാസിക്. മുന്‍വ്യാഖ്യാനങ്ങളുടെ പ്രഭാവലയവുമായി നമുക്കു മുന്നിലെത്തുന്ന പുസ്തകങ്ങളാണ് ക്ലാസിക്കുകള്‍, കടന്നുപോന്ന സംസ്‌കാരത്തിലോ സംസ്‌കാരങ്ങളിലോ (അല്ലെങ്കില്‍ വെറും ഭാഷകളിലും ആചാരങ്ങളിലും) അവശേഷിപ്പിച്ചതിന്റെ ലാഞ്ചനകള്‍ പിന്നില്‍ പറ്റിനില്‍ക്കുന്നവയും.

ഫോട്ടോ: പി.ടി.ഐ

പുസ്തകത്തെയും വായനയെയും കുറിച്ചുള്ള എഴുത്തിലും പറച്ചിലിലുമെല്ലാം എപ്പോഴും ആ വാക്ക് നാം കേട്ടുകൊണ്ടിരിക്കും ക്ലാസിക്. പുസ്തകത്തെക്കുറിച്ചുള്ളതു മാത്രമല്ല, കല, കളി, കാര്‍, ഫര്‍ണിച്ചര്‍, ചരിത്രം തുടങ്ങിയവയെക്കുറിച്ചുള്ള വിവരണങ്ങളിലും പരസ്യങ്ങളിലും ആ വാക്ക് പ്രത്യക്ഷപ്പെടും. സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ക്ലാസിക്കിനെപ്പറ്റിയുള്ള വാഴ്ത്തലുകളും ക്ലാസിക്കുകള്‍ വായിക്കേണ്ടതിനെപ്പറ്റിയുള്ള ആഹ്വാനങ്ങളും ഏറ്റവും കൂടുതല്‍ കടന്നുവരുന്നത്. പക്ഷേ, എന്താണ് ക്ലാസിക് എന്നു ചോദിച്ചാല്‍ വ്യക്തമായ ഉത്തരം കിട്ടാന്‍ വിഷമമാണ്. പലപ്പോഴും വേണ്ടിടത്തും വേണ്ടാത്തിടത്തും ആവശ്യമായും അനാവശ്യമായും അനുചിതമായും അര്‍ഥമറിഞ്ഞും അറിയാതെയുമൊക്കെ പ്രയോഗിക്കാറുള്ള വാക്കാണ് ക്ലാസിക്.

എന്താണ് ക്ലാസിക്, അഥവാ ശ്രേഷ്ഠകൃതി?

ഉത്തരം പറയാനും വിശദീകരിക്കാനും അത്ര എളുപ്പമല്ലാത്ത ചോദ്യമാണത്. പ്രാചീനകാലത്തുണ്ടായവയെ മാത്രമല്ല ആധുനിക കാലത്തുണ്ടായ കൃതികളെയും ക്ലാസിക്കുകള്‍ എന്നു വിളിക്കാറുണ്ട്. വായനയിലും സാഹിത്യപാരമ്പര്യത്തിലും ദേശീയതയ്ക്കും ഭാഷയ്ക്കുമപ്പുറമുള്ള ആസ്വാദനത്തിലും പില്‍ക്കാലത്തും പ്രസക്തിയും പ്രാധാന്യവും പ്രിയവും നേടുന്ന കൃതികളാണ് ക്ലാസിക്കുകള്‍ എന്ന് ഏകദേശമായി പറയാമെന്നേയുള്ളൂ. വിവര്‍ത്തനവും പുസ്തകവിപണനവും നിരൂപണവുമാണ് ഒരു കൃതിക്ക് പ്രചാരവും പ്രാധാന്യവും മിക്കപ്പോഴും നല്‍കുന്നത്. വിവര്‍ത്തനവും പ്രസാധനവും കിട്ടാത്ത കൃതികളും എഴുത്തുകാരും ഈ ക്ലാസിക് പദവി നിര്‍മാണത്തില്‍ പുറന്തള്ളപ്പെടും. യൂറോപ്യന്‍അമേരിക്കന്‍ സാഹിത്യകൃതികള്‍ വിവര്‍ത്തനവും വ്യാപാരവും വഴി ലോകമെങ്ങും ക്ലാസിക്കുകളായി വാഴ്ത്തപ്പെടുമ്പോള്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും ഭാഷകളിലെ മഹത്തായ കൃതികള്‍ക്ക് ആ സൗഭാഗ്യം കിട്ടാതെ പോകുന്നു.

നളചരിതം ആട്ടക്കഥയും സി.വി.രാമന്‍പിള്ളയുടെ നോവലുകളും കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയും തകഴിയുടെ കയറും കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനവും ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും മലയാളികള്‍ക്ക് ക്ലാസിക്കുകളാവാം. മറ്റു ഭാഷകളിലോ ഇംഗ്ലീഷിനെ കേന്ദ്രീകരിച്ചുനില്‍ക്കുന്ന ലോകസാഹിത്യ സങ്കല്പത്തിലോ അവയ്ക്കൊന്നും ആ സ്ഥാനം കിട്ടുന്നില്ല. നമുക്ക് അപരിചിതങ്ങളായ എത്രയെങ്കിലും മറ്റു ഭാഷകളിലെ ശ്രേഷ്ഠങ്ങളായ കൃതികളുടെ കാര്യവും ഇങ്ങനെ തന്നെ. ക്ലാസിക് എന്ന പദവി പ്രശ്നനിര്‍ഭരമാണെന്നാണ് പറഞ്ഞുവരുന്നത്. വിവര്‍ത്തനം, നിരൂപണത്തിന്റെ സ്വാധീനത, പുസ്തകവിപണി എന്നിവ മാറ്റിനിര്‍ത്തി വായനാനുഭവത്തില്‍ മാത്രം കേന്ദ്രീകരിച്ച് ക്ലാസിക്കിനെ സമീപിക്കുകയാണ് എളുപ്പം.

എന്താണ് ക്ലാസിക്? ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഒട്ടേറെ എഴുത്തുകാര്‍ ശ്രമിച്ചിട്ടുണ്ട്. ഫ്രഞ്ച് നിരൂപകനായ സാങ് ബുവ (Sainte- Beuve) 1858-ല്‍ തന്നെ അതിനു ശ്രമിച്ചു. 1944-ല്‍ ടി.എസ്. എലിയറ്റും 1991 ല്‍ ജെ.എം. കൂറ്റ്സിയും എന്താണ് ക്ലാസിക് എന്ന പേരില്‍ പ്രശസ്തമായ രണ്ടു പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നമ്മുടെ കവി സച്ചിദാനന്ദന്റെ ഒരു ഇംഗ്ലീഷ് പ്രബന്ധവുമുണ്ട്, 'എന്താണ് ക്ലാസിക്' എന്ന തലക്കെട്ടില്‍. പാശ്ചാത്യ സാഹിത്യത്തെ കേന്ദ്രമാക്കി മാത്രമാണ് ചിന്തിക്കുന്നതെങ്കിലും സാങ്ബുവയും എലിയറ്റും കൂറ്റ്സിയുമെല്ലാം ക്ലാസിക് രചനകളുടെ ചില പൊതുസ്വഭാവങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാ ഭാഷകളിലെയും ശ്രേഷ്ഠരചനകള്‍ക്ക് ബാധകമാണ് ആ സ്വഭാവവിശേഷങ്ങള്‍. ചിരസ്ഥായിയായ മൂല്യം സൃഷ്ടിക്കുന്ന കൃതിയാണ് ക്ലാസിക് എന്നതാണ് പൊതുസമ്മതി. രാമായണവും മഹാഭാരതവും ബൈബിളും ഖുര്‍ആനും ഇലിയഡും ഒഡീസിയും ഈനിഡും ഈഡിപ്പസും ഡോണ്‍ ക്വിക്സോട്ടും ഹാംലെറ്റും ശാകുന്തളവും നളചരിതം ആട്ടക്കഥയുമൊക്കെ അങ്ങനെ ക്ലാസിക്കുകളാവുന്നു. വാസ്തവത്തില്‍ സാഹിത്യ നിരൂപണമാണ് ഈ മൂല്യസങ്കല്പം സൃഷ്ടിച്ചത് എന്ന് മറക്കരുത്. എഴുതപ്പെട്ട് വളരെക്കാലം കഴിഞ്ഞും വായിക്കപ്പെടുന്നതും വീണ്ടും വീണ്ടുമുള്ള വായനയ്ക്കു പ്രേരിപ്പിക്കുന്നതുമായ കൃതി നിസ്സംശയമായും ക്ലാസിക്കാണ്.

വായനക്കാരുടെ പ്രതീക്ഷ സാക്ഷാത്കരിക്കുന്നതോ തിരിച്ചറിവുണ്ടാക്കുന്നതോ അല്ല അവരില്‍ ഞെട്ടലുണ്ടാക്കുന്നതാണ് ക്ലാസിക് എന്ന് അമേരിക്കന്‍ നിരൂപകന്‍ ഹാരള്‍ഡ് ബ്ലൂം പറയും. വീണ്ടും വായിക്കുന്നവരിലും പുതുതായി വായിക്കുന്നവരിലും അതേ അനുഭവം ഏതുകാലത്തും സൃഷ്ടിക്കാന്‍ ക്ലാസിക്കിനു കഴിയും. ആദ്യ വായനയിലെയോ വായനകളിലെയോ അനുഭൂതി പില്‍ക്കാലത്ത് കിട്ടുന്നില്ലെങ്കില്‍ അതൊരു ക്ലാസിക്കല്ലെന്നും പറയാം. എല്ലാ കാലത്തോടും സംവദിക്കാനും ഇടപെടാനും കഴിയുന്നതും നിത്യമായ പുതുമ നിലനിര്‍ത്തുന്നതും പുതിയ അര്‍ഥങ്ങള്‍ ഓരോ കാലത്തും സൃഷ്ടിച്ച് സ്വയം പുതുക്കുന്നതുമായ രചനകളാണ് ക്ലാസിക്കുകള്‍. ഓരോ കാലത്തെ വായനക്കാര്‍ക്കും അവ പുതിയ അനുഭവങ്ങളുടെയും അനുഭൂതികളുടെയും ഒരു സ്വകാര്യ ലോകം വാഗ്ദാനം ചെയ്യുന്നു.

എന്തിനാണ് നാം ക്ലാസിക്കുകള്‍ വായിക്കുന്നത്? വായിക്കേണ്ടത്?

ഈ ചോദ്യങ്ങള്‍ക്ക് ഏറ്റവും കൗതുകകരമായ ഉത്തരം നല്‍കിയിട്ടുള്ളത് (സൈദ്ധാന്തികമായ ബഹളങ്ങളൊന്നും കൂടാതെ) ഇറ്റാലിയന്‍ നോവലിസ്റ്റായ ഇതാലോ കല്‍വീനോയാണ്. 'എന്തിന് ക്ലാസിക്കുകള്‍ വായിക്കുന്നു' (Why Read the Classics) എന്നൊരു പ്രബന്ധം കല്‍വീനോ എഴുതിയിട്ടുണ്ട്. അതേ പേരില്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയിട്ടുള്ള ലേഖന സമാഹാരത്തില്‍ (1999) ആ പ്രബന്ധം വായിക്കാം. ക്ലാസിക്കുകള്‍ വായിക്കേണ്ടതിന്റെ ആവശ്യകതയും ക്ലാസിക്കുകളുടെ സ്വഭാവവും വിശദമാക്കുന്ന പതിനാലു കാരണങ്ങള്‍ കല്‍വീനോ അക്കമിട്ടു നിരത്തി വിശദീകരിക്കുന്നു. താഴെപ്പറയുന്നവയാണ് ആ പതിനാലു തത്ത്വങ്ങള്‍:

1. ഞാന്‍ 'വീണ്ടും വായിക്കുകയാണ്' എന്നല്ലാതെ, 'വായിക്കുകയാണ്' എന്ന് ആളുകള്‍ ഒരിക്കലും പറയാത്ത പുസ്തകങ്ങളാണ് ക്ലാസിക്കുകള്‍.
2. വായിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് നിധിപോലുള്ള അനുഭവം നല്‍കുന്നവയാണ് ക്ലാസിക്കുകള്‍; ആസ്വദിക്കാവുന്ന നിലയില്‍ തങ്ങള്‍ എത്തുന്നതുവരെ വായിക്കാനുള്ള അവസരം മാറ്റിവച്ചിട്ടുള്ളവര്‍ക്കു മുന്നില്‍പ്പോലും അവ സമൃദ്ധമായ അനുഭവമായി നില്‍ക്കുന്നു.
3. നമ്മുടെ ഭാവനയില്‍ അവിസ്മരണീയതയുടെ മുദ്രപതിപ്പിച്ചും ഓര്‍മയുടെ അടരുകള്‍ക്കിടയില്‍ വ്യക്തിയുടെയോ സമൂഹത്തിന്റെയോ അബോധമായി മറഞ്ഞിരുന്നുംകൊണ്ട് സവിശേഷമായ സ്വാധീനത ചെലുത്തുന്നവയാണ് ക്ലാസിക്കുകള്‍.
4. ഓരോ വായനയിലും ആദ്യത്തിലേതെന്നപോലെ ഒരു പുതിയ കണ്ടുപിടിത്തത്തിന്റെ അനുഭവമുണ്ടാക്കുന്ന പുസ്തകമാണ് ക്ലാസിക്.
5. ആദ്യമായി വായിക്കുമ്പോള്‍ത്തന്നെ മുന്‍പു വായിച്ചതിനെ വീണ്ടും വായിക്കുകയാണെന്ന അനുഭവമുണ്ടാക്കുന്ന പുസ്തകമാണ്
ക്ലാസിക്.
6. വായനക്കാരോട് എല്ലാം പറഞ്ഞുകഴിഞ്ഞാലും ഒരിക്കലും ശൂന്യമാകാത്ത പുസ്തകമാണ് ക്ലാസിക്.
7. മുന്‍വ്യാഖ്യാനങ്ങളുടെ പ്രഭാവലയവുമായി നമുക്കു മുന്നിലെത്തുന്ന പുസ്തകങ്ങളാണ് ക്ലാസിക്കുകള്‍, കടന്നുപോന്ന സംസ്‌കാരത്തിലോ സംസ്‌കാരങ്ങളിലോ (അല്ലെങ്കില്‍ വെറും ഭാഷകളിലും ആചാരങ്ങളിലും) അവശേഷിപ്പിച്ചതിന്റെ ലാഞ്ചനകള്‍ പിന്നില്‍ പറ്റിനില്‍ക്കുന്നവയും.
8. തനിക്കുചുറ്റും വിമര്‍ശനാത്മകമായ വ്യവഹാരത്തിന്റെ പൊടിമേഘം സ്ഥിരമായി സ്യഷ്ടിച്ചുകൊണ്ടിരിക്കുന്നതാണെങ്കിലും കണികകളെ എല്ലായ്പോഴും കുലുക്കിത്തെറിപ്പിച്ചുകളയുന്ന കൃതിയാണ് ക്ലാസിക്.
9. കേട്ടുകേള്‍വികളിലൂടെ നമുക്കറിയാമായിരുന്നുവെന്നു കരുതിയവയെക്കാള്‍ കൂടുതല്‍ മൗലികവും അപ്രതീക്ഷിതവും നൂതനവുമായ കാര്യങ്ങള്‍ യഥാര്‍ഥ വായനയില്‍ നാം കണ്ടെത്തുന്ന പുസ്തകങ്ങളാണു ക്ലാസിക്കുകള്‍.
10. മുഴുവന്‍ പ്രപഞ്ചത്തെയും പ്രതിനിധാനം ചെയ്യുന്ന ഏതു പുസ്തകത്തിനും നല്‍കാവുന്ന സംജ്ഞയാണ് ക്ലാസിക്, പ്രാചീനമായ ഏലസ്സുകള്‍ക്കു തുല്യമായ പുസ്തകം.
11. നിങ്ങള്‍ക്കു നിസ്സംഗത പുലര്‍ത്താന്‍ പറ്റാത്ത പുസ്തകമാണ് നിങ്ങളുടെ ക്ലാസിക്, അതിനോടു ചേര്‍ത്തോ, എന്തിന്, എതിര്‍ത്തോ പോലും സ്വയം നിര്‍വചിക്കാന്‍ അത് നിങ്ങളെ സഹായിക്കുന്നു.
12. മറ്റു ക്ലാസിക്കുകള്‍ക്കു മുന്‍പേയുണ്ടാകുന്നതാണ് ഒരു ക്ലാസിക്: പക്ഷേ, മറ്റു ക്ലാസിക്കുകള്‍ ആദ്യമായി വായിക്കുന്നവര്‍ ക്ലാസിക് കൃതികളുടെ വംശാവലിയില്‍ പൊടുന്നനെ അതിന്റെ സ്ഥാനം തിരിച്ചറിയുന്നു.
13. വര്‍ത്തമാനകാലത്തിന്റെ ശബ്ദത്തെ പശ്ചാത്തലത്തിലെ മൂളക്കം മാത്രമായി സ്ഥാനംതാഴ്ത്തുന്ന കൃതിയാണ് ക്ലാസിക്, അതേസമയം അതില്ലാതെ ക്ലാസിക് നിലനില്‍ക്കുകയുമില്ല.
14 സ്വാധീനശക്തികൊണ്ട് പെരുത്തപ്പെടാനാവാത്ത വര്‍ത്തമാനകാലത്തിന്റെപോലും പശ്ചാത്തലസ്വരമായി നില്‍ക്കുന്ന കൃതിയാണ് ക്ലാസിക്.

പുസ്തകങ്ങള്‍ വാങ്ങാം

പണ്ടുപണ്ടുണ്ടായ കൃതികള്‍ മാത്രമല്ല അടുത്ത കാലത്തുണ്ടായ കൃതികളും കല്‍വീനോ എണ്ണിപ്പറയുന്ന സവിശേഷതകള്‍ സൃഷ്ടിക്കുന്നവയാണ്. മോഡേണ്‍ ക്ലാസിക്കുകള്‍ അങ്ങനെ ഉണ്ടായ സങ്കല്പമാണ്. പുതിയ കൃതികളിലും ക്ലാസിക്ക് പ്രഭാവം ഉണ്ടാകാമെന്നു സാരം. തകഴിയുടെ കയറിലും ബഷീറിന്റെ പാത്തുമ്മായുടെ ആടിലും ടാഗോറിന്റെ ഗീതാഞ്ജലിയിലും ഖാണ്ഡേക്കറുടെ യയാതിയിലും എംടിയുടെ രണ്ടാമൂഴത്തിലും വിജയന്റെ ധര്‍ണപുരാണത്തിലും ആനന്ദിന്റെ ഗോവര്‍ധന്റെ യാത്രകളിലും സച്ചിദാനന്ദന്റെ 'ഇവക്കെൂടി'യിലും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ഗസലി'ലും സ്വാമി തപോവനത്തിന്റെ ഹിമഗിരി വിഹാരത്തിലുമൊക്കെ ആ പ്രഭാവം കാണാം.

Content Highlights: Reading Day 2022, Dr. P.K Rajasekharan, Classic Works

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented