എന്റെ ജീവിതം എന്തായിരുന്നു? ആ രണഭൂമിയിലെ കേവലമൊരു ആവനാഴി!


ജിൻഷ ഗംഗ

മൃത്യുഞ്ജയം എന്ന മറാത്തി നോവലില്‍ നിന്നും കര്‍ണന്‍ എന്ന മലയാള പരിഭാഷയിലേക്ക് വരുമ്പോള്‍ എടുത്ത് പറയേണ്ടുന്ന ഒന്ന്, ഇതൊരു വിവര്‍ത്തനം ആണെന്ന് ഒരിക്കല്‍ പോലും തോന്നിപ്പിക്കാത്ത രീതിയില്‍ നോവലിനെ പരിഭാഷപ്പെടുത്തിയവരുടെ പേരുകളാണ്.

'മൃത്യഞ്ജയം '- ശിവജി സാവന്ത്

പുരാണ കഥകളും, കഥാപാത്രങ്ങളും എക്കാലത്തും എഴുത്തുകാര്‍ പുനര്‍വാഖ്യാനം ചെയ്യാറുണ്ട്. ഇന്ത്യയിലെ ഓരോ പുരാണകഥകളെയും കഥാപാത്രങ്ങളെയും ഓരോ കാലത്തെ എഴുത്തുകാര്‍ അവരുടേതായ കാഴ്ചപ്പാടുകളില്‍ തിരുത്തിയെഴുതിയിട്ടുണ്ട്. രാമായണ മഹാഭാരത പുരാണങ്ങളിലെ കഥാപാത്രങ്ങളാണ് ഇത്തരത്തില്‍ ഏറ്റവുമധികം പൊളിച്ചെഴുത്തുക്കള്‍ക്ക് വിധേയമായിട്ടുള്ളത്. മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങളെയും അതിമാനുഷികര്‍ എന്നതില്‍ നിന്നും സ്വാഭാവിക മനുഷ്യന്‍ എന്ന രീതിയിലേക്ക് മാറ്റിയെഴുതിയത് നമ്മള്‍ വായിച്ചിട്ടുണ്ട്. 'രണ്ടാമൂഴത്തിലൂടെ' എം.ടി വാസുദേവന്‍ നായര്‍ ഭീമനെ കരുത്തുള്ള നായകനില്‍ നിന്നും തീര്‍ത്തും മാനുഷിക വികാരങ്ങളുള്ള ഒരാളായി തിരുത്തിയത് നമ്മള്‍ വായിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങളെയും ഓരോ എഴുത്തുകാര്‍ അവരുടേതായ രീതിയില്‍ അവരുടേതായ കാഴ്ചപ്പാടുകളില്‍ തിരുത്തിയിട്ടുണ്ട്.

മഹാഭാരതത്തിലെ അനിതര സാധാരണനായ കഥാപാത്രമായാണ് വ്യാസന്‍ കര്‍ണനെ നമുക്ക് മുന്നില്‍ കാണിച്ച് തന്നിട്ടുള്ളത്. മഹാഭാരതത്തില്‍ ഏറ്റവുമധികം പ്രാധാന്യമുള്ള കഥാപാത്രമായി കാലം രേഖപ്പെടുത്തുന്നതും കര്‍ണനെയാണ്. കര്‍ണകഥ ഉള്‍ക്കൊണ്ട് കൊണ്ട് ഒരുപാട് ഗ്രന്ഥങ്ങള്‍ വിവിധ ഭാഷകളില്‍ എഴുതപ്പെട്ടിട്ടുണ്ട്. കര്‍ണഭാരം ( ഭാസന്‍ ), കര്‍ണനും കുന്തിയും ( രവീന്ദ്രനാഥ ടാഗോര്‍ ) കര്‍ണഭൂഷം ( ഉള്ളൂര്‍ ), തേരാളിയുടെ മകന്‍ ( ബി എസ് രാമ്മയ്യ, തമിഴ് ) കര്‍ണന്‍ ( എസ് രാമന്‍, ഇംഗ്ലീഷ് ) എന്നിവ അവയില്‍ ചിലതാണ്.

കര്‍ണനെ മുഖ്യകഥാപാത്രമാക്കി പ്രശസ്ത മറാത്തി നോവലിസ്റ്റ് ശിവജി സാവന്ത് എഴുതിയ നോവലാണ് 'മൃത്യഞ്ജയം '. ഇതിന്റെ മലയാളം പരിഭാഷയുടെ പേര് ' കര്‍ണന്‍ ' എന്നാണ്. എഴുന്നൂറോളം പേജുകളാണ് ഈ പുസ്തകത്തിന് ഉള്ളത്. ഒമ്പതു അധ്യായങ്ങളായി, മഹാഭാരതത്തിലെ ആറു കഥാപാത്രങ്ങള്‍ കഥ പറയുന്ന രീതിയിലാണ് ശിവജി സാവന്ത് ഈ പുസ്തകം എഴുതിയിരിക്കുന്നത്. കര്‍ണന്‍, കര്‍ണന്റെ മാതാവ് കുന്തി, കര്‍ണപത്‌നി വൃഷാലി, ദുര്യോദനന്‍, കര്‍ണസഹോദരന്‍ ശോണന്‍, ശ്രീകൃഷ്ണന്‍ എന്നീ കഥാപാത്രങ്ങളുടെ കഥാകഥനത്തിലൂടെയാണ് നോവല്‍ മുന്നോട്ട് പോകുന്നത്.

ശിവജി സാവന്ത്

നോവലിന്റെ ആമുഖത്തില്‍ തന്നെ ശിവജി സാവന്ത് പറയുന്നുണ്ട് മഹാഭാരതം കേവലമൊരു പുരാണകഥയല്ല, ഭാരതത്തിന്റെ ലഭ്യമായ ചരിത്രമാണ് എന്ന്. വ്യാസന്‍ മഹാഭാരതം രചിച്ചത് അമാനുഷിക പരിവേഷങ്ങള്‍ കൊണ്ടാണെങ്കില്‍ തീര്‍ച്ചയായും ഈ നോവലിനെ സമകാലികമായ ഒന്നായി വാര്‍ത്തെടുക്കാന്‍ ശിവജി സാവന്തിനു കഴിയുമായിരുന്നു. എന്നാല്‍ മാംസളകുണ്ഡലങ്ങളും അസ്ത്രമേല്‍ക്കാത്ത തൊലിയും കവചങ്ങളും ഒക്കെയുള്ള കര്‍ണനെ അമാനുഷികനായി നിലനിര്‍ത്താന്‍ മാത്രമേ ഇവിടെ ശിവജി സാവന്തിനും സാധ്യമാകുന്നുള്ളു. പക്ഷേ, ഒരു മകന്‍, ഭര്‍ത്താവ്, സഹോദരന്‍, കൂട്ടുകാരന്‍, അച്ഛന്‍ എന്നീ നിലകളില്‍ മനുഷ്യസഹജമായ വികാരങ്ങളോടെ കര്‍ണനെ അവതരിപ്പിക്കുന്നതില്‍ വിജയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് നോവല്‍ വായിച്ച് തീര്‍ന്നപ്പോള്‍ വ്യക്തിപരമായി തോന്നിയത്.

മൃത്യുഞ്ജയം എന്ന മറാത്തി നോവലില്‍ നിന്നും കര്‍ണന്‍ എന്ന മലയാള പരിഭാഷയിലേക്ക് വരുമ്പോള്‍ എടുത്ത് പറയേണ്ടുന്ന ഒന്ന്, ഇതൊരു വിവര്‍ത്തനം ആണെന്ന് ഒരിക്കല്‍ പോലും തോന്നിപ്പിക്കാത്ത രീതിയില്‍ നോവലിനെ പരിഭാഷപ്പെടുത്തിയവരുടെ പേരുകളാണ്. ഡോ. പി കെ ചന്ദ്രനും, ഡോ ടി ആര്‍ ജയശ്രീയുമാണ് ' കര്‍ണന്‍ന്റെ ' വിവര്‍ത്തകര്‍. യഥാര്‍ത്ഥ നോവലിന്റെ ആഴത്തിലുള്ള അര്‍ത്ഥങ്ങളും, വാക്കുകളുടെ സൗന്ദര്യവും, ഓരോ രംഗങ്ങളുടെ ചിത്രീകരണവും, കഥാപാത്രങ്ങളുടെ വികാരങ്ങളും ഒക്കെ ഒട്ടും ചോരാതെ തന്നെ മലയാളത്തിലേക്ക് പരിഭാഷ ചെയ്യുന്നതില്‍ ഇവര്‍ വിജയിച്ചിട്ടുണ്ട്. ' കര്‍ണന്‍ ' നോവലിന് ഇന്നും വായനക്കാര്‍ ഏറ്റവുമധികം ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ഇവരുടെ പരിഭാഷയിലുള്ള തന്മയത്വം കൊണ്ടാണ്.

നോവലിലേക്ക് കടന്നാല്‍, കര്‍ണന്‍ സ്വയം കഥ പറയുന്ന ഒന്നാം അധ്യായമാണ് വായനക്കാരന് കാണാന്‍ സാധിക്കുക. മരണമുഖത്തു കിടക്കുന്ന കര്‍ണന്‍ തന്റെ ജനനവും വളര്‍ച്ചയും ജീവിതത്തിലെ തിക്താനുഭവങ്ങളും ഓര്‍ത്തെടുക്കുകയാണ് ഈ അദ്ധ്യായത്തില്‍. എന്നും എക്കാലവും യോദ്ധാവായിരുന്ന കര്‍ണന്‍ തന്റെ ജീവിതത്തിലെ അവസാന നിമിഷത്തെ വിവരിക്കുന്നത് നോക്കൂ..
'ലോകം എന്റെ മുന്‍പില്‍ ഒരു പടക്കളമായി നില നില്‍ക്കുന്നു, അല്ലെങ്കില്‍, എന്റെ ജീവിതം തന്നെ എന്തായിരുന്നു? ആ രണഭൂമിയിലെ കേവലമൊരു ആവനാഴി! ഭിന്നരൂപ ഭാവങ്ങളുള്ള സംഭവ പരമ്പരകളുടെ ശരങ്ങള്‍ കുത്തി നിറച്ച ആവനാഴി മാത്രം!'

ഒരു യോദ്ധാവിനു തന്റെ അവസാന നിമിഷത്തെ ഇത്രമേല്‍ ഗംഭീരമായി ഓര്‍ത്തെടുക്കാന്‍ കഴിയുമോ എന്നത് ഒരു ചോദ്യമാണ്. ഇത് വായിക്കുമ്പോള്‍ പുറത്ത് നിന്നൊരാളാണ് ഇത് എഴുതിയത് എന്നത് മറന്ന്, പുരാണത്തില്‍ നമ്മള്‍ വായിച്ച് കേട്ട കര്‍ണന്‍ തന്നെയാണ് ഇത് എഴുതിയിരിക്കുന്നത് എന്ന് വായനക്കാര്‍ക്ക് തോന്നുന്നിടത്തു ശിവജി സാവന്ത് പൂര്‍ണമായി വിജയിച്ചിട്ടുണ്ട്. ഈ അധ്യായത്തിലാണ് കര്‍ണന്റെ ബാല്യകാലവും മാതാപിതാക്കളെയും ഗംഗാ നദിയെയും നമുക്ക് വായിക്കാനാവുക. മഹാഭാരതത്തില്‍ നമ്മള്‍ അറിഞ്ഞിട്ടുള്ള കര്‍ണന്റെ കുട്ടിക്കാലം ഓരോ വായനക്കാരനും അവനവന്റെ കുട്ടിക്കാലവുമായി ചേര്‍ത്ത് വയ്ക്കാവുന്ന രീതിയിലാണ് ഇവിടെ എഴുതിയിരിക്കുന്നത്. എങ്കിലും കാതിലെ കുണ്ഡലങ്ങള്‍ കര്‍ണനെ അതി മാനുഷികനാക്കുകയും ചെയ്യുന്നു.

കര്‍ണന്‍ ഹസ്തിനാപുരിയില്‍ എത്തിച്ചേരുന്നതും, ദുര്യോധനനെ പരിചയപ്പെടുന്നതും എഴുതിയിരിക്കുന്ന ഒന്നാം അദ്ധ്യായം അവസാനിപ്പിക്കുന്നത്.

'യുവത്വം പ്രതികരണ സ്വഭാവമുള്ളതാണ്. അപമാനത്തിനെതിരെ യുവത്വം യുദ്ധം പ്രതികരിക്കുന്നു. ന്യായപ്രകാരമുള്ള അധികാരത്തെ എതിര്‍ക്കുന്നവരെ ഇത് നേരിടുന്നു. യുവത്വം അന്യായത്തെ ഉന്മൂലനം ചെയ്യുന്നു. യുവത്വമുള്ളിടത്ത് വിജയമുണ്ട്. അവിടെ പ്രകാശമുണ്ട്. പ്രകാശമില്ലെങ്കില്‍ പിന്നെ അന്ധകാരമാണ്... '

ഒന്നാമത്തെ അദ്ധ്യായത്തിലെ ഈ വരികള്‍ സമകാലിക പ്രസക്തിയുള്ളതാണ്. ഇതുപോലെ ചില വരികളിലൂടെ വായന കടന്നു പോകുമ്പോള്‍ ഇതൊരു പുരാണ കഥാപാത്രത്തെ കുറിച്ചുള്ള കഥ എന്നതിലുപരി വര്‍ത്തമാന കാലവുമായി സമരസപ്പെടുത്തുന്ന ഒന്നായി വായിച്ചെടുക്കാന്‍ നമുക്ക് സാധിക്കും.

ഒന്നാമത്തെ അദ്ധ്യായം പറഞ്ഞവസാനിപ്പിക്കുന്നത് കര്‍ണന് നേരിടേണ്ടി വരുന്ന വിവേചനങ്ങളിലാണ്. ജാതി മത വര്‍ഗ്ഗ വര്‍ണ വിവേചനങ്ങള്‍ അന്നും ഇന്നും നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഈ നോവലിന് പ്രസക്തി ഏറുന്ന ഏറെ ഭാഗങ്ങള്‍ ഉള്ളത് ഒന്നാമത്തെ അദ്ധ്യായത്തിലാണ്.

പുസ്തകം വാങ്ങാം

നോവലിന്റെ രണ്ടാമത്തെ അദ്ധ്യായം ആരംഭിക്കുന്നത് കുന്തിയില്‍ നിന്നാണ്. മഹാഭാരതത്തിലെ കുന്തിയെ ഇവിടെ വായിക്കുമ്പോള്‍ അതില്‍ കാണാന്‍ സാധിക്കുന്നത് ഭാരതത്തിലെ ഇടത്തരം സ്ത്രീയെയാണ്. അവരുടെ ദുഖങ്ങളെയും ദുരിതങ്ങളേയുമാണ്. ' ഈ അമ്പതു വര്‍ഷങ്ങളില്‍ എന്തെല്ലാം സഹിച്ചു ' എന്ന കുന്തിയുടെ ഒരേയൊരു വാചകം ഓരോ ഭാരത സ്ത്രീയുടെയും ജീവിതത്തിന് നേരെ എറിയപ്പെടുന്നുണ്ട്. ' കുട്ടിക്കാലമെന്നാല്‍ ആനന്ദത്തിന്റെ ആറാട്ടാണ് ' എന്ന പ്രസ്താവനയും ചൂണ്ടിക്കാട്ടുന്നത് മറ്റൊന്നല്ല.

സ്വജീവിതവും കര്‍ണനെ ഗര്‍ഭം ധരിക്കുന്നതും ഉപേക്ഷിക്കുന്നതും ഒക്കെ ഇവിടെ കുന്തി വിവരിക്കുന്നുണ്ട്. കുന്തി എന്ന സ്ത്രീ പറയുന്നത് കൊണ്ടായിരിക്കാം ഈ ഭാഗത്ത് നോവലിസ്റ്റ് എഴുതിയ ഏറെ കരുത്തുള്ള ഈ വരികള്‍ ഈ അദ്ധ്യായത്തില്‍ തന്നെ കൂട്ടിച്ചേര്‍ത്തത്.

' നാളിതുവരെ എത്ര അബലകള്‍ സമൂഹത്തിന്റെ ഈ ക്രൂരമായ ആചാരങ്ങളില്‍ കുടുങ്ങി കിണറുകളിലും പുഴകളിലും ജീവിതം ഒടുക്കിക്കാണും..? '

സമകാലിക സമൂഹത്തിലേക്ക് ചരിത്രം വിരല്‍ ചൂണ്ടുന്നു. എത്ര മാത്രം കൃത്യമായി നോവലിസ്റ്റ് അത് രേഖപെടുത്തിയിരിക്കുന്നു...!

' ഹസ്തിനാപുരിയിലെ ഏതെങ്കിലും ഉച്ചിയില്‍ കയറി നിന്ന് ' കര്‍ണ്ണന്‍ എന്റെ മകനാണ് ' എന്ന് ഉറക്കെപ്പറഞ്ഞാലോ എന്ന് ഞാന്‍ പലതവണ ആശിച്ചു. പക്ഷേ, എനിക്കിത്ര സാഹസം കാണിക്കാന്‍ സാധ്യമല്ല. അതുമൂലം എന്റെ മറ്റു അഞ്ച് മക്കള്‍ക്ക് എന്ത് സംഭവിക്കുമെന്ന് പറയാന്‍ സാധ്യമല്ല.. '

എന്ന നിസ്സഹായതയിലാണ് കുന്തിയുടെ കഥനം അവസാനിക്കുന്നത്. തുടക്കത്തില്‍ പറഞ്ഞത് പോലെ ഒരു പുരാണ കഥാപാത്രം എന്നതിലുപരി ഒരു സാധാരണ സ്ത്രീയുടെ ജീവിത ദുരിതങ്ങളും ചിന്തകളുമാണ് ഈ ഭാഗങ്ങളിലൊക്കെ വായിച്ചെടുക്കാന്‍ കഴിയുക. പുരാണവും വര്‍ത്തമാനവും ഒന്നാകുന്ന കാഴ്ച്ച...!

മൂന്നാമത്തെ അദ്ധ്യായം തുടങ്ങുന്നത് കര്‍ണനില്‍ നിന്ന് തന്നെയാണ്... ' അംഗരാജ്യത്തെ രാജാവായി എന്നത് കൊണ്ട് ഞാന്‍ ഒരു ഭാഗ്യവാനായി എന്ന് എനിക്ക് തോന്നിയില്ല. കാരണം, ആ രാജപദവി ദുര്യോധനന്റെ കൃപ കൊണ്ട് കിട്ടിയതാണെന്ന് എനിക്കറിയാം ' എന്ന് പറയുന്ന കര്‍ണന്‍ ഇവിടെ കേവലം ഒരു മനുഷ്യന്‍ മാത്രമാവുകയാണ്. കര്‍ണന് നേരിടേണ്ടി വന്ന അപമാനങ്ങള്‍ പൂര്‍ണമായി വിവരിക്കുന്നത് ഈ അധ്യായത്തിലാണ്. വായിക്കുന്നവരുടെ കണ്ണും മനസ്സും നിറയിക്കുന്ന തരത്തിലുള്ള ആഖ്യാനമാണ് ഈ അദ്ധ്യായത്തില്‍ മുഴുവന്‍.

കര്‍ണന്റെ പത്‌നിയായ വൃഷാലി കഥ പറയുന്ന അദ്ധ്യായത്തില്‍ അതിമനുഷികനായ കര്‍ണന് പകരം, പ്രണയിക്കുന്ന, സ്‌നേഹിക്കുന്ന ഒരു സാധാരണ മനുഷ്യനെയാണ് നോവലിസ്റ്റ് കാണിച്ചു തരുന്നത്.ഇവിടെയും സ്ത്രീകളുടെ ജീവിതം എന്തായിരുന്നു എന്നത് വ്യക്തമായി കാണിച്ച് തരുന്നുണ്ട്. ' സ്ത്രീ സ്വന്തം ദുഃഖം കടിച്ചിറക്കി മറ്റുള്ളവരുടെ ദുഃഖം കുറയ്‌ക്കേണ്ടവളാണ്' തുടങ്ങിയ പ്രസ്താവനകള്‍ ഇവിടെയും ധാരാളം കാണാന്‍ സാധിക്കുന്നുണ്ട്. ഭാവതലങ്ങളെ തൊട്ടുണര്‍ത്തുന്ന പല വൈകാരിക സംഭവങ്ങളും ഉള്ളത് ഈ അധ്യായത്തിലാണ്. ഒരു പുസ്തകം വായിക്കുമ്പോള്‍ അതിലേക്ക് സ്വയം മറന്ന് ഇറങ്ങി ചെല്ലാവുന്ന രീതിയിലുള്ള ആഖ്യാനം ഏറെയുള്ളത് ഈ ഭാഗത്തിലാണ്.

ദുര്യോധനന്റെ അധ്യായത്തില്‍ എത്തുമ്പോള്‍ എം. ടി ഭീമനെ പൊളിച്ചെഴുതിയത് പോലെയൊരു പൊളിച്ചെഴുത്ത് ഇവിടെ കാണാന്‍ സാധിക്കും. വ്യാസന്‍ എഴുതിയ ദുര്യോധനനില്‍ നിന്നും അല്പ്പം വ്യത്യസ്തനാണ് ശിവാജിയുടെ ദുര്യോധനന്‍...!

സഹോദരസ്‌നേഹം വെളിവാക്കുന്ന ശോണന്റെ അധ്യായവും ഏറെ വൈകാരിക സംഭവങ്ങള്‍ അടങ്ങിയതാണ്. ശ്രീകൃഷ്ണന്റെ അദ്ധ്യായത്തില്‍ എത്തുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ പൊളിച്ചെഴുത്തു ഉണ്ടാകുന്നത്. ഭഗവാനായ, അവതാരമായ ശ്രീകൃഷ്ണനെയല്ല, അതിസാധാരണക്കാരനായ ശ്രീകൃഷ്ണനാണ് ഇവിടെ കര്‍ണനെ കുറിച്ച് പറയുന്നത്. യുദ്ധം തന്ത്രപൂര്‍വം നയിക്കുന്ന ഒരു തേരാളിയായി, ഞാന്‍ ആഗ്രഹിച്ചത് തന്നെയാണ് പാണ്ഡവ പക്ഷത്തു നടക്കുന്നത് എന്ന് കണ്ട് ആശ്വസിക്കുന്ന ശ്രീകൃഷ്‌നെയാണ് ' കര്‍ണനില്‍ ' കാണാന്‍ കഴിയുക. മഹാഭാരത യുദ്ധം നോവലില്‍ വിവരിക്കുന്നത് ശ്രീകൃഷ്ണന്റെ അധ്യായത്തിലാണ്. ശ്രീകൃഷ്ണനാണ് യുദ്ധത്തിലെ ഓരോന്നിനെയും കുറിച്ച് വായനക്കാര്‍ക്ക് പറഞ്ഞു തരുന്നത്. ' ഞാന്‍ ശിലാ ഹൃദയമുള്ള ഒരു കൊലയാളി ആണോ...? ' എന്ന് ശ്രീകൃഷ്ണന്‍ സ്വയം ചോദിക്കുമ്പോള്‍ നാം അറിഞ്ഞിട്ടുള്ള ഭഗവാനോ അവതാരമോ ഒന്നും അല്ല ശ്രീകൃഷ്ണന്‍ എന്ന് വായനക്കാര്‍ക്ക് തോന്നിപ്പോകുന്നു.

അവസാനത്തെ അധ്യായം, ശ്രീകൃഷ്ണന്‍ കഥ പറയുന്ന അധ്യായമാണ്. ഒരു എഴുത്തുകാരാന് എത്രമാത്രം വായനക്കാരുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലാന്‍ പ്രാപ്തിയുള്ള വാക്കുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ അദ്ധ്യായം. യുദ്ധത്തിന്റെ ഓരോ വിവരണത്തിലും ഓരോരുത്തരുടെ മരണത്തിലും വായനക്കാരനും കരഞ്ഞു പോകും, അല്ലെങ്കില്‍ ഉള്ളൊന്ന് പിടയും എന്നതില്‍ ഒരു സംശയവുമില്ല. ആ പിടച്ചില്‍ പൂര്‍ണമാകുന്നത് കര്‍ണന്റെ അന്ത്യനിമിഷങ്ങള്‍ വായിക്കുമ്പോഴാണ്. വായിക്കേണ്ടായിരുന്നു എന്നുള്ള തോന്നല്‍ ഉണ്ടാവുന്നത് അവിടെയാണ്... ജനനം തൊട്ട് മരണം വരെ ഞാന്‍ കര്‍ണന്റെ കൂടെയായിരുന്നു എന്ന് വായനക്കാരന് തോന്നുന്നത് ഉള്ള് പിടയുന്ന ആ നിമിഷത്തിലാണ്. അത്രമേല്‍ വൈകാരിക സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് അവസാന രംഗങ്ങള്‍ എഴുതിയിരിക്കുന്നത്. സൂര്യ തേജ്ജസ്സോടെ വിളങ്ങി നിന്ന കര്‍ണന്‍ എന്ന കഥാപാത്രത്തിന്റെ അന്ത്യനിമിഷങ്ങള്‍ ആഴത്തില്‍ വായനക്കാരുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലും..

കര്‍ണന്റെ ജനനം മുതല്‍ അന്ത്യം വരെയുള്ള ഓരോ ജീവിത സന്ദര്‍ഭങ്ങളും ' കര്‍ണന്‍ ' എന്ന നോവലില്‍ കാണാന്‍ കഴിയും. കര്‍ണ കഥയോടൊപ്പം സമ്പൂര്‍ണ മഹാഭാരതവും ഈ നോവലില്‍ പുനരാഖ്യാനം ചെയ്തിട്ടുണ്ട്. കഥാപാത്രങ്ങളുടെ മാനസികാവസ്ഥ നോവലിസ്റ്റ് വളരെ സൂക്ഷ്മതയോടെ തന്നെ അപഗ്രഥനം ചെയ്തിട്ടുണ്ട് ഇന്ത്യയിലെ ഇതിഹാസ നോവലുകളുടെ കൂട്ടത്തില്‍ ഈ നോവല്‍ സ്ഥാനം പിടിക്കാന്‍ കാരണവും അത് തന്നെയാണ്.

പുസ്തകം വാങ്ങാം

നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള ഈ കൃതിക്ക് അനവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1967 ലാണ് കോണ്ടിനെന്റല്‍ പബ്ലിഷേഴ്‌സ് മറാത്തിയില്‍ ഈ കൃതി പ്രസിദ്ധീകരിച്ചത്. ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും ഗുജറാത്ത് ബംഗാളി മലയാളം എന്നീ ഭാഷകളിലേക്കും കൃതി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഏറെ ഗവേഷണപഠനങ്ങള്‍ക്ക് ശേഷമാണ് താന്‍ ഈ കൃതി എഴുതിയത് എന്ന് ശിവാജി സാവന്ത് പറഞ്ഞിട്ടുണ്ട്. ഭാരതീയ ജ്ഞാനപീഠത്തിന്റെ 1995 ലെ മൂര്‍ത്തി ദേവി പുരസ്‌കാരം ഉള്‍പ്പെടെ അനേകം പുരസ്‌കാരങ്ങള്‍ ഈ നോവലിന് ലഭിച്ചിട്ടുണ്ട്.

മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഡോ. പി കെ ചന്ദ്രന്റെയും ഡോ. ടി ആര്‍ ജയശ്രീയുടെയും പങ്ക് ഏറെ വിലപ്പെട്ടതാണ്. ഒരു കൃതിയുടെ സൗന്ദര്യം ഒട്ടും ചോരാതെ വിവര്‍ത്തനം ചെയ്യുക എന്നത് ഏറെ ശ്രമകരമായ ഇന്നത്തെ കാലത്ത് അതീവ പരിശ്രമത്തിലൂടെ തന്നെയാണ് അവര്‍ വിജയിച്ചിരിക്കുന്നത്.

പുരാണകഥകളുടെ പുനര്‍ ആഖ്യാനത്തില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്ന ഒരു ഇന്ത്യന്‍ ക്ലാസ്സിക്ക് കൃതി തന്നെയാണ് മൃത്യുഞ്ജയം അഥവാ കര്‍ണന്‍....!

Content Highlights: mrityunjaya book by shivaji sawant reading day 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented