അച്ഛന്‍ ചാടിയെണീറ്റ് ടോര്‍ച്ചെടുത്തു, ഞാനത് കണ്ടു; കണ്ണ് തുറിപ്പിച്ച് നിലച്ചഹൃദവുമായി മണിയേട്ടന്‍


സന്തോഷ് ഏച്ചിക്കാനം

ഭാവനാലോകത്തെ ഭീതിയിലാഴ്ത്തിയ ബ്രാം സ്‌റ്റോക്കറുടെ ക്‌ളാസിക് ഡ്രാക്കുളയുടെ 125ാം പ്രസിദ്ധീകരണ വര്‍ഷമാണിത്. 1897 മേയ് 26നാണ് ലണ്ടനിലെ ആര്‍ച്ചിബാള്‍ഡ് കോണ്‍സ്റ്റബിള്‍ ആന്‍ഡ് കമ്പനി നോവല്‍ പ്രസിദ്ധീകരിച്ചത്. വായനദിനത്തില്‍ എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം തന്റെ ഡ്രാക്കുളാനുഭവം പങ്കുവെക്കുന്നു

സന്തോഷ് ഏച്ചിക്കാനം

ഡ്രാക്കുളക്കോട്ടയില്‍ അകപ്പെട്ട ജോനാതന്‍ ഹാര്‍ക്കര്‍ രക്ഷപ്പെടാനുള്ള വഴിയന്വേഷിച്ച് ഇരുട്ടിലൂടെ നടന്ന് പഴയ ഒരു ചാപ്പലിനോടു ചേര്‍ന്ന ശ്മശാനത്തിലെത്തി. ചുറ്റിലും പുതുമണ്ണിന്റെ ഗന്ധം.

അവിടെ കുഴികളില്‍ ഇറക്കിവെച്ച അമ്പതോളം ശവപ്പെട്ടികളിലൊന്നില്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്ന ഡ്രാക്കുളപ്രഭുവിനെ കണ്ട് ജോനാതന്‍ ഞെട്ടി.

അയാളുടെ തുറന്നകണ്ണുകള്‍ കല്ലുകള്‍പോലെ നിശ്ചലമാണ്. ചുവന്ന ചുണ്ടുകള്‍. ശ്വാസംനിലച്ച ഹൃദയവും നാഡിയും ചലനമറ്റ് കിടക്കുന്നു. അയാള്‍ മരിച്ചോ ജീവിച്ചോ എന്നറിയാന്‍ ജോനാതന്‍ ശവപ്പെട്ടിയിലേക്ക് എത്തിനോക്കിയതും എന്റെ കഴുത്തില്‍ കെമിസ്ട്രി അധ്യാപകന്റെ പിടിവീണു.

''ക്ലാസ് എടുത്തോണ്ടിരിക്കുമ്പോഴാണോടാ...

എണീറ്റ് നിക്കടാ.''

അധ്യാപകന്‍ എന്റെ കൈയിലെ പുസ്തകം വലിച്ചെടുത്തു. അതിന്റെ പുറംചട്ടയിലേക്ക് നോക്കിയതും മൂപ്പരുടെ ഉള്ളംകാലില്‍നിന്നും മേലോട്ട് ഒരു വിറയല്‍ പടര്‍ന്നുകയറി.

ഡ്രാക്കുള. ബ്രോം സ്റ്റോക്കര്‍.

ഭയത്തെ കുടഞ്ഞെറിഞ്ഞുകൊണ്ട് അധ്യാപകന്‍ ബ്ലാക്ക് ബോര്‍ഡിന്റെ പിറകില്‍നിന്നും ചൂരല്‍ എടുത്തു. എന്റെ ഉള്ളില്‍ക്കയറിയ ബാധയെ അടിച്ചൊഴിപ്പിക്കാനുള്ള പരിപാടിയാണ്.

''നിനക്ക് അടുത്തകൊല്ലം എസ്.എസ്.എല്‍.സി. പാസാവണ്ടേ ?

ഇതും വായിച്ചോണ്ടിരുന്നാ നീയിവിടെത്തന്നെ ഇരിക്കത്തേയുള്ളൂ''

ഞാന്‍ എണീറ്റുനിന്നു.

''കൈ നീട്ടടാ...''

എനിക്കപ്പോള്‍ ചിരിയാണ് വന്നത്.

Also Read

നിതംബഭാരത്താൽ മടമ്പ്കുഴിഞ്ഞ കാൽപ്പാടുകൾ; ...

'പുതിയൊരു മതത്തിന്റെ മാനിഫെസ്റ്റോ'; നിരോധനത്തിന്റെ ...

'ഭർത്താവിന്റെ മരണം ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത ...

'സോറി കുറച്ചുവൈകിപ്പോയി'; ലൈബ്രറിയിൽ നിന്നെടുത്ത ...

ഞാനപ്പോള്‍ നിലാവു വീണുകിടക്കുന്ന ആകാശത്തിലേക്ക് പറക്കാനായി അസാധാരണമായ ഒരു സ്വപ്നത്തിനകത്ത് ചിറകുവിരിച്ച് നില്‍ക്കുകയായിരുന്നു.

'കോമ്പല്ലുകള്‍ പുറത്തുകാണല്ലേ' എന്നു പ്രാര്‍ഥിച്ചുകൊണ്ട് ഞാന്‍ ചുണ്ടുകള്‍ അമര്‍ത്തിപ്പിടിച്ചു. വടിപോട്ടെ, കത്തിയെടുത്ത് കുത്തിയാല്‍പ്പോലും അതെന്റെ മാംസത്തെ തുളച്ച് വായുവിലെന്നപോലെ മറുവശത്തേക്ക് പോയി അക്രമിയെ പരിഭ്രാന്തനാക്കും. അപ്പോള്‍ ഇരുമ്പഴികള്‍ ഇല്ലാത്ത ഈ ജനാലയിലൂടെ ഒരു വവ്വാലായി ഞാന്‍ പുറത്തുകടക്കുകയും ചെയ്യും. കൈവെള്ളയില്‍ അടിവീണതും ഞാന്‍ ട്രാന്‍സില്‍വാനിയയില്‍നിന്ന് കുണ്ടംകുഴി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസിലെത്തി.

''എന്റെ മാഷേ... സൂക്ഷിച്ച്...''

ഞാന്‍ മനസ്സില്‍ പറഞ്ഞു.

''കൈയെങ്ങാനും പൊട്ടി ഒരു ചോരത്തുള്ളി നിലത്തുവീണാല്‍ സംഗതി മാറും. എന്റെ ചോര കൂട്ടുകാരുടെ മുമ്പില്‍വെച്ച് ഞാന്‍തന്നെ നക്കിക്കുടിക്കുന്നത് കാണുമ്പൊ ഇവിടെ കെടന്ന് നെലവിളിച്ചിട്ട് ഒരു കാര്യവുമില്ല.''

ക്ലാസ് കഴിഞ്ഞതും അധ്യാപകന്‍ പുസ്തകവുമായി സ്റ്റാഫ്‌റൂമിലേക്ക് പോയി.

ഞാന്‍ ഞെട്ടി.

എനിക്ക് ജീവിതത്തില്‍ കിട്ടിയ ആദ്യത്തെ പുസ്തകമായിരുന്നു അത്. അതാണ് നഷ്ടപ്പെട്ടിരിക്കുന്നത്. എനിക്ക് കരച്ചില്‍ വന്നു

അന്നത്തെക്കാലത്ത് ഞാന്‍ പഠിച്ച കുണ്ടംകുഴി ഹൈസ്‌കൂളില്‍ ഒരു ലൈബ്രറിപോലും ഉണ്ടായിരുന്നില്ല. വായിക്കാന്‍ ആര്‍ത്തിപിടിച്ചുനടന്ന എന്നെപ്പോലുള്ള കുട്ടികള്‍ പൈങ്കിളി പ്രസിദ്ധീകരണങ്ങളില്‍ ഖണ്ഡശഃ വന്നുകൊണ്ടിരുന്ന കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകളും ജോണ്‍ ആലുങ്കലിന്റെ അപസര്‍പ്പക കഥകളും വായിച്ച് തൃപ്തിയടഞ്ഞു.

പിന്നെ ഉണ്ടായിരുന്നത് നാട്ടുകാര്‍ പാടിനടന്നിരുന്ന ലോക്കല്‍പ്രേതങ്ങളുടെ ആത്മകഥകളായിരുന്നു.

അവന്മാരെയൊക്കെ ഞങ്ങള്‍ പൊതുവില്‍ 'അണുങ്ങുകള്‍' എന്നു വിളിച്ചു. പക്ഷേ, ബ്രാം സ്റ്റോക്കര്‍ എനിക്കുമുമ്പില്‍ വിടര്‍ത്തിയിട്ടത് അതിരുകളില്ലാത്ത ഭാവനയുടെ നിലാക്കമ്പളമായിരുന്നു. ഞാനതിലൂടെ ചെന്നായയായും നരിച്ചീറായും ചിലന്തിയായും വണ്ടായും കൊടുങ്കാറ്റായും യഥേഷ്ടം സഞ്ചരിച്ചു.

'ഇങ്ങനേം ഇണ്ടോ ഒരു അണുങ്ങ്....'

ഇന്റര്‍വെല്‍ സമയത്ത് സ്റ്റാഫ്‌റൂമില്‍ ചെന്ന് കരഞ്ഞ് കാലുപിടിച്ചപ്പോള്‍ മാഷ് മടക്കിത്തന്ന ആ പുസ്തകത്തെപ്പോലെ എന്റെ മനസ്സിനെ ഭാവനയുടെ അദ്ഭുതലോകത്തേക്ക് പറത്തിവിട്ട മറ്റൊരു നോവല്‍ ഞാന്‍ വായിക്കുന്നത് പിന്നെയും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍'.

ഡ്രാക്കുളയെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ഇരുട്ടുന്നതിനുമുന്‍പേ ഞാന്‍ വീട്ടിലെത്തി. പത്തേക്കര്‍ പുരയിടത്തില്‍ പകുതിയും ചന്ദനമരങ്ങള്‍ നിറഞ്ഞ കാടാണ്. ബാക്കിയുള്ള സ്ഥലത്ത് പറങ്കിമാവിന്‍തോട്ടവും തെങ്ങും വാഴയും കപ്പയും പച്ചക്കറിത്തോട്ടവും. എനിക്കും അച്ഛനുമൊപ്പം ബോഡിഗാര്‍ഡായി ദാമുവുണ്ട്. വളര്‍ത്തുനായയാണ്. ഇടയ്ക്ക് മുത്തശ്ശന്റെ വീട്ടില്‍നിന്ന് അമ്മയും സഹോദരിയും വന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ച് തിരിച്ചുപോകും. അവര്‍ക്ക് ഈ വിജനമായ കാട്ടുമുക്കില്‍ താമസിക്കാന്‍ പേടിയാണ്.

പിന്നെ വരാറുള്ള അതിഥികളിലൊരാളാണ് മണിയേട്ടന്‍. പത്തിരുപത്തിമൂന്നു വയസ്സുണ്ട്. രാമചന്ദ്രനെപ്പോലെ ആകാശവാണിയില്‍ വലിയ ന്യൂസ് റീഡറാവുക എന്നതാണ് മണിയേട്ടന്റെ ജീവിതാഭിലാഷം. പത്രങ്ങളിലെ വാര്‍ത്തകളൊക്കെ എടുത്ത് രാമചന്ദ്രന്റെ ശബ്ദത്തില്‍ വായിക്കാന്‍ ശ്രമിച്ച് ഒടുവില്‍ അതിനു സാധിക്കാതെ മണിയേട്ടന്‍ തൊണ്ടകാറി ചുമയ്ക്കുന്നത് കാണുമ്പോള്‍ എനിക്ക് ചിരിവരും.

എട്ടാംതരം പാസാവാത്തവര്‍ക്ക് ആകാശവാണിയില്‍ ജോലി കിട്ടില്ലെന്നറിയാവുന്നതുകൊണ്ട് മൂപ്പര്‍ ഞങ്ങളെപ്പോലുള്ള ബന്ധുജനങ്ങളുടെ പറമ്പുകളില്‍ കപ്പയും വാഴയുമൊക്കെ നട്ട് പോക്കറ്റുമണിയുണ്ടാക്കിപ്പോന്നു.

ഞാന്‍ ഡ്രാക്കുളസമേതനായി വീട്ടില്‍ വന്നുകേറിയപ്പോള്‍ മണിയേട്ടന്‍ കപ്പത്തണ്ടുകള്‍ വെട്ടി ശരിയാക്കിക്കൊണ്ട് ഉമ്മറത്തിരിപ്പുണ്ട്.

വന്നപാടെ പുസ്തകംതുറന്ന് ഞാന്‍ വായന തുടങ്ങി. ഭയം എന്റെ ചോരയില്‍ തണുത്ത കാലുകള്‍ എടുത്തുവെച്ചു.

ഞാന്‍ വായന നിര്‍ത്തിയതും മണിയേട്ടന്‍ നോവല്‍ എടുത്തു. പിന്നെ രാമചന്ദ്രന്റെ ശബ്ദത്തില്‍ വായിക്കാന്‍ തുടങ്ങി. ബ്രോം സ്റ്റോക്കറെ അപമാനിക്കുന്നതിനു തുല്യമായിരുന്നു അത്.

ഡ്രാക്കുളപ്രഭുവിന് ഇംഗ്ലണ്ടില്‍ സ്ഥലം വാങ്ങിക്കാനുള്ള പേപ്പറുകളുമായി മഞ്ഞുപുതച്ചുകിടക്കുന്ന കാര്‍പ്പാത്തിയന്‍ മലനിരകളില്‍ ജോനാതന്‍ ഹാര്‍ക്കര്‍ വന്നിറങ്ങിയതും മണിയേട്ടനോട് ഞാന്‍ പറഞ്ഞു.

''മതി. നിര്‍ത്തിക്കോ... രാത്രിയായി''

''നീ പോടാ ഇതിനെക്കാള്‍ വലിയ പ്രേതത്തെ കണ്ടവനാണ് ഈ മണി.''

പിന്നെ ഞാനൊന്നും പറഞ്ഞില്ല.

കണ്ടാലറിയാത്തത് കൊണ്ടാലേ അറിയൂ.

അച്ഛന്‍ കട്ടിലിലും ഞാന്‍ മണിയേട്ടന്റെ കൂടെ താഴെ കിടക്കയിട്ട് അതിലുമാണ് കിടന്നത്. സാധാരണ വീട്ടില്‍ ഒറ്റയ്ക്കാണെങ്കില്‍ ഞാന്‍ അച്ഛന്റെ കട്ടിലിനടിയില്‍ കിടക്കും. അത്രയ്ക്ക് പേടിയാണ്. അച്ഛനു മേക്കട്ടിയും കടഞ്ഞ കാലുകളുമൊക്കെയുള്ള ഒരു സപ്രമഞ്ച കട്ടിലുണ്ട്. അച്ഛന്‍ പോകുന്നിടത്തൊക്കെ ആ കട്ടിലും കൂടെക്കാണും. കഴിഞ്ഞവര്‍ഷം അച്ഛന്‍ മരിച്ചതോടെ ആ കട്ടില്‍ ഒറ്റയ്ക്കായി.

ഉറങ്ങുമ്പോള്‍ ആരും ദേഹത്ത് തൊടുന്നത്

അച്ഛന് ഇഷ്ടമല്ല. അതുകൊണ്ട് എനിക്ക് ഒരിക്കലും അച്ഛന്റെ കൂടെക്കിടക്കാന്‍ പറ്റിയിട്ടില്ല. രാത്രി പേടിവന്നാല്‍ ഞാന്‍ കണ്ണടച്ചുകിടക്കും.

''കുട്ടികള്‍ ഒറ്റയ്ക്കുകിടന്ന് പഠിക്കണം. ഈ ലോകം ധീരന്മാര്‍ക്കുള്ളതാണ്.''

അച്ഛന്‍ പറയുന്നത് ശരിയാണെന്നെനിക്കും തോന്നും. പക്ഷേ, രാത്രി പാറപ്പുറത്തെ പള്ളത്തില്‍നിന്ന് ഞണ്ടുകളെയും തിന്ന് വീട്ടിലേക്ക് പോകുന്ന കുറുക്കന്റെ കരച്ചില്‍ കേട്ടാല്‍ എന്റെ ധൈര്യമൊക്കെ ചോര്‍ന്നുപോകും. അന്ന് ഡ്രാക്കുളകാരണം ഞാന്‍ ഭക്ഷണം കഴിച്ച് നേരത്തേ കിടന്നുറങ്ങി. അപ്പോഴും മണിയേട്ടന്‍ വായന നിര്‍ത്തിയിട്ടില്ല.

ഏതാണ്ട് പാതിരയായിക്കാണും.

വലിയൊരു അലര്‍ച്ചകേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. ''എന്താ... എന്തുപറ്റി...'' അച്ഛന്‍ ചാടിയെണീറ്റ് ടോര്‍ച്ചെടുത്തു. അതിന്റെ വെട്ടത്തില്‍ ഞാന്‍ കണ്ടു. കല്ലുപോലെ നിശ്ചലമായ കണ്ണുകള്‍ തുറിപ്പിച്ച് വരണ്ടചുണ്ടും നിലച്ചഹൃദവും നാഡികളുമായി ശവപ്പെട്ടിയില്‍നിന്ന് എണീറ്റതുപോലെ കിടക്കയിലിരിക്കുന്ന മണിയേട്ടന്‍. അച്ഛന്‍ എത്ര വിളിച്ചിട്ടും മണിയേട്ടന് അനക്കമില്ല. ഞാന്‍ ആ കൈകള്‍ തൊട്ടുനോക്കി. അത് മഞ്ഞുപോലെ തണുത്തിരിക്കുന്നു. ഡ്രാക്കുളയുടെ അതേ കൈ.

ഉറക്കംപോയ ദേഷ്യത്തില്‍ അച്ഛന്‍ മുട്ടന്‍തെറിയോടെ മണിയേട്ടന്റെ ചുമലില്‍പ്പിടിച്ച് ശക്തമായി കുലുക്കി.

അപ്പോള്‍ മണിയേട്ടന്റെ ചെവിക്കകത്തുനിന്നും ഒരു വവ്വാല്‍ ചിറകടിച്ച് പറന്നുപോകുന്നത് ഞാന്‍ കണ്ടു.

''മനുഷ്യന്റെ ഒറക്കം കളയാനായിട്ട്...''

അച്ഛന്‍ ടോര്‍ച്ച് തലയണക്കരികില്‍വെച്ച് വീണ്ടും ഉറക്കമായി.

പുതപ്പിനകത്തേക്ക് നൂണിറങ്ങുമ്പോള്‍ മണിയേട്ടന്‍ പതുക്കെ ചോദിച്ചു. ''നിനക്ക് ഏട്ന്ന് കിട്ടി ആ പുസ്തകം. ഇങ്ങനേം ഇണ്ടോ ഒരു അണുങ്ങ്....?''

ഈ ഡ്രാക്കുളയാണ് ഒന്‍പതാം ക്ലാസില്‍വെച്ച് എന്നെ ഡിറ്റക്ടീവ് നോവലുകള്‍ എഴുതാന്‍ പ്രേരിപ്പിച്ചത്. നൂറുപേജ് നോട്ട്ബുക്കില്‍ 'കറുത്ത കഴുകന്‍' പിറക്കുന്നത് അങ്ങനെയാണ്.അച്ഛന്‍ ഉറങ്ങിക്കഴിയുമ്പോള്‍ റാന്തല്‍വിളക്കിന്റെ വെട്ടത്തിലിരുന്ന് ആ 'മഹത്തായ കൃതി' എഴുതിക്കൊണ്ടിരിക്കേ പിന്നില്‍ തുറന്നുകിടക്കുന്ന ജനലിനപ്പുറത്തെ കട്ടപിടിച്ച ഇരുട്ടിലേക്ക് ഇടയ്ക്കിടെ ഞാന്‍ പേടിയോടെ നോക്കി.

അവിടെ തെങ്ങില്‍തോപ്പിലെ ഇരുട്ടിനുള്ളില്‍നിന്ന് എന്റെ കഴുത്തിലേക്ക് ചാടിവീഴാന്‍ ഒരു ചെന്നായ തയ്യാറെടുത്ത് കാത്തുനില്‍ക്കുന്നുണ്ടോ. അതിന്റെ നഖങ്ങള്‍ എന്റെ നട്ടെല്ലില്‍ തൊട്ടുവോ ? അതാണോ എനിക്ക് ചൊറിയുന്നത്. ഉടന്‍തന്നെ വിളക്കൂതി കണ്ണുകള്‍ ഇറുക്കിയടച്ച് ഞാന്‍ കിടക്കയില്‍ കമിഴ്ന്നുകിടന്നു.

ഡ്രാക്കുള എഴുതിയതിനുശേഷം സ്വയം നിര്‍മിച്ചെടുത്ത ഭയത്തിന്റെ കോട്ടയ്ക്കകത്തുനിന്ന് രക്ഷപ്പെടാനാവാതെ ബ്രാം സ്റ്റോക്കര്‍ ഒരുമാസത്തോളം വീടിനകത്തുതന്നെ കഴിച്ചുകൂട്ടുകയുണ്ടായി എന്ന് പിന്നീടെവിടെയോ വായിച്ചപ്പോള്‍ എനിക്ക് ചിരിവന്നു.

അച്ഛനെ വിറപ്പിച്ച പ്രഭു

പുസ്തകം വാങ്ങാം

പ്രീഡിഗ്രി കഴിഞ്ഞ സമയത്താണ് വീണ്ടും ഡ്രാക്കുള പ്രത്യക്ഷപ്പെടുന്നത്. ഞങ്ങള്‍ കുടുംബത്തോടെ അച്ഛന്റെ തറവാടായ ഏച്ചിക്കാനത്തേക്ക് താമസംമാറിവന്ന കാലം. പടുകൂറ്റന്‍ പാലയും ഇലഞ്ഞിയും കൂവളവും മാവുകളും ഒരു വലിയ കുളവും ദൈവത്തറകളുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന നാലേക്കര്‍ പുരയിടത്തിനകത്ത് ഒരു അഡാര്‍ നാലുകെട്ട്. ഒട്ടേറെ മുറികള്‍. പ്രസവിക്കാന്‍ ഒരു മുറി. മരിക്കാന്‍ വേറൊരു മുറി. ഇതൊക്കെ എപ്പോള്‍ നടക്കണമെന്ന് തീരുമാനിക്കുന്ന തെയ്യങ്ങള്‍ക്ക് മറ്റൊരു മുറി. കൊട്ടിലകം. മച്ചില്‍ പ്രാവുകളും നരിച്ചീറുകളും ചെന്നായ്ക്കള്‍ ഒഴിച്ചാല്‍ ഡ്രാക്കുളക്കൊട്ടാരത്തിലെ സകല ജീവജാലങ്ങളുമുള്ള ഒരു കോട്ട. വീടിന്റെ രണ്ടുവശവും സെന്‍ട്രല്‍ ജയിലിന്റെ മതിലുപോലെ പത്തുമീറ്റര്‍ ഉയരത്തില്‍ കല്ലുകള്‍ വെട്ടിയിറക്കി കുത്തനെ നില്‍ക്കുകയാണ്. അതിനപ്പുറം കുടുംബവക ശ്മശാനം. പാതിരാത്രിയാകുമ്പോള്‍ മരിച്ചുപോയ മുത്തശ്ശന്മാരും മുത്തശ്ശിമാരും അമ്മാവന്മാരും പുറത്തിറങ്ങും. സകലരുടെ നാവിലുമുണ്ട് പരേതാത്മാക്കളെ കുളക്കരയിലും മാവിന്‍ചോട്ടിലും മേല്‍നിലയിലെ വെഞ്ചാമ്പുറത്തുമൊക്കെ വെച്ച് മീറ്റ്‌ചെയ്ത കഥകള്‍. പോരാത്തതിന് കറന്റുമില്ല. ഡ്രാക്കുളയ്ക്ക് ഏറെ ഇഷ്ടപ്പെടുന്ന അന്തരീക്ഷം.

താഴത്തെ വിശാലമായ മുറിയില്‍ അച്ഛന്റെ പഴയ സപ്രമഞ്ച കട്ടിലിനുപുറത്ത് തറയിലാണ് എന്റെ കിടപ്പ്. അങ്ങനെയിരിക്കേയാണ് എന്റെ മേശപ്പുറത്ത് അച്ഛന്‍ 'ഡ്രാക്കുള' കാണുന്നത്.

വായനശീലമൊന്നുമില്ലെങ്കിലും നേരം കളയാന്‍ അച്ഛനതെടുത്ത് വായന തുടങ്ങി.

പണികിട്ടിയെന്ന് അച്ഛന്റെ മുഖം കണ്ടാലറിയാം. വായിച്ചുതുടങ്ങിയാല്‍ ജോനാതന്‍ കോട്ടയ്ക്കകത്തുപെട്ടതുപോലെയാണ്. താഴെ വെക്കാന്‍പറ്റില്ല. ഭാവനയുടെ മാസ്മരികത ഒരു മലവെള്ളംപോലെ നമ്മെ വലിച്ചുകൊണ്ടുപോകും. പുറത്ത് നല്ല മഴയായിരുന്നു. ഓട്ടില്‍പുറത്തുനിന്നു നാലുകെട്ടിലേക്ക് വെള്ളം വീഴുന്ന ശബ്ദം . അച്ഛന്‍ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്. ഇടയ്ക്ക് എണീറ്റ് വെള്ളം കുടിക്കുന്നുണ്ട്. ഇതൊന്നും പതിവില്ലാത്തതാണ്. ഞാനാകട്ടെ, മഴയുടെ നേര്‍ത്ത തണുപ്പിനോടൊപ്പം പതുക്കെ ഉറക്കത്തിലേക്ക് പോയി.

കുറെ കഴിഞ്ഞപ്പോള്‍ എന്നെ ആരോ തട്ടിവിളിക്കുന്നു.

''എടാ... എടാ...''

പാതിയുറക്കത്തില്‍നിന്ന് ഞാന്‍ കണ്ണുകള്‍ തുറന്നു. ഉറക്കംപോയതിന്റെ അസ്‌കിതയോടെ ഞാന്‍ ചോദിച്ചു.

''എന്തേ ?''

''നീ വേണേ കട്ടിലില്‍ കെടന്നോ?''

അദ്ഭുതം...!!

അച്ഛന്റെ സാമ്രാജ്യം എനിക്ക് തരുന്നു

''അപ്പൊ അച്ഛനോ?''

ഞാന്‍ ചോദിച്ചു.

''നീ ഇന്ന് എന്റെ അടുത്ത് കിടന്നോ''

എനിക്ക് കാര്യം മനസ്സിലായി.

ചിരിയമര്‍ത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു:

''വേണ്ടച്ഛാ. ഈ ലോകം ധീരന്മാര്‍ക്കുള്ളതാണ്.''

പിറ്റേന്ന് അച്ഛന്‍ തന്റെ കട്ടില്‍ അഴിച്ചെടുത്ത് അമ്മയും സഹോദരിയും കിടക്കുന്ന മേല്‍നിലയിലെ മുറിയിലേക്ക് പോയി. പിന്നീടൊരിക്കലും താഴത്തേക്കിറങ്ങിയിട്ടില്ല.

ഇരുപതുപേരുടെ ശക്തിയുള്ള, പ്രതിബിംബമോ നിഴലോ ഇല്ലാത്ത, 'Blood is lives' എന്ന് നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന ഡ്രാക്കുളപ്രഭു ഇന്നും നമുക്കിടയില്‍ ഉണ്ട്. അയാള്‍ ഒരിക്കലും മരിക്കുന്നില്ല. കുരിശിനെയും വെളുത്തുള്ളിയെയും അതിജീവിച്ചുകൊണ്ട് മഞ്ഞിനകത്തെ വീഞ്ഞപ്പെട്ടികള്‍ക്കകത്ത് അയാള്‍ കിടക്കുന്നു. യുവതികളുടെ രക്തംകുടിച്ച് യുവത്വം വീണ്ടെടുക്കുന്നു. മതത്തിലും ജാതിയിലും രാഷ്ട്രീയത്തിലും അഴിമതിയിലും അധികാരത്തിലും ഉദ്യോഗസ്ഥമേധാവിത്വത്തിലും യുദ്ധങ്ങളിലും അയാളുണ്ട്. പാവം ജനം ജോനാതന്‍ ഹാര്‍ക്കറെപ്പോലെ താഴില്ലാത്ത തടവറയില്‍ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളേതാണെന്നുള്ള നിതാന്തമായ അന്വേഷണത്തിലാണ്. ഭാവന ജീവിതത്തെക്കാള്‍ സത്യസന്ധമാകുന്നത് ഇവിടെയാണ്.

Content Highlights: dracula by bram Stoker santhosh echikkanam reading day 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented