അരുന്ധതി റോയിയുടെ ഓട്ടോഗ്രാഫ് വാങ്ങുന്ന സുരേഷ് കുറുപ്പ് (ഫയൽ ചിത്രം), സുരേഷ് കുറുപ്പ്
ഓര്മവെച്ച നാള്‍മുതല്‍ വായന കൂടെയുണ്ടായിരുന്നു. എന്റെ ജ്യേഷ്ഠന് വായിക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ അമ്മാവനും കോട്ടയത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളുമായിരുന്ന വാസുദേവക്കുറുപ്പ് നല്ല വായനക്കാരനായിരുന്നു. അന്ന് ഡി.സി. കിഴക്കേമുറിയുടെയും കാരൂര്‍ സാറിന്റെയും നേതൃത്വത്തില്‍ എന്‍.ബി.എസ്. അതിന്റെ തൊപ്പിയില്‍നിന്ന് തൂവലുകള്‍ പുറത്തെടുത്ത് കേരളത്തെ വിസ്മയിപ്പിച്ചിരുന്ന കാലമാണ്. അതിലൊന്നായിരുന്നു കുട്ടികള്‍ക്കുവേണ്ടി പുറത്തിറക്കിയിരുന്ന സമ്മാനപ്പൊതി. ഒരുകൂട്ടം പുസ്തകങ്ങള്‍ ആകര്‍ഷണീയമായി കൂടിനുള്ളിലാക്കി കുട്ടികള്‍ക്കു സമ്മാനിക്കാന്‍ പാകത്തില്‍ പുറത്തിറങ്ങും. എന്റെ ജ്യേഷ്ഠന് അമ്മാവന് എല്ലാവര്‍ഷവും അതു സമ്മാനമായി നല്‍കും. വായിക്കാന്‍ പറ്റാത്ത ഞാന്‍ അസൂയയോടെ അതു നോക്കി നില്ക്കും. എന്റെ അച്ഛന് ഒരു പുസ്തകവും വായിച്ചിരുന്നില്ല. പക്ഷേ, ഹിന്ദുപത്രം വീട്ടില്‍ വരുത്തുകയും കമ്പോടുകമ്പ് അത് വായിക്കുകയും ചെയ്യുമായിരുന്നു. ആ ശീലം ഇപ്പോഴും ഞാന്‍ കൊണ്ടുനടക്കുന്നു.
വായനയിലേക്ക് അറിയാതെ നടന്നുകയറുകയായിരുന്നു. ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് കോട്ടയം പബ്ലിക് ലൈബ്രറിയില്‍ പ്രവര്‍ത്തിച്ചിരുന്ന കുട്ടികളുടെ ലൈബ്രറിയുടെ സെക്രട്ടറിയായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. എന്റെ സഹപാഠിയും സുഹൃത്തുമായ ശ്രീകുമാറായിരുന്നു പ്രസിഡന്റ്. വളരെവേഗം കോട്ടയത്തെ വിവിധ സ്കൂളുകളില്‍ പഠിച്ചിരുന്ന കുട്ടികളുടെ കൂട്ടായ്മ, കുട്ടികളുടെ ലൈബ്രറി കേന്ദ്രീകരിച്ച് രൂപപ്പെട്ടു. അങ്ങനെ വായന ഗൗരവമായിത്തുടങ്ങി. പബ്ലിക് ലൈബ്രറിയില്‍ ഒരു മെമ്പേഴ്സ് റൂം ഉണ്ടായിരുന്നു. കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തെയും പ്രധാനപ്പെട്ട ആനുകാലികങ്ങള്‍ മുഴുവന്‍ അവിടെയുണ്ടായിരുന്നു. അവിടേക്ക് സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴേ എനിക്കു പ്രവേശനം കിട്ടി. എന്റെ പ്രായത്തിലുള്ള ഒരു സാധാരണ വീട്ടിലെ കുട്ടിക്ക് വായിക്കാന്‍ തരപ്പെടാത്ത പ്രസിദ്ധീകരണങ്ങള്‍ അങ്ങനെ എനിക്കു കരഗതമായി.
വായനയ്ക്ക് എന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ? ഇപ്പോഴും ഉണ്ടോ? വായനയുടെ ഹരത്തില് വായിച്ചുപോയതാണ്. മലയാളത്തിലെ പേരെടുത്ത എഴുത്തുകാരുടെ കൃതികള്‍ ഏതാണ്ട് എല്ലാം സ്കൂള്പ്രീഡിഗ്രി വിദ്യാഭ്യാസ കാലത്തു വായിച്ചുതീര്‍ത്തു. ഞാന്‍ എപ്പോഴോ നോവലിന്റെയും ആത്മകഥ, ജീവചരിത്രങ്ങളുടെയും ചുഴിക്കുള്ളില്‍ പെട്ടുപോയി. ഇന്നുവരെ അതില്‍നിന്ന് പൊങ്ങിയിട്ടില്ല. വായന എന്റെ ഒഴിവുസമയങ്ങളെ സമ്പന്നമാക്കി. അല്ലെങ്കില്‍ എങ്ങനെയും ഞാന്‍ ഒഴിവു സമയം ഉണ്ടാക്കി വായിച്ചു.
പുസ്തകം വിലകൊടുത്തു വാങ്ങേണ്ട ഒന്നാണെന്ന് മനസ്സിലാക്കിത്തന്നത് രണ്ടുപേരാണ്. ഒന്ന് ഞാന്‍ നേരത്തേ പറഞ്ഞ അമ്മാവന് വാസുദേവക്കുറുപ്പ്. അമ്മാവന് നല്ല ഒരു പുസ്തകശേഖരം ഉണ്ടായിരുന്നു. മറ്റൊരാള്‍ കോട്ടയം സി.പി.എം. ഓഫീസിലെ ഓഫീസ് സെക്രട്ടറി ആയിരുന്ന വര്‍ക്കി ആണ്. വര്‍ക്കി തന്റെ തുച്ഛമായ വരുമാനം മുഴുവന്‍ ചെലവഴിച്ചത് പുസ്തകം വാങ്ങിക്കാനാണ്. കനപ്പെട്ട പുസ്തകങ്ങള്‍ വര്‍ക്കി വാങ്ങുന്നതും വായിക്കുന്നതും കാണുന്നത് എനിക്ക് ഹരമായിരുന്നു. വര്‍ക്കിയുടെ പക്കല്‍നിന്ന് എത്രയോ പുസ്തകങ്ങള്‍ വാങ്ങി വായിച്ചു. പലതും മനസ്സിലാകാതെ തിരികെക്കൊടുത്തു. ഏറ്റവും ആകര്‍ഷിച്ചത് ചെഗുവേരയുടെ (അന്ന് അദ്ദേഹം ഇത്രയും കള്‍ട്ട് ഫിഗര്‍ അല്ല) ഡയറിയും ഗറില്ല യുദ്ധമുറയെയും പറ്റിയുള്ള പുസ്തകങ്ങളാണ്. റെഗീസ് ദെബ്രേയുടെ െറവലൂഷന് ഇന്‍ ദ െറവലൂഷന് വര്‍ക്കി തന്നു. ഒരക്ഷരം മനസ്സിലാകാതെ തിരികെ കൊടുത്തു. സാര്‍ത്രിന്റെ ബീയിങ് ആന്‍ഡ് നത്തിങ്നസ് തന്നു. ഒരു പേജ് വായിച്ച് തിരികെ കൊടുത്തു. പക്ഷേ, സാര്‍ത്രിന്റെ ആത്മകഥ വേഡ്സ് സന്തോഷപൂര്‍വം വായിച്ചു. എന്നെ വായനയില്‍ പിടിച്ചു നിര്‍ത്തിയതില്‍ വര്‍ക്കിക്ക് വലിയ പങ്കുണ്ട്. വര്‍ക്കി ഇപ്പോള്‍ വാര്‍ധക്യവും രോഗവും ബാധിച്ച് കിടപ്പിലാണ്.
.jpg?$p=2c18c2c&w=610&q=0.8)
പുസ്തകങ്ങളില്‍നിന്ന് പുസ്തകങ്ങളിലേക്ക് ...
ആദ്യമായി സ്വന്തം പണം കൊടുത്തുവാങ്ങിയ പുസ്തകം മാധവിക്കുട്ടിയുടെ പക്ഷിയുടെ മണം ആയിരുന്നു. രണ്ടുരൂപയായിരുന്നു വില. മാധവിക്കുട്ടി പൊലിച്ചു. അന്നുമുതല്‍ ഇന്നുവരെ പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും പുസ്തകം വാങ്ങിക്കൂട്ടിക്കൊണ്ടേയിരിക്കുന്നു. നോവലുകള്‍ വര്‍ഷങ്ങളായി എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്നിട്ടും ലോകത്തിറങ്ങിയ നല്ല നോവലുകളുടെ ഒരു മൂലമാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ. ഏറ്റവും ഇഷ്ടപ്പെട്ട നോവലുകള്‍ ഇതാഎല്ലാവരും മാര്‍ക്കേസിന്റെ ഇഷ്ടപ്പെട്ട പുസ്തകമായി ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ പറയും. അത് ഞാന്‍ കൈയില്‍നിന്ന് താഴ്ത്തിെവക്കാതെ വായിച്ചു തീര്‍ത്ത പുസ്തകമാണ്, ബസിലും ട്രെയിനിലും ഒക്കെയായി. ഒരിക്കല്‍ ബസില്‍ ഈ പുസ്തകം വായിക്കുന്നു. ജനാലയ്ക്കരികിലെ സീറ്റിലാണ് ഞാന്‍ ഇരിക്കുന്നത്. മുഖത്തേക്ക് എന്തോ വെള്ളം വീഴുന്നുണ്ട്. ഞാന്‍ ഒന്നു തുടച്ചു, വീണ്ടും തുടച്ചു. മൂന്നാമത് തുടയ്ക്കുന്നതിനു മുമ്പ് മാര്ക്കേസില്നിന്ന് കണ്ണെടുത്ത് ചുറ്റും നോക്കി. ബസിന്റെ ഷട്ടര്‍ മുഴുവന്‍ വീണിരിക്കുന്നു. രണ്ടു സീറ്റിന്റെ മുന്പിലിരിക്കുന്ന സ്ത്രീ ഛര്ദിച്ചുകൊണ്ടേയിരിക്കുന്നു. മലയാളി വായിച്ച് ആഘോഷിച്ച ഈ മാര്‍ക്കേസ് നോവലിനെക്കാള്‍ ക്രോണിക്കിള്‍ ഓഫ് എ െഡത്ത് ഫോര്‍റ്റോള്‍ഡ് എന്ന നോവലാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ശില്പഭദ്രമായ ആറ്റിക്കുറുക്കിയ ഒരു നോവല്‍. ടോള്‍സ്റ്റോയിയുടെ അന്നാ കരേനീന എങ്ങനെ മറക്കാന്‍? ലോകത്തിലെ ഏറ്റവും മഹത്തായ നോവല്‍ ഏതെന്നു ചോദിച്ചാല്‍ എനിക്ക് ഒരു ഉത്തരമേ ഉള്ളൂ: അന്നാ കരേനീന. വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ എന്റെ സ്വന്തം നോവലാണ്.

ആത്മകഥയും ജീവചരിത്രങ്ങളും എന്റെ ജീവിതമാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ വായിച്ച എ.കെ.ജി.യുടെ ആത്മകഥയാണ് എന്നെ എസ്.എഫ്.ഐ.യിലും പിന്നീട് സി.പി.എമ്മിലും എത്തിച്ചത്. എന്തൊരു ജീവിതം! ജവാഹര്‍ലാല്‍ നെഹ്രുവിന്റെയും ഇ.എം.എസിന്റെയും ആത്മകഥകള്‍ എന്നെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. ചെറുകാടിന്റെ ജീവിതപ്പാത മലയാളത്തിലെ എക്കാലത്തെയും വലിയ ആത്മകഥകളിലൊന്നായി എനിക്ക് അനുഭവപ്പെട്ടു. നെഹ്രുവിന്റെ കൃതികള്‍ മുഴുവന്‍ വായിച്ചിട്ടുണ്ട്. ഇപ്പോഴും ഇടയ്ക്ക് വിശ്വചരിത്രാവലോകനം വായിക്കും. ഒരു ടെക്സ്റ്റ് ബുക്കുപോലെ. ഞാന്‍ നെഹ്രുവിന്റെ കറകളഞ്ഞ ആരാധകനാണ്. ഇവയെല്ലാം എന്നിലെ രാഷ്ട്രീയമനസ്സിനെ രൂപപ്പെടുത്തി. ഭഗത് സിങ്ങിന്റെ ജീവചരിത്രം മനുഷ്യന് എത്രമാത്രം ധീരനാകാം എന്ന് എന്നെ പഠിപ്പിച്ചു. നെല്‍സണ്‍ മണ്ടേല ഉറപ്പായി തൂക്കുകയര്‍ കിട്ടുമെന്ന മുന്നറിയിപ്പ് അവഗണിച്ച് കോടതിയില്‍ വായിച്ച പ്രസ്താവന ലോകത്തെ എല്ലാ അനീതിക്കും എതിരായ പോരാട്ടത്തിന്റെ വേദവാക്യമാണ്. മണ്ടേല ജീവിച്ച കാലത്തുതന്നെയാണ് ഞാനും ജീവിച്ചത് എന്നത് എന്നെ അഭിമാനം കൊള്ളിക്കുന്നു. ആങ് സാങ് സ്യൂചിയുടെ അസാധാരണമായ സ്ഥൈര്യവും ധൈര്യവും എന്നെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒഴിവുസമയവിനോദമായി തുടങ്ങിയ വായന എന്റെ ജീവിതത്തെ സമ്പന്നമാക്കി. ഏതു സങ്കടത്തെയും പ്രതിസന്ധിയെയും നിസ്സംഗതയോടെ നേരിടാന്‍ പ്രാപ്തനാക്കി. എന്റെ ജീവിതത്തെ ശാന്തമാക്കി. ട്രോട്സ്ക്കിയുടെ ജീവിതം എന്നെ പോരാട്ടമെന്തെന്ന് പഠിപ്പിച്ചു. എം.എന്‍. റോയിയുടെ ജീവചരിത്രം അവിസ്മരണീയമായി എന്നില്‍ ശേഷിക്കുന്നു. ആവേശത്തോടെ വായിച്ചുതീര്‍ത്ത ജീവിതസ്മരണകളാണ് അകിര കുറസോവയുടെ Something like an autobiography, ചാര്‍ളി ചാപ്ളിന്റെ My Autobiography, ഇസഡോറ ഡങ്കന്റെ My Life എന്നിവ. ഇതിനൊപ്പം ഞാന്‍ വെക്കും മാധവിക്കുട്ടിയുടെ My Story റോസി തോമസിന്റെ ഇവന് എന്റെ പ്രിയ സി.ജെ.യും.
നോവലുകളുടെ ലോകത്ത്


അരവിന്ദന്, വി.കെ. കൃഷ്ണമേനോന്, മുഹമ്മദലി ജിന്ന..
മാതൃഭൂമിയുടെ ആഴ്ചപ്പതിപ്പിന്റെ അവസാനപേജും അതിലെ ചെറിയമനുഷ്യരും വലിയലോകവും പതിയെയാണ് വായിച്ചു തുടങ്ങിയത്. പിന്നീട് ആദ്യം വായിക്കുന്നത് അവസാന പേജായി. വലിയ ലോകത്തിലെ വലിയ മനുഷ്യരില്‍ ഒരാളായ അരവിന്ദനെ വര്‍ഷങ്ങള്‍ക്കുശേഷമാണ് കാണുന്നതും പരിചയപ്പെടുന്നതും. തിരുവനന്തപുരത്തു വെച്ചാണ് അരവിന്ദന് ചേട്ടന്റെയും ലീലച്ചേച്ചിയുടെയും സ്നേഹവലയത്തില്‍ ചെന്നുപെട്ടത്. ലീലച്ചേച്ചിയുടെ വാത്സല്യം ഇപ്പോഴും എനിക്ക് കിട്ടിക്കൊണ്ടേയിരിക്കുന്നു. കഥകള്‍ വായിച്ച് ആരാധകനായതിനുശേഷമാണ് പത്മനാഭനുമായി അടുക്കുന്നത്. കഥകളെപോലെത്തന്നെ പത്മനാഭേട്ടനും എനിക്ക് പ്രിയങ്കരനാണ്. അങ്ങനെ സാഹിത്യത്തിന്റെ വായന കാരണം അതിന്റെയൊരു തുടര്‍ച്ചപോലെ അവരില്‍ ചിലരെ കാണാനും അവരുടെ സ്നേഹം കിട്ടാനും എനിക്ക് അവസരം കിട്ടി.

സ്റ്റാന്‍ലി വോള്പോള്ട്ട് എഴുതിയ മുഹമ്മദലി ജിന്നയുടെ ജീവചരിത്രം ജിന്നയെ വേറൊരു വീക്ഷണത്തില്‍ കാണാന്‍ എന്നെ പ്രേരിപ്പിച്ചു. ബാലഗംഗാധരതിലകന്റെയും സരോജിനി നായിഡുവിന്റെയും അടുത്ത സുഹൃത്തായിരുന്ന മതേതരവാദിയായിരുന്ന ജിന്ന പതിയെപ്പതിയെ കടുത്ത വര്‍ഗീയതയിലേക്ക് നീങ്ങുന്ന കാഴ്ചകണ്ട് നമുക്ക് ദുഃഖംതോന്നും. ജിന്നയുടെ തകര്‍ന്ന ദാമ്പത്യത്തിന്റെ ഒരു നേര്‍ച്ചിത്രമാണ് ഷീലാ റെഡ്ഡിയുടെ മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് ജിന്ന. ഷീലാ റെഡ്ഡിയുടെ ശ്രമകരമായ ഗവേഷണം അതിനുപിന്നിലുണ്ട്.
ഇന്ത്യയിലെയും കേരളത്തിലെയും ഏതാണ്ട് എല്ലാ രാഷ്ട്രീയനേതാക്കളുടെയും ആത്മകഥയും ഞാന്‍ ജീവചരിത്രവും ഞാന്‍ വായിച്ചു തീര്‍ത്തിട്ടുണ്ട്. പി. കൃഷ്ണപിള്ള, പട്ടം താണുപിള്ള, ടി.എം. വര്‍ഗീസ്, ടി.വി. തോമസ്, ഗൗരിയമ്മ, ആര്. ശങ്കര്‍, പനമ്പള്ളി, കുമ്പളത്ത് ശങ്കുപിള്ള, എ.പി. ഉദയഭാനു, സി. കേശവന്, എ.ജെ. ജോണ്‍, കെ.പി. കേശവമേനോന്, എന്നിങ്ങനെ ഏതാണ്ട് എല്ലാവരുടെയും. കുമ്പളത്തിന്റെ ശക്തി, എ. ജെ. ജോണിന്റെ സത്യസന്ധത, പട്ടത്തിന്റെ അധൃഷ്യത, ടി.വി. യുടെ തന്റേടവും തലയെടുപ്പും ബുദ്ധിശക്തിയും, ഗൗരിയമ്മയുടെ സ്ഥൈര്യവും ധൈര്യവും, എം.എന്റെ നൈര്‍മല്യമുള്ള ജീവിതം, ശ്രീകണ്ഠന് ചേട്ടന്റെ പോരാട്ടവീര്യം, പനമ്പള്ളിയുടെ ആഴത്തിലുള്ള അറിവും പാര്‍ലമെന്ററി വൈദഗ്ധ്യവും ഇവയെല്ലാം എന്റെ രാഷ്ട്രീയമനസ്സിനെ സ്വാധീനിച്ചിട്ടുണ്ട്. അടുത്തകാലത്ത് എന്നെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു രാഷ്ട്രീയസ്മരണ കൊബാഡ് ഗണ്ടിയുടെ ജയില്‍ സ്മരണകളാണ് Fractured Freedom: A Prison Memoir.
ഞാന്‍ ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എനിക്ക് ലഭിച്ച ഒരു ടെലിഗ്രാം ഇപ്പോഴും ആവേശമുണ്ടാക്കുന്ന ഒന്നാണ്. സുഹൃത്തും ഇന്ന് അറിയപ്പെടുന്ന ദാര്‍ശനികനുമായ പ്രൊഫസര്‍ വി. സനില്‍ 1984ല്‍. 'മനോലിയോസ് , മനോലിയോസ്' എന്ന രണ്ടു വാക്കുകളാണ് അയച്ചത്. അക്കാലത്ത് ഞങ്ങളെ എല്ലാം ആകര്‍ഷിച്ച നിക്കോസ് കസാന്ദ സാക്കീസിന്റെ The Greek Passion-se അവിസ്മരണീയ കഥാപാത്രമായിരുന്നു മനോലിയോസ്. അതുപോലെത്തന്നെ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഒരു പുസ്തകമാണ് പാബ്ലോ നെരൂദയുടെ ജീവിതസ്മരണകള്‍. ഒക്ടാവിയോ പാസിന്റെ കി Light of Indiaയും, അംബേദ്കറിന്റെ Annihilation of Caste ഉം ആഴത്തില്‍ സ്വാധീനിച്ചു. സര്‍വേപ്പള്ളി ഗോപാല്‍ എഴുതിയ എസ്. രാധാകൃഷ്ണന്റെ ജീവചരിത്രം ഇപ്പോഴും ഞാന്‍ ഇടയ്ക്കെടുത്ത് വായിക്കാറുണ്ട്, അത്ര മനോഹരമാണത്.

വായന തന്നത്
അങ്ങനെ വായന ഞാന്‍ അനുസ്യൂതം തുടരുന്നു. വായനയ്ക്കുവേണ്ടിയുള്ള വായന. പ്രത്യേകിച്ച് കാരണമില്ലാത്ത വായന. അത് എന്റെ സ്വകാര്യ അഭിമാനവും പരാജയവുമാണ്. എന്റെ സുഹൃത്തുക്കളായ തോമസ് ഐസക്കും സി.പി. ജോണും അവരുടെ വായന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുന്ന വായനയാക്കി. ഐസക് സാമ്പത്തികശാസ്ത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ജോണ്‍ തനിക്ക് പ്രിയപ്പെട്ട വിഷയങ്ങള്‍ മാത്രമേ വായിക്കൂ. അതിന്റെ ഫലമായി മൂലധനം ഓരോ അധ്യായവും ലളിതസുഭഗമാക്കി ജോണ്‍ മലയാളത്തിലാക്കി ഇപ്പോള്‍ പ്രസിദ്ധീകരിച്ചു. എല്ലാകാലത്തെയും വലിയ രണ്ടു വായനക്കാരെ പരിചയപ്പെടാനും ഇടപഴകാനും സാധിച്ചു എന്നത് വലിയ സന്തോഷമാണ്. ഒന്ന് പി. ഗോവിന്ദപ്പിള്ള എങ്ങനെയാണ് ഇതുപോലെ വായിക്കുന്നത്? സൂര്യനുതാഴെയുള്ള എല്ലാകാര്യങ്ങളിലും പി.ജി.ക്ക് അറിവുണ്ടായിരുന്നു. അങ്ങനെ ഒരു വായനക്കാരന് ഇന്ന് കേരളത്തില്‍ ഇല്ല. മറ്റൊരാള്‍ ഗോവിന്ദന് എസ്. തമ്പി. കേരളം വേണ്ടത്ര അറിയാതെ പോയ ഒരാള്‍. വലിയ വായനക്കാരനും അതിലും വലിയ ഓര്‍മശക്തിയുമുള്ള ഒരാള്‍. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ച തമ്പിച്ചേട്ടന് കുറച്ചുനാള്‍ മുമ്പ് അന്തരിച്ചു. എസ്. ജയചന്ദ്രന് നായര്‍ സാറിന്റെ വായന എന്നെ അസൂയപ്പെടുത്തുന്ന ഒന്നാണ്. വായനയ്ക്കുവേണ്ടി ജീവിക്കുന്ന ഒരാള്‍. എന്റെ സുഹൃത്ത് എസ്. ഗോപാലകൃഷ്ണന് എന്റെ വായനയെ മുമ്പോട്ടു കൊണ്ടുപോകുന്നതില്‍ നിര്‍ണായകപങ്കാണ് വഹിക്കുന്നത്. ഓരോ പുസ്തകത്തെയും ഒരു കൊച്ചുകുട്ടിക്ക് കിട്ടുന്ന ഇഷ്ടപ്പെട്ട പലഹാരംപോലെയാണ് ഗോപാലകൃഷ്ണന് കാണുന്നത്. അതു കാണുമ്പോള്‍ എനിക്ക് അസൂയ വരും. വായിച്ച നല്ല പുസ്തകങ്ങളെക്കുറിച്ച് എന്നോടുപറയുകയും അവ എനിക്ക് എത്തിച്ചുതരുകയും ചെയ്യാറുണ്ട് ഡോ. ബി. ഇക്ബാല്‍. പുതിയ പുസ്തകങ്ങള്‍ ആദ്യം ശ്രദ്ധയില്‍പ്പെടുത്തുന്ന മറ്റൊരാള്‍ ഹൈക്കോടതി അഭിഭാഷകനായ സുഹൃത്ത് അശോക് കുമാറാണ്. മനു എസ്. പിള്ളയുടെ 700 പേജുകളുള്ള Ivory Throne വായിച്ചിട്ട് അശോക് എന്നോട് പറഞ്ഞു. ആദ്യത്തെ 400 പേജ് വായിച്ചാല്‍ മതി എന്ന്; അത് ശരിയായിരുന്നുതാനും.
വായന എനിക്ക് എന്തു തന്നു എന്ന് ചോദിച്ചാല്‍ എല്ലാം തന്നു. സന്തോഷം, സന്താപം, സൗഹൃദം, സ്നേഹം, അനുകമ്പ, ആര്ദ്രതജീവിതത്തിന്റെ അര്ഥമില്ലായ്മ മനസ്സിലാക്കിത്തന്നു നിസ്സംഗത തന്നു. (ഇതെല്ലാം എന്റെ തോന്നലുകളാണോ?)

പ്രശസ്ത ബംഗാളി നോവലിസ്റ്റ് ശങ്കര്‍ എഴുതിയ, സ്വാമി വിവേകാനന്ദന്റെ ആരും അറിഞ്ഞിട്ടില്ലാത്ത വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്ന The Monk As Man എന്ന പുസ്തകം ഇപ്പോള്‍ വായിക്കുന്നു. തൊട്ടുമുമ്പ് പി. രാംകുമാര്‍ എഴുതിയ എടത്തട്ട് നാരായണന്റെ ജീവചരിത്രവും അയ്യപ്പപ്പണിക്കര്‍ സാറിനെക്കുറിച്ച് അദ്ദേഹത്തിന്റെ സഹോദരി ലക്ഷ്മിക്കുട്ടിയമ്മ എഴുതിയ ഓര്മക്കുറിപ്പും വായിച്ചു തീര്‍ത്തു. രണ്ടും നല്ല പുസ്തകങ്ങളാണ്. അങ്ങനെ ജീവചരിത്രത്തില്‍നിന്ന് നോവലിലേക്കും വീണ്ടും ജീവചരിത്രത്തിലേക്കും അനുസ്യൂതം ഞാന്‍ പൊയ്ക്കൊണ്ടേയിരിക്കുന്നു. ഖേദമില്ലാതെ. തികച്ചും സന്തോഷവാനായി.
എം. കൃഷ്ണന് നായരുടെ സന്തോഷം
ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസിലെ ഇപ്പോള്‍ നിന്നുപോയ 'ബുക്ക് വേം' എന്ന പുസ്തകശാല തലസ്ഥാനത്തെ പ്രധാനപ്പെട്ട ഒന്നായിരുന്നു. ഇടയ്ക്കിടയ്ക്ക് അവിടം സന്ദര്‍ശിച്ചാല്‍ പുതിയ പുസ്തകങ്ങള്‍ നോക്കാം. ചിലത് മേടിക്കാം. രണ്ട്, ഒരുദിവസം ഞാന്‍ ബുക്ക് വേമില്‍ ചെല്ലുമ്പോള്‍ ദാ എന്റെ കണ്മുമ്പില് മാര്‍ക്കേസിന്റെ കോളറക്കാലത്തെ പ്രണയം ഇരിക്കുന്നു. ഇംഗ്ലീഷ് പരിഭാഷ ഇറങ്ങിയതേയുള്ളൂ. അപ്പോള്‍ത്തന്നെ ഞാന്‍ അത് സ്വന്തമാക്കി. പിറ്റേ ദിവസം ഞാന്‍ തിരുവനന്തപുരത്തിനു പോകുകയായിരുന്നു. പുസ്തകം ഞാന്‍ പതുക്കയേ വായിക്കൂ. പ്രയോജനമുള്ള ആര്‍ക്കെങ്കിലും വായിക്കാന്‍ കൊടുത്താലോ? അങ്ങനെ നാട്ടുകാര്‍ക്ക് പ്രയോജനം ലഭിക്കാന്‍ എം. കൃഷ്ണന് നായര്‍ സാറിന് പുസ്തകം നല്കാന് തീരുമാനിച്ചു. ഹൊ! പുസ്തകം കണ്ടപ്പോള്‍ കൃഷ്ണന് നായര്‍ സാറിന്റെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു.! അമ്പലപ്പുഴ പാല്‍പ്പായസം കണ്ടപോലെ. പിറ്റേ ആഴ്ചത്തെ മനോരമ സണ്‍ഡേ സപ്ലിമെന്റില്‍ പുസ്തകത്തെക്കുറിച്ചുള്ള സാറിന്റെ നീണ്ട ലേഖനം വന്നു. പിന്നെ കലാകൗമുദിയില്‍ എന്നെക്കുറിച്ച് നല്ല ചില വാചകങ്ങളും!
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..