പരശുരാമന്‍ സ്വന്തം മാതാവിനോട് ചെയ്തതല്ലാ മക്കളായ മലയാളി അനുവാചകര്‍ ബാലാമണിയമ്മയോടും ചെയ്തത്...


കല്‍പ്പറ്റ നാരായണന്‍

പക്ഷെ, അമ്മയുടെ ശിരസ്സിനൊപ്പം, ആ സൗമ്യോദാരമായ മുഖത്തിനൊപ്പം പരശുരാമന്റെ ആന്തരിക സ്വസ്ഥതയും എന്നേക്കുമായി അറ്റുവീണിരുന്നു. പിന്നീടുള്ള ദുഷ്‌കര്‍മ്മങ്ങളേയെല്ലാം അതെളുതാക്കിയിരിക്കണം. പ്രതികാരത്തില്‍ എന്നും തിളച്ചുപൊന്തിയത് അതുണ്ടാക്കിയ ആത്മതാപവുമായിരിക്കണം. ആശ്രമത്തിലെ മരത്തണലുകളില്‍ അയാള്‍ക്ക് പഴയ പോലെ ഇരിക്കാനാവുന്നില്ല.'

ബാലാമണിയമ്മ, കൽപ്പറ്റ നാരായണൻ

നുഷ്യന്‍ ഒരു പുല്ലിംഗ പ്രത്യയാന്തപദമാണ്. അത് പുരുഷന് സ്ത്രീയുള്‍പ്പെടെയുള്ള മാനുഷ്യകത്തെ പ്രതിനിധാനം ചെയ്യാനുള്ള അധികാരം നല്‍കുന്നു. അത് മനുഷ്യാപദാനങ്ങളെ പുരുഷാപാദനങ്ങളാക്കുന്നു. മനുഷ്യന്‍ എത്ര മഹത്തായ പദം, ഒരു മനുഷ്യന്‍ (ബഷീര്‍), മനുഷ്യന്‍ (കെ.ദാമോദരന്‍) എന്നീ മനുഷ്യാപദാനങ്ങളൊക്കെ ഫലത്തില്‍ പുരുഷാപദാനങ്ങളാണെന്നറിയുക. സ്ത്രീക്ക് അവളെയല്ലാതെ മനുഷ്യനെ പ്രതിനിധാനം ചെയ്യാനാവാഞ്ഞതിന്റെ കാരണങ്ങളില്‍ മുഖ്യം ഇതാണ്. പുരുഷന്‍ മനുഷ്യന്റെ പ്രാതിനിധ്യത്തിന്റെ കുത്തകയേറ്റെടുത്തതോടെ സ്ത്രീ അപരയായി. ട്രാന്‍സ്‌ജെന്റര്‍ അപരയായി. ദൈവം സ്വപ്രതിച്ഛായയില്‍ സൃഷ്ടിച്ചതാണ് മനുഷ്യനെ എന്നതിന്റെ വിവക്ഷ പുരുഷന്‍ ദൈവത്തിന്റെ പ്രതിഛായയിലാണ് എന്നും സ്ത്രീ ദൈവപ്രതിഛായയിലല്ല എന്നും ആണല്ലോ. ദൈവേച്ഛ മനുഷ്യനില്‍, അവളിലോ പുരുഷേച്ഛ എന്നാണ് അവന്റെ വാരിയെല്ല് കൊണ്ട് അവള്‍ സൃഷ്ടിക്കപ്പെട്ടു എന്ന മിത്തിലെ സൂചനയും. അവനിലൂടെ പറഞ്ഞാലോ അവനെ പറ്റിയും അവളെ പറ്റിയും പറയാം, അവളിലൂടെ പറഞ്ഞാലോ അവളെപ്പറ്റി ഭാഗികമായി മാത്രവും (അവളത്രക്കൊന്നുമില്ല). അവന്‍ ലോകത്തിലെ മുഴുവന്‍ മനുഷ്യരേയും ആണ്‍ പെണ്‍ ട്രാന്‍സെന്റ് ദേദമില്ലാതെ പ്രതിനിധീകരിക്കുന്നു. മുഴുവന്‍ പേരെയും പ്രതിനിധീകരിക്കുന്നതിനാല്‍ അവന്‍ ഒറ്റയ്ക്കായിരിക്കുമ്പോഴും ഒറ്റയ്ക്കല്ല. അവന്‍ പലരാണ്. അവന്റെ ഹോം ലാന്റാണ് ലോകം. ലോകത്തിലെ (വേള്‍ഡ് എന്ന പദത്തിന്റെ ധാത്വര്‍ത്ഥവും പുരുഷന്‍ എന്നാണ്) തോത്(scale) അവനാണ്. രണ്ടാള്‍പൊക്കവും നാലാള്‍ത്താഴ്ച്ചയുമെല്ലാം അവനെ മാത്രം കണക്കാക്കിയാണ് സങ്കല്‍പ്പിക്കപ്പെടുന്നത്. (അപരരെല്ലാം അത് തിരിച്ചറിയാതെ അപകടത്തില്‍ പെടുന്നു) പ്രതിനിധിയായി അവനെ മാത്രം കാണുന്നതിലെ, കണക്കാക്കുന്നതിലെ അപകടത്തെപ്പറ്റി അമേരിക്കന്‍ കവിയായ മറിയല്‍ റുക്കേസര്‍ 'മിത്ത്'എന്ന കവിത എഴുതിയിട്ടുണ്ട്.

താന്‍ പിതൃഘാതകനാണെന്നും താന്‍ ആര്‍ക്കൊപ്പം രമിക്കുന്നുവോ അവള്‍ തന്റെ അമ്മയാണെന്നും തിരിച്ചറിഞ്ഞ പശ്ചാത്താപവിവശനായ ഈഡിപ്പസ് രാജാവ് രാജ്യമുപേക്ഷിച്ച് കണ്ണ് രണ്ടും കുത്തിപ്പൊട്ടിച്ച് തെരുവിലലയുന്നു. യാദൃച്ഛികമായി സ്പീങ്‌സിനെ കണ്ടുമുട്ടിയ ഈഡിപ്പസ് അതിനോട് (വാസ്തവത്തില്‍ അവന്‍ എന്നോ അവള്‍ എന്നോ പറയുന്നതേക്കാള്‍ ഇരുവരേയും പ്രതിനിധീകരിക്കുന്ന ട്രാന്‍സ്ജന്ററിനെ മുന്‍നിര്‍ത്തി അത് എന്നു പറയുന്നതാവുമോ രാഷ്ട്രീയമായ ശരി? അര്‍ദ്ധനാരീശ്വരനാണോ കൂടുതല്‍ ശക്തനായ ദൈവം?) ചോദിക്കുന്നു; ഞാന്‍ ശരിയായ ഉത്തരമായിരുന്നില്ലേ പറഞ്ഞത്? അല്ല, രാവിലെ നാല് കാലിലും ഉച്ചയ്ക്ക് രണ്ടുകാലിലും വൈകുന്നേരം മൂന്നു കാലിലും സഞ്ചരിക്കുന്നതാരാണ് എന്ന എന്റെ ചോദ്യത്തിന് പുരുഷന്‍(man) എന്നാണ് അങ്ങ് ഉത്തരം പറഞ്ഞത്. അങ്ങ് സ്ത്രീയേ കണ്ടതേയില്ല. എത്രത്തോളം അങ്ങ് സ്തീയെ കണ്ടില്ല എന്നത് രൂപകമാക്കി വലുതാക്കി അതിലുടെ വിധി അങ്ങേയ്ക്ക് അങ്ങയെ കാട്ടിത്തരികയായിരുന്നു. ഭാര്യ സ്വന്തം അമ്മയാണെന്ന് അങ്ങ് അറിയാതിരുന്നത് സ്ത്രീയെ തിരിച്ചറിയാന്‍ അങ്ങയ്ക്ക് കഴിയാതിരുന്നതതിനാലാണ്. ('നിന്ന ഭാവത്തിലനുഭവിക്കുന്നു ഞാന/ മ്മയെ പണ്ട് പിരിഞ്ഞതിന്‍ വേദന' എന്ന് ആറ്റൂര്‍ രവിവര്‍ മ്മ എഴുതിയിട്ടുണ്ട്. സ്ത്രീയെ അനാദരിക്കുമ്പോള്‍ നിരാകരിക്കുമ്പോള്‍ സ്ത്രീ ആദ്യമവതരിച്ചത് നിന്റെ അമ്മയായിട്ടായിരുന്നു എന്നത് മറക്കരുത് എന്ന് ഗാന്ധിയും പറഞ്ഞിട്ടുണ്ട്.)

സ്ത്രീ അങ്ങേയ്ക്ക് ഒരുപയോഗം മാത്രമുള്ള ഉപകരണമായിരുന്നു. ( a means to an end). അതിലെ കുറ്റവും അതിനങ്ങനുഭവിച്ച ശിക്ഷയും ഭാവനയുടെ കാചത്തിലൂടെ കണ്ടാല്‍ ഈഡിപ്പസ് രാജാവേ അങ്ങയുടെ കഥയായി. ഹോബ്‌സ് പറയുമ്പോലെ മത്സരിയായ പുരുഷന്റെ ഇതര പുരുഷമാരെല്ലാം ശത്രുക്കളും സ്തീകളൊക്കെ ലൈംഗികോപായങ്ങളുമായ പതനത്തിന്റെ ആവിഷ്‌ക്കാരവുമാണത്. കുറ്റാന്വേഷകന്‍ താന്‍ തന്നെയാണ് കുറ്റവാളി എന്ന് ഏറ്റവുമൊടുവില്‍ കണ്ടെത്തുന്ന കുറ്റാന്വേഷണ കഥയാണ് സോഫോക്‌ളിസിന്റെ ഈഡിപ്പസ് റെക്‌സ് എന്ന് ബോര്‍ഹെസ് പറയുന്നു. പുരുഷന്റെ കുറ്റത്തിന്റെ നാടകീയാവിഷ്‌കാരവുമാണത് എന്ന് ഫ്‌റോയ്ഡും കണ്ടു. ആണായതിനാലാവാം ഫ്‌റോയ്ഡിന്റെ കോംപ്‌ളക്‌സും നാടകത്തിലെ പിതൃഹത്യയേ മാത്രമേ കണ്ടുള്ളു, മാതാവിന്റെ ദുരന്തം കണ്ടില്ല. അതിന്റെ കാരണമാവട്ടെ സ്ത്രീയുടെ അദൃശ്യതയും. സ്ത്രീ അവള്‍ മാത്രം. അപ്പോള്‍ മാത്രം. ഇതര സ്ത്രീകളേയോ പുരുഷന്മാരെയോ ഇതരസന്ദര്‍ഭങ്ങളിലെ തന്നെത്തന്നേയോ അവള്‍ പ്രതിനിധീകരിക്കുന്നില്ല. അവള്‍ കഷ്ടിച്ചവള്‍, അവനോ അവനേക്കാള്‍. അവനെക്കൂടി പ്രതിനിധാനം ചെയ്യാന്‍ ശേഷിയുള്ള സ്തീ കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുകയും സ്ത്രീ സ്വന്തം രചനകളിലുടെയും, പ്രവര്‍ത്തനങ്ങളിലൂടെയും സ്വയം മനുഷ്യപ്രതിനിനിധിയായി മാറുകയും ചെയ്യുന്നതാവാം ഇതിനുള്ള പ്രതിവിധി. 'പ്രിയ രാഘവവന്ദനം ഭവാനുയരുന്നൂ ഭുജശാഖവിട്ടു ഞാന്‍ 'എന്ന്മര്‍ത്ത്യപ്രാതിനിധ്യത്തിലേക്കുയര്‍ന്നൂ ആശാനിലൂടെ സീത. ആശാന്റെ സ്ത്രീ കഥാപാത്രങ്ങള്‍ മര്‍ത്ത്യ പ്രതിനിധാനങ്ങളാണ്. ആശാനില്‍ അവള്‍ അവളേക്കാള്‍. ബാലാമണിയമ്മയുടെ ഓരോ രചനയിലേയും ആഖ്യാനകാരി മലയാള നിരൂപണം തെറ്റിദ്ധരിച്ചത് പോലെ പുരുഷമനസ്സാക്ഷിയുടെ ഒരു സമുന്നതയായ എക്കോ ആയിരുന്നില്ല, സ്വന്തം ഇച്ഛയുടെപൂര്‍ത്തീകരണമായിരുന്നു.

ആശാന്‍ അമ്മയെ കൊന്നു എന്നത് ആത്മനിഷ്ഠമായ ഒരു സത്യമായിരുന്നു. 'ഓര്‍ക്കുമ്പോള്‍ ഫണി പോലെയെന്റെ കരള്‍ ദംശിക്കുന്നതേയമ്മ തന്‍/ നേര്‍ക്കേതും കനിവെന്നി ഹന്ത! നെടുനാള്‍ ഞാന്‍ ചെയ്ത ദുസ്സാഹസം/ ആര്‍ക്കും ദേയമതായ ദര്‍ശനസുഖം താനും തദാശാഭരം/ തീര്‍ക്കും മട്ടുതകീല ഞാന്‍ ഇനി നിനച്ചാലും ഫലിച്ചീടുമോ /തീരട്ടെ വ്യഥ തുള്ളിയശ്രു പൊഴിവിന്‍ നേത്രങ്ങളെ, കണ്ണുനീര്‍/ തോരാതെന്നെ നിനച്ചൊരമ്മ മൃതയായ് ഹാ! ചിന്ത താനന്തരാ/ പാരം ചൂടെഴുമാറു പെയ്തഴല്‍ കെടുത്തീടാത്ത ഘര്‍മ്മാബ്ദമായ്/ പൂരിക്കുന്നതുമെന്റെ നീരസവിവേകത്തിന്‍ ഫലം കേവലം'. ആശാന്റെ പ്രധാന കൃതികളിലെല്ലാം മനുഷ്യനെ പ്രതിനിധീകരിച്ചത് സ്ത്രീ. സ്‌കെയില്‍ സ്ത്രീ. മാതൃഘാതകന്റെ പശ്ചാത്താപമായിരിക്കുമോ? 'ശോകത്താലിഹ യോഗ സംഗതി സമാധാനം തരുന്നീലെനി/ ക്കേകുന്നീല ചിരാനുഭൂതരസമിന്നദ്ധ്യാത്മബോധം സുഖം / ഹാ കഷ്ടം സുഖമല്ല താന്‍ സുഖവുമില്ലെ കാന്തികം സൗഖ്യം/ ലോക പ്രീതി ദശാനിബന്ധിനി ഉപാസിക്കുന്നു ദുഃഖത്തെ ഞാന്‍'. ദുഃഖോപാസനയും സ്ത്രീയുപാസനയും രണ്ടല്ല ആശാനില്‍. വെറുതെയല്ല ജീവിച്ചിരുന്ന ഏത് സ്ത്രീകളെക്കാളും പ്രബുദ്ധരായ ആദ്യ മലയാളി സ്ത്രീകളെ നാം സീതയിലും ലീലയിലും നളിനിയിലും സാവിത്രിയിലും കാണുന്നത്. 'നരകം സര്‍വ്വമടുത്തറിഞ്ഞവളുടെ' പ്രാമാണ്യത്തില്‍ സ്ത്രീ മനുഷ്യപ്രാതിനിധ്യം കൈവരിക്കുകയാണ് ആശാനിലൂടെ. അതുവരെ മനുഷ്യപ്രാതിനിധ്യം കിട്ടാത്ത സകലര്‍ക്കും അവരിലൂടെ മനുഷ്യത്വം കിട്ടുകയാണ്. ഒരു പടികൂടി കടന്ന് പുരുഷനിലെ മാതൃഘാതകനെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഗംഭീരമായതാവിഷ്‌ക്കരിക്കുകയും ചെയ്തു ബാലാമണിയമ്മ.

ഒരേ ഉല്‍ക്കണ്ഠകള്‍ ഇരുവരേയും നയിച്ചുവെങ്കിലും പ്രതൃക്ഷത്തില്‍ സാമ്യമൊന്നുമില്ല ഇരുവര്‍ക്കും. ആശാന്റെ 'ഒരു അനുതാപ' ത്തിന്റെ വിടര്‍ച്ച മഴുവിന്റെ കഥയില്‍ സൂക്ഷ്മതലത്തില്‍ ആരോപിക്കാമെങ്കിലും ആദ്യത്തേത് ആത്മച്ഛായാ ചിത്രവും (self potrrait) രണ്ടാമത്തത് ഛായാചിത്രവും (potrrait) ആണ്. ആശാനിലെ മാതൃഘാതകനായ പുരുഷന്റെ പ്രായച്ഛിത്ഥങ്ങളാവാം പ്രബുദ്ധരായ സീതയും നളിനിയും ലീലയും സാവിത്രിയും. ബാലാമണിയമ്മയുടെ നായക ശില്‍പ്പങ്ങളായ (masterpieces) മഴുവിന്റെ കഥയും വിഭീഷണനും വിശ്വാമിത്രനും പുരുഷന്റെ പ്രായച്ഛിത്തങ്ങള്‍, കുമ്പസാരങ്ങള്‍. 'താന്‍ ചെയ്ത തെറ്റ റിയാനൊരാള്‍ എത്രയെത്രനാള്‍ ജീവിക്കണം' എന്ന് നിരവധി ജന്മങ്ങളിലായി സ്ത്രീഹത്യാ പാപമനുഭവിച്ച ചിരഞ്ജീവിയായ പരശുരാമന്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ (താന്‍സൃഷ്ടിച്ച) കേരളക്കരയിലെ ബാലാമണിയമ്മ എന്ന കവിയിലൂടെ വ്യാപ്തിയോടെ അറിയുകയാണ്. ഈഡിപ്പസ് രാജാവ് മറിയാറുക്കേസറിലൂടെ അറിയുമ്പോലെ. ചിരഞ്ജീവിയാണല്ലോ ഈഡിപ്പസ്സും.

ഇനി നമുക്ക് 'മഴുവിന്റെ കഥ'യുടെ പിന്നിലെ കഥയിലേക്ക് കടക്കാം. ('അതിന്റെ പിന്നിലെ കഥയെന്താണ്' എന്നതൊരു സാര്‍വ്വത്രികമായ ആകാംക്ഷയുമാണല്ലോ. ഏതെങ്കിലും വിധത്തിലുള്ള ഹിംസയില്‍ നിന്ന് പിരിയാനാവാത്ത ഈ മലയാളിയുടെ പിന്നിലാരാണ് എന്ന ആലോചനയാണല്ലോ മഴുവിന്റെ കഥയില്‍ അന്വേഷിക്കുന്നതും. അതിന് ചരിത്ര സംഭവങ്ങള്‍ പോരാ നാനാ മാനങ്ങളുള്ള ഐതിഹ്യങ്ങള്‍ തന്നെ വേണം എന്ന് ബാലാമണിയമ്മ അറിഞ്ഞു.). മഹര്‍ഷിപത്‌നിയും മഹര്‍ഷിപുത്രന്മാരുടെ അമ്മയുമായ ആ ഓര്‍മ്മയാല്‍ സദാ നിയന്ത്രിതയുമായ രേണുക അന്ന് ആറ്റിന്‍കരയിലൂടെ പോകെ നദിയില്‍ കുളിച്ചുല്ലസിക്കുന്ന ഗന്ധര്‍വന്മാരെക്കണ്ട് നൊടിനേരം സ്വയം മറന്ന് നിന്ന് പോവുന്നു. ആദിമവുമായ ആ മനസ്സൊന്നുലഞ്ഞു. (പുരുഷനവളെ നിര്‍മ്മിക്കുന്നതിന് മുമ്പുള്ള ചിലതുമുണ്ടതില്‍). 'മധു മാസത്തില്‍ കുയില്‍ കൂകുന്ന കാന്താരത്തില്‍/ മലര്‍ പൂത്തെഴുമാറ്റിന്‍ വക്കത്ത് നിന്നെന്നമ്മ / കുളിര്‍ക്കെ നോക്കിക്കണ്ടാള്‍ പ്രേമലോലരായ് നീന്തി / ക്കുളിക്കും ഗന്ധര്‍വ്വര്‍ തന്‍ ജീവിതോത്സവത്തിനെ ;/ നെടുവീര്‍പ്പിട്ടാളെന്നും കൈവരാത്തവക്കായി/ പ്പിടയും കരളുമായ് പിന്നെയാശ്രമം പുക്കാള്‍'. ഒരു നാളും തനിക്ക് കൈവരാനിടയില്ലാത്ത ആ നിസര്‍ഗ്ഗ സുന്ദരമായ ജീവിതോത്സവം ഓര്‍ത്ത് മലര്‍ പൂത്തെഴുമാറ്റിന്‍ വക്കത്ത് ഒട്ടിട നിന്നശേഷം അവള്‍ ആശ്രമത്തിലേക്ക് മടങ്ങുന്നു. കോള്‍മയിരണിമെയ്യും തിളങ്ങും കവിള്‍ക്കൂമ്പുമായ് മടങ്ങുന്ന ആ യുവതാപസി ക്രാന്തദര്‍ശിയായ (സര്‍വ്വേലെന്‍സിന് മേല്‍നോട്ടം എന്ന മലയാള വിവര്‍ത്തനം അത്യുചിതം) മഹര്‍ഷിയെ അസ്വസ്ഥനാക്കുന്നു. ഉള്ളിലുണര്‍ന്ന രതി തിരികെ പോയപ്പോള്‍ അതിന്റെ ചിഹ്ന്ങ്ങള്‍ അവളുടെ കവിളത്ത് നിന്നെടുക്കാന്‍ മറന്നത് ഭര്‍ത്താവായ ജമദഗ്‌നി മഹര്‍ഷിയുടെ ദൃഷ്ടിയില്‍ ആഴത്തില്‍ പതിയുന്നു. ആര്‌വെച്ച് പോയതാണിത്? ആരുടെ ഉച്ഛിഷ്ടമാണ് ഇനിമേല്‍ താനുണ്ണേണ്ടത്? തന്റെ അധീനത്തിലല്ല മനസാ അവളെന്ന് കണ്ട് മഹര്‍ഷി പൊട്ടിത്തെറിക്കുന്നു.' മനസ്സാല്‍ ചെയ്യപ്പെട്ട പാപമേ ഗരുതരം'.

തനിക്കൊരു നിയന്ത്രണാധികാരവുമില്ലാത്ത ആ മനസ്സ് ഇല്ലാതാവാന്‍ അവളില്ലാതാവണം. കുലത്തിന്റെ വിശുദ്ധിക്കായി അവളെ കൊല്ലുവാനായി ഋഷി മക്കളോട് കല്‍പ്പിക്കുന്നു.' കുലത്തില്‍ വിശുദ്ധിക്കായ് കൊല്ലുകിപ്പതിതയെ '. മക്കളില്‍ പരശുരാമന്‍ മാത്രം അതിന് സന്നദ്ധനാകുന്നു. 'സ്‌നേഹ ചോദിതരായ സോദരര്‍ പിന്മാറിനാ;/ രേകനായ് മുന്നോട്ടേറി ഞാന്‍ മാത്രം പിതൃപിയന്‍./ ദൈവദത്തമാമെന്റെ വെണ്മഴു പൊങ്ങീ, വീണൂ/ ഭൂവിലമ്മ തന്‍ ശിര; സ്സാമുഖം സൗമ്യോദാരം'. ആ മാതൃഹന്താവിനെ അച്ഛന്‍ അനുഗ്രഹിക്കുന്നു. വരമായി എന്തും ചോദിക്കാമായിരുന്നെങ്കിലും അകളങ്കമായ മാതൃബിംബമേ അച്ഛനില്‍ നിലനില്‍ക്കാവു എന്ന വരമേ പരശുരാമന്‍ ചോദിച്ചുള്ളു. 'മുന്മട്ടില്‍ പ്പവിത്രയായ്, പാപിനിയായിട്ടല്ലെ /ന്നമ്മ സന്മതേ, ഭവല്‍ സ്മൃ തിയില്‍ ജ്ജീവിക്കാവൂ'. പിതാവിന്റെ ആജ്ഞ അനുസരിക്കുന്നതിലെ കൃതാര്‍ത്ഥത മാത്രമല്ല പരശുരാമന്‍ ആ ഹിംസയിലൂടെയും ആ വരത്തിലൂടെയും അനുഭവിച്ചത്. അമ്മയുടെ ചാരിത്രരക്ഷ ചെയ്യുകയുമായിരുന്നു അയാള്‍. (ബാല്യത്തില്‍ പിതാവിനാലും യൗവ്വനത്തില്‍ ഭര്‍ത്താവിനാലും വാര്‍ദ്ധക്യത്തില്‍ മകനാലും നല്‍കപ്പെടുന്ന രക്ഷ ചാരിത്രരക്ഷയാണെന്ന് വ്യതിചലിച്ചാല്‍ അവളനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളില്‍നിന്നൂഹിക്കാവുന്നതേയുള്ളു. ഭര്‍ത്താവിനുള്ളതിലേറെ ഉല്‍കണ്ഠയാണ് ബാല്യത്തില്‍ പിതാവിനും സഹോദരങ്ങള്‍ക്കും വിവാഹശേഷംമക്കള്‍ക്കും അവളുടെ ചാരിത്രത്തില്‍). പിത്രാധിപത്യവും പുത്രാധിപത്യവും രണ്ടല്ലല്ലോ.

പക്ഷെ, അമ്മയുടെ ശിരസ്സിനൊപ്പം, ആ സൗമ്യോദാരമായ മുഖത്തിനൊപ്പം പരശുരാമന്റെ ആന്തരിക സ്വസ്ഥതയും എന്നേക്കുമായി അറ്റുവീണിരുന്നു. പിന്നീടുള്ള ദുഷ്‌കര്‍മ്മങ്ങളേയെല്ലാം അതെളുതാക്കിയിരിക്കണം. പ്രതികാരത്തില്‍ എന്നും തിളച്ചുപൊന്തിയത് അതുണ്ടാക്കിയ ആത്മതാപവുമായിരിക്കണം. ആശ്രമത്തിലെ മരത്തണലുകളില്‍ അയാള്‍ക്ക് പഴയ പോലെ ഇരിക്കാനാവുന്നില്ല.' എങ്കിലുമിരുന്നീലങ്ങാശ്രമ ദ്രുമത്തണലിങ്കല്‍ ഞാന്‍'. നിരവധിയായ തീര്‍ത്ഥങ്ങളും ക്ഷേത്രങ്ങളും പവിത്രാശ്രമങ്ങളുമുള്ള ഭാരത ഭൂഖണ്ഡത്തില്‍ ഇറ്റു സ്വസ്ഥതയ്ക്കായി അയാളലഞ്ഞു. മെയ് മരവിക്കുന്ന മഞ്ഞുമലകളിലും സിംഹാരവം മുഴങ്ങുന്ന വനങ്ങളിലും അതികമിച്ചുകയറുന്ന കടല്‍ത്തീരങ്ങളിലും എല്ലാം കണ്ടൂ ശമവ്രതക്കാരായ സ്വന്തം വംശജരെ. അവരില്‍ ചിലര്‍ ദൈവകീര്‍ത്തനം ചെയ്യുന്നു. ചിലര്‍ അജ്‌ഞേയത്തിനെ നേതി നേതി എന്നതിവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. പാപത്തിന്റെ കഠിനശില ഉള്ളിലും ഹിംസയുടെ കനത്ത മഴു ചുമലിലുമുള്ളതിനാലാവാം അവര്‍ക്കിടയില്‍ എത്ര നാള്‍ കഴിഞ്ഞിട്ടും ആശിച്ച ആശ്വാസം പശുരാമന് കിട്ടിയില്ല. ഉന്മത്തരായി ഉഴറി നടക്കുന്ന ക്ഷത്രിയരോടുള്ള കലി വര്‍ദ്ധിക്കയും ചെയ്തു ആ പാതി ക്ഷത്രിയനില്‍. അവര്‍ ഞാനല്ലോ എന്ന അസ്വസ്ഥതയുമാവാം. തപസ്സ് മൂലം കനല്‍ കരിക്കട്ടയായി തീര്‍ന്നെന്നു സമാശ്വസിച്ചിരിക്കുമ്പോഴാണ്, പിതാവിന്റെ പാവനമായ ആശ്രമത്തെ ക്ഷത്രിയര്‍ കയ്യേറിയെന്നും ഗോക്കളെ അപഹരിച്ചു വെന്നുമറിയുന്നത്. ഉപവാസം കൊണ്ട് കൂടുതലൂര്‍ജ്ജസ്വലമായ ക്ഷത്രിയ രക്തവും ചുമലിലെ രക്തദാഹിയായ മഴുവും പരശുരാമനെ പ്രതിക്രിയയ്ക്കായി പ്രലോഭിപ്പിച്ചു.' തിന്മയെ തകര്‍ക്കുവാനല്ലെങ്കില്‍, ക്കരാളമീ/ വെണ്‍ മഴുവെനിക്കേക്കിയെന്തിനു സദാശിവന്‍ '( വല്ലപ്പോഴത്തെയും ശിവനല്ല, സദാ ശിവന്‍!)

കാര്‍ത്തവീരാര്‍ജ്ജുനന്റെ ഏതോ ഭടന്മാര്‍ ചെയ്ത ലഘുവായ അപരാധത്തിന് എത്രയോ കവിഞ്ഞ മറുപടിയാണ് പരശുരാമന്‍ നല്‍കുന്നത്. 'ഒരു പൈതലിന്‍ കയ്യില്‍ക്കിട്ടിയ തീ പോലതു/പരസൈന്യത്തെച്ചുട്ടുകരിച്ചൂ നിമേഷത്താല്‍'. കാര്‍ത്തവീര്യാര്‍ജ്ജുനനും പടയും നിശ്ശേഷം ഇല്ലാതാക്കപ്പെട്ടു. ഒരു കൊലയാളിയും സന്തുഷ്ടനല്ല, കൊല്ലപ്പെട്ട വ്യക്തി പക വെക്കപ്പെട്ട വ്യക്തിയോളം ചെറുതല്ലാത്തതിനാല്‍. കൊല്ലപ്പെടുമ്പോള്‍ ഇരയിലെ കൊല്ലപ്പെടാത്തതെല്ലാം കൊലയാളിയെ ചൂഴ്ന്ന് നില്‍ക്കാന്‍ തുടങ്ങും.' കാര്‍ത്തവീര്യനെക്കുറിച്ചുള്ള സല്‍ക്കഥകളെ / ക്കീര്‍ത്തിക്കും ദേശങ്ങളിലൂടെ ഞാന്‍ നടക്കയായ്/' ദുര്‍മ്മദോദ്ധതനെന്നാലാരിലും കനിവുള്ളോന്‍/ കര്‍മ്മ സാഹസിയെ ന്നാല്‍ ധര്‍മ്മ സൂക്ഷ്മാന്വേഷകന്‍/ അമ്മ ഹാന്‍ സുഖാസക്തനെങ്കിലും വിപദ്ധീരന്‍ / സമ്മതന്‍ '. അയാള്‍ എത്രയെത്ര കഥകള്‍! താനോ? ഒറ്റക്കഥ.' ആര്‍ഷ വംശത്തില്‍ പിറന്നചാഴി. സ്വന്തം പിതാവും തന്നെ കുറ്റപ്പെടുത്തി. 'കൊടും പാപമേറ്റു നീ പാവം!... പാരിന്റെ നന്മയ്ക്കത്രേ, പാഴ് വന്‍പു നേടാനല്ലീ / യാരണ്യപിതാക്കള്‍ തന്നാത്മീയ സമ്പത്തുകള്‍'. പിതാവ് പരശുരാമനെ ഉപദേശിച്ചു;' പോക, നീചോരക്കറ കഴുകിക്കളഞ്ഞാലും/ ഭോഗഭൂമിയെശ്ശാന്തിയുട്ടുന്ന തീര്‍ത്ഥങ്ങളില്‍'.

വീണ്ടും തപോവനം. ഉണങ്ങി എന്ന് തോന്നിച്ചതെല്ലാം അകമേ തഴച്ചുവളരുകയായിരുന്നുവോ? തിരിച്ചു വന്നപ്പോള്‍ ആണറിയുന്നത്. പിതാവ് കൊല്ലപ്പെട്ടിരിക്കുന്നു. ചുമലിലെ മഴു മാത്രല്ല പൈതൃകമായ ബ്രഹ്മശക്തിമാത്രമല്ല, തപസ്സിലൂടെ താനാര്‍ ജിച്ചതെല്ലാം ഏകോപിപ്പിച്ച് ശത്രുവിന് നേരെ തിരിയുന്നു പരശുരാമന്‍. ഒറ്റിക്കൊടുത്തൊരു ജൂതനെ കൊല്ലാനായി ജൂതന്റെ വംശനാശം വരുത്തിയ പോലെ പിതൃഹത്യ ചെയ്ത ക്ഷാത്രവംശത്തെ പരശുരാമന്‍ നാമാവശേഷമാക്കുന്നു.

ചോരക്കളത്തില്‍ നിന്നയാള്‍ക്ക് ബോദ്ധ്യം വരുന്നു. മാതൃഹന്താവ്മാത്രമല്ല, പിതൃഹന്താവുമായിരിക്കുന്നു താനിപ്പോള്‍. തന്റെ തെറ്റിനുള്ള പ്രതിക്രിയയായിട്ടാണ് കാര്‍ത്തവീര്യാര്‍ജ്ജനന്റെ മക്കള്‍ തന്റെ പിതാവിനെ കൊന്നത്. അവരുടെ കൈകൊണ്ടാണെങ്കിലും താനാണാക്കൊല ചെയ്തത്. പിതാവിന്റെ വാക്കും താന്‍ വിസ്മരിച്ചു.' കാറ്റിലും കടലിന്റെ പാട്ടിലുമൊരേ ശാപം/ കേട്ടുഞാന്‍ തപോബലം പാഴാക്കിക്കളഞ്ഞു നീ'. നിരപരാധികളായ നിരവധിപ്പേരുടെ രക്തത്തിലിരുന്ന് പ്രായശ്ചിത്തത്തെക്കുറിച്ച് ആരായുന്നു പരശുരാമന്‍. ഋഷികളുടെ വാക്ക് കേട്ട് ആര്‍ജ്ജിച്ചതെല്ലാം ദാനം ചെയ്തു പരശുരാമന്‍. എന്നിട്ടുമില്ല ഒരു സ്വസ്ഥതയും.' ആ മണ്ണിന്‍ പരപ്പെല്ലാ മാരണര്‍ക്കര്‍പ്പിക്കിലു/ മാനന്ദ മറിഞ്ഞീല, വിശ്രമം കൊണ്ടീല ഞാന്‍'. അന്നൊരിക്കല്‍ സമുദ്രത്തിന്റെ ലോക നിര്‍മ്മാണധ്വനി കേട്ടുകൊണ്ട് അതിന്റെ വക്കില്‍, പ്രാണായാമാലിന്ദ്രിയങ്ങളെ കേന്ദ്രീകരിച്ചിരിക്കെ ചിന്തയില്‍ ഒന്നൊന്നാ യിപ്രത്യക്ഷപ്പെട്ടു തന്നാല്‍ ചെയ്യപ്പെട്ട ക്രൂരകൃത്യങ്ങള്‍. 'മാമൂലിന്നു / ബലിയായ്ത്തീര്‍ന്നോരമ്മ, യെന്‍ തെറ്റാല്‍ മൃതനച്ഛന്‍/ ഒരു വെണ്മഴുവിന്റെ തീരാത്ത രക്തക്കൊതി/ ക്കിരയായ് പോയോരെണ്ണമറ്റ ജീവിതങ്ങളും'. കുറ്റമ്പോധത്തിന്റെ ഭാരം ചുമലില്‍ കനക്കുകയായി. വൈകിയില്ല, ഏത് തന്നെ വഴിനടത്തിച്ചോ, തന്റെ വിധി നിര്‍ണ്ണയിച്ചുവോ, തന്റെ വിശേഷണമായി പരിണമിച്ചുവോ ചുമലിലെ ആ പരശു സമുദ്രത്തിലേക്ക് വലിച്ചെറിയുവാന്‍. 'സൃഷ്ടിക്കു സംഹാരത്തിന്നല്ലുതകാവൂ തപ/ പുഷ്ടങ്ങളുല്‍കൃഷ്ടങ്ങളെന്റെ ശക്തികള്‍ മേലില്‍ ' എന്ന പ്രാര്‍ത്ഥനയോടെ. ' ആയിരം പിഴകള്‍ക്ക് വടിവേകിയതാകുമാമഴു പോയ് വീണാണ്ടു കിടന്ന ദിക്കില്‍' കടലിന്റെ പുഞ്ചിരി പോലെവെണ്‍ മണല്‍ തുരുത്തുകള്‍ ഉയര്‍ന്നുവന്നു. ക്രമേണ ആ തുരുത്തുകള്‍ കൂടിച്ചേര്‍ന്ന് ഐശ്വര്യപൂര്‍ണ്ണമായൊരു നാടായി. അവിടെ മഴയും മഞ്ഞും വെയ്‌ലും മാറി മാറിയെത്തി. മാമലത്താഴ് വരകള്‍ പച്ചച്ചു. കണ്ടങ്ങളില്‍നെല്‍ക്കതിര്‍ തിങ്ങി. അന്യൂന ഭംഗിയുള്ള ഈ ഇടത്തില്‍ കുടിയേറാന്‍ അന്യനാടുകളില്‍ നിന്ന് ജനാവലി ഒഴുകി.' മാമുലിന്‍ വേരോടാത്ത ' മയമേറിയ ആ മണ്ണില്‍ തന്റെ ആദര്‍ശങ്ങള്‍ കതിരണിയുന്നത് പരശുരാമന്‍ കണ്ടു.

സ്‌നേഹമാകുന്ന അടിക്കല്ലിട്ട് കുടുംബങ്ങള്‍ ഉയര്‍ന്നുവന്നു. സ്ത്രീകള്‍ അസ്വാതന്ത്ര്യം അറിഞ്ഞില്ല ഒരിടത്തും.' സുഖിച്ചാര്‍, സഹായിച്ചാര്‍ തമ്മില്‍ മാനിച്ചാര്‍, പൗരര്‍'. പക്ഷെ ഭൗമ സൗഖ്യത്തേക്കാളുമുയര്‍ന്ന വിതാനത്തില്‍ അവര്‍ എത്തിയോ, ശങ്ക ഉയരുകയായീ ആ ബ്രാഹ്മണനില്‍. ആ മണ്ണ് തന്റെ കാലുകള്‍ക്കൊരു ചങ്ങലയാവുന്നതിന് മുമ്പേ, തപമനുഷ്ഠിക്കാനായി പരശുരാമന്‍ മഹേന്ദ്രാചല ശിഖരത്തില്‍ കയറിയിരുന്നു. യുഗങ്ങളുടെ വരവുപോക്കുകള്‍ക്ക് നിത്യസാക്ഷിയായി ഇരിക്കവെ ആ ചിരഞ്ജീവിയുടെ കണ്ണില്‍ പതിയുകയായി കേവല നന്മയുടെ ആ ഇടത്തിന്റേയും ദുഷ്പരിണാമം..' ചുരുങ്ങീ, കാന്താരങ്ങള്‍, വളര്‍ന്നു നഗരങ്ങള്‍/ ചെറുതായ് ചരാചരം, തീക്ഷ്ണമായ് സംവേദനം,/ അമ്പൊലിയായി ക്കൈ വാള്‍ച്ചീറ്റലായ് തോക്കൊച്ചയായ്/ വന്‍പുറ്റ തീയുണ്ട തന്‍ പൊട്ടലായ് മേന്മേലേറി/ പോരിന്റെ ജയാഘോഷം, ക്രൗര്യത്തിന്‍ വിളി'. തന്റെയാ തെറ്റിപ്പോയ വഴി തന്നെയല്ലേ അവരുടെ കാലിന്നടിയിലും തെളിഞ്ഞുവരുന്നത്?' വളര്‍ന്നേ വരുന്നല്ലോ മാനവ മഹശ്ശക്തി ;/ വഴിയോ പണ്ടത്തേതു തന്നെയെന്നാവനെന്തേ?'.

പ്രത്യക്ഷത്തില്‍ സുന്ദരമായ, നീലവാനിനു കീഴെ പച്ചനാക്കില വെച്ച പോലെ മോഹനമായ , ഈ നാടിന്റേ അന്തരംഗമെന്തേ ഇത്ര മേല്‍ പ്രക്ഷുബ്ധമാവാന്‍? എന്തേ ഇത്രമേല്‍ കണ്ണീരും പകയും വീറും പോരും? മഹാപാപിയായ താന്‍ തന്നെയാവുമോ അതിന്റേയുമകംപൊരുള്‍? 'നനയും കണ്ണാലത്രേ നോക്കുന്നു, ഞാനെന്‍ മഴു/ മുനയാല്‍ക്കരള്‍ തോറും മുദ്രിതരെന്‍ നാട്ടാരെ'. ബ്രഹ്മക്ഷാത്ര ശക്തികള്‍ ചേര്‍ന്നതിന്റെ ദുരന്തമായിരുന്നു ഞാന്‍. എന്റെ സൃഷ്ടിയിലും ഞാന്‍ പ്രതിഫലിക്കാതിരിക്കുമോ? എങ്കിലും, പരശുരാമന്‍ ആശ്വസിക്കുന്നു, താനല്ലല്ലോ അവരുടെ ആദര്‍ശം. തന്നില്‍ നിന്ന് പുറത്ത് കടക്കാന്‍ അവര്‍ ആഗഹിക്കയെങ്കിലും ചെയ്യുന്നുണ്ടല്ലോ. താഴെ താന്‍ കാണുന്ന ഉത്സവം തനിക്ക് വേണ്ടിയല്ലല്ലോ. ചവുട്ടിത്താഴ്ത്തിയ ദുര്‍വ്വിധിയുടെ പാദത്തിലും ദൈവത്തെക്കണ്ട മഹാബലിയേയാണല്ലോ വര്‍ഷത്തിലൊരു ദിവസത്തേക്കാണെങ്കിലും അവര്‍ ആദരിക്കുന്നത്. ഓര്‍മ്മിയ്ക്കാനിഷ്ടമില്ലാത്ത ഭൂതകാലമുള്ള പരശുരാമന്‍ ഓര്‍മ്മയില്‍ പൂവിടുന്ന മഹാബലിയെന്ന സൗമ്യ മൂര്‍ത്തിയെ അവരുടെ ആദര്‍ശസ്ഥാനത്ത് കണ്ട് കൃതാര്‍ത്ഥനാവുന്നു.

മഹേന്ദ്രാചല ശിവരത്തില്‍ ഏകനായിരുന്ന് താന്‍ സൃഷ്ടിച്ച ഭൂതലതിന്റെ ഗതിവിഗതികള്‍ നിരീക്ഷിക്കുന്ന പരശുരാമന്റെ ചിന്തകളാണല്ലോ മഴുവിന്റെ കഥയിലെ പ്രതിപാദ്യം. താന്‍ ചെയ്തുകൂട്ടിയ തെറ്റുകളുടെ ഗിരിശിഖരത്തില്‍ കൂടിയാണാ ഇരിപ്പ്. മഹാപാപിയായ തനിക്ക് തന്നില്‍ നിന്നൊരുനാളും മോചനമില്ലെന്ന് ആ ചിരഞ്ജീവിയറിയുകയാണ്. മാതാവിനെ ശിരഛേദം ചെയ്ത തന്റെ മഴുവാല്‍ മുദ്രിതരാണ്, താന്‍ സൃഷ്ടിച്ച ഭൂതലത്തിലെ ഓരോ പ്രജയും. ഒരു വേതാളത്തോട്, മറ്റൊരു സ്പിങ്‌സിനോട് പരശുരാമന്‍ തന്റെ ദുര്‍വ്വിധിയുടെ കാരണമാരാഞ്ഞിരുന്നെങ്കില്‍ അത് പറഞ്ഞേനെ അങ്ങ് മാതൃഘാതകനാണ്. എല്ലാ കാര്യങ്ങളും ആ കാരണത്തില്‍ നിന്നുണ്ടായി. പരശുരാമന്‍ ചിരഞ്ജീവിയാണെന്നത്, ഇതു തുടരുന്നൊരു കഥയാണെന്നത്, ബാലാമണിയമ്മയാശ്രയിച്ച ഐതിഹ്യത്തിന്റെ ഈടു കുട്ടുന്നു. അതിന്റെ അനന്തസ്സാധ്യതകള്‍ ഗംഭീരമായി ഉപയോഗിച്ചിരിക്കുന്നു, വളര്‍ത്തിയിരിക്കുന്നു ബാലാമണിയമ്മ.

പുസ്തകം വാങ്ങാം

മാതൃഹന്താവായ പരശുരാമന്‍ സ്വന്തം മാതാവിനോട് ചെയ്തതല്ലാ പരശുരാമന്റെ മക്കളായ മലയാളി അനുവാചകര്‍ ബാലാമണിയമ്മയോടും ചെയ്തത് എന്ന് നിരീക്ഷിക്കാതിരിക്കാനാവില്ല. (പരശുരാമന്‍ ഇങ്ങനെ കൂടിയാണ് ചിരഞ്ജീവി ആയി തുടരുന്നത്. കുറ്റബോധമൊക്കെയുണ്ടെങ്കിലും അയാള്‍ ചാവുന്നില്ലല്ലോ.). ആശാനും ഇടശ്ശേരിക്കും പ്രതിഭയില്‍ തുല്ല്യയായ, അല്ലെങ്കില്‍ തുല്യമായ അതുല്യതയുള്ള ബാലാമണിയമ്മയെ അവര്‍ 'സിംഗുലറാക്കി '. പരശുരാമന്‍ ജമദഗ്‌നിയോടാവശ്യപ്പെട്ടത് തന്നെ ഇവര്‍ കേരളീയ കാവ്യ പാരമ്പര്യത്തോടും ആവശ്യപ്പെട്ടു.' മുമ്മട്ടില്‍പ്പവിത്രയായ്, പാപിനിയായിട്ടല്ലെ / ന്നമ്മ സന്മതേ , ഭവല്‍, സ്മൃതിയില്‍ജ്ജീവിക്കാവൂ'. 'ആവട്ടെയമ്മട്ടെന്ന് ' നമ്മുടെ കാവ്യ പൈതൃകവും സമ്മതിച്ചു. ഉന്നതമായ മാതൃഭാവത്തിന്റെ കവിയായി മാത്രം അവരറിയപ്പെട്ടു. (മാതൃസ്‌നേഹം മാതൃകാസ്‌നേഹം തന്നേയോ? എങ്കിലതൊരു സ്വാതന്ത്ര്യമല്ല, ബന്ധനമാണ്.) മഴുവിന്റെ കഥ, വിശ്വാമിത്രന്‍, വിഭീഷണന്‍, മഹാബലി തുടങ്ങിയ മാസ്റ്റര്‍ പീസുകളുടെ കര്‍ത്താവിന്റെ കൈ തൊട്ടിലാട്ടുന്ന ജനനിയിലേക്ക് അവര്‍ തട്ടിനീക്കി. അവളേത് വൃത്തിയിലേര്‍പ്പെട്ടാലും രേഖീയവും ഏകീകവുമായി അവളെ ചുരുക്കുന്ന പാരമ്പര്യത്തോടുള്ള ഈ കറയാണ്, ആത്മവേദനയാണ് കാവ്യത്തെ കൂടുതല്‍ ഈടുള്ളതാക്കിയത്. മാമൂലിന് വിരുദ്ധമായെഴുതിയ കവി മാമൂലിന് ബലിയായ്ത്തീരുകയായിരുന്നില്ലേ?

വ്യാഖ്യാനിച്ച് തീരാത്ത, എടുത്ത് തീരാത്ത, രചനയെ ആണ് ക്ലാസ്സിക് എന്ന് പറയുക. 'അതിതല്ലിതല്ലെന്ന് ' (നേതി നേതിയെന്ന്, അതു മാത്രമല്ലിതതു മാത്രമല്ലെന്ന്) നിര്‍വ്വചിച്ചു കൊണ്ടിരിക്കാന്‍ മലയാളിക്ക് കിട്ടിയ ഒരു ക്ലാസ്സിക് രചനയാണ് 'മഴുവിന്റെ കഥ'. തത്ത്വചിന്താപരമായ ഔന്നത്യം കൊണ്ടും കാവ്യഭംഗി കൊണ്ടും രണ്ടും അഭിന്നമായ ഒരിടമായി പരിണമിച്ചതിനാലും. ഒറ്റ വൃത്താന്തത്തില്‍ നിന്ന് (single story) സ്ത്രീയെ മോചിപ്പിക്കുകയാണ് പ്രമേയം കൊണ്ടും രൂപഗരിമ കൊണ്ടും ബാലാമണിയമ്മയുടെ' മഴുവിന്റെ കഥ'. അതാണതിന്റെ അനന്യതകളില്‍ മുഖ്യം.

Content Highlights: balamani amma kalpetta narayanan reading day 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented