വാണി ജയറാം | ഫോട്ടോ: കെ.കെ. സന്തോഷ് | മാതൃഭൂമി
ചെന്നൈ: പി. സുശീലയ്ക്കും എസ്. ജാനകിക്കുംശേഷം മലയാള സിനിമാസംഗീതലോകത്ത് ചുവടുറപ്പിച്ച ‘മറുനാടൻ മലയാളി’ ഗായികയ്ക്ക് വിട. മലയാളികളുടെ ഓർമകളിൽ ഇമ്പമുള്ള ഒട്ടേറെ ഗാനങ്ങൾ ബാക്കിയാക്കിയാണ് വാണിയുടെ യാത്ര. വാണിജയറാമിന്റെ ഗാനങ്ങൾ മലയാളികളുടെ കാതിലും മനസ്സിലും എന്നും സംഗീതമഴയുതിർക്കും.
കലൈവാണിയെന്ന വാണിജയറാം ജനനംകൊണ്ട് തമിഴ്‌നാട്ടുകാരിയാണെങ്കിലും മലയാളികളുടെ സ്വന്തം ഗായികയാണ്. ആരെയും മയക്കുന്ന ആലാപനം, മാന്ത്രികതയുള്ള ശബ്ദം, മികച്ച മലയാള ഉച്ചാരണം അതൊക്കെയാണ് വാണിയെ മലയാളികളുടെ പ്രിയങ്കരിയാക്കിയത്. പുറത്തുനിന്നുള്ള ഒരു ഗായിക എന്നനിലയിൽ വാണിയെ മലയാളികൾ മാറ്റിനിർത്തിയില്ല. മലയാളം തന്റെ ഭാഷയല്ലെന്നു വാണി ഒരിക്കലും ചിന്തിച്ചിട്ടുമില്ല. ഈ രസതന്ത്രമാണ് വാണിജയറാമിനും മലയാളികൾക്കുമിടയിലുള്ളത്.
മലയാളത്തിലെ ഗാനരചയിതാക്കൾക്കൊപ്പമിരുന്നു പാട്ടിന്റെ ഭാവവും വരികളും അർഥവുമെല്ലാം അതിസൂക്ഷ്മമായി മനസ്സിലാക്കിയായിരുന്നു വാണി പാടിയത്. ഹിന്ദിയിൽ അറിയപ്പെടാൻ തുടങ്ങിയതിനുശേഷമാണ് വാണിജയറാം മലയാളത്തിലെത്തുന്നത്. അവസരം ലഭിച്ചത് ആകസ്മികമായിരുന്നെന്ന് അവർ പറഞ്ഞിട്ടുണ്ട്. 1973 ഫെബ്രുവരി ഒന്നിന് ചെന്നൈയിൽ ഒരു റെക്കോഡിങ്ങിന് എത്തിയപ്പോൾ റിഹേഴ്‌സൽ സമയത്ത് കേരളത്തിലെ നിർമാതാവ് ശിവന്റെ ഫോൺ. ‘സ്വപ്നം’ എന്ന ചിത്രത്തിൽ പാടാനുള്ള ക്ഷണമായിരുന്നു. സംഗീത സംവിധായകൻ സലിൽ ചൗധരി. ബാലമുരളി എന്നപേരിൽ ഒ.എൻ.വി.യുടെ ഗാനരചന. അങ്ങനെയാണ് ‘സൗരയൂഥത്തിൽ വിടർന്നൊരു കല്യാണസൗഗന്ധികമാണീ ഭൂമി...’ എന്ന മനോഹരഗാനം ആദ്യമായി വാണി മലയാളത്തിൽ പാടുന്നത്.
പിന്നീട് ശങ്കർ ഗണേഷിന്റെ അയലത്തെ സുന്ദരിയിലെ ‘ചിത്രവർണപുഷ്പജാലമൊരുക്കി വെച്ചു...’, ബാബുമോനിലെ ‘പദ്മതീർഥക്കരയിൽ...’ തുടങ്ങിയ ഗാനങ്ങൾ. വീണ്ടും സലിൽ ചൗധരിയുടെതന്നെ പാട്ടുകൾ അവരെത്തേടിയെത്തി. വിഷുക്കണിയിലെ ‘കണ്ണിൽപ്പൂവ്...’, മദനോത്സവത്തിലെ ‘ഈ മലർക്കന്യകൾ...’, എയർഹോസ്റ്റസിലെ ‘ഒന്നാനാം കുന്നിന്മേൽ...’, രാഗത്തിലെ ‘നാടൻപാട്ടിലെ മൈന...’, അപരാധിയിലെ ‘മാമലയിലെ പൂമരം പൂത്തനാൾ...’ തുടങ്ങിയവയായിരുന്നു ആ ഗാനങ്ങൾ.
മലയാളത്തിൽ വാണിജയറാം ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് എം.കെ. അർജുനൻ-ശ്രീകുമാരൻ തമ്പി കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളാണ്. അവയൊക്കെ കേരളീയ സ്പർശമുള്ളവയുമായിരുന്നു. അതുകൊണ്ടുതന്നെ മലയാളികളുടെ മനസ്സിലേക്ക് നേരിട്ടു കയറിച്ചെന്നു. ‘എന്റെ കൈയിൽ പൂത്തിരി...’, ‘തേടിത്തേടി ഞാനലഞ്ഞു...’, ‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി...’, ‘ഒരുപ്രേമലേഖനം എഴുതി മായ്ക്കും...’, ‘മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു...’, ‘സീമന്തരേഖയിൽ ചന്ദനം ചാർത്തിയ...’ എത്രയെത്ര മികച്ച ഗാനങ്ങൾ.
2017-ൽ പുലിമുരുകൻ എന്ന ചിത്രത്തിലെ ‘മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ’ എന്ന ഗാനത്തിലൂടെയും അതിനുമുമ്പ് ആക്‌ഷൻ ഹീറോ ബിജുവിലെ ‘പൂക്കൾ പനിനീർ പൂക്കൾ’ എന്ന ഗാനത്തിലൂടെയും തിരിച്ചുവരവ് നടത്തി.
Content Highlights: singer vani jayaram passed away, songs of vani jayaram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..